Home/Encounter/Article

ഡിസം 08, 2022 187 0 Father George Mullur
Encounter

വിശപ്പും ദാഹവും അകറ്റാന്‍…

വിശുദ്ധ അഗസ്തീനോസ് ഒരിക്കല്‍ പറഞ്ഞു, “മനുഷ്യനെ സൃഷ്ടിച്ചവനുമാത്രമേ അവനെ സംതൃപ്തനാക്കാനും കഴിയുകയുള്ളൂ.” ദൈവപുത്രനായ ഈശോ പറയുന്നു, “ഞാനാണ് ജീവന്‍റെ അപ്പം. എന്‍റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല”ڔ(യോഹന്നാന്‍ 6/35). മനുഷ്യന്‍റെ ഭൗതികവും ആത്മീയവുമായ വിശപ്പും ദാഹവും ശമിപ്പിക്കാനും അവനെ സംതൃപ്തനാക്കാനും കഴിയുന്നത് അവന്‍റെ സ്രഷ്ടാവായ ദൈവത്തിനാണ്. അതാണ് ജീവന്‍റെ അപ്പമായ ദിവ്യകാരുണ്യം, പരിശുദ്ധ കുര്‍ബാന.

മാര്‍ത്ത റോബിന്‍ എന്ന ഫ്രഞ്ചുകാരിയായ ദൈവദാസി നീണ്ട 53 വര്‍ഷം പരിശുദ്ധ കുര്‍ബാനമാത്രം സ്വീകരിച്ചാണ് സന്തോഷത്തോടെ ജീവിച്ചത്. 79-ാം വയസിലായിരുന്നു അവരുടെ മരണം. 64 വര്‍ഷം ജീവിച്ച വാഴ്ത്തപ്പെട്ട തെരേസ ന്യൂമാന്‍ എന്ന ജര്‍മന്‍ മിസ്റ്റിക് 36 വര്‍ഷത്തോളം സംതൃപ്തയായി കഴിഞ്ഞതും ദിവ്യകാരുണ്യംമാത്രം ഭക്ഷിച്ചുകൊണ്ടുതന്നെ. പോര്‍ച്ചുഗലില്‍നിന്നുള്ള അലക്സാണ്ഡ്രിനാ മരിയ ഡി കോസ്റ്റയും സ്വിറ്റ്സര്‍ലാന്‍ഡിന്‍റെ മധ്യസ്ഥനായ ഫ്ളൂവിലെ വിശുദ്ധ നിക്കോളാസുമെല്ലാം വര്‍ഷങ്ങളോളം ദിവ്യകാരുണ്യംമാത്രം ഉള്‍ക്കൊ് ജീവിച്ചവരാണ്. ഇതെല്ലാം ലോകത്തിന് സ്വര്‍ഗം നല്കുന്ന സന്ദേശങ്ങളാണ്.

ശരീരത്തിന്‍റെ വിശപ്പും ദാഹവുംമാത്രമല്ല ആത്മാവിന്‍റെ വിശപ്പുകളും ദാഹങ്ങളും ശമിപ്പിക്കുന്ന യഥാര്‍ത്ഥഭക്ഷണമാണ് വിശുദ്ധ കുര്‍ബാന. അതുകൊണ്ടാണ് ഈശോ പറഞ്ഞത് ജീവന്‍റെ അപ്പമായ എന്‍റെ അടുത്ത് വരുന്നവന് വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല എന്ന്. ദിവ്യകാരുണ്യം സ്വന്തമാക്കുന്ന ഒരു വ്യക്തി ആത്മാവില്‍ ശക്തിപ്പെടും, കരുത്തനാകും. അവനെ കീഴടക്കാന്‍ ജഡത്തിന്‍റെയും ലോകത്തിന്‍റെയും മോഹങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിശപ്പുകള്‍ക്കും സാധിക്കുകയില്ല.

വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം പരിശോധിച്ചാല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യസന്നിധിയില്‍ ചെലവഴിക്കുന്നതും എത്രയേറെ പ്രധാനപ്പെട്ടതായി അമ്മ കണ്ടിരുന്നു എന്ന് മനസിലാക്കാനാകും. ഗള്‍ഫ് നാടുകളിലേക്ക് തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷണിച്ച ഭരണാധികാരികളോട് അമ്മ വച്ച നിബന്ധന ഒന്നുമാത്രമായിരുന്നു. ബലിയര്‍പ്പിക്കാനായി ഒരു ദൈവാലയവും അതോടൊപ്പം ഒരു വൈദികനെയും അനുവദിക്കണം. ജീവന്‍റെ അപ്പത്തെ അമ്മ ജീവനായി ത്തന്നെ മനസിലാക്കി സ്നേഹിച്ചു. അങ്ങനെ കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസയായി.

ലോകത്തിന്‍റെ മോഹങ്ങളിലും ജഡത്തിന്‍റെ വിശപ്പുകളിലും ദാഹങ്ങളിലും മനുഷ്യന്‍ ഇടറി വീഴുന്നതിന് പ്രധാനകാരണം ജീവന്‍റെ അപ്പത്തില്‍നിന്നും അകറ്റപ്പെടുന്നതാണ്, ജീവന്‍റെ അപ്പമായി ദിവ്യകാരുണ്യത്തെ തിരിച്ചറിയാതെ പോയതാണ്. ദിവ്യകാരുണ്യത്തിലേക്ക് അടുക്കാം. ഈശോ പറയുന്നു, “ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്”
(യോഹന്നാന്‍ 6/51).

Share:

Father George Mullur

Father George Mullur

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles