Home/Evangelize/Article

ഫെബ്രു 23, 2024 35 0 George Joseph
Evangelize

നിന്‍റെ വിലാപദിനങ്ങള്‍ അവസാനിക്കും!

മയക്കുമരുന്നില്‍നിന്നും രക്ഷപ്പെട്ട ഒരു യുവാവിന്‍റെ ജീവിതകഥ.

കുറേ നാളുകള്‍ക്കുമുമ്പ് ഒരു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒരു യുവാവ് എന്നെ കാണണം എന്നുപറഞ്ഞു. അവന്‍ എന്നോട് ചോദിച്ചു, “ഞാന്‍ ചേട്ടനെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ.”

“അതിനെന്താടാ” എന്നായിരുന്നു എന്‍റെ മറുപടി. അവന്‍ കരയാന്‍ തുടങ്ങി. എന്‍റെ നെഞ്ചില്‍ ചാരിക്കിടന്ന് ഏങ്ങിക്കരയുന്ന അവനോട് ഞാന്‍ ചോദിച്ചു, “എന്തുപറ്റി?”

“ചേട്ടാ, ഞാന്‍ മയക്കുമരുന്നിന് അടിമയാണ്. ഒരുപാട് ചികിത്സയൊക്കെ ചെയ്തു. ഒത്തിരി കൗണ്‍സിലിങ്ങിന് പോയി. പല ധ്യാനങ്ങളില്‍ പങ്കെടുത്തു. നിര്‍ത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ എനിക്ക് 23 വയസായി. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം. എന്നെയൊന്ന് സഹായിക്കുമോ?”
അവിടെ മാതാവിന്‍റെ ഗ്രോട്ടോ ഉണ്ട്. ഞാനവനെ അതിന്‍റെ ചുവട്ടില്‍ ഇരുത്തി ചോദിച്ചു, “ആട്ടെ, നീ എപ്പഴാ ഇതാദ്യമായി ഉപയോഗിച്ചത്?”

“എന്‍റെ പതിമൂന്നാമത്തെ വയസില്‍ കഞ്ചാവടിച്ചാണ് തുടക്കം.”

“അതിനെന്താ കാരണം, എവിടുന്ന് കിട്ടി?”

“എന്‍റെ ചേട്ടാ അതിന് എന്‍റെ അപ്പനാണ് കാരണം. ചേട്ടനറിയുവോ, എന്‍റെ അപ്പന്‍ ഒരു മുഴുക്കുടിയനാണ്. എന്നും വെള്ളമടിച്ചുവന്ന് എന്‍റെ അമ്മയെ തല്ലും. എന്‍റെയമ്മ കരയാത്ത ഒരു രാത്രി ഞാന്‍ കണ്ടിട്ടില്ല. എന്‍റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഈസ്റ്റര്‍ ആഘോഷിച്ചിട്ടില്ല. ബന്ധുക്കള്‍ ആരുംതന്നെ വരില്ല. ഞങ്ങളെ ഒരു ഫംഗ്ഷനും വിളിക്കില്ല. എന്‍റെ ഒരു ബര്‍ത്ത്ഡേ ആഘോഷിച്ചിട്ടില്ല. എന്നെ എന്‍റെ അപ്പന്‍ ഉമ്മവച്ച ഓര്‍മ എനിക്കില്ല. എവിടെയെങ്കിലും ഉടുതുണി ഇല്ലാണ്ട് കിടക്കും. ഞാനും എന്‍റെ അമ്മയുമാണ് എടുത്തോണ്ട് വരുന്നത്.

എന്‍റെ പതിമൂന്നാമത്തെ വയസില്‍ ഇതുപോലൊരു ദിവസം ആ മനുഷ്യന്‍ വെള്ളമടിച്ചുവന്നു. ഒരു പലകക്കഷണംകൊണ്ട് അമ്മയുടെ ഇടതു കരണത്തിന് അടിച്ചു. അമ്മയുടെ ഇടതുചെവിയില്‍നിന്ന് രക്തം ഒലിച്ചു. അതോടുകൂടി അമ്മയുടെ ഇടതുചെവിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടു. എനിക്കത് കണ്ടുനില്‍ക്കാന്‍ പറ്റിയില്ല. ഞാനെന്‍റെ അപ്പനെ തല്ലി. അതിനുശേഷം ഒരു കുറ്റബോധം വീശാന്‍ തുടങ്ങി – അപ്പനെ തല്ലിയവന്‍. എന്നെ മനസിലാക്കാനോ ഒന്നു തുറന്നു പറയാനോ ആരുമില്ല. എന്നോടാരോ ഉള്ളില്‍നിന്നും പറയും, നീ അപ്പനെ തല്ലിയവനാണ്. അവസാനം ചെന്നുപെട്ടത് ഒരു മാടക്കടയിലാണ്. കഞ്ചാവ് വലിച്ച് ബോധം നഷ്ടപ്പെടുത്താന്‍ തുടങ്ങി. പിന്നീട് ബോധത്തോടിരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ക്രമേണ എന്നെ ഈ അവസ്ഥയിലെത്തിച്ചു. ഡ്രഗ് അന്വേഷിച്ചു ഞാന്‍ ബ്ലാക്ക്മാസില്‍വരെ ചെന്നുപെട്ടു. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം ചേട്ടാ.”

ഞാന്‍ പറഞ്ഞു, “എടാ, നിന്നെ ഒരിക്കലും കുറ്റപ്പെടുത്താന്‍ പറ്റില്ല. നിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നു. ഇതിന്‍റെ മറ്റൊരു ഭാഗം ആരും ശ്രദ്ധിക്കാതെ കിടപ്പുണ്ട് മോനേ. നീ പതിമൂന്നാമത്തെ വയസില്‍ അപ്പന്‍ വെള്ളമടിച്ച് അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ അപ്പനെ തല്ലി. അതിന്‍റെ കുറ്റബോധം സഹിക്കാന്‍ പറ്റാതെയല്ലേ കഞ്ചാവടിച്ചു തുടങ്ങിയത്. ഇനി നീ അപ്പന്‍റെ ഭാഗത്തുനിന്ന് ചിന്തിച്ചേ. നിന്‍റെ അപ്പന്‍ എന്ത് കണ്ടിട്ടാവും ആദ്യമായി ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ഇതുപോലൊരു മോശം ചരിത്രം നിന്‍റെ അപ്പനുമുണ്ട്. നിന്‍റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ദൈവം നിന്നോട് കാട്ടിയ കരുണ എന്നെപ്പോലൊരുവനെ നിന്‍റെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നു, നിനക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍. ഇതുപോലെ നിന്‍റെയപ്പന്‍റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ആരേലും ചെന്നിരുന്നെങ്കില്‍ നിന്‍റെയമ്മയെ തല്ലുന്നത് നിനക്ക് കാണേണ്ടിവരില്ലായിരുന്നു. നിന്‍റെ അപ്പന്‍ യഥാര്‍ത്ഥത്തില്‍ കുറ്റക്കാരനാണോ?”

ഇതുകേട്ടപ്പോള്‍ അവന്‍ വീണ്ടും കരയാന്‍ തുടങ്ങി. അത് മാപ്പിന്‍റെ, വീണ്ടെടുപ്പിന്‍റെ, കണ്ണുനീരായിരുന്നു. അവന്‍റെ അപ്പനോടവന്‍ ക്ഷമിച്ചു. തന്നെ ചതിച്ച യാക്കോബിനെ കണ്ടപ്പോള്‍ ഏസാവ് ക്ഷമ നല്കി ആലിംഗനം ചെയ്തനേരം യാക്കോബ് പറഞ്ഞു, ചേട്ടാ, നിനക്ക് ദൈവത്തിന്‍റെ മുഖമാണ്.

ആ മകന്‍റെ മുഖത്തും ആ ദൈവികചൈതന്യം തുളുമ്പുന്നത് കണ്ടു. അവന് മയക്കുമരുന്ന് അടിമത്തില്‍നിന്നും കര്‍ത്താവ് മോചനം നല്‍കി. ചില മാപ്പുകൊടുക്കലിന്, വിട്ടുകൊടുക്കലിന് പല പാപബന്ധനങ്ങളെയും പൊട്ടിച്ചെറിയാന്‍ സാധിക്കും.

“…ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും” (ലൂക്കാ 6/37).

Share:

George Joseph

George Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles