Home/Engage/Article

നവം 18, 2023 94 0 Brother Augustine Christy PDM
Engage

ഞാന്‍ നിന്‍റെ വീട് പണിയാം…

ആ യുവാവിന്‍റെ വീട് ഈശോ പണിയാം എന്ന് പറയാനുണ്ടണ്ടായ കാരണം…

ഞാൻ സെമിനാരിയില്‍ ചേര്‍ന്ന വര്‍ഷം അവിടെ ഒരു ദൈവാലയം പണിയുന്നുണ്ടായിരുന്നു. പണികള്‍ക്കെല്ലാം സഹായിക്കാന്‍ ഞങ്ങളും കൂടും. ഇഷ്ടിക ചുമക്കുക, നനയ്ക്കുക എന്നിങ്ങനെ കൊച്ചുകൊച്ചുജോലികളൊക്കെ എല്ലാവരും ചേര്‍ന്നാണ് ചെയ്തിരുന്നത്. അതേ സമയത്തുതന്നെയാണ് എന്‍റെ സ്വന്തം വീടിന്‍റെ പണി നടന്നതും. ഞാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ വീടുപണിയെക്കുറിച്ചു പറയുന്നത് കേള്‍ക്കാറുണ്ട്. പണി വൈകുകയാണെന്നും ആരും ഇല്ലെന്നുമൊക്കെയാണ് നിരന്തരം കേട്ടുകൊണ്ടിരുന്ന സങ്കടം.

ഒരു ദിവസം വൈകുന്നേരം ദൈവാലയത്തിനുവേണ്ടി കട്ട ചുമന്നുകൊണ്ടിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെയാണാവോ നടക്കുന്നതെന്ന് ഓര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം. “അമ്മയും അപ്പനും തന്നെയായിരിക്കില്ലേ എല്ലാം ചെയ്യുന്നത്… അവര്‍ക്കൊരു കൈ സഹായത്തിനു ഞാന്‍ ഇല്ലല്ലോ…” എന്നെല്ലാമായിരുന്നു അപ്പോള്‍ എനിക്കുണ്ടായ ഭാരപ്പെടുത്തുന്ന ചിന്തകള്‍. പെട്ടെന്ന് ഉള്ളില്‍ ഒരു സ്വരം, “നീ എന്‍റെ സഭ പണിയുക, ഞാന്‍ നിന്‍റെ വീട് പണിയാം!” ഇതെനിക്ക് നല്‍കിയ ആശ്വാസവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാനാവാത്തതാണ്. ഞാന്‍ അതില്‍ വിശ്വസിച്ചു, പിന്തിരിയാതെ മുന്‍പോട്ടുപോയി. അധികം വൈകാതെ വീടുപണി കഴിയുന്നതാണ് കണ്ടത്!

ദൈവരാജ്യത്തിന്‍റെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണോ നീ? അല്ലെങ്കില്‍ അങ്ങനെയൊരാളുടെ കുടുംബാംഗമോ മിത്രമോ പരിചയക്കാരനോ ആണോ? എങ്കില്‍ അഭിമാനിക്കുക. കര്‍ത്താവിന്‍റെ സഭ പണിയാന്‍, അന്ത്യകാല ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന ശുശ്രൂഷകരെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുക. അത്തരത്തില്‍ ജീവിതം ചിട്ടപ്പെടുത്തിയ അനേകം സഹോദരങ്ങളെ ഈ നാളുകളില്‍ ഞാന്‍ കാണാന്‍ ഇടയായിട്ടുണ്ട്. എന്തെന്നില്ലാത്ത എതിര്‍പ്പും നിന്ദനവും ഞെരുക്കവുമെല്ലാം സഹിച്ച് അവര്‍ രാപകലില്ലാതെ ക്രിസ്തുവിനും സഭയ്ക്കുംവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു. ഇടവകയിലെ ചെറിയ പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും ധ്യാനകേന്ദ്രങ്ങളിലും ഫോണിലുള്ള മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയപോലെയുള്ള അരെയോപ്പാഗാസിലും കല്‍മണ്ഡപങ്ങളിലും ധൈര്യസമേതം സമയം ചെലവിട്ടുകൊണ്ട് ഇവര്‍ യേശുക്രിസ്തുവിനു സാഭിമാനം സാക്ഷ്യം വഹിക്കുന്നു. ക്രിസ്തുവില്‍ അഭിമാനിക്കുക, ഇവരെയോര്‍ത്ത്.

ഒരു നീതിമാനെങ്കിലും ഉണ്ടെന്നതിന്‍റെപേരില്‍ പാപം നിറഞ്ഞിട്ടും നശിപ്പിക്കാതെ വെറുതെ വിട്ട നഗരങ്ങളെക്കുറിച്ചു ബൈബിള്‍ നമ്മോടു പറയുന്നില്ലേ? അതുപോലെ നെറ്റിത്തടങ്ങളില്‍ അടയാളം വീണ ഇവരാകും നമ്മുടെ കുടുംബങ്ങളുടെ, സമൂഹങ്ങളുടെ, ഇടവകയുടെ, മേലൊന്നും ശിക്ഷ പതിയാതെ കാക്കുന്ന ആ നീതിമാന്മാര്‍.

കോവിഡിനുശേഷം ശുശ്രൂഷാജീവിതത്തില്‍ പിന്നോക്കം പോയവരും കഠിന ഞെരുക്കത്തില്‍ തളര്‍ന്നുപോയവരും കാണാതിരിക്കില്ല. അവരെ നമുക്ക് ചേര്‍ത്തുപിടിക്കാം. പുതിയൊരു അഭിഷേകത്തിനായി പ്രാര്‍ത്ഥനകൊണ്ട് നമുക്ക് അവരെ ബലപ്പെടുത്താം. സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത് ദൈവരാജ്യശുശ്രൂഷകരെ നമുക്ക് ഉത്തേജിപ്പിക്കാം. അവര്‍ കര്‍ത്താവിന്‍റെ സഭ പണിയുകയാണ്. അവരുടെ ഭവനം കര്‍ത്താവ് പണിയും, തീര്‍ച്ച.

അങ്ങനെയൊരാളെ അറിയാവുന്നയാളാണോ താങ്കള്‍? എങ്കില്‍, നമ്മുടെ കര്‍ത്താവിന്‍റെ തൊഴിലാളിയോടെന്നവണ്ണം അവരോട് നമ്മള്‍ കടപ്പാട് കാണിക്കുക.

ഇതുവായിക്കുന്ന താങ്കള്‍ ഒരു ദൈവരാജ്യശുശ്രൂഷകനാണോ? ഞാന്‍ എന്‍റെ അനുഭവം നിങ്ങളോട് പറഞ്ഞില്ലേ? അതുചെയ്യാന്‍ നമുക്കാണ് കര്‍ത്താവ് അവസരം നല്‍കിയിരിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട് സധൈര്യം തുടരുക ഈ ദൗത്യം.

“വത്സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍” (1 കോറിന്തോസ് 15/58).

Share:

Brother Augustine Christy PDM

Brother Augustine Christy PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles