Home/Evangelize/Article

സെപ് 09, 2023 129 0 Father Joseph Alex
Evangelize

13 വയസുള്ള ഫരിസേയനെ കണ്ടപ്പോൾ….

ഫരിസേയന്‍ എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്…

ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്‍റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര്‍ തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്….

അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്.

പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു.

കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം…

എന്നിട്ടെന്താവാന്‍… മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്‍റെ കൂടെ നില്‍ക്കുന്ന കഥാപാത്രം ചെയ്തു.

റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്‍റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു.

ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് ‘ഷൈന്‍’ ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ.

ഫരിസേയന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്…

ഫരിസേയന്‍ ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി ‘നന്മമരം’ ആവരുത്.

“നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു” (മത്തായി 5/20).

നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍

Share:

Father Joseph Alex

Father Joseph Alex

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles