Home/Encounter/Article

ഏപ്രി 13, 2020 1877 0 Ranjith Lawrence
Encounter

‘മുകളിലുള്ളത് കണ്ടവരാണ് ഈ ദമ്പതികള്‍!

2001 ഒക്ടോബര്‍ 21 ഞായറാഴ്ച, ഇറ്റാലിയന്‍ സഹോദരങ്ങളായ ഫാ. താര്‍സിസിയോ, ഫാ. പാവോലിനോ, എന്‍റിച്ചേത്ത എന്നിവര്‍ക്ക് അവിസ്മരണീയമായ ദിനമായിരുന്നു. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മൂവരുടെയും മാതാപിതാക്കളായ ലൂയിജി ബള്‍ത്രാമെ ക്വട്രോച്ചിയെയും മരിയ കോര്‍സിനിയെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടവരായി ഒരുമിച്ച് പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ദമ്പതികളായി ക്വട്രോച്ചി ദമ്പതികള്‍ മാറി. ‘മേല്‍ക്കൂരയുടെ മുകളിലുള്ള’ ജീവിതം ആസ്വദിക്കാനാണ് തങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതെന്ന് പലപ്പോഴും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഈ ദമ്പതികള്‍ പറഞ്ഞിരുന്നു. കുടുംബജീവിതത്തിലെ സാധാരണ അനുഭവങ്ങള്‍ ദൈവത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് വിശുദ്ധിയുടെ അസാധാരണ അനുഭവങ്ങളാക്കി മാറ്റിയ മാതാപിതാക്കളുടെ കഥയാണ് ക്വട്രോച്ചി കുടുംബത്തിലെ പിന്‍തലമുറയ്ക്ക് പറയാനുള്ളത്.

1880-ലാണ് ലൂയിജി ക്വട്രോച്ചിയുടെ ജനനം. മരിയ കോര്‍സിനിയുമായുള്ള വിവാഹത്തോടെയാണ് ലൂയിജി വിശ്വാസജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് കടന്നുവന്നത്. 1905-ല്‍ റോമിലെ സെന്‍റ് മേരീസ് മേജര്‍ ബസിലിക്കയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 1909 ആയപ്പോഴേക്കും മൂന്ന് മക്കളെ നല്‍കി ദൈവം ഈ കുടുംബത്തെ അനുഗ്രഹിച്ചു. ആത്മീയതയില്‍ വളരുന്നതിനായി തങ്ങളുടെ മാതാപിതാക്കന്‍മാര്‍ മത്സരിച്ചിരുന്നതായി ട്രാപ്പിസ്റ്റ് സന്യാസിയും ക്വട്രോച്ചി ദമ്പതികളുടെ മൂന്നാമത്തെ മകനുമായ സിസാറെ ബള്‍ത്രാമെ ക്വട്രോച്ചി ഓര്‍മിക്കുന്നു. അനുദിനവിശുദ്ധ ബലിയില്‍ ഒരുമിച്ച് പങ്കെടുക്കാന്‍ ആരംഭിച്ച ദമ്പതികള്‍ വിശുദ്ധ ബലിക്ക് ശേഷം മാത്രമാണ് പരസ്പരം ഗുഡ് മോണിംഗ് പറഞ്ഞിരുന്നത്. വിശുദ്ധ ബലിക്ക് ശേഷം മാത്രമാണ് തങ്ങളുടെ ദിവസം ആരംഭിക്കുന്നത് എന്ന് ഉറപ്പാക്കാനായിരുന്നു ലൂയിജി അപ്രകാരം ചെയ്തത്.

1913-ല്‍ മരിയ വീണ്ടും ഗര്‍ഭിണിയായി. കുഞ്ഞ് ജീവിക്കാന്‍ അഞ്ച് ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നും അതുകൊണ്ട് അമ്മയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഗര്‍ഭഛിദ്രം നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ തങ്ങളുടെ കുടുംബത്തെ തിരുക്കുടംബത്തിന് പ്രതിഷ്ഠിച്ചിരുന്ന ക്വട്രോച്ചി ദമ്പതികള്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചുകൊണ്ട് തങ്ങളെത്തന്നെ ദൈവഹിതത്തിന് പൂര്‍ണമായി വിട്ടുകൊടുത്തു. ഏതായാലും 1914-ല്‍ ജനിച്ച എന്‍റിച്ചേത്തയ്ക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. കുഞ്ഞും അമ്മയും സുരക്ഷിതരാണെന്ന വാര്‍ത്ത കേട്ട ലൂയിജിയുടെ കണ്ണുകള്‍ സന്തോഷാധിക്യത്താല്‍ നിറഞ്ഞൊഴുകി.

രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും എത്തിയതോടെ ക്വട്രോച്ചി കുടുംബത്തില്‍ എപ്പോഴും സന്തോഷത്തിന്‍റെ ആരവങ്ങളുയര്‍ന്നുകൊണ്ടിരുന്നു. കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത കാര്യങ്ങളെ സ്നേഹിക്കാനാണ് ഈ ദമ്പതികള്‍ കുട്ടികളെ പരിശീലിപ്പിച്ചത്. പത്താമത്തെ വയസില്‍ ക്രിസ്ത്വാനുകരണം തനിക്ക് അമ്മ വായിക്കാന്‍ നല്‍കിയതായി രണ്ടാമത്തെ മകനായ സിസേറ ഓര്‍മിക്കുന്നു. അതില്‍ ആ അമ്മ ഇപ്രകാരം കുറിച്ചിരുന്നു -“ആവശ്യമെങ്കില്‍ മരണം വരിച്ചും ക്രിസ്തുവിന് സാക്ഷ്യം നല്‍കണം.” ഒരിക്കല്‍ പോലും മാതാപിതാക്കള്‍ തങ്ങളുടെ മുമ്പില്‍ വച്ച് വഴക്കുകൂടിയതായി ഇളയ മകളായ എന്‍റിച്ചേത്ത ഓര്‍മിക്കുന്നില്ല. ക്വട്രോച്ചി ദമ്പതികളുടെ മാതൃകാപരമായ ജീവിതത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച കുട്ടികളില്‍ ആദ്യത്തെ മൂന്ന് പേര്‍ ദൈവവിളി സ്വീകരിച്ചു. മൂത്തയാള്‍ ഫാ. താര്‍സിസിയോ എന്ന പേര് സ്വീകരിച്ച് ഇടവക വൈദികനായി. സിസാറെ ട്രാപ്പിസ്റ്റ് സന്യാസസഭയില്‍ ചേര്‍ന്ന് ഫാ. പവോലിനോ എന്ന പേര് സ്വീകരിച്ചു. മൂന്നാമത്തെ ആളായ സ്റ്റെഫാനിയ ആകട്ടെ ബനഡിക്ടന്‍ മിണ്ടാമഠത്തില്‍ ചേര്‍ന്ന് സിസ്റ്റര്‍ മരിയ സെസിലിയ എന്ന പേര് സ്വീകരിച്ചു.

20 വര്‍ഷത്തെ കുടുംബജീവിതത്തിന് ശേഷം ആത്മീയ പിതാവിന്‍റെ ഉപദേശം സ്വീകരിച്ച് ദാമ്പത്യ ബന്ധത്തില്‍ നിന്നകന്നു നിന്നുകൊണ്ട് പൂര്‍ണമായി ദൈവത്തിന് തങ്ങളെത്തന്നെ സമര്‍പ്പിക്കാന്‍ ഈ ദമ്പതികള്‍ തീരുമാനമെടുത്തു. 1951 നവംബര്‍ മാസത്തില്‍ ലൂയിജി ഹൃദയാഘാതം മൂലം മരണടഞ്ഞു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം 1965 ഓഗസ്റ്റ് 26-ന് എന്‍റിച്ചേത്തയുടെ കൈകളില്‍ കിടുന്നുകൊണ്ട് മരിയയും ലൂയിജിയോടൊപ്പം ചേര്‍ന്നു.

നാസികള്‍ ഇറ്റലി ആക്രമിച്ച കാലഘട്ടത്തില്‍പ്പോലും ശാന്തമായും സമാധാനപരമായും ജീവിച്ചുകൊണ്ട് നിരവധി യഹൂദ വംശജര്‍ക്ക് അഭയം നല്‍കിയ ഈ ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു: “സാധാരണ കുടുംബത്തിന്‍റെ സന്തോഷങ്ങളുടെയും ആകുലതകളുടെയും മധ്യത്തില്‍ നിന്നുകൊണ്ട് അസാധാരണമായ ആത്മീയ ജീവിതം നയിക്കാനറിയാവുന്ന ദമ്പതികള്‍.”

Share:

Ranjith Lawrence

Ranjith Lawrence

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles