Home/Encounter/Article

ഒക്ട് 28, 2024 78 0 ആന്‍സിമോള്‍ ജോസഫ്
Encounter

കപ്യാര്‍ എല്ലാം പറയാതെപറഞ്ഞു

ഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ക്കായി അനേകതവണ അദേഹത്തിന് ദൈവാലയത്തിലേക്ക്, വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുകയും സങ്കീര്‍ത്തിയിലേക്ക് പോവുകയും ചെയ്യേണ്ടിവന്നു. ദൈവാലയത്തിനുള്ളിലൂടെ പലപ്രാവശ്യം ദിവ്യകാരുണ്യ ഈശോയ്ക്ക് അപ്പുറവും ഇപ്പുറവും കടക്കേണ്ടതായും വന്നു.

എന്നാല്‍ ഏറ്റവും അതിശയകരമായത്, ഈ അവസരങ്ങളിലെല്ലാം അദ്ദേഹം ദിവ്യകാരുണ്യ ഈശോയെ ശിരസുനമിച്ച് ഭക്തിയോടെ ആരാധിച്ചിരുന്നു എന്നതാണ്. ആരും ശ്രദ്ധിച്ചുപോകുന്ന സ്‌നേഹപ്രകടനം. എത്ര ആദരവോടെയാണ് അദേഹം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്..! സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴും ആ ബഹുമാനത്തിന് മാറ്റുകുറയുന്നില്ല.

രാജാധിരാജാവിന്‍റെ സന്നിധിയില്‍ ഭയഭക്ത്യാദരവുകളോടെ പ്രവേശിക്കുകയും കുമ്പിട്ട് ആരാധിച്ച് ഉത്തരവാദിത്വങ്ങള്‍ സ്‌നേഹപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്ന ദൈവാലയ ശുശ്രൂഷി. ഈശോയോട് അദ്ദേഹത്തിന്‍റെ ഹൃദയത്തിലുള്ള ഉത്ഘടസ്‌നേഹത്തിന്‍റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ആദരവിന്‍റെ ഉറവിടം. അദ്ദേഹത്തിന്‍റെ പെരുമാറ്റം കണ്ടാലറിയാം അവിടെ സര്‍വശക്തനായ ദൈവം സന്നിഹിതനാണെന്ന്. സ്വര്‍ഗത്തില്‍ വസിക്കുന്ന അത്യുന്നതന്‍ ആ ദൈവാലയത്തില്‍ സര്‍വമഹത്വത്തോടെ ഉപവിഷ്ഠനാണെന്ന് ആ കപ്യാര്‍ ഒന്നും പറയാതെ കാണിച്ചുതന്നു; ഒരു മാലാഖയെപ്പോലെ. അദ്ദേഹത്തിന്‍റെ പേരോ വിശദാംശങ്ങളോ അറിയില്ല, പക്ഷേ, ഒന്നറിയാം, ആ ശുശ്രൂഷിക്ക് ദൈവത്തെ അറിയാം. അവിടുത്തെ എപ്രകാരം സ്‌നേഹിക്കണമന്ന്, ആദരിക്കണമെന്ന് അറിയാം.

”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും” (1സാമുവല്‍ 2/30), ”ദൈവഭക്തി അനുഗ്രഹത്തിന്‍റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27) എന്ന ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം ഈ ദൈവാലയ ശുശ്രൂഷിയെയും കുടുംബത്തെയും അദേഹത്തിനുള്ള സകലത്തെയും അവിടുന്ന് എത്രയധികമായി ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും..! കര്‍ത്താവിന്‍റെ പേടകം ആദരവോടെ സംരക്ഷിച്ച ഓബദ് ഏദോമിനെക്കുറിച്ച് 2സാമുവല്‍ 6/11,12 രേഖപ്പെടുത്തുന്നു: ‘കര്‍ത്താവിന്‍റെ പേടകം ഓബദ് ഏദോമിന്‍റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു. കര്‍ത്താവ് ഓബദ് ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്‍റെ പേടകം നിമിത്തം കര്‍ത്താവ് ഓബദ് ഏദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു…’

Share:

ആന്‍സിമോള്‍ ജോസഫ്

ആന്‍സിമോള്‍ ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles