Shalom Tidings
Download the free app and experience a new lifestyle today!
No Thanks Get App

Home/Encounter/Article

ഡിസം 08, 2022 48 0 Mathew Joseph
Encounter

സ്വര്‍ഗം കേട്ട ഏറ്റവും മനോഹരമായ വാക്ക്

തന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: “എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4/15). ഈ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്‍റെ വാഗ്ദാനം. മറിച്ച്, തന്‍റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്കുന്നത്.

വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ പിന്നാലെ പോകുന്നവരുടെ ലക്ഷ്യം പലപ്പോഴും ഭൗതികനേട്ടങ്ങളാണ്. എന്നാല്‍, ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ നമ്മുടെ ജീവിതം വൃഥാവിലാവും. ആകയാല്‍, ആത്മാക്കളുടെ രക്ഷയാണ് സുവിശേഷവേലയുടെ അടിസ്ഥാനം. അതുകൊണ്ടാണ്, ഈ ലോകത്തിലെ ഏറ്റവും ഉന്നതമായ വിളിയും പദവിയും ദൈവവേലയായി മാറുന്നത്.

സമര്‍പ്പണ ജീവിതമാണ് ഈ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ജീവിതം. ഉദാഹരണത്തിന്, എന്‍റെ കയ്യിലുള്ള വിലപിടിപ്പുള്ള ഒരു പേന ഞാന്‍ നിങ്ങള്‍ക്ക് സമ്മാനമായി നല്കുന്നു എന്നു കരുതുക. പിന്നീട് അത് താഴെ വീണ് തകരാതെ നോക്കേണ്ടതും അതിന്‍റെ മഷി തീരുമ്പോള്‍ വീണ്ടും നിറയ്ക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതുപോലെയാണ്, യേശുവിനായി സമ്പൂര്‍ണ സമര്‍പ്പണം ചെയ്ത ഒരു പ്രേഷിതന്‍റെ, മിഷനറിയുടെ ജീവിതവും. അവന്‍റെ ജീവിതം തകരാതെ നോക്കേണ്ടതും അവന്‍റെ ദൈനംദിന കാര്യങ്ങള്‍ നോക്കേണ്ടതും യേശുവിന്‍റെ കടമയും ഉത്തരവാദിത്തവുമായി മാറുന്നു. അതെ, ഞാന്‍ യേശുവിന്‍റെ ഹൃദയത്തില്‍ ഒരു ‘സ്നേഹബാധ്യത’യാണ്.

ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം

സത്യം അറിഞ്ഞവന്‍ അതിന് സാക്ഷ്യം വഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിന്‍റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക: “ഭൂമിയില്‍ എന്‍റെ നാമം ഉദ്ഘോഷിക്കപ്പെടുന്നതിനും എന്‍റെ ശക്തി നിന്നില്‍ വെളിപ്പെടുത്തുന്നതിനും വേണ്ടിയാണ് നിന്നെ ഞാന്‍ ഉയര്‍ത്തിയത്” (റോമാ 9/17). നമ്മെ പാപത്തില്‍നിന്നും രോഗത്തില്‍നിന്നും മരണത്തില്‍നിന്നും ഉയര്‍ത്തിയ ആ യേശുവിനുവേണ്ടി നാം ജീവിക്കണം. “ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കും വേണ്ടി മരിച്ചത്” (2 കോറിന്തോസ് 5/15).

ജീവിതയാത്രയില്‍ ഇടയ്ക്കെങ്കിലും നാം ഇങ്ങനെ ആത്മശോധന ചെയ്യണം. ‘എന്‍റെ യേശു എനിക്കുവേണ്ടി എന്തെല്ലാം വന്‍കാര്യങ്ങള്‍ ചെയ്തു. ഞാന്‍ ഇന്നുവരെയും അവനുവേണ്ടി എന്താണ് ചെയ്തത്?’ ഇപ്പോള്‍ത്തന്നെ ജീവിതം അവനായി സമര്‍പ്പിക്കാം. സ്വര്‍ഗം ഭൂമിയില്‍ നിന്ന് കേട്ട ഏറ്റവും മനോഹരമായ വാക്ക് ‘ഇതാ ഞാന്‍..’ ഈ വാക്ക് നമ്മുടെ അധരത്തില്‍നിന്ന് ഉയരട്ടെ. അത് ആത്മാര്‍ത്ഥമാണെങ്കില്‍ ഇപ്പോള്‍ത്തന്നെ നിങ്ങള്‍ അവിടുത്തെ കരങ്ങളില്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങും. നമ്മുടെ ബലഹീനതകള്‍, അയോഗ്യതകള്‍ ഒന്നും കര്‍ത്താവ് നോക്കുന്നില്ല. ഗലീലിയിലെ ദുര്‍ബലരായ മുക്കുവരെ സഭയുടെ നെടുംതൂണുകളാക്കിയ പരിശുദ്ധാത്മാവിന് എന്നെയും അതിശയകരമായി ഉപയോഗിക്കാന്‍ കഴിയും.

ഞാന്‍ ഗുണത്തിനുമില്ല, ദോഷത്തിനുമില്ല!

ചിലര്‍ പറയും, ‘ഞാനായിട്ട് ആര്‍ക്കും ഒരു ഗുണത്തിനുമില്ല, ദോഷത്തിനുമില്ല. ആര്‍ക്കും എന്നെക്കൊണ്ട് ബുദ്ധിമുട്ടില്ലല്ലോ. ഞായറാഴ്ചയില്‍ പള്ളിയില്‍ പോകും. ഒരു പാപവും ചെയ്യാതെ ജീവിച്ചാല്‍ മതിയല്ലോ.’ എന്നാല്‍ ഇതല്ല ക്രിസ്തീയ ജീവിതം. വെളിപാട് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ‘ചൂടും തണുപ്പുമില്ലാത്ത’ (വെളിപാട് 3/15) വ്യക്തിയില്‍നിന്ന് ദൈവം അകന്നു മാറും. വചനം തുടരുന്നു: “ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്‍റെ വായില്‍നിന്ന് തുപ്പിക്കളയും” (വെളിപാട് 3/16).

തിരുവചനത്തിന്‍റെ വെളിച്ചത്തില്‍, നമ്മിലെ അണഞ്ഞുപോയ സുവിശേഷകന്‍ വീണ്ടും ജ്വലിക്കട്ടെ. “ബലിപീഠത്തിലെ അഗ്നി കെട്ടുപോകരുത്. അത് നിരന്തരം കത്തിക്കൊണ്ടിരിക്കണം” (ലേവ്യര്‍ 6/15). യേശു നമ്മെ വിളിച്ചപ്പോള്‍ നമ്മുടെ ഹൃദയമാകുന്ന ബലിപീഠത്തില്‍ കൊളുത്തിയ സ്നേഹാഗ്നിയാണത്. ആ സുവിശേഷാഗ്നി നിരന്തരം നമ്മില്‍ കത്തണം. ലോകസുവിശേഷവല്ക്കരണം കര്‍ത്താവിന്‍റെ പ്രവൃത്തിയാണ്. ദൈവഹിതം സംഭവിക്കുകതന്നെ ചെയ്യും. നാം ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ലോകം മുഴുവന്‍ കര്‍ത്താവിന്‍റെ സുവിശേഷം അറിയും. മാനസാന്തരങ്ങള്‍ സംഭവിക്കും.

നടക്കാത്ത സ്വപ്നമോ?

ഇപ്പോള്‍ നടക്കുന്നതുപോലെ വചനപ്രഘോഷണവും മറ്റ് ആത്മീയ ശുശ്രൂഷകളും നടന്നാല്‍ എന്നാണ് കോടിക്കണക്കിന് വിജാതീയര്‍ കര്‍ത്താവിനെ അറിയുക എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ലോകസുവിശേഷവല്ക്കരണം ഒരു നടക്കാത്ത സ്വപ്നമാണെന്ന് കരുതിയ നാളുകളും എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിന്മ എന്നില്‍ വിതച്ച ആ കള പരിശുദ്ധാത്മാവ് എന്നില്‍നിന്ന് എടുത്തുമാറ്റിയത് അമേരിക്കയിലെ മെക്സിക്കോയില്‍ നടന്ന ഒരു സംഭവം വായിച്ചതിലൂടെയാണ്. ഗ്വാഡലൂപെ എന്ന സ്ഥലത്ത് പരിശുദ്ധ മാതാവിന്‍റെ പ്രത്യക്ഷീകരണത്തിനുശേഷം അഞ്ചു വര്‍ഷത്തിനിടയില്‍ ലക്ഷങ്ങളാണ് മാനസാന്തരപ്പെട്ട് കത്തോലിക്ക സഭയില്‍ ചേര്‍ന്നത്! ‘കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു’ എന്ന ആത്മകഥയില്‍ ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിലച്ചന്‍ വിശദീകരിക്കുന്നത്, ‘സ്വര്‍ഗത്തിന്‍റെ പ്രവൃത്തികള്‍ എത്ര വിസ്മയാവഹം’ എന്നാണ്.

ഇതുവരെയും നാം കാണാത്തവിധത്തിലുള്ള സ്വര്‍ഗീയ അടയാളങ്ങളും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളും വരും നാളുകളില്‍ ലോകത്ത് നിശ്ചയമായും സംഭവിക്കുമെന്ന് എനിക്കുറപ്പുണ്ട്. സാവൂളിന്‍റെമേല്‍ പതിച്ച മിന്നലൊളിയെ അതിജീവിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ചുരുക്കം ഇതാണ്: ‘സുവിശേഷ വേല ഒരിക്കലും പാഴ്വേലയല്ല.’ ഇത് തിരിച്ചറിഞ്ഞ പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം ഉദ്ഘോഷിക്കുന്നു: “അതിനാല്‍ എന്‍റെ വത്സല സഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരും ആയിരിക്കുവിന്‍” (1 കോറിന്തോസ് 15/58).

യുഗാന്ത്യ സഭയുടെ പോരാട്ടം എല്ലാ അര്‍ത്ഥത്തിലും ആദ്യസഭയുടേതിനെക്കാള്‍ മഹനീയമായിരിക്കും. നമുക്ക് ഒരേയൊരു ലക്ഷ്യം മാത്രം. ഒരേയൊരു സ്വപ്നം മാത്രം… അവന്‍ വളരണം.. ഞാന്‍ കുറയണം… ലോകം യേശുവിനെ അറിയണം! ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്ത സ്വര്‍ഗീയ വരങ്ങളാല്‍ നിറച്ച് പരിശുദ്ധാത്മാവേ, എന്നെ ഉപയോഗിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം.

Share:

Mathew Joseph

Mathew Joseph

Latest Articles