Home/Engage/Article

മാര്‍ 28, 2020 1911 0 Praveen Prathap
Engage

ദൈവത്തിന്‍റെ കൈ കാണുന്നുണ്ടോ?

ആ ദിവസം എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കും. എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്‍റെ സഹോദരീഭര്‍ത്താവിനെ കാണാനായി പോകുകയായിരുന്നു എന്‍റെ അച്ച (പപ്പ). കൂടെ ഞാനും മമ്മിയും അച്ചയുടെ സഹോദരിയുമുണ്ട്. 2016 നവംബര്‍ പത്ത് ആയിരുന്നു ആ ദിവസം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ എത്തിയ ഞങ്ങള്‍ ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കണ്ട് അല്പനേരം അവിടെ ചെലവഴിച്ചു.

അച്ചയ്ക്ക് ഡയബറ്റിസ് ഉള്ളതുകൊണ്ട് സമയത്ത് ഊണ് കഴിക്കണം. യാത്രാക്ഷീണവും ഉണ്ട്. പക്ഷേ ഇടുക്കിയ്ക്ക് മടങ്ങേണ്ടതിനാല്‍ ട്രെയിന്‍ പോകും, സമയം ഇല്ല എന്ന് പറഞ്ഞ് ആശുപത്രി കാന്‍റീനില്‍നിന്ന് കഴിക്കാന്‍ അച്ച സമ്മതിച്ചില്ല. അതുകൊണ്ട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കഴിക്കാമെന്ന് വച്ച് ഞങ്ങള്‍ ഓട്ടോയില്‍ അങ്ങോട്ട് തിരിച്ചു.

അവിടെ എത്തി ഓട്ടോയില്‍നിന്ന് ഇറങ്ങുകയാണ് ഞങ്ങള്‍. എന്നാല്‍ അച്ച ഓട്ടോയില്‍നിന്നിറങ്ങാതെ കമ്പിയില്‍ മുറുകെ പിടിച്ച് ഒന്നും മിണ്ടാതെ ഇരിക്കുന്നു! കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എന്തോ പന്തികേട് തോന്നി. ഷുഗര്‍നില താഴ്ന്നതുകൊണ്ട് ഒരു മിഠായി കൊടുത്തെങ്കിലും രക്ഷയില്ല. അടുത്തുള്ള കടയില്‍നിന്ന് സോഡ വാങ്ങി കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അച്ച ബോധരഹിതനായി ഞങ്ങളുടെ കൈകളിലേക്ക് വീണു. പകച്ചുപോയ സമയം. എന്നാല്‍ ആന്‍റി നഴ്സായിരുന്നതുകൊണ്ട് റോഡില്‍ത്തന്നെ കിടത്തി രക്തയോട്ടം സുഗമമാക്കാനുള്ള പ്രക്രിയകള്‍ ചെയ്തു.

ഞങ്ങളുടെ കരച്ചില്‍കേട്ട് വന്ന ഒരു ചേട്ടനെയും സഹായത്തിനായി കൂട്ടി അച്ചയെ അതേ ഓട്ടോയില്‍ത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോയില്‍വച്ച് അച്ചയുടെ അവസ്ഥ കണ്ടപ്പോള്‍ രക്ഷപ്പെടുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഒന്നുകില്‍ ജീവന്‍ നഷ്ടപ്പെടാം അല്ലെങ്കില്‍ ശരീരം തളര്‍ന്നുപോകാം… എന്നിട്ടും ഞങ്ങളുടെ നിസഹായാവസ്ഥയില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ച് ജപമാലയും കൈയിലേന്തി ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ഞാന്‍ ഉറക്കെ ചൊല്ലിക്കൊണ്ടിരുന്നു; അത്യാഹിത വിഭാഗത്തില്‍ എത്തിച്ചശേഷം ചികിത്സ നടക്കുമ്പോഴും.

കുറച്ചു കഴിഞ്ഞപ്പോള്‍ അച്ച കണ്ണു തുറന്ന് പതിയെ സംസാരിച്ച് തുടങ്ങി. ഞങ്ങള്‍ അത്ഭുതപ്പെട്ടു. അതുകഴിഞ്ഞ് സി.ടി. സ്കാനും ഇ.ഇ.ജിയുമൊക്കെ നടത്തി. ഒരു റിപ്പോര്‍ട്ടിലും യാതൊരു കുഴപ്പവും കണ്ടെത്തിയില്ല. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. മാതാവിലൂടെ ദൈവത്തിന്‍റെ ശക്തമായ ഇടപെടല്‍! ദൈവത്തിന് നന്ദി! “ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും” (ലൂക്കാ 1:49-50).

ഈ സംഭവത്തിലൂടെ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ പരിപാലന ഞാന്‍ വാസ്തവമായും അനുഭവിച്ചറിഞ്ഞു. അതുകൊണ്ട് ഈ അനുഭവം ദൈവമഹത്വത്തിനായി പങ്കുവയ്ക്കുന്നു.

താഴെ പറയുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും പ്രതി ദൈവത്തിന് നന്ദി പറയുകയാണ്.

1. ഞാനും ആന്‍റിയും തലേന്നു രാത്രിയാണ് പോകാന്‍ തീരുമാനമെടുത്തത്. അച്ചയും മമ്മിയും മാത്രം പോയിരുന്നെങ്കില്‍ മമ്മിക്ക് തനിയെ ഇത് കൈകാര്യം ചെയ്യാന്‍ പറ്റുമായിരുന്നില്ല.

2. ഞാന്‍ തൃശൂരില്‍നിന്നാണ് എറണാകുളത്തേക്ക് വന്നത്. വരുംമുമ്പ് നവംബര്‍ ഏഴിന് വൈകിട്ട് ഒരു സുഹൃത്തിനോടുള്ള കടം വീട്ടാനുണ്ടെന്ന ഒറ്റ കാരണത്താല്‍ ആയിരം രൂപ എടുക്കാന്‍ എ.ടി.എമ്മില്‍ ചെന്നു. പക്ഷേ 1200 എടുക്കാന്‍ ഉള്ളില്‍ തോന്നലുണ്ടായതിനാല്‍ അങ്ങനെ ചെയ്തു. അതുകൊണ്ട് എറണാകുളത്ത് വരാനും തിരികെ പോരാനും കൈയില്‍ 200 രൂപ ഉണ്ടായിരുന്നു. ബാക്കി ആയിരം നവംബര്‍ എട്ടിന് അസാധു ആയിരുന്നല്ലോ!

3. മുകളില്‍ പറഞ്ഞ കാര്യത്തിനുശേഷം എ.ടി.എം കാര്‍ഡ് പേഴ്സില്‍നിന്നും മാറ്റി സൂക്ഷിച്ചുവയ്ക്കാന്‍ മറന്നുപോയി. അതുകൊണ്ട് ആശുപത്രി ചെലവിനുള്ള പണം അതുപയോഗിച്ച് കാര്‍ഡ് സ്വൈപിങ്ങിലൂടെ അടയ്ക്കാന്‍ സാധിച്ചു.

4. ഞങ്ങള്‍ രണ്ട് ഓട്ടോകളിലാണ് ആശുപത്രിയിലേക്ക് പോയത്. അവര്‍ക്ക് ഓട്ടോക്കൂലി കൊടുക്കാന്‍പോലും സാധിച്ചില്ല. ഒരു ചേട്ടനും സഹായിക്കാന്‍ കൂടെ കയറിയിരുന്നു. അവരുടെ സമയോചിത ഇടപെടല്‍ ആശുപത്രിയില്‍ പെട്ടെന്ന് എത്താന്‍ കാരണമായി. സുമനസുകളായ ആ മൂന്ന് വ്യക്തികളെയും മികച്ച രീതിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കിയതിന് ദൈവത്തിന് നന്ദി. ഒപ്പം ഗതാഗത തടസം ഉണ്ടാവാതിരുന്നതിനും…

“അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! ദൈവമാണ് നമ്മുടെ രക്ഷ. നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്. മരണത്തില്‍നിന്നുള്ള മോചനം ദൈവമായ കര്‍ത്താവാണ് നല്കുന്നത്” (സങ്കീര്‍ത്തനങ്ങള്‍ 68:19-20).

Share:

Praveen Prathap

Praveen Prathap

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles