Home/Evangelize/Article

ഫെബ്രു 23, 2024 61 0 Shalom Tidings
Evangelize

ബഹിരാകാശ ശാസ്ത്രജ്ഞന്‍ ‘വീണപ്പോള്‍’

ജീവന്‍റെയും ശക്തിയുടെയും സൗഖ്യത്തിന്‍റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടാന്‍…

എയ്റോസ്പേസ് ശാസ്ത്രജ്ഞനാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു. ഫോര്‍ബ്സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായി തെരഞ്ഞെടുത്ത വ്യക്തികളിലൊരാള്‍. റൊമാനിയ സ്വദേശിയാണെങ്കിലും പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ചൊവ്വാഗ്രഹത്തിലേക്കുള്ള റൊമേനിയയുടെ ആദ്യ സിമുലേഷന്‍ മിഷനില്‍ പങ്കാളിയുമാണ് അദ്ദേഹം. നാസയുമായി സഹകരിച്ചാണ് ഈ മിഷന്‍ നടത്തുന്നത്. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍മാത്രമല്ല, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന്‍ എന്നീ നിലകളിലും ഡോ. ഡ്രാഗോസ് പ്രഗല്ഭനാണ്.

ബുദ്ധിയായിരുന്നു ഡ്രാഗോസിന്‍റെ ദൈവം. യുക്തിക്ക് നിരക്കാത്ത യാതൊന്നിനും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെ എല്ലാം സുഗമമായി പോകുമ്പോഴാണ് ഡ്രാഗോസിനെ പിടിച്ചുലയ്ക്കുകയും തളര്‍ത്തിക്കളയുകയും ചെയ്യുംവിധം വലിയ തകര്‍ച്ചകള്‍ കടന്നുവന്നത്. അതുവരെ കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നടിഞ്ഞു. ബന്ധങ്ങള്‍ അറ്റു. സ്ഥാപനം പൂട്ടേണ്ടിവന്നു. മാതാപിതാക്കള്‍പോലും അകന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ പല തത്വശാസ്ത്രങ്ങളും വിശ്വാസങ്ങളും കൊണ്ട് ആത്മാവിന്‍റെ ദാഹത്തെ ശമിപ്പിക്കാന്‍ ഡ്രാഗോസ് ശ്രമിച്ചു. എല്ലാം വിഫലമായി. തെല്ലും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തോന്നിയ നിസ്സഹായാവസ്ഥ. ആത്മഹത്യയെക്കുറിച്ചുമാത്രമായിരുന്നു ആ നാളുകളില്‍ ഡ്രാഗോസിന്‍റെ ചിന്ത.

ക്രിസ്ത്യാനിയായി വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു അദേഹത്തിന്‍റെ നിസ്സഹായതയുടെ കാരണം. അതിനാല്‍ത്തന്നെ തനിക്ക് സഹായം ചോദിക്കാന്‍ ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നത് ഡാഗോസിന് അറിയില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഡോ. ഡ്രാഗോസിനെ ഹവായിലെ ഫാമിലേക്ക് ക്ഷണിച്ചത്. അവിടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് മാസക്കാലം ഒറ്റയ്ക്ക് താമസിച്ചു. പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്.

അങ്ങനെയിരിക്കേ, ഒരു പുസ്തകം വായിച്ചു തുടങ്ങിയ മാത്രയില്‍ ഡോ. ഡ്രാഗോസ് ബ്രറ്റസാനു മറിഞ്ഞുവീണു. വീഴാതിരിക്കുവാന്‍ ശ്രമിച്ചെങ്കിലും വായിച്ച ആ വാക്യത്തിന്‍റെ ശക്തി അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എങ്കിലും അതുവരെ ബാധിച്ചിരുന്ന നിരാശ നീങ്ങി ആ സമയം ആനന്ദം ഉള്ളില്‍ നിറയുന്നതായി തിരിച്ചറിഞ്ഞു. പരിശുദ്ധാത്മാവിന്‍റെ ശക്തമായ സാന്നിധ്യം അദ്ദേഹത്തിന്‍റെ ശരീരത്തെ പൊതിഞ്ഞു. ജീവിതത്തിലുണ്ടായ ചില വേദനകള്‍ നീങ്ങിപ്പോകുന്നതിനായി പ്രാര്‍ത്ഥിച്ചതിനുള്ള ഉത്തരമായിരുന്നു ആ അനുഭവം. കാതറിന്‍ കോള്‍മാന്‍ രചിച്ച ‘ദ ഗ്രേറ്റസ്റ്റ് പവര്‍ ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകമായിരുന്നു ഡോ. ഡ്രാഗോസ് വായിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുസ്തകത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, അവതാരികയിലെ ഒരു വാചകത്തിലൂടെ അദ്ദേഹം വഴിയും സത്യവും ജീവനുമായവനെ തിരിച്ചറിഞ്ഞു. “ഇനിയും യേശുവിനായി നിന്‍റെ ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!” ഈ വാക്യമാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു എന്ന പ്രശസ്ത ശാസ്ത്രജ്ഞനെ ‘വീഴ്ത്തി’യത്.’ സാവൂള്‍ കുതിരപ്പുറത്തുനിന്ന് വീണ് പൗലോസ് ആയതുപോലെ പിന്നെ എല്ലാം മാറിമറിയുകയായിരുന്നു. ബുദ്ധികൊണ്ടു മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ശാസ്ത്രജ്ഞന്‍ പിന്നെ പൂര്‍ണ ഹൃദയവും ആത്മാവുംകൊണ്ട് ദൈവത്തെ തേടാന്‍ ആരംഭിച്ചു.

അദ്ദേഹം പറയുന്നു: തത്വശാസ്ത്രങ്ങളും മതങ്ങളുമൊക്കെയുണ്ടെങ്കിലും തുറന്ന മനസോടെ യേശുവിലേക്ക് വരുമ്പോള്‍ മുഴുവന്‍ സ്നേഹവും മുഴുവന്‍ ശക്തിയും സ്വര്‍ഗവും അവിടെയാണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാകും. തുറന്ന ഹൃദയത്തോടെ യേശുവിനെ സമീപിക്കുന്നവര്‍ക്ക് ജീവന്‍റെയും ശക്തിയുടെയും സൗഖ്യത്തിന്‍റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടുന്നു. ചെയ്യേണ്ടത് ഇത്രമാത്രം.

പ്രാര്‍ത്ഥിക്കുക:

‘പരിശുദ്ധാത്മാവേ, എന്‍റെ ഹൃദയത്തിന്‍റെയും മനസിന്‍റെയും എല്ലാ വാതിലുകളും ഞാന്‍ അങ്ങേയ്ക്കായി തുറന്നുതരുന്നു. എന്നെത്തന്നെ ഞാന്‍ മുഴുവനായി യേശുവിന് സമര്‍പ്പിക്കുന്നു.’

ഡോ. ഡ്രാഗോസിനെ ‘വീഴ്ത്തിയ’ ചോദ്യം നമ്മോടും കര്‍ത്താവ് ചോദിക്കുന്നുണ്ട്, “ഇനിയും യേശുവിനായി ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!”

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles