Home/Encounter/Article

മാര്‍ 27, 2020 1653 0 Fr. Benny Mundanattu
Encounter

പാപിക്കും ഒരു നല്ല ഭാവിയുണ്ട്

നമുക്കെല്ലാവര്‍ക്കും ഒരു ഭൂതകാലമുണ്ട്. ഒരുപക്ഷേ, സന്തോഷത്തിന്‍റേതാകാം, സങ്കടത്തിന്‍റേതാകാം, ദുരിതങ്ങളുടെയും വേദനകളുടെയും പാപഭാരങ്ങളുടെയും ഒക്കെ ആകാം. പക്ഷേ ഭൂതകാലത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും മുമ്പോട്ട് പോകാനാവില്ല. 30 വര്‍ഷക്കാലം മനിക്കേയന്‍ പാഷണ്ഡതയില്‍ ജീവിച്ച്, ജീവിതത്തിന്‍റെ സര്‍വ്വസുഖങ്ങളും അനുഭവിച്ച വിശുദ്ധ അഗസ്റ്റിന്‍റെ ജീവിത കഥയിലൂടെ എല്ലാ പാപിക്കും ഒരു ഭാവിയുണ്ടെന്ന് നാം മനസ്സിലാക്കുന്നുണ്ട്.

ഫിലിപ്പി ലേഖനം 3: 12 -14 വാക്യങ്ങളില്‍ പറയുന്നു: “ഇത് എനിക്ക് കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണ്ണനായെന്നോ അര്‍ത്ഥമില്ല; ഇത് സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇത് സ്വന്തമാക്കിയെന്ന് കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.”

വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളുടെ പശ്ചാത്തലം മനസിലാക്കണം. വളരെ മോശമായ ഒരു ഭൂതകാലമുണ്ടായിരുന്നു സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസിന്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിലും വധിക്കുന്നതിലും അവന്‍ വളരെ ആനന്ദിച്ചിരുന്നു. വിശുദ്ധ സ്തേഫാനോസിനെ കല്ലെറിയുമ്പോള്‍ സാവൂള്‍ അവിടെ നേതൃത്വം നല്കിയിരുന്നു. എന്നാല്‍ സാവൂളിനെ ക്രിസ്തു എങ്ങനെയാണ് സ്വന്തമാക്കിയതെന്ന് അപ്പസ്തോലപ്രവര്‍ത്തനം 9-ാം അധ്യായത്തില്‍ കാണാം. കുതിരപ്പുറത്ത് നിന്ന് താഴെ വീണതും അന്ധനായി മാറിയതും നീ പീഡിപ്പിക്കുന്ന ക്രിസ്തുവാണ് ഞാന്‍ എന്ന സ്വരം കേട്ടതും നാം അവിടെ വായിക്കുന്നു.

സാവൂള്‍ അനനിയാസിന്‍റെ അടുക്കല്‍ ചെല്ലുന്നതിനെക്കുറിച്ച് പറയുമ്പോഴും “അവന്‍ സഭയെ പീഡിപ്പിക്കുന്നവനാണ്” എന്നാണ് അനനിയാസും പ്രതികരിച്ചത്. എന്നാല്‍ ഈശോ സ്വന്തമാക്കി സാവൂളിനെ പൗലോസാക്കി മാറ്റി എന്ന് മാത്രമല്ല വിജാതീയരുടെ അപ്പസ്തോലനായും രക്തസാക്ഷിയായും വിശുദ്ധ പൗലോസ് മാറി.

പൗലോസ് പ്രസംഗിച്ചപ്പോഴൊക്കെ തന്‍റെ ഭൂതകാലത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തിന് തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടാകും. പക്ഷേ അദ്ദേഹം പറഞ്ഞു. എന്‍റെ പിമ്പിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു എന്ന്. എന്നാല്‍ സംഭവിച്ചവയെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിച്ചിരുന്നെങ്കില്‍ സാവൂള്‍ എന്ന പീഡകന് ഒരിക്കലും ഒരു വിശുദ്ധ പൗലോസ് ആകുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

കഴിഞ്ഞ നാളുകളിലെ കുറവുകളും പോരായ്മകളും നഷ്ടങ്ങളും പാപത്തിന്‍റെ കുറവുകളും മനസ്സിലും ഓര്‍മ്മയിലും സൂക്ഷിച്ച് ഇനി എന്‍റെ ജീവിതത്തില്‍ എല്ലാ നന്മയും അന്യമാണ് എന്ന ചിന്തയും നമ്മിലേക്ക് കടന്നുവരാം. എന്നാല്‍ ഏശയ്യാ 43:18-19 ല്‍ ദൈവമായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: “കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ; ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും”.

നമ്മുടെ ജീവിതത്തിന്‍റെ കുറവുകളും തെറ്റുകളും നാം അവിടുത്തോട് ഏറ്റുപറയുമ്പോള്‍ അവിടുന്ന് അത് നിരുപാധികം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നുണ്ട്. ജറെമിയാ 31:34-ല്‍ നാം വായിക്കുന്നു: “അവരുടെ അകൃത്യത്തിന് ഞാന്‍ മാപ്പു നല്കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.” ദൈവം നമ്മുടെ പാപം മറക്കുന്നു; പൊറുക്കുന്നു. മനസ്സില്‍ വയ്ക്കുന്നുമില്ല. ദൈവം അരുളിചെയ്തു: “നിന്‍റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല”. ദൈവം ഒന്നും ഓര്‍ക്കുന്നില്ല. ദൈവം നമ്മുടെ പാപങ്ങള്‍ക്കൊത്തവിധം നമ്മോട് പെരുമാറുന്നുമില്ല. “നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്ന് നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്ത് നമ്മോട് പകരം ചെയ്യുന്നില്ല” (സങ്കീര്‍ത്തനങ്ങള്‍ 103:10).

കഴിഞ്ഞതൊന്നും മറക്കാന്‍ പാടില്ല, പൊറുക്കാന്‍ പാടില്ല എന്നുള്ളത് ദൈവികമായ ചിന്തയല്ല, മറിച്ച് പിശാചിന്‍റെ വലിയ തന്ത്രമാണ്. പത്രോസ് മൂന്നു പ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞവനാണ്. എല്ലാവരും ഈശോയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആകാംക്ഷയോടെ കാത്തിരുന്നപ്പോള്‍, ശരീരത്തിന്‍റെ കുളിര് മാറ്റുവാന്‍ തീ കാഞ്ഞവനാണ്. എല്ലാവര്‍ക്കും നേതൃത്വം കൊടുക്കേണ്ടവന്‍ എല്ലാവരുടെയും മുമ്പേ മീന്‍ പിടിക്കാന്‍ പോയി. പക്ഷേ അതേ പത്രോസിനെത്തന്നെയാണ് ഈശോ തിരിച്ച് വിളിച്ചതും ഉത്തരവാദിത്വം ഏല്പിച്ചു കൊടുത്തതും. സകലതും നഷ്ടപ്പെടുത്തിയ ധൂര്‍ത്തപുത്രനെ ആയിരിക്കുന്നപോലെ ആശ്ലേഷിക്കുന്ന പിതാവും നല്കുന്ന സന്ദേശം മറ്റൊന്നല്ല.

കര്‍ത്താവ് ലോത്തിനോടും ഭാര്യയോടും പറഞ്ഞു: “ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക, പിന്തിരിഞ്ഞ് നോക്കരുത്” (ഉല്പത്തി 19:17) പക്ഷേ ലോത്തിന്‍റെ ഭാര്യ കര്‍ത്താവ് പറഞ്ഞത് കേള്‍ക്കാതെ പിന്നിലേക്ക് നോക്കിയതായും ഉപ്പുതൂണായി മാറിയതായും ബൈബിളില്‍ നാം വായിക്കുന്നുണ്ട് (ഉല്പത്തി 19:26).

അതുകൊണ്ട് ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: ദൈവം ആഗ്രഹിക്കാത്തത് നാം ആഗ്രഹിക്കരുത്. ദൈവം മറക്കുന്നത് നാം മറക്കാതിരിക്കരുത്; ദൈവം പൊറുക്കുന്നത് നാം പൊറുക്കാതിരിക്കരുത്. When we look forward, beautiful things will happen in our life.

വി. പൗലോസ് ശ്ലീഹാ ഏറ്റുപറഞ്ഞതുപോലെ ചിലപ്പോള്‍ നാം ഇങ്ങനെ പറയേണ്ടിവരും: ‘ഒരിക്കല്‍ ഞാനും ഈശോ യെ വേദനിപ്പിച്ചിട്ടുണ്ട്, സന്മാതൃക നല്കാതിരുന്നിട്ടുണ്ട്, എന്നിലൂടെ അനേകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ട്.’ എന്നിരുന്നാലും അതിന്‍റെ പേരില്‍ ഇനി ഒരു നന്മയും എന്നില്‍ നിന്ന് ഉണ്ടാകില്ല എന്ന് ചിന്തിക്കുവാന്‍ ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. വിശ്വാസത്തിലും വിശുദ്ധിയിലും കൂടുതല്‍ വിശ്വസ്തതയോടെ ജീവിച്ച് ഈശോയ്ക്ക് സാക്ഷ്യം നല്കണമെന്നല്ലാതെ മറ്റൊരു ചിന്തയും നമ്മുടെ മനസ്സിലും ചിന്തയിലും ഉണ്ടാകാതിരിക്കട്ടെ. അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും നോമ്പുകാലം ജീവിത നവീകരണത്തിന് കാരണമാകട്ടെ.

Share:

Fr. Benny Mundanattu

Fr. Benny Mundanattu

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles