Home/Enjoy/Article

ഫെബ്രു 23, 2024 73 0 Deepa Vinod
Enjoy

വിശുദ്ധ ജീവിതം അസാധ്യമാണോ?

ശാരീരിക പ്രവണതകളെ നാം എന്തിനു നിഷേധിക്കണം?

അധ്യാപികയായ ഒരു സുഹൃത്ത് കൗമാരക്കാരായ കുട്ടികളുമായി വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പഴയകാലത്തെപ്പോലെ, അത്ര എളുപ്പമല്ല പുണ്യത്തില്‍ വളരാന്‍ എന്നായിരുന്നു അവരില്‍ പലരുടെയും അഭിപ്രായം. മാനുഷികമായ പ്രവണതകള്‍ എങ്ങനെയാണ് പാപം ആകുന്നത് എന്നു ചോദിച്ചവരും ഉണ്ടായിരുന്നു.

അവര്‍ പങ്കുവച്ചത് ഒരര്‍ത്ഥത്തില്‍ ശരിയാണല്ലോ. വസ്ത്രധാരണശൈലിയിലും ജീവിതരീതികളിലും ധാര്‍മിക ചിന്തകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ആ കൊച്ചുമനസുകളിലും പ്രതിഫലിച്ചതില്‍ അത്ഭുതപ്പെടാനില്ല! ധാര്‍മികതയുടെയും മതങ്ങളുടെയും ഒക്കെ വേലിക്കെട്ടുകള്‍ തകര്‍ത്ത് എല്ലാ തിന്മകളും വിരല്‍ത്തുമ്പില്‍ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവരോട് എന്താണ് മറുപടി പറയുക എന്നവള്‍ തെല്ലൊന്നു പരിഭ്രമിച്ചു. പെട്ടെന്ന് ആത്മാവ് കൊടുത്ത പ്രേരണയനുസരിച്ച് അവള്‍ അവരോടു ചോദിച്ചു:

“കുഞ്ഞുങ്ങളേ, നിങ്ങള്‍ എന്തിനാണ് വലിയ ഉത്സാഹത്തോടെ ദിവസേന ജിംനേഷ്യത്തില്‍ പോകുന്നത്. ശരീരം സൂക്ഷിക്കാന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും ചിലത് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്? വിശപ്പും രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും ഒക്കെ സാധാരണ ശാരീരിക പ്രവണതകള്‍തന്നെയല്ലേ. എങ്കിലും ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവുമൂലം വേണ്ടെന്നു വയ്ക്കുന്നു. അതുവഴി ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും കൂടുന്നതുപോലെതന്നെയാണ് നമ്മുടെ ആത്മാവിന്‍റെ കാര്യവും. ദൈവാത്മാവ് വസിക്കുന്ന നമ്മുടെ ആത്മാവിന്‍റെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി ബോധപൂര്‍വകമായ ചില തിരഞ്ഞെടുപ്പുകളും വര്‍ജനങ്ങളും അത്യാവശ്യമാണ്.”

എത്ര സത്യമാണ്! വിശുദ്ധിയിലേക്കുള്ള വിളിക്ക് നാം പ്രത്യുത്തരിക്കുമ്പോള്‍ അത് ഹൃദയപൂര്‍വകമായ ഒരു തിരഞ്ഞെടുപ്പാണ്. നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തിന്‍റെ ഒപ്പം നില്‍ക്കാനുള്ള ഒരു ഉത്തമ തീരുമാനം. നമ്മുടെ പിതാവിന്‍റെ മക്കളാണ് നാം എന്നു സാക്ഷ്യം നല്‍കുവാനുള്ള മനോഹരമായ അവസരങ്ങള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ നാം നേരിടുന്ന പ്രലോഭനങ്ങള്‍? എന്‍റെ ദൈവത്തെ എനിക്ക് മതി എന്നും അവന് ഇഷ്ടമില്ലാത്തതൊന്നും വേണ്ട എന്നുമുള്ള ഒരു തിരഞ്ഞെടുപ്പ് ആണത്. വിശുദ്ധിയില്‍ വളരാനുള്ള ആദ്യപടി അത് ദൈവത്തില്‍ എത്താനുള്ള ‘ഒരു മാര്‍ഗം അല്ല, ഏകമാര്‍ഗം’ ആണെന്നു മനസിലാക്കുകയാണ്.

ശുദ്ധത എന്ന പുണ്യത്തിന്‍റെ പ്രാധാന്യം

നമ്മുടെ ദൈവത്തിന്‍റെ സാമീപ്യം അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വിശുദ്ധി പാലിക്കുകയാണ്. “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും” (മത്തായി 5/8). ദൈവത്തിന്‍റെ സാന്നിധ്യം അനുഭവിക്കുമ്പോഴാണ് നാം സന്തോഷമുള്ളവരും ശക്തിയും പ്രത്യാശയുള്ളവരും ആയി മാറുന്നത്. ദൈവസാന്നിധ്യം നമുക്ക് ആത്മധൈര്യം പകരും. എന്നാല്‍ അശുദ്ധി ദൈവസാന്നിധ്യം നഷ്ടപ്പെടുത്തുകയും അതുവഴി നാം അസ്വസ്ഥരും ദുര്‍ബലരുമായിത്തീരുകയും ചെയ്യും.
“വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല” (ഹെബ്രായര്‍ 12/14). ശുദ്ധത എന്ന പുണ്യം ഒരു ശക്തിസ്രോതസാണ്. ആത്മീയയുദ്ധത്തില്‍ നമ്മുടെ ആവനാഴിയില്‍ സാത്താന് എതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധങ്ങളില്‍ ഒന്നാണ് അത്. നമ്മുടെ വിശുദ്ധി, നാം ആരുമായൊക്കെ സമ്പര്‍ക്കത്തില്‍ ആകുന്നോ അവരിലേക്കും പകരപ്പെടുന്നു. നാം ദൈവത്തിന്‍റെ ആലയങ്ങള്‍ ആയിരിക്കുന്നതുകൊണ്ടും നമ്മുടെ ശരീരങ്ങളെ വിശുദ്ധമായി സൂക്ഷിക്കണം.

“നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍” (1 കോറിന്തോസ് 6/19-20). നമുക്ക് ജീവന്‍ പകര്‍ന്നവന്‍ അധിവസിക്കുന്ന നമ്മുടെ ശരീരത്തെയും മനസിനെയും എത്ര ഭംഗിയായും ശുദ്ധമായും സൂക്ഷിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു.
ശുദ്ധത പാലിക്കാനുള്ള മാര്‍ഗങ്ങള്‍

1. പ്രാര്‍ത്ഥന
പലപ്പോഴും വിശുദ്ധിക്കെതിരായ തെറ്റുകളെ നാം ബലഹീനതയായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ബലം നല്‍കുന്ന പരിശുദ്ധാത്മാവിനെ സഹായകനായി കര്‍ത്താവ് നല്‍കിയിട്ടുണ്ട്. അതുപോലെ പ്രാര്‍ത്ഥനയിലൂടെ ബലവാനായ ദൈവത്തോട് ഒന്നുചേരുമ്പോഴും നാം ബലവാന്മാരായിത്തീരും. വിശുദ്ധ അല്‍ഫോന്‍സ് ലിഗോറി പറയുന്നതിപ്രകാരമാണ്. “ശക്തരായ ആളുകളും ദുര്‍ബലരും എന്നൊന്ന് ഇല്ല. നന്നായി പ്രാര്‍ത്ഥിക്കാന്‍ അറിയുന്നവരും അറിയാത്തവരുംമാത്രം.” പ്രാര്‍ത്ഥനയാണ് എല്ലാ പുണ്യങ്ങളുടെയും വിളനിലവും അവ വളരാനുള്ള ശക്തിസ്രോതസും.

2. കൂദാശാസ്വീകരണം
എല്ലാത്തിലും ഉപരിയായി കൂടെക്കൂടെയുള്ള കൂദാശാസ്വീകരണങ്ങള്‍ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും സ്ഥൈര്യപ്പെടുത്തുകയും ചെയ്യും. വിശുദ്ധ കുമ്പസാരം നമ്മുടെ ഹൃദയങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നു. നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളുടെ സ്വീകരണം നമ്മെ ജീവിക്കുന്ന സക്രാരികളാക്കി മാറ്റുന്നു.

3. സംസാരത്തിലുള്ള വിശുദ്ധി
സഭ്യമല്ലാത്ത ഒരു സംഭാഷണത്തിലും ഏര്‍പ്പെടാതിരിക്കുക. നേരമ്പോക്കിനായിപ്പോലും അത്തരത്തില്‍ ഒരു വാക്ക് നമ്മില്‍നിന്ന് പുറപ്പെടാതെ ഇരിക്കട്ടെ. നമ്മുടെ നാവിനെ നാം പരിശുദ്ധാത്മാവിന് സമര്‍പ്പിക്കണം. കാരണം “ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്” (യാക്കോബ് 3/8). ദൈവഹിതത്തിന് എതിരായ ഒരു വാക്കുപോലും അത് ഉച്ചരിക്കാതിരിക്കട്ടെ.

4. കണ്ണുകളുടെ വിശുദ്ധി
“കണ്ണാണ് ശരീരത്തിന്‍റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും” (മത്തായി 6/22). ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ കണ്ണുകളെ ദൈവത്തിന് സമര്‍പ്പിക്കുക. നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നവര്‍ നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തെ കാണട്ടെ. കണ്ണുകള്‍ നമ്മുടെ ആത്മാവിലേക്കുള്ള ജനാലകള്‍ ആണ്. കണ്ണുകളിലൂടെ പ്രവേശിക്കുന്ന ഏതൊരു തിന്മയും നമ്മുടെ ആത്മാവിനെ ഇരുട്ടിലേക്ക് തള്ളിത്താഴ്ത്തും.
അലസതയുള്ള മനസ് സാത്താന്‍റെ പണിപ്പുരയാണെന്ന് വിസ്മരിക്കരുത്. എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതര്‍ ആയിരിക്കാന്‍ തന്‍റെ സഹവൈദികരെയും ഒറേട്ടറിയിലെ കുട്ടികളെയും വിശുദ്ധ ഡോണ്‍ബോസ്കോ പ്രോത്സാഹിപ്പിച്ചിരുന്നു. അവധിക്കാലം സാത്താന്‍റെ കൊയ്ത്തുകാലം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നമ്മുടെ ഒഴിവുസമയങ്ങളും സന്തോഷങ്ങളും വിശുദ്ധീകരിക്കപ്പെടട്ടെ, അവ ദൈവം സ്വന്തമാക്കട്ടെ.

5. വിവേകം
“സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്‍റെ പല്ലുകള്‍ സിംഹത്തിന്‍റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും” (പ്രഭാഷകന്‍ 21/2). പാപസാഹചര്യങ്ങളെ തിരിച്ചറിയുവാനും അവയില്‍നിന്നും ഓടിയകലുവാനും സാധിക്കുന്നതുവഴി മാത്രമേ ശുദ്ധത പാലിക്കുവാന്‍ സാധിക്കൂ.
സാത്താന്‍റെ കുടിലതന്ത്രങ്ങളെകുറിച്ച് ബോധവാന്മാരാകുക. ഒരു യുദ്ധം ജയിക്കുവാന്‍ ശത്രുവിന്‍റെ തന്ത്രങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നാല്‍ മാത്രമേ സാധിക്കൂ. ‘നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു’ (1 പത്രോസ് 5:8). നാം എപ്പോഴും സമചിത്തതയോടെ ഉണര്‍ന്നിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. ഒരു ചെറിയ ശ്രദ്ധക്കുറവ് പാപത്തിലേക്ക് നയിച്ചേക്കാം. ഒരു ചെറിയ പാപം ഒരു മാരകപാപത്തിലേക്കും. ഏറ്റവും ചെറിയ ഒരു പാപസാഹചര്യത്തില്‍നിന്നുപോലും ഒഴിഞ്ഞുമാറുക. പാപത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു കൗതുകത്തിനും അടിമപ്പെടാതിരിക്കുക.

6. ദൈവിക സുഹൃദ്ബന്ധങ്ങള്‍
നമ്മെ നന്മയിലേക്ക് നയിക്കുന്നതും ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുമായ നല്ല സുഹൃത്തുക്കള്‍ നമുക്ക് ഉണ്ടാകട്ടെ. “വിശ്വസ്തനായ സ്നേഹിതന്‍ ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവനെ കണ്ടെത്തും” (പ്രഭാഷകന്‍ 6/16). നമ്മുടെ സ്നേഹം വിശുദ്ധീകരിക്കപ്പെടട്ടെ. പലപ്പോഴും ചില സ്നേഹബന്ധങ്ങള്‍ അശുദ്ധിയുടെ വാതിലുകളാണ്. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന വലിയൊരു സമ്പത്താണ് സ്നേഹം. അത് വിവേകത്തോടെ മാത്രം മറ്റുള്ളവരിലേക്ക് ചൊരിയുക.

7. മരിയഭക്തി
ശുദ്ധത പാലിക്കാനുള്ള ഒരു പ്രധാന വഴി നമ്മുടെ പരിശുദ്ധ അമ്മയാണ്. അമ്മ സ്വര്‍ഗത്തിലേക്കുള്ള ഒരു ഗോവണിയാണെന്ന് പറയാം. അവളോട് ചേര്‍ന്നു മുന്നേറിയാല്‍ നാം വീണുപോയാലും അവള്‍ നമ്മെ കൈവിടുകയില്ല. ജപമാലയിലൂടെ അവളോടൊപ്പം നാം ഒന്നായി ബന്ധിക്കപ്പെട്ടിരിക്കണം. വിശുദ്ധര്‍ എല്ലാവരും അവളോട് പ്രത്യേക ഭക്തിയും വണക്കവും ഉള്ളവര്‍ ആയിരുന്നല്ലോ. പ്രലോഭനങ്ങളെ നേരിടാനുള്ള വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ഒരു കൊച്ചുപ്രാര്‍ത്ഥന ഇപ്രകാരം ആയിരുന്നു, “മറിയമേ സഹായിച്ചാലും.” തിന്മയ്ക്കെതിരെയുള്ള ഏറ്റവും നല്ല ആയുധമാണ് മരിയഭക്തി.

മറ്റു സുകൃതങ്ങളെപ്പോലെതന്നെ, അനായാസേന ലഭിക്കുന്ന ഒന്നല്ല വിശുദ്ധി. നമുക്ക് പ്രിയപ്പെട്ട പലതും വേണ്ട എന്നുവയ്ക്കുവാന്‍ അല്പം ത്യാഗമനോഭാവം ആവശ്യമാണ്. എന്നാല്‍ അതിന്‍റെയൊക്കെ പരിണത ഫലം വളരെ മനോഹരമാണ്. നമുക്ക് ചുറ്റിനും, അത് നാം വസിക്കുന്ന സ്ഥലങ്ങളില്‍ ആണെങ്കിലും ചുറ്റുമുള്ള ജീവിതങ്ങളില്‍ ആണെങ്കിലും അതിന്‍റെ തേജസ് പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. ജീവിതം ഹ്രസ്വമാണ്, സ്വര്‍ഗം നിത്യതയും! വിശുദ്ധിയുള്ള ഒരു ജീവിതം പിന്തുടര്‍ന്ന് നാം ഈ ജീവിതത്തില്‍ ദൈവത്തിന്‍റെ സൗന്ദര്യത്തെ ധ്യാനിക്കുകയാണെങ്കില്‍, നിത്യതയില്‍ നാം അവിടുത്തെ തിരുമുഖത്തിന്‍റെ സൗന്ദര്യം ദര്‍ശിച്ചാനന്ദിക്കും!

പ്രാര്‍ത്ഥന: സ്നേഹത്തിന്‍റെ നിറകുടമായ ഈശോയേ, ശുദ്ധതയ്ക്ക് എതിരായ എല്ലാ പാപങ്ങളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. അവയിലേക്ക് നയിക്കുന്ന ഞങ്ങളുടെ എല്ലാ ചിന്തകളെയും താല്‍പര്യങ്ങളെയും കൗതുകത്തെയും ഞങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്ന ദൈവാലയങ്ങള്‍ ആണെന്ന് മറക്കാതെയിരിക്കുവാനും ഞങ്ങളുടെ ശരീരങ്ങളെ സജീവ ബലിയായി അങ്ങേക്ക് സമര്‍പ്പിക്കുവാനുമുള്ള കൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ.

Share:

Deepa Vinod

Deepa Vinod

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles