Home/Encounter/Article

ഏപ്രി 10, 2020 1896 0 G Sanal Kozhikode
Encounter

ഞാന്‍ അവിടെ ചെല്ലുമെന്ന് അവര്‍ക്കറിയാമായിരുന്നു…

എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയില്‍ എന്‍റെ റാങ്ക് അല്പം പുറകിലായിരുന്നു. കോഴിക്കോട് ആര്‍.ഇ.സിയില്‍ പഠിക്കും എന്ന് ഉറപ്പാക്കിയിരുന്ന ഞാന്‍ ഈ റിസല്‍ട്ട് കണ്ട് പകച്ചുപോയി. കാരണം ഉയര്‍ന്ന മാര്‍ക്കോടുകൂടിയാണ് ഞാന്‍ പത്താംക്ലാസും പ്രീഡിഗ്രിയും വിജയിച്ചത്. പ്രീഡിഗ്രിയില്‍ ഐച്ഛിക വിഷയമായ കണക്കിന്, നൂറ് ശതമാനം മാര്‍ക്കുമുണ്ടായിരുന്നു. പക്ഷേ എന്‍ജിനീയറിംഗ് പ്രവേശനത്തിന്‍റെ അടിസ്ഥാനം അതല്ലല്ലോ. എന്നിരുന്നാലും ഒരു വര്‍ഷം പാഴാക്കി കളയേണ്ട എന്നുകരുതി റാങ്കുപ്രകാരം കോട്ടയം ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളജില്‍ മെറിറ്റ് സീറ്റ് ലഭിച്ചപ്പോള്‍ മനസില്ലാ മനസോടെ അത് സ്വീകരിച്ചു.

മൂന്നാം വര്‍ഷ പഠനത്തിനിടയിലാണ് കോളജില്‍ ജീസസ് യൂത്ത് എന്നറിയപ്പെടുന്ന ഒരു ക്രിസ്തീയ പ്രാര്‍ത്ഥനാ കൂട്ടായ്മ ഉണ്ടെന്നും അത് സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും കൂടുതല്‍ ഹൈന്ദവവിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ അതിലേക്ക് ആകൃഷ്ടരാകുന്നുവെന്നും ഞാന്‍ മനസിലാക്കുന്നത്. ഒരു ഹൈന്ദവകുടുംബത്തിലെ ഏകസന്തതിയായിരുന്നു ഞാന്‍. പത്താംക്ലാസ് കഴിയുന്നതിനുമുമ്പേ അച്ഛന്‍ എന്നെ ഭഗവദ്ഗീത അര്‍ത്ഥം മനസിലാക്കി പഠിപ്പിച്ചു. അതിനാല്‍ത്തന്നെ പഠിച്ച ഹൈന്ദവ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഈ ക്രൈസ്തവ പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നില്‍ അതീവ കോപവും പുച്ഛവും വെറുപ്പുമാണ് ഉളവാക്കിയത്.

പിന്നീട് ഞാന്‍ ഈ കൂട്ടായ്മയിലേക്ക് പോയിക്കൊണ്ടിരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അതികഠിനമായി റാഗിംഗ് ചെയ്യാന്‍ തുടങ്ങി. ഒരു ദിവസം, ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാനായി ഞാനും പങ്കെടുക്കുകയും ചെയ്തു. അവിടുത്തെ പ്രാര്‍ത്ഥനാരീതികളെയെല്ലാം മനസുകൊണ്ട് ഖണ്ഡിച്ചാണ് ഞാന്‍ തിരിച്ചുവന്നത്. അതില്‍ പങ്കെടുക്കുന്ന ഹൈന്ദവ വിദ്യാര്‍ത്ഥികളുമായി ശക്തമായി വാദപ്രതിവാദം നടത്താനും അവരെ അവഹേളിക്കാനും തുടങ്ങി.

അങ്ങനെയിരിക്കേ, അവധിക്കാലത്ത് കോളജില്‍നിന്ന് ഗോവയിലേക്ക് ഒരു ഉല്ലാസയാത്ര. ക്ലാസിലെ ‘വില്ലന്മാര്‍’ ആയിരുന്ന ഞങ്ങള്‍ തകര്‍ത്തുല്ലസിച്ചു. ഗോവയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ ശരീരം സൂക്ഷിച്ചിരുന്ന ദൈവാലയത്തില്‍ ഞങ്ങള്‍ പോയി. മുഷിപ്പോടെയും അതിലുപരി ‘പള്ളിയില്‍ എന്തു കാണാനാണ്’ എന്ന വെറുപ്പ് കലര്‍ന്ന മനോഭാവത്തോടെയുമാണ് ഞാന്‍ അള്‍ത്താരയുടെ തൊട്ടുമുന്നിലുള്ള നിരയില്‍ ഇരുന്നത്. വെറുപ്പ് കാരണം കോളിളകി മറിയുന്ന സമുദ്രംപോലെയായിരുന്നു മനസ്. കൂടാതെ അസഹനീയമായ, തല പൊട്ടിപ്പൊളിയുന്നപോലെയുള്ള തലവേദനയും എനിക്കനുഭവപ്പെട്ടു. ആ സമയത്ത് തളര്‍ന്ന് വിവശമായ കണ്ണുകളോടെ ഞാന്‍ അള്‍ത്താരയിലേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ അടഞ്ഞുപോകുന്നതുപോ ലെ… രണ്ട് നിമിഷം എന്‍റെ കണ്ണടഞ്ഞിരുന്നിരിക്കണം.

പിന്നീട് കണ്ണ് തുറന്നപ്പോള്‍ അള്‍ത്താരയ്ക്ക് ചുറ്റും ശാന്തിയുടെ ഒരു കാണപ്പെടാത്ത വലയം തങ്ങിനില്ക്കുന്നതായി അനുഭവപ്പെട്ടു. ആ വലയം എന്നെയും ആഗിരണം ചെയ്തതായും മനസിന് ഒരു അഭൗമമായ ഭാരക്കുറവും ശാന്തിയും അനുഭവപ്പെടുന്നതായും എനിക്ക് മനസിലായി. എന്‍റെ തലവേദന പൂര്‍ണമായും വിട്ടുമാറിയിരുന്നു. മനസ് മുഴുവന്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അകാരണമായ സന്തോഷം. ഒരുപാടുകാലം പിരിഞ്ഞിരുന്ന ഒരു ആത്മാര്‍ത്ഥ സുഹൃത്ത് അടുത്തെവിടെയോ ഉണ്ട് എന്ന് മനസിലാക്കിയതുപോലുള്ള ഒരു സന്തോഷമായിരുന്നു അത്. സങ്കീര്‍ത്തനം 34:5- “അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.” ഈ ദൈവവചനം എനിക്ക് അനുഭവവേദ്യമാകുകയായിരുന്നു അന്ന്.

തിരിച്ചുള്ള യാത്രയില്‍ എന്നെ സ്പര്‍ശിച്ചവനെ കൂടുതല്‍ അറിയാനും അവനോട് സംസാരിക്കാനുമുള്ള തിടുക്കമായിരുന്നു. എന്നെ അവന്‍ സ്വന്തമാക്കിയെന്ന് ആത്മാവ് ഹൃദയത്തില്‍ പറയുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു പ്രശ്നം എനിക്ക് മനസിലായത്. അവന്‍ എന്നോട് സംസാരിക്കുമ്പോള്‍ തിരിച്ച് സംസാരിക്കാന്‍ എനിക്ക് പ്രാര്‍ത്ഥനകളൊന്നും അറിയില്ല!

ഉടനടി ഞാന്‍ ജീസസ് യൂത്ത് പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പോകുന്ന, എന്‍റെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുടെ അടുത്ത് ഈ പ്രശ്നം പറഞ്ഞു. ആ കുട്ടി എനിക്കൊരു ജപമാല പുസ്തകം നല്കി – നീലനിറത്തില്‍, ഫാത്തിമയിലെ പ്രത്യക്ഷീകരണം പുറംചട്ടയിലുള്ള ജപമാല പുസ്തകം. കൂടെ ഒരു ജപമാലയും. പുത്തനായൊരു സമ്മാനം കിട്ടുന്ന കൊച്ചുകുട്ടിയുടെ ആവേശത്തോടെ ഞാന്‍ അവ രണ്ടും കൈക്കലാക്കി. തിരിച്ച് താമസസ്ഥലത്തെത്തിയപ്പോള്‍, ഞാന്‍ മുട്ടിന്മേല്‍നിന്ന് ആ പുസ്തകത്തിലുള്ള എല്ലാ പ്രാര്‍ത്ഥനകളും ചൊല്ലി – പ്രാര്‍ത്ഥനാരീതികളൊന്നും എനിക്കറിയില്ലായിരുന്നു.

ആ പുസ്തകത്തിനുള്ളില്‍നിന്ന് എനിക്ക് യേശുവിന്‍റെ ഒരു ചിത്രം കിട്ടി. അതിതീക്ഷ്ണമായ നയനങ്ങളുള്ള, ഒരു യേശുവിന്‍റെ ചിത്രം. Oh Lord, for you I seek. Oh Lord, for you I thirst, for you are my God എന്നുള്ള ഒരു പ്രാര്‍ത്ഥന അതിന് പുറകില്‍ എഴുതിയിരുന്നു. ഞാന്‍ മനസില്‍ ഉറപ്പിച്ചു – ഈ പ്രാര്‍ത്ഥനയോടുകൂടിയായിരിക്കും എന്‍റെ പ്രാര്‍ത്ഥന തുടങ്ങുന്നതെന്ന്. യേശുവിന്‍റെ ഈ കൊച്ചുചിത്രം എന്‍റെ പഠനമേശയുടെ പുറത്ത് വച്ചു. പുതിയ ഈ പ്രാര്‍ത്ഥനയില്‍ ഓരോ തവണയും ഹൃദയം ദൈവസ്നേഹത്താല്‍ നിറയുന്നത് എനിക്കനുഭവിക്കാന്‍ സാധിച്ചു.

താമസിച്ചിരുന്ന ലോഡ്ജ് മുറിയുടെ പുറത്ത്, ഈശോയുടെ തിരുഹൃദയത്തിന്‍റെ ഒരു ചിത്രമുണ്ടായിരുന്നു. താഴെ ഒരു ചുവന്ന ബള്‍ബും. ഞാന്‍ മുറിയുടെ പുറത്ത് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ആ തിരുഹൃദയമുള്ള യേശുവിനോട് സംസാരിച്ചുതുടങ്ങി – ഒരു സുഹൃത്തിനോടെന്നപോലെ – ലഘുപ്രാര്‍ത്ഥനകള്‍ – ‘ഇന്ന സ്ഥലത്തേക്ക് പോകുകയാണ്, കൂടെ വരണേ’ എന്നും മറ്റും. അവധിക്കാലം കഴിഞ്ഞു, കോളജ് തുറന്നു. യേശുവിനോട് കൂടെ ആദ്യമായാണ് ഞാന്‍ കോളജില്‍ പോകുന്നത് – മുമ്പുള്ള യാത്രകളില്‍ അവനുണ്ടായിരുന്നെങ്കിലും ഞാനറിഞ്ഞിരുന്നില്ലല്ലോ!

കോളജില്‍ ചെന്ന് ക്ലാസിലിരുന്നപ്പോള്‍ ഹൃദയത്തില്‍ ഒരു സ്വരം ‘നീ പുതിയ ഒരാളായി എന്ന് കരുതുന്നുവെങ്കില്‍, നീ ദ്രോഹിച്ചവരോടെല്ലാം മാപ്പു ചോദിക്കണം!’ ആ സ്വരത്തെ ഞാന്‍ അവഗണിക്കുംതോറും അത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. എന്‍റെ ഉള്ളില്‍നിന്നുള്ള സ്വരം എന്നെ കണ്ണീരിന്‍റെ വക്കിലെത്തിച്ചു. ആദ്യത്തെ ഇടവേളയില്‍ത്തന്നെ നിറകണ്ണുകളോടെ ഞാന്‍ എന്‍റെ ജൂനിയേഴ്സിനോട്, ഞാന്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരില്‍ റാഗിംഗ് ചെയ്തവരോട്, മാപ്പപേക്ഷിച്ചു തുടങ്ങി. ആദ്യമൊക്കെ ഞാന്‍ സമീപിക്കുന്നതുകണ്ട് അവര്‍ ഭയപ്പെട്ടു. എന്നാല്‍ കണ്ണുനീരോടുകൂടി ഞാന്‍ മാപ്പപേക്ഷിച്ചപ്പോള്‍ അവര്‍ എനിക്ക് മാപ്പ് നല്കി.

തുടര്‍ന്നുള്ള ആദ്യ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ഞാനും പങ്കെടുത്തു. സാക്ഷ്യം പറയുന്ന വേളയില്‍ ഞാന്‍ ആവേശത്തോടെ എന്‍റെ അനുഭവം പങ്കുവച്ചു. അത് കഴിഞ്ഞപ്പോഴാണ് അന്ന് പ്രാര്‍ത്ഥന നയിച്ച വിദ്യാര്‍ത്ഥി ഇങ്ങനെ പറഞ്ഞത് – ‘സനല്‍ ഇവിടെ വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. കാരണം ഞങ്ങള്‍ സനലിനെ ഈശോയ്ക്ക് നേടിക്കൊടുക്കാനുള്ള പ്രാര്‍ത്ഥന നാലുമാസംമുമ്പേ ആരംഭിച്ചിരുന്നു.’ ഓര്‍ത്തുനോക്കിയപ്പോള്‍ ഞാന്‍ അവരെ ഉപദ്രവിക്കാന്‍ തുടങ്ങിയത് നാലുമാസംമുമ്പായിരുന്നു! ശത്രുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എനിക്കന്ന് മനസിലായി. ആ കൂട്ടായ്മ എനിക്കൊരു ബൈബിള്‍ സമ്മാനിച്ചു.

പിന്നീട് ഈശോ ജീവിതം മുഴുവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു – എന്‍റെ ജോലി, വിവാഹം, മക്കളുടെ ജനനം, ഞങ്ങളുടെ മാമോദീസ, എന്‍റെ അമ്മയുടെ മാമോദീസ എന്നു തുടങ്ങി എല്ലാം. ആ അത്ഭുതങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഞാന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഒരു വിംഗ് കമാന്‍ഡറായി ജോലി ചെയ്യുന്നു. ജീവിതം ഒരു സാക്ഷ്യമായിത്തീര്‍ക്കാന്‍ തന്ന അനുഗ്രഹത്തിനായി കര്‍ത്താവായ യേശുവിനോട്, പറഞ്ഞാല്‍ തീരാത്ത കൃതജ്ഞതയുണ്ട

Share:

G Sanal Kozhikode

G Sanal Kozhikode

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles