Home/Encounter/Article

ഏപ്രി 10, 2020 1694 0 Bishop Dr Alex Vadakkumthala
Encounter

യേശുവിന്‍റെ ഉത്ഥാനത്തിന് തെളിവുണ്ടോ?

വിശുദ്ധ തോമസ് അക്വിനാസ് എഴുതി: “ഉയിര്‍പ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്‍റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവും.”

പത്രോസിന്‍റെ ജീവിതപരിവര്‍ത്തനം തന്നെ ഒന്നു പരിശോധിക്കാം. മുന്നറിയിപ്പ് നല്കിയിട്ടും മൂന്നുപ്രാവശ്യം ഗുരുവിനെ ഉപേക്ഷിച്ചെങ്കിലും, പണ്ടെങ്ങോ ഉപേക്ഷിച്ച വല വീണ്ടുമെടുത്ത് വഞ്ചിയില്‍ കയറി തീരത്തുനിന്നും തിരകളെ മുറിച്ച് പഴയ പണിയിലേക്ക് തിരിച്ചുപോയെങ്കിലും (യോഹന്നാന്‍ 21:1-14), ഉത്ഥാനാനുഭവം ഹൃദയത്തില്‍ വന്നു നിറഞ്ഞപ്പോള്‍ ഒരു സങ്കോചവുമില്ലാതെ ഉറപ്പാര്‍ന്ന ചങ്കൂറ്റത്തോടെയാണ് ഉത്ഥാനത്തിന് സാക്ഷ്യം നല്കുന്നത്. അവനെ അവര്‍ മരത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍ ദൈവം അവനെ മൂന്നാം ദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം അവനോടുകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍ (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 10:40-41).

പത്രോസിന്‍റെ പരിവര്‍ത്തനവും പ്രഘോഷണവും അത്ഭുതങ്ങള്‍കൊണ്ടുള്ള സ്ഥിരീകരണവും ഉത്ഥാനത്തിന്‍റെ പ്രകടമായ സാക്ഷ്യവും തെളിവുകളുമാണ്. ജറുസലേം ദൈവാലയത്തിന്‍റെ സുന്ദരകവാടത്തിന് സമീപം ഭിക്ഷ യാചിച്ചിരുന്ന മുടന്തനോട് പത്രോസ് പറഞ്ഞത് ഇതാണ്: “സ്വര്‍ണമോ വെള്ളിയോ എന്‍റെ കൈയിലില്ല!… നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക.” അയാള്‍ ചാടി എഴുന്നേറ്റു നടന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:6). അപ്രകാരം കുതിച്ചു ചാടുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനം കണ്ട് അത്ഭുത സ്തബ്ധരായി.

ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ വിശ്വസിച്ച പത്രോസിന്‍റെ ജീവിതത്തിലെ മാറ്റം അവിശ്വസനീയമല്ലേ? സാധാരണ ഒരു മത്സ്യംപിടുത്തക്കാരന് ഈ സിദ്ധികള്‍ എങ്ങനെ കൈവരുന്നു? അതാണ് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ സ്വാധീനവും ഫലവും.

മഗ്ദലേനയില്‍നിന്ന് ഒരു രഹസ്യം

മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ട് ആനന്ദനിര്‍വൃതിയടയാന്‍ ഏറ്റവും ആദ്യം ഭാഗ്യം ലഭിച്ചത് ഒരു സ്ത്രീക്കാണ്, മഗ്ദലേനയിലെ മറിയത്തിന് (യോഹന്നാന്‍ 20:1-18) വളരെ ആകസ്മിക അനുഭവമായിരുന്നു അത്. തീര്‍ത്തും അപ്രതീക്ഷിത നിമിഷത്തിലെ അസുലഭ സൗഭാഗ്യം. യേശുവിന്‍റെ മരണനേരത്ത് ശിഷ്യന്മാര്‍ പലരും ഓടി പ്പോയപ്പോഴും യേശുവിന്‍റെ അമ്മയോടൊപ്പം അവളും കാല്‍വരിയില്‍ നാട്ടിയ കുരിശിന് താഴെ നില്ക്കുന്നുണ്ടായിരുന്നു. ആ അമ്മയെപ്പോലെ തീരാത്ത നൊമ്പരം അവളും അനുഭവിച്ചു. ഈ ലോകത്തില്‍ അവള്‍ക്കുണ്ടായിരുന്ന ഏറ്റവും വിലപ്പെട്ട നിധി നഷ്ടപ്പെട്ട ദിനമായിരുന്നു അന്ന്. തീരാത്ത നഷ്ടം! വലിയ ശൂന്യത!

യഹൂദ വിശ്വാസമനുസരിച്ച് ഒരാള്‍ മരിച്ചാല്‍ ശേഷം മൂന്നുദിവസം കല്ലറയ്ക്കുചുറ്റും ആത്മാവ് ഉണ്ടാകുമത്രേ. യേശുവിനെ അരിമത്തിയായിലെ ജോസഫിന്‍റെ കല്ലറയില്‍ സംസ്കരിച്ചശേഷം സാബത്ത് കഴിഞ്ഞ് പുലരിയാകാന്‍ മറിയം അക്ഷമയോടെ കാത്തിരുന്നു. “ഇരുട്ടായിരിക്കുമ്പോള്‍ തന്നെ” അവള്‍ കല്ലറയില്‍ വന്നെത്തി. അല്പനേരം കരഞ്ഞുതീര്‍ക്കുക. അങ്ങനെ അല്പം ആശ്വാസമനുഭവിക്കുക. അതായിരുന്നു അവളുടെ ഉള്ളിലെ ആഗ്രഹം. അവിടെ എത്തിയപ്പോഴാണ് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച അവള്‍ കണ്ടത്. കല്ലറ തുറന്നു കിടക്കുന്നു! കവാടത്തിലെ പാറ മാറ്റപ്പെട്ടിരിക്കുന്നു! അവള്‍ ആകെ പരിഭ്രമിച്ചുപോയി. ഉടനെ തിരികെ ഓടി. ശിഷ്യന്മാരെ അറിയിച്ചു. “കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്ന് മാറ്റിയിരിക്കുന്നു” (യോഹന്നാന്‍ 20:2). ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേട്ട് പത്രോസും യോഹന്നാനും കല്ലറയിലേക്ക് ഓടി. അവള്‍ പറഞ്ഞ കാര്യം ശിഷ്യപ്രമുഖര്‍ ശരിവയ്ക്കുന്നു. അവര്‍ ഇരുവരും മടങ്ങിപ്പോകുന്നു.

പക്ഷേ, അവള്‍ക്ക് അങ്ങനെ മടങ്ങിപ്പോകാന്‍ മനസുവന്നില്ല. സ്നേഹത്തിന്‍റെ നിര്‍മ്മല ശാഠ്യം ഉള്ളിലൊതുക്കി അവള്‍ അവിടെത്തന്നെ നിന്നു. മറിയം…! പിന്നില്‍നിന്നൊരു വിളി! കരഞ്ഞുകരഞ്ഞ് കണ്ണീര്‍ നിറഞ്ഞ കണ്ണുകള്‍ വിളിച്ചയാളെ തിരിച്ചറിയുന്നില്ല! പക്ഷേ പരിചിതമാണല്ലോ ആ തരളിത ശബ്ദം. കരളിനും കാതിനും പ്രിയമുള്ള സാന്ത്വനസ്വരം! റബോനീ…! ഗുരുവേ! – അവളുടെ ഹൃദയത്തില്‍നിന്നുയര്‍ന്ന പ്രത്യുത്തരം. ഉത്ഥാനത്തിന്‍റെ പ്രഥമ സാക്ഷിയായി മഗ്ദലേനയിലെ മറിയം അങ്ങനെ മാറി. ഫ്രാന്‍സിസ് പാപ്പ അവളെ വിളിക്കുന്നത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച പ്രഥമ അപ്പസ്തോല എന്നാണ്.

സമൂഹം ഒറ്റപ്പെടുത്തുകയും പാപിനി എന്ന് മുദ്രകുത്തി മുറിപ്പെടുത്തുകയും ചെയ്യപ്പെട്ട അവള്‍ക്ക് സമ്മാനമായി ലഭിച്ച ആശ്വാസ അനുഭവമായിരുന്നു ആ സമാഗമം. ആത്മഹര്‍ഷത്തിന്‍റെ നിമിഷം. പാപിനിയായവള്‍ യേശുവിന്‍റെ പാദങ്ങളില്‍ പൂശാനുപയോഗിച്ച നാര്‍ദീന്‍ തൈലപരിമളം ചുറ്റും പടര്‍ന്നപോലെ വിശുദ്ധിയുടെ സുഗന്ധമായി ആ നിര്‍മ്മല സാക്ഷ്യം ഇന്നും നിലകൊള്ളുന്നു. പഴയകാല ജീവിതമല്ല, പശ്ചാത്താപവും പുതിയ തുടക്കത്തിനായുള്ള തീരുമാനവുമാണ് ഉത്ഥാനാനന്ദവും നവജീവിതവും നമ്മില്‍ കൊണ്ടുവരുന്നത്.

നമുക്കും പ്രാര്‍ത്ഥിക്കാം: പത്രോസിനെപ്പോലെയും മഗ്ദലേനയിലെ മറിയത്തെപ്പോലെയും ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി, സൗഭാഗ്യമായി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാന്‍ എന്നെ അനുഗ്രഹിക്കണമേ. അതുവഴി ആത്മീയ ആനന്ദവും ശാശ്വത സമാധാനവും എന്നിലും നിറയ്ക്കേണമേ. ഞാനും ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ ആമ്മേന്‍.

Share:

Bishop Dr Alex Vadakkumthala

Bishop Dr Alex Vadakkumthala

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles