Home/Enjoy/Article

ജൂണ്‍ 09, 2020 1905 0 Shalom Tidings
Enjoy

കടല്‍ത്തീരത്തുനിന്നൊരു പ്രാര്‍ത്ഥന

വിശുദ്ധ അഗസ്റ്റിന്‍റെ മാനസാന്തരാനുഭവത്തിനുശേഷം അദ്ദേഹം വളരെയധികം വിലപ്പെട്ട പഠനങ്ങള്‍ സഭയ്ക്ക് സമ്മാനിച്ചു. അദ്ദേഹം ത്രിത്വത്തിന്‍റെ രഹസ്യം മനസ്സിലാക്കാനുള്ള ശ്രമങ്ങളിലായിരുന്ന സമയത്ത് ഉണ്ടായതായി പറയപ്പെടുന്ന ഒരു സംഭവമിങ്ങനെയാണ്. ഒരിക്കല്‍ കടല്‍ത്തീരത്തുകൂടി നടക്കവേ ഒരു
ബാലന്‍ തീരത്തെ മണലില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ കടല്‍വെള്ളം കോരിക്കൊണ്ടുവന്ന് നിറയ്ക്കുന്നത് കണ്ടു. അങ്ങനെ ചെയ്യുന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ കടല്‍ ഈ കുഴിയില്‍ നിറയ്ക്കുകയാണ് എന്നാണ് ആ ബാലന്‍ ഉത്തരം നല്‍കിയത്. അത് ഒരിക്കലും സാധിക്കാത്ത കാര്യമാണെന്ന് വിശുദ്ധ അഗസ്റ്റിന്‍ അവനോട് പറഞ്ഞു. അപ്പോള്‍, ‘പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യം അങ്ങയുടെ കുഞ്ഞുതലയില്‍ കയറുന്നതെങ്ങനെ?’എന്ന് മറുചോദ്യം ചോദിച്ചുകൊണ്ട് ആ ബാലന്‍ മറഞ്ഞുപോയി. തുടര്‍ന്നും ത്രിത്വത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും താന്‍ ഇനിയും എളിമപ്പെടേണ്ടതുണ്ടെന്ന ചിന്ത അദ്ദേഹത്തില്‍ നിറഞ്ഞു. ആ സമയത്ത് ഹിപ്പോയിലെ മെത്രാനായിരുന്നു വിശുദ്ധ അഗസ്റ്റിന്‍.

നമുക്ക് പരിചിതമായ, പരിശുദ്ധാരൂപി നമ്മില്‍ വന്ന് വസിക്കുന്നതിനായുള്ള പ്രാര്‍ത്ഥന അദ്ദേഹം രചിച്ചതാണ്. ത്രിത്വത്തില്‍ മൂന്നാമനായ പരിശുദ്ധാത്മാവിനെക്കുറിച്ച് വിശുദ്ധ അഗസ്റ്റിന് ലഭിച്ച ബോധ്യങ്ങളുടെ പ്രതിഫലനമാണ് ആ പ്രാര്‍ത്ഥന.

പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന

പരിശുദ്ധാത്മാവേ, എഴുന്നള്ളിവരിക. അങ്ങേ വെളിവിന്‍റെ കതിരുകളെ സ്വര്‍ഗ്ഗത്തില്‍നിന്നും അയയ്ക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിന്‌ മാധുരമായ വിരുന്നേ, മധുരമായ തണുപ്പേ, കരച്ചിലില്‍ സ്വൈരമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍
പാപമല്ലാതെ യാതൊന്നുമില്ല. അറപ്പുള്ളതു കഴുകുക. വാടിപ്പോയതു നനയ്ക്കുക. മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളതു മയപ്പെടുത്തുക. തണുത്തതു ചൂടുപിടിപ്പിക്കുക. നേര്‍വഴിയല്ലാതെ പോയതു തിരിക്കുക. അങ്ങില്‍ ശരണപ്പെട്ടിരിക്കുന്നവര്‍ക്ക് ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക.
ആമ്മേന്‍

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles