Home/Encounter/Article

സെപ് 06, 2023 344 0 Antony Varghese
Encounter

ഈശോയോട് ഗുസ്തി പിടിച്ച പെസഹാ

സ്വന്തം തീരുമാനം മാറ്റാന്‍ ലേഖകനോട് പറഞ്ഞ ഈശോയും ദൈവസ്നേഹാനുഭവവും

കുഞ്ഞുനാളുമുതലേ, വിശുദ്ധവാരത്തിലെ പെസഹാ തിരുനാള്‍ ദിവസം ദൈവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ആകാംക്ഷയോടെ നോക്കിയിരുന്നുപോയിട്ടുള്ള ഒരു കാഴ്ചയുണ്ട്. അള്‍ത്താരയോട് ചേര്‍ന്ന് മുന്‍വശത്തായി നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ പന്ത്രണ്ട് അപ്പാപ്പന്മാര്‍ ഇരിക്കുന്നതും പുരോഹിതന്‍ അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നതും തുടര്‍ന്ന് പെസഹാ അപ്പം കൊടുക്കുന്നതും. ആ കാലങ്ങളില്‍ ആ തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ആത്മീയ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ആ തിരുക്കര്‍മങ്ങളുടെ പ്രാധാന്യം അത്രമേല്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്തു. അന്നാളുകളില്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചുപോയിട്ടുണ്ട്, ആ വിശുദ്ധ കര്‍മങ്ങളിലൂടെ ഒന്ന് കടന്നുപോകുവാന്‍. എന്നാല്‍ എന്‍റെ ജീവിതത്തെയും ജീവിതശൈലിയെയും കുറിച്ചോര്‍ക്കുമ്പോള്‍ അതൊരിക്കലും സംഭവിക്കില്ലെന്ന് തോന്നും. കാരണം, ആ വിശുദ്ധ കര്‍മത്തില്‍ പങ്കെടുക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ലായിരുന്നു. എങ്കിലും ആഗ്രഹം മനസില്‍ കിടന്നു.

അങ്ങനെയിരിക്കെ 2018-ലെ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍. അന്ന് വൈകുന്നേരം ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ വീട്ടില്‍വച്ച് ഒരു മീറ്റിംഗ് ഉണ്ട്. അതില്‍ പങ്കെടുക്കണം എന്നാണ് ആദ്യം പറഞ്ഞത്. അതുകഴിഞ്ഞ് ആ ചേട്ടന്‍ പറഞ്ഞു, “ഒരു കാര്യംകൂടി. ഈ വര്‍ഷത്തെ പെസഹാ തിരുനാളില്‍ നടക്കുന്ന പാദം കഴുകല്‍ ശുശ്രൂഷയ്ക്ക് വികാരിയച്ചന്‍ യുവജനങ്ങളുടെ പ്രതിനിധിയായിട്ട് ജീസസ് യൂത്തില്‍നിന്നും ഒരാളെ ചോദിച്ചിട്ടുണ്ട്. നിന്നെ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്, നീ പോകണം.”

ഞെട്ടലോടെ ഞാന്‍ പറഞ്ഞു “പ്ലീസ് ചേട്ടാ, എന്നോട് പറയല്ലേ, എനിക്കതിന് കഴിയില്ല.” ചേട്ടന്‍ കുറെ നിര്‍ബന്ധിച്ചു, പക്ഷേ എനിക്കതിന് ധൈര്യമില്ലായിരുന്നു. അവസാനം ചേട്ടന്‍ പറഞ്ഞു, “ശരി, നീ ആദ്യം മീറ്റിംഗില്‍ വാ.”
“ഞാന്‍ വരാം” എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അന്ന് വൈകുന്നേരം മീറ്റിംഗില്‍ പങ്കെടുത്തു. അവിടെവച്ച് മറ്റൊരു ചേട്ടന്‍ എന്നോട് പാദം കഴുകല്‍ ശുശ്രൂഷയെക്കുറിച്ച് സംസാരിച്ചു. അപ്പോഴും എനിക്ക് ആ ശുശ്രൂഷയില്‍ പങ്കുചേരാന്‍ ധൈര്യം വന്നില്ല. പിന്നീട് വീണ്ടും രണ്ടുപേര്‍ ഒന്നിച്ച് നിര്‍ബന്ധിച്ചിട്ടും എനിക്ക് സമ്മതം നല്കാന്‍ കഴിയുന്നില്ലായിരുന്നു. അതിനാല്‍ അവരിരുവരും പറഞ്ഞു, “ശരി നമുക്ക് പ്രാര്‍ത്ഥിക്കാം. മീറ്റിംഗ് കഴിഞ്ഞിട്ട് ഈ കാര്യത്തില്‍ തീരുമാനമെടുക്കാം.”

തുടര്‍ന്ന് മീറ്റിംഗിനുമുമ്പുള്ള പ്രാര്‍ത്ഥന തുടങ്ങി. എല്ലാവരും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പൂര്‍ണ നിശബ്ദതയിലായിരുന്നു. ആ നിശബ്ദതയില്‍ ആരോ മനസില്‍ ഇങ്ങനെ മന്ത്രിക്കുന്നതുപോലെ, “നീ ഉറപ്പായും പാദം കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കണം. ഞാനാണ് നിന്നെ വിളിക്കുന്നത്.” ഇങ്ങനെ തുടരെത്തുടരെ കേട്ടുകൊണ്ടിരുന്നു.

അപ്പോള്‍ ഞാന്‍ പറഞ്ഞു, “കര്‍ത്താവേ, ഇതിന് എനിക്ക് കഴിയില്ല. കാരണം എന്‍റെ ജീവിതാവസ്ഥ എന്നെക്കാളും നന്നായി അങ്ങേക്കറിയാം. അത്രമേല്‍ പാപത്തിന്‍റെ മാലിന്യങ്ങള്‍ കുന്നുകൂടിയ കൂനയാണ് ഞാന്‍. അതുകൊണ്ട്, ഈ വിശുദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ എനിക്കൊട്ടും യോഗ്യതയില്ല.” പക്ഷേ, എന്നെ വിടില്ല എന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെ ശക്തമായി ഈശോ എന്നില്‍ മന്ത്രിച്ചുകൊണ്ടിരുന്നു. “എന്‍റെ പെസഹാവിരുന്നില്‍ നീ എന്നോടൊപ്പം ഉണ്ടാകണം. ഞാനാണ് നിന്നെ വിളിക്കുന്നത്.” ശക്തമായ പ്രേരണയാല്‍ ഒടുവില്‍ എനിക്കെന്‍റെ തീരുമാനം മാറ്റേണ്ടിവന്നു. അല്ല, ഈശോ എന്‍റെ തീരുമാനം മാറ്റിപ്പിക്കുകയായിരുന്നു. അവന് നിര്‍ബന്ധമായിരുന്നു അവന്‍റെ പെസഹാവിരുന്നില്‍ ഞാനുണ്ടാകണമെന്ന്.

അവസാനം പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു, “ഞാന്‍ പോകാം.” നിറഞ്ഞ സന്തോഷത്തോടെ അവര്‍ അത് സ്വീകരിക്കുക മാത്രമല്ല, ‘കൊള്ളാം’ എന്നൊരു കമന്‍റ് പാസാക്കുകയും ചെയ്തു. എനിക്ക് വീണ്ടും ബോധ്യമായി ഈശോയ്ക്ക് എന്നെ വിട്ടുപോകാന്‍ മനസില്ല എന്ന്. ഞാന്‍ എത്രത്തോളം അവനെ വിട്ടുപോയോ അതിനെക്കാളും ഇരട്ടി സ്നേഹത്തോടെ എന്‍റെ പിന്നാലെ വന്നു വിളിക്കുന്നവന്‍, എത്രതന്നെ തള്ളിപ്പറഞ്ഞാലും ഒറ്റപ്പെടുത്തിയാലും പീഡിപ്പിച്ചാലും അപമാനിച്ചാലും ശരി, എനിക്ക് നിന്നോട് സ്നേഹം മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് കൂടെ നില്ക്കുന്നവന്‍ അവസാനം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. “നിന്നോട് കരുണയുള്ള കര്‍ത്താവ് അരുളിചെയ്യുന്നു; മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍ എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല, എന്‍റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയുമില്ല” (ഏശയ്യാ 54/10).

പിന്നെ ഈശോ എന്നെ പെസഹാവിരുന്നില്‍ പങ്കെടുക്കാന്‍വേണ്ടി ഒരുക്കിക്കൊണ്ടിരുന്നു. കുമ്പസാരക്കൂടൊരുക്കി എന്നെ കാത്തിരിക്കുകയും പാപമോചനം നല്കി ആശീര്‍വദിക്കുകയും ചെയ്തു. പെസഹാ ധ്യാനത്തിലൂടെ എന്നെ കൊണ്ടുപോയി. അങ്ങനെ സന്തോഷത്തോടെ, പ്രാര്‍ത്ഥനയോടെ ആ ദിവ്യവിരുന്നിനായി ഞാന്‍ കാത്തിരുന്നു. ഇതിനിടയില്‍ എന്നെ കളിയാക്കിയവരും ഉണ്ട്. പന്ത്രണ്ടുപേരില്‍ യൂദാസാണ് നീ എന്നും നിന്‍റെ പാദം കഴുകാന്‍ വൈദികന് യോഗ്യതയുണ്ടോ എന്നും പറഞ്ഞ് പരിഹസിക്കുമ്പോള്‍ മനസില്‍ വേദന തോന്നി. ഒന്ന് ചിരിച്ചുകൊണ്ട് കടന്നുപോയി. പക്ഷേ, മറുത്ത് ഒരു വാക്ക് സംസാരിക്കാന്‍ ആരോ എന്നെ അനുവദിക്കാത്തതുപോലെ. അതെ, അത് ക്രിസ്തുതന്നെയാണ്. അതുകൊണ്ട് പുഞ്ചിരിയോടെ അവയെ കടന്നുപോകാന്‍ സാധിച്ചു.

അങ്ങനെ പെസഹാ വിരുന്നെത്തി. വലിയ അപ്പനപ്പൂപ്പന്മാരുടെ കൂട്ടത്തില്‍ രണ്ടു യുവാക്കളായി ഞാനും പ്രിയസുഹൃത്തും ഉണ്ടായിരുന്നു. പെസഹാ ശുശ്രൂഷകള്‍ ആരംഭിച്ചു. ഉള്ളില്‍ ആവേശത്തിന്‍റെ അലയൊലികളും ഓളം വെട്ടി. ശുശ്രൂഷയുടെ മധ്യേ കാത്തിരുന്ന നിമിഷം ആഗതമാകുകയാണ്. ഗായകസംഘം ‘താലത്തില്‍ വെള്ളമെടുത്തു, വെണ്‍കച്ചയും അരയില്‍ ചുറ്റി’ എന്ന ഗാനം ആലപിക്കാന്‍ തുടങ്ങി. ഈശോയുടെ പ്രതിപുരുഷനായ വൈദികന്‍ തിരുക്കച്ച ചുറ്റി താലത്തില്‍ വെള്ളവുമായി വന്ന് പാദങ്ങള്‍ കഴുകുന്നു. ഹൃദയത്തില്‍ പ്രാര്‍ത്ഥനയും സ്നേഹവും നിറഞ്ഞുനിന്നു.

വൈദികന്‍ എന്‍റെ അടുക്കലേക്ക് വന്ന് എന്‍റെ പാദങ്ങള്‍ കഴുകുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതിയും സന്തോഷവുംകൊണ്ട് ഞാനാകെ നിറഞ്ഞു. അനന്തരം പെസഹാ അപ്പവും തന്നു. ആ പെസഹാ വിരുന്നു ശുശ്രൂഷയും അതിനുശേഷം ദൈവാലയം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും കഴിഞ്ഞ് ഈശോയ്ക്ക് നന്ദിയും പറഞ്ഞുകൊണ്ട് ദൈവാലയത്തിന് പുറത്തിറങ്ങി എല്ലാവര്‍ക്കും അപ്പം പങ്കുവച്ചു. എന്‍റെ ഒരു കസിന്‍ അതിശയത്തോടെ പറഞ്ഞു, “എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ആശ്ചര്യപ്പെട്ടുപോയി ഞാന്‍, അപ്പസ്തോലന്മാരില്‍ ഒരാളായി നിന്നെ കണ്ടപ്പോള്‍.” അവള്‍ തമാശ രൂപേണ പറഞ്ഞു: “നിനക്ക് അതിനുള്ള യോഗ്യതയുണ്ടോ?” ഞാന്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “എനിക്ക് യോഗ്യതയില്ല എന്നെനിക്കറിയാം. എന്നാല്‍ എന്‍റെ ഈശോ എന്നെ യോഗ്യനാക്കി മാനിച്ചു.” അതെ, എന്‍റെ അയോഗ്യതയാണ് എന്‍റെ യോഗ്യത.
“നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമാ 5/8).

Share:

Antony Varghese

Antony Varghese

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles