Home/Evangelize/Article

ഡിസം 08, 2022 429 0 Stella Benny
Evangelize

അബ്രാഹത്തിന്‍റെ അനുസരണം

അനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്‍റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്‍റെ പാതയിലൂടെ നയിച്ച ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഓരോ വ്യക്തികളും അനുസരണത്തെപ്രതി സഹിച്ചിട്ടുള്ളവരും വില കൊടുത്ത് അനുസരിച്ച് അനുഗ്രഹം അവകാശപ്പെടുത്തിയവരും ആയിരുന്നു. നമ്മുടെ പൂര്‍വപിതാവായ അബ്രാഹംതന്നെ ഇതിന് ഒരു ഉത്തമ മാതൃകയാണ്. അബ്രാം എന്ന അദ്ദേഹത്തിന്‍റെ പേരുപോലും ദൈവം അബ്രാഹം എന്ന് മാറ്റി.

അബ്രാഹത്തിന്‍റെ ദൈവവിളി

ദൈവം അബ്രാഹമിനോട് അരുളിച്ചെയ്തു “നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്‍റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും” (ഉല്പത്തി 12:1-3).

ഇത് ഓഫറുകളുടെ കാലമാണല്ലോ. നിറയെ അനുഗ്രഹങ്ങള്‍ നിറഞ്ഞ നല്ലൊരു ‘ഓഫര്‍’ എന്ന് ഈ കാലഘട്ടത്തിന്‍റെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ അബ്രാഹമിന് ലഭിച്ച ഈ ഉന്നതമായ ദൈവവിളിയെ വിശേഷിപ്പിക്കാനാവും. തീര്‍ച്ചയായും ഈ ദൈവവിളി അങ്ങനെതന്നെ ആണുതാനും. എന്നാല്‍ ഈ ദൈവവിളിയുടെ ആരംഭത്തില്‍ത്തന്നെ വളരെ വേദനാജനകമായ ഒരു അനുസരണം ദൈവം അബ്രാഹമില്‍നിന്നും ആവശ്യപ്പെടുന്നു. “നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കു പോവുക!” ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍, ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും ഉന്നത ഗതാഗത സൗകര്യങ്ങളുടെയും വിരല്‍ത്തുമ്പിന്‍റെ ചലനത്താല്‍ ഞൊടിയിടകൊണ്ട് ഇരിപ്പിടത്തില്‍ കിട്ടുന്ന എല്ലാ അത്യാധുനിക സൗകര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും നടുവില്‍ കഴിയുന്ന ആധുനിക മനുഷ്യന് അബ്രാഹം നടത്തിയ അനുസരണത്തിന്‍റെ വേദനയുടെ വശം ഒട്ടുമേ മനസിലാവുകയില്ല. ഈ ദേശമല്ലെങ്കില്‍ കൂടുതല്‍ സൗഭാഗ്യകരമായ മറ്റൊരു ദേശം. ഇപ്പോഴുള്ള ബന്ധങ്ങള്‍ വിട്ടാല്‍ കൂടുതല്‍ സന്തോഷകരമായ പുതിയ ബന്ധങ്ങള്‍. ഇതിലെന്ത് ഇത്രമാത്രം വേദനിക്കാനിരിക്കുന്നു!! ഇതാണല്ലോ ഹൃദയബന്ധങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ തലമുറയുടെ ചിന്താഗതി.

എന്നാല്‍ അബ്രാഹത്തോട് വിട്ടുപേക്ഷിക്കാന്‍ ദൈവം ആവശ്യപ്പെട്ട കാര്യങ്ങള്‍ അന്നത്തെ പുരാതന കാലഘട്ടത്തില്‍ ഒരു മനുഷ്യനെ അവനാക്കിത്തീര്‍ക്കുന്ന സകലതുമായിരുന്നു. പിന്നീട് തിരിച്ചുവരവ് തികച്ചും അസാധ്യം. മാത്രവുമല്ല വാര്‍ധക്യത്തില്‍ താങ്ങായി നില്ക്കാന്‍ ഒരു മകനോ മകളോ അബ്രാഹമിനില്ല. ഈ അവസ്ഥയിലാണ് ദൂരെയേതോ ഒരു ദേശത്തേക്ക് പോകാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നത്. അബ്രാഹമിന് ലഭിച്ച ദൈവവിളിയുടെ തുടക്കംതന്നെ വേദനാജനകമായ അനുസരണം നിറഞ്ഞതായിരുന്നു. എന്നിട്ടും “അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു” (റോമാ 4/3).

അനുഗ്രഹവാഗ്ദാനത്തിലും ഇഴചേര്‍ന്ന വേദന

അബ്രാഹമിന്‍റെ സമര്‍പ്പണത്തിലും അനുസരണത്തിലും സംപ്രീതനായ ദൈവം അബ്രാഹവുമായി ഒരു ഉടമ്പടി ഉണ്ടാക്കി. അവിടുന്നു പറഞ്ഞു: “അബ്രാഹം ഭയപ്പെടേണ്ട. ഞാന്‍ നിനക്ക് പരിചയാണ്. നിന്‍റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാഹം ചോദിച്ചു. കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണ് ലഭിക്കുക?” കര്‍ത്താവ് അബ്രാഹമിനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു. “ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കുവാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും അതുപോലെയായിരിക്കും” (ഉല്പത്തി. 15/5-6). ദൈവം അബ്രാഹമിനോടു തുടര്‍ന്ന് പറഞ്ഞു. “ഈ നാട് (കാനാന്‍ദേശം) നിനക്ക് അവകാശമായിത്തുരവാന്‍വേണ്ടി നിന്നെ കല്‍ദായരുടെ ഊരില്‍നിന്നും കൊണ്ടുവന്ന കര്‍ത്താവാണ് ഞാന്‍” (ഉല്പത്തി 15/7).

സന്താനരഹിതനായ അബ്രാഹമിന് ദൈവം കൊടുത്ത സന്താനവാഗ്ദാനത്തോടൊപ്പം തികച്ചും വേദനാജനകമായ ഒരു മുന്നറിയിപ്പുകൂടി കൊടുത്തു. അത് ഇതായിരുന്നു. “നീ ഇതറിഞ്ഞുകൊള്ളുക. നിന്‍റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍ അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റംവിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും” (ഉല്പത്തി 15/13-14).

സന്താനമില്ലെങ്കില്‍ ഇല്ല എന്ന ഒറ്റ വേദനയേ ഉള്ളൂ. എന്നാല്‍ ദൈവം വാഗ്ദാനമായി നല്കാന്‍ പോകുന്ന മക്കള്‍ അനുഭവിക്കാന്‍ പോകുന്ന കഠിനയാതനകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഏതൊരു മനുഷ്യന്‍റെ ഹൃദയത്തെയാണ് തകര്‍ക്കാതിരിക്കുക. അങ്ങനെ ദൈവം കൊടുത്ത ആ വാഗ്ദാനത്തിനുള്ളിലും ഒരു വേദനയുടെ അനുഭവം ഒളിഞ്ഞുനില്പ്പുണ്ടായിരുന്നു.

കാനാനിലും പ്രതികൂലങ്ങള്‍

കര്‍ത്താവിന്‍റെ വാക്കുകേട്ടു പുറപ്പെട്ട അബ്രാഹം തന്‍റെ ഭാര്യ സാറായോടൊപ്പം കാനാനിലെത്തി. പക്ഷേ അവിടെയും അബ്രാഹമിന് പ്രതികൂലങ്ങളെയാണ് നേരിടേണ്ടി വന്നത്. അബ്രാഹം കാനാനില്‍ചെന്ന് അധികം വൈകാതെ അവിടെ ഒരു കടുത്ത ക്ഷാമം ഉണ്ടായി. ക്ഷാമത്തെ അതിജീവിക്കുവാന്‍വേണ്ടി അബ്രാഹം ഈജിപ്തിലേക്കു താല്‍ക്കാലികമായി മാറി. പക്ഷേ അവിടെയും പ്രതികൂലങ്ങള്‍ ആ ദമ്പതികളെ പിന്‍തുടര്‍ന്നു. അവിടെവച്ച് അബ്രാഹമിന് തന്‍റെ ഭാര്യയെ നഷ്ടപ്പെട്ടു. സാറാ വളരെ അഴകുള്ളവളാണെന്നുകണ്ട് ഈജിപ്തിലെ രാജാവായ ഫറവോ അവളെ സ്വന്തമാക്കി, സ്വന്തം ഭാര്യയാക്കിത്തീര്‍ത്തു. സ്വന്തമെന്നു പറയാന്‍ ആകപ്പാടെ തനിക്കുണ്ടായിരുന്ന തന്‍റെ പ്രിയപ്പെട്ട ഭാര്യയും തനിക്കു നഷ്ടമായിത്തീരുന്ന വേദന അബ്രാഹം അനുഭവിച്ചു. മാത്രമല്ല അവള്‍ വേറൊരുവന്‍റെ ഭാര്യയായിത്തീര്‍ന്നതു കാണേണ്ടിവന്ന ധര്‍മ്മസങ്കടത്തിലൂടെയും അബ്രാഹം കടന്നുപോയി.

ഒടുവില്‍ കര്‍ത്താവിടപെട്ട് സാറായെ മോചിപ്പിച്ച് അബ്രാഹമിന് നല്കുന്നതുവരെ, സ്വന്തം ഭാര്യയുംകൂടെ നഷ്ടമാകുന്ന കഠിനവേദനയിലൂടെയും കടന്നുപോകാന്‍ അബ്രാഹമിന് ദൈവം ഇടവരുത്തി. അനുഗ്രഹപൂര്‍ണമായ അബ്രാഹമിന്‍റെ അനുസരണം വേദന നിറഞ്ഞതുകൂടെ ആയിരുന്നില്ലേ? (ഉല്പത്തി 12/10-20)

കുടുംബത്തില്‍ അസമാധാനം!

കര്‍ത്താവിനെ അനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട അബ്രാഹമിന്‍റെ കുടുംബജീവിതം ഒരു പ്രത്യേക കാലഘട്ടംവരെ പ്രശ്നസങ്കീര്‍ണവും അസമാധാനം നിറഞ്ഞതുമായിരുന്നു. വാഗ്ദാനം ചെയ്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വാഗ്ദാനസന്താനമായ ഇസഹാക്കിനെ അവര്‍ക്കു കിട്ടുന്നത്. ഇതിനിടയ്ക്ക് സുഖകരമല്ലാത്തതു പലതും അവരുടെ കുടുംബജീവിതത്തില്‍ സംഭവിച്ചു. തന്‍റെ ഗര്‍ഭധാരണത്തിനുള്ള നാളുകള്‍ പണ്ടേ കഴിഞ്ഞുപോയി എന്ന് മനസിലാക്കിയ സാറാ ഒരു സന്താനത്തെ ലഭിക്കുവാന്‍വേണ്ടി ഈജിപ്തുകാരിയായ തന്‍റെ ദാസിയെ അബ്രാഹമിന് ഭാര്യയായി നല്കി.

അബ്രാഹം അവളെ പ്രാപിക്കുകയും അവള്‍ ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ സാറായുടെ ദാസിയായ ഹാഗാറിന്‍റെ സ്വഭാവം മാറി. അവള്‍ തന്‍റെ യജമാനത്തിയായ സാറായെ നിന്ദിക്കാന്‍ തുടങ്ങി. ഇത് ചങ്കില്‍ കത്തി കുത്തിയിറക്കുന്ന അനുഭവങ്ങളിലൂടെ സാറായെ കടത്തിവിട്ടു.

പിന്നീട് സാറാ അബ്രാഹത്തിന്‍റെ അനുവാദത്തോടെ ഹാഗാറിനോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. അങ്ങനെ അവള്‍ ആ ഭവനം വിട്ട് ഓടിപ്പോയി. കര്‍ത്താവിന്‍റെ പ്രത്യേകമായ ഇടപെടല്‍കൊണ്ട് അവിടുന്ന് ഹാഗാറിനെ സാറായ്ക്ക് കീഴ്പ്പെടുത്തി തിരികെ കൊണ്ടുവന്നുവെങ്കിലും വാഗ്ദാനസന്തതിയായ ഇസഹാക്കിന്‍റെ ജനനത്തോടെ വീണ്ടും കുടുംബകലഹം തുടങ്ങി. ഹാഗാറിനെയും മകനെയും ഇറക്കിവിടാന്‍ സാറാ അബ്രാഹത്തോടാവശ്യപ്പെട്ടു. തന്മൂലം തന്‍റെ മകനായ ഇസ്മായേലിനെയോര്‍ത്ത് അബ്രാഹം വളരെയേറെ അസ്വസ്ഥനായി. അടിമസ്ത്രീയില്‍ പിറന്നവനെങ്കിലും അവനും അബ്രാഹമിന്‍റെ സ്വന്തം മകനല്ലേ. ഒരു വശത്ത് കുടുംബസമാധാനം. മറുവശത്ത് തന്‍റെ മകനെക്കുറിച്ചുള്ള ഹൃദയം നുറുങ്ങുന്ന വേദന.

അവസാനം ദൈവം ഇടപെട്ടു. സാറാ പറഞ്ഞതുപോലെ ചെയ്യാന്‍ അബ്രാഹമിനോടു കല്പിച്ചു. ഇസ്മായേലിനെയും താന്‍ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും അവനെയും ഒരു വലിയ ജനതയാക്കുമെന്നും ഉറപ്പുകൊടുത്തു. പിന്നെ അബ്രാഹം മേലുകീഴ് ചിന്തിച്ചില്ല. പ്രഭാതമായപ്പോള്‍ കുറച്ച് അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവും എടുത്ത് ഹാഗാറിന്‍റെ തോളില്‍ വച്ചുകൊടുത്ത് മകനെ അവളെ ഏല്പിച്ച് അവരെ വീട്ടില്‍നിന്നും പറഞ്ഞയച്ചു. തന്‍റെ രക്തത്തില്‍ പിറന്ന, താന്‍ ലാളിച്ചു വളര്‍ത്തിയ തന്‍റെ മകനെ അകാലത്തില്‍ എന്നന്നേക്കുമായി നഷ്ടമാകുന്ന അബ്രാഹമിന്‍റെ ഹൃദയവേദന ആര്‍ക്കു വിവരിക്കാനാവും? അനുഗ്രഹം നിറഞ്ഞ അബ്രാഹമിന്‍റെ അനുസരണം വേദന നിറഞ്ഞതുകൂടി ആയിരുന്നില്ലേ?

ഇസഹാക്കിനെ ബലിയര്‍പ്പിക്കുന്നതിനുമുമ്പ് അബ്രാഹം ഇസ്മായേലിനുവേണ്ടിയാണ് തന്‍റെ ഹൃദയബലി അര്‍പ്പിച്ചത്. മക്കളെ ജീവനുതുല്യം സ്നേഹിച്ചുവളര്‍ത്തുന്ന ഏതൊരു പിതാവിനും ഇസ്മായേലിനുവേണ്ടിയുള്ള ഈ ഹൃദയബലിയുടെ വേദന മനസിലാകും. അബ്രാഹം തന്‍റെ രണ്ടുമക്കളെയും അനുസരണത്തിന്‍റെ പേരില്‍ ബലിചെയ്ത ഒരു പിതാവാണ്.

ഇസഹാക്കിന്‍റെ ബലി

ദൈവം അബ്രാഹത്തോടു കല്പിച്ചു. “നീ സ്നേഹിക്കുന്ന നിന്‍റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിക്കുന്ന മലമുകളില്‍ നീ അവനെ എനിക്കൊരു ദഹനബലിയായി അര്‍പ്പിക്കണം” (ഉല്പത്തി 22:1-3). അബ്രാഹം അതിനു തയാറായി എന്നതിന്‍റെ പിന്നില്‍ അധികമാരും ചിന്തിക്കാത്ത മറ്റൊരു കഠിനവേദനകൂടിയുണ്ട്. ഇസഹാക്കിനെ ബലി ചെയ്യാന്‍ തയാറായതിലൂടെ ഒരു മകനെ മാത്രമല്ല ദൈവം അതുവരെയും തന്നോടു ചെയ്ത എല്ലാ വാഗ്ദാനങ്ങളെയുമാണ് ബലി ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ ആ ബലിയില്‍ രണ്ടു ബലികള്‍ നടന്നിട്ടുണ്ട്. ഒന്ന്, വാഗ്ദാനസന്താനമായ തന്‍റെ പുത്രന്‍. രണ്ട്, ദൈവമതുവരെ തന്ന വാഗ്ദാനങ്ങള്‍. ഇതിനു രണ്ടിനും തയാറായ അബ്രാഹം ഹൃദയബലികളുടെ ഒരു മഹാമനുഷ്യന്‍ തന്നെയായിരുന്നു. ആ അബ്രാഹമിനെ ദൈവം താന്‍ വാഗ്ദാനം ചെയ്തതിലും വളരെയധികമായി അനുഗ്രഹിച്ചു. വിശ്വാസികളുടെ പിതാവാക്കി ഉയര്‍ത്തി. ദൈവം പറഞ്ഞു: നീ നിന്‍റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്‍റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്‍റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്‍റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും” (ഉല്പത്തി 22/16-18).

അനുസരണത്തിനു പിന്നാലെ അനുഗ്രഹമുണ്ട്. പക്ഷേ ആ അനുഗ്രഹത്തോടുചേര്‍ന്ന് അതിനുമുമ്പ് സഹനമുണ്ട്. പ്രിയപ്പെട്ട സമര്‍പ്പിതരേ, അബ്രാഹമിനെപ്പോലെ ദൈവത്തിന്‍റെ വാക്കുകേട്ട് നാടും വീടും ഉറ്റവരെയും ഉടയവരെയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവരല്ലേ നിങ്ങള്‍. അബ്രാഹത്തെ വിളിച്ച് രക്ഷിച്ച് അനുഗ്രഹമാക്കിയ കര്‍ത്താവ് നമ്മോടൊത്തുമുണ്ട്. അനുഗ്രഹപൂര്‍ണമായ ഈ അനുസരണം സഹനപൂരിതംകൂടിയാണെന്ന കാര്യം മറന്നുപോകരുതേ. അതു മറക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പതറിപ്പോകുന്നത്. യേശുവിന്‍റെ ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, അബ്രാഹമിന്‍റെയും പ്രവാചകന്മാരുടെയും വിളിക്കപ്പെട്ട മറ്റനേകരുടെയും ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, നമ്മുടെ ജീവിതത്തിലും അത് സഹനപൂരിതമായിരിക്കും.

പ്രിയപ്പെട്ട കുടുംബസ്ഥരേ, നിങ്ങള്‍ പതറിപ്പോകരുത്. ദൈവം ഒന്നിപ്പിച്ചവരായിരുന്നു അബ്രാഹവും സാറായും. പക്ഷേ അവരുടെ കുടുംബജീവിതം കടന്നുപോയ പ്രതിസന്ധികളും പ്രശ്നങ്ങളും കൊടുങ്കാറ്റുകളും ഈ ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തതാണ്. ദൈവം വിളിച്ചു നിയോഗിച്ചു എന്ന കാരണത്താല്‍ നമ്മുടെ ജീവിതം പ്രതിസന്ധികളില്ലാത്തതും പ്രശ്നരഹിതവുമായിരിക്കുമെന്ന് അന്ധമായി വ്യാമോഹിക്കരുത്. അനുസരണത്തിന്‍റെ വഴിയിലൂടെ മാത്രം ചരിച്ച നസറത്തിലെ തിരുക്കുടുംബം നേരിട്ട സഹനങ്ങളും പ്രതിസന്ധികളും നമുക്കറിയാമല്ലോ. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍, ദൈവം നഷ്ടമായതിന്‍റെ അടയാളമായി കണ്ട് നിങ്ങള്‍ കലങ്ങിപ്പോകരുതേ. അവിടുന്ന് നമ്മോടൊപ്പമുണ്ട്. ധൈര്യമായിരിക്കുക. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍ വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്‍റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രായര്‍ 4:15-16).

Share:

Stella Benny

Stella Benny

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles