Home/Encounter/Article

നവം 16, 2023 300 0 ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
Encounter

24 X 7

മരുന്നുകളുടെ പേരും അതിന്‍റെ പ്രവര്‍ത്തനവുമെല്ലാം പ്രതിപാദിക്കുന്ന ഒരു ശാസ്ത്രവിഷയമാണ് ഫാര്‍മക്കോളജി. മെഡിക്കല്‍ കോഴ്സുകളില്‍ ഒരു പ്രധാനപ്പെട്ട വിഷയമാണ് ഇത്. ഈ വിഷയത്തിന്‍റെ പരീക്ഷക്കായി ഞാന്‍ ഒരുങ്ങിയത് ഇന്നും മറന്നിട്ടില്ല. പഠിക്കാനിരിക്കുന്ന സ്ഥലത്തും വായിക്കുന്ന പുസ്തകത്തിന്‍റെ ഇരുവശങ്ങളിലും വാതില്‍പ്പടിയിലും ഫോണിലും ജനാലയിലും എന്തിനേറെ പറയുന്നു, ഊണുമേശയില്‍പ്പോലും ഇതിന്‍റെ കാര്യങ്ങള്‍ എഴുതിയിട്ടിരുന്നു. എപ്പോള്‍ എവിടെയായിരുന്നാലും ഈ വിഷയം ഓര്‍മ്മവരാനും പഠിച്ചവ റിവൈസ് ചെയ്യാനും വേണ്ടി. 24 ഃ 7 സമയവും അതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രം. പരീക്ഷ പ്രധാനപ്പെട്ടതാണല്ലോ?

ഇതിനെക്കാള്‍ ഏറെ പ്രധാനപ്പെട്ടതാണ് നിരന്തര ദൈവസാന്നിധ്യസ്മരണ. എവിടെയായിരുന്നാലും എപ്പോഴും, നിരന്തരം ദൈവപിതാവിനെക്കുറിച്ച്, യേശുവിനെക്കുറിച്ച്, പരിശുദ്ധാരൂപിയെക്കുറിച്ച്, ചിന്തിക്കുക. പാപത്തില്‍നിന്ന് ഒഴിവാകാനും കൃപയില്‍ നിലനില്‍ക്കാനും ഇതിലും നല്ല മാര്‍ഗം വേറെ കണ്ടെത്താനില്ല. ഏത് സമയത്തും നമ്മുടെ ഏതവസ്ഥയും ‘കണക്ട് ടു ഗോഡ്.’ എന്‍റെ മുന്‍പിലും പിന്‍പിലും, എന്‍റെ വലതും ഇടതും, എന്നെ സൂക്ഷിച്ചു വീക്ഷിക്കുന്ന എന്നെ കാണുന്ന, (സങ്കീര്‍ത്തനങ്ങള്‍ 139) എന്നെ കേള്‍ക്കുന്ന, എന്നോട് സംസാരിക്കുന്ന, ഈ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞ് കൂട്ടുകൂടുന്നു, സംസാരിക്കുന്നു, വഴക്കിടുന്നു, കെട്ടിപ്പിടിക്കുന്നു, സ്നേഹിക്കുന്നു.

അപ്പോള്‍ എങ്ങനെ ഞാന്‍ പാപം ചെയ്യും? രഹസ്യത്തില്‍ ഞാനെങ്ങനെ അശുദ്ധപാപത്തില്‍ മുഴുകി അവനെ കരയിപ്പിക്കും? ഒപ്പമുള്ളവനെ വഞ്ചിക്കാനും അവനോട് കപടമായി പെരുമാറാനും എങ്ങനെ തോന്നും? എങ്ങനെ ഭയപ്പെടാനും ആകുലപ്പെടാനും വിഷാദിച്ചിരിക്കാനും പറ്റും? അതുകൊണ്ട് എത്രയും പെട്ടന്ന് ഈയൊരു അനുഗ്രഹം കരസ്ഥമാക്കുക.

അദൃശ്യപോരാട്ടം എന്ന വിഖ്യാതമായ ആത്മീയഗ്രന്ഥം നമ്മെ ഇങ്ങനെ പഠിപ്പിക്കുന്നു (പേജ് 288) “പ്രാര്‍ത്ഥനയില്‍ പുരോഗമിക്കുന്നതിനായി യത്നിക്കുന്ന എല്ലാവരുടെയും മുഴുവന്‍ ശ്രദ്ധയും ഒന്നാമതായി ലക്ഷ്യം വയ്ക്കേണ്ടതും തിരിയേണ്ടതും ഈ ലക്ഷ്യത്തിലേക്കാണ്. അതായത് ഒരിക്കലും ഹൃദയം തളരരുത്. ദൈവത്തെക്കുറിച്ചുള്ള ചിന്ത ഒഴികെയുള്ള എല്ലാ ചിന്തയില്‍ന്നും അതിനെ സംയമനത്തോടെ സംരക്ഷിക്കുക.”

ചിന്തകളുടെ വിശുദ്ധീകരണം, നല്ല മനസ്സാക്ഷിയുടെ രൂപീകരണം, ശുദ്ധ നിയോഗങ്ങളെ കുറിച്ചുള്ള ആലോചന, ആകുലതയും ഉത്കണ്ഠയുമകന്ന ജീവിതം, ആത്മാവിന്‍റെ പ്രേരണകളെ വിവേചിക്കാനുള്ള വരം, ദൈവൈക്യത്തിലേക്കുള്ള മലകയറ്റം എന്നിവയെല്ലാം നിരന്തര ദൈവസാന്നിധ്യസ്മരണയില്‍ തുടക്കം കുറിക്കുന്നു. കാരണം, “ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയും ആരംഭം; എല്ലാ ഉദ്യമവും ആലോചനയുടെ തുടര്‍ച്ചയാണ്. ചിന്ത ഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നു” (പ്രഭാഷകന്‍ 37/16,17). ഈ നിമിഷം തന്നെ ആരംഭിക്കുക. “കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍”ڔ(സങ്കീര്‍ത്തനങ്ങള്‍ 105/4).

Share:

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles