Home/Encounter/Article

സെപ് 30, 2023 164 0 Shalom Tidings
Encounter

നാവിനെ നിലയ്ക്കുനിര്‍ത്തിയ ജൂണിപ്പറിന്‍റെ മാര്‍ഗം

സ്നേഹവും ലാളിത്യവും ഊഷ്മളതയും നിറഞ്ഞ ഫ്രാന്‍സിസ്കന്‍ സഹോദരനായിരുന്നു ജൂണിപ്പര്‍. പക്ഷേ ആരെങ്കിലും അദ്ദേഹത്തോട് മുഖം കറുപ്പിച്ചാല്‍, ഉറക്കെ സംസാരിച്ചാല്‍ അദ്ദേഹമാകെ വാടിത്തളരും. ആക്ഷേപിക്കുന്നവരോട് ക്ഷമിക്കാനുള്ള ഉള്‍ക്കരുത്തുമില്ലായിരുന്നു ജൂണിപ്പറിന്. എന്നാല്‍, ഈ ബലഹീനതകളെപ്പറ്റി ബോധവാനായിരുന്നു അദ്ദേഹം. അതിനാല്‍ത്തന്നെ ഈ ബലഹീനതകളെ കീഴടക്കാന്‍ അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു.

എത്ര ക്രൂരമായ അധിക്ഷേപത്തിന്‍റെ മുമ്പിലും ധീരതയോടെ നിശബ്ദത പാലിക്കുക, അതൃപ്തിയോടെ ആരെങ്കിലും തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടാല്‍ പ്രതികരിക്കരുത്, മറ്റുള്ളവര്‍ ശകാരിച്ചാല്‍പ്പോലും ശാന്തനായിരിക്കണം- ഇതൊക്കെയായിരുന്നു ജൂണിപ്പര്‍ സ്വയം നിയന്ത്രിക്കാന്‍ സ്വീകരിച്ച ചില പ്രായോഗികമാര്‍ഗങ്ങള്‍. തന്‍റെ നാക്കാണ് ഏറ്റവും ഉപദ്രവകാരി എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നാവിനെ നിലയ്ക്കുനിര്‍ത്താന്‍ മൗനവ്രതം എടുക്കാന്‍ തീരുമാനിച്ചു. പിതാവിന്‍റെ സ്നേഹവും പുത്രനായ യേശുവിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സ്നേഹവും പിന്നെ പരിശുദ്ധ കന്യാമറിയവും വിശുദ്ധ ഫ്രാന്‍സിസുമൊക്കെയായിരുന്നു ഓരോ ദിവസത്തെ ധ്യാനവിഷയങ്ങള്‍. അത്യാവശ്യകാര്യങ്ങള്‍ക്ക് ആംഗ്യങ്ങള്‍കൊണ്ട് മറുപടി നല്കും. അങ്ങനെ തുടര്‍ന്ന മൗനപാലനം ആറുമാസങ്ങള്‍ നീണ്ടു.

അങ്ങനെയിരിക്കേ ഒരു ദിവസം ഒട്ടും സഹിക്കാന്‍ സാധിക്കാത്തവിധം ചില സഹോദരന്‍മാര്‍ തന്നെക്കുറിച്ച് സംസാരിക്കുന്നത് ജൂണിപ്പര്‍ കേട്ടു. മൗനമായിരിക്കാന്‍ അദ്ദേഹം അതിതീവ്രശ്രമം നടത്തേണ്ടിവന്നു. അതിന്‍റെ ഫലമായി നെഞ്ചിനുള്ളിലെ ഞരമ്പുകള്‍ പൊട്ടി. പുറത്തേക്ക് തുപ്പിയത് രക്തം.

അതോടൊപ്പം കടുത്ത മാനസിക സംഘര്‍ഷവും. സഹിക്കാനാവാതെ അദ്ദേഹം ദൈവാലയത്തിലേക്ക് ഓടി. ക്രൂശിതനെ കെട്ടിപ്പിടിച്ച് കേണു, “നാഥാ, അങ്ങയോടുള്ള സ്നേഹത്തെപ്രതിയാണ് ഇതെല്ലാം ഞാന്‍ സഹിക്കുന്നത്. എന്നെ അനുഗ്രഹിക്കണമേ…”

ഒരു അത്ഭുതമാണ് തുടര്‍ന്ന് അവിടെ ഉണ്ടായത്. ക്രൂശിതരൂപത്തില്‍നിന്നും യേശുവിന്‍റെ വലംകൈ സാവധാനം താഴ്ന്നു. ജൂണിപ്പറിന്‍റെ മാറില്‍ ആ കൈ വച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു, “മകനേ, നിനക്കുവേണ്ടി ഞാന്‍ സഹിച്ചത് ഓര്‍ക്കൂ, നീയത് മനസിലാക്കുന്നില്ലേ?”

ജൂണിപ്പര്‍ സഹോദരന്‍റെ അവസ്ഥ അവര്‍ണനീയമായിരുന്നു. പിന്നീടങ്ങോട്ട് ദൈവികവരദാനത്തിന്‍റെ പ്രകടമായ ശക്തി ജൂണിപ്പറിന് അനുഭവപ്പെട്ടു. അപ്പോള്‍മുതല്‍ ഏത് അധിക്ഷേപവും സന്തോഷത്തോടെ സഹിക്കാമെന്നായി.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles