Trending Articles
നീ എന്താണ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ദൈവം മാത്രമാണ് എന്റെ ചിന്താവിഷയമെന്നേ എനിക്ക് പറയാന്‍ കാണുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്’ കുരിശിന്റെ വിശുദ്ധ യോഹന്നാന് ഒരിക്കല്‍ പറഞ്ഞതാണ് ഇത്. വിശുദ്ധ ജെമ്മാ ഗല്‍ഗാനി കണക്കുകൂട്ടുന്നതില്‍ വലിയ ശ്രദ്ധ പതിപ്പിച്ചതിനാല്‍ ഒരു മിനിറ്റ് നേരത്തേക്ക് ദൈവത്തെ മറന്നുപോയതില്‍ പരിതപിച്ചതായി വിശുദ്ധയുടെ ജീവചരിത്രത്തില്‍ നാം വായിക്കുന്നു. എന്നാല്‍ ഇത്ര മനോഹരമായ ഈ നിവേശിത ഏകാന്തത ഒരു ദൈവദാനം മാത്രമാണ്. നമുക്ക് ചെയ്യാവുന്നത് നമ്മുടെ ശ്രമംകൊണ്ട് അതിനുവേണ്ടി തയാറാകാന്‍ ശ്രമിക്കുകമാത്രമാണ്. ശ്രമിച്ചതുകൊണ്ട് ലഭിച്ചെന്നു വരികയില്ലെങ്കിലും, ശ്രമിച്ചാല്‍ കിട്ടാന്‍ കൂടുതല്‍ അര്‍ഹതയുണ്ടല്ലോ.
ഏതു തരത്തിലുള്ള പരിശ്രമമാണ് നാമിതിനു ചെയ്യേണ്ടത്? ഏറ്റം പരിശുദ്ധമായ ഒരു മനഃസാക്ഷി സംരക്ഷിക്കുക, ദൈവസാന്നിധ്യ സ്മരണ കഴിയുന്നിടത്തോളം നിരന്തരമായി ഉണ്ടായിരിക്കാന്‍ ശ്രമിക്കുക, പരിശുദ്ധാത്മാവിന്റെ ദിവ്യ തോന്നിപ്പുകള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുക- ഇവയാണ് നമുക്ക് ചെയ്യാവുന്ന ശ്രമങ്ങള്‍. പരിശ്രമം, പ്രവൃത്തി, പുരോഗതി, നിലനില്പ്, പ്രാര്‍ത്ഥന എന്നീ ആത്മീയ ശ്രമങ്ങളാണ് നമ്മുടെ ആധ്യാത്മിക ജീവിതത്തിനായി നമുക്ക് ചെയ്യുവാന്‍ കഴിയുന്നത്.
പരിശ്രമത്തെക്കുറിച്ച് വിശദീകരിക്കാം. ദൈവം നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നതിനുള്ള തടസങ്ങള്‍ പലതാണ്. ചിലര്‍ക്ക് അറിവില്ലായ്മ, മറ്റു ചിലര്‍ക്ക് തെറ്റായ അഭിപ്രായങ്ങള്‍ തുടങ്ങിയവയാണുള്ളത്. അറിവില്ലാത്ത ചിലര്‍ ആധ്യാത്മികജീവിതം, ദൈവ ഐക്യജീവിതം മുതലായവയെപ്പറ്റി സംസാരിക്കുമെങ്കിലും എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നില്ല. മറ്റേ കൂട്ടരില്‍ ചിലരുടെ അഭിപ്രായം ആന്തരികജീവിതവും ലോകത്തിലെ ബഹളത്തിനിടയിലുള്ള ജീവിതവും ഒന്നിച്ചു പോവുകയില്ലെന്നാണ്. അല്ലെങ്കില്‍ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രേഷിതവൃത്തിയും ആന്തരികജീവിതവും ഒത്തിണങ്ങിപ്പോകാന്‍ പ്രയാസമാണെന്നാണ്.
ചിലര്‍ക്ക് ഏകാന്തത ഇഷ്ടമാണ്. മിണ്ടടക്കവും പ്രാര്‍ത്ഥനയും ദൈവവുമായുള്ള ഐക്യവും അവര്‍ താല്പര്യപ്പെടുന്നു. എന്നാല്‍ സല്‍പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ഓടി നടക്കുന്ന ചിലര്‍ക്ക് ഇതെല്ലാം പ്രയാസമാണ്. അരമണിക്കൂര്‍ ധ്യാനിക്കുന്നതും ഒരു മണിക്കൂര്‍ ആരാധിക്കുന്നതുംതന്നെ വലിയ പ്രയാസപ്പെട്ടാണ്.
മറ്റ് പ്രാര്‍ത്ഥന വേണ്ടെന്ന് വയ്ക്കാന്‍, അല്ലെങ്കില്‍ ചിലപ്പോഴെങ്കിലും ഉപേക്ഷിക്കാന്‍ പിശാച് നമ്മെ പ്രേരിപ്പിക്കും. ചിലര്‍ പഠനത്തിന്റെ കാര്യം പറഞ്ഞും ചിലര്‍ ജോലിത്തിരക്കാണെന്നുള്ള ഭാവത്തിലും ഈ ധ്യാനത്തിലും ആരാധനയിലുംനിന്ന് മാറാന്‍ ശ്രമിക്കും. ആദ്യമാദ്യം ഇവയുടെ സമയം അല്പാല്പം കുറയ്ക്കും. കൃത്യം അരമണിക്കൂര്‍ ധ്യാനിച്ചില്ലെങ്കിലും സാരമില്ലെന്നുവയ്ക്കും. ക്രമേണ ഈ ഭക്താഭ്യാസങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അതൊരു ലാഭമായും പരിഗണിക്കാന്‍ തുടങ്ങും. ഇത് നാശത്തിന്റെ ആരംഭമായിക്കഴിഞ്ഞു. നമ്മെ ആന്തരികജീവിതത്തില്നിന്ന് പിന്മാറ്റാനോ കുറഞ്ഞപക്ഷം വിരസതയുള്ളവരാക്കിത്തീര്ക്കാനോ പിശാച് കിണഞ്ഞു ശ്രമിക്കും. അതില്‍ കുറച്ചെങ്കിലും വിജയിച്ചാല്‍ അവന് അതൊരു വലിയ ആദായമായി പരിഗണിക്കും.
ബഹുവിധ ജോലികളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആന്തരികജീവിതം ഒരു അലസജീവിതമായി തോന്നിയേക്കാം. എന്നാല്‍ നേരെമറിച്ച് ആന്തരികജീവിതമാണ് യഥാര്‍ത്ഥജീവിതം. ഏറ്റം മഹനീയമായ ജീവിതം, ഏറ്റം ഫലപ്രദമായ ജീവിതം, ഏറ്റം ബുദ്ധിമുട്ടുള്ള ജീവിതം, ഏറ്റം നന്മനസും ത്യാഗവും ആവശ്യപ്പെടുന്നതുമായ ജീവിതം.
അതെ, പ്രാര്‍ത്ഥനാപരമായ ജീവിതമാണ് നമ്മുടെ ബാഹ്യപ്രവൃത്തികളെ ഉത്തേജിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതും പരിപൂര്ണമാക്കുന്നതും. വിശുദ്ധ അമ്മത്രേസ്യ, സിയന്നായിലെ വിശുദ്ധ കത്രീന മുതലായവര്‍ ഒരേസമയം ആന്തരികജീവിതത്തിലെ നെടുംതൂണുകളും പ്രേഷിതവൃത്തിയിലെ കരുത്തരുമായിരുന്നു. വിശുദ്ധ അമ്മത്രേസ്യ 30 മഠങ്ങള്‍ പണിതുയര്ത്തിക്കൊണ്ടിരുന്ന അവസരത്തിലാണ് ആന്തരികജീവിതത്തില്‍ മുങ്ങിത്തുടിച്ചിരുന്നത്. സിയന്നായിലെ വിശുദ്ധ കത്രീന രാജാക്കന്മാരും മാര്‍പാപ്പമാരുമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന കാലയളവിലാണ് ദൈവവുമായി ഐക്യപ്പെട്ട് ജീവിച്ചിരുന്നത്.
എന്നാല്‍ ആത്മീയമായ ഏകാന്തത പാലിക്കുന്നതിനുവേണ്ടി മനസിനെ വ്യഗ്രതപ്പെടുത്തേണ്ടതില്ല. ദൈവസാന്നിധ്യ സ്മരണ പുലര്‍ത്തുന്നതിനുവേണ്ടി തലയ്ക്ക് ഭ്രാന്തു പിടിപ്പിക്കേണ്ട ആവശ്യമില്ല. ഒരു ദിവസംകൊണ്ട് ആന്തരികജീവിതം നേടിയെടുക്കാനും സാധ്യമല്ല. നിനക്ക് ബാഹ്യമായ നിരവധി ജോലികളുണ്ടെങ്കിലും നിന്റെ ദൃഷ്ടി ദൈവത്തില്‍ നിന്നകന്നു പോകുന്നില്ലെങ്കില്‍ അവിടുന്നുതന്നെ ആന്തരികജീവിതം നമുക്ക് തരുന്നതാണ്.
ആന്തരികജീവിതം നയിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും നമ്മള് തോല്വിയടഞ്ഞെന്നുവരും. ഒരിക്കലും നിരാശപ്പെടേണ്ട. പല ശ്രമങ്ങള്‍ക്കുശേഷമാണ് നല്ല ഒരു കലാസൃഷ്ടി ഉണ്ടാകുന്നത്. പക്ഷികള്‍ കൂടുകൂട്ടുന്നത് അല്പാല്പമായാണ്. അതുപോലെ നമ്മളും സ്നേഹരാജനുവേണ്ടിയുള്ള കൂട് സാവധാനത്തില്‍ ഉണ്ടാക്കിയാല്‍ മതി.
അവസാനമായി പ്രാര്‍ത്ഥന അത്യാവശ്യമാണ്. ആന്തരികജീവിതം ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ്. നമുക്ക് അതില്‍ പങ്കാളികളാന് സാധിക്കുമെന്നേയുള്ളൂ. അതിനാല്‍ ആന്തരികജീവിതം നയിക്കാന്‍ നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം. എന്നെ കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ സാധിക്കയില്ല (യോഹന്നാന് 15:5) എന്നാണല്ലോ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥമായ ആന്തരികജീവിതം നയിക്കാന്‍ കഴിയുന്നതിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം.
Msgr. C.J. Varkey
ഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന് കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്‍കുക, ആമ്മേന്‍. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
By: Shalom Tidings
Moreകൊച്ചുസ്വര്‍ഗത്തില്‍നിന്ന് ലേഖിക പഠിച്ച വലിയ കാര്യങ്ങള്‍. മാതാപിതാക്കളുടെ സ്നേഹവും കരുതലും തികയാതെ പോയ നാളുകള്‍; കയ്പേറുന്ന ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ ബാല്യകാലം. എങ്കിലും അനുദിനം വിശുദ്ധ കുര്‍ബാനയ്ക്ക് പോകും. ശനിയാഴ്ചകളില്‍ നിത്യ സഹായ മാതാവിന്റെ നൊവേനക്ക് പോയാല്‍ മാതാവിന്റെ നെഞ്ചില്‍ കുഞ്ഞിക്കൈകള്‍ വച്ച് ഞാന്‍ പറയുമായിരുന്നു, "എന്നെ ആര്‍ക്കും വേണ്ട. നിനക്ക് എന്റെ അമ്മ ആകാമോ?" എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ഇത് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. ആരും എന്നെ സ്നേഹിക്കുന്നില്ലെന്ന തോന്നലില്‍ നിരാശ പിടിമുറുക്കിയപ്പോള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ ഒരു കുറിപ്പ് എഴുതി എന്റെ ഈശോയ്ക്ക്. പ്രിയപ്പെട്ട ഈശോ അറിയുന്നതിന്, എന്നെ ഇവിടെ ആര്‍ക്കും ഇഷ്ടമില്ല എന്ന് നിനക്ക് അറിയാമല്ലോ. എനിക്ക് ഭയങ്കര സങ്കടം ഉണ്ട് ഈശോയേ.... നിനക്കും എന്നെ വേണ്ടേ? നിനക്ക് പറ്റുമെങ്കില്‍ എന്നെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ? ഞാന്‍ മരിച്ചോളാം. എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം മരിയ മരിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്തതുകൊണ്ട് ഈശോയോടുതന്നെ സഹായം ചോദിക്കുന്ന എന്റെ നിഷ്കളങ്കത ഈശോ മനസ്സിലാക്കിക്കാണണം. എന്തായാലും ഇന്റര്‍വെല്‍ സമയങ്ങളില്‍ ആരും കാണാതെ ബാഗില്‍നിന്ന് ഈ എഴുത്ത് എടുത്ത് ഇടയ്ക്കു വായിക്കുന്നത് അടുത്തിരുന്ന സഹപാഠി കണ്ടുപിടിച്ചു. അവള് ആ കത്ത് ഞാന്‍ അറിയാതെ ടീച്ചറുടെ കയ്യില്‍ എത്തിച്ചു. ടീച്ചര്‍ അമ്മയെ വിളിപ്പിച്ചു. അങ്ങനെ ഈശോയോടുതന്നെ സഹായം ചോദിച്ച് മരിക്കാനുള്ള ശ്രമം വന്‍പരാജയമായി. 'കൊച്ചുസ്വര്‍ഗം' അഞ്ചാം ക്ലാസ്സുമുതല്‍ പുതിയ സ്കൂളിലേക്ക് മാറി. പരിചയമുള്ളവര്‍ വളരെ കുറവ്. അവിടെയും ഞാന്‍ ഒറ്റപ്പെടുന്നപോലെ തോന്നി. പിന്നീട് പതിയെ കുറച്ചു പേരിലേക്ക് എന്റെ സുഹൃദ്ബന്ധം വികസിച്ചു. പക്ഷേ എന്റെ ഹൃദയം തുറന്നു സംസാരിക്കാവുന്ന ഒരു ബെസ്റ്റ് ഫ്രണ്ടിനെ എനിക്ക് അവിടെയും ലഭിച്ചില്ല. നാളുകള്‍ കടന്നുപോയി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചു. ആ സ്കൂളില്‍ ഏഴാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേക മാനസിക സംഘര്‍ഷം ഉണ്ടാകും. കാരണം എല്ലാ കുട്ടികളും പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും 7 സി ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കാനാണ്. ആ ക്ലാസ് അറിയപ്പെടുന്നത് 'കൊച്ചുസ്വര്‍ഗം' എന്നാണ്. നമുക്ക് സ്കൂള്‍ ഗ്രൗണ്ടിലേക്ക് വരാം. കുട്ടികളുടെ പേരുകള്‍ ഓരോ ടീച്ചര്മാര് വന്നു വിളിച്ചു അവരുടെ ക്ലാസ്സിലേക്ക് കൊണ്ടു പോവുകയാണ്. എ, ബി ഡിവിഷനുകളിലേക്കു പേരുകള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ കുട്ടികള്‍ ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കുകയാണ്, 'അവര്‍ ആരും ഞങ്ങളെ വിളിക്കല്ലേ ഈശോയേ' എന്ന്.... എ, ബി ഡിവിഷനുകളിലേക്കുള്ളവര്‍ പോയി കഴിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ കൂടി നിന്ന കുട്ടികള്‍ എല്ലാവരും ആഹ്ളാദാരവം മുഴക്കിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കാരണം ഇനി ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കൊച്ചുസ്വര്‍ഗമെന്ന ഏഴ് സി ക്ലാസിലേക്ക് പോകാനുള്ളവര്‍ ആണ്, ഹേമലത ടീച്ചറിന്റെ ക്ലാസിലേക്ക്. സ്നേഹവും സമാധാനവും സന്തോഷവും സംതൃപ്തിയും ഉള്ള ഇടമാണല്ലോ സ്വര്‍ഗം. അതെല്ലാം നിറഞ്ഞ ഒരിടമായതുകൊണ്ടാണ് ടീച്ചറുടെ ക്ലാസിന് കുട്ടികള്‍തന്നെ അങ്ങനെ ഒരു പേര് ഇട്ടിരിക്കുന്നത്. മരിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ കാത്തിരുന്ന എന്നെ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഈശോ കൂട്ടിക്കൊണ്ടുപോയി. അതെ... അവിടെയാണ് ഞാന്‍ എന്ന മുള്‍ച്ചെടിയെ ഈശോ നനച്ചു വളര്‍ത്തി പൂച്ചെടിയാക്കിത്തുടങ്ങിയത്. എന്റെ അമ്മയാകാമോ എന്ന് മാതാവിനോടും സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ എന്ന് ഈശോയോടും നിരന്തരം ചോദിച്ചുകൊണ്ടിരുന്ന എന്റെ രണ്ടു ചോദ്യങ്ങള്‍ക്കും ഈശോ ഉത്തരം നല്കി, ഹേമലത ടീച്ചറിലൂടെ, എന്റെ ആത്മീയ അമ്മയായ ഹേമാമ്മയിലൂടെ... ഹേമലത ടീച്ചറുടെ ജീവിതം തൃശൂര്‍ പാട്ടുരായ്ക്കല്‍ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഹേമലത എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന് രാമസ്വാമി അയ്യര്‍. അമ്മ മീനാക്ഷി. അച്ഛന്റെ അമ്പതാമത്തെ വയസ്സിലും അമ്മയുടെ നാല്പതാമത്തെ വയസ്സിലുമാണ് ദൈവം ആ പൂമ്പാറ്റയെ അവരുടെ കുടുംബത്തിലേക്ക് അയച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ അമ്മ നഷ്ടപ്പെട്ടു. ഡിഗ്രി പഠിക്കുമ്പോള്‍ അച്ഛനും. സഹോദരിമാരുമായി നല്ല ബന്ധം ഉണ്ടെങ്കിലും ഒരു ശൂന്യത ആ പെണ്‍കുട്ടിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ആത്മഹത്യ ചെയ്യണം എന്ന ഒരേ ഒരു ചിന്തയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരുന്ന വ്യക്തി. ശൂന്യത മാറാന്‍ കോളേജുകള്‍ മാറി, രാജ്യം മാറി, പ്രസ്ഥാനങ്ങളുടെ പിറകെ പോയി. പക്ഷേ ആ ശൂന്യത മാറിയില്ല. ഒമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണ് ഡിഗ്രി പഠനം അവസാനിപ്പിച്ചത്. ടീച്ചര്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയാണ്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ക്രൂശിതരൂപം താന്‍ പഠിക്കുന്ന കോണ്‍വെന്റ് സ്കൂള്‍ ചാപ്പലില്‍ കാണുന്നത്. ആ ക്രൂശിത രൂപത്തില്‍ തൊട്ടു കൊണ്ടു ടീച്ചര്‍ ഈശോയോടു ചോദിച്ചു "വാട്ട് ഹാപ്പെന്‍ഡ് ഇന്‍ യുവര്‍ ലൈഫ്?" പിന്നീട് കോണ്‍വെന്റിലെ സിസ്റ്റേഴ്സിനൊപ്പം പ്രാര്‍ത്ഥിക്കാന്‍ കൂടുമായിരുന്നു. 1981 ഡിസംബര്‍ മാസത്തില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോഴാണ് ടീച്ചര്‍ക്ക് പരിശുദ്ധാത്മാഭിഷേകം അനുഭവിക്കാന്‍ സാധിച്ചത്. ഒരു വര്‍ഷം പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. 1982 ഡിസംബര്‍ 8-ന് തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ മാമ്മോദീസായും സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബ്ബാനയും സ്വീകരിച്ചു. മാമ്മോദീസ പേര് മേരി ഹേമലത എന്നാണ്. ജന്മദിനത്തെക്കാള്‍ ടീച്ചര്‍ പരിശുദ്ധാത്മാവിലുള്ള പുതിയ ജന്മദിനമാണ് ആഘോഷിക്കാറുള്ളത്. "ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്" (2 കോറിന്തോസ് 5/17). ഹേമലത എന്ന വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ടീച്ചര്‍ മാത്രമല്ല പലര്‍ക്കും അമ്മയും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു. കൊച്ചുസ്വര്‍ഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുരിശുവരയ്ക്കല്‍ ആയിരുന്നു. ആരെയും നിര്‍ബന്ധിച്ചിട്ടില്ല. എങ്കിലും ജാതിയോ മതമോ നോക്കാതെ എല്ലാവരും ടീച്ചറുടെ അടുത്ത് വന്ന് കുരിശ് വരച്ചു തരാന്‍ പറയുമായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ നീണ്ട നിര ഉണ്ടാകും. ഞങ്ങള്‍ക്ക് അതൊരു ശക്തി ആയിരുന്നു. കൂടാതെ കുട്ടികള്‍ പരസ്പരം കുരിശുവരയ്ക്കും. ഇന്നും ഒരു ഫോണ്‍ സംഭാഷണം ഞങ്ങള്‍ക്കിടയില്‍ അവസാനിക്കുന്നത് പരസ്പരം കുരിശുവരച്ചുകൊണ്ടാണ്. "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ" (1 കോറിന്തോസ് 1/18). ടീച്ചറുടെ മറ്റൊരു പ്രത്യേകത ആരെയും വേര്‍തിരിച്ചു കാണില്ല എന്നതാണ്. ക്ലാസ്സുകളില്‍ കുട്ടികള്‍ ഏറ്റവും മുറിപ്പെടുന്നത് കൂടുതല്‍ പഠിക്കുന്നവരോടും പഠനത്തില്‍ പുറകിലായവരോടും അധ്യാപകര്‍ കാണിക്കുന്ന വിവേചനത്തിലാണ്. കൊച്ചുസ്വര്‍ഗത്തില്‍ കൂടുതല്‍ പഠിക്കുന്നവരെന്നോ പണക്കാരെന്നോ ഭംഗിയുള്ളവരെന്നോ കഴിവുള്ളവരെന്നോ ഒന്നും വേര്‍തിരിവില്ല. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. സ്നേഹത്തെപ്രതിയുള്ള ഉപേക്ഷകള്‍ ഇനി കൊച്ചുസ്വര്‍ഗ്ഗവും ഹേമലത ടീച്ചറും ഞാന്‍ എന്ന ദുഃഖപുത്രിയെ എങ്ങനെ സ്വാധീനിച്ചു എന്ന് പറയാം. ബ്രാഹ്മണാചാര പ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും നെറ്റിയില്‍ പൊട്ട് വയ്ക്കണം. ഈശോയെ സ്വീകരിച്ച ടീച്ചര്‍ തന്റെ ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത വിലപിടിച്ച ആ വസ്തു ഈശോയോടുള്ള സ്നേഹത്തെ പ്രതി ഉപേക്ഷിച്ചു. ഇത് കേട്ടുകൊണ്ടിരുന്ന ഏഴാം ക്ലാസുകാരിയായ ഞാന്‍ തീരുമാനിച്ചു. ഇനി എനിക്കും ഈശോയെപ്രതി പൊട്ട് വേണ്ട. ജീവിതത്തില്‍ ആദ്യമായി, എനിക്ക് ഇഷ്ടപ്പെട്ട ഒന്നിനെ ഈശോയ്ക്കുവേണ്ടി ഉപേക്ഷിക്കാന്‍ അവിടുന്ന് കൃപ തന്നു. തുടര്‍ന്നുള്ള എന്റെ ജീവിതത്തില്‍ ശാസ്ത്രീയസംഗീതം, വയലിന്, നൃത്തം, ചലച്ചിത്രഗാനങ്ങള്‍, സിനിമ അങ്ങനെ പലതും ഈശോയെപ്രതി ഉപേക്ഷിക്കാന്‍ കൃപ ലഭിച്ചു. ഇവയൊക്കെ തെറ്റായതു കൊണ്ടല്ല ഉപേക്ഷിച്ചത്, മറിച്ച് ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നവയായതുകൊണ്ടാണ്. സംഗീതം ഇല്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഹൃദയം പൊട്ടുന്ന വേദനയില്‍ ഗാനങ്ങളുടെ അനേകം സി.ഡികള്‍ കത്തിച്ചു കളഞ്ഞു. ഈശോയോട് ഒരു വാക്ക്, 'ഇവയൊന്നും ഇനി നിന്നെക്കാള്‍ വലുതല്ല എനിക്ക്!' "എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടു കൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ" (ഫിലിപ്പി 3/8-9). എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ഞങ്ങളുടെ കോണ്‍വെന്റ് ചാപ്പലിന്റെ പിറകില്‍ ടീച്ചര്‍ക്കൊപ്പം കുറച്ചു കുട്ടികള്‍ വട്ടത്തിലിരുന്നു ഈശോക്ക് ചെറിയ വാക്കുകളില്‍ നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുമായിരുന്നു. നല്ല മാതാപിതാക്കളെ തന്നതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു.... ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍. "എല്ലാവര്ക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു" (1 തിമോത്തിയോസ് 2/1). ഈശോ ഹേമാമ്മയിലൂടെ എന്റെ ആത്മാവില്‍ തെളിച്ച മെഴുകുതിരിനാളം ഇന്നും കത്തി നില്ക്കുന്നു. അവന്റെ സുവിശേഷം പ്രഘോഷിക്കാന്‍ ഈശോ ഒമ്പതു വര്‍ഷങ്ങളായി അനുവദിക്കുന്നു. രണ്ടുപേരും ഏകസ്ഥജീവിതം തിരഞ്ഞെടുത്തു, നസ്രായനോടുള്ള പെയ്തൊഴിയാത്ത സ്നേഹത്തില്‍... ക്രിസ്മസിനായി നമ്മെ ഒരുക്കുമ്പോള്‍ ചില വഞ്ചിയും വലയുമൊക്കെ അവനായി നമുക്കും ഉപേക്ഷിക്കാം. നമ്മുടെ ചില ഉപേക്ഷിക്കലുകള്‍ നസ്രായന് നേട്ടങ്ങളായി മാറട്ടെ. "ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും" (ഏശയ്യാ 61/7).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍... പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു! ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ പോയി മറയുകയും ചെയ്തു. അവന് പറയുകയാണ്, "അച്ചാ, ശരിക്കും ആ വൈദികന് ദൈവത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുവായിരുന്നു." അവന് ഇത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. എന്റെ ജീവിതത്തിലും ഇതുപോലെ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്, തെറ്റില്‍നിന്നും എന്നെ രക്ഷിച്ച ഇടപെടലുകള്‍. ആളുകളുടെ 'ക്വാളിറ്റി' അഥവാ ഗുണമേന്മ തിരിച്ചറിയാന്‍ ഇത് നല്ലൊരു ഉപാധിയാണെന്നാണ് എന്റെ ഒരു ഇത്. ഫലത്തില്‍നിന്നും വൃക്ഷത്തെ തിരിച്ചറിയാന്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് വേറൊന്നല്ല. കൂടെയുള്ളവരെ പാപത്തിലേക്കും തിന്മയിലേക്കും നയിക്കുന്ന ഇടപെടലുകള്‍ നല്ല വൃക്ഷത്തിന്റെ ലക്ഷണം അല്ല. അവരില്‍നിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം, ഞാനാകുന്ന വൃക്ഷത്തിന്റെ 'ക്വാളിറ്റി'യും പരിശോധിക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെ നന്മയിലേക്ക് നയിക്കാനും പാപത്തില്‍നിന്നും പിന്തിരിപ്പിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ? നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി രൂപാന്തരപ്പെടാം. "നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല... അവരുടെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ അവരെ അറിയും." (മത്തായി 7/17- 20).
By: Father Joseph Alex
Moreമരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് ഫലപ്രദമോ? നമ്മുടെ പ്രാര്‍ത്ഥനകളും കൊച്ചു സഹനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളെക്കുറിച്ച് വായിച്ചത് മുതല്‍ അവരോട് ഒരു പ്രത്യേക സ്നേഹം എനിക്ക് തോന്നിത്തുടങ്ങി. മതബോധന ക്ലാസില്‍നിന്നും തന്ന വിശുദ്ധരുടെ ജീവചരിത്രങ്ങളിലും മറ്റ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലുംനിന്നാണ് മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന അത്തരം ആത്മാക്കളെക്കുറിച്ചുള്ള അറിവുകളും പ്രാര്‍ത്ഥനകളും ലഭിച്ചത്. 'അതുപോലെതന്നെ, 'ഈശോ മറിയം യൗസേപ്പേ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണേ' എന്നുള്ള പ്രാര്‍ത്ഥന ഒരു തവണ ചൊല്ലുമ്പോള്‍ ഒരു ആത്മാവ് സ്വര്‍ഗത്തിലേക്ക് പോകും എന്ന് വായിച്ചപ്പോള്‍മുതല്‍ ദിവസവും പലതവണ ഞാനത് ആവര്‍ത്തിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനകളുടെ ഫലസിദ്ധിയെപ്പറ്റി അധികമൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഏതാണ്ട് 16 വര്‍ഷം മുമ്പ്, ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം ഈ നാളുകളില്‍ എന്റെ ഓര്‍മ്മയില്‍ വന്നു. ആ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്രയുടെ അറിയിപ്പ് വന്നതേ ഞങ്ങള്‍ കൂട്ടുകാര്‍ ത്രില്ലടിച്ചു ചര്‍ച്ച തുടങ്ങി. അപ്പോളാണ് ഒരു കൂട്ടുകാരി സങ്കടപ്പെട്ട് പറയുന്നത്: "എന്റെ വീട്ടില്‍നിന്നും ഉറപ്പായും വിടില്ല. ഇതുവരെ ഒരു ടൂറിനും വിട്ടിട്ടില്ല." സാമ്പത്തികമായി ഞെരുക്കമുള്ള ഒരു കുടുംബത്തിലെ മൂത്ത മകള്‍ ആയിരുന്നു അവള്. ക്ലാസിലെ ഏറ്റവും മിടുക്കിയായ അവള് വരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കും അതൊരു വിരസത ആകുമെന്നുറപ്പ്. എന്തായാലും സമയം ഉണ്ടല്ലോ, അപ്പോഴേക്കും നോക്കാം എന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും അവള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ല. കൂട്ടുകാരെല്ലാവരുംകൂടെ പണം ശേഖരിക്കാമെന്നോ ടീച്ചര്‍മാരോട് പറഞ്ഞു നോക്കാമെന്നോ മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച് ശരിയാക്കാമെന്നോ ഒക്കെ മനസ്സില്‍ വിചാരിച്ചെങ്കിലും അതൊന്നും പ്രായോഗികമാക്കാനുള്ള ധൈര്യം അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു. എന്തായാലും അവളുടെ വിഷമം ഓര്‍ത്തപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ഈശോയോട് പറഞ്ഞു: "ഞാനിത്രയും നാളും പ്രാര്‍ത്ഥിച്ചിട്ട് ഒരു ശുദ്ധീകരണാത്മാവ് എങ്കിലും സ്വര്‍ഗത്തില്‍ പോയിട്ടുണ്ടെങ്കില്‍ ഈശോയേ, ആ ആത്മാവിന്റെ മാധ്യസ്ഥ്യം വഴി കൂട്ടുകാരിയെ ടൂറിനു വിടണമേ" എന്ന്. അന്ന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുവാന്‍ എനിക്ക് പതിവിലും ഉത്സാഹമായിരുന്നു. പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ വന്ന കൂട്ടുകാരി സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്! കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു, "ഒരു തടസവും പറയാതെ എന്നെ ടൂറിന് വിട്ടു. അപ്പച്ചന് ഇതെന്തുപറ്റിയെന്നു എനിക്കിപ്പളും മനസിലാവണില്ല!!" അന്ന് അവള്‍ക്കുണ്ടായ അതേ സന്തോഷം എനിക്കും ഉണ്ടായി. ഞാന്‍ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് വെറുതെയായിട്ടില്ല എന്നൊരു ബോധ്യം മനസ്സില്‍ അങ്ങനെ നിറഞ്ഞുനിന്നു. നാളുകള്‍ കഴിഞ്ഞാണ് 1000 ശുദ്ധീകരണാത്മാക്കളെ രക്ഷിക്കുവാനുള്ള വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന എന്റെ പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയത്. ഹോസ്റ്റല്‍ മുറിയിലെ എന്റെ കിടക്കയുടെ ഭിത്തിവശത്ത് ഞാനത് എഴുതി ഒട്ടിച്ചു, എന്നും രാവിലെയും രാത്രിയും നോക്കി വായിക്കുമായിരുന്നു. ആരുടെയെങ്കിലും മരണ അറിയിപ്പ് കേട്ടാലോ, അത് ഫോണില്‍ മെസേജ് ഇടുമ്പോഴോ ഈ പ്രാര്‍ത്ഥന ചൊല്ലി അത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുന്നത്, എന്റെ ശീലമായി. പ്രാര്‍ത്ഥിക്കുവാനും ഓര്‍മിക്കുവാനും ആരും ഇല്ലാത്തവരെ സഹായിക്കുമ്പോള്‍ അവരുടെ സന്തോഷം നമ്മുടെ മനസ് നിറയ്ക്കുമെന്നത് ശരിയല്ലേ! വിശുദ്ധ കുര്‍ബാനയില്‍, കാഴ്ചവയ്പിന്റെ സമയത്ത് നമുക്ക് അവരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥന വഴി സ്വര്‍ഗത്തിലെത്തുന്ന ആത്മാക്കള്‍ ആവശ്യസമയത്ത് നമ്മളെ തിരിച്ചും സഹായിക്കും, തീര്‍ച്ച. വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന: നിത്യനായ ദൈവമേ, ഈ ദിവസം അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേര്‍ത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായും ലോകമെങ്ങുമുള്ള പാപികള്‍ക്കായും സഭയിലുള്ള പാപികള്‍ക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്കായും ഞാന്‍ സമര്‍പ്പിക്കുന്നു. ആമേന്‍.
By: Tresa Tom T
Moreജീവന്റെയും ശക്തിയുടെയും സൗഖ്യത്തിന്റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടാന്‍... എയ്റോസ്പേസ് ശാസ്ത്രജ്ഞനാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു. ഫോര്‍ബ്സ് മാഗസിന് ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായി തെരഞ്ഞെടുത്ത വ്യക്തികളിലൊരാള്‍. റൊമാനിയ സ്വദേശിയാണെങ്കിലും പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ചൊവ്വാഗ്രഹത്തിലേക്കുള്ള റൊമേനിയയുടെ ആദ്യ സിമുലേഷന്‍ മിഷനില്‍ പങ്കാളിയുമാണ് അദ്ദേഹം. നാസയുമായി സഹകരിച്ചാണ് ഈ മിഷന് നടത്തുന്നത്. ശാസ്ത്രജ്ഞന് എന്ന നിലയില്‍മാത്രമല്ല, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന് എന്നീ നിലകളിലും ഡോ. ഡ്രാഗോസ് പ്രഗല്ഭനാണ്. ബുദ്ധിയായിരുന്നു ഡ്രാഗോസിന്റെ ദൈവം. യുക്തിക്ക് നിരക്കാത്ത യാതൊന്നിനും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെ എല്ലാം സുഗമമായി പോകുമ്പോഴാണ് ഡ്രാഗോസിനെ പിടിച്ചുലയ്ക്കുകയും തളര്‍ത്തിക്കളയുകയും ചെയ്യുംവിധം വലിയ തകര്ച്ചകള് കടന്നുവന്നത്. അതുവരെ കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നടിഞ്ഞു. ബന്ധങ്ങള്‍ അറ്റു. സ്ഥാപനം പൂട്ടേണ്ടിവന്നു. മാതാപിതാക്കള്‍പോലും അകന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ പല തത്വശാസ്ത്രങ്ങളും വിശ്വാസങ്ങളും കൊണ്ട് ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കാന്‍ ഡ്രാഗോസ് ശ്രമിച്ചു. എല്ലാം വിഫലമായി. തെല്ലും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തോന്നിയ നിസ്സഹായാവസ്ഥ. ആത്മഹത്യയെക്കുറിച്ചുമാത്രമായിരുന്നു ആ നാളുകളില്‍ ഡ്രാഗോസിന്റെ ചിന്ത. ക്രിസ്ത്യാനിയായി വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു അദേഹത്തിന്റെ നിസ്സഹായതയുടെ കാരണം. അതിനാല്‍ത്തന്നെ തനിക്ക് സഹായം ചോദിക്കാന്‍ ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നത് ഡാഗോസിന് അറിയില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഡോ. ഡ്രാഗോസിനെ ഹവായിലെ ഫാമിലേക്ക് ക്ഷണിച്ചത്. അവിടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് മാസക്കാലം ഒറ്റയ്ക്ക് താമസിച്ചു. പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്. അങ്ങനെയിരിക്കേ, ഒരു പുസ്തകം വായിച്ചു തുടങ്ങിയ മാത്രയില്‍ ഡോ. ഡ്രാഗോസ് ബ്രറ്റസാനു മറിഞ്ഞുവീണു. വീഴാതിരിക്കുവാന്‍ ശ്രമിച്ചെങ്കിലും വായിച്ച ആ വാക്യത്തിന്റെ ശക്തി അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എങ്കിലും അതുവരെ ബാധിച്ചിരുന്ന നിരാശ നീങ്ങി ആ സമയം ആനന്ദം ഉള്ളില്‍ നിറയുന്നതായി തിരിച്ചറിഞ്ഞു. പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം അദ്ദേഹത്തിന്റെ ശരീരത്തെ പൊതിഞ്ഞു. ജീവിതത്തിലുണ്ടായ ചില വേദനകള്‍ നീങ്ങിപ്പോകുന്നതിനായി പ്രാര്‍ത്ഥിച്ചതിനുള്ള ഉത്തരമായിരുന്നു ആ അനുഭവം. കാതറിന് കോള്മാന് രചിച്ച 'ദ ഗ്രേറ്റസ്റ്റ് പവര്‍ ഇന്‍ ദി വേള്‍ഡ്' എന്ന പുസ്തകമായിരുന്നു ഡോ. ഡ്രാഗോസ് വായിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുസ്തകത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, അവതാരികയിലെ ഒരു വാചകത്തിലൂടെ അദ്ദേഹം വഴിയും സത്യവും ജീവനുമായവനെ തിരിച്ചറിഞ്ഞു. "ഇനിയും യേശുവിനായി നിന്റെ ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!" ഈ വാക്യമാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു എന്ന പ്രശസ്ത ശാസ്ത്രജ്ഞനെ 'വീഴ്ത്തി'യത്.' സാവൂള്‍ കുതിരപ്പുറത്തുനിന്ന് വീണ് പൗലോസ് ആയതുപോലെ പിന്നെ എല്ലാം മാറിമറിയുകയായിരുന്നു. ബുദ്ധികൊണ്ടു മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ശാസ്ത്രജ്ഞന് പിന്നെ പൂര്‍ണ ഹൃദയവും ആത്മാവുംകൊണ്ട് ദൈവത്തെ തേടാന്‍ ആരംഭിച്ചു. അദ്ദേഹം പറയുന്നു: തത്വശാസ്ത്രങ്ങളും മതങ്ങളുമൊക്കെയുണ്ടെങ്കിലും തുറന്ന മനസോടെ യേശുവിലേക്ക് വരുമ്പോള്‍ മുഴുവന്‍ സ്നേഹവും മുഴുവന്‍ ശക്തിയും സ്വര്‍ഗവും അവിടെയാണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാകും. തുറന്ന ഹൃദയത്തോടെ യേശുവിനെ സമീപിക്കുന്നവര്‍ക്ക് ജീവന്റെയും ശക്തിയുടെയും സൗഖ്യത്തിന്റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടുന്നു. ചെയ്യേണ്ടത് ഇത്രമാത്രം. പ്രാര്‍ത്ഥിക്കുക: 'പരിശുദ്ധാത്മാവേ, എന്റെ ഹൃദയത്തിന്റെയും മനസിന്റെയും എല്ലാ വാതിലുകളും ഞാന്‍ അങ്ങേയ്ക്കായി തുറന്നുതരുന്നു. എന്നെത്തന്നെ ഞാന്‍ മുഴുവനായി യേശുവിന് സമര്‍പ്പിക്കുന്നു.' ഡോ. ഡ്രാഗോസിനെ 'വീഴ്ത്തിയ' ചോദ്യം നമ്മോടും കര്‍ത്താവ് ചോദിക്കുന്നുണ്ട്, "ഇനിയും യേശുവിനായി ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!"
By: Shalom Tidings
Moreഅതിവേഗം ഓടുന്ന ആളോട് കണ്ടുനിന്നവര്‍ ചോദിച്ചു: "നിങ്ങള്‍ എന്താ ഓടുന്നത്?" "ഒരു വഴക്കു തീര്‍ക്കാന്‍" "ആരാ വഴക്കുകൂടുന്നത്?" "ഞാനും എന്റെ കൂട്ടുകാരനും..." "കര്‍ത്താവിന്റെ ദാസന് കലഹപ്രിയനായിരിക്കരുത്" (2 തിമോത്തിയോസ് 2/24)
By: Shalom Tidings
Moreശാരീരിക പ്രവണതകളെ നാം എന്തിനു നിഷേധിക്കണം? അധ്യാപികയായ ഒരു സുഹൃത്ത് കൗമാരക്കാരായ കുട്ടികളുമായി വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പഴയകാലത്തെപ്പോലെ, അത്ര എളുപ്പമല്ല പുണ്യത്തില്‍ വളരാന്‍ എന്നായിരുന്നു അവരില്‍ പലരുടെയും അഭിപ്രായം. മാനുഷികമായ പ്രവണതകള്‍ എങ്ങനെയാണ് പാപം ആകുന്നത് എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. അവര്‍ പങ്കുവച്ചത് ഒരര്‍ത്ഥത്തില്‍ ശരിയാണല്ലോ. വസ്ത്രധാരണശൈലിയിലും ജീവിതരീതികളിലും ധാര്‍മിക ചിന്തകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ആ കൊച്ചുമനസുകളിലും പ്രതിഫലിച്ചതില്‍ അത്ഭുതപ്പെടാനില്ല! ധാര്‍മികതയുടെയും മതങ്ങളുടെയും ഒക്കെ വേലിക്കെട്ടുകള്‍ തകര്‍ത്ത് എല്ലാ തിന്മകളും വിരല്‍ത്തുമ്പില്‍ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവരോട് എന്താണ് മറുപടി പറയുക എന്നവള്‍ തെല്ലൊന്നു പരിഭ്രമിച്ചു. പെട്ടെന്ന് ആത്മാവ് കൊടുത്ത പ്രേരണയനുസരിച്ച് അവള് അവരോടു ചോദിച്ചു: "കുഞ്ഞുങ്ങളേ, നിങ്ങള്‍ എന്തിനാണ് വലിയ ഉത്സാഹത്തോടെ ദിവസേന ജിംനേഷ്യത്തില്‍ പോകുന്നത്. ശരീരം സൂക്ഷിക്കാന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും ചിലത് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്? വിശപ്പും രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും ഒക്കെ സാധാരണ ശാരീരിക പ്രവണതകള്‍തന്നെയല്ലേ. എങ്കിലും ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവുമൂലം വേണ്ടെന്നു വയ്ക്കുന്നു. അതുവഴി ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും കൂടുന്നതുപോലെതന്നെയാണ് നമ്മുടെ ആത്മാവിന്റെ കാര്യവും. ദൈവാത്മാവ് വസിക്കുന്ന നമ്മുടെ ആത്മാവിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി ബോധപൂര്‍വകമായ ചില തിരഞ്ഞെടുപ്പുകളും വര്‍ജനങ്ങളും അത്യാവശ്യമാണ്." എത്ര സത്യമാണ്! വിശുദ്ധിയിലേക്കുള്ള വിളിക്ക് നാം പ്രത്യുത്തരിക്കുമ്പോള്‍ അത് ഹൃദയപൂര്‍വകമായ ഒരു തിരഞ്ഞെടുപ്പാണ്. നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തിന്റെ ഒപ്പം നില്‍ക്കാനുള്ള ഒരു ഉത്തമ തീരുമാനം. നമ്മുടെ പിതാവിന്റെ മക്കളാണ് നാം എന്നു സാക്ഷ്യം നല്കുവാനുള്ള മനോഹരമായ അവസരങ്ങള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ നാം നേരിടുന്ന പ്രലോഭനങ്ങള്‍? എന്റെ ദൈവത്തെ എനിക്ക് മതി എന്നും അവന് ഇഷ്ടമില്ലാത്തതൊന്നും വേണ്ട എന്നുമുള്ള ഒരു തിരഞ്ഞെടുപ്പ് ആണത്. വിശുദ്ധിയില്‍ വളരാനുള്ള ആദ്യപടി അത് ദൈവത്തില്‍ എത്താനുള്ള 'ഒരു മാര്‍ഗം അല്ല, ഏകമാര്‍ഗം' ആണെന്നു മനസിലാക്കുകയാണ്. ശുദ്ധത എന്ന പുണ്യത്തിന്റെ പ്രാധാന്യം നമ്മുടെ ദൈവത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വിശുദ്ധി പാലിക്കുകയാണ്. "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും" (മത്തായി 5/8). ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുമ്പോഴാണ് നാം സന്തോഷമുള്ളവരും ശക്തിയും പ്രത്യാശയുള്ളവരും ആയി മാറുന്നത്. ദൈവസാന്നിധ്യം നമുക്ക് ആത്മധൈര്യം പകരും. എന്നാല്‍ അശുദ്ധി ദൈവസാന്നിധ്യം നഷ്ടപ്പെടുത്തുകയും അതുവഴി നാം അസ്വസ്ഥരും ദുര്‍ബലരുമായിത്തീരുകയും ചെയ്യും. "വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല" (ഹെബ്രായര്‍ 12/14). ശുദ്ധത എന്ന പുണ്യം ഒരു ശക്തിസ്രോതസാണ്. ആത്മീയയുദ്ധത്തില്‍ നമ്മുടെ ആവനാഴിയില്‍ സാത്താന് എതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധങ്ങളില്‍ ഒന്നാണ് അത്. നമ്മുടെ വിശുദ്ധി, നാം ആരുമായൊക്കെ സമ്പര്‍ക്കത്തില്‍ ആകുന്നോ അവരിലേക്കും പകരപ്പെടുന്നു. നാം ദൈവത്തിന്റെ ആലയങ്ങള്‍ ആയിരിക്കുന്നതുകൊണ്ടും നമ്മുടെ ശരീരങ്ങളെ വിശുദ്ധമായി സൂക്ഷിക്കണം. "നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1 കോറിന്തോസ് 6/19-20). നമുക്ക് ജീവന് പകര്ന്നവന് അധിവസിക്കുന്ന നമ്മുടെ ശരീരത്തെയും മനസിനെയും എത്ര ഭംഗിയായും ശുദ്ധമായും സൂക്ഷിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ശുദ്ധത പാലിക്കാനുള്ള മാര്‍ഗങ്ങള്‍ 1. പ്രാര്‍ത്ഥന പലപ്പോഴും വിശുദ്ധിക്കെതിരായ തെറ്റുകളെ നാം ബലഹീനതയായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ബലം നല്കുന്ന പരിശുദ്ധാത്മാവിനെ സഹായകനായി കര്‍ത്താവ് നല്‍കിയിട്ടുണ്ട്. അതുപോലെ പ്രാര്‍ത്ഥനയിലൂടെ ബലവാനായ ദൈവത്തോട് ഒന്നുചേരുമ്പോഴും നാം ബലവാന്മാരായിത്തീരും. വിശുദ്ധ അല്‍ഫോന്‍സ് ലിഗോറി പറയുന്നതിപ്രകാരമാണ്. "ശക്തരായ ആളുകളും ദുര്‍ബലരും എന്നൊന്ന് ഇല്ല. നന്നായി പ്രാര്‍ത്ഥിക്കാന്‍ അറിയുന്നവരും അറിയാത്തവരുംമാത്രം." പ്രാര്‍ത്ഥനയാണ് എല്ലാ പുണ്യങ്ങളുടെയും വിളനിലവും അവ വളരാനുള്ള ശക്തിസ്രോതസും. 2. കൂദാശാസ്വീകരണം എല്ലാത്തിലും ഉപരിയായി കൂടെക്കൂടെയുള്ള കൂദാശാസ്വീകരണങ്ങള്‍ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും സ്ഥൈര്യപ്പെടുത്തുകയും ചെയ്യും. വിശുദ്ധ കുമ്പസാരം നമ്മുടെ ഹൃദയങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളുടെ സ്വീകരണം നമ്മെ ജീവിക്കുന്ന സക്രാരികളാക്കി മാറ്റുന്നു. 3. സംസാരത്തിലുള്ള വിശുദ്ധി സഭ്യമല്ലാത്ത ഒരു സംഭാഷണത്തിലും ഏര്‍പ്പെടാതിരിക്കുക. നേരമ്പോക്കിനായിപ്പോലും അത്തരത്തില്‍ ഒരു വാക്ക് നമ്മില്‍നിന്ന് പുറപ്പെടാതെ ഇരിക്കട്ടെ. നമ്മുടെ നാവിനെ നാം പരിശുദ്ധാത്മാവിന് സമര്‍പ്പിക്കണം. കാരണം "ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്" (യാക്കോബ് 3/8). ദൈവഹിതത്തിന് എതിരായ ഒരു വാക്കുപോലും അത് ഉച്ചരിക്കാതിരിക്കട്ടെ. 4. കണ്ണുകളുടെ വിശുദ്ധി "കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും" (മത്തായി 6/22). ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ കണ്ണുകളെ ദൈവത്തിന് സമര്‍പ്പിക്കുക. നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നവര്‍ നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തെ കാണട്ടെ. കണ്ണുകള്‍ നമ്മുടെ ആത്മാവിലേക്കുള്ള ജനാലകള്‍ ആണ്. കണ്ണുകളിലൂടെ പ്രവേശിക്കുന്ന ഏതൊരു തിന്മയും നമ്മുടെ ആത്മാവിനെ ഇരുട്ടിലേക്ക് തള്ളിത്താഴ്ത്തും. അലസതയുള്ള മനസ് സാത്താന്റെ പണിപ്പുരയാണെന്ന് വിസ്മരിക്കരുത്. എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതര്‍ ആയിരിക്കാന്‍ തന്റെ സഹവൈദികരെയും ഒറേട്ടറിയിലെ കുട്ടികളെയും വിശുദ്ധ ഡോണ്‍ബോസ്കോ പ്രോത്സാഹിപ്പിച്ചിരുന്നു. അവധിക്കാലം സാത്താന്റെ കൊയ്ത്തുകാലം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നമ്മുടെ ഒഴിവുസമയങ്ങളും സന്തോഷങ്ങളും വിശുദ്ധീകരിക്കപ്പെടട്ടെ, അവ ദൈവം സ്വന്തമാക്കട്ടെ. 5. വിവേകം "സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന് അപഹരിക്കും" (പ്രഭാഷകന്‍ 21/2). പാപസാഹചര്യങ്ങളെ തിരിച്ചറിയുവാനും അവയില്‍നിന്നും ഓടിയകലുവാനും സാധിക്കുന്നതുവഴി മാത്രമേ ശുദ്ധത പാലിക്കുവാന്‍ സാധിക്കൂ. സാത്താന്റെ കുടിലതന്ത്രങ്ങളെകുറിച്ച് ബോധവാന്മാരാകുക. ഒരു യുദ്ധം ജയിക്കുവാന്‍ ശത്രുവിന്റെ തന്ത്രങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നാല്‍ മാത്രമേ സാധിക്കൂ. 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു' (1 പത്രോസ് 5:8). നാം എപ്പോഴും സമചിത്തതയോടെ ഉണര്‍ന്നിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. ഒരു ചെറിയ ശ്രദ്ധക്കുറവ് പാപത്തിലേക്ക് നയിച്ചേക്കാം. ഒരു ചെറിയ പാപം ഒരു മാരകപാപത്തിലേക്കും. ഏറ്റവും ചെറിയ ഒരു പാപസാഹചര്യത്തില്‍നിന്നുപോലും ഒഴിഞ്ഞുമാറുക. പാപത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു കൗതുകത്തിനും അടിമപ്പെടാതിരിക്കുക. 6. ദൈവിക സുഹൃദ്ബന്ധങ്ങള്‍ നമ്മെ നന്മയിലേക്ക് നയിക്കുന്നതും ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുമായ നല്ല സുഹൃത്തുക്കള്‍ നമുക്ക് ഉണ്ടാകട്ടെ. "വിശ്വസ്തനായ സ്നേഹിതന് ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന് അവനെ കണ്ടെത്തും" (പ്രഭാഷകന്‍ 6/16). നമ്മുടെ സ്നേഹം വിശുദ്ധീകരിക്കപ്പെടട്ടെ. പലപ്പോഴും ചില സ്നേഹബന്ധങ്ങള്‍ അശുദ്ധിയുടെ വാതിലുകളാണ്. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന വലിയൊരു സമ്പത്താണ് സ്നേഹം. അത് വിവേകത്തോടെ മാത്രം മറ്റുള്ളവരിലേക്ക് ചൊരിയുക. 7. മരിയഭക്തി ശുദ്ധത പാലിക്കാനുള്ള ഒരു പ്രധാന വഴി നമ്മുടെ പരിശുദ്ധ അമ്മയാണ്. അമ്മ സ്വര്‍ഗത്തിലേക്കുള്ള ഒരു ഗോവണിയാണെന്ന് പറയാം. അവളോട് ചേര്‍ന്നു മുന്നേറിയാല്‍ നാം വീണുപോയാലും അവള് നമ്മെ കൈവിടുകയില്ല. ജപമാലയിലൂടെ അവളോടൊപ്പം നാം ഒന്നായി ബന്ധിക്കപ്പെട്ടിരിക്കണം. വിശുദ്ധര്‍ എല്ലാവരും അവളോട് പ്രത്യേക ഭക്തിയും വണക്കവും ഉള്ളവര്‍ ആയിരുന്നല്ലോ. പ്രലോഭനങ്ങളെ നേരിടാനുള്ള വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ഒരു കൊച്ചുപ്രാര്‍ത്ഥന ഇപ്രകാരം ആയിരുന്നു, "മറിയമേ സഹായിച്ചാലും." തിന്മയ്ക്കെതിരെയുള്ള ഏറ്റവും നല്ല ആയുധമാണ് മരിയഭക്തി. മറ്റു സുകൃതങ്ങളെപ്പോലെതന്നെ, അനായാസേന ലഭിക്കുന്ന ഒന്നല്ല വിശുദ്ധി. നമുക്ക് പ്രിയപ്പെട്ട പലതും വേണ്ട എന്നുവയ്ക്കുവാന്‍ അല്പം ത്യാഗമനോഭാവം ആവശ്യമാണ്. എന്നാല്‍ അതിന്റെയൊക്കെ പരിണത ഫലം വളരെ മനോഹരമാണ്. നമുക്ക് ചുറ്റിനും, അത് നാം വസിക്കുന്ന സ്ഥലങ്ങളില്‍ ആണെങ്കിലും ചുറ്റുമുള്ള ജീവിതങ്ങളില്‍ ആണെങ്കിലും അതിന്റെ തേജസ് പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. ജീവിതം ഹ്രസ്വമാണ്, സ്വര്‍ഗം നിത്യതയും! വിശുദ്ധിയുള്ള ഒരു ജീവിതം പിന്തുടര്ന്ന് നാം ഈ ജീവിതത്തില്‍ ദൈവത്തിന്റെ സൗന്ദര്യത്തെ ധ്യാനിക്കുകയാണെങ്കില്‍, നിത്യതയില്‍ നാം അവിടുത്തെ തിരുമുഖത്തിന്റെ സൗന്ദര്യം ദര്‍ശിച്ചാനന്ദിക്കും! പ്രാര്‍ത്ഥന: സ്നേഹത്തിന്റെ നിറകുടമായ ഈശോയേ, ശുദ്ധതയ്ക്ക് എതിരായ എല്ലാ പാപങ്ങളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. അവയിലേക്ക് നയിക്കുന്ന ഞങ്ങളുടെ എല്ലാ ചിന്തകളെയും താല്പര്യങ്ങളെയും കൗതുകത്തെയും ഞങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്ന ദൈവാലയങ്ങള്‍ ആണെന്ന് മറക്കാതെയിരിക്കുവാനും ഞങ്ങളുടെ ശരീരങ്ങളെ സജീവ ബലിയായി അങ്ങേക്ക് സമര്‍പ്പിക്കുവാനുമുള്ള കൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ.
By: Deepa Vinod
Moreമയക്കുമരുന്നില്‍നിന്നും രക്ഷപ്പെട്ട ഒരു യുവാവിന്റെ ജീവിതകഥ. കുറേ നാളുകള്‍ക്കുമുമ്പ് ഒരു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒരു യുവാവ് എന്നെ കാണണം എന്നുപറഞ്ഞു. അവന് എന്നോട് ചോദിച്ചു, "ഞാന്‍ ചേട്ടനെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ." "അതിനെന്താടാ" എന്നായിരുന്നു എന്റെ മറുപടി. അവന് കരയാന്‍ തുടങ്ങി. എന്റെ നെഞ്ചില്‍ ചാരിക്കിടന്ന് ഏങ്ങിക്കരയുന്ന അവനോട് ഞാന്‍ ചോദിച്ചു, "എന്തുപറ്റി?" "ചേട്ടാ, ഞാന്‍ മയക്കുമരുന്നിന് അടിമയാണ്. ഒരുപാട് ചികിത്സയൊക്കെ ചെയ്തു. ഒത്തിരി കൗണ്‍സിലിങ്ങിന് പോയി. പല ധ്യാനങ്ങളില്‍ പങ്കെടുത്തു. നിര്‍ത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ എനിക്ക് 23 വയസായി. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം. എന്നെയൊന്ന് സഹായിക്കുമോ?" അവിടെ മാതാവിന്റെ ഗ്രോട്ടോ ഉണ്ട്. ഞാനവനെ അതിന്റെ ചുവട്ടില്‍ ഇരുത്തി ചോദിച്ചു, "ആട്ടെ, നീ എപ്പഴാ ഇതാദ്യമായി ഉപയോഗിച്ചത്?" "എന്റെ പതിമൂന്നാമത്തെ വയസില്‍ കഞ്ചാവടിച്ചാണ് തുടക്കം." "അതിനെന്താ കാരണം, എവിടുന്ന് കിട്ടി?" "എന്റെ ചേട്ടാ അതിന് എന്റെ അപ്പനാണ് കാരണം. ചേട്ടനറിയുവോ, എന്റെ അപ്പന് ഒരു മുഴുക്കുടിയനാണ്. എന്നും വെള്ളമടിച്ചുവന്ന് എന്റെ അമ്മയെ തല്ലും. എന്റെയമ്മ കരയാത്ത ഒരു രാത്രി ഞാന്‍ കണ്ടിട്ടില്ല. എന്റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഈസ്റ്റര്‍ ആഘോഷിച്ചിട്ടില്ല. ബന്ധുക്കള്‍ ആരുംതന്നെ വരില്ല. ഞങ്ങളെ ഒരു ഫംഗ്ഷനും വിളിക്കില്ല. എന്റെ ഒരു ബര്‍ത്ത്ഡേ ആഘോഷിച്ചിട്ടില്ല. എന്നെ എന്റെ അപ്പന് ഉമ്മവച്ച ഓര്മ എനിക്കില്ല. എവിടെയെങ്കിലും ഉടുതുണി ഇല്ലാണ്ട് കിടക്കും. ഞാനും എന്റെ അമ്മയുമാണ് എടുത്തോണ്ട് വരുന്നത്. എന്റെ പതിമൂന്നാമത്തെ വയസില്‍ ഇതുപോലൊരു ദിവസം ആ മനുഷ്യന് വെള്ളമടിച്ചുവന്നു. ഒരു പലകക്കഷണംകൊണ്ട് അമ്മയുടെ ഇടതു കരണത്തിന് അടിച്ചു. അമ്മയുടെ ഇടതുചെവിയില്‍നിന്ന് രക്തം ഒലിച്ചു. അതോടുകൂടി അമ്മയുടെ ഇടതുചെവിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടു. എനിക്കത് കണ്ടുനില്ക്കാന് പറ്റിയില്ല. ഞാനെന്റെ അപ്പനെ തല്ലി. അതിനുശേഷം ഒരു കുറ്റബോധം വീശാന്‍ തുടങ്ങി - അപ്പനെ തല്ലിയവന്. എന്നെ മനസിലാക്കാനോ ഒന്നു തുറന്നു പറയാനോ ആരുമില്ല. എന്നോടാരോ ഉള്ളില്‍നിന്നും പറയും, നീ അപ്പനെ തല്ലിയവനാണ്. അവസാനം ചെന്നുപെട്ടത് ഒരു മാടക്കടയിലാണ്. കഞ്ചാവ് വലിച്ച് ബോധം നഷ്ടപ്പെടുത്താന്‍ തുടങ്ങി. പിന്നീട് ബോധത്തോടിരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ക്രമേണ എന്നെ ഈ അവസ്ഥയിലെത്തിച്ചു. ഡ്രഗ് അന്വേഷിച്ചു ഞാന്‍ ബ്ലാക്ക്മാസില്‍വരെ ചെന്നുപെട്ടു. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം ചേട്ടാ." ഞാന്‍ പറഞ്ഞു, "എടാ, നിന്നെ ഒരിക്കലും കുറ്റപ്പെടുത്താന്‍ പറ്റില്ല. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നു. ഇതിന്റെ മറ്റൊരു ഭാഗം ആരും ശ്രദ്ധിക്കാതെ കിടപ്പുണ്ട് മോനേ. നീ പതിമൂന്നാമത്തെ വയസില്‍ അപ്പന് വെള്ളമടിച്ച് അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ അപ്പനെ തല്ലി. അതിന്റെ കുറ്റബോധം സഹിക്കാന്‍ പറ്റാതെയല്ലേ കഞ്ചാവടിച്ചു തുടങ്ങിയത്. ഇനി നീ അപ്പന്റെ ഭാഗത്തുനിന്ന് ചിന്തിച്ചേ. നിന്റെ അപ്പന് എന്ത് കണ്ടിട്ടാവും ആദ്യമായി ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ഇതുപോലൊരു മോശം ചരിത്രം നിന്റെ അപ്പനുമുണ്ട്. നിന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ദൈവം നിന്നോട് കാട്ടിയ കരുണ എന്നെപ്പോലൊരുവനെ നിന്റെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നു, നിനക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍. ഇതുപോലെ നിന്റെയപ്പന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ആരേലും ചെന്നിരുന്നെങ്കില്‍ നിന്റെയമ്മയെ തല്ലുന്നത് നിനക്ക് കാണേണ്ടിവരില്ലായിരുന്നു. നിന്റെ അപ്പന് യഥാര്‍ത്ഥത്തില്‍ കുറ്റക്കാരനാണോ?" ഇതുകേട്ടപ്പോള്‍ അവന് വീണ്ടും കരയാന്‍ തുടങ്ങി. അത് മാപ്പിന്റെ, വീണ്ടെടുപ്പിന്റെ, കണ്ണുനീരായിരുന്നു. അവന്റെ അപ്പനോടവന്‍ ക്ഷമിച്ചു. തന്നെ ചതിച്ച യാക്കോബിനെ കണ്ടപ്പോള്‍ ഏസാവ് ക്ഷമ നല്കി ആലിംഗനം ചെയ്തനേരം യാക്കോബ് പറഞ്ഞു, ചേട്ടാ, നിനക്ക് ദൈവത്തിന്റെ മുഖമാണ്. ആ മകന്റെ മുഖത്തും ആ ദൈവികചൈതന്യം തുളുമ്പുന്നത് കണ്ടു. അവന് മയക്കുമരുന്ന് അടിമത്തില്‍നിന്നും കര്‍ത്താവ് മോചനം നല്കി. ചില മാപ്പുകൊടുക്കലിന്, വിട്ടുകൊടുക്കലിന് പല പാപബന്ധനങ്ങളെയും പൊട്ടിച്ചെറിയാന്‍ സാധിക്കും. "...ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും" (ലൂക്കാ 6/37).
By: ജോര്‍ജ് ജോസഫ്
Moreഒരു രാജാവിന് രണ്ട് പരുന്തിന്‍കുഞ്ഞുങ്ങളെ സമ്മാനമായി കിട്ടി. കാണാന്‍ നല്ല ഭംഗിയുള്ള രണ്ട് പരുന്തിന്‍കുഞ്ഞുങ്ങള്‍. അവയെ പരിപാലിക്കാനും പരിശീലിപ്പിക്കാനുമായി ഒരാളെ രാജാവ് നിയോഗിച്ചു. അങ്ങനെ കുറച്ചുനാളുകള്‍ കടന്നുപോയി. പൂര്‍ണവളര്‍ച്ചെയത്തിയപ്പോള്‍ അവ പറക്കുന്നത് കാണാന്‍ രാജാവിന് ആഗ്രഹം. ഒരു ദിവസം തന്റെ മുന്നില്‍വച്ച് അവ പറക്കുന്നത് കാണിച്ചുതരണമെന്ന് രാജാവ് പരിശീലകനോട് ആവശ്യപ്പെട്ടു. പറഞ്ഞതുപ്രകാരം നിശ്ചിതസമയത്ത് രാജാവ് എത്തി. പരുന്തുകള്‍ ഒരു മരക്കൊമ്പില്‍ ഇരിക്കുകയാണ്. പരിശീലകന് അടയാളം നല്‍കിയതോടെ രണ്ട് പരുന്തുകളും അതാ പറന്നുയരുന്നു. രാജാവിന് ഏറെ സന്തോഷം. പക്ഷേ നോക്കിക്കൊണ്ടിരിക്കേ, ഒരു പരുന്ത് അല്പദൂരം ഉയര്‍ന്നുപറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരുന്നു. മറ്റേ പരുന്താകട്ടെ ഉയരങ്ങളില്‍ പറന്നുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അത് തിരികെ വന്നത്. ഇതുകണ്ട് രാജാവിന് അല്പം വിഷമമായി. പരിശീലകന് വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും ആദ്യത്തെ പരുന്ത് അധികദൂരം പറന്നില്ല. പല ദിവസങ്ങളിലും ശ്രമം ആവര്‍ത്തിച്ചെങ്കിലും ആ പരുന്ത് അല്പം പറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരിക്കുകയാണ് ചെയ്തത്. ആ പരുന്ത് പറക്കുന്നതുകാണാനുള്ള ആഗ്രഹത്താല്‍ അതിനെ ഉയരത്തില്‍ പറപ്പിക്കുന്നവര്‍ക്ക് കനത്ത പാരിതോഷികം രാജാവ് വാഗ്ദാനം ചെയ്തു. പല പണ്ഡിതരും എത്തി. പക്ഷേ അവരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞ് ഒരു പാവം കര്ഷകന് പരുന്തുകളെ വളര്‍ത്തുന്നിടത്ത് ചെന്നു. പരിശീലകന് അയാളുടെ ആവശ്യപ്രകാരം പരുന്തുകള്‍ക്ക് പറക്കാന്‍ അടയാളം നല്കി. അല്പം കഴിഞ്ഞപ്പോള്‍ അതാ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം പറക്കാത്ത പരുന്തും ഉയര്‍ന്നുപറക്കുന്നു! കാര്യങ്ങളറിഞ്ഞ രാജാവ് വാഗ്ദാനം ചെയ്ത സമ്മാനങ്ങളെല്ലാം അയാള്‍ക്ക് നല്കി. എന്ത് വിദ്യ ചെയ്തിട്ടാണ് പരുന്തിനെ പറത്തിയതെന്നായിരുന്നു രാജാവിന് അറിയേണ്ടിയിരുന്നത്. ആ പരുന്ത് പതിവായി ഇരിക്കാറുള്ള മരക്കൊമ്പ് വെട്ടിക്കളയുകയാണ് താന്‍ ചെയ്തത് എന്ന് കര്ഷകന് ഉത്തരം നല്കി. നമ്മുടെ ചില പതിവുസുഖങ്ങളുടെ മരക്കൊമ്പുകള്‍ കര്‍ത്താവ് വെട്ടിക്കളയുന്നത് നാം ഉയര്‍ന്നുപറക്കാനാണ്. "താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു"ڔ(ഹെബ്രായര്‍ 12/6)
By: Shalom Tidings
Moreഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാന്‍... ഒരു ആശ്രമദൈവാലയത്തില്‍ വാര്‍ഷികധ്യാനം നടക്കുകയായിരുന്നു. ദൈവാലയത്തിനു പുറത്ത് സ്റ്റേജിലാണ് ധ്യാനം. ഞാന്‍ കുമ്പസാരം കഴിഞ്ഞ് ദൈവാലയത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. പുറത്ത് സ്തുതിപ്പും പാട്ടുമൊക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും ആ ദൈവാലയത്തിനുള്ളിലെ നിശബ്ദതയെ ഭേദിക്കാത്തത് എന്നെ ആശ്ചര്യപ്പെടുത്തി. ആ നിശബ്ദതയില്‍ മനസിലേക്കുവന്ന ഒരു ചോദ്യം ഞാന്‍ വ്യക്തമായി കേട്ടു. "എന്തുകൊണ്ട് നിനക്കും ഒരു വൈദികനായിക്കൂടാ...?" ആ ചോദ്യത്തോടുകൂടിയാണ് എന്റെ ദൈവവിളി ആരംഭിക്കുന്നത്. മനസില്‍നിന്നുയര്‍ന്ന ചോദ്യം സക്രാരിക്കുള്ളിലെ ദിവ്യകാരുണ്യനാഥനില്‍നിന്നുമാണ് വന്നതെന്ന് ഞാന്‍ മനസിലാക്കി. അന്നുമുതല്‍ ദിവ്യകാരുണ്യ ഈശോയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി. അതിനുശേഷം ദിവ്യകാരുണ്യത്തെക്കുറിച്ച് കൂടുതലായി അറിയാനുള്ള ആഗ്രഹമായി. ആന്റണി നെറ്റിക്കാട്ടച്ചന്റെ 'ദിവ്യകാരുണ്യ അത്ഭുതങ്ങള്‍' എന്ന പുസ്തകം പലയാവര്‍ത്തി വായിച്ച് ദിവ്യകാരുണ്യനാഥന്റെ സ്നേഹത്തില്‍ ആഴ്ന്നുപോവുകയും കൂടുതല്‍ അറിയാനുള്ള ആഗ്രഹം വളരുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ വിശുദ്ധ പാദ്രേ പിയോയുടെ വിശുദ്ധ കുര്‍ബാനയോടുള്ള അതീവമായ ഭക്തിയും സ്നേഹവും നിരന്തരം എന്നെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, ആ നാളുകളില്‍ ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാനയ്ക്കുമുന്നില്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചോ ഏകാന്ത പ്രാര്‍ത്ഥനകളുടെ ശക്തിയെക്കുറിച്ചോ എനിക്കറിവില്ലായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നതിനുശേഷമാണ് ഏകാന്ത പ്രാര്‍ത്ഥനയിലേക്ക് കടക്കുന്നത്. സെമിനാരിയിലെ ആദ്യത്തെ ദിവസംതന്നെ എനിക്ക് അതിനുള്ള പ്രേരണ ഉണ്ടായി. നിശാപ്രാര്‍ത്ഥനയ്ക്കുശേഷം എല്ലാവരും എഴുന്നേറ്റുപോകുമ്പോള്‍ ദൈവാലയത്തിനുള്ളില്‍ ഈശോ തനിച്ചാകുമല്ലോ എന്ന ചിന്ത എന്റെയുള്ളില്‍ നിറഞ്ഞു. അന്നുമുതല്‍ എല്ലാ ദിവസവും അരമണിക്കൂറെങ്കിലും ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ നിശബ്ദനായിരിക്കുന്നത് ശീലമാക്കി. ഒരു ദിവസം ചാപ്പലില്‍ ഇരിക്കുമ്പോള്‍ ശക്തമായൊരു പ്രലോഭനം ഉണ്ടായി. ഉള്ളിലിരുന്നാരോ എഴുന്നേറ്റു പോകാന്‍ പറയുന്നതുപോലെ. ഞാന്‍ എഴുന്നേറ്റു മുട്ടുകുത്തി കുരിശുവരയ്ക്കാനാരംഭിച്ചു. അപ്പോള്‍ ഉള്ളില്‍നിന്ന് മറ്റൊരു സ്വരം ഞാന്‍ കേട്ടു. "എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലേടാ." ഞാന്‍ ഞെട്ടിപ്പോയി. വീണ്ടും ചാപ്പലില്‍ത്തന്നെ ഇരുന്നു. ഏകാന്തവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇത്തരത്തില്‍ എഴുന്നേറ്റു പോകാന്‍ തോന്നുമ്പോള്‍ ഇപ്പോഴും ഇങ്ങനെയൊരു തേങ്ങല്‍ കേള്‍ക്കാറുണ്ട്. അന്നുമുതല്‍ ഞാന്‍ മറ്റൊരു കാര്യവുംകൂടി മനസിലാക്കിത്തുടങ്ങി. ഓരോ മനുഷ്യനോടും ഈശോയ്ക്ക് ഒരുപാടൊരുപാട് സംസാരിക്കാനുണ്ട്. ഏറെ കളിതമാശകള്‍ പറയുവാനുണ്ട്. നമ്മുടെ ജീവിതത്തിനാവശ്യമായ തിരുത്തലുകള്‍ അവിടുത്തേക്ക് നല്‍കാനുണ്ട്. പക്ഷേ, നമ്മുടെ ഉച്ചസ്ഥായിയിലുള്ള പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കുമിടയില്‍ അവിടുത്തെ സ്വരം നാം ശ്രവിക്കാതെ പോകുന്നു. അവിടുത്തേക്ക് പറയുവാനുള്ളതൊന്നും നാം കേള്‍ക്കുന്നില്ല. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സോറെന് കീര്‍ക്കെഗോറിന്റെ അഭിപ്രായത്തില്‍ പ്രാര്‍ത്ഥന എന്നത് ദൈവസന്നിധിയില്‍ പ്രശാന്തതയോടെ നിശ്ചലനായിരിക്കുക എന്നതും ദൈവം സംസാരിക്കുന്നത് കേള്‍ക്കുവോളം കാത്തിരിക്കുക എന്നതുമാണ്. വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ ശാന്തമായ സ്വരം ശ്രവിക്കണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നിശബ്ദത അനിവാര്യമാണ്. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ മണിക്കൂറുകള്‍ മുട്ടിന്മേല് നിന്നതിന്റെ ഫലമാണ് കര്‍മലീത്താസഭയുടെ നവീകരണവും 'സുകൃതസരണി' എന്ന ഗ്രന്ഥവുമൊക്കെ. സാന്‍ ഡാമിയാനോ ദൈവാലയത്തിലെ നിശബ്ദതയില്‍കേട്ട യേശുവിന്റെ സ്വരത്തില്‍നിന്നാണ് ഫ്രാന്‍സിസ് അസീസി രണ്ടാം ക്രിസ്തുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഈശോപോലും നിശബ്ദതയില്‍ പിതാവിനോ ട് പ്രാര്‍ത്ഥിക്കുന്നതായി വചനത്തില്‍ നാം കാണുന്നു. "അതിരാവിലെ അവന് ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു" (മര്‍ക്കോസ് 1/35). ഏറെ ആശങ്കകളും നെടുവീര്‍പ്പുകളും ഓട്ടപ്പാച്ചിലുകളും ശബ്ദമുണ്ടാക്കുന്ന ഈ ലോകത്ത് എല്ലാം മറന്ന് അല്പസമയം ദിവ്യകാരുണ്യനാഥന് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതുതന്നെ മതിയാകും നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍. ദിവ്യകാരുണ്യത്തിന്റെ മുമ്പിലിരിക്കുമ്പോള്‍ അവിടുത്തെ സ്നേഹത്തില്‍ നാം അലിഞ്ഞുചേരും. ഉത്തരം കിട്ടാതെ മനസില്‍ കൊണ്ടുനടക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. പ്രതിസന്ധികളെ മറികടക്കാനുള്ള ഊര്‍ജം അവിടുന്ന് നമുക്ക് തരും. "അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്" (സങ്കീര്‍ത്തനങ്ങള്‍ 84/10).
By: Brother Anson Jose
Moreകോഴിക്കോട് അമലാപുരി പള്ളിയില്‍ ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. യുവാവ് ബാഗില്‍ നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന്‍ ഒരുങ്ങി. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര്‍ ഒരു വാക്കുപോലും പറയാതെ, ആ യുവാവിനെ പള്ളിക്കു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്റെ കണ്ണുംകാതും ജിജ്ഞാസയോടെ അവരെ അനുഗമിച്ചു. പള്ളിക്കു പുറത്തിറങ്ങിയ ശേഷം അവര്‍ പറഞ്ഞു, ‘ഇത് ഇവിടെ അനുവദനീയമല്ല. പള്ളിക്കുള്ളില്‍ ഫോണ്‍ പാടില്ല. ദൈവാലയത്തികത്തിരുന്ന് ഫോണില്‍ സംസാരിക്കരുതെന്ന് അറിയില്ലേ? ഇനിമേലില്‍ ഒരു ദൈവാലയത്തിലും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല.’ അവരുടെ ശക്തിയുള്ള വാക്കുകള്‍ ദൈവാലയത്തിനുള്ളില്‍ കേള്‍ക്കാന്‍മാത്രം ഉറക്കെയായിരുന്നു. ഈ അക്രൈസ്തവ സഹോദരിയുടെ ബോധ്യവും ആദരവും തീക്ഷ്ണതയും ഭക്തക്രിസ്ത്യാനികളായ നമുക്കുണ്ടോ? സ്വര്‍ഗം കണ്ണുപൊത്തിപ്പോകുന്ന ചില പ്രവൃത്തികള്‍ പള്ളികളില്‍ കത്തോലിക്കാ വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ലേ? പരസ്യമായി എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ മുമ്പിലിരുന്നു ലോകകാര്യം പറയുന്നവര്‍.., തമാശപറഞ്ഞ് ചിരിക്കുന്നവര്‍… തലങ്ങും വിലങ്ങും നടക്കുന്നവര്‍, ഫോണ്‍ വിളിക്കുന്നവര്‍… കൊറോണയുടെ വരവോടെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലിയുടെയും ആരാധനയുടെയും വീഡിയോ റെക്കോഡിങ്ങും ലൈവുമെല്ലാം ആരംഭിച്ചു. അവിടങ്ങളിലെല്ലാം പാവം ദിവ്യകാരുണ്യ ഈശോയെ നോക്കാന്‍ ക്യാമറയും ലൈറ്റുകളും മാത്രമായി… മനുഷ്യരെല്ലാം റെക്കോഡിങ്ങിന്റെ തിരക്കിലാണല്ലോ. ദിവ്യകാരുണ്യസ്നേഹം അതിതീവ്രമായി അവഗണിപ്പെട്ട, അനാദരിക്കപ്പെട്ട നാളുകള്‍… അക്രൈസ്തവരോ അറിവില്ലാത്തവരോ അല്ല, ഏറ്റവും അടുത്തുനില്ക്കുന്നവര് അവഹേളിക്കുമ്പോള്‍ എങ്ങനെ സഹിക്കാനാകും? ”ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ? … കര്‍ത്താവിന്റെ ബലിപീഠത്തെ നിസാരമെന്ന് നിങ്ങള്‍ കരുതി” (മലാക്കി 1/6,7). ഈശോയുടെ കണ്ണുനീര് നമ്മുടെ ജീവിതത്തിലും ദൈവാലയങ്ങളിലും വീഴാതിരിക്കട്ടെ…! അധികാരികളും ശുശ്രൂഷകരും വിശ്വാസികളുമെല്ലാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈവമായ കര്ത്താവിന് ഉചിതമായ ആദരവും ബഹുമാനവും അര്പ്പിക്കപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്താം. അങ്ങനെയെങ്കില്‍ അവിടുത്തെ അനുഗ്രഹം നമ്മുടെ അവകാശമാണ്. ”കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/9).
By: ആന്സിമോള് ജോസഫ്
More”നീ വലിയ പ്രാര്‍ത്ഥനക്കാരി അല്ലേ? അതുകൊണ്ട് ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടുപിടിക്ക്!” എന്റെ ഒരു സുഹൃത്തിന്റെ വാക്കുകള്‍ ആണ്. അവര്‍ യൂറോപ്പില്‍ താമസിച്ച് ജോലി ചെയ്യുന്നു. അവിടത്തെ കാലാവസ്ഥയില്‍ ചില ചെടികള്‍ നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇല പൊഴിയുന്ന കാലത്തു വൃക്ഷങ്ങളെല്ലാം ശാഖകള്‍ മാത്രമായി നിലകൊള്ളുന്നത് കാണാം. നാട്ടില്‍നിന്നും കൊണ്ടുവന്ന ഒരു വേപ്പിന് തൈ അവരുടെ വീടിനകത്ത് ചെടിച്ചട്ടിയില്‍ നട്ടിരുന്നു. സാധിക്കുന്ന വിധത്തിലെല്ലാം അതിനെ പരിപാലിച്ചു. മണ്ണും വളവും സൂര്യപ്രകാശം ലഭിക്കാനുള്ള സാഹചര്യങ്ങളും എല്ലാം ക്രമീകരിച്ചിരുന്നു. അത്രയും സംരക്ഷിച്ചിട്ടും വേപ്പിന്‍തൈയുടെ ഇലകള്‍ ഏറെക്കുറെ കൊഴിഞ്ഞു വീണു. അവശേഷിക്കുന്നവ ഇളം മഞ്ഞ നിറത്തില്‍ കൊഴിയാറായി നില്ക്കുന്നു. ഒരുപാട് പ്രതീക്ഷയില്‍ വളര്‍ത്തിയ ചെടിയായതു കൊണ്ടുതന്നെ നഷ്ടപ്പെടുന്നതിന് വേദന കാണുമല്ലോ. ആ സങ്കടത്തില്‍നിന്ന് വന്ന വാക്കുകളാണ് ആദ്യം എഴുതിയത്. കുറെ പരിശ്രമിച്ചു, പ്രാര്‍ത്ഥിച്ചു, ഇനി എന്ത് ചെയ്യണം എന്നറിയില്ല എന്ന നിലയില്‍ എത്തിയപ്പോഴാണ് പ്രശ്നം കൂട്ടുകാരിയായ എന്റെ നേര്‍ക്ക് നേരെ തിരിച്ചു വിടുന്നത്. നീ നിന്റെ നസ്രായനോട് പറഞ്ഞ് ഒരു പരിഹാരം വാങ്ങിത്തരണം എന്നതാണ് വെല്ലുവിളി. എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഈശോയുടെ പേരില്‍ വെല്ലുവിളി നേരിടുമ്പോള്‍ മനസ്സില്‍ വിഷമം തോന്നാറുണ്ട്. പിന്നെ ഈശോയെ എങ്ങനെയും ‘സോപ്പിട്ട്’ കാര്യം നേടിയെടുക്കുക എന്നതുമാത്രമാണ് ലക്ഷ്യം. ഈ പ്രശ്നം സാധാരണ രീതിയില്നിന്നെല്ലാം വ്യത്യസ്തമായൊരു പ്രാര്‍ത്ഥനാസഹായം ആണല്ലോ…. എന്റെ മറുപടിക്കായി അവര്‍ ഫോണില്‍ കാത്തുനില്‍ക്കുകയാണ്…. മനസ്സില്‍ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നെങ്കിലും ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ ഞാന്‍ ഫോണുമായി വന്നിരുന്നു. അല്പനിമിഷങ്ങള് ഈശോയുടെ കണ്ണുകളിലേക്കു നോക്കി. ഒരു ചെറുചമ്മലോടെ എന്റെ നിസ്സഹായാവസ്ഥ ഈശോയോടു പറഞ്ഞു, ‘ഈശോയേ, എങ്ങനെയും ഈ പ്രശ്നം പരിഹരിച്ചുകൊടുക്ക്. ഇല്ലെങ്കില്‍ നമുക്ക് നാണക്കേടാകും കേട്ടോ’ എന്നൊരു ഭീഷണിയും. ഓരോ ദിവസവും ഇവള് എന്തൊക്കെ പണികളാണ് എനിക്ക് വാങ്ങിത്തരുന്നതെന്ന് ഒരു ദീര്‍ഘനിശ്വാസത്തില്‍ ഈശോ ഓര്‍ത്തിരിക്കാം. മനസ്സില്‍ ലഭിച്ച പ്രേരണയനുസരിച്ചു അവരോട് വീഡിയോ കാള്‍ ചെയ്തു മൊബൈല്‍ ഫോണ്‍ വേപ്പിന്‍തൈയുടെ അടുത്ത് വച്ചു കൊള്ളാന്‍ ആവശ്യപ്പെട്ടു. മുപ്പതു മിനിറ്റില്‍ നൂറു ദൈവവചനങ്ങള്‍ വേപ്പിന്തൈയോട് പറഞ്ഞുകേള്‍പ്പിച്ചു. മനസ്സിന്റെ സമനില തെറ്റിയ ചിലരുടെ പ്രവൃത്തികള്‍ പോലെ അവര്‍ക്കു തോന്നിക്കാണും, സ്വാഭാവികം. ജീവിതത്തില്‍ ആദ്യമായി ഒരു ചെടിയോട് വചനപ്രഘോഷണം നടത്തിയ സന്തോഷം ആയിരുന്നു എന്റെ മനസ്സില്‍. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഞ്ഞനിറത്തില്‍ കൊഴിയാറായി നില്ക്കുന്ന ഇലകള്‍ മാത്രമുള്ള ചെടിയില്‍ പച്ച നിറത്തിലുള്ള പുതിയ ഇലകള്‍ മുളപൊട്ടാന്‍ തുടങ്ങി. ഏഴാം ദിവസം എല്ലാ മഞ്ഞ ഇലകളും ഇല്ലാതായി. വേപ്പിന്തൈ പുതുജീവന്‍ പ്രാപിച്ചു. പുതിയ നാമ്പുകള്‍ മുള പൊട്ടി. ഒരു ചട്ടിയില്മാത്രമായിരുന്ന ചെടി പിന്നീട് വളര്‍ന്നു വലുതായി മൂന്ന് ചട്ടികളിലേക്കുകൂടി പറിച്ചു നടേണ്ടി വന്നു. വേപ്പിന്‍തൈയുടെ വളര്‍ച്ചയെല്ലാം കാണിക്കുന്ന ഫോട്ടോകളും മറ്റ് മെസേജുകളും അവര്‍ അയക്കുമായിരുന്നു. എന്തായാലും ഈശോയോട് പറഞ്ഞാല്‍ തീരാത്ത അത്രയും നന്ദിയും സ്നേഹവും ഉണ്ട്, എന്റെനേര്‍ക്ക് വരുന്ന വെല്ലുവിളികള്‍പോലും ഏറ്റെടുത്ത് ചെയ്ത് എന്നെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുന്നതിന്. ”ആത്മാവാണ് ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന് 6/63). മറ്റൊരു സംഭവംകൂടി പറയാം. ഗോവയിലുള്ള ഒരു കുടുംബം ഒരിക്കല്‍ പ്രാര്‍ത്ഥനാസഹായവുമായി സമീപിച്ചു. അവരുടെ നാല് വയസ്സുള്ള മകന് സംസാരിക്കുന്നില്ല. പല ഡോക്ടര്‍മാരുടെയും അടുത്ത് പോയി. ചികിത്സകള്‍ നടത്തി. പക്ഷേ പ്രത്യേകിച്ച് ഒരു മാറ്റവും കാണാന്‍ കഴിഞ്ഞില്ല. വളരെ നിരാശയോടെ അമ്മ കരയുകയാണ്. ചിലപ്പോഴെങ്കിലും ഞാനും എന്റെ ഈശോയും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങള്‍ മറ്റുള്ളവരുടെ സങ്കടത്തിന്റെ പേരില്‍ ആയിരിക്കും. കുറച്ച് ദൈവവചനങ്ങള്‍ അവര്‍ക്കു നല്കി. മകനെ മടിയിലിരുത്തിക്കൊണ്ട് ഇരുചെവികളിലും ആ വചനങ്ങള്‍ പല തവണ ആവര്‍ത്തിച്ചു ഉറക്കെ പറയാന്‍ ഈശോ നല്കിയ പ്രേരണയാല്‍ നിര്‍ദേശിച്ചു. മൂന്നു മാസങ്ങള്‍ക്കു ശേഷം ആ മകന് ചെറിയ വാക്കുകള്‍ സംസാരിക്കാന്‍ തുടങ്ങി. ഇന്ന് അവന് സ്കൂളില്‍ പഠിക്കുന്നു. ഈശോയുടെ സ്നേഹവും കരുതലും ഒരിക്കലും വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ സാധ്യമല്ല! ചുമന്നുകൊണ്ടു വന്നവരുടെ വിശ്വാസം കണ്ട് തളര്‍വാത രോഗിയെ ഈശോ സുഖപ്പെടുത്തിയ സംഭവം നമുക്കോര്‍ക്കാം. തളര്‍വാത രോഗിയെ വഹിച്ചുകൊണ്ട് വന്നവരുടെ മുന്നില്‍ പ്രതിബന്ധങ്ങള്‍ പലതായിരുന്നു. പക്ഷേ പ്രതികൂലങ്ങള്ക്കുമുന്നില് തങ്ങള്‍ വന്നതിന്റെ ഉദ്ദേശ്യം മാറ്റിവച്ച് അവര്‍ തിരിച്ചു പോയില്ല. തങ്ങളുടെ നിയോഗത്തിനൊപ്പം അത് നേടാനായി തീക്ഷ്ണമായി പ്രവര്‍ത്തിക്കുകകൂടി ചെയ്തു. ഇന്നത്തേതുപോലെ കോണ്‍ക്രീറ്റ് ഒന്നും അല്ലാത്ത ആ ഭവനത്തിന്റെ മേല്‍ക്കൂരയിലേക്ക് തളര്‍വാത രോഗിയെയുംകൊണ്ട് അവര്‍ കയറി എന്ന് പറയുമ്പോള്‍ സ്വന്തം ജീവന് പണയം വച്ചുകൊണ്ട് പ്രവര്‍ത്തിച്ചു എന്ന് മനസ്സിലാക്കാം. പിന്നീട് മേല്‍ക്കൂര പൊളിച്ച് ഓടിളക്കി, കിടക്കയോടെ താഴോട്ടിറക്കി എന്ന് നാം വായിക്കുന്നു. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്കു നടുവില്‍ നിരാശപ്പെട്ടു പിന്മാറരുത്. വചനമാകുന്ന ആത്മീയ വാളെടുത്തു പൊരുതി ജയിക്കാന്‍ ഈശോയുടെ സ്നേഹവും കരുണയും നമ്മെ സഹായിക്കട്ടെ. ”നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ” (2 മക്കബായര്‍ 8/18). സംസാരതടസം മാറുവാന്‍ പ്രാര്‍ത്ഥിക്കാവുന്ന വചനക്കൊന്ത ”ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12). (ഒരു പ്രാവശ്യം) ”തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന് ദൈവത്തെ വാഴ്ത്തിക്കൊï് സംസാരിക്കാന്‍ തുടങ്ങി” (ലൂക്കാ 1/64). (പത്തു പ്രാവശ്യം) ”ദൈവത്തിന്റെ വചനം….” (ഒരു പ്രാവശ്യം) ”കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 51/15). (പത്ത് പ്രാവശ്യം) ”ദൈവത്തിന്റെ വചനം…” (ഒരു പ്രാവശ്യം) ”ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്ഫുടമായി സംസാരിക്കാന്‍ കഴിവു നല്‍കുകയും ചെയ്തു” (ജ്ഞാനം 10/21). (പത്തു പ്രാവശ്യം) ”ദൈവത്തിന്റെ വചനം…” (ഒരു പ്രാവശ്യം) ”അവന് എന്റെ അധരങ്ങളെ സ്പര്ശിച്ചിട്ട് പറഞ്ഞു: ഇത് നിന്റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശയ്യാ 6/7). (പത്തു പ്രാവശ്യം) ”ദൈവത്തിന്റെ വചനം…” (ഒരു പ്രാവശ്യം) ”അവന് എന്നോടു സംസാരിച്ചപ്പോള്‍ ശക്തി പ്രാപിച്ച ഞാന്‍ പറഞ്ഞു: പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു” (ദാനിയേല്‍ 10/19). (പത്തു പ്രാവശ്യം)
By: ആന്‍ മരിയ ക്രിസ്റ്റീന
Moreദൈവശാസ്ത്രം എന്റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല്‍ വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രഗന്ഥങ്ങള്‍ ധാരാളം വായിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ, പത്രോസ് എന്ന പാറമേല്‍ അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന്‍ നടന്നിരുന്നത്. അതിനാല്‍ ”നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന വചനഭാഗം എനിക്കൊരു പ്രശ്നമായിരുന്നില്ല. എന്നാല്‍ പഠനം തുടങ്ങിയതിലൂടെ മനസിലായി, ഈ വചനഭാഗത്ത് പത്രോസിനെയാണ് പാറയെന്ന് വിവക്ഷിച്ചിരിക്കുന്നത് എന്ന്. മത്തായി 16/17-19 വചനങ്ങളില്‍ പത്രോസിനോട് യേശു പറയുന്ന മൂന്ന് വാക്യങ്ങള്‍ കാണാം: 1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്!… (മത്തായി 16/17). 2. …നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും… (മത്തായി 16/18). 3. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും…. (മത്തായി 16/19). ഒന്നാമത്തേത് നിശ്ചയമായും ഒരു അനുഗ്രഹത്തെ കുറിക്കുന്നു. ദൈവത്തില്‍നിന്ന് ഒരു പ്രത്യേക വെളിപ്പെടുത്തല്‍ ലഭിച്ചതിനാല്‍ ശിമയോന് ഭാഗ്യവാനാണ്. മൂന്നാമത്തേതും അനുഗ്രഹംതന്നെ, സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ ശിമയോന് നല്‍കും. അങ്ങനെയെങ്കില്‍ ഈ രണ്ട് അനുഗ്രഹങ്ങളുടെ മധ്യത്തിലുള്ള വാക്യവും ഒരു അനുഗ്രഹമാകാതെ തരമില്ല. അതൊരു പ്രശ്നമായി തോന്നി. പത്രോസെന്ന പാറമേല്‍ അല്ല അദ്ദേഹത്തിന് നല്കപ്പെട്ട വെളിപാട് എന്ന പാറമേല്‍ ആണ് സഭ പണിയപ്പെട്ടിരിക്കുന്നത് എന്നാണ് ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് പഠനങ്ങള്‍. ബൈബിളിന്റെ ഗ്രീക്ക് മൂലത്തില്‍ ജലൃേീ െഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ചെറിയ കല്ല് എന്നാണ്. എന്നാല്‍ പാറ എന്നര്‍ത്ഥം വരുന്നത് ജലൃേമ എന്ന പദത്തിനാണ്. അതിനാല്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വ്യാഖ്യാതാക്കള്‍ പറയുന്നത് ‘പത്രോസേ, നീയൊരു ചെറിയ കല്ലാണ്, എന്നാല്‍ നിനക്ക് ലഭിച്ച വെളിപാടാകുന്ന പാറമേല്‍ ഞാനെന്റെ സഭ സ്ഥാപിക്കും’ എന്നാണ് യേശു ഉദ്ദേശിക്കുന്നത് എന്നത്രേ. പക്ഷേ മത്തായിയുടെ സുവിശേഷം രചിക്കപ്പെട്ട കാലത്ത് ഉപയോഗത്തിലിരുന്ന പുരാതന ഗ്രീക്കില്‍ ഈ രണ്ട് പദങ്ങള്‍ക്കും ഒരേ അര്‍ത്ഥമാണ് ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിക്കുന്നില്ല. അതേസമയംതന്നെ, യേശു ഉപയോഗിച്ചിരുന്ന ഹീബ്രുവിന്റെ സഹോദരഭാഷയായ അരമായഭാഷയില്‍ കേഫാ എന്ന പദമാണ് ഉള്ളത്. ഗ്രീക്കിലെ Petros, Petra എന്നീ രണ്ട് പദങ്ങള്‍ക്കും തുല്യമാണ് കേഫാ എന്ന പദം. മാത്രവുമല്ല, പത്രോസേ നീ ചെറിയ കല്ലാകുന്നു എന്നാണ് ആ വാക്യം എന്ന് കരുതുക. എങ്കില്‍ ആ ഖണ്ഡിക തീര്‍ത്തും വിഡ്ഢിത്തംപോലെയാകും. ഒന്ന് ഊഹിച്ചുനോക്കുക, 1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്!… 2. …നീ വെറുമൊരു ചെറിയ കല്ലാണ്…. 3. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും…. ഇങ്ങനെയാണ് ആ വാക്യങ്ങളുടെ ക്രമീകരണമെന്ന് വിശ്വസിക്കാനാവുമോ? ഈ ഭാഗം വിശദമായി പരിശോധിക്കുമ്പോള്‍ പത്രോസ് ശിഷ്യന്മാരുടെ തലവനാണെന്നതും വ്യക്തമാകും. മറ്റ് അപ്പസ്തോലര്‍ പത്രോസിന് ലഭിച്ച അധികാരങ്ങള്‍ പങ്കുവച്ചുനല്കപ്പെട്ടവരായിരുന്നു. ഈ പശ്ചാത്തലത്തില്‍, യേശുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം അവിടുത്തെ സ്വര്‍ഗീയ അധികാരത്തിനുകീഴില്‍ ഭൗമികസഭയുടെ തലവന്‍ പത്രോസ് ആയിരുന്നു എന്നതും മനസിലാക്കാം. അങ്ങനെയെങ്കില്‍ ആദ്യത്തെ പാപ്പ പത്രോസാണെന്ന് കത്തോലിക്കര്‍ പറയുന്നത് ശരിയാണ്. ഇക്കാര്യങ്ങളെല്ലാം ശരിയാണെങ്കില്‍ മറ്റ് കത്തോലിക്കാപ്രബോധനങ്ങളും ശരിയായിരിക്കണം. ഇതെല്ലാം കണ്ടെത്തിയതോടെ ഞാനല്പം കുഴങ്ങിയെന്ന് പറയാം. എങ്കിലും ഞാന്‍ എതിര്ത്തുനില്ക്കാന് ശ്രമിച്ചു. പക്ഷേ അടുത്ത വര്‍ഷം കത്തോലിക്കാ ദൈവശാസ്ത്രം ആഴത്തില്‍ പഠിച്ചു. അതോടെ കത്തോലിക്കാവിശ്വാസത്തോടുള്ള സമീപനം മയപ്പെട്ടു. ഭാര്യ റെനിയെ വിശുദ്ധബലിക്ക് കൊണ്ടുപോകാന്‍ തുടങ്ങി. സഭയില്‍ വിവാഹകൂദാശ സ്വീകരിക്കാന്‍ തയാറായി. 1991 ഡിസംബര്‍ ഒന്നിന് ഫാ. മാര്‍ക്ക് വുഡിന്റെ കാര്‍മികത്വത്തിലായിരുന്നു ഞങ്ങളുടെ യഥാര്‍ത്ഥവിവാഹം. രണ്ട് സാക്ഷികള്മാത്രമാണ് അതില്‍ സംബന്ധിച്ചത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഹ്രസ്വമായ വിവാഹകര്‍മം. ഇങ്ങനെയൊക്കെയാണെങ്കിലും ദൈവശാസ്ത്രപരമായ ചില മേഖലകളില്‍ സഭയുടെ പഠനങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു. എന്റെ നിലപാടുകള്‍ക്ക് കടുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റെനി മനസിലാക്കിയെങ്കിലും, ഞാന്‍ മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അവളെ അറിയിച്ചില്ല. കത്തോലിക്കാപ്രബോധനങ്ങളില് എന്തെങ്കിലും ഗുരുതരപ്രശ്നം കണ്ടെത്തിയാല്‍ ഞാനിതെല്ലാം ഉപേക്ഷിക്കും, അതിനാല്‍ അവള്‍ക്ക് പ്രതീക്ഷ കൊടുത്തിട്ട് പിന്നീട് വിഷമിക്കാന്‍ ഇടവരുത്തേണ്ട എന്ന് കരുതി. പക്ഷേ, ഒടുവില്‍… പഠനങ്ങളുടെ പൂര്‍ത്തിയില്‍, കത്തോലിക്കാസഭ ഏകസത്യസഭയാണെന്ന് തിരിച്ചറിഞ്ഞ് സഭാംഗമാകണമെന്ന് ഞാന്‍ തീരുമാനിച്ചു. 1992 ജനുവരിയിലാണ് ഇക്കാര്യം റെനിയോട് വെളിപ്പെടുത്തിയത്. അവള്‍ക്ക് വളരെ സന്തോഷമായി. എന്നാല്‍ അവളെക്കാള്‍ കൂടുതല്‍ സന്തോഷം എനിക്കായിരുന്നു. വലിയ നോമ്പ് സമീപിച്ചപ്പോള്‍ ആ ഈസ്റ്റര്‍ തലേന്ന് ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ പദ്ധതിയിടാന്‍ തുടങ്ങി. പക്ഷേ അതത്ര മുന്നോട്ട് പോയില്ല. എന്നാല്‍ ഞാന്‍ പങ്കെടുത്തിരുന്ന ആരാധനാസമൂഹത്തില്‍നിന്ന് കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയ ലിയോണും സമാനമായ വിധത്തില്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയവരും പല കാര്യങ്ങളിലും സഹായിച്ചു. ഭാര്യയെ പ്രീതിപ്പെടുത്താനാണ് ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍, എന്റെ പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കള്‍ എന്നെ നന്നായി മനസിലാക്കിയിരുന്നു. ഭാര്യക്കുവേണ്ടിയല്ല ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പദ്ധതികള്‍ തകിടം മറിയുന്നു… ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംഭവവികാസം ആ നാളുകളിലുണ്ടായി. 1992 ജൂണ്‍ അവസാനം റെനിയുടെ 27-ാം ജന്മദിനത്തിനുശേഷം താമസിയാതെ, റെനിക്ക് തീരെ സുഖമില്ലാതെയായി. പതിവുള്ള ലക്ഷണങ്ങള്‍തന്നെയാണ് കാണപ്പെട്ടത് എന്നതിനാല്‍ വന്‍കുടലിലെ വ്രണങ്ങള്തന്നെയാണ് വില്ലന്‍ എന്ന് ഞങ്ങള്‍ കരുതി. പക്ഷേ പെട്ടെന്നുതന്നെ റെനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കാതെവന്നു, തീര്‍ത്തും കിടപ്പായി. വേദനകൊണ്ട് അവള് കരഞ്ഞിരുന്ന ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. നടുവേദനയ്ക്ക് ആശ്വാസത്തിനായി മസ്സാജ് തെറാപ്പി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതുകില്‍ ഒരു മുഴ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനകളിലാണ് വേദനാജനകമായ അക്കാര്യം അറിഞ്ഞത്, റെനിക്ക് കുടലില്‍ കാന്‍സറാണ്. അത് കണ്ടുപിടിക്കാന്‍ ഏറെ വൈകിയതിനാല്‍ ചികിത്സകൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയായിരുന്നില്ല. കീമോതെറാപ്പി ആരംഭിച്ചു. ഡോക്ടറുടെ നിഗമനമനുസരിച്ച്, ബ്ലഡ് ക്ലോട്ട് നിമിത്തം പെട്ടെന്നോ ന്യൂമോണിയ നിമിത്തം ആഴ്ചകള്‍കൊണ്ടോ, അതുമല്ലെങ്കില്‍ കാന്സര്നിമിത്തം മാസങ്ങള്‍ക്കകമോ റെനിയുടെ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടവകവൈദികനായ ഫാ. മാര്‍ക്ക് വുഡിനെ ഞാന്‍ കാര്യങ്ങള്‍ അറിയിച്ചു. അന്ന് രാത്രിതന്നെ അദ്ദേഹം ആശുപത്രിയില്‍ ഞങ്ങളുടെ മുറിയിലെത്തി. റെനിയുടെ അവസ്ഥയെക്കുറിച്ചും എന്റെ സഭാപ്രവേശത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ബുദ്ധിപരമായി ഒരുങ്ങാന്‍ അല്പസമയം എനിക്ക് ആവശ്യമുണ്ടെന്ന തോന്നലിലായിരുന്നു അതിനുമുമ്പ് ഞാന്‍. എന്നാല്‍, ഇപ്പോഴേ ഞാനേറെ സമയം വൈകിച്ചുവെന്നും ഇനിയെങ്കിലും ഒരു സമര്‍പ്പണം നടത്തേണ്ട സമയമായെന്നും ആ അവസ്ഥയിലൂടെ ദൈവം പറയുന്നതായി അനുഭവപ്പെട്ടു. അന്ന് വെള്ളിയാഴ്ചയായിരുന്നു. ആ ഞായറാഴ്ച എന്റെ സഭാപ്രവേശം നടത്താമെന്ന് ഞങ്ങള്‍ ചിന്തിച്ചു. എന്നാല്‍ ശനിയാഴ്ച രാവിലെ റെനി ഗുരുതരാവസ്ഥയിലായി. എപ്പോള്‍ വേണമെങ്കിലും ശ്വാസം നിലച്ചേക്കാം എന്ന അവസ്ഥ. ഞാന്‍ വേഗം ഫാ. മാര്‍ക്കിനെ വിളിച്ചു. പിറ്റേ ദിവസം വരെ കാത്തുനില്ക്കാനാവില്ല, അപ്പോള്‍ത്തന്നെ എനിക്ക് സഭാംഗമാകണം എന്നുപറഞ്ഞു. വേഗം വരാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ അദ്ദേഹം എത്തുംമുമ്പ് റെനിയുടെ ചെസ്റ്റ് എക്സ്-റേ പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു, ”പേടിച്ചതുപോലെ ന്യൂമോണിയ അല്ല. ശ്വാസകോശത്തിനകത്തുള്ള മുഴകളാണ് റെനിയുടെ ശ്വാസോച്ഛ്വാസത്തെ തടസപ്പെടുത്തുന്നത്. അതിനാല്‍ത്തന്നെ ഉടനെ മരിക്കാനുള്ള സാധ്യതയില്ല. കുറച്ച് ആഴ്ചകള്കൂടെ ജീവിച്ചേക്കും.” ഉടനെ മരണം സംഭവിക്കുകയില്ലെന്ന് പറഞ്ഞാലും അത് ഹൃദയം നുറുക്കുന്ന വാര്‍ത്തതന്നെയായിരുന്നു. പെട്ടെന്നുതന്നെ റെനിക്ക് വേദനസംഹാരിയായി മോര്‍ഫിന്‍ കൊടുക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും ഫാ. മാര്‍ക്ക് എത്തി എന്നെ കുമ്പസാരിപ്പിച്ചു. ഏറ്റവും ഹ്രസ്വമായ വിധത്തില്‍ കര്‍മങ്ങള്‍ നടത്തി എന്നെ സഭയിലേക്ക് സ്വീകരിച്ചു. റെനിക്ക് രോഗിലേപനവും നല്കി. തുടര്‍ന്ന് ഒരേ തിരുവോസ്തി ഭാഗിച്ച് ഞങ്ങള്‍ ഇരുവര്‍ക്കും വിശുദ്ധ കുര്‍ബാന തന്നു. അങ്ങനെ ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യത്തെയും അവസാനത്തെയും ദിവ്യകാരുണ്യസ്വീകരണം ഒരേ തിരുവോസ്തിയില്നിന്നായിരുന്നു. എന്നെ സഭയിലേക്ക് സ്വീകരിക്കാന്‍ ഫാ.മാര്‍ക്ക് വരുന്നതിന് അല്പം മുമ്പ് റെനിക്ക് മോര്‍ഫിന്‍ ഇന്ജക്ഷന് നല്കിയിരുന്നതിനാല് അവള് ചെറിയ മയക്കത്തിലായിരുന്നു ദിവ്യകാരുണ്യസ്വീകരണം നടത്തിയത്. പക്ഷേ എന്താണ് നടക്കുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. സാധിക്കുന്നത്ര ശ്രദ്ധയോടെ പങ്കെടുത്തതും തിരുവോസ്തിയുടെ ചെറുതുണ്ട് അല്പം ക്ലേശിച്ചാണെങ്കിലും ഉള്‍ക്കൊണ്ടതും അതിനാല്ത്തന്നെയായിരുന്നു. എന്റെ സഭാപ്രവേശം പൂര്‍ത്തിയായപ്പോള്‍ അവളെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ മന്ത്രിച്ചു, ”ഞാനിതാ സഭയ്ക്കുള്ളില്‍ പ്രവേശിച്ചിരിക്കുന്നു.” അതുകേട്ടപ്പോള്‍ ആ മുഖത്ത് അതിമനോഹരവും സമാധാനപൂര്‍ണവുമായ ഒരു പുഞ്ചിരി വിടര്‍ന്നു, ഏറെനേരം നീണ്ടുനിന്ന ഒരു പുഞ്ചിരി. പിന്നീടുള്ള ദിവസങ്ങളിലെല്ലാം റെനി മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നു. അവള് ഉണര്ന്നിരുന്നത് അടുത്ത മോര്‍ഫിന്‍ ഇന്ജക്ഷന് ആവശ്യപ്പെടാനാണ്. ബാക്കിയുള്ള തീര്‍ത്തും കുറഞ്ഞ ദിവസങ്ങള്‍ അവള് ഉറങ്ങിത്തീര്ക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എനിക്ക് അവളോട് ഗൗരവമായി സംസാരിക്കണമായിരുന്നു. ബോധത്തോടെയുള്ള 20 മിനിറ്റ് എനിക്ക് നല്‍കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് എനിക്കത് തന്നു. ആ സമയത്ത് ഞാനവളോട് സംസാരിച്ചു. ഞാനും മറ്റുള്ളവരും അവളെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന് ഞാനവളോട് പറഞ്ഞു. നിത്യതയിലായിരിക്കുമ്പോള് അത് മനസിലാക്കാനാവും എന്ന് ഓര്‍മിപ്പിച്ചു. പിറ്റേന്ന്…. ഏതാണ്ട് 10.30 ആയപ്പോള്‍ ഞാന്‍ സ്കോട്ട് ഹാനുമായി ഫോണില്‍ സംസാരിച്ചു. എന്റെ മാനസാന്തരകാലത്ത് ഞങ്ങള്‍ ഫോണ്സുഹൃത്തുക്കളായതാണ്. അദ്ദേഹം 11 മണിയോടെ ദിവ്യകാരുണ്യ ആരാധനക്കായി പോകുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങളോട് റെനി ആത്മീയമായി പ്രതികരിക്കണമെന്നും നിത്യതയിലേക്കുള്ള അവളുടെ യാത്ര സുഗമമാക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ആരാധനയ്ക്കായി പോയി. 11.10 ആയപ്പോഴേക്കും റെനിയുടെ ജീവന് പിരിഞ്ഞു. ആ ദൈവിക ഇടപെടലിനെക്കുറിച്ച് മനസിലായത് വലിയൊരു ആശ്വാസം നല്കി. അവസാനനിമിഷത്തില്‍ റെനി എന്റെ കണ്ണുകളിലേക്ക് നേരെ നോക്കി. ദൈവത്തില്‍ ശരണപ്പെടണമെന്നും എല്ലാം നന്നായിരിക്കുമെന്നും ഞാനവളെ സ്നേഹിക്കുന്നുവെന്നും ഞാനവളോട് പറഞ്ഞു. പിന്നെ അവള്‍ക്കൊരു ചുംബനം നല്കി. അതോടെ ഈ ഭൂമിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. പരസ്പരം സമ്മാനങ്ങള്‍ നല്‍കാനാണ് ദൈവം ഞങ്ങളെ ഒന്നിപ്പിച്ചതെന്ന് തോന്നുന്നു. ന്യൂ ഏജ് വിശ്വാസങ്ങളില്‍നിന്ന് ഞാന്‍ അവളെ രക്ഷപ്പെടുത്തി, ഒടുവില്‍ നിത്യജീവന് സ്വന്തമാക്കാന്‍ സഹായിച്ചു. റെനിയുമായുള്ള വിവാഹം എനിക്ക് കത്തോലിക്കാവിശ്വാസം എന്ന സമ്മാനം ലഭിക്കാന്‍ സഹായകമായി. ആ വിവാഹം നിമിത്തമാണല്ലോ ഞാന്‍ കത്തോലിക്കാദൈവശാസ്ത്രം പഠിച്ചത്. അവളെ സഭയില്‍നിന്ന് പുറത്തേക്ക് നയിക്കാനാണ് ഞാനത് പഠിച്ചതെങ്കിലും ആ പഠനം എന്നെ കത്തോലിക്കാവിശ്വാസംതന്നെയാണ് ബൈബിള്‍ അനുസരിച്ചുള്ള യഥാര്‍ത്ഥവിശ്വാസം എന്ന ബോധ്യത്തിലേക്ക് നയിച്ചു. റെനി ഇപ്പോഴും എനിക്ക് സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. അവള് മരിക്കുന്നതിനുമുമ്പുള്ള ദിവസം ഞാന്‍ സംസാരിച്ചപ്പോള്‍ ചെയ്ത ഒരു കാര്യം പ്രാര്‍ത്ഥിക്കാനുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നല്‍കുകയാണ്. ഇന്ന് അവള് ക്രിസ്തുവിനോടൊത്ത് ആയിരിക്കുമ്പോള്‍, ഭൂമിയിലായിരുന്നപ്പോഴത്തെക്കാള് ശക്തമായി അവള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്നെനിക്കറിയാം. റെനി എനിക്കായി പ്രാര്ത്ഥിക്കുന്നുണ്ടെന്നത് എനിക്ക് ആശ്വാസകരമാണ്. ”ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളൂ. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍മാത്രം” (എഫേസോസ് 4/4-6). അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ അപ്പോളജിസ്റ്റും ഗ്രന്ഥകാരനും പ്രസംഗകനും പോഡ്കാസ്റ്റ് അവതാരകനുമാണ് ജിമ്മി ഏകിന്‍. Jimmy Akin എന്ന യുട്യൂബ് ചാനലിലൂടെ കത്തോലിക്കാപ്രബോധനങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം സജീവമാണ്.
By: ജിമ്മി ഏകിന്‍
Moreവിശുദ്ധ ജെര്‍ത്രൂദിന് ശുദ്ധീകരണാത്മാക്കളോട് വലിയ അനുകമ്പയുണ്ടായിരുന്നു. എല്ലാ ദിവ്യബലികളിലും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരുദിനം, ദിവ്യകാരുണ്യ സ്വീകരണശേഷം ഈശോയോടൊപ്പം ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറയുന്നത് വിശുദ്ധയക്ക് കേള്‍ക്കാന്‍ കഴിഞ്ഞു: ”ഓരോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം നിങ്ങളെല്ലാവര്‍ക്കും അനുഭവിക്കാന്‍ ഞാന്‍ അനുവദിക്കും.” അന്ന് വിശുദ്ധ അപേക്ഷിച്ചതിലും കൂടുതല്‍ ശുദ്ധീകരണാത്മാക്കളെ ദിവ്യബലിക്കു ശേഷം ഈശോ മോചിപ്പിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നത് അവള് കണ്ടു. ഒരിക്കല്‍ വിശുദ്ധ ഈശോയോട് ചോദിച്ചു: ”കര്‍ത്താവേ, അങ്ങയുടെ അനന്ത കാരുണ്യത്താല്‍ അവിടുന്ന് എത്ര ആത്മാക്കളെ ശുദ്ധീകരണാവസ്ഥയില്‍ നിന്നും മോചിപ്പിക്കും?” അവിടുന്നു പറഞ്ഞു: ”ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട ആത്മാക്കളെ മോചിപ്പിക്കാന്‍ എന്റെ സ്നേഹം എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നു. ദയാലുവായ ഒരു രാജാവിന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതന് കഠിന കുറ്റം ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടാല്‍, രാജാവ് തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ എത്രയധികമായി ആഗ്രഹിക്കും. കുറ്റവാളിയായ സുഹൃത്തിന്റെ മോചനത്തിനുവേണ്ടി രാജ്യത്തെ പ്രഭുക്കന്മാര് ആരെങ്കിലും തന്റെയടുക്കല്‍ വാദിച്ചിരുന്നെങ്കില്‍, മോചനത്തിനായി എന്തെങ്കിലും വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ സ്നേഹിതനെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കാമായിരുന്നുവെന്ന് രാജാവ് തീര്‍ച്ചയായും ആഗ്രഹിക്കും. അപ്രകാരം ഏതെങ്കിലും അധികാരികള്‍ കുറ്റവാളിയുടെ മോചനത്തിനുവേണ്ടി അപേക്ഷിച്ചാല്‍ രാജാവ് വലിയ സന്തോഷത്തോടെ തന്റെ സ്നേഹിതനെ ജയിലില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യും. ഇപ്രകാരം, ശുദ്ധീകരണാവസ്ഥയിലുള്ള എന്റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സ്നേഹപൂര്‍വമായ പ്രാര്‍ത്ഥനയ്ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഏറ്റവും വലിയ ആനന്ദത്തോടെ ഞാന്‍ സ്വീകരിക്കുകയും പാവപ്പെട്ട ശുദ്ധീകരണാത്മാക്കളെ മോചിപ്പിക്കുകയും ചെയ്യും. കാരണം ഞാന്‍ വലിയ വിലകൊടുത്ത്, അതായത് എന്നെത്തന്നെ വിലയായി നല്കി സ്വന്തമാക്കിയവരാണ് അവര്‍. അവര്‍ എത്രയും വേഗം എന്റെയടുക്കല്‍ എത്തിച്ചേരണമെന്നും എന്നോടൊപ്പം ആയിരിക്കണമെന്നും ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു. നീ സ്നേഹത്തോടെ പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം, ശുദ്ധീകരണാത്മാവിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ നാവ് ഒന്ന് ചലിപ്പിക്കുമ്പോള്ത്തന്നെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.” ശുദ്ധീകരണാവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവര്‍ക്കായി സ്നേഹത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. അത് ഈശോയ്ക്ക് ഏറെ പ്രിയങ്കരമാണ്. അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി കാത്തിരിക്കുന്നു. ഈശോ വിശുദ്ധ ജര്‍ത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന മനപാഠമാക്കി, കൂടെക്കൂടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ആയിരക്കണക്കിന് ആത്മാക്കളെ നമുക്ക് സ്വര്‍ഗത്തിലേക്ക് കരേറ്റാം. അവര്‍ നമ്മുടെ സഹായം എന്നും കൃതജ്ഞതയോടെ അനുസ്മരിക്കുകയും പ്രത്യുപകാരമായി നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സഹായിക്കുകയും ചെയ്യും.
By: Shalom Tidings
More