Home/Encounter/Article

നവം 26, 2024 31 0 Shalom Tidings
Encounter

കാരാഗൃഹത്തിലെ സുഹൃത്തിനെ കാത്തിരിക്കുന്ന രാജാവ്‌

വിശുദ്ധ ജെര്‍ത്രൂദിന് ശുദ്ധീകരണാത്മാക്കളോട് വലിയ അനുകമ്പയുണ്ടായിരുന്നു. എല്ലാ ദിവ്യബലികളിലും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരുദിനം, ദിവ്യകാരുണ്യ സ്വീകരണശേഷം ഈശോയോടൊപ്പം ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.
അപ്പോള്‍ അവിടുന്ന് പറയുന്നത് വിശുദ്ധയക്ക് കേള്‍ക്കാന്‍ കഴിഞ്ഞു: ”ഓരോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം നിങ്ങളെല്ലാവര്‍ക്കും അനുഭവിക്കാന്‍ ഞാന്‍ അനുവദിക്കും.” അന്ന് വിശുദ്ധ അപേക്ഷിച്ചതിലും കൂടുതല്‍ ശുദ്ധീകരണാത്മാക്കളെ ദിവ്യബലിക്കു ശേഷം ഈശോ മോചിപ്പിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നത് അവള്‍ കണ്ടു. ഒരിക്കല്‍ വിശുദ്ധ ഈശോയോട് ചോദിച്ചു: ”കര്‍ത്താവേ, അങ്ങയുടെ അനന്ത കാരുണ്യത്താല്‍ അവിടുന്ന് എത്ര ആത്മാക്കളെ ശുദ്ധീകരണാവസ്ഥയില്‍ നിന്നും മോചിപ്പിക്കും?”

അവിടുന്നു പറഞ്ഞു: ”ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട ആത്മാക്കളെ മോചിപ്പിക്കാന്‍ എന്‍റെ സ്‌നേഹം എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നു. ദയാലുവായ ഒരു രാജാവിന്‍റെ ഏറ്റവും പ്രിയപ്പെട്ട സ്‌നേഹിതന്‍ കഠിന കുറ്റം ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടാല്‍, രാജാവ് തന്‍റെ സുഹൃത്തിനെ രക്ഷിക്കാന്‍ എത്രയധികമായി ആഗ്രഹിക്കും. കുറ്റവാളിയായ സുഹൃത്തിന്‍റെ മോചനത്തിനുവേണ്ടി രാജ്യത്തെ പ്രഭുക്കന്മാര്‍ ആരെങ്കിലും തന്‍റെയടുക്കല്‍ വാദിച്ചിരുന്നെങ്കില്‍, മോചനത്തിനായി എന്തെങ്കിലും വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ സ്‌നേഹിതനെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കാമായിരുന്നുവെന്ന് രാജാവ് തീര്‍ച്ചയായും ആഗ്രഹിക്കും. അപ്രകാരം ഏതെങ്കിലും അധികാരികള്‍ കുറ്റവാളിയുടെ മോചനത്തിനുവേണ്ടി അപേക്ഷിച്ചാല്‍ രാജാവ് വലിയ സന്തോഷത്തോടെ തന്‍റെ സ്‌നേഹിതനെ ജയിലില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യും.

ഇപ്രകാരം, ശുദ്ധീകരണാവസ്ഥയിലുള്ള എന്‍റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സ്‌നേഹപൂര്‍വമായ പ്രാര്‍ത്ഥനയ്ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഏറ്റവും വലിയ ആനന്ദത്തോടെ ഞാന്‍ സ്വീകരിക്കുകയും പാവപ്പെട്ട ശുദ്ധീകരണാത്മാക്കളെ മോചിപ്പിക്കുകയും ചെയ്യും. കാരണം ഞാന്‍ വലിയ വിലകൊടുത്ത്, അതായത് എന്നെത്തന്നെ വിലയായി നല്കി സ്വന്തമാക്കിയവരാണ് അവര്‍. അവര്‍ എത്രയും വേഗം എന്‍റെയടുക്കല്‍ എത്തിച്ചേരണമെന്നും എന്നോടൊപ്പം ആയിരിക്കണമെന്നും ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു.
നീ സ്‌നേഹത്തോടെ പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം, ശുദ്ധീകരണാത്മാവിന്‍റെ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ നാവ് ഒന്ന് ചലിപ്പിക്കുമ്പോള്‍ത്തന്നെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.”

ശുദ്ധീകരണാവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവര്‍ക്കായി സ്‌നേഹത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. അത് ഈശോയ്ക്ക് ഏറെ പ്രിയങ്കരമാണ്. അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി കാത്തിരിക്കുന്നു. ഈശോ വിശുദ്ധ ജര്‍ത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന മനപാഠമാക്കി, കൂടെക്കൂടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ആയിരക്കണക്കിന് ആത്മാക്കളെ നമുക്ക് സ്വര്‍ഗത്തിലേക്ക് കരേറ്റാം. അവര്‍ നമ്മുടെ സഹായം എന്നും കൃതജ്ഞതയോടെ അനുസ്മരിക്കുകയും പ്രത്യുപകാരമായി നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സഹായിക്കുകയും ചെയ്യും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles