Encounter
രക്ഷ വിദൂരത്തിലാണോ?
നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഉത്തരം കെ?ത്താന് സഹായിക്കുന്ന ലേഖനം.
യേശു തികച്ചും നീതിമാനാണെന്ന് യേശുവിനെ കുരിശുമരണത്തിനായി വിട്ടുകൊടുത്ത പീലാത്തോസിന് വ്യക്തമായും അറിയാമായിരുന്നു. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. “എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിത പ്രമുഖന്മാര് അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു” (മര്‍ക്കോസ് 15/10). അതുകൊണ്ടുതന്നെ വിചാരണയുടെ സമയത്ത് പീലാത്തോസ് യേശുവിനെ വിട്ടയക്കുവാന്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പുരോഹിത പ്രമുഖന്മാരും അവരാല്‍ പ്രേരിതരായ യഹൂദജനവും പീലാത്തോസിനോട് ആക്രോശിച്ചു. “അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക” എന്ന്. പീലാത്തോസ് അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യേശുവിനെ ക്രൂശിക്കുവാന്‍ വിട്ടുകൊടുത്തു. വിട്ടുകൊടുക്കുന്നതിനുമുമ്പ് അവന് അവരുടെ മുമ്പില്‍വച്ച് തന്റെ കൈകള്‍ കഴുകി ഇപ്രകാരം പറഞ്ഞു: “ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല.” പുരോഹിത പ്രമുഖന്മാരും ഫരിസേയരും അവിടെ കൂടിയിരുന്ന യഹൂദജനവും ആക്രോശിച്ചു പറഞ്ഞു “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും ആയിക്കൊള്ളട്ടെ.” അവര്‍ അവനെ കൊണ്ടുപോയി നിര്‍ദയം ക്രൂശിച്ചു!
തലമുറകളുടെമേല്‍ വീണ രക്തം
അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ ജറുസലേം നശിപ്പിക്കപ്പെട്ടു. ശിക്ഷാവിധിയുടെ നുകം സ്വമേധയാ ഏറ്റുവാങ്ങിയ യഹൂദന്മാര് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ടു. എത്തിയ ഇടങ്ങളില്‍ അതികഠിനമായി ഞെരുക്കപ്പെട്ടു. കഷ്ടതയുടെ 19 നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അക്കാലഘട്ടത്തിലെ യഹൂദപണ്ഡിതന്മാര്‍ക്ക് തങ്ങളുടെ ചിതറിക്കപ്പെടലിന്റെയും കഷ്ടതയുടെയും കാരണങ്ങളെക്കുറിച്ച് വെളിവ് ലഭിച്ചു.
അവര്‍ ന്യൂയോര്‍ക്കില്‍ ഒന്നിച്ചുകൂടി ഏകകണ്ഠമായി ഇങ്ങനെ പ്രഖ്യാപിച്ചു. “യേശുവിനെ വധിക്കുന്നതിനുവേണ്ടി അന്നത്തെ സെന്‍ഹെദ്രീന്‍ സംഘം നടത്തിയ വിചാരണയും വിധിയും തികച്ചും അനീതിപരമായിരുന്നു. യേശുവിനെ ക്രൂശില്‍ തറച്ചുകൊന്നത് വലിയ തെറ്റായിപ്പോയി. അതിനാല്‍ അന്ന് യേശുവിനെതിരെ പുറപ്പെടുവിച്ച വിധി ഞങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു.”
തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്ത തെറ്റിനെ അവര്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തപ്പോള്‍ ദൈവം അവരോട് കരുണ കാണിച്ചു. ലോകത്തിന്റെ അതിര്‍ത്തികളില്‍നിന്നും സ്വദേശത്തേക്കു മടങ്ങിവരാന്‍ അനുവദിച്ചു. അങ്ങനെ 1948-ല്‍ വീണ്ടും ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടു. ലോകചരിത്രത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ് അവിടെ അരങ്ങേറിയത്.
19 നൂറ്റാണ്ടുകളോളം ലോകത്തിന്റെ അതിര്‍ത്തികളോളം അരക്ഷിതരും പീഡിതരുമായി ചിതറിക്കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം ഒരു നിര്‍ണായക നിമിഷത്തില്‍ ഒത്തുചേര്‍ക്കപ്പെട്ട് ഒരു രാഷ്ട്രം രൂപീകരിക്കുക! ദൈവത്തിന്റെ മഹാകാരുണ്യമാണ് ഇവിടെ പ്രകടമായത്. “രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നും മറച്ചിരിക്കുന്നു” (ഏശയ്യാ 59/1-2).
ചിതറിക്കപ്പെടലിനുപിന്നില്‍
ഇസ്രായേല്‍ ജനത്തിന് സംഭവിച്ച ചിതറിക്കപ്പെടലുകള്‍പോലെയുള്ള കഠിനവും ഒരുപക്ഷേ ബീഭത്സവുമായ ചിതറിക്കലുകളും കഷ്ടതകളും നമ്മളും നമ്മളുള്‍പ്പെടുന്ന കുടുംബവും സമൂഹങ്ങളും പേറുന്നുണ്ടാവും. ഞങ്ങളിത്രയേറെ നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവാസങ്ങളെടുത്തിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഇസ്രായേലിന്റെ മുന്‍പറഞ്ഞ ചരിത്രം നമുക്ക് അതിന് ഉത്തരം നല്‍കുന്നുണ്ട്. തിരിച്ചറിയുകയും ഏറ്റുപറയുകയും പരിഹാരം ചെയ്യുകയും ചെയ്യാത്ത പാപങ്ങള്‍!
യേശുവിനെ കുരിശുമരണത്തിന് വിധിച്ചതും ക്രൂശിച്ചതും തങ്ങള്‍ക്ക് ചെയ്യാവുന്നതില്‍വച്ച് ഏറ്റവും വലിയ നന്മയും ഏറ്റവും വലിയ ദൈവശുശ്രൂഷയും ആണെന്നാണ് പുരോഹിത പ്രമുഖന്മാര് കരുതിയത്. ജനം മുഴുവന്‍ വഴിതെറ്റിക്കപ്പെട്ട് നശിക്കുന്നതിനെക്കാള്‍ നല്ലത് പകരമായി ഒരുവന് (യേശു) മരിക്കുന്നതാണ് എന്ന് പ്രധാന പുരോഹിതനും മറ്റു പുരോഹിതരും ആലോചിച്ചുറച്ചു. അതിന്‍പ്രകാരമാണ് യേശുവിനെ കുരിശിലേറ്റാനുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്.
എന്നാല്‍ നിഷ്കളങ്കരക്തത്തെയാണ് തങ്ങള്‍ തൂക്കിലേറ്റിയതെന്ന് അവര്‍ തിരിച്ചറിയാന്‍ 19 നൂറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു.
ആ നാളുകളില്‍ ചിതറിക്കപ്പെട്ടിടത്ത് അവര്‍ക്ക് നേരിടേണ്ടിവന്ന കഷ്ടതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ കണ്ണു തുറപ്പിച്ചത്. ദൈവത്തോടും മനുഷ്യനോടും അവര്‍ അതേറ്റുപറഞ്ഞു. സെന്‍ഹെദ്രീന്‍ സംഘം നടത്തിയ തെറ്റായ വിധിയെ അവര്‍ നിര്‍വീര്യപ്പെടുത്തി. കര്‍ത്താവിന്റെ കരുണയ്ക്കായി നിലവിളിച്ചു. അപ്പോള്‍ രക്ഷയുടെ തുറമുഖത്തേക്ക് നങ്കൂരമടിക്കുവാന്‍ ദൈവമവരെ അനുവദിച്ചു.
എത്തേണ്ടിടത്തെത്തിയപ്പോള്‍
തങ്ങളുടെ ദുര്‍വിധിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെയുള്ള നീണ്ട കാലയളവില്‍ മറ്റു പലതിനെക്കുറിച്ചും അവര്‍ അനുതപിച്ചിട്ടുണ്ടാകാം. തുളസിക്കും ചതകുപ്പക്കും ദശാംശം കൊടുക്കുകയും യഥാര്‍ത്ഥമായ ദൈവനീതിയെ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള അവരുടെ അനുതാപപ്രകരണങ്ങള്‍ വായുവിലുള്ള പ്രഹരങ്ങളായി അവശേഷിക്കുകയും അവര്‍ തങ്ങളുടെ കഷ്ടതകളില്‍തന്നെ തുടരുകയും ചെയ്തപ്പോള്‍ മഹാകാരുണ്യവാനായ ദൈവംതന്നെയാണ് അവരുടെ കഷ്ടതയുടെ കാരണങ്ങളെക്കുറിച്ചുള്ള ഉള്‍വെളിച്ചം നല്കി അവരെ രക്ഷപ്പെടുത്തിയത്. കാലങ്ങള്‍ക്കുമുമ്പ് നാം നടത്തിയ നിര്‍ദയവും തികച്ചും അനീതിപരവുമായ വിധികളും പ്രവൃത്തികളും ഇന്നും നമുക്കു ചുറ്റും കഷ്ടതയുടെയും അസമാധാനത്തിന്റെയും കാരണങ്ങളായി നിലകൊള്ളുന്നുണ്ടാകാം. തിരിച്ചറിയാനും തിരുത്തുവാനും അതേറ്റുപറയാനും തയാറാവൂ… ഇസ്രായേല്‍ ജനത്തെ തിരിച്ചു നടത്തിയ അവിടുന്നു നമ്മെ രക്ഷയുടെ തുറമുഖത്തെത്തിക്കും. അതെ, നിശ്ചയമായും രക്ഷ വിദൂരത്തല്ല!
സക്കേവൂസിലെ ധീരനായ വിശുദ്ധന്!
സക്കേവൂസില്‍ മാനസാന്തരപ്പെട്ട ഒരു ധീരവിശുദ്ധനെ നമുക്ക് കാണാന്‍ കഴിയും. യേശുവിനെ വീട്ടില്‍ സ്വീകരിച്ച് പരിചരിക്കുന്നതിനിടയില്‍ യേശുവിന്റെ സ്നേഹം അടുത്തറിഞ്ഞപ്പോള്‍ അവനു തോന്നി താന്‍ ഒരു മഹാപാപിയാണെന്ന്. അതു തിരിച്ചറിഞ്ഞ അവന് യേശുവിന്റെ കാല്ക്കലൊന്നും വീണ് മാപ്പു പറയുന്നില്ല. പക്ഷേ അവന് ഭക്ഷണമേശയിങ്കല്‍ എഴുന്നേറ്റുനിന്ന് തന്റെ ധീരമായ കാല്‍വയ്പുകള്‍ യേശുവിനെ അറിയിക്കുന്നു. “കര്‍ത്താവേ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു. യേശു പറഞ്ഞു. “ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു.” സക്കേവൂസിന്റെ ആ ധീരമായ തീരുമാനം കേട്ടതിനുശേഷം മാത്രമാണ്’ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’വെന്ന വചനം യേശുവിന്റെ നാവില്‍നിന്നും പുറപ്പെട്ടത്.
നമുക്കെന്തേ രക്ഷ വൈകുന്നു?
സക്കേവൂസിനെപ്പോലെ ധീരമായൊരു കാല്‍വയ്പ് നടത്താന്‍ നാം മടിക്കുന്നതുകൊണ്ടുതന്നെ, അനേകവട്ടം നാം പാപിയാണെന്ന് ഏറ്റുപറയാനും കുമ്പസാരിക്കുവാനും നാം തയാറാകും. പക്ഷേ നമ്മുടെ അനീതിപരമായ പ്രവൃത്തിയിലൂടെ ക്ഷതമേറ്റവനെ സുഖപ്പെടുത്തുവാനും പരിഹാരം ചെയ്യാനും നാം തയാറാവുകയില്ല. എന്നിട്ടും നാം ചോദിക്കും കര്‍ത്താവേ, രക്ഷ വിദൂരത്താണോ? എന്ന്. പിന്നെങ്ങനെ കര്‍ത്താവായ യേശുവിനു പറയാന്‍ കഴിയും ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന്?! എങ്ങനെ അവിടുന്നു പറയും ഇന്നീ സ്ഥാപനം, അല്ലെങ്കില്‍ സഭാസമൂഹം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്?!
കൊട്ടിയത്ത് കട്ടത് കോട്ടയത്തു തിരികെ കൊടുത്താല്‍
ദാനധര്‍മ്മം എപ്പോഴും പാപത്തിന് പരിഹാരമാണ്. “ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിന് പരിഹാരമാണ്” (പ്രഭാഷകന്‍ 3/30). എന്നാല്‍ കൊട്ടിയത്തു കട്ടത് കോട്ടയത്ത് തിരികെ കൊടുത്താല്‍ മതിയാകുമോ? ഇല്ല. നമ്മുടെ അനീതിപരമായ വിധികളും നീചമായ പ്രവൃത്തികളും നിമിത്തം വേദനിച്ചവരും അനീതിയുടെ നുകം വഹിച്ചവരും ഈ ഭൂമിയില്‍ ജീവിച്ചിരിക്കേ നമ്മുടെ പരിഹാരകര്‍മ്മങ്ങള്‍ അവരെത്തേടി എത്താതെ നാം കുറെയേറെ പണം കൊണ്ടുപോയി അനാഥശാലകള്‍ക്കു നല്‍കുകയും സുവിശേഷവേലക്ക് നല്‍കുകയും ചെയ്താല്‍ അതൊരു പരിഹാരപ്രവൃത്തി ആകുമോ? ഒരിക്കലും ഇല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം സക്കേവൂസ് ചെയ്തതുപോലെയല്ല നാം ചെയ്യുന്നത്.
സക്കേവൂസ് രണ്ടു കാര്യങ്ങള്‍ ചെയ്തു. ഇതില്‍ ഒന്നാമത്തെ കാര്യം ഉപേക്ഷിച്ചുകൊണ്ട് രണ്ടാമത്തെ കാര്യംമാത്രം ചെയ്താല്‍ യേശുവിന് നമ്മെ നീതീകരിക്കുവാനോ ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന് നമ്മുടെ ജീവിതത്തെയോ കുടുംബത്തെയോ സ്ഥാപനത്തെയോ സഭാകൂട്ടായ്മകളെയോ നോക്കി പറയാനേ കഴിയുകയില്ല. “ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത് അതുകൊണ്ട് ബലിയര്പ്പിക്കുന്നവന് പിതാവിന്റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്” (പ്രഭാഷകന്‍ 34/20). സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ മാന്യത, സല്പേര്, പ്രവര്‍ത്തന മണ്ഡലങ്ങള്‍, ന്യായമായ അവകാശങ്ങള്‍ അങ്ങനെ പലതിലും ഇത് ബാധകമാണ്.
നവംബര്‍ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസമാണല്ലോ. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് തികച്ചും ന്യായയുക്തമാണ്. എന്നാല്‍ മരണശേഷം കാലങ്ങളോളം ശുദ്ധീകരണാഗ്നിയില്‍ കഴിയാനുള്ള വിധി നമുക്ക് നേടിത്തരുന്ന മുകളില്‍ പറഞ്ഞതരത്തിലുള്ള പരിഹാരക്കടങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് പരിശുദ്ധാത്മാവ് നല്കുന്ന വെളിച്ചത്തില്‍ പരിശോധിച്ചുനോക്കി ഈ ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യുന്നതല്ലേ ഉചിതം? ഈ നവംബര്‍ മാസം അങ്ങനെയൊരു പരിഹാര ജീവിതത്തിന്റെ അരൂപിയിലേക്കു നമ്മെ നയിക്കട്ടെ. ധീരനായ സക്കേവൂസ് നമുക്ക് മാതൃകയായിരിക്കട്ടെ. പ്രെയ്സ് ദ ലോര്‍ഡ്. ‘ആവേ മരിയ.’
Related Articles
ആഗ 14, 2020
Encounter
ആഗ 14, 2020
"കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര് സാരമില്ല നിത്യതേജസിന്‍ കാലമോര്‍ത്തിടുമ്പോള്‍ ഞൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല."
മനോഹരമായ ഈ ഗാനത്തിന്റെ ഈരടികള്‍ നിത്യതയിലേക്കുള്ള പ്രത്യാശയിലേക്കാണ് നമ്മുടെ ഹൃദയങ്ങളെ ഉയര്‍ത്തുന്നത്. തിരുവചനങ്ങള്‍ നമ്മോടു പറയുന്നു: ഈ ലോക ജീവിതത്തിനായി മാത്രം നാം ക്രിസ്തുവില്‍ പ്രത്യാശയര്പ്പിക്കുന്നെങ്കില് നാം എല്ലാ മനുഷ്യരെയുംകാള്‍ ഭാഗ്യഹീനരാണ് (1 കോറിന്തോസ് 15:19).
തികച്ചും അവിചാരിതമായിട്ടാണ് ഞങ്ങള്‍ ആ കിടപ്പുരോഗിയുടെ വീട്ടില്‍ കയറിച്ചെന്നത്. പതിനൊന്നു വര്‍ഷമായി തളര്‍വാതം പിടിപെട്ട് കിടപ്പിലായ ഭക്തയായ ഒരു സ്ത്രീ. മാര്‍ഗരറ്റ് എന്നാണവളുടെ പേര്. അവളുടെ ഭര്‍ത്താവ് മോനിച്ചനും രോഗിയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു കിഡ്നി പേഷ്യന്റ്. മൂത്തമകന് പ്രിന്‍സ്, മന്ദബുദ്ധിയാണ്. വിവാഹിതനല്ല. രണ്ടാമത്തെ മകന് ജോഫി ഏഴുവയസുള്ളപ്പോള്‍ വെള്ളത്തില്‍ പോയി മരിച്ചു. മൂന്നാമത്തെ മകള്‍ നിമ്യ ഒരു അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന് അവളെ ഉപേക്ഷിച്ചു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളായി വീട്ടില്‍ വന്നുനില്ക്കുന്നു. നാലാമത്തെയാള്‍ മരിയ. മാനസിക രോഗിയാണ്. വിവാഹിതയല്ല. അഞ്ചാമത്തെയാള്‍ സച്ചിന്. ദൈവവിശ്വാസമില്ലാതെ തെറ്റായ കൂട്ടുകെട്ടുകളില്‍പെട്ട് അവിവാഹിതനായി തുടരുന്നു. ചികിത്സിക്കാന്‍ പണമില്ല. അന്നന്നത്തെ അപ്പത്തിനും ചികിത്സയ്ക്കും ധനികരായ സ്വന്ത ബന്ധുജനങ്ങളുടെ ഉദാരമായ ദാനത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്. കാരണവന്മാര് അവരുടെ നല്ല കാലത്ത് പണി കഴിപ്പിച്ച കൊട്ടാരംപോലുള്ള ഒരു വീടുമാത്രം സ്വന്തം! അതിന്മേലും ജപ്തിനോട്ടീസ് വന്നിരിക്കുന്നു.
മാര്‍ഗരറ്റിന്റെ മുഖത്ത് തികഞ്ഞ ശാന്തതയാണ് ഉള്ളതെങ്കിലും മോനിച്ചന് വളരെ വലിയ ഹൃദയവ്യഥയോടെ വിങ്ങിവിങ്ങി കരഞ്ഞുകൊണ്ട് ഞങ്ങളോടിങ്ങനെ ചോദിച്ചു, ദൈവമെന്താ സഹോദരങ്ങളേ ഞങ്ങളോട് ഇത്ര കഠിനമായി പെരുമാറുന്നത്? ഞങ്ങള്ക്കുമാത്രമെന്തേ ഈ തുടര്‍ച്ചയായ കണ്ണുനീര്. ഞങ്ങള്‍ കുടുംബാംഗങ്ങളില്‍ ആരുടെ കാര്യമോര്ത്താലാണ് സമാധാനമുള്ളത്. എന്റെ പൊന്നു സഹോദരങ്ങളേ, ഞങ്ങളില്‍ ആരുടെ പാപം നിമിത്തമാണ് ഞങ്ങളുടെ കുടുംബം ഈ ഗതിയിലായത്. ഞാനും ഭാര്യ മാര്‍ഗരറ്റും ഒരു പാപംപോലും ചെയ്യാതെ ജീവിക്കണമെന്നേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ. മാത്രമല്ല ഞങ്ങളാല്‍ കഴിയുന്ന നന്മ മറ്റുള്ളവര്‍ക്ക് ചെയ്യുന്നതില്‍ ഒരുപേക്ഷയും ഇന്നേവരെ കാണിച്ചിട്ടില്ല. ഞങ്ങളുടെ അപ്പന് പേരുകേട്ട ഒരു പാരമ്പര്യ വൈദ്യനായിരുന്നു. സൗജന്യചികിത്സയായിരുന്നു. റോഡില്ക്കൂടിയെങ്ങാനും വല്ല രോഗികളോ പാവപ്പെട്ടവരോ നടന്നുപോകുന്നത് കണ്ടാല്‍ അവര്‍ ചികിത്സിക്കാന്‍ വശമില്ലാത്തവരാണെങ്കില്‍ അവരെ വിളിച്ചുകയറ്റി ആവശ്യമായ മരുന്നും അരിയും വസ്ത്രവും കൊടുത്തേ ഞങ്ങളുടെ അപ്പന് പറഞ്ഞയക്കുമായിരുന്നുള്ളൂ. ഞങ്ങളുടെ വലിയപ്പനും വലിയൊരു മനുഷ്യസ്നേഹിയായ വൈദ്യനായിരുന്നു. അപ്പന്റെയും വലിയപ്പന്റെയും ഒക്കെ ജീവിതത്തിന്റെ നന്മ കണ്ട് മറ്റുള്ളവര്‍ പറയുമായിരുന്നു ഇതിന്റെയെല്ലാം പ്രതിഫലം മക്കളായ ഞങ്ങള്‍ക്ക് ദൈവം നല്‍കുമെന്ന്. എന്നാല്‍ ഞങ്ങള്‍ക്ക് ദൈവം തന്നത് തോരാത്ത കണ്ണുനീരാണ് സഹോദരങ്ങളേ. അഥവാ ഞങ്ങള്‍ക്കെന്തെങ്കിലും അറിയാതുള്ള പിഴവ് വന്നിട്ടുണ്ടെങ്കില്‍ത്തന്നെ ദൈവം ഇത്രയും ക്രൂരമായി ശിക്ഷിക്കാമോ?
ജോബിന്റെ സഹനങ്ങളിലൂടെ
രോഗികളായ ആ ദമ്പതിമാരെ ആശ്വസിപ്പിച്ച് ആ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് പടിയിറങ്ങുമ്പോള്‍ മനസില്‍ നിറയെ ജോബിന്റെ സഹനങ്ങളായിരുന്നു. ജോബ് നീതിമാന്മാരില് നീതിമാനായിരുന്നു. ദൈവം തന്നെ ഒത്തിരി അഭിമാനത്തോടെ സാത്താനോട് ഇപ്രകാരം വീമ്പിളക്കുന്നു, "എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ. അവനെപ്പോലെ സത്യസന്ധനും നിഷ്കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയില്നിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ?" (ജോബ് 1:8). വിരുന്നുസല്ക്കാര സമയങ്ങളില്‍ മക്കളെങ്ങാനും അറിയാതെ പാപം ചെയ്തുപോയിട്ടുണ്ടാകുമോയെന്ന് ഭയപ്പെട്ട് അവര്‍ക്കുവേണ്ടി പാപപരിഹാരബലി അര്പ്പിച്ചിരുന്നവന്. ദരിദ്രനെയും അനാഥനെയും പരദേശിയെയും അകമഴിഞ്ഞ് സഹായിക്കുന്ന ഒരു മഹാമനുഷ്യസ്നേഹി!
എന്നിട്ടും ദൈവനിയോഗപ്രകാരം പൈശാചിക പീഡനങ്ങളുടെ ഫലമായി ധനം, മക്കള്‍, ഭാര്യ, ആരോഗ്യം, സല്പേര് എന്നിങ്ങനെ ജോബിനുണ്ടായിരുന്ന സകലതും ഒന്നിനു പുറകെ ഒന്നായി നഷ്ടപ്പെട്ടു. ശരീരം മുഴുവന്‍ പുഴുവരിക്കുന്ന വ്രണങ്ങളുമായി ചാരത്തില്‍ ഇരുന്ന് കരയുന്ന ജോബ് തന്റെമേല്‍ പാപം ആരോപിക്കുന്ന തന്റെ സ്നേഹിതന്മാരോട് പറയുന്ന വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. "മരിക്കുവോളം ഞാന്‍ നിഷ്കളങ്കത കൈവെടിയുകയില്ല. നീതിനിഷ്ഠയെ ഞാന്‍ മുറുകെ പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല" (ജോബ് 27:5-6).
ചാരത്തില്‍ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളില്‍നിന്നും പുഴുതോണ്ടുന്ന ജോബിന്റെ, നിത്യതയിലും ദൈവത്തിന്റെ കാരുണ്യത്തിലുമുള്ള പ്രത്യാശ സങ്കല്പിക്കാനാവാത്തവിധം വലുതാണ്. അവന് പറയുന്നു: "എനിക്ക് ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നുവെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്നും ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും" (ജോബ് 19:25-27). വലിയ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ജോബ് പറയുന്നു. "അവിടുന്നെന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ പ്രകാശിക്കും" (ജോബ് 23:10).
ഹൃദയത്തില്‍ ഉറച്ച വിശ്വാസവും ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയും ഉണ്ടായിരുന്നിട്ടും ജോബിന് തന്റെ സഹനങ്ങളുടെ കാരണം കണ്ടെത്തുവാന്‍ കഴിയുന്നില്ല. മോനിച്ചന് പറഞ്ഞതുപോലെതന്നെ ജോബ് താന്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് ഈ സഹനം ദൈവനീതിപ്രകാരം താന്‍ അര്‍ഹിക്കുന്നതല്ല എന്ന് തന്റെ സ്നേഹിതന്മാരോട് കണ്ണുനീരോടെ വാദിക്കുന്നു. "നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്ഷിച്ചു. നശിക്കാറായിരുന്നവര്‍ എന്നെ അനുഗ്രഹിച്ചു. വിധവയുടെ ഹൃദയം ആനന്ദഗീതം ആലപിക്കാന്‍ ഞാന്‍ ഇടയാക്കി. ഞാന്‍ നീതിയണിഞ്ഞു. അതെന്നെ ആവരണം ചെയ്തു. നീതി എനിക്ക് അങ്കിയും തലപ്പാവുമായിരുന്നു. ഞാന്‍ കുരുടനു കണ്ണുകളും മുടന്തനു കാലുകളുമായിരുന്നു. ദരിദ്രര്‍ക്കു ഞാന്‍ പിതാവായിരുന്നു; എനിക്ക് അപരിചിതനായവന്റെ വ്യവഹാരം ഞാന്‍ നടത്തി. ഞാന്‍ ദുഷ്ടന്റെ ദംഷ്ട്രങ്ങള്‍ തകര്‍ക്കുകയും അവന്റെ പല്ലിനിടയില്‍നിന്ന് ഇരയെ മോചിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ വിചാരിച്ചു: ഞാന്‍ എന്റെ വസതിയില്‍വച്ച് മരിക്കുകയും മണല്‍ത്തരിപോലെ എന്റെ ദിനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും" (ജോബ് 29:12-18).
വീണ്ടും ജോബ് തന്റെ കഴിഞ്ഞകാലത്തെ നന്മപ്രവൃത്തികള് വിവരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: "പാവങ്ങള്‍ ആഗ്രഹിച്ചതെന്തെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, വിധവയുടെ കണ്ണുകള്‍ അന്ധമാക്കിയിട്ടുണ്ടെങ്കില്‍, എന്റെ ആഹാരം ഞാന്‍ തനിയെ ഭക്ഷിക്കുകയും അനാഥര്‍ക്ക് അതിന്റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, യൗവനം മുതല്‍ അവനെ ഞാന്‍ പിതാവിനെപ്പോലെ പോറ്റുകയും ജനിച്ചപ്പോള്‍ മുതല്‍ നയിക്കുകയും ചെയ്തു. വസ്ത്രമില്ലാതെയോ പുതപ്പില്ലാതെയോ ആരെങ്കിലും നശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍, അവന്റെ അനുഗ്രഹം എനിക്കു ലഭിച്ചില്ലെങ്കില്‍, എന്റെ ആടുകളുടെ രോമം അവനു ചൂടു പകര്ന്നില്ലെങ്കില്, വാതില്ക്കല് സഹായിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ട് അനാഥര്‍ക്കെതിരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍, എന്റെ തോളില്‍നിന്ന് തോള്‍പ്പലക വിട്ടുപോകട്ടെ! എന്റെ കരം അതിന്റെ കുഴിയില്‍നിന്നു വേര്‍പെട്ടുപോകട്ടെ!" (ജോബ് 31:16-22).
എന്നാല്‍ ഞാന്‍ നന്മ അന്വേഷിച്ചപ്പോള്‍ തിന്മ കൈവന്നു. പ്രകാശം കാത്തിരുന്നപ്പോള്‍ അന്ധകാരം വന്നു. എന്റെ ഹൃദയം പ്രക്ഷുബ്ധമായിരിക്കുന്നു... പീഡയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു" (ജോബ് 30:26-27).
ഇതുതന്നെയല്ലേ മോനിച്ചനും തന്റെ കണ്ണുനീരുകൊണ്ട് വരച്ചുകാട്ടിയ ചിത്രം! തലമുറകളായി നന്മമാത്രം ചെയ്തിട്ടും തിന്മ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ! മാനുഷിക ദൃഷ്ടിയില് എന്തുകൊണ്ട് എന്നെ ചോദ്യത്തിന് ഉത്തരം കിട്ടാത്ത സ്ഥിതിഗതികള്‍!! എന്നാല്‍ ജോബിന്മേല് ദൈവം അനുവദിച്ച അഗ്നിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ദൈവം ജോബിനെ അത്യധികമായി അനുഗ്രഹിച്ചു. ജോബ് തന്റെ കഷ്ടതയുടെ നാളില്‍ പ്രവചിച്ചതുപോലെതന്നെ ദൈവം ജോബിനുവേണ്ടി നിലകൊണ്ടു. ദൈവമവനെ സ്വര്‍ണംപോലെ തിളക്കമുള്ളവനാക്കി മാറ്റി. ദൈവം തന്നോട് വിശ്വസ്തത പുലര്‍ത്തിയ ജോബിന് നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരികെ നല്‍കിക്കൊണ്ട് അനുഗ്രഹിച്ചു. അവന്റെ ശേഷിച്ച ജീവിതം മുന്പുണ്ടായിരുന്നതിനെക്കാള് ധന്യമായി. ദൈവം അവന്റെ ആയുസിന്റെ ദിനങ്ങള്‍ നീട്ടിക്കൊടുത്തു. അവന് മക്കളും മക്കളുടെ മക്കളുമായി നാലുതലമുറവരെ കാണത്തക്കവിധത്തില്‍ പൂര്‍ണായുസ് പ്രാപിച്ച് സംതൃപ്തനായി മരിച്ചു.
തോബിത്ത് എന്ന നീതിമാന്
പഴയ നിയമത്തില്‍ തോബിത്തിന്റെ പുസ്തകത്തില്‍ തോബിത്തിന്റെ ജീവിതം പരിശോധിച്ചു നോക്കുമ്പോഴും നന്മയ്ക്കു പകരം തിന്മ അനുഭവിക്കേണ്ടിവന്ന അവസ്ഥകള്‍ കാണാന്‍ കഴിയും. തോബിത്ത് അതീവ ദൈവഭക്തനും സത്കര്‍മിയുമായ മനുഷ്യനായിരുന്നു. അദ്ദേഹം ചെയ്ത നന്മപ്രവൃത്തികള്‍ക്ക് ഒരറുതിയുമില്ല.
എന്നാല്‍ വളരെ നല്ലവനായ വലിയ തോബിത്തിനോട് ദൈവം വളരെ കഠിനമായി പെരുമാറിയെന്ന് തോന്നിക്കത്തക്കവിധമായിരുന്നു തോബിത്തിന്റെമേല് വന്ന ദുര്‍വിധി. വഴിയില്‍ വീണുകിടന്ന ഒരു അനാഥന്റെ ശവശരീരം ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്ക് മറവുചെയ്ത് മടങ്ങുംവഴിയില്‍ ക്ഷീണംമൂലം ഒരു മതിലിനോടു ചേര്‍ന്നുകിടന്ന് ഉറങ്ങവേ കുരുവിക്കാഷ്ഠം കണ്ണില്‍ വീണ് വലിയ തോബിത്തിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നു. നന്മയ്ക്കു പകരമായി ലഭിച്ച തിന്മ നിറഞ്ഞ പ്രതിഫലം! ദൈവമയച്ച ദൂതന് വന്ന് സുഖപ്പെടുത്തുന്നതുവരെ കാലങ്ങളോളം അദ്ദേഹം അന്ധനായും ദരിദ്രരില്‍ ദരിദ്രനായും ഈ ഭൂമിയില്‍ കഴിയേണ്ടിവന്നു. അചഞ്ചലമായ ദൈവഭക്തിക്കും കാരുണ്യപ്രവൃത്തികള്‍ക്കും ദൈവം നല്കുന്ന പ്രതിഫലം ഇതോ എന്ന് ആരും സംശയിച്ചുപോകും വലിയ തോബിത്തിന്റെ ജീവിതത്തിന്റെ മധ്യാഹ്നംവരെയുള്ള ചരിത്രം വായിച്ചാല്‍. എന്നാല്‍ തന്റെ വിശ്വസ്ത ദാസന്റെ അഗ്നിപരീക്ഷണങ്ങള്‍ക്കുശേഷം തന്റെ ദൂതനെ അയച്ച് ദൈവം സുഖപ്പെടുത്തുകയും നന്മകളുടെമേല് നന്മ ചൊരിഞ്ഞ് അവനെയും സന്തതികളെയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
കര്മഫലമോ പൂര്‍വികശാപമോ?
തുടര്‍ച്ചയായ സഹനങ്ങള്‍ അതും എന്തുകൊണ്ട് എന്ന് ഉത്തരം കിട്ടാത്ത കഠിനസഹനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന നിമിഷങ്ങളില്‍ മനുഷ്യര്‍ സാധാരണഗതിയില്‍ പറയുന്ന ഒരു കാരണമുണ്ട്. അതാണ് പൂര്‍വികശാപം. അല്ലെങ്കില്‍ പറയും ഇത് അവന്റെ കര്‍മഫലമാണ് എന്ന്. പൂര്വികശാപങ്ങളും കര്‍മഫലങ്ങളും ചിലപ്പോള്‍ മനുഷ്യനെ കഠിനങ്ങളായ നീണ്ടുനില്‍ക്കുന്ന സഹനാവസ്ഥകളിലേക്ക് നയിച്ചേക്കാം. പക്ഷേ മനുഷ്യന് നേരിടുന്ന എല്ലാ തരത്തിലുള്ള സഹനങ്ങളും പൂര്വികശാപങ്ങളോ അവരവരുടെതന്നെ കര്‍മഫലങ്ങളോ അല്ല. മനുഷ്യന് മനസിലാക്കാന്‍ കഴിയാത്ത ചില ദൈവനിയോഗങ്ങള്‍ എന്നുമാത്രമേ അതേക്കുറിച്ച് പറയാനാകൂ.
എന്നാല്‍ അഗ്നിശോധനകളില്‍ വിശ്വസ്തതയോടെ ദൈവത്തെ പഴിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ നിലകൊള്ളുന്നവരെ ദൈവം അവരുടെ സഹന കാലഘട്ടങ്ങള്‍ പൂര്ത്തിയായിക്കഴിയുമ്പോള് സമൃദ്ധമായി അനുഗ്രഹിക്കും. ജോബിന്റെയും തോബിത്തിന്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണ്.
ചിലരെ ഈലോക ജീവിതകാലത്തു തന്നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്നു. മറ്റുചിലരെ മരണത്തിനുശേഷമായിരിക്കും ദൈവം മഹത്വപ്പെടുത്തുക. വിശുദ്ധ അല്‍ഫോന്‍സയുടെ ജീവിതം അതിനൊരു ഉദാഹരണമാണ്. ജീവിതകാലം മുഴുവന്‍ കഷ്ടതയുടെ ചൂളയില്‍ വെന്തുരുകിയ അല്‍ഫോന്‍സാമ്മയുടെ ജീവിതം മഹത്വീകൃതമായത് മരണത്തിനുശേഷമാണല്ലോ. ധനവാന്റെ പടിവാതില്ക്കല് അവന്റെ മേശപ്പുറത്തുനിന്നും വീഴുന്ന അപ്പക്കഷണങ്ങള്പോലും ആഗ്രഹിച്ചിട്ട് കിട്ടാതെ എല്ലാവരാലും അവഗണിക്കപ്പെട്ട് മരണംവരെ ജീവിച്ച ദരിദ്രനായ ലാസറിന്റെ ജീവിതവും ഉയര്‍ത്തപ്പെട്ടത് മരണത്തിനുശേഷമാണ്. മരണത്തിനു ശേഷം ദൈവം അവനെ സ്വര്‍ഗത്തില്‍ പിതാവായ അബ്രാഹമിന്റെ മടിയിലേക്ക് നയിച്ചു. സ്വര്‍ഗസൗഭാഗ്യം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കുവാന്‍ അവന് ഇടവരുത്തി.
പ്രിയ സോദരാ, സോദരീ, നിങ്ങളുടെ ജീവിതവും ഉത്തരം കിട്ടാത്തതും നീണ്ടുനില്ക്കുന്നതുമായ സഹനങ്ങളാല്‍ പൂരിതമാണോ? ദൈവത്തെ ചോദ്യം ചെയ്യാതെയും അവിടുത്തോട് മറുതലിക്കാതെയും ആ കരത്തിന്‍കീഴില്‍ താഴ്മയോടെ നില്ക്കുക. നിങ്ങളുടെ ശോധനയുടെ കാലഘട്ടം പൂര്‍ത്തിയായി ക്കഴിയുമ്പോള്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചുയര്ത്തിക്കൊള്ളും. "ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്" (1 പത്രോസ് 5:6-7).
തിരുവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു "നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വേത്താട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസാരമാണ്" (റോമാ 8:18). ദൈവം നമ്മെ ഉയര്‍ത്തുന്ന മഹത്വീകരണത്തിന്റെ സമയം നോക്കിപ്പാര്‍ത്തുകൊണ്ട് നിത്യതയ്ക്കായി നമുക്ക് നമ്മെത്തന്നെ ഒരുക്കാം.
ഈ ന്യൂ ഇയര്‍ ദിവസങ്ങളില്‍ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ നമുക്ക് ഒന്നിച്ചുപാടാം:
കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര് സാരമില്ല നിത്യതേജസിന്‍ കാലമോര്ത്തിടുേ മ്പാള്‍ ഞൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല
പ്രത്യാശ നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു!
മാര്‍ 28, 2020
Engage
മാര്‍ 28, 2020
ആ ദിവസം എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കും. എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സഹോദരീഭര്‍ത്താവിനെ കാണാനായി പോകുകയായിരുന്നു എന്റെ അച്ച (പപ്പ). കൂടെ ഞാനും മമ്മിയും അച്ചയുടെ സഹോദരിയുമുണ്ട്. 2016 നവംബര്‍ പത്ത് ആയിരുന്നു ആ ദിവസം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ എത്തിയ ഞങ്ങള്‍ ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കണ്ട് അല്പനേരം അവിടെ ചെലവഴിച്ചു.
അച്ചയ്ക്ക് ഡയബറ്റിസ് ഉള്ളതുകൊണ്ട് സമയത്ത് ഊണ് കഴിക്കണം. യാത്രാക്ഷീണവും ഉണ്ട്. പക്ഷേ ഇടുക്കിയ്ക്ക് മടങ്ങേണ്ടതിനാല്‍ ട്രെയിന്‍ പോകും, സമയം ഇല്ല എന്ന് പറഞ്ഞ് ആശുപത്രി കാന്റീനില്‍നിന്ന് കഴിക്കാന്‍ അച്ച സമ്മതിച്ചില്ല. അതുകൊണ്ട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കഴിക്കാമെന്ന് വച്ച് ഞങ്ങള്‍ ഓട്ടോയില്‍ അങ്ങോട്ട് തിരിച്ചു.
അവിടെ എത്തി ഓട്ടോയില്‍നിന്ന് ഇറങ്ങുകയാണ് ഞങ്ങള്‍. എന്നാല്‍ അച്ച ഓട്ടോയില്നിന്നിറങ്ങാതെ കമ്പിയില്‍ മുറുകെ പിടിച്ച് ഒന്നും മിണ്ടാതെ ഇരിക്കുന്നു! കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എന്തോ പന്തികേട് തോന്നി. ഷുഗര്‍നില താഴ്ന്നതുകൊണ്ട് ഒരു മിഠായി കൊടുത്തെങ്കിലും രക്ഷയില്ല. അടുത്തുള്ള കടയില്‍നിന്ന് സോഡ വാങ്ങി കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അച്ച ബോധരഹിതനായി ഞങ്ങളുടെ കൈകളിലേക്ക് വീണു. പകച്ചുപോയ സമയം. എന്നാല്‍ ആന്റി നഴ്സായിരുന്നതുകൊണ്ട് റോഡില്‍ത്തന്നെ കിടത്തി രക്തയോട്ടം സുഗമമാക്കാനുള്ള പ്രക്രിയകള്‍ ചെയ്തു.
ഞങ്ങളുടെ കരച്ചില്‍കേട്ട് വന്ന ഒരു ചേട്ടനെയും സഹായത്തിനായി കൂട്ടി അച്ചയെ അതേ ഓട്ടോയില്‍ത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോയില്‍വച്ച് അച്ചയുടെ അവസ്ഥ കണ്ടപ്പോള്‍ രക്ഷപ്പെടുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഒന്നുകില്‍ ജീവന് നഷ്ടപ്പെടാം അല്ലെങ്കില്‍ ശരീരം തളര്‍ന്നുപോകാം... എന്നിട്ടും ഞങ്ങളുടെ നിസഹായാവസ്ഥയില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ച് ജപമാലയും കൈയിലേന്തി 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ഞാന്‍ ഉറക്കെ ചൊല്ലിക്കൊണ്ടിരുന്നു; അത്യാഹിത വിഭാഗത്തില്‍ എത്തിച്ചശേഷം ചികിത്സ നടക്കുമ്പോഴും.
കുറച്ചു കഴിഞ്ഞപ്പോള്‍ അച്ച കണ്ണു തുറന്ന് പതിയെ സംസാരിച്ച് തുടങ്ങി. ഞങ്ങള്‍ അത്ഭുതപ്പെട്ടു. അതുകഴിഞ്ഞ് സി.ടി. സ്കാനും ഇ.ഇ.ജിയുമൊക്കെ നടത്തി. ഒരു റിപ്പോര്‍ട്ടിലും യാതൊരു കുഴപ്പവും കണ്ടെത്തിയില്ല. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. മാതാവിലൂടെ ദൈവത്തിന്റെ ശക്തമായ ഇടപെടല്‍! ദൈവത്തിന് നന്ദി! "ശക്തനായവന് എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും" (ലൂക്കാ 1:49-50).
ഈ സംഭവത്തിലൂടെ ദൈവത്തിന്റെ കരുണാര്‍ദ്രമായ പരിപാലന ഞാന്‍ വാസ്തവമായും അനുഭവിച്ചറിഞ്ഞു. അതുകൊണ്ട് ഈ അനുഭവം ദൈവമഹത്വത്തിനായി പങ്കുവയ്ക്കുന്നു.
താഴെ പറയുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും പ്രതി ദൈവത്തിന് നന്ദി പറയുകയാണ്.
1. ഞാനും ആന്റിയും തലേന്നു രാത്രിയാണ് പോകാന്‍ തീരുമാനമെടുത്തത്. അച്ചയും മമ്മിയും മാത്രം പോയിരുന്നെങ്കില്‍ മമ്മിക്ക് തനിയെ ഇത് കൈകാര്യം ചെയ്യാന്‍ പറ്റുമായിരുന്നില്ല.
2. ഞാന്‍ തൃശൂരില്‍നിന്നാണ് എറണാകുളത്തേക്ക് വന്നത്. വരുംമുമ്പ് നവംബര്‍ ഏഴിന് വൈകിട്ട് ഒരു സുഹൃത്തിനോടുള്ള കടം വീട്ടാനുണ്ടെന്ന ഒറ്റ കാരണത്താല്‍ ആയിരം രൂപ എടുക്കാന്‍ എ.ടി.എമ്മില്‍ ചെന്നു. പക്ഷേ 1200 എടുക്കാന്‍ ഉള്ളില്‍ തോന്നലുണ്ടായതിനാല്‍ അങ്ങനെ ചെയ്തു. അതുകൊണ്ട് എറണാകുളത്ത് വരാനും തിരികെ പോരാനും കൈയില്‍ 200 രൂപ ഉണ്ടായിരുന്നു. ബാക്കി ആയിരം നവംബര്‍ എട്ടിന് അസാധു ആയിരുന്നല്ലോ!
3. മുകളില്‍ പറഞ്ഞ കാര്യത്തിനുശേഷം എ.ടി.എം കാര്‍ഡ് പേഴ്സില്‍നിന്നും മാറ്റി സൂക്ഷിച്ചുവയ്ക്കാന്‍ മറന്നുപോയി. അതുകൊണ്ട് ആശുപത്രി ചെലവിനുള്ള പണം അതുപയോഗിച്ച് കാര്‍ഡ് സ്വൈപിങ്ങിലൂടെ അടയ്ക്കാന്‍ സാധിച്ചു.
4. ഞങ്ങള്‍ രണ്ട് ഓട്ടോകളിലാണ് ആശുപത്രിയിലേക്ക് പോയത്. അവര്‍ക്ക് ഓട്ടോക്കൂലി കൊടുക്കാന്‍പോലും സാധിച്ചില്ല. ഒരു ചേട്ടനും സഹായിക്കാന്‍ കൂടെ കയറിയിരുന്നു. അവരുടെ സമയോചിത ഇടപെടല്‍ ആശുപത്രിയില്‍ പെട്ടെന്ന് എത്താന്‍ കാരണമായി. സുമനസുകളായ ആ മൂന്ന് വ്യക്തികളെയും മികച്ച രീതിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്‍കിയതിന് ദൈവത്തിന് നന്ദി. ഒപ്പം ഗതാഗത തടസം ഉണ്ടാവാതിരുന്നതിനും...
"അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! ദൈവമാണ് നമ്മുടെ രക്ഷ. നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്. മരണത്തില്‍നിന്നുള്ള മോചനം ദൈവമായ കര്‍ത്താവാണ് നല്‍കുന്നത്" (സങ്കീര്‍ത്തനങ്ങള്‍ 68:19-20).
മാര്‍ 27, 2020
Encounter
മാര്‍ 27, 2020
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുടെ ഉപയോഗവും കൊച്ചു കുട്ടികളുടെ ഇടയില്‍പ്പോലും വ്യാപകമാണ്. ഇതിനിടയില്‍ ഈശോയോടുള്ള സ്നേഹവും ആത്മബന്ധവും എത്രത്തോളം കുഞ്ഞുങ്ങളിലേക്ക് എത്തുമെന്ന് പലപ്പോഴും ആകുലത തോന്നാറുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഏശയ്യാ 59:21 വചനം എന്നെ സ്വാധീനിച്ചത്- "കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്റെ മേലുള്ള എന്റെ ആത്മാവും നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും നിന്റെയോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്." വചനം ഏറ്റുപറഞ്ഞ് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യവും കേള്‍ക്കാനിടയായി.
എന്റെ കുട്ടികള്‍ വളരെ കുഞ്ഞാണെങ്കിലും ഈ വചനം ഏറ്റുപറഞ്ഞ് എന്നും പ്രാര്‍ത്ഥിക്കണമെന്ന് ഉറച്ച് പേപ്പറില്‍ എഴുതി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അതിലെ ' നിന്റെ മേലുള്ള എന്റെ ആത്മാവും നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും' എന്ന ഭാഗം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. പിന്നീട് വചനം വായിക്കുന്നതും ബൈബിള്‍ വചനങ്ങള്‍ പഠിക്കുന്നതും കൂടുതല്‍ ആഗ്രഹത്തോടെയായി, മക്കള്ക്കുവേണ്ടിക്കൂടിയാണ് ഞാനത് ചെയ്യുന്നത് എന്നൊരു ചിന്ത. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാനായി കൂടുതല്‍ പ്രാര്‍ത്ഥിക്കാനും കൃപ ലഭിച്ചു.
പലപ്പോഴും മക്കള്‍ക്കായി പലതരത്തിലുള്ള നിക്ഷേപങ്ങള്‍ കരുതി വയ്ക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്. അത് ചിലപ്പോള്‍ ബാങ്കില്‍ നല്ലൊരു തുക നിക്ഷേപിക്കുന്നതോ ഭൂസ്വത്ത് കരുതിവയ്ക്കുന്നതോ ഉന്നത വിദ്യാഭ്യാസം നല്കുന്നതോ ഒക്കെ ആകാം. ഇതിലൊക്കെ ഉപരിയായി ദൈവത്തെ സ്നേഹിച്ചുകൊണ്ട് ദൈവവചനവും പരിശുദ്ധാത്മാവുമാകുന്ന നല്ല നിക്ഷേപം നമ്മുടെ അനുദിനജീവിതത്തിലെ പ്രാര്‍ത്ഥനയിലൂടെയും വചന വായനയിലൂടെയും അവര്‍ക്കായി കരുതി വയ്ക്കാം. ലൂക്കാ 12:30-31 'നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും." അതിനാല്‍ ഏറ്റവും ആദ്യം അവിടുത്തെ ഹിതം പുലരുന്ന ദൈവരാജ്യം നമുക്ക് അന്വേഷിക്കാം.
By: Amala Maria Maani
More
മാര്‍ 27, 2020
Encounter
മാര്‍ 27, 2020
നീ എന്താണ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ദൈവം മാത്രമാണ് എന്റെ ചിന്താവിഷയമെന്നേ എനിക്ക് പറയാന്‍ കാണുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്' കുരിശിന്റെ വിശുദ്ധ യോഹന്നാന് ഒരിക്കല്‍ പറഞ്ഞതാണ് ഇത്. വിശുദ്ധ ജെമ്മാ ഗല്‍ഗാനി കണക്കുകൂട്ടുന്നതില്‍ വലിയ ശ്രദ്ധ പതിപ്പിച്ചതിനാല്‍ ഒരു മിനിറ്റ് നേരത്തേക്ക് ദൈവത്തെ മറന്നുപോയതില്‍ പരിതപിച്ചതായി വിശുദ്ധയുടെ ജീവചരിത്രത്തില്‍ നാം വായിക്കുന്നു. എന്നാല്‍ ഇത്ര മനോഹരമായ ഈ നിവേശിത ഏകാന്തത ഒരു ദൈവദാനം മാത്രമാണ്. നമുക്ക് ചെയ്യാവുന്നത് നമ്മുടെ ശ്രമംകൊണ്ട് അതിനുവേണ്ടി തയാറാകാന്‍ ശ്രമിക്കുകമാത്രമാണ്. ശ്രമിച്ചതുകൊണ്ട് ലഭിച്ചെന്നു വരികയില്ലെങ്കിലും, ശ്രമിച്ചാല്‍ കിട്ടാന്‍ കൂടുതല്‍ അര്‍ഹതയുണ്ടല്ലോ.
ഏതു തരത്തിലുള്ള പരിശ്രമമാണ് നാമിതിനു ചെയ്യേണ്ടത്? ഏറ്റം പരിശുദ്ധമായ ഒരു മനഃസാക്ഷി സംരക്ഷിക്കുക, ദൈവസാന്നിധ്യ സ്മരണ കഴിയുന്നിടത്തോളം നിരന്തരമായി ഉണ്ടായിരിക്കാന്‍ ശ്രമിക്കുക, പരിശുദ്ധാത്മാവിന്റെ ദിവ്യ തോന്നിപ്പുകള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുക- ഇവയാണ് നമുക്ക് ചെയ്യാവുന്ന ശ്രമങ്ങള്‍. പരിശ്രമം, പ്രവൃത്തി, പുരോഗതി, നിലനില്പ്, പ്രാര്‍ത്ഥന എന്നീ ആത്മീയ ശ്രമങ്ങളാണ് നമ്മുടെ ആധ്യാത്മിക ജീവിതത്തിനായി നമുക്ക് ചെയ്യുവാന്‍ കഴിയുന്നത്.
പരിശ്രമത്തെക്കുറിച്ച് വിശദീകരിക്കാം. ദൈവം നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നതിനുള്ള തടസങ്ങള്‍ പലതാണ്. ചിലര്‍ക്ക് അറിവില്ലായ്മ, മറ്റു ചിലര്‍ക്ക് തെറ്റായ അഭിപ്രായങ്ങള്‍ തുടങ്ങിയവയാണുള്ളത്. അറിവില്ലാത്ത ചിലര്‍ ആധ്യാത്മികജീവിതം, ദൈവ ഐക്യജീവിതം മുതലായവയെപ്പറ്റി സംസാരിക്കുമെങ്കിലും എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നില്ല. മറ്റേ കൂട്ടരില്‍ ചിലരുടെ അഭിപ്രായം ആന്തരികജീവിതവും ലോകത്തിലെ ബഹളത്തിനിടയിലുള്ള ജീവിതവും ഒന്നിച്ചു പോവുകയില്ലെന്നാണ്. അല്ലെങ്കില്‍ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രേഷിതവൃത്തിയും ആന്തരികജീവിതവും ഒത്തിണങ്ങിപ്പോകാന്‍ പ്രയാസമാണെന്നാണ്.
ചിലര്‍ക്ക് ഏകാന്തത ഇഷ്ടമാണ്. മിണ്ടടക്കവും പ്രാര്‍ത്ഥനയും ദൈവവുമായുള്ള ഐക്യവും അവര്‍ താല്പര്യപ്പെടുന്നു. എന്നാല്‍ സല്‍പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ഓടി നടക്കുന്ന ചിലര്‍ക്ക് ഇതെല്ലാം പ്രയാസമാണ്. അരമണിക്കൂര്‍ ധ്യാനിക്കുന്നതും ഒരു മണിക്കൂര്‍ ആരാധിക്കുന്നതുംതന്നെ വലിയ പ്രയാസപ്പെട്ടാണ്.
മറ്റ് പ്രാര്‍ത്ഥന വേണ്ടെന്ന് വയ്ക്കാന്‍, അല്ലെങ്കില്‍ ചിലപ്പോഴെങ്കിലും ഉപേക്ഷിക്കാന്‍ പിശാച് നമ്മെ പ്രേരിപ്പിക്കും. ചിലര്‍ പഠനത്തിന്റെ കാര്യം പറഞ്ഞും ചിലര്‍ ജോലിത്തിരക്കാണെന്നുള്ള ഭാവത്തിലും ഈ ധ്യാനത്തിലും ആരാധനയിലുംനിന്ന് മാറാന്‍ ശ്രമിക്കും. ആദ്യമാദ്യം ഇവയുടെ സമയം അല്പാല്പം കുറയ്ക്കും. കൃത്യം അരമണിക്കൂര്‍ ധ്യാനിച്ചില്ലെങ്കിലും സാരമില്ലെന്നുവയ്ക്കും. ക്രമേണ ഈ ഭക്താഭ്യാസങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അതൊരു ലാഭമായും പരിഗണിക്കാന്‍ തുടങ്ങും. ഇത് നാശത്തിന്റെ ആരംഭമായിക്കഴിഞ്ഞു. നമ്മെ ആന്തരികജീവിതത്തില്നിന്ന് പിന്മാറ്റാനോ കുറഞ്ഞപക്ഷം വിരസതയുള്ളവരാക്കിത്തീര്ക്കാനോ പിശാച് കിണഞ്ഞു ശ്രമിക്കും. അതില്‍ കുറച്ചെങ്കിലും വിജയിച്ചാല്‍ അവന് അതൊരു വലിയ ആദായമായി പരിഗണിക്കും.
ബഹുവിധ ജോലികളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആന്തരികജീവിതം ഒരു അലസജീവിതമായി തോന്നിയേക്കാം. എന്നാല്‍ നേരെമറിച്ച് ആന്തരികജീവിതമാണ് യഥാര്‍ത്ഥജീവിതം. ഏറ്റം മഹനീയമായ ജീവിതം, ഏറ്റം ഫലപ്രദമായ ജീവിതം, ഏറ്റം ബുദ്ധിമുട്ടുള്ള ജീവിതം, ഏറ്റം നന്മനസും ത്യാഗവും ആവശ്യപ്പെടുന്നതുമായ ജീവിതം.
അതെ, പ്രാര്‍ത്ഥനാപരമായ ജീവിതമാണ് നമ്മുടെ ബാഹ്യപ്രവൃത്തികളെ ഉത്തേജിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതും പരിപൂര്ണമാക്കുന്നതും. വിശുദ്ധ അമ്മത്രേസ്യ, സിയന്നായിലെ വിശുദ്ധ കത്രീന മുതലായവര്‍ ഒരേസമയം ആന്തരികജീവിതത്തിലെ നെടുംതൂണുകളും പ്രേഷിതവൃത്തിയിലെ കരുത്തരുമായിരുന്നു. വിശുദ്ധ അമ്മത്രേസ്യ 30 മഠങ്ങള്‍ പണിതുയര്ത്തിക്കൊണ്ടിരുന്ന അവസരത്തിലാണ് ആന്തരികജീവിതത്തില്‍ മുങ്ങിത്തുടിച്ചിരുന്നത്. സിയന്നായിലെ വിശുദ്ധ കത്രീന രാജാക്കന്മാരും മാര്‍പാപ്പമാരുമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന കാലയളവിലാണ് ദൈവവുമായി ഐക്യപ്പെട്ട് ജീവിച്ചിരുന്നത്.
എന്നാല്‍ ആത്മീയമായ ഏകാന്തത പാലിക്കുന്നതിനുവേണ്ടി മനസിനെ വ്യഗ്രതപ്പെടുത്തേണ്ടതില്ല. ദൈവസാന്നിധ്യ സ്മരണ പുലര്‍ത്തുന്നതിനുവേണ്ടി തലയ്ക്ക് ഭ്രാന്തു പിടിപ്പിക്കേണ്ട ആവശ്യമില്ല. ഒരു ദിവസംകൊണ്ട് ആന്തരികജീവിതം നേടിയെടുക്കാനും സാധ്യമല്ല. നിനക്ക് ബാഹ്യമായ നിരവധി ജോലികളുണ്ടെങ്കിലും നിന്റെ ദൃഷ്ടി ദൈവത്തില്‍ നിന്നകന്നു പോകുന്നില്ലെങ്കില്‍ അവിടുന്നുതന്നെ ആന്തരികജീവിതം നമുക്ക് തരുന്നതാണ്.
ആന്തരികജീവിതം നയിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും നമ്മള് തോല്വിയടഞ്ഞെന്നുവരും. ഒരിക്കലും നിരാശപ്പെടേണ്ട. പല ശ്രമങ്ങള്‍ക്കുശേഷമാണ് നല്ല ഒരു കലാസൃഷ്ടി ഉണ്ടാകുന്നത്. പക്ഷികള്‍ കൂടുകൂട്ടുന്നത് അല്പാല്പമായാണ്. അതുപോലെ നമ്മളും സ്നേഹരാജനുവേണ്ടിയുള്ള കൂട് സാവധാനത്തില്‍ ഉണ്ടാക്കിയാല്‍ മതി.
അവസാനമായി പ്രാര്‍ത്ഥന അത്യാവശ്യമാണ്. ആന്തരികജീവിതം ദൈവത്തിന്റെ ഒരു പ്രവൃത്തിയാണ്. നമുക്ക് അതില്‍ പങ്കാളികളാന് സാധിക്കുമെന്നേയുള്ളൂ. അതിനാല്‍ ആന്തരികജീവിതം നയിക്കാന്‍ നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം. എന്നെ കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ സാധിക്കയില്ല (യോഹന്നാന് 15:5) എന്നാണല്ലോ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥമായ ആന്തരികജീവിതം നയിക്കാന്‍ കഴിയുന്നതിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം.
By: Msgr. C.J. Varkey
More