Trending Articles
ഇറ്റലിയിലെ ഒരു ഇടവകപ്പള്ളിയില്‍ ക്രിസ്മസ് രാവില്‍ ആഘോഷം തകൃതിയായി നടക്കുകയായിരുന്നു. എങ്ങും അലങ്കാരങ്ങള്‍! ആലക്തിക ദീപങ്ങള്‍! വികാരിയച്ചന് ഘോരഘോരം പ്രസംഗിക്കുന്നു. പെട്ടെന്ന് അസീസ്സിയിലെ ഫ്രാന്‍സിസ് പള്ളിയുടെ പിന്നില്‍ എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടത്രേ, ‘ദയവായി പ്രഭാഷണം ഒന്നുനിര്‍ത്താമോ? നിശ്ശബ്ദതയില്‍ ആ കുഞ്ഞിന്റെ കരച്ചിലിന് നമുക്ക് കാതോര്‍ക്കാം!’ ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണോ എന്നറിയില്ല. പക്ഷേ, ആഘോഷത്തിന്റെ ആരവത്തിനിടയില്‍ നിസ്സഹായരുടെ നിലവിളിയും നൊമ്പരവും ശ്രദ്ധിക്കാതെ പോകരുത്. അത് ശ്രദ്ധിക്കുന്നവര്‍ക്കാണ് ക്രിസ്മസിന്റെ ശാന്തിയും യഥാര്‍ത്ഥ സാഫല്യവും അനുഭവിക്കാനാവുന്നത്, പാരില്‍ പിറന്ന ദൈവത്തിന്റെ പൊന്നുണ്ണിയെ കാണാനാവുന്നത്.
ബാലനായ മാല്‍ക്കം ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു. ക്രിസ്മസ് സന്ധ്യയുടെ ആവേശം എല്ലായിടത്തും അവന് കാണുന്നുണ്ട്. അങ്കിള്‍ വാങ്ങിക്കൊടുത്ത പുതിയ ജാക്കറ്റ് അണിഞ്ഞ് തൊപ്പിയും വച്ച് ആഘോഷങ്ങളെല്ലാം ഒന്ന് അടുത്തുകാണുവാന്‍ അവന് പട്ടണത്തിന്റെ തെരുവിലേക്കിറങ്ങി. പുറത്ത് അന്തരീക്ഷം തണുത്തുകൊണ്ടിരുന്നു. മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടായിരുന്നു.
തെരുവിലാകെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍. മാല്‍ക്കം എല്ലാ കടകളുടെയും മുന്നില്‍ ചെന്ന് അവിടത്തെ കാഴ്ചകള്‍ കണ്ടുകണ്ട് മുന്നോട്ടുനടന്നു നീങ്ങിക്കൊണ്ടിരുന്നു. ഒരു കടയുടെ മുന്നില്‍ ചെന്ന് നില്ക്കുമ്പോള്, ധനിക കുടുംബത്തിലെ അംഗങ്ങള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് പോകുന്നത് അവന് കൗതുകത്തോടെയും തെല്ല് അസൂയയോടെയും നോക്കി നിന്നു. ‘ഇതുപോലെ ഒന്ന് കറങ്ങിനടക്കാനും എന്തെങ്കിലുമൊക്കെ സ്നേഹത്തോടെ വാങ്ങിത്തരാനും എനിക്ക് ആരും ഇല്ലല്ലോ’ എന്ന് അവന് ഓര്‍ത്തു. ചെറുസങ്കടത്തോടെ അവന് തിരിച്ച് നടന്നപ്പോള്‍ കണ്ണില്‍ പതിഞ്ഞത് ദൈവാലയത്തിന്റെ ഗോപുരമുകളില്‍ തിളങ്ങുന്ന കുരിശിന്റെ പ്രകാശമായിരുന്നു.
സന്ധ്യമയങ്ങിത്തുടങ്ങി. നഗരം മുഴുവന്‍ നക്ഷത്രങ്ങളും വര്‍ണവിളക്കുകളും. മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് അവന്റെ കണ്ണുകള്‍ കടത്തിണ്ണയിലിരിക്കുന്ന അമ്മയുടെയും അവരുടെ കൈക്കുഞ്ഞിന്റെയും മേല്‍ പതിഞ്ഞു. അവന് സൂക്ഷിച്ചുനോക്കി. ആ ഓമനക്കുഞ്ഞിന്റെ കുഞ്ഞിക്കണ്ണുകള്‍ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു. ആ തണുപ്പിലും വിടര്‍ന്ന് ചുവന്നുതുടുത്ത മുഖം. പെട്ടെന്ന് എന്തോ ഒരു വിഭ്രാന്തിയില്‍ എന്നപോലെ മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി ഒറ്റ ഓട്ടം!
പള്ളിമുറ്റത്ത് പുല്‍ക്കൂട് തയാറാക്കിക്കൊണ്ടിരുന്ന ചേട്ടന്റെ അടുത്ത് അവന് ഓടിയെത്തി, കിതപ്പോടെ പറഞ്ഞൊപ്പിച്ചു. “ഞാന്‍ ഉണ്ണീശോയെ കണ്ടു!” അവന് കൈചൂണ്ടി പറഞ്ഞു, “അതാ അവിടെ ഒരു കടത്തിണ്ണയില്‍!” പറഞ്ഞുതീര്‍ന്നതും ചേട്ടന് “ഒന്നുപോടാ ചെറുക്കാ” എന്നുപറഞ്ഞ് അവനെ ഓടിച്ചുവിട്ടു. ചേട്ടനൊപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാരോടും ചെന്നുപറഞ്ഞെങ്കിലും ആരും അവനെ ഗൗനിച്ചില്ല.
പെട്ടെന്ന് അവന് ഓര്‍ത്തു, ‘തണുപ്പ് കൂടിവരുന്നല്ലോ. ഉണ്ണീശോക്ക് താങ്ങാന്‍ പറ്റുമോ, ആവോ?’ അവന് തന്റെ ജാക്കറ്റ് ഊരിയെടുത്ത് കടത്തിണ്ണ ലക്ഷ്യമാക്കി തിരിഞ്ഞോടി. താന്‍ ഉണ്ണീശോയെ കണ്ട സ്ഥലത്തെത്തി; ചുറ്റും നോക്കി. പക്ഷേ അമ്മയെയും കുഞ്ഞിനെയും അവിടെയെങ്ങും കണ്ടില്ല. സങ്കടം കൊണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കടത്തിണ്ണയില്‍ ഇരുന്ന് അവന് വിതുമ്പി, “എന്റെ ഉണ്ണീശോ!”
പ്രഭാഷണത്തില്‍ കേട്ട കഥ ഇപ്രകാരമാണ്. ഗ്രാമത്തിലെ പള്ളിസ്കൂളില്‍ നിത്യവും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം സിസ്റ്റര്‍ പ്രിന്‍സിപ്പല്‍ ബൈബിളില്‍നിന്ന് തിരഞ്ഞെടുത്ത ഒരു ഭാഗം വായിക്കും. തുടര്‍ന്ന് ചെറിയ പ്രസംഗവും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉഴപ്പുന്നത് ഈ പ്രസംഗസമയത്താണ്. അന്നൊരു ദിവസം വായിച്ചത് നല്ല സമരിയാക്കാരന്റെ കഥയായിരുന്നു.
ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കുള്ള വഴിമദ്ധ്യേ കൊള്ളക്കാരുടെ പ്രഹരമേറ്റ് അവശനായി കിടന്ന ഒരു സാധുമനുഷ്യനെ അപരിചിതനായ സമരിയാക്കാരന് ശുശ്രൂഷിക്കുകയും സത്രത്തില്‍ കൊണ്ടുപോയി സംരക്ഷിക്കുകയും ചെയ്ത കഥ. പ്രസംഗം തുടങ്ങിയതോടെ കുട്ടികളുടെ പതിവ് കലപിലയും തുടങ്ങി.
പ്രസംഗത്തിന്റെ ആദ്യവാക്യം ഇങ്ങനെയായിരുന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്ക്കൂളിന്റെ മുന്പിലൂടെയാണ്. പെട്ടെന്ന് ബഹളം നിര്‍ത്തി, കുട്ടികള്‍ ശ്രദ്ധിച്ചു.
സിസ്റ്റര്‍ തുടര്‍ന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്കൂളിന്റെ വരാന്തയിലൂടെയാണ്.
കുട്ടികള്‍ക്ക് അതിശയമായി. വിടര്‍ന്ന കണ്ണുകളോടെ അവര്‍ പരസ്പരം നോക്കി. സിസ്റ്റര്‍ ആവര്‍ത്തിച്ചു, ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ ക്ലാസ്സുമുറികളിലൂടെയാണ്. കുട്ടികള്‍ക്ക് അര്‍ത്ഥം മനസ്സിലായി. കാരുണ്യം ആവശ്യപ്പെടുന്ന വഴികള്‍ കടന്നുപോകുന്നത് നമ്മുടെ വീട്ടുമുറ്റത്തിലൂടെയും മുറികളിലൂടെയും മനസിലൂടെയും ഒക്കെയാണ്. ആ വഴികളിലൂടെ ചരിക്കുമ്പോള്‍ ക്രിസ്തുമസ് ആയി, ദൈവകാരുണ്യത്തിന്റെ ഉത്സവമായി, മാനവികതയുടെ തിരുപ്പിറവിയായി.
കുളിരുകോരുന്ന പാതിരാവില്‍ ബെത്ലഹെമിലെ മലഞ്ചെരുവില്‍ വിശ്രമിച്ചിരുന്ന ആട്ടിടയന്മാര് വലിയൊരു പ്രഭാപൂരം കണ്ടു. ഭയത്തോടെ അവരത് വീക്ഷിച്ചു. കര്‍ത്താവിന്റെ ദൂതന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “ഭയപ്പെടേണ്ട! വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന് ജനിച്ചിരിക്കുന്നു. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.” അപ്പോള്‍ മാലാഖമാര്‍ പാടിയ ഒരു സ്വര്‍ഗീയഗീതവും അവര്‍ കേട്ടു. “അത്യുന്നതങ്ങളില്‍ ദൈവത്തിനുമഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം!” അവര്‍ പോയി കാലിത്തൊഴുത്തില്‍ ശയിക്കുന്ന കുഞ്ഞുപൈതലിനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദനിര്‍വൃതി അനുഭവിച്ചു. മരംകോച്ചും തണുപ്പില്‍ കാലികള്‍ക്കരികില്‍ ശയിക്കുന്ന ഒരു ശിശുവിന്റെ നിസ്സഹായത കണ്ടപ്പോള്‍ തങ്ങളുടെ ദൈന്യതയും ക്ഷീണവും അവര്‍ മറന്നു. ദൈവകാരുണ്യം നൊമ്പരപ്പെടുന്നവര്‍ക്കൊപ്പമുണ്ടെന്ന സദ്വാര്ത്ത അവര്‍ തിരിച്ചറിഞ്ഞു.
ക്രിസ്മസ് എല്ലാ വര്‍ഷവും നാം ആഘോഷിക്കുന്നു. വീടും പരിസരവുമെല്ലാം മോടിപിടിപ്പിക്കുന്നു. പുല്‍ക്കൂട് കെട്ടുന്നു; നക്ഷത്രവിളക്കുകള്‍ തൂക്കുന്നു. പുതുവസ്ത്രങ്ങള്‍, സമ്മാനങ്ങള്‍ വാങ്ങുന്നു, കൊടുക്കുന്നു, വിവിധങ്ങളായ ഭക്ഷണസാധനങ്ങള്‍ ഒരുക്കുന്നു. ക്രിസ്മസ് രാവില്‍ പള്ളികളില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഒപ്പം മറ്റ് ആഘോഷങ്ങളും നടക്കുന്നു. എല്ലാവരിലും വലിയ സന്തോഷം ദര്‍ശിക്കാന്‍ സാധിക്കുന്ന സമയം. ഒരു വിഭാഗം ആളുകള്‍, പള്ളികളില്‍ പാതിരാ കുര്‍ബാനകളില്‍ പങ്കെടുക്കുന്നു. വേറൊരു വിഭാഗം മറ്റിടങ്ങളില്‍ ആഘോഷത്തിന്റെമാത്രം അന്തരീക്ഷം ആസ്വദിക്കുന്നു. രാവുണര്‍ന്നുകഴിഞ്ഞും ആഘോഷങ്ങള്‍ തുടരുന്നു! പക്ഷേ ഇതിനെല്ലാം ഇടയില്‍ നാം ഉണ്ണിയെ കണ്ടുമുട്ടാറുണ്ടോ? ‘ഹൃദയവിശുദ്ധിയുള്ളവര് അനുഗൃഹീതര്‍, അവര്‍ ദൈവത്തെ കാണും.’
നിഷ്കളങ്ക ഹൃദയത്തോടെ നമുക്ക് ഉണ്ണിയെ കണ്ടുമുട്ടാനൊരുങ്ങാം. ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഒരുങ്ങാം. പാരില്‍ പിറന്ന ദൈവസുതനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദിക്കാം.
Bishop Dr Alex Vadakkumthala
തുണസഹോദരനായ ജെറാര്‍ഡിന് ഒരു അവിഹിതബന്ധമുണ്ട്! ഈ കഥ കാട്ടുതീപോലെ പ്രചരിച്ചു. സംഭവം അവരുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയുടെ ചെവിയിലുമെത്തി. അദ്ദേഹം ജെറാര്‍ഡിനെ വിളിച്ചു ചോദിച്ചു. പക്ഷേ ഒരു സ്ത്രീ പ്രചരിപ്പിക്കുന്ന നുണക്കഥയാണ് എന്നറിയാമായിരുന്നെങ്കിലും അവന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോയില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അല്‍ഫോണ്‍സ് ലിഗോരി അവനെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. ജെറാര്‍ഡിന് അത് മരണതുല്യമായിരുന്നു. പകരം ഇങ്ങനെ ചിന്തിച്ചു, "ഈശോ ഒരുപക്ഷേ എന്നില്‍ എഴുന്നെള്ളിവരാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കില്‍ എന്റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവന് എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടല്ലോ." നാളുകള്‍ പിന്നിട്ടു. അവനില്‍ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകരമായ രോഗം പിടിപെട്ടു. തന്റെ പാപത്തിന്റെ ഫലമാണ് അതെന്ന് ചിന്തിച്ച അവള് ഉടന്‍തന്നെ അല്‍ഫോണ്‍സ് ലിഗോരിക്ക് സത്യം പറഞ്ഞ് കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാര്‍ഡിനോട് ചോദിച്ചപ്പോള്‍ അവന് പറഞ്ഞു, "ഒരു വിശുദ്ധനാവാന്‍ യോജിച്ച സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി." ഈ പുണ്യത്തിന് വലിയ സമ്മാനം സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ജെറാര്‍ഡിനോട് പറഞ്ഞു. അത് അക്ഷരംപ്രതി ശരിയായിരുന്നു, ജെറാര്‍ഡ് വിശുദ്ധപദവിയിലെത്തി; വിശുദ്ധ ജെറാര്‍ഡ് മജെല്ല.
By: Shalom Tidings
Moreമയക്കുമരുന്നില്‍നിന്നും രക്ഷപ്പെട്ട ഒരു യുവാവിന്റെ ജീവിതകഥ. കുറേ നാളുകള്‍ക്കുമുമ്പ് ഒരു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒരു യുവാവ് എന്നെ കാണണം എന്നുപറഞ്ഞു. അവന് എന്നോട് ചോദിച്ചു, "ഞാന്‍ ചേട്ടനെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ." "അതിനെന്താടാ" എന്നായിരുന്നു എന്റെ മറുപടി. അവന് കരയാന്‍ തുടങ്ങി. എന്റെ നെഞ്ചില്‍ ചാരിക്കിടന്ന് ഏങ്ങിക്കരയുന്ന അവനോട് ഞാന്‍ ചോദിച്ചു, "എന്തുപറ്റി?" "ചേട്ടാ, ഞാന്‍ മയക്കുമരുന്നിന് അടിമയാണ്. ഒരുപാട് ചികിത്സയൊക്കെ ചെയ്തു. ഒത്തിരി കൗണ്‍സിലിങ്ങിന് പോയി. പല ധ്യാനങ്ങളില്‍ പങ്കെടുത്തു. നിര്‍ത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ എനിക്ക് 23 വയസായി. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം. എന്നെയൊന്ന് സഹായിക്കുമോ?" അവിടെ മാതാവിന്റെ ഗ്രോട്ടോ ഉണ്ട്. ഞാനവനെ അതിന്റെ ചുവട്ടില്‍ ഇരുത്തി ചോദിച്ചു, "ആട്ടെ, നീ എപ്പഴാ ഇതാദ്യമായി ഉപയോഗിച്ചത്?" "എന്റെ പതിമൂന്നാമത്തെ വയസില്‍ കഞ്ചാവടിച്ചാണ് തുടക്കം." "അതിനെന്താ കാരണം, എവിടുന്ന് കിട്ടി?" "എന്റെ ചേട്ടാ അതിന് എന്റെ അപ്പനാണ് കാരണം. ചേട്ടനറിയുവോ, എന്റെ അപ്പന് ഒരു മുഴുക്കുടിയനാണ്. എന്നും വെള്ളമടിച്ചുവന്ന് എന്റെ അമ്മയെ തല്ലും. എന്റെയമ്മ കരയാത്ത ഒരു രാത്രി ഞാന്‍ കണ്ടിട്ടില്ല. എന്റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഈസ്റ്റര്‍ ആഘോഷിച്ചിട്ടില്ല. ബന്ധുക്കള്‍ ആരുംതന്നെ വരില്ല. ഞങ്ങളെ ഒരു ഫംഗ്ഷനും വിളിക്കില്ല. എന്റെ ഒരു ബര്‍ത്ത്ഡേ ആഘോഷിച്ചിട്ടില്ല. എന്നെ എന്റെ അപ്പന് ഉമ്മവച്ച ഓര്മ എനിക്കില്ല. എവിടെയെങ്കിലും ഉടുതുണി ഇല്ലാണ്ട് കിടക്കും. ഞാനും എന്റെ അമ്മയുമാണ് എടുത്തോണ്ട് വരുന്നത്. എന്റെ പതിമൂന്നാമത്തെ വയസില്‍ ഇതുപോലൊരു ദിവസം ആ മനുഷ്യന് വെള്ളമടിച്ചുവന്നു. ഒരു പലകക്കഷണംകൊണ്ട് അമ്മയുടെ ഇടതു കരണത്തിന് അടിച്ചു. അമ്മയുടെ ഇടതുചെവിയില്‍നിന്ന് രക്തം ഒലിച്ചു. അതോടുകൂടി അമ്മയുടെ ഇടതുചെവിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടു. എനിക്കത് കണ്ടുനില്ക്കാന് പറ്റിയില്ല. ഞാനെന്റെ അപ്പനെ തല്ലി. അതിനുശേഷം ഒരു കുറ്റബോധം വീശാന്‍ തുടങ്ങി - അപ്പനെ തല്ലിയവന്. എന്നെ മനസിലാക്കാനോ ഒന്നു തുറന്നു പറയാനോ ആരുമില്ല. എന്നോടാരോ ഉള്ളില്‍നിന്നും പറയും, നീ അപ്പനെ തല്ലിയവനാണ്. അവസാനം ചെന്നുപെട്ടത് ഒരു മാടക്കടയിലാണ്. കഞ്ചാവ് വലിച്ച് ബോധം നഷ്ടപ്പെടുത്താന്‍ തുടങ്ങി. പിന്നീട് ബോധത്തോടിരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ക്രമേണ എന്നെ ഈ അവസ്ഥയിലെത്തിച്ചു. ഡ്രഗ് അന്വേഷിച്ചു ഞാന്‍ ബ്ലാക്ക്മാസില്‍വരെ ചെന്നുപെട്ടു. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം ചേട്ടാ." ഞാന്‍ പറഞ്ഞു, "എടാ, നിന്നെ ഒരിക്കലും കുറ്റപ്പെടുത്താന്‍ പറ്റില്ല. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നു. ഇതിന്റെ മറ്റൊരു ഭാഗം ആരും ശ്രദ്ധിക്കാതെ കിടപ്പുണ്ട് മോനേ. നീ പതിമൂന്നാമത്തെ വയസില്‍ അപ്പന് വെള്ളമടിച്ച് അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ അപ്പനെ തല്ലി. അതിന്റെ കുറ്റബോധം സഹിക്കാന്‍ പറ്റാതെയല്ലേ കഞ്ചാവടിച്ചു തുടങ്ങിയത്. ഇനി നീ അപ്പന്റെ ഭാഗത്തുനിന്ന് ചിന്തിച്ചേ. നിന്റെ അപ്പന് എന്ത് കണ്ടിട്ടാവും ആദ്യമായി ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ഇതുപോലൊരു മോശം ചരിത്രം നിന്റെ അപ്പനുമുണ്ട്. നിന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ദൈവം നിന്നോട് കാട്ടിയ കരുണ എന്നെപ്പോലൊരുവനെ നിന്റെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നു, നിനക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍. ഇതുപോലെ നിന്റെയപ്പന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ആരേലും ചെന്നിരുന്നെങ്കില്‍ നിന്റെയമ്മയെ തല്ലുന്നത് നിനക്ക് കാണേണ്ടിവരില്ലായിരുന്നു. നിന്റെ അപ്പന് യഥാര്‍ത്ഥത്തില്‍ കുറ്റക്കാരനാണോ?" ഇതുകേട്ടപ്പോള്‍ അവന് വീണ്ടും കരയാന്‍ തുടങ്ങി. അത് മാപ്പിന്റെ, വീണ്ടെടുപ്പിന്റെ, കണ്ണുനീരായിരുന്നു. അവന്റെ അപ്പനോടവന്‍ ക്ഷമിച്ചു. തന്നെ ചതിച്ച യാക്കോബിനെ കണ്ടപ്പോള്‍ ഏസാവ് ക്ഷമ നല്കി ആലിംഗനം ചെയ്തനേരം യാക്കോബ് പറഞ്ഞു, ചേട്ടാ, നിനക്ക് ദൈവത്തിന്റെ മുഖമാണ്. ആ മകന്റെ മുഖത്തും ആ ദൈവികചൈതന്യം തുളുമ്പുന്നത് കണ്ടു. അവന് മയക്കുമരുന്ന് അടിമത്തില്‍നിന്നും കര്‍ത്താവ് മോചനം നല്കി. ചില മാപ്പുകൊടുക്കലിന്, വിട്ടുകൊടുക്കലിന് പല പാപബന്ധനങ്ങളെയും പൊട്ടിച്ചെറിയാന്‍ സാധിക്കും. "...ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും" (ലൂക്കാ 6/37).
By: George Joseph
Moreഒരു രാജാവിന് രണ്ട് പരുന്തിന്‍കുഞ്ഞുങ്ങളെ സമ്മാനമായി കിട്ടി. കാണാന്‍ നല്ല ഭംഗിയുള്ള രണ്ട് പരുന്തിന്‍കുഞ്ഞുങ്ങള്‍. അവയെ പരിപാലിക്കാനും പരിശീലിപ്പിക്കാനുമായി ഒരാളെ രാജാവ് നിയോഗിച്ചു. അങ്ങനെ കുറച്ചുനാളുകള്‍ കടന്നുപോയി. പൂര്‍ണവളര്‍ച്ചെയത്തിയപ്പോള്‍ അവ പറക്കുന്നത് കാണാന്‍ രാജാവിന് ആഗ്രഹം. ഒരു ദിവസം തന്റെ മുന്നില്‍വച്ച് അവ പറക്കുന്നത് കാണിച്ചുതരണമെന്ന് രാജാവ് പരിശീലകനോട് ആവശ്യപ്പെട്ടു. പറഞ്ഞതുപ്രകാരം നിശ്ചിതസമയത്ത് രാജാവ് എത്തി. പരുന്തുകള്‍ ഒരു മരക്കൊമ്പില്‍ ഇരിക്കുകയാണ്. പരിശീലകന് അടയാളം നല്‍കിയതോടെ രണ്ട് പരുന്തുകളും അതാ പറന്നുയരുന്നു. രാജാവിന് ഏറെ സന്തോഷം. പക്ഷേ നോക്കിക്കൊണ്ടിരിക്കേ, ഒരു പരുന്ത് അല്പദൂരം ഉയര്‍ന്നുപറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരുന്നു. മറ്റേ പരുന്താകട്ടെ ഉയരങ്ങളില്‍ പറന്നുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അത് തിരികെ വന്നത്. ഇതുകണ്ട് രാജാവിന് അല്പം വിഷമമായി. പരിശീലകന് വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും ആദ്യത്തെ പരുന്ത് അധികദൂരം പറന്നില്ല. പല ദിവസങ്ങളിലും ശ്രമം ആവര്‍ത്തിച്ചെങ്കിലും ആ പരുന്ത് അല്പം പറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരിക്കുകയാണ് ചെയ്തത്. ആ പരുന്ത് പറക്കുന്നതുകാണാനുള്ള ആഗ്രഹത്താല്‍ അതിനെ ഉയരത്തില്‍ പറപ്പിക്കുന്നവര്‍ക്ക് കനത്ത പാരിതോഷികം രാജാവ് വാഗ്ദാനം ചെയ്തു. പല പണ്ഡിതരും എത്തി. പക്ഷേ അവരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞ് ഒരു പാവം കര്ഷകന് പരുന്തുകളെ വളര്‍ത്തുന്നിടത്ത് ചെന്നു. പരിശീലകന് അയാളുടെ ആവശ്യപ്രകാരം പരുന്തുകള്‍ക്ക് പറക്കാന്‍ അടയാളം നല്കി. അല്പം കഴിഞ്ഞപ്പോള്‍ അതാ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം പറക്കാത്ത പരുന്തും ഉയര്‍ന്നുപറക്കുന്നു! കാര്യങ്ങളറിഞ്ഞ രാജാവ് വാഗ്ദാനം ചെയ്ത സമ്മാനങ്ങളെല്ലാം അയാള്‍ക്ക് നല്കി. എന്ത് വിദ്യ ചെയ്തിട്ടാണ് പരുന്തിനെ പറത്തിയതെന്നായിരുന്നു രാജാവിന് അറിയേണ്ടിയിരുന്നത്. ആ പരുന്ത് പതിവായി ഇരിക്കാറുള്ള മരക്കൊമ്പ് വെട്ടിക്കളയുകയാണ് താന്‍ ചെയ്തത് എന്ന് കര്ഷകന് ഉത്തരം നല്കി. നമ്മുടെ ചില പതിവുസുഖങ്ങളുടെ മരക്കൊമ്പുകള്‍ കര്‍ത്താവ് വെട്ടിക്കളയുന്നത് നാം ഉയര്‍ന്നുപറക്കാനാണ്. "താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു"ڔ(ഹെബ്രായര്‍ 12/6)
By: Shalom Tidings
Moreഎന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സഹിക്കാന്‍ കഴിയാത്ത വേദന നിമിത്തം നടക്കാനാവാതെയായി. ആ സമയത്ത് മറ്റൊരു ആശുപത്രിയില്‍ പോയപ്പോള്‍ അവിടത്തെ ഡോക്ടര്‍ സ്കാന്‍ ചെയ്തുനോക്കി. അപ്പോഴാണറിയുന്നത്, കാലില്‍ വെരിക്കോസ് വെയിന്‍ നന്നായി ബാധിച്ചിട്ടുണ്ടെന്നും ആ ഞരമ്പുകള്‍ കാലുകളുടെ മാംസത്തിലേക്കാണ് തടിച്ചിരിക്കുന്നതെന്നും. അങ്ങനെയൊരു ഞരമ്പിലാണ് പുഴു കടിച്ചിരിക്കുന്നത്. അതിനാല്‍ മുറിവ് ഉണങ്ങാന്‍ വിഷമമാണ് എന്ന് പറഞ്ഞു. നാല് പ്രാവശ്യം ഞങ്ങള്‍ ആ ആശുപത്രിയില്‍ പോയി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, "ഓപ്പറേഷന് ചെയ്ത് ഈ ഞരമ്പ് എടുത്തുകളയുകയോ ലേസര്‍ ചികിത്സയിലൂടെ മുറിവ് കരിക്കുകയോ ചെയ്യണം." അടുത്ത ദിവസം അഡ്മിറ്റാകാം എന്നുപറഞ്ഞ് ഞങ്ങള്‍ ആശുപത്രിയില്‍നിന്നും പോന്നു. വേദനമൂലം കടുത്ത വേദനാസംഹാരി ഗുളികകള്‍ കഴിച്ചാണ് രാത്രി ഞാന്‍ ഉറങ്ങിയിരുന്നത്. ആ സമയത്ത് 2023 ഫെബ്രുവരി 5-ന് ഭര്‍ത്താവ് ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വന്നപ്പോള്‍ കൈയില്‍ ഒരു ശാലോം ടൈംസ് മാസിക ഉണ്ടായിരുന്നു. ഒരു ചേട്ടന് കൊടുത്തതാണ്. അതുകണ്ടതേ കര്ത്താവിന് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ വേഗം മാസിക വാങ്ങി തുറന്ന് വായിക്കാന്‍ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ ഞാന്‍ ആദ്യം വായിച്ചത് 'പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും' എന്ന അനുഭവസാക്ഷ്യമാണ്. ആ അനുഭവക്കുറിപ്പിലെ അതേ നേര്‍ച്ച നേര്‍ന്നാല്‍ എനിക്കും രോഗശാന്തി ഉണ്ടാകുമെന്ന് മനസ് പറഞ്ഞു. ആ നിമിഷത്തില്‍, ഞാനും സാക്ഷ്യപ്പെടുത്താമെന്നും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നു. കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു. എന്നും മുറിവ് കെട്ടിയാല്‍ അസഹനീയ വേദന ഉണ്ടാകുമായിരുന്നു. അന്ന് മുറിവ് ഡ്രസ് ചെയ്തുകഴിഞ്ഞ് വലിയ വേദന വന്നില്ല. മാത്രവുമല്ല, വേദനയില്ലാതെ ഉറങ്ങാനും സാധിച്ചു. പിന്നീട് ഞാന്‍ വേദനസംഹാരിഗുളികകള്‍ കഴിച്ചിട്ടില്ല. ഓപ്പറേഷനോ ലേസര്‍ ചികിത്സയോ കൂടാതെ മുറിവ് ഉണങ്ങാന്‍ തുടങ്ങി. ക്രമേണ മൂന്ന് മാസങ്ങള്‍കൊണ്ട് കാല് പൂര്‍ണമായി സൗഖ്യമായി. ഇപ്പോള്‍ വീട്ടില്‍നിന്നും നടന്ന് വിശുദ്ധ കുര്‍ബാനക്ക് പോകുന്നു. സൗഖ്യത്തിന് ഒരായിരം നന്ദി, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!
By: Shalom Tidings
Moreആ യുവാവിന്റെ വീട് ഈശോ പണിയാം എന്ന് പറയാനുണ്ടണ്ടായ കാരണം... ഞാൻ സെമിനാരിയില്‍ ചേര്‍ന്ന വര്‍ഷം അവിടെ ഒരു ദൈവാലയം പണിയുന്നുണ്ടായിരുന്നു. പണികള്‍ക്കെല്ലാം സഹായിക്കാന്‍ ഞങ്ങളും കൂടും. ഇഷ്ടിക ചുമക്കുക, നനയ്ക്കുക എന്നിങ്ങനെ കൊച്ചുകൊച്ചുജോലികളൊക്കെ എല്ലാവരും ചേര്‍ന്നാണ് ചെയ്തിരുന്നത്. അതേ സമയത്തുതന്നെയാണ് എന്റെ സ്വന്തം വീടിന്റെ പണി നടന്നതും. ഞാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ വീടുപണിയെക്കുറിച്ചു പറയുന്നത് കേള്‍ക്കാറുണ്ട്. പണി വൈകുകയാണെന്നും ആരും ഇല്ലെന്നുമൊക്കെയാണ് നിരന്തരം കേട്ടുകൊണ്ടിരുന്ന സങ്കടം. ഒരു ദിവസം വൈകുന്നേരം ദൈവാലയത്തിനുവേണ്ടി കട്ട ചുമന്നുകൊണ്ടിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെയാണാവോ നടക്കുന്നതെന്ന് ഓര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം. "അമ്മയും അപ്പനും തന്നെയായിരിക്കില്ലേ എല്ലാം ചെയ്യുന്നത്... അവര്‍ക്കൊരു കൈ സഹായത്തിനു ഞാന്‍ ഇല്ലല്ലോ..." എന്നെല്ലാമായിരുന്നു അപ്പോള്‍ എനിക്കുണ്ടായ ഭാരപ്പെടുത്തുന്ന ചിന്തകള്‍. പെട്ടെന്ന് ഉള്ളില്‍ ഒരു സ്വരം, "നീ എന്റെ സഭ പണിയുക, ഞാന്‍ നിന്റെ വീട് പണിയാം!" ഇതെനിക്ക് നല്കിയ ആശ്വാസവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാനാവാത്തതാണ്. ഞാന്‍ അതില്‍ വിശ്വസിച്ചു, പിന്തിരിയാതെ മുന്പോട്ടുപോയി. അധികം വൈകാതെ വീടുപണി കഴിയുന്നതാണ് കണ്ടത്! ദൈവരാജ്യത്തിന്റെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണോ നീ? അല്ലെങ്കില്‍ അങ്ങനെയൊരാളുടെ കുടുംബാംഗമോ മിത്രമോ പരിചയക്കാരനോ ആണോ? എങ്കില്‍ അഭിമാനിക്കുക. കര്‍ത്താവിന്റെ സഭ പണിയാന്‍, അന്ത്യകാല ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന ശുശ്രൂഷകരെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുക. അത്തരത്തില്‍ ജീവിതം ചിട്ടപ്പെടുത്തിയ അനേകം സഹോദരങ്ങളെ ഈ നാളുകളില്‍ ഞാന്‍ കാണാന്‍ ഇടയായിട്ടുണ്ട്. എന്തെന്നില്ലാത്ത എതിര്‍പ്പും നിന്ദനവും ഞെരുക്കവുമെല്ലാം സഹിച്ച് അവര്‍ രാപകലില്ലാതെ ക്രിസ്തുവിനും സഭയ്ക്കുംവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു. ഇടവകയിലെ ചെറിയ പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും ധ്യാനകേന്ദ്രങ്ങളിലും ഫോണിലുള്ള മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയപോലെയുള്ള അരെയോപ്പാഗാസിലും കല്‍മണ്ഡപങ്ങളിലും ധൈര്യസമേതം സമയം ചെലവിട്ടുകൊണ്ട് ഇവര്‍ യേശുക്രിസ്തുവിനു സാഭിമാനം സാക്ഷ്യം വഹിക്കുന്നു. ക്രിസ്തുവില്‍ അഭിമാനിക്കുക, ഇവരെയോര്‍ത്ത്. ഒരു നീതിമാനെങ്കിലും ഉണ്ടെന്നതിന്റെപേരില്‍ പാപം നിറഞ്ഞിട്ടും നശിപ്പിക്കാതെ വെറുതെ വിട്ട നഗരങ്ങളെക്കുറിച്ചു ബൈബിള്‍ നമ്മോടു പറയുന്നില്ലേ? അതുപോലെ നെറ്റിത്തടങ്ങളില്‍ അടയാളം വീണ ഇവരാകും നമ്മുടെ കുടുംബങ്ങളുടെ, സമൂഹങ്ങളുടെ, ഇടവകയുടെ, മേലൊന്നും ശിക്ഷ പതിയാതെ കാക്കുന്ന ആ നീതിമാന്മാര്. കോവിഡിനുശേഷം ശുശ്രൂഷാജീവിതത്തില്‍ പിന്നോക്കം പോയവരും കഠിന ഞെരുക്കത്തില്‍ തളര്‍ന്നുപോയവരും കാണാതിരിക്കില്ല. അവരെ നമുക്ക് ചേര്‍ത്തുപിടിക്കാം. പുതിയൊരു അഭിഷേകത്തിനായി പ്രാര്‍ത്ഥനകൊണ്ട് നമുക്ക് അവരെ ബലപ്പെടുത്താം. സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത് ദൈവരാജ്യശുശ്രൂഷകരെ നമുക്ക് ഉത്തേജിപ്പിക്കാം. അവര്‍ കര്‍ത്താവിന്റെ സഭ പണിയുകയാണ്. അവരുടെ ഭവനം കര്‍ത്താവ് പണിയും, തീര്‍ച്ച. അങ്ങനെയൊരാളെ അറിയാവുന്നയാളാണോ താങ്കള്‍? എങ്കില്‍, നമ്മുടെ കര്‍ത്താവിന്റെ തൊഴിലാളിയോടെന്നവണ്ണം അവരോട് നമ്മള് കടപ്പാട് കാണിക്കുക. ഇതുവായിക്കുന്ന താങ്കള്‍ ഒരു ദൈവരാജ്യശുശ്രൂഷകനാണോ? ഞാന്‍ എന്റെ അനുഭവം നിങ്ങളോട് പറഞ്ഞില്ലേ? അതുചെയ്യാന്‍ നമുക്കാണ് കര്‍ത്താവ് അവസരം നല്‍കിയിരിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട് സധൈര്യം തുടരുക ഈ ദൗത്യം. "വത്സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍" (1 കോറിന്തോസ് 15/58).
By: Brother Augustine Christy PDM
More"ടീച്ചറേ, ഈ വര്‍ഷം ടീച്ചറുമതി അവന്റെ ക്യാറ്റിക്കിസം ടീച്ചറായിട്ടെന്ന് പറഞ്ഞോണ്ടിരിക്കുവാ..."' ആ അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്ത് ഒന്നും പറയാതെ ചിരിച്ചു. സത്യം പറയാമല്ലോ. പിന്നെ മനസില്‍ നിറയെ അഹങ്കാരത്തിന്റെ ചിന്തകളായിരുന്നു. എന്റെ കഴിവ്, എന്റെ അറിവ്, എന്റെ വായന. ഇങ്ങനെ 'ഞാന്‍' എന്ന അഹങ്കാരത്തിലാണ് പ്രാര്‍ത്ഥിക്കാന്‍ തിരുഹൃദയ രൂപത്തിനു മുന്നില്‍ മുട്ടുകുത്തിയത്. പക്ഷേ ഈശോ ചിരിക്കുന്ന കണ്ടപ്പോഴേ തോന്നി അഹങ്കാരം ഇത്തിരി കൂടി പ്പോയെന്ന്. പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു, "സോറീട്ടോ, പ്രശംസയും അംഗീകാരവുമൊക്കെ ആഗ്രഹിക്കുന്ന ഒരാളാണല്ലോ ഈ ഞാനും." ഈശോ പിന്നെയും ചിരിച്ചതേയുള്ളൂ... കൊന്ത ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ മനസു നിറയെ അതുതന്നെയായിരുന്നു ചിന്ത. ഒരു വചനം മനസിലേക്കു വന്നു. "എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും" (1 കോറിന്തോസ് 1/27). ഒരു കണ്ണു തുറന്ന് ഈശോയുടെ നേരെ നോക്കി, "ഭോഷന്മാര് എന്നുദ്ദേശിച്ചതില്‍ ഞാനും പെടുമല്ലേ?" ക്യാറ്റിക്കിസം പഠിപ്പിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളോര്‍ക്കുകയായിരുന്നു. അത്ര വലിയ ഒരു പ്രാധാന്യമോ ഭാരമോ ഒന്നും അതേപ്പറ്റി തോന്നിയില്ല. ചെറുപ്പം മുതലേ കേള്‍ക്കുന്ന ഈശോയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനല്ലേ! അതുകൊണ്ടുതന്നെ ഒരു മുന്നൊരുക്കവും ഇല്ലാതെ ക്ലാസിലെത്തി പാഠം വായിച്ച്, വായിപ്പിച്ച്, എന്തൊക്കെയോ പറഞ്ഞ്, ഉത്തരങ്ങള്‍ അടയാളപ്പെടുത്തിക്കൊടുത്ത് ഇടയ്ക്ക് ചോദ്യം ചോദിച്ച്, ദിവസങ്ങള്‍ കടന്നു പോയി... പൊള്ളിച്ച വാക്കുകള്‍ ഒരു ദിവസം ക്ലാസിനിടയില്‍ എന്തോ കാര്യം വേറൊരു ടീച്ചറോട് ചോദിക്കാനായി പുറത്തു പോയി തിരികെ ക്ലാസിലേക്ക് കയറുമ്പോള്‍ ഒരു കുഞ്ഞ് എണീറ്റുനിന്ന് ഇങ്ങനെ പറയുന്നതാണ് കേട്ടത്..."ഹൊ! ഈ ഞായറാഴ്ചകള്‍ ഇല്ലാതിരുന്നെങ്കില്‍! ഈ ക്യാറ്റിക്കിസം ക്ലാസ് കണ്ടു പിടിച്ചത് ആരാണാവോ!" എന്നെ കണ്ടതും അവന് പെട്ടെന്നിരുന്നു. അത് കേള്‍ക്കാത്തപോലെ ഞാന്‍ ക്ലാസ് തുടര്‍ന്നു. പക്ഷേ ആ വാക്കുകള്‍ വല്ലാതെ പൊള്ളിച്ചുകൊണ്ടേയിരുന്നു. തിരികെ വീട്ടിലെത്തിയിട്ടും മറ്റ് പല കാര്യങ്ങളിലേക്ക് മനസ് തിരിച്ചു വിടാന്‍ ശ്രമിച്ചിട്ടും ആ വാക്കുകള്‍ ഉണ്ടാക്കിയ അസ്വസ്ഥത ഏറിയതേയുള്ളൂ. രാത്രി ഉറങ്ങാനാകുന്നില്ല, എണീറ്റിരുന്നു. സങ്കടം... ഒരുപാട് കരഞ്ഞു... വീഴ്ചകളിലാണല്ലോ ഈശോയെ തേടുക. "ഈശോയേ, തെറ്റ് പറ്റിപ്പോയി. ഒരു യോഗ്യതയുമില്ലാതിരുന്നിട്ടും ഈശോയുടെ സ്നേഹത്താല്‍ എന്നെ വിളിച്ചിട്ട്, ഒരുക്കമില്ലാതെ, പ്രാര്‍ത്ഥിക്കാതെ...." സങ്കടത്തിന്റെയും കുറ്റബോധത്തിന്‍െറയും ദിവസങ്ങളായിരുന്നു പിന്നീട്... പതിയെപ്പതിയെ ഈശോയുടെ ആശ്വാസം, സ്നേഹം മനസില്‍ നിറയുന്നത് അറിഞ്ഞു തുടങ്ങി... പിന്നെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളുമായി ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ ഇരുന്നു. 'എനിക്ക് ഒന്നും... ഒന്നും അറിയില്ല... എങ്ങനെ പഠിപ്പിക്കണമെന്ന്, എന്ത് പഠിപ്പിക്കണമെന്ന്...' കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. എല്ലാ ദിവസവും ആ പ്രാര്‍ത്ഥനയോടെ ഈശോയുടെ മുന്നിലിരുന്നു. "എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും" (ജറെമിയാ 33/3). ഓരോ കുഞ്ഞുങ്ങളുടെയും പേരുകളെഴുതി ഈശോയ്ക്ക് സമര്‍പ്പിച്ചു, "ഈശോയേ, ഭാവിയില്‍ ഇവര്‍ ആരായിത്തീരുമെന്നെറിയില്ല. ഈശോ ആഗ്രഹിക്കുന്നത് അവരിലേക്ക് പകര്‍ന്നു കൊടുക്കാന്‍, അതുമാത്രം പകരപ്പെടാന്‍, എന്നെ ഒരുപകരണമാക്കണമേ..." പതിയെ ഈശോ പഠിപ്പിക്കാന്‍ ആരംഭിക്കുന്നത് അറിഞ്ഞു തുടങ്ങി. അതൊരു വലിയ അനുഭവമായിരുന്നു. ഇന്നും തുടരുന്ന ദൈവസ്നേഹത്തിന്റെ വലിയ അനുഭവം. കഥകളിലൂടെ, ബൈബിളിലൂടെ, വിശുദ്ധരുടെ ജീവിതങ്ങളിലൂടെ, എന്റെതന്നെ അനുഭവങ്ങളിലൂടെ... എല്ലാം ഈശോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കും. പരീക്ഷ നടത്തും. പക്ഷേ ഞാനിതുവരെയും നല്ല വിദ്യാര്‍ത്ഥിയായിട്ടില്ല, തോല്‍വികളാണധികവും. ബൈബിള്‍ മുഴുവന്‍ വായിക്കുക, എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക, യോഗ്യതയോടെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുക ഇതെല്ലാം പരിശീലനത്തിന്റെ പ്രധാനഭാഗങ്ങളായിരുന്നു. ഒരു വിശ്വാസ പരിശീലകന്റെ ജീവിതത്തിലെ ഓരോ നിമിഷവും, എല്ലാ തലങ്ങളും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം എന്ന് ഈശോ മനസിലാക്കി ത്തന്നു. വാക്കും പ്രവൃത്തിയും ജീവിതരീതികളും കൂട്ടുകെട്ടുകളും വസ്ത്രധാരണവും എല്ലാമെല്ലാം പരിശുദ്ധാത്മനിറവിലായിരിക്കണം. വസ്ത്രം മാറ്റുക! ഒരിക്കല്‍ ഷോപ്പിംഗിനായി പുറത്തേക്ക് ഇറങ്ങിയ സമയം. അപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുറത്തുപോകരുതെന്നു ശക്തമായി ഉള്ളില്‍ ഒരു സ്വരം. ഒടുവില്‍ വീണ്ടും തിരികെ വീട്ടില്‍ കയറി അത് മാറ്റി മറ്റൊരു വസ്ത്രം ധരിച്ചുപോയി. കടയില്‍ ചെന്നപ്പോള്‍ ഞാന്‍ ക്യാറ്റിക്കിസം പഠിപ്പിക്കുന്ന ഒരു കുട്ടിയെയും അവരുടെ കുടുംബത്തെയും കണ്ടു. അവരോടൊപ്പം ഗ്രാന്റ് പാരന്റ്സും ഉണ്ടായിരുന്നു. ക്യാറ്റിക്കിസം ടീച്ചര്‍ എന്നുപറഞ്ഞു പരിചയപെടുത്തുമ്പോള്‍ ഞാന്‍ എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്ന് ഈശോയ്ക്കറിയാം. അത്രമാത്രം ആ വിളി വിലപ്പെട്ടതാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നു. ആഴമേറിയ പ്രാര്‍ത്ഥനാജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. ഈശോ ദൈവപുത്രനായിരുന്നിട്ടും മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നെങ്കില്‍ ഞാന്‍ എത്രയോ എത്രയോ അധികം പ്രാര്‍ത്ഥിക്കണം! ഞായറാഴ്ചകളിലെ ഒന്നരമണിക്കൂര്‍ ക്ലാസിനായി അതിനെത്രയോ ഇരട്ടി സമയം പ്രാര്‍ത്ഥനയിലായിരിക്കേണ്ടതുണ്ട്! എത്രയോ ദിവസങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്! ത്യാഗങ്ങളെടുക്കേണ്ടതുണ്ട്...! ഉപവസിക്കേണ്ടതുണ്ട്...! ആ തിരിച്ചറിവ് വലിയൊരു പ്രകാശമാണ് മനസില്‍ തന്നത്. അറിവോ കഴിവോ സൗന്ദര്യമോ പ്രായമോ വാക്ചാതുര്യമോ ഒന്നും ഒന്നും അല്ല; ഓരോ കുഞ്ഞിനു വേണ്ടിയും എടുക്കുന്ന ത്യാഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, അവര്‍ക്കായി കാഴ്ചവയ്ക്കുന്ന വിശുദ്ധ കുര്‍ബ്ബാനകള്‍, ഈശോയോടൊപ്പമായിരിക്കാന്‍- ആ സ്വരം കേള്‍ക്കാന്‍- നാം സമര്‍പ്പിക്കുന്ന സമയം, അതാണ് ഈശോയ്ക്കായി ഓരോ കുഞ്ഞിനെയും നേടാന്‍ നമ്മെ പ്രാപ്തരാക്കുന്നത്, പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കുന്നത്. ഭക്ഷണം വിളമ്പിത്തരുന്ന സ്പൂണിനെ ആരും പ്രശംസിക്കാറില്ലല്ലോ, നന്ദി പറയാറില്ലല്ലോ! ഭക്ഷണം തരുന്ന ആള്‍ക്കല്ലേ മഹത്വമത്രയും. സത്യത്തില്‍ നാമോരോരുത്തരും ആ സ്പൂണ്‍ ആണ്. കൂദാശസ്വീകരണങ്ങളാലും പ്രാര്‍ത്ഥനകളാലും ത്യാഗങ്ങളാലും എപ്പോഴും കഴുകി ശുദ്ധി വരുത്തിയിരിക്കാം. എങ്കിലല്ലേ നമ്മെ വിളമ്പാനായി ഉപയോഗിക്കാനാവൂ...
By: Mangala Francis
Moreഫരിസേയന് എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര് തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്.... അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്. പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു. കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം... എന്നിട്ടെന്താവാന്‍... മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്റെ കൂടെ നില്ക്കുന്ന കഥാപാത്രം ചെയ്തു. റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് 'ഷൈന്‍' ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ. ഫരിസേയന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ഫരിസേയന് ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി 'നന്മമരം' ആവരുത്. "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (മത്തായി 5/20). നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
Moreകുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു. മുത്തശ്ശി അവനോട് ചോദിച്ചു, "ജോണ്‍കുട്ടാ, ഒരു ചിത്രകാരന് വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?" "അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും അറിയാം." അതുകേട്ട് മുത്തശ്ശിക്കല്പം ആശയക്കുഴപ്പമായി. അവര്‍ ചോദിച്ചു, "അതെന്താ ദൈവം ഇടതുകൈയനാണെന്ന് തോന്നാന്‍ കാരണം?" "അതോ, കഴിഞ്ഞയാഴ്ച സണ്‍ഡേ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ യേശു ദൈവത്തിന്റെ വലതുഭാഗത്താണിരിക്കുന്നതെന്ന്. അപ്പോള്‍പ്പിന്നെ ദൈവത്തിന് ഇടതുകൈകൊണ്ടല്ലേ ചിത്രം വരയ്ക്കാന്‍ കഴിയൂ?" "ഓ, അത് ശരിയാണ് കേട്ടോ, പക്ഷേ ഞാനത് മറന്നുപോയി,"ڔകുഞ്ഞുജോണിന്റെ മറുചോദ്യം കേട്ട് മുത്തശ്ശി തന്റെ 'അറിവില്ലായ്മ' സമ്മതിച്ചു. "ശിശുക്കള്‍ എന്റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മര്‍ക്കോസ് 10/14)ڔ
By: Shalom Tidings
More'ഈ പ്രാണി മറ്റേ പ്രാണിയെക്കാള്‍ വലുതല്ലല്ലോ!'ചില ചെടികള്‍ക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേല് മുള്‍ച്ചെടികളുണ്ട്...' തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോള്‍ ഈ ജര്‍മ്മന്‍ പയ്യന്റെ കണ്ണ് ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ ഉടക്കി നിന്നിരുന്നു. തെക്കന്‍ ജര്‍മ്മനിയില്‍, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെന്‍ എന്ന ചെറിയ ഗ്രാമത്തില്‍ 1206ല്‍, ജനിച്ച ആല്‍ബര്‍ട്ട് എന്ന യുവാവിന്റെ പ്രത്യേകതയായിരുന്നു അത്. സമ്പന്നനായ ഒരു പ്രഭുവിന്റെ മൂത്ത മകനായിരുന്നു അവന്. മറ്റുള്ളവര്‍ പ്രകൃതിയെപ്പറ്റി പഠിക്കാന്‍ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ആല്‍ബര്‍ട്ട് പ്രകൃതിയെത്തന്നെ വായിച്ചു. അവന്റെ പ്രദേശത്തുള്ള പക്ഷികളെപ്പറ്റി അവന് എഴുതി. ഡാന്യൂബ് നദിയിലെ മത്സ്യങ്ങളുടെ സഞ്ചാരമാര്‍ഗം നിരീക്ഷിച്ചറിഞ്ഞു. ശ്രമകരമായ നിരീക്ഷണപാടവവും പരീക്ഷണങ്ങളും പ്രകൃതിശാസ്ത്രത്തെക്കുറിച്ച് അവന് ആഴത്തിലുള്ള അറിവാണ് നല്‍കിയത്. ഈ അറിവുവച്ച് പല കാര്യങ്ങളും അവന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു അത്ഭുതമായിത്തോന്നിയതിനാല് പലരും അവനെ ഒരു ജാലവിദ്യക്കാരന് എന്ന് വിളിച്ചു. ആല്‍ബര്‍ട്ട് വസ്തുതകള്‍ ശേഖരിക്കുന്നത് ഒരു അന്വേഷണത്തിനുള്ള തുടക്കം മാത്രമായിരുന്നു. ലഭിച്ച വസ്തുതകള്‍ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ ആ സംയോജനം അതുപോലുള്ള വേറെ കുറെ സാധ്യതകളിലേക്ക് വഴി തുറക്കും. അതിലെല്ലാം പരീക്ഷണങ്ങള്‍ നടത്തി ശരിയായിട്ടുള്ള കാരണം കണ്ടെത്തി ഉപസംഹരിക്കണം. അങ്ങനെ, ആല്‍ബര്‍ട്ട് മദ്ധ്യകാലഘട്ടത്തിലെ ആളുകളുടെ ശാസ്ത്രപരമായ അറിവ് വര്‍ദ്ധിക്കാനും അഭിവൃദ്ധിപ്പെടാനും കാരണമായി. റോജര്‍ ബേക്കണിനൊപ്പം ആല്‍ബര്‍ട്ടും പരീക്ഷണാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്നു. പാദുവയിലെ യൂണിവേഴ്സിറ്റിയാണ് ആല്‍ബര്‍ട്ട് പഠനത്തിനായി തിരഞ്ഞെടുത്തത്. പ്രകൃതിയെ കുറിച്ചുള്ള വിശദമായ അവന്റെ നിരീക്ഷണങ്ങള്‍ വഴി, സൃഷ്ടികളുടെ രഹസ്യാത്മകത മാത്രമല്ല സ്രഷ്ടാവിന്റെ മഹത്വവും ആല്‍ബര്‍ട്ടിന് വെളിപ്പെട്ടു കിട്ടി. അറിവിനോടൊപ്പമുണ്ടായിരുന്ന ദൃഢമായ ഭക്തി, ക്രൈസ്തവവിശ്വാസത്തെ കൂടുതല്‍ തുറവിയോടെയും തീവ്രമായും പിഞ്ചെല്ലാന്‍ അവനെ സഹായിച്ചു. പാദുവയില്‍ അപ്പോള്‍ സ്ഥാപിതമായിരുന്ന ഡൊമിനിക്കന്‍ ചാപ്പലായ സാന്താ മരിയ ഡെല്ലെ ഗ്രാസിയെ (ഒീഹ്യ ങമൃ്യ ീള ഏൃമരലെ) അവന് കൂടെക്കൂടെ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവിടെ ഡൊമിനിക്കന്‍സിന്റെ രണ്ടാം മാസ്റ്റര്‍ ജനറല്‍ ആയിരുന്ന സാക്സണിയിലെ വാഴ്ത്തപ്പെട്ട ജോര്‍ഡനിന്റെ പ്രഭാഷണങ്ങളില്‍ ആല്‍ബര്‍ട്ട് ആകൃഷ്ടനായി. പ്രാര്‍ത്ഥന, ധ്യാനം, പഠനം എന്നിവയോടുകൂടി പ്രസംഗവും പ്രബോധനവും കൂട്ടിച്ചേര്‍ക്കാന്‍ കഴിവുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ തേടി പാദുവയില്‍ എത്തിയതായിരുന്നു അദ്ദേഹം. അങ്ങനെ 1223ല്‍ ആല്‍ബര്‍ട്ട് ഡൊമിനിക്കന്‍ സഭയിലെ അംഗമായി. ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ധാതുശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം ഇതെല്ലാം അനായാസേന ഈ ബഹുമുഖപ്രതിഭക്ക് വശപ്പെട്ടു. പ്രകൃതിശാസ്ത്രത്തോട് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആല്‍ബര്‍ട്ട് കൂട്ടിചേര്‍ത്തു. ഡൊമിനിക്കന്‍ സഭയിലെ വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിച്ചു. അധ്യാപകന്, പ്രൊവിന്‍ഷ്യാല്‍, ബിഷപ്പ് 1228ല്‍ കൊളോണില്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് അധ്യയനത്തില്‍ സൂപ്പര്‍വൈസര്‍ ആയി, റാറ്റിസ്ബണിലും സ്ട്രാസ്സ്ബര്‍ഗിലുമെല്ലാം പഠിപ്പിച്ചു. പാരീസ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ച ആല്‍ബര്‍ട്ടിന് ഡോക്ടറേറ്റും ലഭിച്ചു. അന്ന് യൂറോപ്പിലെ ഏറ്റവും വലിയ പട്ടണം പാരീസ് ആയിരുന്നു. ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന അവിടത്തെ അന്തരീക്ഷം ആല്‍ബര്‍ട്ടിലെ മികച്ചത് പുറത്തുകൊണ്ടുവന്നു. അരിസ്റ്റോട്ടിലിന്റെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട് ആ മഹാനായ തത്വചിന്തകന്റെ രചനകളെ കുറിച്ചും നിരൂപണങ്ങളെക്കുറിച്ച് പഠനം നടത്തി. ജര്‍മ്മനിയിലേക്ക് മടങ്ങിയ ആല്‍ബര്‍ട്ട് 1254ല്‍ ഡൊമിനിക്കന്‍സിന്റെ പ്രയര്‍ പ്രൊവിന്‍ഷ്യാല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കുറെയേറെ യാത്രകള്‍ നടത്തേണ്ടി വന്നു. 40ല്‍ അധികം ഡൊമിനിക്കന്‍ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് 1000ല്‍ അധികം സഹോദരരെ വ്യക്തിപരമായി കണ്ടു. പഠനം തുടരാനായി 1257ല്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. അലക്സാണ്ടര്‍ നാലാമന് പാപ്പയുടെ സ്വകാര്യ തിയോളജിയനും കാനനിസ്റ്റുമായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യമായ പോപ്പ് റാറ്റിസ്ബണിന്റെ ബിഷപ്പ് ആയി ആല്‍ബര്‍ട്ടിനെ 1260ല്‍ നിയമിച്ചു. പിന്നീട് ഊര്‍ബന്‍ നാലാം പാപ്പ ആല്‍ബര്‍ട്ടിനെ സഭയ്ക്ക് ഒരു ഗവേഷകനും പണ്ഡിതനും തത്വശാസ്ത്ര, ദൈവശാസ്ത്ര അധ്യാപകനുമൊക്കെയായി ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ വിരമിക്കാന്‍ അനുവദിച്ചു. മികച്ച അധ്യാപകനും പേരുകേട്ട പണ്ഡിതനും മാത്രമല്ല അനുവാചകരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന വിധത്തില്‍ ദൈവസ്നേഹത്തെ കുറിച്ച് ഹൃദയത്തില്‍ നിന്ന് സംസാരിച്ചിരുന്ന പ്രാസംഗികന് കൂടിയായിരുന്നു ആല്‍ബര്‍ട്ട്. സദസ്സിലുള്ളവര്‍ക്ക്, ഓര്‍മയില്‍ സൂക്ഷിക്കാനും പിന്നീട് ആവര്‍ത്തിച്ച് പറഞ്ഞ് തങ്ങളുടെ വിശ്വാസത്തെ ജ്വലിപ്പിക്കാനും തീക്ഷ്ണതയുള്ളതാക്കാനും കഴിയുന്ന തരത്തില്‍ മനോഹരമായ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി ആല്‍ബര്‍ട്ട് രചിക്കാറുണ്ടായിരുന്നു. പരിശുദ്ധ കുര്ബാനയെപ്പറ്റിയും പരിശുദ്ധ അമ്മയെപ്പറ്റിയുമുള്ള പ്രഭാഷണങ്ങളുടെ പേരിലും ആല്‍ബര്‍ട്ട് പ്രശസ്തനായിരുന്നു. വിദ്യാര്ത്ഥിയെക്കുറിച്ചൊരു പ്രവചനം പാരീസില്‍ 1245നും 1248നും ഇടക്ക് പഠിപ്പിക്കുമ്പോള്‍ ഒരു യുവ ഇറ്റാലിയന്‍ സഹോദരന്റെ അധ്യാപകനാകാന്‍ ആല്‍ബര്‍ട്ടിന് ഭാഗ്യമുണ്ടായി. വിശുദ്ധ തോമസ് അക്വീനാസ് ആയിരുന്നു അത്. തോമസ് വളരെ കുറച്ച് സംസാരിച്ചിരുന്നവനും വണ്ണമുള്ള പ്രകൃതക്കാരനും ആയിരുന്നതുകൊണ്ട് ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ 'ഊമക്കാള' എന്നാണ് അവനെ വിളിച്ചിരുന്നത്. ചിരിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളോട് ആല്‍ബര്‍ട്ട് പറഞ്ഞു, "ഈ യുവാവിനെ ഇപ്പോള്‍ നിങ്ങള്‍ 'ഊമക്കാള' എന്ന് വിളിക്കുന്നു, പക്ഷേ ഒരു ദിവസം അവന്റെ മുക്രയിടല്‍ ലോകം മുഴുവനിലും പ്രതിധ്വനിക്കും." അദ്ദേഹത്തിന്റെ പ്രവചനം നിറവേറി. തോമസ് പാണ്ഡിത്യത്തിലും പ്രശസ്തിയിലും വളരെവേഗം തന്റെ പ്രൊഫസറെ മറികടന്നു. തോമസിന്റെ കഴിവ് തിരിച്ചറിഞ്ഞ ആല്‍ബര്‍ട്ട് അവനെ കൊളോണില്‍ വിദ്യാര്‍ത്ഥികളുടെ മാസ്റ്റര്‍ ആയി നിയമിച്ചു. 1256ല്‍ വിശുദ്ധ ആല്‍ബര്‍ട്ട്, വിശുദ്ധ തോമസ് അക്വീനാസ് എന്നിവര്‍ ഫ്രാന്‍സിസ്കനായ വിശുദ്ധ ബൊനവെഞ്ചറിന്റെ കൂടെ പോപ്പിന് മുമ്പില്‍ ഡൊമിനിക്കന്‍ സഭയുടെയും ഫ്രാന്‍സിസ്കന്‍ സഭയുടെയും നിയമാവലിയെയും അവകാശങ്ങളെയും വിജയകരമായി പ്രതിരോധിച്ചു. 1274ല്‍ ആല്‍ബര്‍ട്ട് ലിയോന്‍സിലെ കൗണ്‍സിലില്‍ പങ്കെടുത്ത് ഗ്രീക്ക് സഭയുടെയും റോമിന്റെയും ഒരുമിക്കലിനു സജീവമായ പങ്കു വഹിച്ചു. തോമസ് അക്വീനാസും അതില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും മാര്‍ഗമധ്യേ മരിച്ചു. ദുഃഖാര്‍ത്തനായ ആല്‍ബര്‍ട്ട് ആശ്രമവാസികളോട് തോമസിന്റെ മരണത്തെപ്പറ്റി അറിയിച്ചത് ഇങ്ങനെ ആയിരുന്നു, "സഭയിലെ പ്രകാശം അണഞ്ഞിരിക്കുന്നു!" പിന്നീട് ജീവിതകാലം മുഴുവന്‍, തന്റെ വിദ്യാര്‍ത്ഥിയും സഹപ്രവര്‍ത്തകനും സുഹൃത്തുമായ തോമസിനെപ്പറ്റി എപ്പോള്‍ സംസാരിച്ചാലും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സാര്‍വ്വത്രിക വേദപാരംഗതന് ആല്‍ബര്‍ട്ടിന്റെ ബുദ്ധിശക്തി കീര്ത്തിയുറ്റതായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം, നിരീക്ഷണത്തിനും പരീക്ഷണത്തിനും നല്കിയ അകമഴിഞ്ഞ പിന്തുണ, അങ്ങനെ ഓരോന്നും അദ്ദേഹമടങ്ങുന്ന അന്വേഷകരുടെ പുതിയ ശാസ്ത്രം പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവമായി പരിണമിക്കാനിടയാക്കി. പാരീസ് യൂണിവേഴ്സിറ്റിയില്‍ 1245നും ഇടയ്ക്ക് 1248 നും പഠിക്കുമ്പോള്‍ മാനുഷിക അറിവിനെയെല്ലാം ഒന്നായി ശേഖരിച്ചുകൊണ്ട്, പ്രകൃതിശാസ്ത്രം, തര്‍ക്കശാസ്ത്രം, വാചാടോപം, ഗണിത ശാസ്ത്രം, നീതിശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, തത്വമീമാംസ തുടങ്ങിയ ശാഖകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ ഒരു യത്നത്തിന് തുടക്കമിട്ടു. അടുത്ത 20 വര്‍ഷങ്ങള്‍ ഈ പദ്ധതിക്കും മറ്റു സേവനത്തിനുമായി വിഭജിച്ചു. അദ്ദേഹത്തിന്റെ ധിഷണാശക്തിയും അറിവും അത്രക്കും ഉയര്‍ന്നതായതുകൊണ്ട് അദ്ദേഹത്തിന്റെ സമകാലീനര്‍ ആല്‍ബര്‍ട്ട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മഹാനായ ആല്‍ബര്‍ട്ട് എന്ന് വിളിക്കുകയും എന്തിനെപ്പറ്റിയും പഠിപ്പിക്കാന്‍ കഴിവുള്ളവന് അഥവാ സാര്‍വ്വത്രിക ആചാര്യന് എന്ന സ്ഥാനം നല്‍കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ആല്‍ബര്‍ട്ടിന്റെ രചനകള്‍ 38 വാല്യങ്ങളുണ്ട്. സസ്യശാസ്ത്രത്തിലും, മനുഷ്യ, ജന്തു ശരീരശാസ്ത്രത്തിലുമുള്ള പ്രബന്ധങ്ങളുടെ പേരില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നു. അരിസ്റ്റോട്ടിലിന്റെ രചനകള്‍ ക്രൈസ്തവ പ്രമാണങ്ങള്‍ക്കനുസൃതമായി ആല്‍ബര്‍ട്ട് വീണ്ടും അവതരിപ്പിച്ചു. അള്‍ത്താരയിലേക്ക് 1278ല്‍ ഒരു പ്രഭാഷണത്തിനിടയില്‍ ആല്‍ബര്‍ട്ടിന്റെ ഓര്‍മ്മ നശിച്ചു. പ്രാര്‍ത്ഥന ഇഴ ചേര്‍ത്തുള്ള ശാന്തമായ ഒരു ജീവിതമായിരുന്നു പിന്നീട്. ഒരു വലിയ മരക്കസേരയില്‍ ഡൊമിനിക്കന്‍ സഹോദരരുടെ ഇടയിലിരുന്ന് അവര്‍ പാടുന്ന പരിശുദ്ധ രാജ്ഞി എന്ന ജപം കേട്ടുകൊണ്ടിരിക്കവേ 1280 നവംബര്‍ 15-ന്, ആല്‍ബര്‍ട്ട് തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു. വിശുദ്ധവണക്കത്തിലേക്കുള്ള ആല്‍ബര്‍ട്ടിന്റെ വഴി സാധാരണക്രമത്തില്‍ ആയിരുന്നില്ല. 1484 ല്‍ ഇന്നസെന്റ് എട്ടാമന് പാപ്പ ഡൊമിനിക്കന്‍സിന് ആല്‍ബര്‍ട്ടിന്റെ അള്‍ത്താരവണക്കത്തിനും തിരുനാള്‍ ആഘോഷിക്കാനുമായുള്ള അനുവാദം നല്കി. ഇതായിരുന്നു വാഴ്ത്തപ്പെട്ട പദവിക്ക് തുല്യമായി കണക്കാക്കിയത്. പില്ക്കാലത്ത് 1931ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ ആല്‍ബര്‍ട്ടിനെ സഭയിലെ വേദപാരംഗതന് ആയി പ്രഖ്യാപിച്ചു. 1941ല്‍ നവംബര്‍ 15-ന് പന്ത്രണ്ടാം പീയൂസ് പാപ്പ വിശുദ്ധ ആല്‍ബര്‍ട്ടിനെ പ്രകൃതിശാസ്ത്രവിദ്യാര്ത്ഥികളുടെ സ്വര്‍ഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ചു.
By: Jills Joy
Moreസിനിമകളിലെ ഹിഡന്‍ ഡീറ്റെയ്ല്‍സ് പോലെ ആധ്യാത്മികജീവിതത്തിന് രസം പകരുന്ന ചിലതുണ്ട്. മിക്കവാറും എല്ലാ കലാകാരന്മാരും, അവരുടെ കലാസൃഷ്ടികളില്‍ ഇങ്ങനെ ഒരു കൂട്ടം ചെയ്യാറുണ്ട്: മനഃപൂര്‍വം ചില കാര്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കും, ഹിഡന്‍ ഡീറ്റെയ്ല്‍സ്. ഉദാഹരണത്തിന്, സിനിമകളിലൊക്കെ ചില സീനിന്റെ പശ്ചാത്തലത്തില്‍ കുറെ ഹിഡന്‍ ഡീറ്റെയ്ല്‍സ് ഉണ്ടാവും, കഥയെ സപ്പോര്‍ട്ട് ചെയ്യുന്നവ. കലാസംവിധായകന്‍ അത് മനഃപൂര്‍വം ഒളിപ്പിച്ച് വയ്ക്കുന്നതാണ്. അങ്ങനെ ഒളിഞ്ഞിരിക്കുന്നതിലാണ് ത്രില്‍. പ്രേക്ഷകന് അത് കണ്ടെത്തുമോ ഇല്ലയോ എന്നത് ഒരു വിഷയമേ അല്ല. ആദ്ധ്യാത്മിക ജീവിതത്തിലും സമാനമായ ഒരു ത്രില്ലുണ്ട്. ഞാന്‍ എന്ത് ചെയ്താലും അത് കാണുന്ന അപ്പാ ഉണ്ടെന്ന തിരിച്ചറിവില്‍, മനുഷ്യരുടെ പ്രശംസയോ അംഗീകാരമോ അന്വേഷിക്കാതെ ജീവിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍. ലൂക്കാ 14/7-14 വചനഭാഗത്ത്, ഒരു വിരുന്നിന്റെ അവസരത്തില്‍ അതിഥികള്‍ പ്രമുഖ സ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടപ്പോള്‍, ഈശോ അതിഥിക്കും ആതിഥേയനുമായി നല്കുന്ന ഉപദേശമുണ്ടല്ലോ. അവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ഈശോ പറയുന്നത്. അതിഥി ശ്രദ്ധിക്കേണ്ടത്: ക്ഷണം സ്വീകരിക്കുമ്പോള്‍ വലിയ സ്ഥാനം ആഗ്രഹിച്ച് പ്രവര്‍ത്തിക്കരുത്. ആതിഥേയന് ശ്രദ്ധിക്കേണ്ടത്: ക്ഷണിക്കുമ്പോള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ക്ഷണിക്കരുത്. രണ്ടിടത്തും, മനുഷ്യന്റെ പ്രശംസയോ പ്രീതിയോ അന്വേഷിക്കരുതെന്ന് പാഠം. രഹസ്യത്തില്‍ കാണുന്ന സ്വര്‍ഗസ്ഥനായ പിതാവാണ് നമുക്ക് പ്രതിഫലം തരുന്നത്. ഇതിനൊരു അനുബന്ധമുണ്ട്: പിതാവ് പ്രതിഫലം തരുമെങ്കില്‍ മനുഷ്യന്റെ പ്രശംസ കിട്ടിയില്ലെങ്കില്മാത്രമല്ല പരാതി ഉണ്ടാവാതിരിക്കുക, മനുഷ്യരാല്‍ പരിഹസിക്കപ്പെട്ടാലും പരാതി ഉണ്ടാവില്ല. അതൊരു ത്രില്‍ തന്നെയാണ് കേട്ടോ... ദൃശ്യ മാധ്യമമുപയോഗിച്ച് പച്ചയ്ക്ക് നമ്മെ ചീത്ത പറയുമ്പോഴും, കമന്റുകള്‍ കൊണ്ട് കിരീടം ചാര്‍ത്തി സോഷ്യല്‍ മീഡിയായില്‍ നമ്മെ പരിഹസിക്കുമ്പോഴും, ഈ ഫോര്‍വേഡ് 'ലവനിരിക്കട്ടെ'ന്ന് ചിന്തിച്ച് പലരും നമ്മെ ഗ്രൂപ്പുകളില്‍ ഉന്നം വച്ച് അസ്വസ്ഥരാക്കാന്‍ ശ്രമിക്കുമ്പോഴും.... ശാന്തതയോടെ അവരുടെ അറിവില്ലായ്മ മനസിലാക്കി, 'അവരോട് ക്ഷമിക്കണേ'ന്ന് ചൊല്ലി സ്നേഹം നിറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍. ക്രൂശിതനീശോ ജീവിച്ച് കാണിച്ച് തന്ന ഈ ത്രില്‍ സ്വന്തമാക്കാന്‍ എനിക്കും നിങ്ങള്‍ക്കും സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
Moreരോഗശാന്തിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം- പ്രാര്‍ത്ഥിക്കുന്ന ആളിനും രോഗിക്കും. അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ‘നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടുതന്നെ’ എന്നാണവിടുന്ന് മറുപടി നല്‍കിയത്. ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസം രോഗിക്ക് സൗഖ്യദായകമായി ഭവിക്കും. അപസ്മാരരോഗിയുടെ പിതാവിൻ്റെ വിശ്വാസം, കനാന്കാരി സ്ത്രീയുടെ വിശ്വാസം, ശതാധിപൻ്റെ വിശ്വാസം തുടങ്ങിയവ ഉദാഹരണങ്ങളാണ്. യേശുവിന് ഇത് ചെയ്യാന്‍ കഴിയും. അവിടുന്ന് ഇത് ചെയ്യുമെന്നുള്ള വിശ്വാസമാണ് ആവശ്യം. ചില രോഗങ്ങള്‍ക്ക് ഉടനടി സൗഖ്യം കിട്ടുമ്പോള്‍ മറ്റ് ചിലത് ക്രമേണയായിരിക്കും സുഖപ്പെടുന്നത്. രോഗശാന്തി നല്‍കിക്കൊണ്ടാണ് കര്‍ത്താവ് ചിലരെ വിശ്വാസത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ മറ്റ് ചിലരെ വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിച്ചതിനുശേഷംമാത്രം രോഗശാന്തി നല്കി അനുഗ്രഹിക്കുന്നു. രോഗത്തിലൂടെ നമ്മുടെ വിശുദ്ധീകരണവും മാനസാന്തരവുമാണ് ദൈവം ലക്ഷ്യമാക്കുന്നതെങ്കില്‍ നാം ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിക്കുന്ന രീതിയില്‍ സൗഖ്യം കിട്ടിയെന്ന് വരില്ല. അതിന്റെ അര്‍ത്ഥം ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടില്ല എന്നതല്ല. പ്രത്യുത നിശബ്ദതയിലൂടെ ദൈവം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്- തൻ്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുവേണ്ടി യേശുവിനോട് ചേര്‍ന്ന് സഹിക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ള അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ശക്തിയായിരിക്കും രോഗശാന്തിശുശ്രൂഷയിലൂടെ ലഭിക്കുക. കൂടോത്രം, മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ രോഗശാന്തിപ്രാര്ത്ഥനകള്ക്കുമുമ്പായി പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിക്കുകയും യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയും ചെയ്യേണ്ടത് ആവശ്യമാണ്. കഠിനമായ വെറുപ്പ്, അശുദ്ധി, ഭയം ഇവയിലൂടെയെല്ലാം പൈശാചികശക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും നമ്മുടെ ശാരീരിക മാനസികതലങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഔഷധപ്രയോഗംകൊണ്ട് ഒരിക്കലും സുഖപ്പെടുകയില്ല. എന്നാല്‍ യേശുനാമത്തില്‍ പൈശാചികശക്തികളെ ബന്ധിക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അസുഖങ്ങള്‍ ഇല്ലാതായിത്തീരും. മദ്യപാനംപോലെയുള്ള മ്ലേച്ഛമായ ജീവിതചര്യകൊണ്ട് രോഗിയായിത്തീര്‍ന്ന ഒരാള്‍- ആരോഗ്യം കിട്ടിയാല്‍ വീണ്ടും കുടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനസുള്ള വ്യക്തിയാണെങ്കില്‍ കര്‍ത്താവില്‍നിന്നും രോഗശാന്തി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്റെ പഴയ ജീവിതം ഉപേക്ഷിക്കുകയും ദൈവഹിതമനുസരിച്ചുള്ള പുതിയ ഒരു ജീവിതം നയിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുകൊണ്ടുവേണം അത്തരം വ്യക്തികള്‍ രോഗശാന്തിപ്രാര്ത്ഥനകളില് പങ്കെടുക്കാന്‍. ഓരോ രോഗശാന്തിയും ദൈവസ്നേഹത്തിന്റെ അടയാളമാണ്. രോഗഗ്രസ്തമായ ഇന്നത്തെ ലോകത്തെ സുഖപ്പെടുത്താനും പുനരുദ്ധരിക്കാനും ദൈവത്തിന്റെ ഈ സ്നേഹത്തിനുമാത്രമേ കഴിയൂ. പാപം വര്‍ധിച്ച ഈ കാലയളവില്‍ ദൈവം തന്റെ കൃപയെയും വര്‍ധിപ്പിച്ചിരിക്കുന്നു, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് ലോകത്തെ ഉണര്‍ത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. നമുക്ക് കര്‍ത്താവിനോട് നന്ദി പറയാം. എല്ലാ വചനപ്രഘോഷണവേദികളിലും രോഗശാന്തികള്‍ ധാരാളമായി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ അനേകര്‍ രക്ഷയുടെ സന്തോഷം അനുഭവിച്ചറിയാന്‍ ഇടയാകട്ടെ.
By: Mon. C.J. Varkey
Moreയു.എസ്: ഡെന്‍വറിലെ ബിഷപ് മാഷെബൂഫ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസര്‍ ലൈറ്റ് അണയുന്നത് ആത്മാവിന്റെ സ്നാനത്തിനുള്ള ക്ഷണമാണ്. കാരണം ചാപ്ലിന് ഫാ. സി.ജെ. മാസ്റ്റ് വിദ്യാര്‍ത്ഥികളെ കുമ്പസാരിക്കാന്‍ ക്ഷണിക്കുന്നതിന്റെ അടയാളമാണ് അണയുന്ന ആ ബസര്‍ ലൈറ്റ്. കുമ്പസാരത്തിന് ആഗ്രഹിക്കുന്നവര്‍ നേരത്തേതന്നെ ബസര്‍ എടുത്തുകൊണ്ട് പോകും. ക്ലാസിലോ വിശ്രമവേളയിലോ, എപ്പോഴായാലും, തങ്ങളുടെ ബസറിൻ്റെ ചുവന്ന ലൈറ്റ് അണയുന്നത് അപ്പോള്‍ ഫാ. മാസ്റ്റ് ആ വിദ്യാര്‍ത്ഥിയെ കുമ്പസാരിപ്പിക്കാന്‍ ഒരുക്കമാണെന്നതിൻ്റെ സൂചനയാണ്. പ്രാര്‍ത്ഥനയില്‍ ഫാ. മാസ്റ്റിന് ലഭിച്ച ഒരു ആശയമാണിത്. ആദ്യം എല്ലാവര്ക്കും ഇത് ഒരു തമാശയായി തോന്നിയെങ്കിലും പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ സീഗലിൻ്റെ അനുവാദത്തോടെ ഇത് നടപ്പിലാക്കി. പക്ഷേ വളരെ ഫലപ്രദമാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും അഭിപ്രായം. കാരണം വളരെയേറെ തിരക്കുള്ളവരാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ക്ലാസ് സമയത്തിനു പുറത്ത് കുമ്പസാരിക്കാനായി വരിനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍ത്തന്നെ ആ സമയം ലാഭിച്ച്, ഭയമില്ലാതെയും സ്വസ്ഥമായും ഫാ. മാസ്റ്റിനെ സമീപിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. അതുവഴി കുമ്പസാരമെന്ന കൂദാശ നല്കുന്ന സാന്ത്വനവും സമാധാനവും ലഭിച്ച് പ്രത്യാശയോടെ മുന്നോട്ടുപോകാനും അവസരം ലഭിക്കുന്നു.
By: Shalom Tidings
Moreകുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്സായി ജോലി ചെയ്യുന്ന സമയം. നഴ്സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ ഇവയില്‍ പങ്കെടുക്കാവുന്നതാണ്. പല നഴ്സുമാര്‍ക്കും ഇതിനു സാധിക്കാറില്ല എന്നത് ഒരു സത്യവുമാണ്. അന്ന് ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വളരെ ക്ഷീണിതയായാണ് മുറിയില്‍ വന്നത്. കുളി കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍. ഇന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണ്. എങ്കിലേ ലൈസെന്‍സ് പുതുക്കലിന് ആവശ്യമായ പോയിന്റ് കിട്ടൂ. കിടക്കയില്‍ കിടക്കുന്ന ഞാന്‍ ഈശോയെ ദയനീയമായി നോക്കി. ഈശോക്കുള്ള പരാതിപ്പെട്ടി തുറന്നു. ‘ദേ ഈശോയേ, തല പൊങ്ങുന്നില്ല. എനിക്ക് എവിടെയും പോകാന്‍ വയ്യ. വേറെ ഒരു ക്ലാസ് എനിക്ക് വേണ്ടി ഒന്ന് അറേഞ്ച് ചെയ്തേക്കണേ.’ തലവഴി പുതപ്പു വലിച്ചിട്ട് ഞാന്‍ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി. അന്ന് വൈകിട്ട് ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. അവളുടെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ അവള് എന്നോടുള്ള നിഷ്കളങ്ക സ്നേഹത്തെ പ്രതി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ നെയിം ലിസ്റ്റില്‍ എന്റെയും പേരെഴുതിയത്രേ. കേട്ടപ്പോള്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ പലയിടത്തും തനിയാവര്‍ത്തനങ്ങളായി കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആണ്. ജോലിയുടെ ക്ഷീണം നിമിത്തം കൂടുതല്‍ ഒന്നും സംസാരിക്കാതെ ഞാന്‍ വീണ്ടും വിശ്രമത്തിലായി. അവള് സര്‍ട്ടിഫിക്കറ്റ് മുറിയില്‍ വച്ച് യാത്രയായി. ഏകദേശം അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് അതിതീവ്രമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വേദനസംഹാരികള്‍ കഴിച്ചു നോക്കി. യാതൊരു ശമനവുമില്ല. എന്താണ് പെട്ടെന്നൊരു തലവേദനക്ക് കാരണം എന്ന് മനസ്സിലായില്ല. അന്ന് രാത്രി ഒരു നിമിഷം പോലും കിടക്കാനോ ഉറങ്ങാനോ കഴിയാതെ തല ഒരു തുണി ഉപയോഗിച്ച് കെട്ടിവച്ചു മുറിയില്‍ നടന്നുകൊണ്ടേയിരുന്നു. നേരം പുലരാറായപ്പോള്‍ ഈശോയുടെ അടുത്ത് എന്റെ പ്രിയപ്പെട്ട തിരുഹൃദയ രൂപത്തിന് മുന്പില് ഞാന്‍ തളര്‍ന്നു കിടന്നു. ശരീരത്തിനും മനസിനുമെല്ലാം ഭാരം അനുഭവപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു വലിയ ദുഃഖം എന്റെ ആത്മാവില്‍ നിറഞ്ഞു. ഈശോയുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈശോയുടെ സ്വരം ഞാന്‍ കേട്ടു, ”ആ സര്‍ട്ടിഫിക്കറ്റ് കീറിക്കളയുക. ഏറ്റുപറഞ്ഞു കുമ്പസാരിക്കുക.” തലവേദനയുടെ കാഠിന്യം പിന്നെയും കൂടിക്കൊണ്ടേയിരുന്നു. നിലത്തുനിന്ന് എങ്ങനെയോ എഴുന്നേറ്റ ഞാന്‍ ഈശോയുടെ മുന്പില് വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞു. പെട്ടെന്നുതന്നെ ദൈവാലയത്തിലേക്ക് പോകാന്‍ ഒരുങ്ങി. ഈശോയോട് ഒരുപാട് തവണ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവാലയത്തില്‍ എത്തി പരിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് വൈദികനോട് എന്റെ തെറ്റ് ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തലവേദന അല്പം കുറയുന്നതുപോലെ അനുഭവപ്പെട്ടു. തിരിച്ച് മുറിയില്‍ വന്നപ്പോള്‍ വേദനയില്‍ അല്പം കുറവ് അനുഭവപ്പെട്ടതല്ലാതെ തലവേദന വിട്ടുമാറുന്നില്ല. ഈശോയോട് അല്പം പിണക്കം തോന്നി. ഈശോ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡയലോഗ് വരുന്നത്. ഈശോയുടെ ഡിമാന്‍ഡ് പലപ്പോഴും ഭീകരമായി തോന്നാറുണ്ട്. അവനെ സ്നേഹിക്കുന്നവരോട് കുറച്ചു കൂടുതല്‍ ആയിരിക്കും എന്ന് വേണമെങ്കില്‍ പറയാം. ഉടനെ കൂട്ടുകാരിയെ വിളിക്കുകയും അവളോട് കുമ്പസാരിക്കാന്‍ പറയുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ ടാസ്ക്. ഈശോക്ക് എന്തിനാ ഇത്രയ്ക്ക് വാശി എന്നുള്ള മട്ടില്‍ ഞാന്‍ ഒരല്പം കലിപ്പ് കാണിച്ചു. പക്ഷേ തലവേദന കാരണം വേറെ നിവൃത്തിയില്ലാതായി. ഫോണില്‍ സുഹൃത്തിനെ വിളിച്ചു. അവളുടെ നിഷ്കളങ്കസ്നേഹത്തിന് ഈശോ തന്ന സ്നേഹസമ്മാനത്തെക്കുറിച്ച് വിവരിച്ചു. ഫോണിന്റെ മറുതലയില്‍ കരച്ചില് കേള്‍ക്കാം. അല്പസമയത്തിനുള്ളില്ത്തന്നെ അവള് എൻ്റെ മുറിയില്‍ വന്നു. തല കെട്ടിവച്ചു കിടക്കുന്ന എന്നെയും തിരുഹൃദയ ഈശോയെയും അവള് മാറി മാറി നോക്കിക്കൊണ്ടു കണ്ണീര് വാര്‍ത്തു. സമയം ഉച്ചയായി. ഇനി പരിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം മാത്രമേ ഉള്ളൂ. അതിനാല്‍ അവള് എന്റെ മുറിയില്‍ ഈശോയുടെ അടുത്ത് സമയം ചെലവഴിച്ചു. സമയമായപ്പോള്‍ അവള് ദൈവാലയത്തിലേക്ക് പോയി. കുമ്പസാരിച്ച് ഒരുക്കത്തോടെ ഈശോയെ സ്വീകരിച്ചു. ദൈവാലയത്തിലേക്ക് പോകും മുന്‍പ് അവളോട് ഞാന്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുമ്പസാരം കഴിയുമ്പോള്‍ സമയം എത്രയെന്ന് നോക്കി എന്നോട് പറയണം. അവള് ദൈവാലയത്തില്‍ ആയിരുന്ന സമയം ഞാന്‍ മുറിയില്‍ കിടക്കുകയായിരുന്നു. അഞ്ചുമണിക്ക് പെട്ടെന്ന് എന്റെ തലയില്‍നിന്ന് എന്തോ വസ്തു തെന്നി മാറുന്നതായി അനുഭവപ്പെട്ടു. തലവേദന പൂര്‍ണ്ണമായി എന്നെ വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ഫോണ്‍ കാള്‍ ലഭിച്ചു. ഞാന്‍ അവളോട് ചോദിച്ചു, ”അഞ്ച് മണിക്ക് കുമ്പസാരം കഴിഞ്ഞു അല്ലേ?!”അവള് ആശ്ചര്യത്തോടെ ചോദിച്ചു, ”നീ സമയം എങ്ങനെ അറിഞ്ഞു? അഞ്ച് മണിക്കാണ് കുമ്പസാരക്കൂട്ടില്‍നിന്ന് ഞാന്‍ എഴുന്നേറ്റത്. ”ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു, ”അതേസമയം തലവേദന വിട്ടുമാറി.” ”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5). യേശുവിന്റെ ശിഷ്യന്മാരില് പ്രധാനിയായ പത്രോസിന്റെ മൂന്ന് തള്ളിപ്പറച്ചിലുകളെ നമുക്ക് ചിന്തിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ആദ്യം പത്രോസ് ‘അവനെ ഞാന്‍ അറിയുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ദൈവമായ യേശുവിനെ തിരിച്ചറിയാതെ പോയി. രണ്ടാമത് ‘മനുഷ്യാ ഞാന്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് സ്വയം തിരിച്ചറിവില്ലാത്തവനായി മാറി. താന്‍ ആരാണെന്ന് അവന് മറന്നു. മൂന്നാമതായി ‘നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ’ എന്ന് പറഞ്ഞുകൊണ്ട് അവന്റെ സഹോദരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവനായി. ദൈവത്തെയും സഹോദരങ്ങളെയും സ്വയവും ആരാണെന്ന് അറിയാനുള്ള തിരിച്ചറിവ് പത്രോസിനു നഷ്ടപ്പെട്ടത് എന്തുകൊണ്ട്? തിരുവചനം ഇപ്രകാരം പഠിപ്പിക്കുന്നു, ”പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു” (ലൂക്കാ 22/54). യേശുവില്‍നിന്ന് ഒരു അകലം പാലിച്ച പത്രോസ് തള്ളിപ്പറയുക എന്ന പാപത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു വീഴുകയാണ്. നമ്മുടെ ജീവിതത്തിലും ചില പാപാവസ്ഥകളില്‍ ആവര്‍ത്തിച്ചു വീഴുന്നത് പത്രോസിനെപ്പോലെ അകലത്തില്‍ നാം ഈശോയെ അനുഗമിക്കുന്നതുകൊണ്ടാണ്. ദൈവത്തെയും മനുഷ്യനെയും ഒരു ചരടില്‍ കോര്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ആണ് ഓരോ കുമ്പസാരക്കൂടുകളും. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയോ കുമ്പസാരിക്കുന്ന വ്യക്തിയുടെ യോഗ്യതയോ അല്ല മറിച്ച് സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ലെന്ന് സ്വന്തം ജീവന് കൊടുത്തു കാണിച്ചുതന്ന യേശുവിന്റെ അതിരറ്റ സ്നേഹവും കരുണയുമാണ് ഓരോ ആത്മാവിനെയും പാപത്തിന്റെ ജീവനില്ലായ്മയില്‍നിന്ന് പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.
By: Ann Maria Christeena
Moreപരുന്ത് സര്‍പ്പത്തെ നേരിടുകയാണങ്കില്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് യുദ്ധരംഗം ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് മാറ്റും. അതിനായി സര്‍പ്പത്തെ കൊത്തിയെടുത്ത് പറക്കും. എന്നിട്ട് അതിനെ സ്വതന്ത്രമാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ സര്പ്പത്തിന് എന്ത് ശക്തിയാണ് പ്രകടിപ്പിക്കാന്‍ കഴിയുക? അത് നിസ്സഹായമായിപ്പോകുകയേയുള്ളൂ. ഇതുതന്നെയാണ് ആത്മീയജീവിതത്തിലും നാം ചെയ്യേണ്ടത്. ശത്രുവായ പിശാചിന് ജയിക്കാന്‍ എളുപ്പമുള്ള പാപസാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവനുമായി പോരാട്ടമരുത്. പകരം പ്രാര്‍ത്ഥനയിലൂടെ ദൈവാശ്രയബോധത്തില്‍ ഉയര്‍ന്നുനിന്ന് ആത്മീയതലത്തില്‍ അവനെ നേരിടുക. അവിടെ പോരാട്ടം ദൈവം ഏറ്റെടുക്കും. നമുക്ക് വിജയം വരിക്കാനും സാധിക്കും. ”ദൈവത്തിന് വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്; അപ്പോള്‍ അവന് നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും” (യാക്കോബ് 4/7)
By: Shalom Tidings
More