Home/Enjoy/Article

മാര്‍ 20, 2024 241 0 Bishop Dr Alex Vadakkumthala
Enjoy

മാല്‍ക്കം പറഞ്ഞ പൊന്നുണ്ണിയെ കാണാന്‍…

ഇറ്റലിയിലെ ഒരു ഇടവകപ്പള്ളിയില്‍ ക്രിസ്മസ് രാവില്‍ ആഘോഷം തകൃതിയായി നടക്കുകയായിരുന്നു. എങ്ങും അലങ്കാരങ്ങള്‍! ആലക്തിക ദീപങ്ങള്‍! വികാരിയച്ചന്‍ ഘോരഘോരം പ്രസംഗിക്കുന്നു. പെട്ടെന്ന് അസീസ്സിയിലെ ഫ്രാന്‍സിസ് പള്ളിയുടെ പിന്നില്‍ എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടത്രേ, ‘ദയവായി പ്രഭാഷണം ഒന്നുനിര്‍ത്താമോ? നിശ്ശബ്ദതയില്‍ ആ കുഞ്ഞിന്‍റെ കരച്ചിലിന് നമുക്ക് കാതോര്‍ക്കാം!’ ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണോ എന്നറിയില്ല. പക്ഷേ, ആഘോഷത്തിന്‍റെ ആരവത്തിനിടയില്‍ നിസ്സഹായരുടെ നിലവിളിയും നൊമ്പരവും ശ്രദ്ധിക്കാതെ പോകരുത്. അത് ശ്രദ്ധിക്കുന്നവര്‍ക്കാണ് ക്രിസ്മസിന്‍റെ ശാന്തിയും യഥാര്‍ത്ഥ സാഫല്യവും അനുഭവിക്കാനാവുന്നത്, പാരില്‍ പിറന്ന ദൈവത്തിന്‍റെ പൊന്നുണ്ണിയെ കാണാനാവുന്നത്.

ബാലനായ മാല്‍ക്കം ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു. ക്രിസ്മസ് സന്ധ്യയുടെ ആവേശം എല്ലായിടത്തും അവന്‍ കാണുന്നുണ്ട്. അങ്കിള്‍ വാങ്ങിക്കൊടുത്ത പുതിയ ജാക്കറ്റ് അണിഞ്ഞ് തൊപ്പിയും വച്ച് ആഘോഷങ്ങളെല്ലാം ഒന്ന് അടുത്തുകാണുവാന്‍ അവന്‍ പട്ടണത്തിന്‍റെ തെരുവിലേക്കിറങ്ങി. പുറത്ത് അന്തരീക്ഷം തണുത്തുകൊണ്ടിരുന്നു. മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടായിരുന്നു.

തെരുവിലാകെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍. മാല്‍ക്കം എല്ലാ കടകളുടെയും മുന്നില്‍ ചെന്ന് അവിടത്തെ കാഴ്ചകള്‍ കണ്ടുകണ്ട് മുന്നോട്ടുനടന്നു നീങ്ങിക്കൊണ്ടിരുന്നു. ഒരു കടയുടെ മുന്നില്‍ ചെന്ന് നില്ക്കുമ്പോള്‍, ധനിക കുടുംബത്തിലെ അംഗങ്ങള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് പോകുന്നത് അവന്‍ കൗതുകത്തോടെയും തെല്ല് അസൂയയോടെയും നോക്കി നിന്നു. ‘ഇതുപോലെ ഒന്ന് കറങ്ങിനടക്കാനും എന്തെങ്കിലുമൊക്കെ സ്നേഹത്തോടെ വാങ്ങിത്തരാനും എനിക്ക് ആരും ഇല്ലല്ലോ’ എന്ന് അവന്‍ ഓര്‍ത്തു. ചെറുസങ്കടത്തോടെ അവന്‍ തിരിച്ച് നടന്നപ്പോള്‍ കണ്ണില്‍ പതിഞ്ഞത് ദൈവാലയത്തിന്‍റെ ഗോപുരമുകളില്‍ തിളങ്ങുന്ന കുരിശിന്‍റെ പ്രകാശമായിരുന്നു.

സന്ധ്യമയങ്ങിത്തുടങ്ങി. നഗരം മുഴുവന്‍ നക്ഷത്രങ്ങളും വര്‍ണവിളക്കുകളും. മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് അവന്‍റെ കണ്ണുകള്‍ കടത്തിണ്ണയിലിരിക്കുന്ന അമ്മയുടെയും അവരുടെ കൈക്കുഞ്ഞിന്‍റെയും മേല്‍ പതിഞ്ഞു. അവന്‍ സൂക്ഷിച്ചുനോക്കി. ആ ഓമനക്കുഞ്ഞിന്‍റെ കുഞ്ഞിക്കണ്ണുകള്‍ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു. ആ തണുപ്പിലും വിടര്‍ന്ന് ചുവന്നുതുടുത്ത മുഖം. പെട്ടെന്ന് എന്തോ ഒരു വിഭ്രാന്തിയില്‍ എന്നപോലെ മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി ഒറ്റ ഓട്ടം!

പള്ളിമുറ്റത്ത് പുല്‍ക്കൂട് തയാറാക്കിക്കൊണ്ടിരുന്ന ചേട്ടന്‍റെ അടുത്ത് അവന്‍ ഓടിയെത്തി, കിതപ്പോടെ പറഞ്ഞൊപ്പിച്ചു. “ഞാന്‍ ഉണ്ണീശോയെ കണ്ടു!” അവന്‍ കൈചൂണ്ടി പറഞ്ഞു, “അതാ അവിടെ ഒരു കടത്തിണ്ണയില്‍!” പറഞ്ഞുതീര്‍ന്നതും ചേട്ടന്‍ “ഒന്നുപോടാ ചെറുക്കാ” എന്നുപറഞ്ഞ് അവനെ ഓടിച്ചുവിട്ടു. ചേട്ടനൊപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാരോടും ചെന്നുപറഞ്ഞെങ്കിലും ആരും അവനെ ഗൗനിച്ചില്ല.

പെട്ടെന്ന് അവന്‍ ഓര്‍ത്തു, ‘തണുപ്പ് കൂടിവരുന്നല്ലോ. ഉണ്ണീശോക്ക് താങ്ങാന്‍ പറ്റുമോ, ആവോ?’ അവന്‍ തന്‍റെ ജാക്കറ്റ് ഊരിയെടുത്ത് കടത്തിണ്ണ ലക്ഷ്യമാക്കി തിരിഞ്ഞോടി. താന്‍ ഉണ്ണീശോയെ കണ്ട സ്ഥലത്തെത്തി; ചുറ്റും നോക്കി. പക്ഷേ അമ്മയെയും കുഞ്ഞിനെയും അവിടെയെങ്ങും കണ്ടില്ല. സങ്കടം കൊണ്ട് അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കടത്തിണ്ണയില്‍ ഇരുന്ന് അവന്‍ വിതുമ്പി, “എന്‍റെ ഉണ്ണീശോ!”

പ്രഭാഷണത്തില്‍ കേട്ട കഥ ഇപ്രകാരമാണ്. ഗ്രാമത്തിലെ പള്ളിസ്കൂളില്‍ നിത്യവും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം സിസ്റ്റര്‍ പ്രിന്‍സിപ്പല്‍ ബൈബിളില്‍നിന്ന് തിരഞ്ഞെടുത്ത ഒരു ഭാഗം വായിക്കും. തുടര്‍ന്ന് ചെറിയ പ്രസംഗവും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉഴപ്പുന്നത് ഈ പ്രസംഗസമയത്താണ്. അന്നൊരു ദിവസം വായിച്ചത് നല്ല സമരിയാക്കാരന്‍റെ കഥയായിരുന്നു.

ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കുള്ള വഴിമദ്ധ്യേ കൊള്ളക്കാരുടെ പ്രഹരമേറ്റ് അവശനായി കിടന്ന ഒരു സാധുമനുഷ്യനെ അപരിചിതനായ സമരിയാക്കാരന്‍ ശുശ്രൂഷിക്കുകയും സത്രത്തില്‍ കൊണ്ടുപോയി സംരക്ഷിക്കുകയും ചെയ്ത കഥ. പ്രസംഗം തുടങ്ങിയതോടെ കുട്ടികളുടെ പതിവ് കലപിലയും തുടങ്ങി.

പ്രസംഗത്തിന്‍റെ ആദ്യവാക്യം ഇങ്ങനെയായിരുന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്ക്കൂളിന്‍റെ മുന്‍പിലൂടെയാണ്. പെട്ടെന്ന് ബഹളം നിര്‍ത്തി, കുട്ടികള്‍ ശ്രദ്ധിച്ചു.

സിസ്റ്റര്‍ തുടര്‍ന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്കൂളിന്‍റെ വരാന്തയിലൂടെയാണ്.
കുട്ടികള്‍ക്ക് അതിശയമായി. വിടര്‍ന്ന കണ്ണുകളോടെ അവര്‍ പരസ്പരം നോക്കി. സിസ്റ്റര്‍ ആവര്‍ത്തിച്ചു, ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ ക്ലാസ്സുമുറികളിലൂടെയാണ്. കുട്ടികള്‍ക്ക് അര്‍ത്ഥം മനസ്സിലായി. കാരുണ്യം ആവശ്യപ്പെടുന്ന വഴികള്‍ കടന്നുപോകുന്നത് നമ്മുടെ വീട്ടുമുറ്റത്തിലൂടെയും മുറികളിലൂടെയും മനസിലൂടെയും ഒക്കെയാണ്. ആ വഴികളിലൂടെ ചരിക്കുമ്പോള്‍ ക്രിസ്തുമസ് ആയി, ദൈവകാരുണ്യത്തിന്‍റെ ഉത്സവമായി, മാനവികതയുടെ തിരുപ്പിറവിയായി.

കുളിരുകോരുന്ന പാതിരാവില്‍ ബെത്ലഹെമിലെ മലഞ്ചെരുവില്‍ വിശ്രമിച്ചിരുന്ന ആട്ടിടയന്മാര്‍ വലിയൊരു പ്രഭാപൂരം കണ്ടു. ഭയത്തോടെ അവരത് വീക്ഷിച്ചു. കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “ഭയപ്പെടേണ്ട! വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.” അപ്പോള്‍ മാലാഖമാര്‍ പാടിയ ഒരു സ്വര്‍ഗീയഗീതവും അവര്‍ കേട്ടു. “അത്യുന്നതങ്ങളില്‍ ദൈവത്തിനുമഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം!” അവര്‍ പോയി കാലിത്തൊഴുത്തില്‍ ശയിക്കുന്ന കുഞ്ഞുപൈതലിനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദനിര്‍വൃതി അനുഭവിച്ചു. മരംകോച്ചും തണുപ്പില്‍ കാലികള്‍ക്കരികില്‍ ശയിക്കുന്ന ഒരു ശിശുവിന്‍റെ നിസ്സഹായത കണ്ടപ്പോള്‍ തങ്ങളുടെ ദൈന്യതയും ക്ഷീണവും അവര്‍ മറന്നു. ദൈവകാരുണ്യം നൊമ്പരപ്പെടുന്നവര്‍ക്കൊപ്പമുണ്ടെന്ന സദ്വാര്‍ത്ത അവര്‍ തിരിച്ചറിഞ്ഞു.

ക്രിസ്മസ് എല്ലാ വര്‍ഷവും നാം ആഘോഷിക്കുന്നു. വീടും പരിസരവുമെല്ലാം മോടിപിടിപ്പിക്കുന്നു. പുല്‍ക്കൂട് കെട്ടുന്നു; നക്ഷത്രവിളക്കുകള്‍ തൂക്കുന്നു. പുതുവസ്ത്രങ്ങള്‍, സമ്മാനങ്ങള്‍ വാങ്ങുന്നു, കൊടുക്കുന്നു, വിവിധങ്ങളായ ഭക്ഷണസാധനങ്ങള്‍ ഒരുക്കുന്നു. ക്രിസ്മസ് രാവില്‍ പള്ളികളില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഒപ്പം മറ്റ് ആഘോഷങ്ങളും നടക്കുന്നു. എല്ലാവരിലും വലിയ സന്തോഷം ദര്‍ശിക്കാന്‍ സാധിക്കുന്ന സമയം. ഒരു വിഭാഗം ആളുകള്‍, പള്ളികളില്‍ പാതിരാ കുര്‍ബാനകളില്‍ പങ്കെടുക്കുന്നു. വേറൊരു വിഭാഗം മറ്റിടങ്ങളില്‍ ആഘോഷത്തിന്‍റെമാത്രം അന്തരീക്ഷം ആസ്വദിക്കുന്നു. രാവുണര്‍ന്നുകഴിഞ്ഞും ആഘോഷങ്ങള്‍ തുടരുന്നു! പക്ഷേ ഇതിനെല്ലാം ഇടയില്‍ നാം ഉണ്ണിയെ കണ്ടുമുട്ടാറുണ്ടോ? ‘ഹൃദയവിശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍, അവര്‍ ദൈവത്തെ കാണും.’

നിഷ്കളങ്ക ഹൃദയത്തോടെ നമുക്ക് ഉണ്ണിയെ കണ്ടുമുട്ടാനൊരുങ്ങാം. ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഒരുങ്ങാം. പാരില്‍ പിറന്ന ദൈവസുതനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദിക്കാം.

Share:

Bishop Dr Alex Vadakkumthala

Bishop Dr Alex Vadakkumthala

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles