Trending Articles
കുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു.
മുത്തശ്ശി അവനോട് ചോദിച്ചു, “ജോണ്‍കുട്ടാ, ഒരു ചിത്രകാരന് വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?”
“അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും അറിയാം.”
അതുകേട്ട് മുത്തശ്ശിക്കല്പം ആശയക്കുഴപ്പമായി. അവര്‍ ചോദിച്ചു, “അതെന്താ ദൈവം ഇടതുകൈയനാണെന്ന് തോന്നാന്‍ കാരണം?”
“അതോ, കഴിഞ്ഞയാഴ്ച സണ്‍ഡേ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ യേശു ദൈവത്തിന്റെ വലതുഭാഗത്താണിരിക്കുന്നതെന്ന്. അപ്പോള്‍പ്പിന്നെ ദൈവത്തിന് ഇടതുകൈകൊണ്ടല്ലേ ചിത്രം വരയ്ക്കാന്‍ കഴിയൂ?”
“ഓ, അത് ശരിയാണ് കേട്ടോ, പക്ഷേ ഞാനത് മറന്നുപോയി,”ڔകുഞ്ഞുജോണിന്റെ മറുചോദ്യം കേട്ട് മുത്തശ്ശി തന്റെ ‘അറിവില്ലായ്മ’ സമ്മതിച്ചു.
“ശിശുക്കള്‍ എന്റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (മര്‍ക്കോസ് 10/14)ڔ
Shalom Tidings
ആ യുവാവിന്റെ വീട് ഈശോ പണിയാം എന്ന് പറയാനുണ്ടണ്ടായ കാരണം... ഞാൻ സെമിനാരിയില്‍ ചേര്‍ന്ന വര്‍ഷം അവിടെ ഒരു ദൈവാലയം പണിയുന്നുണ്ടായിരുന്നു. പണികള്‍ക്കെല്ലാം സഹായിക്കാന്‍ ഞങ്ങളും കൂടും. ഇഷ്ടിക ചുമക്കുക, നനയ്ക്കുക എന്നിങ്ങനെ കൊച്ചുകൊച്ചുജോലികളൊക്കെ എല്ലാവരും ചേര്‍ന്നാണ് ചെയ്തിരുന്നത്. അതേ സമയത്തുതന്നെയാണ് എന്റെ സ്വന്തം വീടിന്റെ പണി നടന്നതും. ഞാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ വീടുപണിയെക്കുറിച്ചു പറയുന്നത് കേള്‍ക്കാറുണ്ട്. പണി വൈകുകയാണെന്നും ആരും ഇല്ലെന്നുമൊക്കെയാണ് നിരന്തരം കേട്ടുകൊണ്ടിരുന്ന സങ്കടം. ഒരു ദിവസം വൈകുന്നേരം ദൈവാലയത്തിനുവേണ്ടി കട്ട ചുമന്നുകൊണ്ടിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെയാണാവോ നടക്കുന്നതെന്ന് ഓര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം. "അമ്മയും അപ്പനും തന്നെയായിരിക്കില്ലേ എല്ലാം ചെയ്യുന്നത്... അവര്‍ക്കൊരു കൈ സഹായത്തിനു ഞാന്‍ ഇല്ലല്ലോ..." എന്നെല്ലാമായിരുന്നു അപ്പോള്‍ എനിക്കുണ്ടായ ഭാരപ്പെടുത്തുന്ന ചിന്തകള്‍. പെട്ടെന്ന് ഉള്ളില്‍ ഒരു സ്വരം, "നീ എന്റെ സഭ പണിയുക, ഞാന്‍ നിന്റെ വീട് പണിയാം!" ഇതെനിക്ക് നല്കിയ ആശ്വാസവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാനാവാത്തതാണ്. ഞാന്‍ അതില്‍ വിശ്വസിച്ചു, പിന്തിരിയാതെ മുന്പോട്ടുപോയി. അധികം വൈകാതെ വീടുപണി കഴിയുന്നതാണ് കണ്ടത്! ദൈവരാജ്യത്തിന്റെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണോ നീ? അല്ലെങ്കില്‍ അങ്ങനെയൊരാളുടെ കുടുംബാംഗമോ മിത്രമോ പരിചയക്കാരനോ ആണോ? എങ്കില്‍ അഭിമാനിക്കുക. കര്‍ത്താവിന്റെ സഭ പണിയാന്‍, അന്ത്യകാല ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന ശുശ്രൂഷകരെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുക. അത്തരത്തില്‍ ജീവിതം ചിട്ടപ്പെടുത്തിയ അനേകം സഹോദരങ്ങളെ ഈ നാളുകളില്‍ ഞാന്‍ കാണാന്‍ ഇടയായിട്ടുണ്ട്. എന്തെന്നില്ലാത്ത എതിര്‍പ്പും നിന്ദനവും ഞെരുക്കവുമെല്ലാം സഹിച്ച് അവര്‍ രാപകലില്ലാതെ ക്രിസ്തുവിനും സഭയ്ക്കുംവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു. ഇടവകയിലെ ചെറിയ പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും ധ്യാനകേന്ദ്രങ്ങളിലും ഫോണിലുള്ള മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയപോലെയുള്ള അരെയോപ്പാഗാസിലും കല്‍മണ്ഡപങ്ങളിലും ധൈര്യസമേതം സമയം ചെലവിട്ടുകൊണ്ട് ഇവര്‍ യേശുക്രിസ്തുവിനു സാഭിമാനം സാക്ഷ്യം വഹിക്കുന്നു. ക്രിസ്തുവില്‍ അഭിമാനിക്കുക, ഇവരെയോര്‍ത്ത്. ഒരു നീതിമാനെങ്കിലും ഉണ്ടെന്നതിന്റെപേരില്‍ പാപം നിറഞ്ഞിട്ടും നശിപ്പിക്കാതെ വെറുതെ വിട്ട നഗരങ്ങളെക്കുറിച്ചു ബൈബിള്‍ നമ്മോടു പറയുന്നില്ലേ? അതുപോലെ നെറ്റിത്തടങ്ങളില്‍ അടയാളം വീണ ഇവരാകും നമ്മുടെ കുടുംബങ്ങളുടെ, സമൂഹങ്ങളുടെ, ഇടവകയുടെ, മേലൊന്നും ശിക്ഷ പതിയാതെ കാക്കുന്ന ആ നീതിമാന്മാര്. കോവിഡിനുശേഷം ശുശ്രൂഷാജീവിതത്തില്‍ പിന്നോക്കം പോയവരും കഠിന ഞെരുക്കത്തില്‍ തളര്‍ന്നുപോയവരും കാണാതിരിക്കില്ല. അവരെ നമുക്ക് ചേര്‍ത്തുപിടിക്കാം. പുതിയൊരു അഭിഷേകത്തിനായി പ്രാര്‍ത്ഥനകൊണ്ട് നമുക്ക് അവരെ ബലപ്പെടുത്താം. സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത് ദൈവരാജ്യശുശ്രൂഷകരെ നമുക്ക് ഉത്തേജിപ്പിക്കാം. അവര്‍ കര്‍ത്താവിന്റെ സഭ പണിയുകയാണ്. അവരുടെ ഭവനം കര്‍ത്താവ് പണിയും, തീര്‍ച്ച. അങ്ങനെയൊരാളെ അറിയാവുന്നയാളാണോ താങ്കള്‍? എങ്കില്‍, നമ്മുടെ കര്‍ത്താവിന്റെ തൊഴിലാളിയോടെന്നവണ്ണം അവരോട് നമ്മള് കടപ്പാട് കാണിക്കുക. ഇതുവായിക്കുന്ന താങ്കള്‍ ഒരു ദൈവരാജ്യശുശ്രൂഷകനാണോ? ഞാന്‍ എന്റെ അനുഭവം നിങ്ങളോട് പറഞ്ഞില്ലേ? അതുചെയ്യാന്‍ നമുക്കാണ് കര്‍ത്താവ് അവസരം നല്‍കിയിരിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട് സധൈര്യം തുടരുക ഈ ദൗത്യം. "വത്സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍" (1 കോറിന്തോസ് 15/58).
By: Brother Augustine Christy PDM
More"ടീച്ചറേ, ഈ വര്‍ഷം ടീച്ചറുമതി അവന്റെ ക്യാറ്റിക്കിസം ടീച്ചറായിട്ടെന്ന് പറഞ്ഞോണ്ടിരിക്കുവാ..."' ആ അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്ത് ഒന്നും പറയാതെ ചിരിച്ചു. സത്യം പറയാമല്ലോ. പിന്നെ മനസില്‍ നിറയെ അഹങ്കാരത്തിന്റെ ചിന്തകളായിരുന്നു. എന്റെ കഴിവ്, എന്റെ അറിവ്, എന്റെ വായന. ഇങ്ങനെ 'ഞാന്‍' എന്ന അഹങ്കാരത്തിലാണ് പ്രാര്‍ത്ഥിക്കാന്‍ തിരുഹൃദയ രൂപത്തിനു മുന്നില്‍ മുട്ടുകുത്തിയത്. പക്ഷേ ഈശോ ചിരിക്കുന്ന കണ്ടപ്പോഴേ തോന്നി അഹങ്കാരം ഇത്തിരി കൂടി പ്പോയെന്ന്. പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു, "സോറീട്ടോ, പ്രശംസയും അംഗീകാരവുമൊക്കെ ആഗ്രഹിക്കുന്ന ഒരാളാണല്ലോ ഈ ഞാനും." ഈശോ പിന്നെയും ചിരിച്ചതേയുള്ളൂ... കൊന്ത ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ മനസു നിറയെ അതുതന്നെയായിരുന്നു ചിന്ത. ഒരു വചനം മനസിലേക്കു വന്നു. "എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും" (1 കോറിന്തോസ് 1/27). ഒരു കണ്ണു തുറന്ന് ഈശോയുടെ നേരെ നോക്കി, "ഭോഷന്മാര് എന്നുദ്ദേശിച്ചതില്‍ ഞാനും പെടുമല്ലേ?" ക്യാറ്റിക്കിസം പഠിപ്പിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളോര്‍ക്കുകയായിരുന്നു. അത്ര വലിയ ഒരു പ്രാധാന്യമോ ഭാരമോ ഒന്നും അതേപ്പറ്റി തോന്നിയില്ല. ചെറുപ്പം മുതലേ കേള്‍ക്കുന്ന ഈശോയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനല്ലേ! അതുകൊണ്ടുതന്നെ ഒരു മുന്നൊരുക്കവും ഇല്ലാതെ ക്ലാസിലെത്തി പാഠം വായിച്ച്, വായിപ്പിച്ച്, എന്തൊക്കെയോ പറഞ്ഞ്, ഉത്തരങ്ങള്‍ അടയാളപ്പെടുത്തിക്കൊടുത്ത് ഇടയ്ക്ക് ചോദ്യം ചോദിച്ച്, ദിവസങ്ങള്‍ കടന്നു പോയി... പൊള്ളിച്ച വാക്കുകള്‍ ഒരു ദിവസം ക്ലാസിനിടയില്‍ എന്തോ കാര്യം വേറൊരു ടീച്ചറോട് ചോദിക്കാനായി പുറത്തു പോയി തിരികെ ക്ലാസിലേക്ക് കയറുമ്പോള്‍ ഒരു കുഞ്ഞ് എണീറ്റുനിന്ന് ഇങ്ങനെ പറയുന്നതാണ് കേട്ടത്..."ഹൊ! ഈ ഞായറാഴ്ചകള്‍ ഇല്ലാതിരുന്നെങ്കില്‍! ഈ ക്യാറ്റിക്കിസം ക്ലാസ് കണ്ടു പിടിച്ചത് ആരാണാവോ!" എന്നെ കണ്ടതും അവന് പെട്ടെന്നിരുന്നു. അത് കേള്‍ക്കാത്തപോലെ ഞാന്‍ ക്ലാസ് തുടര്‍ന്നു. പക്ഷേ ആ വാക്കുകള്‍ വല്ലാതെ പൊള്ളിച്ചുകൊണ്ടേയിരുന്നു. തിരികെ വീട്ടിലെത്തിയിട്ടും മറ്റ് പല കാര്യങ്ങളിലേക്ക് മനസ് തിരിച്ചു വിടാന്‍ ശ്രമിച്ചിട്ടും ആ വാക്കുകള്‍ ഉണ്ടാക്കിയ അസ്വസ്ഥത ഏറിയതേയുള്ളൂ. രാത്രി ഉറങ്ങാനാകുന്നില്ല, എണീറ്റിരുന്നു. സങ്കടം... ഒരുപാട് കരഞ്ഞു... വീഴ്ചകളിലാണല്ലോ ഈശോയെ തേടുക. "ഈശോയേ, തെറ്റ് പറ്റിപ്പോയി. ഒരു യോഗ്യതയുമില്ലാതിരുന്നിട്ടും ഈശോയുടെ സ്നേഹത്താല്‍ എന്നെ വിളിച്ചിട്ട്, ഒരുക്കമില്ലാതെ, പ്രാര്‍ത്ഥിക്കാതെ...." സങ്കടത്തിന്റെയും കുറ്റബോധത്തിന്‍െറയും ദിവസങ്ങളായിരുന്നു പിന്നീട്... പതിയെപ്പതിയെ ഈശോയുടെ ആശ്വാസം, സ്നേഹം മനസില്‍ നിറയുന്നത് അറിഞ്ഞു തുടങ്ങി... പിന്നെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളുമായി ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ ഇരുന്നു. 'എനിക്ക് ഒന്നും... ഒന്നും അറിയില്ല... എങ്ങനെ പഠിപ്പിക്കണമെന്ന്, എന്ത് പഠിപ്പിക്കണമെന്ന്...' കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. എല്ലാ ദിവസവും ആ പ്രാര്‍ത്ഥനയോടെ ഈശോയുടെ മുന്നിലിരുന്നു. "എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും" (ജറെമിയാ 33/3). ഓരോ കുഞ്ഞുങ്ങളുടെയും പേരുകളെഴുതി ഈശോയ്ക്ക് സമര്‍പ്പിച്ചു, "ഈശോയേ, ഭാവിയില്‍ ഇവര്‍ ആരായിത്തീരുമെന്നെറിയില്ല. ഈശോ ആഗ്രഹിക്കുന്നത് അവരിലേക്ക് പകര്‍ന്നു കൊടുക്കാന്‍, അതുമാത്രം പകരപ്പെടാന്‍, എന്നെ ഒരുപകരണമാക്കണമേ..." പതിയെ ഈശോ പഠിപ്പിക്കാന്‍ ആരംഭിക്കുന്നത് അറിഞ്ഞു തുടങ്ങി. അതൊരു വലിയ അനുഭവമായിരുന്നു. ഇന്നും തുടരുന്ന ദൈവസ്നേഹത്തിന്റെ വലിയ അനുഭവം. കഥകളിലൂടെ, ബൈബിളിലൂടെ, വിശുദ്ധരുടെ ജീവിതങ്ങളിലൂടെ, എന്റെതന്നെ അനുഭവങ്ങളിലൂടെ... എല്ലാം ഈശോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കും. പരീക്ഷ നടത്തും. പക്ഷേ ഞാനിതുവരെയും നല്ല വിദ്യാര്‍ത്ഥിയായിട്ടില്ല, തോല്‍വികളാണധികവും. ബൈബിള്‍ മുഴുവന്‍ വായിക്കുക, എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക, യോഗ്യതയോടെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുക ഇതെല്ലാം പരിശീലനത്തിന്റെ പ്രധാനഭാഗങ്ങളായിരുന്നു. ഒരു വിശ്വാസ പരിശീലകന്റെ ജീവിതത്തിലെ ഓരോ നിമിഷവും, എല്ലാ തലങ്ങളും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം എന്ന് ഈശോ മനസിലാക്കി ത്തന്നു. വാക്കും പ്രവൃത്തിയും ജീവിതരീതികളും കൂട്ടുകെട്ടുകളും വസ്ത്രധാരണവും എല്ലാമെല്ലാം പരിശുദ്ധാത്മനിറവിലായിരിക്കണം. വസ്ത്രം മാറ്റുക! ഒരിക്കല്‍ ഷോപ്പിംഗിനായി പുറത്തേക്ക് ഇറങ്ങിയ സമയം. അപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുറത്തുപോകരുതെന്നു ശക്തമായി ഉള്ളില്‍ ഒരു സ്വരം. ഒടുവില്‍ വീണ്ടും തിരികെ വീട്ടില്‍ കയറി അത് മാറ്റി മറ്റൊരു വസ്ത്രം ധരിച്ചുപോയി. കടയില്‍ ചെന്നപ്പോള്‍ ഞാന്‍ ക്യാറ്റിക്കിസം പഠിപ്പിക്കുന്ന ഒരു കുട്ടിയെയും അവരുടെ കുടുംബത്തെയും കണ്ടു. അവരോടൊപ്പം ഗ്രാന്റ് പാരന്റ്സും ഉണ്ടായിരുന്നു. ക്യാറ്റിക്കിസം ടീച്ചര്‍ എന്നുപറഞ്ഞു പരിചയപെടുത്തുമ്പോള്‍ ഞാന്‍ എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്ന് ഈശോയ്ക്കറിയാം. അത്രമാത്രം ആ വിളി വിലപ്പെട്ടതാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നു. ആഴമേറിയ പ്രാര്‍ത്ഥനാജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. ഈശോ ദൈവപുത്രനായിരുന്നിട്ടും മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നെങ്കില്‍ ഞാന്‍ എത്രയോ എത്രയോ അധികം പ്രാര്‍ത്ഥിക്കണം! ഞായറാഴ്ചകളിലെ ഒന്നരമണിക്കൂര്‍ ക്ലാസിനായി അതിനെത്രയോ ഇരട്ടി സമയം പ്രാര്‍ത്ഥനയിലായിരിക്കേണ്ടതുണ്ട്! എത്രയോ ദിവസങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്! ത്യാഗങ്ങളെടുക്കേണ്ടതുണ്ട്...! ഉപവസിക്കേണ്ടതുണ്ട്...! ആ തിരിച്ചറിവ് വലിയൊരു പ്രകാശമാണ് മനസില്‍ തന്നത്. അറിവോ കഴിവോ സൗന്ദര്യമോ പ്രായമോ വാക്ചാതുര്യമോ ഒന്നും ഒന്നും അല്ല; ഓരോ കുഞ്ഞിനു വേണ്ടിയും എടുക്കുന്ന ത്യാഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, അവര്‍ക്കായി കാഴ്ചവയ്ക്കുന്ന വിശുദ്ധ കുര്‍ബ്ബാനകള്‍, ഈശോയോടൊപ്പമായിരിക്കാന്‍- ആ സ്വരം കേള്‍ക്കാന്‍- നാം സമര്‍പ്പിക്കുന്ന സമയം, അതാണ് ഈശോയ്ക്കായി ഓരോ കുഞ്ഞിനെയും നേടാന്‍ നമ്മെ പ്രാപ്തരാക്കുന്നത്, പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കുന്നത്. ഭക്ഷണം വിളമ്പിത്തരുന്ന സ്പൂണിനെ ആരും പ്രശംസിക്കാറില്ലല്ലോ, നന്ദി പറയാറില്ലല്ലോ! ഭക്ഷണം തരുന്ന ആള്‍ക്കല്ലേ മഹത്വമത്രയും. സത്യത്തില്‍ നാമോരോരുത്തരും ആ സ്പൂണ്‍ ആണ്. കൂദാശസ്വീകരണങ്ങളാലും പ്രാര്‍ത്ഥനകളാലും ത്യാഗങ്ങളാലും എപ്പോഴും കഴുകി ശുദ്ധി വരുത്തിയിരിക്കാം. എങ്കിലല്ലേ നമ്മെ വിളമ്പാനായി ഉപയോഗിക്കാനാവൂ...
By: Mangala Francis
Moreഫരിസേയന് എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര് തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്.... അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്. പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു. കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം... എന്നിട്ടെന്താവാന്‍... മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്റെ കൂടെ നില്ക്കുന്ന കഥാപാത്രം ചെയ്തു. റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് 'ഷൈന്‍' ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ. ഫരിസേയന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ഫരിസേയന് ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി 'നന്മമരം' ആവരുത്. "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (മത്തായി 5/20). നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
More'ഈ പ്രാണി മറ്റേ പ്രാണിയെക്കാള്‍ വലുതല്ലല്ലോ!'ചില ചെടികള്‍ക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേല് മുള്‍ച്ചെടികളുണ്ട്...' തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോള്‍ ഈ ജര്‍മ്മന്‍ പയ്യന്റെ കണ്ണ് ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ ഉടക്കി നിന്നിരുന്നു. തെക്കന്‍ ജര്‍മ്മനിയില്‍, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെന്‍ എന്ന ചെറിയ ഗ്രാമത്തില്‍ 1206ല്‍, ജനിച്ച ആല്‍ബര്‍ട്ട് എന്ന യുവാവിന്റെ പ്രത്യേകതയായിരുന്നു അത്. സമ്പന്നനായ ഒരു പ്രഭുവിന്റെ മൂത്ത മകനായിരുന്നു അവന്. മറ്റുള്ളവര്‍ പ്രകൃതിയെപ്പറ്റി പഠിക്കാന്‍ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ആല്‍ബര്‍ട്ട് പ്രകൃതിയെത്തന്നെ വായിച്ചു. അവന്റെ പ്രദേശത്തുള്ള പക്ഷികളെപ്പറ്റി അവന് എഴുതി. ഡാന്യൂബ് നദിയിലെ മത്സ്യങ്ങളുടെ സഞ്ചാരമാര്‍ഗം നിരീക്ഷിച്ചറിഞ്ഞു. ശ്രമകരമായ നിരീക്ഷണപാടവവും പരീക്ഷണങ്ങളും പ്രകൃതിശാസ്ത്രത്തെക്കുറിച്ച് അവന് ആഴത്തിലുള്ള അറിവാണ് നല്‍കിയത്. ഈ അറിവുവച്ച് പല കാര്യങ്ങളും അവന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു അത്ഭുതമായിത്തോന്നിയതിനാല് പലരും അവനെ ഒരു ജാലവിദ്യക്കാരന് എന്ന് വിളിച്ചു. ആല്‍ബര്‍ട്ട് വസ്തുതകള്‍ ശേഖരിക്കുന്നത് ഒരു അന്വേഷണത്തിനുള്ള തുടക്കം മാത്രമായിരുന്നു. ലഭിച്ച വസ്തുതകള്‍ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ ആ സംയോജനം അതുപോലുള്ള വേറെ കുറെ സാധ്യതകളിലേക്ക് വഴി തുറക്കും. അതിലെല്ലാം പരീക്ഷണങ്ങള്‍ നടത്തി ശരിയായിട്ടുള്ള കാരണം കണ്ടെത്തി ഉപസംഹരിക്കണം. അങ്ങനെ, ആല്‍ബര്‍ട്ട് മദ്ധ്യകാലഘട്ടത്തിലെ ആളുകളുടെ ശാസ്ത്രപരമായ അറിവ് വര്‍ദ്ധിക്കാനും അഭിവൃദ്ധിപ്പെടാനും കാരണമായി. റോജര്‍ ബേക്കണിനൊപ്പം ആല്‍ബര്‍ട്ടും പരീക്ഷണാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്നു. പാദുവയിലെ യൂണിവേഴ്സിറ്റിയാണ് ആല്‍ബര്‍ട്ട് പഠനത്തിനായി തിരഞ്ഞെടുത്തത്. പ്രകൃതിയെ കുറിച്ചുള്ള വിശദമായ അവന്റെ നിരീക്ഷണങ്ങള്‍ വഴി, സൃഷ്ടികളുടെ രഹസ്യാത്മകത മാത്രമല്ല സ്രഷ്ടാവിന്റെ മഹത്വവും ആല്‍ബര്‍ട്ടിന് വെളിപ്പെട്ടു കിട്ടി. അറിവിനോടൊപ്പമുണ്ടായിരുന്ന ദൃഢമായ ഭക്തി, ക്രൈസ്തവവിശ്വാസത്തെ കൂടുതല്‍ തുറവിയോടെയും തീവ്രമായും പിഞ്ചെല്ലാന്‍ അവനെ സഹായിച്ചു. പാദുവയില്‍ അപ്പോള്‍ സ്ഥാപിതമായിരുന്ന ഡൊമിനിക്കന്‍ ചാപ്പലായ സാന്താ മരിയ ഡെല്ലെ ഗ്രാസിയെ (ഒീഹ്യ ങമൃ്യ ീള ഏൃമരലെ) അവന് കൂടെക്കൂടെ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവിടെ ഡൊമിനിക്കന്‍സിന്റെ രണ്ടാം മാസ്റ്റര്‍ ജനറല്‍ ആയിരുന്ന സാക്സണിയിലെ വാഴ്ത്തപ്പെട്ട ജോര്‍ഡനിന്റെ പ്രഭാഷണങ്ങളില്‍ ആല്‍ബര്‍ട്ട് ആകൃഷ്ടനായി. പ്രാര്‍ത്ഥന, ധ്യാനം, പഠനം എന്നിവയോടുകൂടി പ്രസംഗവും പ്രബോധനവും കൂട്ടിച്ചേര്‍ക്കാന്‍ കഴിവുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ തേടി പാദുവയില്‍ എത്തിയതായിരുന്നു അദ്ദേഹം. അങ്ങനെ 1223ല്‍ ആല്‍ബര്‍ട്ട് ഡൊമിനിക്കന്‍ സഭയിലെ അംഗമായി. ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ധാതുശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം ഇതെല്ലാം അനായാസേന ഈ ബഹുമുഖപ്രതിഭക്ക് വശപ്പെട്ടു. പ്രകൃതിശാസ്ത്രത്തോട് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആല്‍ബര്‍ട്ട് കൂട്ടിചേര്‍ത്തു. ഡൊമിനിക്കന്‍ സഭയിലെ വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിച്ചു. അധ്യാപകന്, പ്രൊവിന്‍ഷ്യാല്‍, ബിഷപ്പ് 1228ല്‍ കൊളോണില്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് അധ്യയനത്തില്‍ സൂപ്പര്‍വൈസര്‍ ആയി, റാറ്റിസ്ബണിലും സ്ട്രാസ്സ്ബര്‍ഗിലുമെല്ലാം പഠിപ്പിച്ചു. പാരീസ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ച ആല്‍ബര്‍ട്ടിന് ഡോക്ടറേറ്റും ലഭിച്ചു. അന്ന് യൂറോപ്പിലെ ഏറ്റവും വലിയ പട്ടണം പാരീസ് ആയിരുന്നു. ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന അവിടത്തെ അന്തരീക്ഷം ആല്‍ബര്‍ട്ടിലെ മികച്ചത് പുറത്തുകൊണ്ടുവന്നു. അരിസ്റ്റോട്ടിലിന്റെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട് ആ മഹാനായ തത്വചിന്തകന്റെ രചനകളെ കുറിച്ചും നിരൂപണങ്ങളെക്കുറിച്ച് പഠനം നടത്തി. ജര്‍മ്മനിയിലേക്ക് മടങ്ങിയ ആല്‍ബര്‍ട്ട് 1254ല്‍ ഡൊമിനിക്കന്‍സിന്റെ പ്രയര്‍ പ്രൊവിന്‍ഷ്യാല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കുറെയേറെ യാത്രകള്‍ നടത്തേണ്ടി വന്നു. 40ല്‍ അധികം ഡൊമിനിക്കന്‍ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് 1000ല്‍ അധികം സഹോദരരെ വ്യക്തിപരമായി കണ്ടു. പഠനം തുടരാനായി 1257ല്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. അലക്സാണ്ടര്‍ നാലാമന് പാപ്പയുടെ സ്വകാര്യ തിയോളജിയനും കാനനിസ്റ്റുമായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യമായ പോപ്പ് റാറ്റിസ്ബണിന്റെ ബിഷപ്പ് ആയി ആല്‍ബര്‍ട്ടിനെ 1260ല്‍ നിയമിച്ചു. പിന്നീട് ഊര്‍ബന്‍ നാലാം പാപ്പ ആല്‍ബര്‍ട്ടിനെ സഭയ്ക്ക് ഒരു ഗവേഷകനും പണ്ഡിതനും തത്വശാസ്ത്ര, ദൈവശാസ്ത്ര അധ്യാപകനുമൊക്കെയായി ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ വിരമിക്കാന്‍ അനുവദിച്ചു. മികച്ച അധ്യാപകനും പേരുകേട്ട പണ്ഡിതനും മാത്രമല്ല അനുവാചകരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന വിധത്തില്‍ ദൈവസ്നേഹത്തെ കുറിച്ച് ഹൃദയത്തില്‍ നിന്ന് സംസാരിച്ചിരുന്ന പ്രാസംഗികന് കൂടിയായിരുന്നു ആല്‍ബര്‍ട്ട്. സദസ്സിലുള്ളവര്‍ക്ക്, ഓര്‍മയില്‍ സൂക്ഷിക്കാനും പിന്നീട് ആവര്‍ത്തിച്ച് പറഞ്ഞ് തങ്ങളുടെ വിശ്വാസത്തെ ജ്വലിപ്പിക്കാനും തീക്ഷ്ണതയുള്ളതാക്കാനും കഴിയുന്ന തരത്തില്‍ മനോഹരമായ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി ആല്‍ബര്‍ട്ട് രചിക്കാറുണ്ടായിരുന്നു. പരിശുദ്ധ കുര്ബാനയെപ്പറ്റിയും പരിശുദ്ധ അമ്മയെപ്പറ്റിയുമുള്ള പ്രഭാഷണങ്ങളുടെ പേരിലും ആല്‍ബര്‍ട്ട് പ്രശസ്തനായിരുന്നു. വിദ്യാര്ത്ഥിയെക്കുറിച്ചൊരു പ്രവചനം പാരീസില്‍ 1245നും 1248നും ഇടക്ക് പഠിപ്പിക്കുമ്പോള്‍ ഒരു യുവ ഇറ്റാലിയന്‍ സഹോദരന്റെ അധ്യാപകനാകാന്‍ ആല്‍ബര്‍ട്ടിന് ഭാഗ്യമുണ്ടായി. വിശുദ്ധ തോമസ് അക്വീനാസ് ആയിരുന്നു അത്. തോമസ് വളരെ കുറച്ച് സംസാരിച്ചിരുന്നവനും വണ്ണമുള്ള പ്രകൃതക്കാരനും ആയിരുന്നതുകൊണ്ട് ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ 'ഊമക്കാള' എന്നാണ് അവനെ വിളിച്ചിരുന്നത്. ചിരിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളോട് ആല്‍ബര്‍ട്ട് പറഞ്ഞു, "ഈ യുവാവിനെ ഇപ്പോള്‍ നിങ്ങള്‍ 'ഊമക്കാള' എന്ന് വിളിക്കുന്നു, പക്ഷേ ഒരു ദിവസം അവന്റെ മുക്രയിടല്‍ ലോകം മുഴുവനിലും പ്രതിധ്വനിക്കും." അദ്ദേഹത്തിന്റെ പ്രവചനം നിറവേറി. തോമസ് പാണ്ഡിത്യത്തിലും പ്രശസ്തിയിലും വളരെവേഗം തന്റെ പ്രൊഫസറെ മറികടന്നു. തോമസിന്റെ കഴിവ് തിരിച്ചറിഞ്ഞ ആല്‍ബര്‍ട്ട് അവനെ കൊളോണില്‍ വിദ്യാര്‍ത്ഥികളുടെ മാസ്റ്റര്‍ ആയി നിയമിച്ചു. 1256ല്‍ വിശുദ്ധ ആല്‍ബര്‍ട്ട്, വിശുദ്ധ തോമസ് അക്വീനാസ് എന്നിവര്‍ ഫ്രാന്‍സിസ്കനായ വിശുദ്ധ ബൊനവെഞ്ചറിന്റെ കൂടെ പോപ്പിന് മുമ്പില്‍ ഡൊമിനിക്കന്‍ സഭയുടെയും ഫ്രാന്‍സിസ്കന്‍ സഭയുടെയും നിയമാവലിയെയും അവകാശങ്ങളെയും വിജയകരമായി പ്രതിരോധിച്ചു. 1274ല്‍ ആല്‍ബര്‍ട്ട് ലിയോന്‍സിലെ കൗണ്‍സിലില്‍ പങ്കെടുത്ത് ഗ്രീക്ക് സഭയുടെയും റോമിന്റെയും ഒരുമിക്കലിനു സജീവമായ പങ്കു വഹിച്ചു. തോമസ് അക്വീനാസും അതില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും മാര്‍ഗമധ്യേ മരിച്ചു. ദുഃഖാര്‍ത്തനായ ആല്‍ബര്‍ട്ട് ആശ്രമവാസികളോട് തോമസിന്റെ മരണത്തെപ്പറ്റി അറിയിച്ചത് ഇങ്ങനെ ആയിരുന്നു, "സഭയിലെ പ്രകാശം അണഞ്ഞിരിക്കുന്നു!" പിന്നീട് ജീവിതകാലം മുഴുവന്‍, തന്റെ വിദ്യാര്‍ത്ഥിയും സഹപ്രവര്‍ത്തകനും സുഹൃത്തുമായ തോമസിനെപ്പറ്റി എപ്പോള്‍ സംസാരിച്ചാലും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സാര്‍വ്വത്രിക വേദപാരംഗതന് ആല്‍ബര്‍ട്ടിന്റെ ബുദ്ധിശക്തി കീര്ത്തിയുറ്റതായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം, നിരീക്ഷണത്തിനും പരീക്ഷണത്തിനും നല്കിയ അകമഴിഞ്ഞ പിന്തുണ, അങ്ങനെ ഓരോന്നും അദ്ദേഹമടങ്ങുന്ന അന്വേഷകരുടെ പുതിയ ശാസ്ത്രം പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവമായി പരിണമിക്കാനിടയാക്കി. പാരീസ് യൂണിവേഴ്സിറ്റിയില്‍ 1245നും ഇടയ്ക്ക് 1248 നും പഠിക്കുമ്പോള്‍ മാനുഷിക അറിവിനെയെല്ലാം ഒന്നായി ശേഖരിച്ചുകൊണ്ട്, പ്രകൃതിശാസ്ത്രം, തര്‍ക്കശാസ്ത്രം, വാചാടോപം, ഗണിത ശാസ്ത്രം, നീതിശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, തത്വമീമാംസ തുടങ്ങിയ ശാഖകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ ഒരു യത്നത്തിന് തുടക്കമിട്ടു. അടുത്ത 20 വര്‍ഷങ്ങള്‍ ഈ പദ്ധതിക്കും മറ്റു സേവനത്തിനുമായി വിഭജിച്ചു. അദ്ദേഹത്തിന്റെ ധിഷണാശക്തിയും അറിവും അത്രക്കും ഉയര്‍ന്നതായതുകൊണ്ട് അദ്ദേഹത്തിന്റെ സമകാലീനര്‍ ആല്‍ബര്‍ട്ട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മഹാനായ ആല്‍ബര്‍ട്ട് എന്ന് വിളിക്കുകയും എന്തിനെപ്പറ്റിയും പഠിപ്പിക്കാന്‍ കഴിവുള്ളവന് അഥവാ സാര്‍വ്വത്രിക ആചാര്യന് എന്ന സ്ഥാനം നല്‍കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ആല്‍ബര്‍ട്ടിന്റെ രചനകള്‍ 38 വാല്യങ്ങളുണ്ട്. സസ്യശാസ്ത്രത്തിലും, മനുഷ്യ, ജന്തു ശരീരശാസ്ത്രത്തിലുമുള്ള പ്രബന്ധങ്ങളുടെ പേരില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നു. അരിസ്റ്റോട്ടിലിന്റെ രചനകള്‍ ക്രൈസ്തവ പ്രമാണങ്ങള്‍ക്കനുസൃതമായി ആല്‍ബര്‍ട്ട് വീണ്ടും അവതരിപ്പിച്ചു. അള്‍ത്താരയിലേക്ക് 1278ല്‍ ഒരു പ്രഭാഷണത്തിനിടയില്‍ ആല്‍ബര്‍ട്ടിന്റെ ഓര്‍മ്മ നശിച്ചു. പ്രാര്‍ത്ഥന ഇഴ ചേര്‍ത്തുള്ള ശാന്തമായ ഒരു ജീവിതമായിരുന്നു പിന്നീട്. ഒരു വലിയ മരക്കസേരയില്‍ ഡൊമിനിക്കന്‍ സഹോദരരുടെ ഇടയിലിരുന്ന് അവര്‍ പാടുന്ന പരിശുദ്ധ രാജ്ഞി എന്ന ജപം കേട്ടുകൊണ്ടിരിക്കവേ 1280 നവംബര്‍ 15-ന്, ആല്‍ബര്‍ട്ട് തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു. വിശുദ്ധവണക്കത്തിലേക്കുള്ള ആല്‍ബര്‍ട്ടിന്റെ വഴി സാധാരണക്രമത്തില്‍ ആയിരുന്നില്ല. 1484 ല്‍ ഇന്നസെന്റ് എട്ടാമന് പാപ്പ ഡൊമിനിക്കന്‍സിന് ആല്‍ബര്‍ട്ടിന്റെ അള്‍ത്താരവണക്കത്തിനും തിരുനാള്‍ ആഘോഷിക്കാനുമായുള്ള അനുവാദം നല്കി. ഇതായിരുന്നു വാഴ്ത്തപ്പെട്ട പദവിക്ക് തുല്യമായി കണക്കാക്കിയത്. പില്ക്കാലത്ത് 1931ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ ആല്‍ബര്‍ട്ടിനെ സഭയിലെ വേദപാരംഗതന് ആയി പ്രഖ്യാപിച്ചു. 1941ല്‍ നവംബര്‍ 15-ന് പന്ത്രണ്ടാം പീയൂസ് പാപ്പ വിശുദ്ധ ആല്‍ബര്‍ട്ടിനെ പ്രകൃതിശാസ്ത്രവിദ്യാര്ത്ഥികളുടെ സ്വര്‍ഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ചു.
By: Jills Joy
Moreസിനിമകളിലെ ഹിഡന്‍ ഡീറ്റെയ്ല്‍സ് പോലെ ആധ്യാത്മികജീവിതത്തിന് രസം പകരുന്ന ചിലതുണ്ട്. മിക്കവാറും എല്ലാ കലാകാരന്മാരും, അവരുടെ കലാസൃഷ്ടികളില്‍ ഇങ്ങനെ ഒരു കൂട്ടം ചെയ്യാറുണ്ട്: മനഃപൂര്‍വം ചില കാര്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കും, ഹിഡന്‍ ഡീറ്റെയ്ല്‍സ്. ഉദാഹരണത്തിന്, സിനിമകളിലൊക്കെ ചില സീനിന്റെ പശ്ചാത്തലത്തില്‍ കുറെ ഹിഡന്‍ ഡീറ്റെയ്ല്‍സ് ഉണ്ടാവും, കഥയെ സപ്പോര്‍ട്ട് ചെയ്യുന്നവ. കലാസംവിധായകന്‍ അത് മനഃപൂര്‍വം ഒളിപ്പിച്ച് വയ്ക്കുന്നതാണ്. അങ്ങനെ ഒളിഞ്ഞിരിക്കുന്നതിലാണ് ത്രില്‍. പ്രേക്ഷകന് അത് കണ്ടെത്തുമോ ഇല്ലയോ എന്നത് ഒരു വിഷയമേ അല്ല. ആദ്ധ്യാത്മിക ജീവിതത്തിലും സമാനമായ ഒരു ത്രില്ലുണ്ട്. ഞാന്‍ എന്ത് ചെയ്താലും അത് കാണുന്ന അപ്പാ ഉണ്ടെന്ന തിരിച്ചറിവില്‍, മനുഷ്യരുടെ പ്രശംസയോ അംഗീകാരമോ അന്വേഷിക്കാതെ ജീവിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍. ലൂക്കാ 14/7-14 വചനഭാഗത്ത്, ഒരു വിരുന്നിന്റെ അവസരത്തില്‍ അതിഥികള്‍ പ്രമുഖ സ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടപ്പോള്‍, ഈശോ അതിഥിക്കും ആതിഥേയനുമായി നല്കുന്ന ഉപദേശമുണ്ടല്ലോ. അവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ഈശോ പറയുന്നത്. അതിഥി ശ്രദ്ധിക്കേണ്ടത്: ക്ഷണം സ്വീകരിക്കുമ്പോള്‍ വലിയ സ്ഥാനം ആഗ്രഹിച്ച് പ്രവര്‍ത്തിക്കരുത്. ആതിഥേയന് ശ്രദ്ധിക്കേണ്ടത്: ക്ഷണിക്കുമ്പോള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ക്ഷണിക്കരുത്. രണ്ടിടത്തും, മനുഷ്യന്റെ പ്രശംസയോ പ്രീതിയോ അന്വേഷിക്കരുതെന്ന് പാഠം. രഹസ്യത്തില്‍ കാണുന്ന സ്വര്‍ഗസ്ഥനായ പിതാവാണ് നമുക്ക് പ്രതിഫലം തരുന്നത്. ഇതിനൊരു അനുബന്ധമുണ്ട്: പിതാവ് പ്രതിഫലം തരുമെങ്കില്‍ മനുഷ്യന്റെ പ്രശംസ കിട്ടിയില്ലെങ്കില്മാത്രമല്ല പരാതി ഉണ്ടാവാതിരിക്കുക, മനുഷ്യരാല്‍ പരിഹസിക്കപ്പെട്ടാലും പരാതി ഉണ്ടാവില്ല. അതൊരു ത്രില്‍ തന്നെയാണ് കേട്ടോ... ദൃശ്യ മാധ്യമമുപയോഗിച്ച് പച്ചയ്ക്ക് നമ്മെ ചീത്ത പറയുമ്പോഴും, കമന്റുകള്‍ കൊണ്ട് കിരീടം ചാര്‍ത്തി സോഷ്യല്‍ മീഡിയായില്‍ നമ്മെ പരിഹസിക്കുമ്പോഴും, ഈ ഫോര്‍വേഡ് 'ലവനിരിക്കട്ടെ'ന്ന് ചിന്തിച്ച് പലരും നമ്മെ ഗ്രൂപ്പുകളില്‍ ഉന്നം വച്ച് അസ്വസ്ഥരാക്കാന്‍ ശ്രമിക്കുമ്പോഴും.... ശാന്തതയോടെ അവരുടെ അറിവില്ലായ്മ മനസിലാക്കി, 'അവരോട് ക്ഷമിക്കണേ'ന്ന് ചൊല്ലി സ്നേഹം നിറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍. ക്രൂശിതനീശോ ജീവിച്ച് കാണിച്ച് തന്ന ഈ ത്രില്‍ സ്വന്തമാക്കാന്‍ എനിക്കും നിങ്ങള്‍ക്കും സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
Moreഒരിക്കല്‍, കേരളത്തിനു പുറത്തുള്ള, ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു ഫെസ്റ്റ് നടന്നു. എല്ലാവരും വളരെ കളര്‍ഫുള്‍ ആയി വസ്ത്രം ധരിച്ചാണ് അന്ന് കോളേജിലെത്തിയത്. അപ്പോളതാ ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിമാത്രം ഏറെ വ്യത്യസ്തമായ രീതിയില്‍ വസ്ത്രധാരണം ചെയ്തു വന്നിരിക്കുന്നു. അവളുടെ തലയില്‍ ഒരു പ്രത്യേകതരം അലങ്കാരവസ്തു ധരിച്ചിട്ടുണ്ട്. അതില്‍ ഏതോ പക്ഷിയുടെ തൂവലുകളൊക്കെയുണ്ട്. 'ഇത് ഈ നാട്ടിലെ ഫാഷനായിരിക്കുമോ?"ഞാന്‍ മനസ്സില്‍ ചിന്തിച്ചു. അപ്പോഴാണ് മറ്റു സഹപാഠികളും അതു പറഞ്ഞ് ചിരിക്കുന്നതു കണ്ടത്. ഇത് ഫാഷനൊന്നുമല്ലായെന്നും അവള് ഒരു പരിഹാസപാത്രമായി മാറുകയാണ് എന്നും അപ്പോള്‍ എനിക്കു മനസ്സിലായി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് പിന്നീട് സംഭവിച്ചത്. പല കുട്ടികളും അവളുടെ അടുത്തു ചെന്ന് 'സൂപ്പര്‍,'സൂപ്പര്‍' എന്ന് പറയുന്നുണ്ട്. ഇതും പറഞ്ഞ് തിരിച്ചുവരുന്നവരുടെ മുഖത്താകട്ടെ പരിഹാസച്ചിരിയും. ഇതൊക്കെ കണ്ടപ്പോള്‍ എനിക്കൊരു വിഷമം. ഞാന്‍ ചെന്ന് അവളോട് സത്യം പറഞ്ഞു. പക്ഷേ എന്റെ സത്യം അവള്‍ക്ക് സ്വീകാര്യമായിരുന്നില്ല. കാരണം അത് നല്ലതാണെന്ന് പലരും അവളോടു പറഞ്ഞു കഴിഞ്ഞതാണല്ലോ. അവളുടെ മുന്നില്‍ സൂപ്പര്‍ എന്നു പറയുകയും അവളുടെ അസാന്നിധ്യത്തില്‍ പരിഹസിക്കുകയും ചെയ്യുന്ന കാപട്യം എന്നെ ഏറെ ചിന്തിപ്പിച്ചു. മനുഷ്യപ്രീതിയുടെയും അഭിപ്രായങ്ങളുടെയും പൊള്ളത്തരം എത്രത്തോളമുണ്ട് എന്ന് എനിക്കു മനസ്സിലാക്കിത്തന്ന ഒരു അനുഭവമായിരുന്നു അത്. തുടര്‍ന്നും എന്റെയും മറ്റുള്ളവരുടെയും ജീവിതത്തിലൂടെ ഇത്തരം ധാരാളം അനുഭവങ്ങള്‍ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു. ഇനി എല്ലാം ദൈവപ്രീതിക്കുവേണ്ടി! ഹൃദയം കാണുന്ന കര്‍ത്താവിന്റെ മുമ്പില്‍ നാട്യങ്ങളും മുന്‍കരുതലുകളും ഒന്നും വേണ്ട. അതുകൊണ്ട് കര്‍ത്താവിനെ പ്രീതിപ്പെടുത്താനാണ് കൂടുതല്‍ എളുപ്പവും. അങ്ങനെ എന്റെ പ്രവൃത്തികള്‍ ഈശോയ്ക്കു സ്വീകാര്യമാണോ എന്ന് വിവേചിച്ചറിയാന്‍ ശ്രമിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ജീവിതം കുറേക്കൂടി സുഗമമായതായി അനുഭവപ്പെടാറുണ്ട്. ഒരു പുതിയ വസ്ത്രം മേടിച്ചാല്‍പ്പോലും ആദ്യം പള്ളിയില്‍ പോകുമ്പോള്‍ ധരിക്കണം, ഈശോയെ കാണിക്കണം എന്നു നിര്‍ബന്ധമുള്ള എന്റെ ഒരു കൂട്ടുകാരിയെ ഈ സമയം ഓര്‍ത്തുപോകുന്നു. ഈശോയെ മനസ്സില്‍ കണ്ടുകൊണ്ട്, ഈശോയ്ക്കുവേണ്ടി'എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം ആര്‍ക്കെങ്കിലും കൊടുത്തു നോക്കൂ, ഭക്ഷണം വിളമ്പി നോക്കൂ... ഹൃദയം ദൈവസാന്നിധ്യത്താല്‍ നിറയും. ഇതുപോലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജീവിതം മാറിമറിയുമെന്നതു തീര്‍ച്ചയാണ്. എന്നാല്‍, ദൈവത്തിന് പ്രീതികരമാണോ എന്ന് എങ്ങനെ തിരിച്ചറിയും? വിശുദ്ധ കൊച്ചുത്രേസ്യാ കൂടെയുള്ള മറ്റു സിസ്റ്റേഴ്സില്നിന്നുമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ശാരീരികമായ സഹനങ്ങളുമെല്ലാം ദൈവത്തിനു കാഴ്ചവച്ചു പ്രാര്‍ത്ഥിച്ചിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താനായി അവള് കണ്ടെത്തിയ കുറുക്കുവഴികളായിരുന്നു ഇത്. ഇങ്ങനെ നിസ്സാരമെന്നു തോന്നുന്ന ധാരാളം പുണ്യപ്രവൃത്തികള്‍ അവള് കര്‍ത്താവിനെ പ്രീതിപ്പെടുത്താനായി ചെയ്തിരുന്നു. ഇതില്‍ അവിടുന്ന് സംപ്രീതനാണോ എന്നറിയാന്‍ അവള് ആഗ്രഹിച്ചു. ഒരിക്കല്‍ വിശുദ്ധയുടെ അടുക്കല്‍, സ്വപ്നത്തില്‍, മൂന്നു പുണ്യവതികള്‍ വന്നു. അതില്‍ ഒരാളോട് അവള് ചോദിച്ചു: "എന്റെ നിസ്സാരമായ ചെറിയ ചെയ്തികളെയും ആഗ്രഹങ്ങളെയുംകാള് അധികമായി, നല്ല ദൈവം എന്തെങ്കിലും എന്നില്‍ നിന്നാവശ്യപ്പെടുന്നുണ്ടോ എന്നുകൂടി എന്നോടു പറയണമേ; അവിടുന്ന് എന്നില്‍ സംപ്രീതനാണോ?'അവര്‍ മറുപടി പറഞ്ഞു: "നല്ല ദൈവം വേറൊന്നും ആവശ്യപ്പെടുന്നില്ല; അവിടുന്നു സംപ്രീതനാണ് അതീവ സംപ്രീതന്‍..." അങ്ങനെ, തന്റെ ശുശ്രൂഷ ദൈവത്തിന് സ്വീകാര്യമാണെന്ന് അവള് തിരിച്ചറിഞ്ഞു. വിശുദ്ധരുടെ ജീവിതത്തില്‍ മാത്രമല്ല, ദൈവത്തിന് പ്രീതികരമായോ എന്നറിയാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവര്ക്കും അവിടുന്ന് ഉത്തരം നല്കുകതന്നെ ചെയ്യും. കാരണം, മക്കള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പിതാവിന് അഭിനന്ദിക്കാതിരിക്കാനാവില്ലല്ലോ. എന്നാല്‍, ദൈവം അഭിനന്ദിക്കണമെങ്കില്‍ ദൈവത്തിനാണു നമ്മള് നല്‍കുന്നതെന്ന് ഉറപ്പു വരുത്തണം. ഒരു വിശിഷ്ടവിഭവം ഉണ്ടാക്കി ഒരാള്‍ക്ക് കൊടുത്തിട്ട് മറ്റൊരാള്‍ അഭിനന്ദിക്കണം എന്നു ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അതു സ്വീകരിച്ചയാളാണ് അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. അതുപോലെതന്നെ ദൈവത്തിനു നല്കപ്പെടുന്നതു മാത്രമാണ് അവിടുന്ന് വിലമതിക്കുന്നത്. എനിക്കുവേണ്ടിയും എന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടിയും, എന്റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും ചെയ്യുന്നതില്‍ അവിടുത്തേക്ക് എന്തു കാര്യം? നമ്മള് ആരെ സ്നേഹിക്കുന്നുവോ അവരെ പ്രീതിപ്പെടുത്തും. അതിനാല്‍ത്തന്നെ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പ്രീതിപ്പെടുത്താതിരിക്കാന് സാധിക്കില്ല. അല്ലാത്തവര്‍, മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. മനുഷ്യപ്രീതിക്കുവേണ്ടി ഓടിനടക്കുന്നവര്‍ക്ക് ആധ്യാത്മികമായി വളരാന്‍ സാധിക്കുകയില്ല. അവര്‍ മറ്റു മനുഷ്യരെയോ, അല്ലെങ്കില്‍ തങ്ങള്‍ ഭയപ്പെടുന്നവരെയോ, തങ്ങളെത്തന്നെയോ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തങ്ങളെത്തന്നെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയാകട്ടെ, എപ്പോഴും സ്വന്തം സുഖം, നേട്ടം എന്നിവയിലേക്കും ആയിരിക്കും. അവര്‍ക്ക് തങ്ങളുടെ കൂടെയുള്ളവരെ പരിഗണിക്കാനോ ബഹുമാനിക്കുവാനോ സാധിക്കുകയില്ല. അതിനാല്‍, നമ്മുടെ ജീവിതവും പ്രയത്നങ്ങളുംകൊണ്ട് ആരെയാണ് പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് കണ്ടെത്താം, തിരുത്താം. "നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍" (കൊളോസോസ് 3/23) ദൈവസ്നേഹത്തെപ്രതി ചെയ്യുന്നതെല്ലാം വിലമതിക്കപ്പെടുകതന്നെ ചെയ്യും. അപ്പോള്‍, നന്മകള് ചെയ്തിട്ടും കുറ്റം മാത്രം കേള്‍ക്കേണ്ടി വന്നാലും, നന്നായി ചെയ്യണമെന്ന ആഗ്രഹത്തോടെ പ്രയത്നിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാതെ വന്നാലും പിടിച്ചു നില്ക്കാന് നമുക്കു കരുത്തു ലഭിക്കും. കാരണം, "മനുഷ്യന് കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന് ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും"'(1 സാമുവല്‍ 16/7). കര്‍ത്താവേ, ജീവിതത്തിലെ സകല കാര്യങ്ങളിലും അങ്ങയുടെ പ്രീതി തേടുവാന്‍ എന്നെ അനുഗ്രഹിക്കണമേ, ആമ്മേന്‍.
By: Anu Jose
Moreദൈവത്തെയും മനുഷ്യനെയും ഈ പ്രപഞ്ചത്തെയും ജീവിതത്തെയുമെല്ലാം യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതുപോലെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് തെറ്റുപറ്റാനിടയുണ്ട്. ആദിപാപം ആദിമാതാപിതാക്കളുടെ ആന്തരികനയനങ്ങളില്‍ ഇരുള് നിറച്ചു. യഥാര്‍ത്ഥ ദൈവികജ്ഞാനം അവര്‍ക്കു നഷ്ടമായി. സാത്താന് ദൈവത്തെക്കുറിച്ച് നല്കിയ തെറ്റായ അറിവ് അവര്‍ സ്വീകരിച്ചു. അവനവനെയും തന്റെ സമസൃഷ്ടിയെയും തെറ്റായ കാഴ്ചപ്പാടിലൂടെ കാണാന്‍ മനുഷ്യന് ഇടയായി. മാനവകുലം മുഴുവന്‍ ഈ അജ്ഞതയുടെ അന്ധകാരത്തില്‍ അകപ്പെട്ടു.ഈ ഇരുളില്‍നിന്ന് മാനവരാശിയെ വിമോചിപ്പിക്കുന്ന ദിവ്യസൂര്യനാണ് യേശുക്രിസ്തു. ഈ അജ്ഞതയില്‍നിന്ന് സത്യജ്ഞാനത്തിലേക്ക് മനുഷ്യനെ നയിക്കുന്നവനാണ് ദൈവപുത്രനായ ക്രിസ്തു. അവിടുന്നാണ് ലോകത്തിന്റെ പ്രകാശം, അവിടുന്നാണ് സത്യത്തിന്റെ സ്വാതന്ത്ര്യം നല്കുന്ന പുത്രന്. ലോകത്തെ സത്യത്തിന്റെ പൂര്‍ണത പഠിപ്പിച്ച ഗുരുവാണ് ക്രിസ്തു. എങ്ങനെയാണ് ക്രിസ്തു നമ്മെ ഇരുളില്‍നിന്ന് ജ്ഞാനപ്രകാശത്തിലേയ്ക്ക് നയിച്ചത്? അത് ദൈവിക വെളിപാട് (Revelation) നമുക്ക് നല്‍കിക്കൊണ്ടാണ്. ദൈവാവിഷ്കരണം, ദൈവിക വെളിപാട് എന്നൊക്കെ നാം മനസ്സിലാക്കുന്ന ദൈവത്തിന്റെ സ്വയംവെളിപ്പെടുത്തലാണിത്. ''പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ഏകജാതനായ''ദൈവപുത്രനാണ് ക്രിസ്തു എന്നതാണ് അവിടുത്തെ വെളിപ്പെടുത്തലിന്റെ ആധികാരികതയുടെ അടിസ്ഥാനം. ''പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര് വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാനനാളുകളില്‍ തന്റെ പുത്രന് വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു'' (ഹെബ്രായര്‍ 1/1-2). ആ പുത്രനാകട്ടെ ''അവിടുത്തെ മഹത്വത്തിന്റെ തേജസും സത്തയുടെ മുദ്രയുമാണ്'' (ഹെബ്രായര്‍ 1:3) എന്നത് ആ വെളിപാടിനെ നിര്‍ണായകമാക്കുന്നു. ''പുത്രനും പുത്രന് ആര്‍ക്കു വെളിപ്പെടുത്താന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല'' എന്നാണല്ലോ ക്രിസ്തു നമ്മെ അറിയിച്ചത് (മത്തായി 11/27). ഈ ക്രിസ്തുവാണ് ''ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹന്നാന് 8/12) എന്ന് നമുക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. ഇവിടെ ദൈവം ദൈവത്തെത്തന്നെ ക്രിസ്തുവില്‍ സ്വയം വെളിപ്പെടുത്തി. ക്രിസ്തു ദൈവിക വെളിപാടിന്റെ അന്തസത്തയും, വെളിപാടിന്റെ മധ്യസ്ഥനും വെളിപാടിന്റെ കര്‍ത്താവുമായി നിലകൊള്ളുന്നു. (Christ is the subject and object of revelation, he is also the mediator of revelation) എന്താണ് ക്രിസ്തു നമുക്ക് വെളിപ്പെടുത്തിത്തന്ന ജ്ഞാനപ്രകാശം? നാലു കാര്യങ്ങളാണ് പ്രധാനമായും ഈ വെളിപ്പെടുത്തലില്‍ ഉള്ളത്. ഒന്നാമതായി നമുക്ക് ക്രിസ്തുവിലൂടെ യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ദൈവദര്‍ശനം ലഭിച്ചു. ദൈവം ആരെന്ന് പൂര്‍ണതയില്‍ വെളിപ്പെട്ടുകിട്ടി. ദൈവത്തെക്കുറിച്ചുള്ള തെറ്റായതും അപൂര്ണമായതുമായ അറിവായിരുന്നു അതുവരെ മാനവരാശിക്ക് ഉണ്ടായിരുന്നത്. സാത്താന് അവതരിപ്പിച്ച തെറ്റായ ദൈവസങ്കല്പം മനുഷ്യന്റെ ഉള്ളില്‍ ഭീതിപടര്ത്തിനിന്നിരുന്നു. തത്വജ്ഞാനികളെന്ന് അവകാശപ്പെട്ട പലരും പങ്കുവച്ച ദൈവസങ്കല്പങ്ങളും മനുഷ്യബുദ്ധിയുടെ കണ്ടുപിടുത്തങ്ങളെന്ന നിലയില്‍ പൂര്‍ണമായ ദൈവദര്‍ശനം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. ദൈവം സ്വയം വെളിപ്പെടുത്തിയാല്‍ മാത്രമേ ദൈവമാരെന്ന് മനുഷ്യന് ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. ഇതാണ് ക്രിസ്തുവിലൂടെ നല്കപ്പെട്ടത്; ക്രിസ്തുവില്‍ സംഭവിച്ചത്. അങ്ങനെ അവികലവും പൂര്‍ണവുമായ ദൈവദര്‍ശനം മാനവരാശിക്കു ലഭിച്ചു. രണ്ടാമതായി, ദൈവം ക്രിസ്തുവില്‍ നമുക്കു വെളിപ്പെടുത്തിത്തന്നത് മനുഷ്യന് ആരാണ് എന്ന വസ്തുതയാണ്. അവികലവും പൂര്‍ണവുമായ മനുഷ്യദര്‍ശനം ക്രിസ്തുവിലൂടെ മാനവരാശിക്ക് ലഭിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ മനുഷ്യനെ മനുഷ്യന് കാണാനുള്ള കൃപ ആദിപാപത്താല്‍ നഷ്ടമാവുകയും സാത്താനാഗ്രഹിച്ചവിധം കാണാന്‍ ഇടയാവുകയും ചെയ്തു. മനുഷ്യന് ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണെന്ന് വിശുദ്ധ ഗ്രന്ഥം നമുക്കു പറഞ്ഞുതരുന്നു. ഈ ദര്‍ശനം ക്രിസ്തുവിലൂടെ അതിന്റെ പൂര്‍ണതയില്‍ വെളിപ്പെട്ടു കിട്ടി. ദൈവത്തിന്റെ യഥാര്‍ത്ഥ ഛായയും സമ്പൂര്ണ്ണഛായയും (The real image and the perfect image) ആദ്യജാതനായ ക്രിസ്തുവാണ്. ആ ക്രിസ്തുവിന്റെ ഛായയിലാണ് നാം സൃഷ്ടിക്കപ്പെട്ടത്. ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. നാം ദൈവപുത്രരും ക്രിസ്തുവിനോടൊപ്പം നിത്യത പ്രാപിക്കേണ്ടവരുമാണ് എന്ന സത്യം ക്രിസ്തു വെളിപ്പെടുത്തി. അങ്ങനെ മനുഷ്യന്റെ ആരംഭവും മനുഷ്യന്റെ അന്തവും ദൈവമാണെന്നും, ദൈവൈക്യത്തിനായി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെന്നുമുള്ള സത്യം ക്രിസ്തുവില്‍ മാനവരാശിക്കു ലഭിച്ചു. മനുഷ്യന് ആരാണെന്നു മാത്രമല്ല, മനുഷ്യന് ആരായിത്തീരുമെന്നും ക്രിസ്തുവില്‍ വെളിപ്പെട്ടു കിട്ടി. മാനവരാശിയുടെ ഭാവി ക്രിസ്തുവില്‍ വെളിപ്പെട്ടു. ദൈവം നമ്മുടെ പിതാവെങ്കില്‍ നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നു തെളിയുന്നു; ക്രിസ്തുവിന്റെ സഹോദരരും. ആ സാഹോദര്യബന്ധമാണ് മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ പുലര്‍ത്തേണ്ടത് എന്നും വെളിവാക്കപ്പെട്ടു. ക്രിസ്തീയത പങ്കുവയ്ക്കുന്ന സാര്‍വ്വജനീന സാഹോദര്യത്തിന്റെ അടിസ്ഥാനമിതാണ്. ദൈവം മനുഷ്യനായി അവതരിച്ചതാണ് ക്രിസ്തു. ആകയാല്‍ കുറവുകളില്ലാത്തതും പൂര്‍ണവുമായ മനുഷ്യപ്രകൃതി എങ്ങനെയായിരിക്കുമെന്നറിയാന്‍ ക്രിസ്തുവിലേക്ക് നോക്കിയാല്‍ മതി. ക്രിസ്തുവാണ് പരിപൂര്‍ണ മനുഷ്യന്. പൂര്ണനാകണമെങ്കില് ക്രിസ്തുവിനെപ്പോലെയായിത്തീരണം എന്നു സാരം. മനുഷ്യന് എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പ്രതികരിക്കണമെന്നുമുള്ളതിന്റെ മാതൃകയാണ് ക്രിസ്തുവിന്റെ ജീവിതം. സമ്പൂര്‍ണ്ണ മനുഷ്യന് ആരാണ് എന്ന ചോദ്യത്തിന് ദൈവം നല്കിയ ഉത്തരമാണ് ക്രിസ്തു. നിത്യസത്യങ്ങളെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള വെളിപ്പെടുത്തല്‍ മനുഷ്യനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു നില്ക്കുന്നു. മനുഷ്യന് നിത്യജീവന് പ്രാപിക്കാനുള്ള മാര്‍ഗവും ക്രിസ്തു വെളിപ്പെടുത്തി. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവന് മാത്രമല്ല, ക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ടവനുമാണ് മനുഷ്യന് എന്ന വസ്തുത വെളിപ്പെട്ടു. മൂന്നാമതായി, ക്രിസ്തുവില്‍ മനുഷ്യനു ലഭിച്ച ജ്ഞാനം ഒരു പ്രപഞ്ചദര്‍ശനം ഉള്‍ക്കൊള്ളുന്നതാണ്. ഈ പ്രപഞ്ചം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും, ഇത് ക്രിസ്തുവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടതാണെന്നുമുള്ള ബോധ്യം ലഭിക്കുന്നു. അതോടൊപ്പം ഈ പ്രപഞ്ചത്തിന്റെ നശ്വരതയും വരാനിരിക്കുന്ന നിത്യതയും വെളിപ്പെട്ടു. പ്രപഞ്ചം സ്വയംഭൂവായ യാഥാര്‍ത്ഥ്യമല്ലെന്നും അതിന്റെ സ്രഷ്ടാവും പരിപാലകനും നിയന്താവും ദൈവമാണെന്നും വെളിവായിരിക്കുന്നു. മനുഷ്യന് ഈ പ്രപഞ്ചത്തെ മൂല്യമുള്ളതായിക്കാണണമെന്നും അതിനെ പരിപാലിക്കാന്‍ നിയുക്തനാണെന്നും വെളിപ്പെട്ടു. നാലാമതായി ക്രിസ്തുവില്‍ മനുഷ്യനു ലഭിച്ച ജ്ഞാനം ജീവിതദര്‍ശനവും ധാര്‍മ്മിക ദര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്. ജീവിതം ധന്യമാകുന്നത് സ്നേഹത്താല്‍ നിറയപ്പെട്ട് സ്നേഹത്താല്‍ നയിക്കപ്പെടുമ്പോഴാണ്. അത് അപരനുവേണ്ടിയുള്ള ശുശ്രൂഷയും സ്വയം ത്യജിക്കലും ഉള്‍ക്കൊള്ളുന്നതാണ്. നാം നമുക്കുവേണ്ടി ജീവിക്കാതിരിക്കുകയും അപരനുവേണ്ടി ജീവിക്കുകയും ചെയ്യുന്നതാണ് ഔന്നത്യപൂര്‍ണമായ ജീവിതമെന്ന് ക്രിസ്തു കാണിച്ചുതന്നു. ശൂന്യവത്കരണത്തിലൂടെ അപരനുവേണ്ടി സ്വയം ത്യജിക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹമെന്ന് നാം അറിയാനിടയായി. ഇത് മാനവരാശിക്ക് യഥാര്‍ത്ഥ ജീവിതപന്ഥാവും ധാര്‍മിക ദര്‍ശനവും നല്‍കുന്നതാണ്. സ്നേഹത്തില്‍നിന്ന് വ്യതിചലിക്കുന്നതൊക്കെ യഥാര്‍ത്ഥ മനുഷ്യത്വത്തില്നിന്നുള്ള വ്യതിചലനമാണ്. ദൈവപ്രീതിക്കുള്ള യഥാര്‍ത്ഥ വഴിയും സ്നേഹംതന്നെയാണ് എന്നും, ബലികളും കാഴ്ചകളുമല്ല എന്നും തെളിയിക്കപ്പെട്ടു. ഈവിധം സമ്പൂര്‍ണമായ ദൈവികജ്ഞാനത്താല്‍ മനുഷ്യന് പ്രകാശിക്കപ്പെട്ടു. ഇതാണ് ക്രിസ്തുവില്‍ നമുക്കു ലഭിച്ച ജ്ഞാനപ്രകാശം. ഇതാണ് രക്ഷ. ഇതാണ് നിത്യജീവന്റെ വഴി. (സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച 'കൃപ' എന്ന ഗ്രന്ഥത്തില്‍നിന്ന്)
By: Rev.Dr. James Kiliyanikkal
Moreതന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: "എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും" (മത്തായി 4/15). ഈ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്റെ വാഗ്ദാനം. മറിച്ച്, തന്റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്‍കുന്നത്. വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ പിന്നാലെ പോകുന്നവരുടെ ലക്ഷ്യം പലപ്പോഴും ഭൗതികനേട്ടങ്ങളാണ്. എന്നാല്‍, ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ നമ്മുടെ ജീവിതം വൃഥാവിലാവും. ആകയാല്‍, ആത്മാക്കളുടെ രക്ഷയാണ് സുവിശേഷവേലയുടെ അടിസ്ഥാനം. അതുകൊണ്ടാണ്, ഈ ലോകത്തിലെ ഏറ്റവും ഉന്നതമായ വിളിയും പദവിയും ദൈവവേലയായി മാറുന്നത്. സമര്‍പ്പണ ജീവിതമാണ് ഈ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ജീവിതം. ഉദാഹരണത്തിന്, എന്റെ കയ്യിലുള്ള വിലപിടിപ്പുള്ള ഒരു പേന ഞാന്‍ നിങ്ങള്‍ക്ക് സമ്മാനമായി നല്കുന്നു എന്നു കരുതുക. പിന്നീട് അത് താഴെ വീണ് തകരാതെ നോക്കേണ്ടതും അതിന്റെ മഷി തീരുമ്പോള്‍ വീണ്ടും നിറയ്ക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതുപോലെയാണ്, യേശുവിനായി സമ്പൂര്‍ണ സമര്‍പ്പണം ചെയ്ത ഒരു പ്രേഷിതന്റെ, മിഷനറിയുടെ ജീവിതവും. അവന്റെ ജീവിതം തകരാതെ നോക്കേണ്ടതും അവന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കേണ്ടതും യേശുവിന്റെ കടമയും ഉത്തരവാദിത്തവുമായി മാറുന്നു. അതെ, ഞാന്‍ യേശുവിന്റെ ഹൃദയത്തില്‍ ഒരു 'സ്നേഹബാധ്യത'യാണ്. ജീവിതത്തിന്റെ പരമമായ ലക്ഷ്യം സത്യം അറിഞ്ഞവന് അതിന് സാക്ഷ്യം വഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക: "ഭൂമിയില്‍ എന്റെ നാമം ഉദ്ഘോഷിക്കപ്പെടുന്നതിനും എന്റെ ശക്തി നിന്നില്‍ വെളിപ്പെടുത്തുന്നതിനും വേണ്ടിയാണ് നിന്നെ ഞാന്‍ ഉയര്‍ത്തിയത്" (റോമാ 9/17). നമ്മെ പാപത്തില്‍നിന്നും രോഗത്തില്‍നിന്നും മരണത്തില്‍നിന്നും ഉയര്‍ത്തിയ ആ യേശുവിനുവേണ്ടി നാം ജീവിക്കണം. "ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്ക്കും വേണ്ടി മരിച്ചത്" (2 കോറിന്തോസ് 5/15). ജീവിതയാത്രയില്‍ ഇടയ്ക്കെങ്കിലും നാം ഇങ്ങനെ ആത്മശോധന ചെയ്യണം. 'എന്റെ യേശു എനിക്കുവേണ്ടി എന്തെല്ലാം വന്‍കാര്യങ്ങള്‍ ചെയ്തു. ഞാന്‍ ഇന്നുവരെയും അവനുവേണ്ടി എന്താണ് ചെയ്തത്?' ഇപ്പോള്‍ത്തന്നെ ജീവിതം അവനായി സമര്‍പ്പിക്കാം. സ്വര്‍ഗം ഭൂമിയില്‍ നിന്ന് കേട്ട ഏറ്റവും മനോഹരമായ വാക്ക് 'ഇതാ ഞാന്‍..' ഈ വാക്ക് നമ്മുടെ അധരത്തില്‍നിന്ന് ഉയരട്ടെ. അത് ആത്മാര്‍ത്ഥമാണെങ്കില്‍ ഇപ്പോള്‍ത്തന്നെ നിങ്ങള്‍ അവിടുത്തെ കരങ്ങളില്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങും. നമ്മുടെ ബലഹീനതകള്‍, അയോഗ്യതകള്‍ ഒന്നും കര്‍ത്താവ് നോക്കുന്നില്ല. ഗലീലിയിലെ ദുര്‍ബലരായ മുക്കുവരെ സഭയുടെ നെടുംതൂണുകളാക്കിയ പരിശുദ്ധാത്മാവിന് എന്നെയും അതിശയകരമായി ഉപയോഗിക്കാന്‍ കഴിയും. ഞാന്‍ ഗുണത്തിനുമില്ല, ദോഷത്തിനുമില്ല! ചിലര്‍ പറയും, 'ഞാനായിട്ട് ആര്‍ക്കും ഒരു ഗുണത്തിനുമില്ല, ദോഷത്തിനുമില്ല. ആര്‍ക്കും എന്നെക്കൊണ്ട് ബുദ്ധിമുട്ടില്ലല്ലോ. ഞായറാഴ്ചയില്‍ പള്ളിയില്‍ പോകും. ഒരു പാപവും ചെയ്യാതെ ജീവിച്ചാല്‍ മതിയല്ലോ.' എന്നാല്‍ ഇതല്ല ക്രിസ്തീയ ജീവിതം. വെളിപാട് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന 'ചൂടും തണുപ്പുമില്ലാത്ത' (വെളിപാട് 3/15) വ്യക്തിയില്‍നിന്ന് ദൈവം അകന്നു മാറും. വചനം തുടരുന്നു: "ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷ്ണനാകയാല് നിന്നെ ഞാന്‍ എന്റെ വായില്‍നിന്ന് തുപ്പിക്കളയും" (വെളിപാട് 3/16). തിരുവചനത്തിന്റെ വെളിച്ചത്തില്‍, നമ്മിലെ അണഞ്ഞുപോയ സുവിശേഷകന് വീണ്ടും ജ്വലിക്കട്ടെ. "ബലിപീഠത്തിലെ അഗ്നി കെട്ടുപോകരുത്. അത് നിരന്തരം കത്തിക്കൊണ്ടിരിക്കണം" (ലേവ്യര്‍ 6/15). യേശു നമ്മെ വിളിച്ചപ്പോള്‍ നമ്മുടെ ഹൃദയമാകുന്ന ബലിപീഠത്തില്‍ കൊളുത്തിയ സ്നേഹാഗ്നിയാണത്. ആ സുവിശേഷാഗ്നി നിരന്തരം നമ്മില്‍ കത്തണം. ലോകസുവിശേഷവല്ക്കരണം കര്‍ത്താവിന്റെ പ്രവൃത്തിയാണ്. ദൈവഹിതം സംഭവിക്കുകതന്നെ ചെയ്യും. നാം ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ലോകം മുഴുവന്‍ കര്‍ത്താവിന്റെ സുവിശേഷം അറിയും. മാനസാന്തരങ്ങള്‍ സംഭവിക്കും. നടക്കാത്ത സ്വപ്നമോ? ഇപ്പോള്‍ നടക്കുന്നതുപോലെ വചനപ്രഘോഷണവും മറ്റ് ആത്മീയ ശുശ്രൂഷകളും നടന്നാല്‍ എന്നാണ് കോടിക്കണക്കിന് വിജാതീയര്‍ കര്‍ത്താവിനെ അറിയുക എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ലോകസുവിശേഷവല്ക്കരണം ഒരു നടക്കാത്ത സ്വപ്നമാണെന്ന് കരുതിയ നാളുകളും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിന്മ എന്നില്‍ വിതച്ച ആ കള പരിശുദ്ധാത്മാവ് എന്നില്‍നിന്ന് എടുത്തുമാറ്റിയത് അമേരിക്കയിലെ മെക്സിക്കോയില്‍ നടന്ന ഒരു സംഭവം വായിച്ചതിലൂടെയാണ്. ഗ്വാഡലൂപെ എന്ന സ്ഥലത്ത് പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്തിനുശേഷം അഞ്ചു വര്‍ഷത്തിനിടയില്‍ ലക്ഷങ്ങളാണ് മാനസാന്തരപ്പെട്ട് കത്തോലിക്ക സഭയില്‍ ചേര്‍ന്നത്! 'കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു' എന്ന ആത്മകഥയില്‍ ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിലച്ചന് വിശദീകരിക്കുന്നത്, 'സ്വര്‍ഗത്തിന്റെ പ്രവൃത്തികള്‍ എത്ര വിസ്മയാവഹം' എന്നാണ്. ഇതുവരെയും നാം കാണാത്തവിധത്തിലുള്ള സ്വര്‍ഗീയ അടയാളങ്ങളും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളും വരും നാളുകളില്‍ ലോകത്ത് നിശ്ചയമായും സംഭവിക്കുമെന്ന് എനിക്കുറപ്പുണ്ട്. സാവൂളിന്റെമേല്‍ പതിച്ച മിന്നലൊളിയെ അതിജീവിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ചുരുക്കം ഇതാണ്: 'സുവിശേഷ വേല ഒരിക്കലും പാഴ്വേലയല്ല.' ഇത് തിരിച്ചറിഞ്ഞ പൗലോസ് അപ്പസ്തോലന് ഇപ്രകാരം ഉദ്ഘോഷിക്കുന്നു: "അതിനാല്‍ എന്റെ വത്സല സഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരും ആയിരിക്കുവിന്‍" (1 കോറിന്തോസ് 15/58). യുഗാന്ത്യ സഭയുടെ പോരാട്ടം എല്ലാ അര്‍ത്ഥത്തിലും ആദ്യസഭയുടേതിനെക്കാള്‍ മഹനീയമായിരിക്കും. നമുക്ക് ഒരേയൊരു ലക്ഷ്യം മാത്രം. ഒരേയൊരു സ്വപ്നം മാത്രം... അവന് വളരണം.. ഞാന്‍ കുറയണം... ലോകം യേശുവിനെ അറിയണം! ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്ത സ്വര്‍ഗീയ വരങ്ങളാല്‍ നിറച്ച് പരിശുദ്ധാത്മാവേ, എന്നെ ഉപയോഗിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം.
By: Mathew Joseph
Moreചൈനയിലെ മിയാന്‍യാങ്ങില്‍ 1815 ഡിസംബര്‍ ഒന്‍പതിനാണ് ലൂസി യി ഷെന്‍മെയി ജനിച്ചത്. ചെറുപ്പം മുതല്‍തന്നെ ദൈവത്തോട് അഗാധബന്ധം പുലര്‍ത്തിയ ലൂസി 12-ാമത്തെ വയസില്‍ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചു. പഠനത്തിലും വായനയിലും തത്പരയായാണ് അവള് വളര്‍ന്നുവന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷപ്രഘോഷണം നടത്താന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ 20-ാമത്തെ വയസില്‍ ഉന്നതപഠനം നടത്തിയിരുന്ന സമയത്ത് ലൂസി രോഗബാധിതയായി. ആ രോഗത്തില്‍നിന്ന് മോചിതയായ ലൂസി തന്റെ ആത്മീയജീവിതത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങി. സന്യസ്തരുടെ ജീവിതരീതി പിന്തുടര്‍ന്ന ലൂസി അതേസമയം തന്നെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്തു. പിതാവിന്റെ മരണശേഷം അമ്മയോടും സഹോദരനോടുമൊപ്പം ജീവിച്ച ലൂസി കുട്ടികള്‍ക്ക് മതബോധനം നല്‍കാനാണ് ഒഴിവുസമയം ഉപയോഗിച്ചത്. പിന്നീട് സഹോദരന് മെഡിസിന് പഠനത്തിനായി ചോംഗ്വിംഗിലേക്ക് പോയപ്പോള്‍ ലൂസിയും അമ്മയും അവിടേക്ക് മാറി താമസിച്ചു. അവിടത്തെ ഇടവക വൈദികന്റെ നിര്‍ദേശപ്രകാരം ഇടവകയിലെ സ്ത്രീകള്‍ക്ക് മതബോധനക്ലാസുകള്‍ നടത്തി. അതിന് പ്രതിഫലം നല്കാനൊരുങ്ങിയപ്പോള് വേണ്ടെന്നായിരുന്നു ലൂസിയുടെ മറുപടി. താന്‍ ദൈവത്തിനായി നല്കുന്ന കാഴ്ചയാണ് അധ്യാപനമെന്നായിരുന്നു അവളുടെ വിശദീകരണം. അമ്മയുടെ മരണശേഷം ലൂസി മിഷനറി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതയായി. അല്മായരായ കന്യകമാര്‍ താമസിച്ചിരുന്ന കോണ്‍വെന്റിലാണ് ലൂസി അക്കാലത്ത് താമസിച്ചിരുന്നത്. അനാരോഗ്യം മൂലം അവിടെ നിന്ന് മടങ്ങിപ്പോന്നുവെങ്കിലും 1861-ല്‍ ബിഷപ് ഹൂവിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം ലൂസി കോണ്‍വെന്റില്‍ മടങ്ങിയെത്തി. അധികം വൈകാതെ 1862-ല്‍ വൈദികനായ ഫാ. വെന്‍ നായിറിനൊപ്പം ജിയാഷാന്‍ലോംഗ് എന്ന പ്രദേശത്ത് മിഷന് ആരംഭിക്കാന്‍ ലൂസി യാത്രയായി. അതിനിടയിലെപ്പോഴോ ജാന്‍ എന്ന പെണ്‍കുട്ടിക്ക് തന്റെ ക്രൂശിതരൂപവും ജപമാലയും നല്‍കിയിട്ട് അവള് പറഞ്ഞു, "എന്റെ പ്രാര്‍ത്ഥനകളെല്ലാം ഞാന്‍ ചൊല്ലിക്കഴിഞ്ഞു. ഇനി നീയിത് എന്റെ ഓര്‍മയ്ക്കായി എന്റെ സഹോദരന് നല്‍കുക!" വരാന്‍ പോകുന്ന തന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പരിശുദ്ധാത്മാവ് അവള്‍ക്ക് ബോധ്യം നല്കിയെന്നോണമായിരുന്നു ആ വാക്കുകള്‍. കാരണം ഈ സമയത്താണ് ആ പ്രദേശത്തെ ഭരണാധികാരി അവിടത്തെ പ്രാദേശിക മജിസ്ട്രേറ്റിന്റെ സഹായത്തോടെ ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. വൈദികനായ വെന്‍ ഉള്‍പ്പെടെ നാലുപേരെ തടവിലാക്കി വരുന്നതിനിടെ അദ്ദേഹം വഴിയില്‍ ലൂസിയെയും കണ്ടു. അവളെയും വിചാരണ കൂടാതെ തടവിലടച്ചു. പിറ്റേ ദിവസം അതായത്, 1862 ഫെബ്രുവരി 19-ന് ലൂസിയെ ശിരച്ഛേദം ചെയ്തുവെന്നാണ് രേഖകള്‍ സാക്ഷിക്കുന്നത്. അടുത്ത ദിവസം രക്തസാക്ഷിത്വം വരിച്ച അഞ്ച് പേരുടെയും മൃതശരീരങ്ങള്‍ വിശ്വാസികള്‍ ലിയോച്ചൊഗ്വാന്‍ സെമിനാരിയോടനുബന്ധിച്ച് സംസ്കരിച്ചു. അങ്ങനെ ദൈവസന്നിധിയില്‍ സ്വയം നല്കിയ ഒരു ചുവന്ന പൂവായി ലൂസി മാറി. രണ്ടായിരാമാണ്ട് ഒക്ടോബര്‍ ഒന്നാം തിയതി ലൂസി യി ഷെന്‍മെയിയെയും സുഹൃത്തുക്കളെയും ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
By: Ranjith Lawrence
Moreനൊവേനകള്‍ ഏറ്റവും ഫലപ്രദമായി അര്‍പ്പിക്കുന്നതിന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന നിര്‍ദേശങ്ങള്‍. - പ്രസാദവരാവസ്ഥയിലുള്ള ആത്മാവിന്റെ പ്രാര്‍ത്ഥനകളാണ് ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നത്. അതിനാല്‍ ശരിയായ അനുതാപവും മാനസാന്തരവും പാപമോചനകൂദാശയുടെ സ്വീകരണവും നൊവേനപ്രാര്‍ത്ഥനയോടൊപ്പം ഉണ്ടാകണം. - ഒമ്പത് ദിവസങ്ങള്‍ അല്ലെങ്കില്‍ ഒമ്പത് ആഴ്ചകള്‍ മുടക്കംകൂടാതെ പ്രാര്‍ത്ഥിക്കണം. ലാഘവബുദ്ധിയോടെ നൊവേനയെ സമീപിക്കരുത്. - ഭവനത്തിലിരുന്ന് നൊവേന ചൊല്ലുന്നതില്‍ തെറ്റില്ലെങ്കിലും ആ ദിവസങ്ങളില്‍ ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്. - പ്രാര്‍ത്ഥനയോടൊപ്പം പാപപരിഹാരത്തിന്റെയും പരിത്യാഗത്തിന്റെയും പ്രവൃത്തികള്‍ ഉണ്ടാകണം. - നൊവേനദിവസങ്ങളില് യോഗ്യതയോടെയുള്ള വിശുദ്ധ കുര്‍ബാനസ്വീകരണം വളരെ പ്രധാനമാണ്. - പ്രാര്‍ത്ഥനാനിയോഗം നിറവേറിയാല്‍ ദൈവത്തോടും നമുക്കായി മാധ്യസ്ഥ്യം യാചിച്ച വിശുദ്ധാത്മാവിനോടും നന്ദി പറയാന്‍ മറക്കരുത്. മറ്റുള്ളവരോട് ഇതേപ്പറ്റി സാക്ഷ്യം അറിയിക്കുക എന്നതാണ് ഇതിന് ഏറ്റവും ഉചിതമായ മാര്‍ഗം.
By: Shalom Tidings
Moreമക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ 'ശില്പം' പൂര്‍ത്തിയാക്കാന്‍ അവിടുന്ന് കരം നീട്ടും. ദൈവത്തിന്റെ കരം പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാതിരിക്കുക അസാധ്യം. ഇവിടെ ഹന്നായുടെ ഉദാഹരണം വളരെ പ്രസക്തമാണ്. ഏറെനാള്‍ മക്കളില്ലാതിരുന്നതിനുശേഷമാണ് അവള് സാമുവലിനു ജന്മംനല്കിയത്. വീണ്ടും ഒരു കുട്ടിയുണ്ടാകുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള് സാമുവലിനെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രീതിയനുസരിച്ച്, കുട്ടിയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതിന് തെല്ലും താമസം വരുത്താതെ, പാലുകുടി നിന്നയുടന് അവനെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് പുരോഹിതനായ ഏലിയെ ഏല്പിച്ചു. ഭര്‍ത്താവിനോടൊപ്പം ദൈവാലയത്തില്‍ ചെന്നാണ് പിന്നീട് അവനെ അവള് ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. അതായിരുന്നു ഹന്നായുടെ യാഗസമര്‍പ്പണം. അതുകൊണ്ടാണ് ദൈവം യഹൂദജനത്തിന്റെ ഹീനപ്രവൃത്തികളില്‍ മനം മടുത്ത് അവര്‍ക്ക് പ്രവാചകന്മാരെയോ ദര്‍ശനങ്ങളോ നല്കാതിരുന്നപ്പോള്, അത് തിരികെ നല്‍കണമെന്ന് നിര്‍ഭയം ദൈവത്തോട് അപേക്ഷിക്കാന്‍ അവന് സാധിച്ചത്. അവന് ദൈവത്തിന് പ്രിയങ്കരനായിരുന്നു. ഇതെല്ലാം അവന് ചെയ്തത് ചെറുപ്രായത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. "അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാട് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ. ദര്‍ശനങ്ങള്‍ വിരളമായിരുന്നു" (1 രാജാക്കന്മാര് 3/1). അതേ സമയം, ദൈവം തന്റെ ഹിതം സാമുവലിന് വെളിപ്പെടുത്തിയിരുന്നു. നിങ്ങളുടെ സമ്പാദ്യമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രയോജനമിതാണ്. വസ്തുക്കളും ധനവുംമാത്രമല്ല, മക്കളെയും കര്ത്താവിന് നല്‍കണം. അബ്രഹാമും ഇതുതന്നെ ചെയ്തു. അതിനാലാണ് ഇത്ര മഹത്വമുള്ള മകനെ ലഭിച്ചത്. നാം മക്കളെ ദൈവത്തിന് നല്കിയാലും അവര്‍ നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ? നാം പാലിക്കുന്നതിനെക്കാള്‍ നന്നായി ദൈവം അവരെ പരിപാലിച്ചുകൊള്ളും. ڔ ദൈവത്തെ സേവിക്കാന്‍ നമ്മുടെ സന്താനങ്ങളെ അനുവദിക്കണം. സാമുവലിനെപ്പോലെ ദൈവാലയത്തിലേക്ക് മാത്രമല്ല സ്വര്‍ഗരാജ്യത്തില്‍ മാലാഖമാരോടൊപ്പം ദൈവത്തെ സേവിക്കാനും നയിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍വഴി മാതാപിതാക്കള്‍ക്കും ധാരാളമായ അനുഗ്രഹങ്ങള്‍ ലഭിക്കും.
By: Shalom Tidings
Moreഞാനൊരു ക്രൈസ്തവനായിരുന്നു എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും ഒരു നിയതമായ സഭാസമൂഹത്തില്‍ അംഗമായി സ്വയം കരുതിയിരുന്നില്ല. എന്നാല്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രൈസ്തവവിശ്വാസത്തെ ഞാന്‍ പുതുതായ രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ബാപ്റ്റിസ്റ്റ് വിശ്വാസികള്‍ നടത്തുന്ന സ്കൂളില്‍ ആ സമയത്ത് എന്നെ ചേര്‍ത്തു എന്നതാണ് അതിനുള്ള കാരണം. എന്റെ അധ്യാപകരെല്ലാം ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ബൈബിള്‍ വചനങ്ങള്‍ അറിവുള്ളവരും ആയിരുന്നു. അവര്‍ വചനം പഠിക്കുകയും ബൈബിള്‍ വിശ്വസ്തതയോടെ വായിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്ലാസ്റൂം ചര്‍ച്ചകളില്‍ ദൈവവചനം പലപ്പോഴും കടന്നുവരാറുണ്ട്. ഒരിക്കല്‍ സാഹിത്യപഠനത്തിനിടെ ഒരു ചര്‍ച്ച നടന്നപ്പോള്‍ അത്, കത്തോലിക്കര്‍ ക്രൈസ്തവരാണോ എന്ന ഡിബേറ്റായി മാറി. കാരണം അനേകം ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ചിന്തിക്കുന്നത് കത്തോലിക്കര്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരല്ലെന്നാണ്. അവര്‍ മാതാവിനെ ആരാധിക്കുകയും വിശുദ്ധരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. ഇവാഞ്ചലിക്കല്‍ വിശ്വാസികളായ എന്റെ പല സഹപാഠികളും ഈ വാദത്തില്‍ ഉറച്ചുനിന്നു. പക്ഷേ അവര്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്റെ ഗ്രാന്റ്മാ (മുത്തശ്ശി) കത്തോലിക്കാവിശ്വാസിനിയാണ്, ആന്റി കത്തോലിക്കാ സ്കൂളില്‍ പഠിപ്പിച്ചിട്ടുള്ള ആളാണ്. അവര്‍ രണ്ടുപേരും യേശുവിലുള്ള വിശ്വാസത്തില്‍ വളരാന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം. അതിനാല്‍ ആ ഡിബേറ്റ് അസംബന്ധമാണ് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഗ്രാന്റ്മായോടും ആന്റിയോടും ചോദിക്കാനായിരുന്നു എനിക്ക് തിരക്ക്. അങ്ങനെ മുത്തശ്ശിയെ സമീപിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ മുത്തശ്ശി എനിക്ക് കത്തോലിക്കാ മതബോധനഗ്രന്ഥം തന്നു. ആ പുസ്തകം ഞാന്‍ ബൈബിളിനൊപ്പം വായിക്കാന്‍ തുടങ്ങി. പുതിയ നിയമത്തിലൂടെയും മതബോധനത്തിലൂടെയും കത്തോലിക്കാ തര്‍ക്കശാസ്ത്രത്തിലെ പ്രധാന ആശയങ്ങളിലൂടെയുമെല്ലാം ഒരു കാര്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, യേശു സ്ഥാപിച്ച യഥാര്‍ത്ഥ സഭ കത്തോലിക്കാസഭയാണ്! പുതിയ നിയമത്തില്‍നിന്നുതന്നെ അത് വ്യക്തമാകും. ഇത് എനിക്ക് ബോധ്യപ്പെട്ടതോടെ ഒരു കത്തോലിക്കനാകാന് ഞാന്‍ തീരുമാനിച്ചു. 2012-ലെ ഈസ്റ്റര്‍തലേന്ന് എന്റെ ഹൈസ്കൂള്‍ ബിരുദപഠനത്തിന്റെ ആദ്യവര്‍ഷം ഞാന്‍ മാമ്മോദീസ സ്വീകരിച്ചു. അതോടൊപ്പം എന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടന്നു. അന്നുമുതല്‍ ഞാന്‍ ഒരു ഉറച്ച കത്തോലിക്കാവിശ്വാസിയാണ്. കത്തോലിക്കനാകാനുള്ള കാരണങ്ങള്‍ ഞാന്‍ കത്തോലിക്കനായതിന് പല കാരണങ്ങളുണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്നാമത്തേത്, കത്തോലിക്കാസഭയുടെ സ്ഥിരതയാണ്. അമേരിക്കയില്‍ത്തന്നെ 30,000ത്തോളം പ്രൊട്ടസ്റ്റന്റ് സഭകളുണ്ട്. അത്തരം സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാസഭ ഒരിക്കലും അതിന്റെ പഠനങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. രണ്ടായിരത്തോളം വര്‍ഷമായി അത് ഒരേ പ്രബോധനങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വികസനം പിന്നീട് വരുത്തുകയും പുതിയ മേഖലകളില്‍ അടിസ്ഥാനപ്രബോധനങ്ങളില്‍ ഊന്നി നിന്നുകൊണ്ട് പുതിയ പ്രബോധനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും, വിശുദ്ധ പൗലോസ് തൊട്ട് വിശുദ്ധ അഗസ്റ്റിനെയും വിശുദ്ധ ആന്‍സെലത്തെയും വായിച്ച് ചെസ്റ്റര്‍ട്ടന്‍വരെ എത്തിയാലും അതിലെല്ലാം ഒരു തുടര്‍ച്ചയുണ്ടെന്ന് നമുക്ക് മനസിലാകും. കത്തോലിക്കാവിശ്വാസത്തിന്റെ ആഖ്യാനശൈലി സഭാജീവിതത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ആഖ്യാനശൈലി ഇങ്ങനെയാണ് പോകുന്നത്, മാനവവംശമാണ് ദൈവത്തിന്റെ കുടുംബം. പക്ഷേ അത് കൃപയില്‍നിന്ന് പാപത്തിലേക്ക് വീണുപോയി. ദൈവത്തെക്കാളും മറ്റുള്ളവരെക്കാളും ഉയരത്തില്‍ അത് 'അഹ'ത്തെ പ്രതിഷ്ഠിച്ചു. അതിനാല്‍ ദൈവം സ്വന്തജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്തു, മാനവവംശത്തെ അഹത്തില്നിന്ന് രക്ഷിച്ച് അതിന്റെ യഥാര്‍ത്ഥ മഹത്വത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍. അവിടുത്തെ രക്ഷാകരപ്രവൃത്തികളുടെ പരകോടിയായിരുന്നു യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും. മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തനായി കാണപ്പെട്ട യേശു പൂര്‍ണമനുഷ്യനായി അവതരിച്ച ദൈവമായിരുന്നു. അവിടുത്തെ നിരീക്ഷിച്ചാല്‍ വിരോധാഭാസവും രഹസ്യാത്മകതയും നിറഞ്ഞ ഒരാളാണെന്ന് തോന്നും. "ശത്രുക്കളെ സ്നേഹിക്കുക," "ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്" തുടങ്ങിയ പ്രബോധനങ്ങള്‍ ഉദാഹരണമാണ്. എന്നാല്‍ തന്റെ എല്ലാ പ്രബോധനങ്ങളും തന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സഭയെ അവിടുന്ന് ഭരമേല്പിച്ചു. അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കുന്ന നാം സത്യം കാത്തുസൂക്ഷിക്കേണ്ടതിനായിട്ടാണിത്. അതെ, ഇതാണ് അടിസ്ഥാനപരമായി ക്രൈസ്തവികത. കത്തോലിക്കാസഭമാത്രം അനിതരസാധാരണമായി, ഈ കഥയുടെ തുടര്‍ച്ച നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നു. ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ മുറിയാത്ത പിന്തുടര്ച്ചയില്, പത്രോസിന്റെ സിംഹാസനം കോട്ടം കൂടാതെ സംരക്ഷിച്ച്, ദിവ്യബലിപോലുള്ള പുരാതന അനുഷ്ഠാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്.... താരതമ്യേന മറ്റ് പ്രൊട്ടസ്റ്റന്റ് സഭകളെല്ലാം അവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കാറ്റിനൊത്ത് മാറ്റിയിട്ടുണ്ട്. പക്ഷേ വിരോധാഭാസമെന്ന് തോന്നിയേക്കാവുന്ന പ്രബോധനങ്ങളൊന്നും കത്തോലിക്കാസഭ മാറ്റിയിട്ടില്ല. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ യഥാര്‍ത്ഥസാന്നിധ്യം, വിശുദ്ധ കുമ്പസാരം, വനിതാപൗരോഹിത്യം, ലൈംഗികത, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ ഉദാഹരണമാണ്. ആംഗ്ലിക്കന്‍ സഭയിലോ മറ്റ് അകത്തോലിക്കാ സഭകളിലോ ഒന്നും ഇത്തരം സ്ഥായിയായ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളെടുക്കാന്‍ ആംഗ്ലിക്കന്‍ സഭപോലുള്ള മറ്റ് സഭകള്‍ അനുവാദം നല്‍കുമെങ്കിലും കത്തോലിക്കാസഭ തന്റെ പ്രബോധനങ്ങളില്‍ സത്യത്തിന്റെ കാവലാളായിത്തന്നെ നില്ക്കും. എല്ലാ മനുഷ്യരിലും സ്വാഭാവികമായി സത്യത്തിനായുള്ള ദാഹം ഉള്ളതുകൊണ്ട്, മനുഷ്യന് സത്യം തേടുമ്പോള്‍, അവന് ദൃഢതയും സ്ഥിരതയും നൈരന്തര്യവും ലഭിക്കണം. ഒരു സഭ ഒരു നാള് ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊരുനാള്‍ വേറൊന്ന് പഠിപ്പിക്കുകയും ചെയ്താല്‍ അതിനെ സത്യത്തിന്റെ തൂണെന്ന് വിശ്വസിക്കാനാവില്ല. യേശു ഒരു ഭൂതമല്ല, പച്ചമനുഷ്യനാണ്! എന്നെ കത്തോലിക്കനാക്കുന്ന രണ്ടാമത്തെ പ്രധാനകാരണം, അതിന്റെ ദൃഢസ്വഭാവമാണ്. ബൈബിളില്‍ വിവരിക്കുന്ന സംഭവങ്ങളുടെയും പ്രതിബിംബങ്ങളുടെയും സമഗ്രസ്വഭാവം പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളില്‍ നഷ്ടമായിരിക്കുന്നു, യേശുവിന്റെ യഥാര്‍ത്ഥ ദിവ്യകാരുണ്യസാന്നിധ്യത്തിലുള്ള വിശ്വാസം, വിശുദ്ധ കുമ്പസാരം, ശുശ്രൂഷാപരമായ പൗരോഹിത്യം, പുരോഹിതവസ്ത്രങ്ങള്‍, ആരാധനാകീര്‍ത്തനങ്ങള്‍, തിരികള്‍, വിശുദ്ധതൈലം തുടങ്ങി അനേകം കാര്യങ്ങള്‍ അവര്‍ക്കില്ല. പുതിയ നിയമ ക്രൈസ്തവികതയുടെ കൗദാശികരൂപം പ്രൊട്ടസ്റ്റന്റ് സഭകളില്‍ കാണാന്‍ കിട്ടുകയില്ല. പക്ഷേ ഓര്‍ക്കണം, പുതിയ നിയമത്തിലെ യേശു ഒരു ഭൂതമല്ല. അവിടുന്ന് മാംസവും രക്തവുമുള്ള മനുഷ്യനാണ്. ഉത്ഥാനശേഷവും താന്‍ മനുഷ്യനാണ് എന്ന് ശിഷ്യര്‍ക്കുമുന്നില്‍ തെളിയിക്കാനായി വറുത്ത മീന്‍ ഭക്ഷിക്കുന്ന യേശുവിനെ നാം കാണുന്നു. അതിനാല്‍ യേശു സ്ഥാപിച്ച കൂദാശകളോട് വിശ്വസ്തരായി നിലകൊള്ളാന്‍ സ്പര്‍ശനീയമായ അടയാളങ്ങള്‍ കത്തോലിക്കാസഭ നല്കുന്നു. കുന്തിരിക്കം, പുരോഹിതവസ്ത്രങ്ങള്‍, തിരികള്‍ സര്‍വോപരി വിശുദ്ധ കുര്‍ബാനയിലെ തിരുവോസ്തിയും വീഞ്ഞും- ഇതെല്ലാം ഇന്ദ്രിയങ്ങള്‍കൊണ്ട് നമുക്ക് അനുഭവിക്കാവുന്നവയാണ്. അത് നമ്മുടെ ശാരീരികസ്വഭാവത്തിന് മനസിലാക്കാന്‍ സാധിക്കുകയും അതുവഴി ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലും നമ്മുടെ ഹൃദയങ്ങളിലും സന്നിഹിതനായ ക്രിസ്തു, ഈ ഭൂമിയില്‍ ശാരീരികമായി ദിവ്യകാരുണ്യരൂപത്തിലും സന്നിഹിതനാണ്. ഇനിയും കാരണങ്ങള്‍ ഈ അറിവുകള്‍മാത്രമല്ല കത്തോലിക്കാസഭ സത്യമാണെന്ന് ബോധ്യപ്പെടാനുള്ള കാരണങ്ങള്‍. എന്റെ വ്യക്തിപരമായ കണ്ടെത്തലുകളും അനുഭവങ്ങളും കത്തോലിക്കാസഭയാണ് സത്യം എന്ന് തെളിയിച്ചു. എങ്കിലും ഞാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ല, പക്ഷേ സത്യം തേടുന്ന എല്ലാവരോടും അവര്‍ തേടുന്ന വിശ്വാസസംഹിതയില്‍ ദൃഢതയും സ്ഥിരതയും ഉറച്ച വാസ്തവികതയും ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടും. നിത്യസത്യം ഒരിക്കലും മാറാത്തതായിരിക്കണം. അതിനാല്‍ത്തന്നെ, സത്യം എന്ന് അവകാശപ്പെടുന്ന വിശ്വാസം, ഒരിക്കലും മാറാത്ത വാസ്തവികതയില്‍ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം. കത്തോലിക്കാവിശ്വാസം അതുതന്നെയാണ്. അതിനാല്‍ത്തന്നയാണ് ഞാനൊരു കത്തോലിക്കനായിരിക്കുന്നതും. അകത്തോലിക്കരായ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കത്തോലിക്കാവിശ്വാസം സ്വീകരിക്കണമെന്നും ഈ വിശ്വാസത്തില്‍ ഒളിഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുകയും സ്ഥിരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
By: Dartanian Edmonds
More"ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്‍കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്."
By: Shalom Tidings
Moreതന്നെ അലട്ടുന്ന ഭാവികാര്യങ്ങള്‍ കൗണ്‍സലിംഗിലൂടെ അറിയുമെന്ന് പ്രതീക്ഷിച്ച പെൺകുട്ടിക്കുണ്ടായ അനുഭവങ്ങള്‍ 2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തിട്ടുള്ള ആന്തരികസൗഖ്യധ്യാനങ്ങളില്‍ നിന്നും ലഭിച്ച ആത്മീയ സന്തോഷത്തിനൊപ്പം ഭാഷാവരമോ മറ്റെന്തെങ്കിലും വ്യത്യസ്തമായ പരിശുദ്ധാത്മ അനുഭവമോ കൊതിച്ചാണ് ഇത്തവണ ധ്യാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വീട്ടുകാരോ കൂട്ടുകാരോ ഇല്ലാതെ ഞാനും ഈശോയും മാത്രമുള്ള കുറച്ചു ദിവസങ്ങളായിരുന്നു ആഗ്രഹം. മൊബൈല്‍ ഫോണ്‍ ഓഫാക്കി ധ്യാനകേന്ദ്രത്തില്‍ ഏല്പിച്ചു, ധ്യാനത്തില്‍ നിശബ്ദത പാലിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈശോ തൊട്ടപ്പോള്‍!! അടുത്ത ദിവസത്തെ ഒരു സെഷന് നയിച്ചിരുന്ന ബ്രദര്‍ വചനം പങ്കുവയ്ക്കുന്നതിനിടയില്‍ ഈശോ ഇന്ന ഇന്ന വ്യക്തികളെ തൊടുന്നു എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, അനുഭവം കിട്ടിയവര്‍ കൈ ഉയര്‍ത്തി, എല്ലാവരും ഒരുമിച്ച് സ്തുതിച്ചു. വിളിച്ച പേരുകളില്‍ ഒന്ന് ട്രീസ എന്ന എന്റെ പേരായിരുന്നു. എന്നാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞതിനാല്‍, മറ്റേതോ ട്രീസയെ ആണ് എന്ന് കരുതി ഞാനും സ്തുതിപ്പ് തുടര്‍ന്നു. അപ്പോളാണ് ബ്രദര്‍ വീണ്ടും പറയുന്നത് ഈശോ തൊടുന്നത് ചിലര്‍ക്ക് മനസിലായില്ല, നമുക്ക് ഒരിക്കല്‍ക്കൂടി സ്തുതിക്കാമെന്ന്. വീണ്ടും സ്തുതിപ്പ് തുടങ്ങിയതും ഒരു വിറയല്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞുപോയപോലെ എനിക്ക് തോന്നി. എന്റെ വയറിലൊക്കെ പൂമ്പാറ്റകള്‍ പറന്നതുപോലെ ഒരു 'ഫീല്‍.' പക്ഷേ ഈശോ ട്രീസയെ തൊടുന്നു എന്ന് ബ്രദര്‍ പറഞ്ഞിട്ടും ഞാന്‍ കൈ ഉയര്‍ത്തിയില്ല. എല്ലാവരും എന്നെ നോക്കുമല്ലോ എന്ന ചിന്ത പെട്ടെന്ന് എന്നെ തളര്‍ത്തിക്കളഞ്ഞു. ഏറെ നാളായി ഞാന്‍ കാത്തിരുന്ന സന്തോഷം തേടിയെത്തിയിട്ടും, ഒന്ന് കൈയുയര്‍ത്തി ഈശോയ്ക്കു സാക്ഷ്യം കൊടുക്കാതെ, പകരം തള്ളിപ്പറഞ്ഞ പോലായല്ലോ എന്ന കുറ്റബോധം മനസ്സില്‍ നിറഞ്ഞു. "നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില് നീ ലജ്ജിക്കരുത്" (2 തിമോത്തേയോസ് 1/8) എന്നാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്. ധ്യാനം തുടര്‍ന്നപ്പോള്‍, ഈശോയ്ക്ക് എന്നെ അറിയാമല്ലോ, ഈശോ ക്ഷമിച്ചോളും എന്ന് ചിന്തിച്ച് മനസിന്റെ ഭാരം ഞാന്‍ സ്വയമേ കുറയ്ക്കാന്‍ ശ്രമിച്ചു. ഭാവികാര്യങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ... കൗണ്‍സലിംഗ് ആയിരുന്നു അടുത്തത്. പഠനം കഴിഞ്ഞ എന്നെ അലട്ടുന്ന എന്റെ ഭാവികാര്യങ്ങള്‍ ഈശോ കൗണ്‍സിലറിലൂടെ പറയുമെന്ന അമിതപ്രതീക്ഷയോടെ ഞാന്‍ ചെന്നു. കുറച്ചു വര്‍ത്തമാനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം കൗണ്‍സലിംഗ് നടത്തുന്ന ചേട്ടന് ബൈബിള്‍ തുറന്നെടുത്ത് വായിക്കാന്‍ എന്നെ ഏല്പിച്ചു. നിയമാവര്‍ത്തനം 1/29-33 വരെ ഞാന്‍ വായിച്ചു നിര്‍ത്തി. ബൈബിള്‍ തിരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം വീണ്ടും ആ വചനങ്ങള്‍ എനിക്കായി വായിച്ചു. "...നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നത് മരുഭൂമിയില്‍വച്ച് നിങ്ങള്‍ കണ്ടതാണല്ലോ. നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിന് സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു." കര്‍ത്താവിന്റെ കരങ്ങളില്‍ സുരക്ഷിതമായ, എന്റെ ഭാവിയെപ്പറ്റിയുള്ള അനാവശ്യമായ ഉത്കണ്ഠ ഞാന്‍ അവിടെ ഉപേക്ഷിച്ചു, നിറഞ്ഞ മനസോടെ ഞാന്‍ ധ്യാനം തുടര്‍ന്നു. ഈശോയുടെ നാമത്തില്‍ പേഴ്സ് തുറന്നപ്പോള്‍... പിറ്റേന്ന് ധ്യാനം തീരും! വീണ്ടും ജീവിതയഥാര്‍ഥ്യങ്ങളിലേക്ക് തിരികെ പോകണം. എനിക്ക് വഴി കാണിക്കുവാന്‍ ഈശോ കൂടെത്തന്നെ ഉണ്ടല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് വൈകിട്ടത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് നേര്‍ച്ച ഇടാനുള്ള പൈസയ്ക്കായി പേഴ്സ് തുറന്നത്. ഈശോയ്ക്കു വേണ്ടിയോ ഈശോയുടെ നാമത്തിലോ കൊടുക്കുന്നതും ചെയ്യുന്നതും ഒന്നും ഒരിക്കലും വെറുതെ ആവില്ല എന്ന ബോധ്യം കിട്ടിയത് കൊണ്ടാണോ അതോ പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണോ എന്നറിയില്ല വണ്ടിക്കൂലിക്ക് ഉള്ള 100 രൂപ മാത്രം വച്ചു, പേഴ്സില്‍ ബാക്കി ഉണ്ടായിരുന്ന 500 രൂപ ഞാന്‍ നേര്ച്ചയിടാന് തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അത്രയും വലിയൊരു തുക ഞാന്‍ നേര്ച്ചയിടാന് എടുക്കുന്നത്. സന്ധ്യക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന. കുമ്പസാരിച്ച് ഒരുങ്ങി ഭക്തിയോടെ പ്രാര്‍ത്ഥനയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. നേര്‍ച്ച ഇടാനുള്ള പാത്രം അടുത്തെത്തിയപ്പോള്‍ പൂര്‍ണ്ണ മനസോടെ ഞാന്‍ ആ തുക പാത്രത്തിലിട്ടു. ആ നിമിഷം! എനിക്കിപ്പോഴും അത് ഓര്‍മയുണ്ട്. വിവരിക്കാനാവാത്ത ഒരു സന്തോഷം എന്നെ പൊതിഞ്ഞു. എന്റെ ഹൃദയം നിറഞ്ഞു. അങ്ങനൊരു അനുഭവം എനിക്കതുവരെ അന്യമായിരുന്നു. വിശുദ്ധ കുര്‍ബാന തുടര്‍ന്നപ്പോഴും ബാക്കി ധ്യാനത്തിലുമൊക്കെ സംതൃപ്തയായി ഞാനിരുന്നു. പിറ്റേന്ന് രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെ ധ്യാനം സമാപിച്ചു. രോഗസൗഖ്യങ്ങളോ ഭാഷാവരമോ തിരുവോസ്തിയില്‍ ഈശോയുടെ രൂപമോ ഒക്കെമാത്രം പ്രതീക്ഷിച്ച് ധ്യാനത്തിന് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് അന്ന് മനസിലായി. എപ്പോഴും കൂടെ ഉള്ള ഈശോയെ നമ്മള് തീരെ മനസിലാക്കുന്നില്ല എന്ന് കാണുമ്പോള്‍ ചില തിരിച്ചറിവുകള്‍ അവിടുന്ന് നമുക്ക് തരും. അത് ഏത് വഴിയിലൂടെയും ആകാം. നിയമാവര്‍ത്തനം 1/29-33 വരെയുള്ള ആ ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്നതോ എഴുതുന്നതോ പിന്നീടുള്ള ജീവിതത്തിലെ എല്ലാ പ്രയാസഘട്ടങ്ങളിലും എനിക്ക് ധൈര്യം പകരാന്‍ തുടങ്ങി. അമ്പരപ്പിച്ച ഫോണ്‍വിളി അന്ന്, മൂന്ന് ദിവസത്തിന് ശേഷം തിരികെ കിട്ടിയ, മൊബൈല്‍ ഫോണ്‍ ഓണാക്കിയതേ വീട്ടില്‍നിന്ന് അമ്മയുടെ വിളി വന്നു. മുന്‍പ് എന്നോ അപേക്ഷ നല്കി ഇട്ടിരുന്ന ജോലി ഒഴിവിലേക്ക് താത്കാലിക നിയമനം അറിയിച്ച് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ജോയിന്‍ ചെയ്യണം. എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ രണ്ടാമതായി കൊടുത്ത അമ്മയുടെ ഫോണിലേക്ക് ഓഫീസില്‍നിന്നും വിളിച്ചു എന്ന്. സന്തോഷവും അമ്പരപ്പും അടങ്ങിയപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു വിളിച്ചു വരാമെന്നറിയിച്ചു. നേരെ ഓഫീസില്‍ പോയി, അപ്പോയിന്റ്മെന്റ് ഓര്‍ഡറും വാങ്ങിയാണ് അന്ന് ആ ധ്യാനം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയത്. താത്കാലിക നിയമനം ആയിരുന്നതിനാല്‍ ശമ്പളം മാസാമാസം ലഭിക്കാതെ ഒരുമിച്ചാണ് അക്കൗണ്ടില്‍ വന്നത്. ആദ്യമായി എനിക്ക് കിട്ടിയ തുക 50,000 രൂപയിലധികം ഉണ്ടായിരുന്നു, എന്റെ ഈശോയ്ക്ക് നന്ദി. തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു എന്റെ ജീവിതത്തില്‍, "കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും" (ലൂക്കാ 6/38).
By: Tresa Tom T
More