Home/Encounter/Article

ഏപ്രി 09, 2020 2006 0 Sr. Aileen Shajan MSMI
Encounter

എന്‍റെ സന്യാസത്തിന്‍റെ മറുപുറം

ബി.ടെക് പഠനം പൂര്‍ത്തിയാക്കുന്നതുവരെ എന്‍റെ ആഗ്രഹങ്ങള്‍ നല്ല കോഴ്സ് നേടുക, വിദേശത്ത് പോകുക, അവിടെ താമസമാക്കുക, ജീവിതം അത്യാവശ്യം അടിച്ചുപൊളിക്കുക എന്നൊക്കെയായിരുന്നു. മുക്കൂത്തി ഉള്‍പ്പെടെ ആഭരണങ്ങളോട് വലിയ താല്പര്യമായിരുന്നു എനിക്ക്. വീട്ടില്‍നിന്നും ആവശ്യത്തിലധികം വാങ്ങിനല്കുകയും ചെയ്തു. അവയെല്ലാം ഊരിമാറ്റുക എന്നത് തികച്ചും അചിന്തനീയം. എങ്കിലും ഈശോയുമായി എനിക്ക് വലിയ അടുപ്പവും സ്നേഹവുമായിരുന്നു. പക്ഷേ, ഒരു സിസ്റ്റര്‍ ആകണം എന്നുള്ള ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല.

ഒമ്പതാം ക്ലാസുമുതല്‍ എന്‍റെ മനസില്‍ കടന്നുകൂടിയ ചിന്ത, ആ നാളുകളില്‍ കൂടുതല്‍ വേട്ടയാടാന്‍ തുടങ്ങി. മരണശേഷം എന്‍റെ ആത്മാവ് എവിടെയായിരിക്കും? ലോകം ‘പാപി’ എന്നു വിളിച്ച അഗസ്റ്റിനെയും മറിയം മഗ്ദലേനയെയും വിശുദ്ധിയിലേക്ക് നടക്കാന്‍ ശക്തിപ്പെടുത്തിയ ദൈവാനുഭവം എന്തായിരിക്കും? ഈ രണ്ട് ചോദ്യങ്ങളും എന്നിലെ ദൈവവിളിയെക്കുറിച്ചുള്ള സംശയം എന്നില്‍ ഉളവാക്കി. ഏത് ജീവിതാന്തസ് തിരഞ്ഞെടുക്കണം എന്ന വലിയ ആശയക്കുഴപ്പത്തിലേക്ക് അത് എന്നെ തള്ളിവിട്ടു. ലോകത്തിന്‍റെ വഴിയേ പോകാനുള്ള മനസിന്‍റെ ആഗ്രഹവും എന്നാല്‍ അതല്ല എന്‍റെ വഴി എന്നുപറഞ്ഞ് എന്നെ പുറകോട്ട് വലിച്ച ചിന്തകളും.

നല്ല ജോലിസാധ്യതകള്‍, സുരക്ഷിതമായ കുടുംബാന്തരീക്ഷം എല്ലാം മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ മുന്നോട്ട് പോകാന്‍ സാധിക്കാത്തവിധം ഞാന്‍ തട്ടി നിന്നു. എല്ലാം കൂടെ ശ്വാസം മുട്ടിച്ചു. വലിയ ശൂന്യതാബോധത്തിലേക്ക് ഞാന്‍ വീണു. സകല മനുഷ്യരുടെയും ഉള്ളില്‍ ദൈവത്തിനായുള്ള ഒരു ശൂന്യതയുടെ ഇടം ഉണ്ട്, ദൈവത്തിന് മാത്രമേ അത് നിറയ്ക്കാന്‍ സാധിക്കൂ എന്നും അന്നത്തെ ശൂന്യതാബോധം ഈ കാരണത്താല്‍ ആയിരുന്നുവെന്നും ഞാന്‍ പിന്നീട് മനസിലാക്കി.

ഫുഡ് കോര്‍പ്പറേഷനും കുരിശും

അങ്ങനെയിരിക്കെ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേക്ക് പ്രൊബേഷനറി എന്‍ജിനീയര്‍ പോസ്റ്റിനുള്ള ടെസ്റ്റിന് അപേക്ഷിച്ചു. ശേഷം 2015 ജൂണ്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ദൈവാലയത്തില്‍ എത്തിയത് ‘വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ…’ എന്ന പരിശുദ്ധാത്മാവിന്‍റെ ഗാനത്തിന്‍റെ വരികള്‍ കേട്ടുകൊണ്ടാണ്. എന്‍റെ ആത്മാവ് അപ്പോള്‍ ആ അവസ്ഥയിലായിരുന്നു. ദൈവാലയത്തിലെ ക്രൂശിതരൂപത്തിലേക്ക് നോക്കി എന്‍റെ ഉള്ളില്‍നിന്നും പ്രാര്‍ത്ഥിച്ചു: ‘കര്‍ത്താവേ, ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത് അങ്ങ് കാണുന്നില്ലേ?’ ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ച അതേ സമയത്ത്, എനിക്ക് ആത്മീയ നിര്‍ദേശങ്ങള്‍ തരുന്ന സിസ്റ്റര്‍ ദൈവപദ്ധതിയെന്ന പോലെ എന്നെ ഫോണില്‍ വിളിച്ചു. വിശുദ്ധ ബലിക്കുശേഷമാണ് സിസ്റ്ററുമായി സംസാരിച്ചതെങ്കിലും അന്ന് സന്യാസ ജീവിതത്തെക്കുറിച്ച് സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ എന്നില്‍ ആഴത്തില്‍ പതിഞ്ഞു. അതൊരു വഴിത്തിരിവാകുകയായിരുന്നു.

സിനിമാ താരത്തിന്‍റെ പിന്നാലെ

തീരുമാനം എടുക്കാന്‍ രണ്ടാഴ്ച കോഴിക്കോട് ഫോര്‍മേഷന്‍ ഹൗസില്‍ ധ്യാനിക്കുന്ന സമയം. ആ നാളുകളില്‍ വായിക്കാന്‍ കിട്ടിയത്, ഹോളിവുഡ് സിനിമാതാരമായിരിക്കെ മിണ്ടാമഠത്തില്‍ ചേര്‍ന്ന മദര്‍ ഡോളോറസ് ഹാര്‍ട്ടിന്‍റെ ‘ദ ഇയര്‍ ഓഫ് ദ ഹാര്‍ട്ട്’ (The Ear of the Heart) എന്ന ആത്മകഥാ ഗ്രന്ഥമാണ്. അത് എന്നെ ഏറെ സ്വാധീനിച്ചു. മദറിനെ അപ്രകാരമൊരു ചലഞ്ചിങ്ങ് തീരുമാനം എടുക്കാനും അമ്പതുവര്‍ഷം സന്യാസിനിയായി ജീവിക്കാനും ശക്തിപ്പെടുത്തിയ ഈശോ എന്നെയും ശക്തിപ്പെടുത്തും എന്ന ചിന്ത എന്നില്‍ ദൃഢമായി.

പക്ഷേ, കുടുംബം വിട്ടുപോകുക വേദനാജനകമായിരുന്നതിനാല്‍ ഒരു ‘യോനാ’ ആകുമോ എന്ന ഭയപ്പാടിലായി. അന്നാളില്‍ ഏവര്‍ക്കും സ്വീകാര്യമായെത്തിയ വിവാഹാലോചനയും ഫുഡ് കോര്‍പറേഷനിലെ ജോലിസാധ്യതയുമെല്ലാം എന്നെ പിന്നിലേക്ക് വലിച്ചുകൊണ്ടിരുന്നു. പക്ഷേ കര്‍ത്താവ് അവിടെയും പ്രവര്‍ത്തിച്ചു. ‘യോന’യുമായി താതാത്മ്യപ്പെട്ടുകൊണ്ടുള്ള എന്‍റെ ചിന്തകള്‍ അറിയാത്ത ഒരു വൈദികനിലൂടെ അവിടുന്ന് എനിക്ക് താക്കീത് നല്കി. അതിനും പുറമേ, ഫോര്‍മേഷന്‍ ഹൗസിന്‍റെ ഇടനാഴിയിലൂടെ ചാപ്പലിലേക്കുള്ള വഴിയില്‍വച്ച് ഞാന്‍ എന്‍റെ ഉള്ളില്‍ കേട്ടു: “സ്രഷ്ടാവിനെക്കാള്‍ ഉപരി സൃഷ്ടിയെ നീ സ്നേഹിക്കുമോ?” ശക്തമാണ് അവിടുത്തെ പ്രവൃത്തികള്‍….

കര്‍ത്താവിനോട് ‘യെസ്’ പറഞ്ഞാല്‍ അത് എന്നെന്നേക്കും ഉള്ളതായിരിക്കണം; ഞാന്‍ തീരുമാനിച്ചു. എന്നാല്‍ എന്‍റെ ദൈവവിളി സന്യാസത്തിലേക്കാണ് എന്ന ഉറപ്പ് എനിക്ക് കിട്ടണം. ഞാന്‍ മാതാവിന്‍റെ അടുത്തുപോയിരുന്ന് കുറേ കരഞ്ഞു. ദൈവവചനത്തിലൂടെ സ്ഥിരീകരണം ചോദിച്ചു. അപ്പോള്‍ യോഹന്നാന്‍ 15:16-ലൂടെയാണ് ഈശോ എന്നോട് സംസാരിച്ചത്. “നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്.” ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ അന്ന് ആ വചനം കണ്ടത്. എന്‍റെ മിസ്ട്രസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. സഭാവസ്ത്ര സ്വീകരണത്തിന്‍റെയും ആദ്യവ്രതവാഗ്ദാനത്തിന്‍റെയും ദിവസം കാര്‍മികന്‍ വായിക്കുന്ന സുവിശേഷഭാഗത്തിലെ വചനമാണ് ഇതെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായി, ഈശോ എന്നെ സന്യാസത്തിലേക്ക് വിളിക്കുന്നു. അതുവരെ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയാതിരുന്ന എല്ലാ ഭൗതിക താത്പര്യങ്ങളും വേണ്ടെന്നുവയ്ക്കാന്‍ ഈ വചനം എന്നെ ശക്തിപ്പെടുത്തി.

കണ്ണുനീരിന്‍റെ രക്തസാക്ഷികള്‍

എന്‍റെ അപ്പയും അമ്മയും ആണ് എന്‍റെ ആദ്യ ദൈവവിളി പരിശീലകര്‍. സ്നാപകയോഹന്നാന്‍റെ ജനനത്തിരുനാള്‍ ദിനം ജനിച്ച എന്നെ അന്ന് ലേബര്‍ റൂമില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍ നഴ്സ് കൈയില്‍ എടുത്ത് ‘ഇത് കര്‍ത്താവിനുള്ള കുഞ്ഞാണ്’ എന്ന് പറഞ്ഞുവെന്ന് അമ്മ എന്നെ ഓര്‍മിപ്പിക്കുമായിരുന്നു. ആ അനുഭവം എന്നോട് പങ്കുവച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഇത് എഴുതാന്‍ എനിക്ക് കഴിയുകയില്ല.

മഠത്തില്‍ ചേരുന്ന ദിനം അപ്പ എനിക്ക് ഒരു ചെറിയ കടലാസില്‍ എഴുതിത്തന്നു. 1 തിമോത്തിയോസ് 6:11-12- “എന്നാല്‍ ദൈവികമനുഷ്യനായ നീ ഇവയില്‍നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക. വിശ്വാസത്തിന്‍റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്.”

കോണ്‍വെന്‍റിലേക്കുള്ള യാത്രയില്‍ ഹൈവേയില്‍നിന്നും പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു: “ജീവിതം തുടങ്ങുമ്പോള്‍ ഹൈവേയിലൂടെയുള്ള യാത്രപോലെ സുഗമമായെന്നുവരും. പക്ഷേ എപ്പോഴും അതുപോലെ എളുപ്പമായിരിക്കില്ല കാര്യങ്ങള്‍. പക്ഷേ ഇതാണ് വഴി, ഇതിലേതന്നെ പോകണം. മുന്നോട്ട് കാല്‍ വച്ചാല്‍ തിരിഞ്ഞുനോക്കലില്ല.”

ഞങ്ങളുടെ സഭാസ്ഥാപകനായ വര്‍ക്കിയച്ചന്‍ പറയും: ‘ചിലപ്പോള്‍ അനുസരിക്കുക എന്നത് മരണം കൂടാതെയുള്ള രക്തസാക്ഷിത്വമാണെന്ന്.’ കോണ്‍വെന്‍റില്‍ പ്രവേശിക്കുന്നതിന് എനിക്ക് അനുവാദം തരുമ്പോള്‍ എന്‍റെ മാതാപിതാക്കളും മരണംകൂടാതെ രക്തസാക്ഷികളാകുകയായിരുന്നു. കാരണം, അവര്‍ക്ക് എന്നെ പിരിയുന്നത് അത്രമേല്‍ വേദനാജനകമായിരുന്നിട്ടും ദൈവഹിതം അനുസരിക്കുന്നതിനുവേണ്ടി അവര്‍ കണ്ണുനീരാല്‍ രക്തസാക്ഷിത്വമണിഞ്ഞു.

ഉപ്പുമാവും ഭൂമികുലുക്കവും

ഉപ്പുമാവ് എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. കോണ്‍വെന്‍റില്‍ ഒരു ദിവസം പ്രഭാത ഭക്ഷണമായി ഇതാ ഉപ്പുമാവ് എത്തിയിരിക്കുന്നു. ‘എന്തു ചെയ്യും ഈശോയേ…? ഇത് എങ്ങനെ അതിജീവിക്കും?” ഈശോ കുറിക്ക് കൊള്ളുന്ന മറുപടി തിരിച്ചു പറഞ്ഞു: “ഇപ്പോള്‍ ഒരു ഭൂമികുലുക്കം ഉണ്ടായാല്‍ നീ എന്തു കഴിക്കും?” പ്രശ്നത്തിന് പരിഹാരമായി. കാരണം എനിക്ക് മരണഭയം ഉണ്ടായിരുന്നു. ഇന്ന് ഉപ്പുമാവ് കഴിക്കുന്നത് എനിക്കൊരു പ്രശ്നമല്ല.

‘എവറസ്റ്റി’ന് മുകളിലേക്ക്

ഫോര്‍മേഷന്‍ ഹൗസിലെ ടെറസില്‍ പോകണം. പക്ഷേ, കുത്തനെയുള്ള പടികള്‍ കയറി ഇറങ്ങാന്‍ എനിക്ക് പേടിയാണ്; എവറസ്റ്റുപോലെ. ആദ്യദിനം ആ പടികള്‍ കയറിയപ്പോള്‍ ഞാന്‍ പറഞ്ഞു: “ഈശോയേ ഞാന്‍ ഇവിടെയാണ് താമസിക്കേണ്ടതെങ്കില്‍ ഇതു കയറിയിറങ്ങാന്‍ എനിക്ക് പറ്റില്ല. എനിക്കിവിടെ തുടരാന്‍ വയ്യ. ഞാന്‍ തിരികെപ്പോയേക്കാം. വീണ്ടും മനസ് പിന്മാറ്റത്തിന് കാരണങ്ങള്‍ കണ്ടുപിടിക്കുകയാണോ? പിറ്റേ ദിവസം തുണി വിരിച്ചിടാന്‍ ഞാന്‍ ടെറസില്‍ പോയി. അന്ന് പടികള്‍ കയറിയിറങ്ങിയത് ഞാന്‍ അറിഞ്ഞതേയില്ല. തിരിച്ചുവന്നപ്പോള്‍ ഈശോ ചോദിക്കുംപോലെ: “ഇന്നു നീ അറിഞ്ഞില്ലല്ലോ സ്റ്റെപ്പ്സ് കയറി ഇറങ്ങിയത്?”

മറുപടി പ്രസംഗം

എല്ലാ വൈതരണികളും ഈശോയുടെയും പരിശുദ്ധ അമ്മയുടെയും സഹായത്താല്‍ അതിജീവിച്ച് ഒടുവില്‍ ഈശോയുടെ സ്വന്തമായി… ഇനി എന്നും അവിടുത്തേതു മാത്രം. സംശയങ്ങളില്ല, മറുചോദ്യമില്ല. പക്ഷേ, സഭാവസ്ത്ര സ്വീകരണവും വ്രതവാഗ്ദാനവും കഴിഞ്ഞിട്ടും ചുറ്റുംനിന്നുള്ള ചോദ്യങ്ങള്‍ എന്നെ വെറുതെ വിട്ടില്ല. ലോകത്ത് ഇത്രയും സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും എന്തിന് ഈ വഴി സ്വീകരിച്ചു? ചോദ്യങ്ങളാല്‍ പൊറുതിമുട്ടി… ആ രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. പിറ്റേന്ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞപ്പോള്‍ കര്‍ത്താവ് എന്നോട് വ്യക്തമായി സംസാരിച്ചു.

നാം നമുക്കിഷ്ടപ്പെട്ട നമ്മുടെ പദ്ധതികളും താത്പര്യങ്ങളും സ്വപ്നങ്ങളും മാറ്റിവച്ച്, കര്‍ത്താവിന് നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ നടത്താന്‍ ഇടം കൊടുത്താല്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ നടക്കുന്നത് കാണാം. കാരണം നാം വിശ്വസിക്കുന്നത് ജീവിക്കുന്ന ദൈവത്തിലാണ്, മരിച്ചുപോയ ഒരു ദൈവത്തിലല്ല. നമ്മള്‍ ശേഖരിക്കുന്ന പച്ചവെള്ളം ഒട്ടും താമസമില്ലാതെ വീഞ്ഞാക്കി മാറ്റുന്നവനാണ് അവന്‍.

കര്‍ത്താവ് ബെത്ലഹേമില്‍ ജനിക്കണം എന്നത് ദൈവഹിതം. അവന്‍ സത്രത്തില്‍ ഇടം തേടി. പക്ഷേ അവനെ കാലിത്തൊഴുത്തില്‍ പിറക്കാന്‍ വിട്ടത് ഞാനാണ്. എന്‍റെ ജീവിതത്തിന്‍റെ ലൗകികസുഖത്തിനിടയില്‍ കര്‍ത്താവ് വന്ന് മുട്ടുന്നുണ്ട്. എന്‍റെ സത്രം ഞാന്‍ തുറന്നു കൊടുത്തില്ലെങ്കില്‍ അവന് ഇടമുള്ള കാലിത്തൊഴുത്തില്‍ അവന്‍ ഇന്നും ജനിക്കും.

Share:

Sr. Aileen Shajan MSMI

Sr. Aileen Shajan MSMI

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles