Home/Engage/Article

ഏപ്രി 09, 2020 1626 0 K J Mathew
Engage

സ്വര്‍ഗത്തിലേക്കുള്ള വഴി

ഒരു മനുഷ്യനും ഒരു ദ്വീപല്ല. ഒരു തുരുത്തുപോലെ ഒറ്റപ്പെട്ട് ജീവിക്കുവാന്‍ സാധാരണഗതിയില്‍ നമുക്കാര്‍ക്കും സാധിക്കുകയില്ല. അനുദിന ജീവിതത്തില്‍ നാം അനേകരോട് ഇടപഴകിയാണല്ലോ ജീവിക്കുന്നത്. പലപ്പോഴും മറ്റുള്ളവരില്‍നിന്ന് നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന അനുഭവങ്ങളാണ് നമുക്ക് ലഭിക്കുന്നത്. അവ നമ്മെ ഉത്തേജിപ്പിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യും. അവരുടെ വാക്കുകള്‍ നമുക്ക് മുന്നോട്ട് പോകുവാനുള്ള ഒരു ചാലകശക്തിയായി ഭവിക്കുന്നുണ്ട്. ഇവയൊക്കെ നമ്മുടെ ഹൃദയാകാശത്തില്‍ കണ്ണ് ചിമ്മിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ കണക്കെ നിലകൊള്ളുന്നു.

എന്നാല്‍ പൊടുന്നനെ നമ്മുടെ ആകാശം ഇരുണ്ടുപോകുന്ന പ്രതീതി ഉണ്ടാകുന്നു. കാര്‍മേഘങ്ങള്‍ ഉരുണ്ട് വരികയും നാം വളരെ അസ്വസ്ഥരാകുകയും ചെയ്യും. മറ്റുള്ളവരില്‍നിന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളും പ്രവൃത്തികളും പ്രതികരണങ്ങളും നമ്മുടെ മനസിന് ക്ഷതമേല്പിക്കുന്നു, തല്‍ഫലമായി ആന്തരിക ആനന്ദം ചോര്‍ന്നുപോവുകയും ചെയ്യുന്നു. നാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരില്‍നിന്നാണ് ഇതുണ്ടാകുന്നതെങ്കില്‍ അത് മനസില്‍ ആഴമായ ഒരു മുറിവുണ്ടാക്കുന്നു. ജൂലിയസ് സീസറിനെപ്പോലെ ഒരാള്‍ നിലവിളിക്കുന്ന നിമിഷങ്ങളുണ്ടാകാം: ‘ദ മോസ്റ്റ് അണ്‍കൈന്‍ഡസ്റ്റ് കട്ട്’ (ഏറ്റവും ഏറ്റവും ദയാരഹിതമായ കുത്ത്). സീസറിനെ ആദ്യം പലരും കുത്തി. അത് അദ്ദേഹത്തിന്‍റെ ശരീരത്തെയാണ് മുറിവേല്പിച്ചത്. പക്ഷേ താന്‍ പ്രാണന് തുല്യം സ്നേഹിച്ച ബ്രൂട്ടസ് തന്നെ കുത്തിയത് സീസറിന് സഹിക്കാനായില്ല. അത് അദ്ദേഹത്തിന്‍റെ മനസിലാണ് ആഴമായ മുറിവേല്പിച്ചത്. ഉറ്റവരില്‍നിന്ന് ആഴത്തില്‍ മുറിവേല്ക്കുന്ന ഈ നിമിഷങ്ങളില്‍ നമ്മുടെ മനസ് ഇരുട്ടിലാണ്ടുപോകുന്നു. സീസറിനെപ്പോലെ നാമും മനസില്‍ മരിച്ചുവീഴുന്ന സമയമാണിത്.

ഇവിടെ ഒരു ഉയിര്‍ത്തെഴുന്നേല്പ് അനിവാര്യമാണ്. എങ്ങനെയാണ് അത് സാധിക്കുന്നത്? നിരുപാധികമായ, വ്യവസ്ഥകളില്ലാതെയുള്ള ക്ഷമ നല്കലിലൂടെമാത്രം. എന്നാല്‍ അത് അത്ര എളുപ്പമല്ല. ക്ഷമ നല്കുവാന്‍ നമ്മള്‍ തീവ്രമായി ആഗ്രഹിക്കുന്നു. എന്നാല്‍ സാധിക്കുന്നില്ല. ഒരു വലിയ മാനസിക പീഡനത്തിലൂടെയാണ് ഈ വേളകളില്‍ ഒരു വ്യക്തി കടന്നുപോകുന്നത്. എന്നാല്‍ അത് ഉദാത്തമായ സല്‍ഫലങ്ങളുണ്ടാക്കുന്ന ഒരു പീഡാനുഭവമാണെന്നോര്‍ക്കുക. നമ്മെ വേദനിപ്പിച്ച വ്യക്തിക്ക് അര്‍ഹമായ നീതി നല്കുവാന്‍ നാം പാടുപെടുകയാണ്. നീതിക്കുവേണ്ടി പീഡനം ഏല്ക്കുമ്പോള്‍ അത് വളരെ അമൂല്യമായി മാറുന്നു. അതുവഴി സ്വര്‍ഗരാജ്യത്തിന് നാം അര്‍ഹത നേടുകയാണ്. ഈശോയുടെ വാക്കുകള്‍ നമുക്കോര്‍ക്കാം: “നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്” (മത്തായി 5:10). പരലോകത്തില്‍ മാത്രമല്ല, ഈ ലോകത്തില്‍ത്തന്നെ സ്വര്‍ഗരാജ്യ അനുഭവമുണ്ടാകുവാന്‍, ആനന്ദത്തില്‍ ജീവിക്കുവാന്‍ ഈ നിരുപാധികമായ ക്ഷമ നല്കല്‍, കീഴടങ്ങല്‍ ആവശ്യമത്രേ.

പക്ഷേ, എങ്ങനെ ഇത് സാധിക്കും? ഇതൊക്കെയും മനുഷ്യന്‍റെ ശക്തികൊണ്ട് സാധ്യമല്ല, അതിന് ദൈവത്തിന്‍റെ ശക്തിയും സഹായവും കൂടിയേ തീരൂ. അതുകൊണ്ടാണ് തെറ്റ് ചെയ്യുക മനുഷ്യസഹജമാണ്, എന്നാല്‍ ക്ഷമിക്കുക എന്നത് ദൈവികമാണ് എന്ന് പറയുന്നത്. ആദ്യമായി നാം ചെയ്യേണ്ടത് ദൈവത്തിലേക്ക് തിരിയുക എന്നതാണ്. ഈ ലോകത്തിലേക്ക്, നമ്മെ വേദനിപ്പിച്ച വ്യക്തിയിലേക്ക്, നോക്കിയിരുന്നാല്‍ ഒരിക്കലും ക്ഷമിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല. എന്നാല്‍ ദൈവത്തിലേക്ക് തിരിയുന്ന സമയംതന്നെ നമുക്ക് മനസിലാക്കുവാന്‍ സാധിക്കും: ഈ അനുഭവം ദൈവം അനുവദിച്ചതാണ്. എന്നെ സ്നേഹിക്കുന്ന എന്‍റെ പിതാവായ ദൈവം മകനായ എന്‍റെ ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒരു വേദനാജനകമായ അനുഭവം അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് വരും നാളുകളില്‍ എന്‍റെ നന്മയ്ക്കായി അവിടുന്ന് മാറ്റുകതന്നെ ചെയ്യും. ദൈവം ഒന്നാന്തരമൊരു തട്ടാനാണ്, സ്വര്‍ണപ്പണിക്കാരനാണ്! വേദനയുടെ ഉലയിലിട്ട് അവിടുന്ന് എന്നെ ശുദ്ധീകരിച്ചെടുക്കുകയാണ്, വളരെ നല്ലൊരു ആഭരണമുണ്ടാകുവാന്‍!

രണ്ടാമത്തെ കാര്യം ദൈവത്തെ നോക്കുക എന്നതത്രേ. ദൈവത്തിന്‍റെ മുഖത്തേക്ക് നോക്കി കരഞ്ഞ് അപേക്ഷിക്കുക: ‘ഈ വ്യക്തിയോട് ഹൃദയപൂര്‍വം ക്ഷമിക്കുവാനുള്ള കൃപ എനിക്ക് നല്കണമേ’ എന്ന്. ദൈവം നിശ്ചയമായും ശക്തി നല്കും. ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ് ഇതിന് മധുരമായ ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന് ചുറ്റും കുറെ ആളുകള്‍ നില്ക്കുന്നു, അവര്‍ കോപാവേശത്താല്‍ ആക്രോശിക്കുകയും ആ നിഷ്കളങ്കനെ ഇഞ്ചിഞ്ചായി കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യുന്നു. എസ്തപ്പാനോസിന് വേണമെങ്കില്‍ അവരെ പ്രാകിക്കൊണ്ട് മരിക്കാമായിരുന്നു. എന്നാല്‍ ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചത് – ക്ഷമയുടെ വഴി.

അദ്ദേഹം ഇപ്രകാരമാണ് പ്രാര്‍ത്ഥിച്ചത്: “കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 7:60). ഇപ്രകാരം സ്വര്‍ഗത്തിന്‍റെ വഴി സ്വീകരിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഇതിനുമുമ്പ് അദ്ദേഹത്തിന് ലഭിച്ച ദൈവികദര്‍ശനമാണ്. അതേ അധ്യായത്തിന്‍റെ അമ്പത്തിയഞ്ചാം വാക്യം ഈ ദര്‍ശനം സാക്ഷ്യപ്പെടുത്തുന്നുണ്ട്: “എന്നാല്‍, അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗത്തിലേക്ക് നോക്കി ദൈവത്തിന്‍റെ മഹത്വം ദര്‍ശിച്ചു. ദൈവത്തിന്‍റെ വലതുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു.”

അധികമാരും നടക്കാത്ത ഈ വഴിയേ പോകാനുള്ള കൃപയ്ക്കായി ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം:

ദൈവമേ, അവിടുന്ന് കരുണാമയനാണല്ലോ. എന്‍റെ നിരവധിയായ തെറ്റുകള്‍ അവിടുന്ന് ക്ഷമിച്ച് എന്നെ തുടര്‍ച്ചയായി താങ്ങുന്നതുകൊണ്ടാണല്ലോ ഇന്നും ഞാന്‍ ജീവിക്കുന്നത്. അങ്ങ് എന്നോട് കാണിക്കുന്ന കരുണ എന്‍റെ സഹോദരന്മാരോട് കാണിക്കുവാന്‍ എനിക്ക് കൃപ നല്കിയാലും. അവിടുന്ന് ക്ഷമിച്ചതുപോലെ ഞാനും ക്ഷമിക്കട്ടെ. മനസിന്‍റെ മുറിപ്പാടുകളെ മായിച്ചുകളയണമേ. അങ്ങയുടെ ഏറ്റവും വലിയ ദാനമായ പരിശുദ്ധാത്മാവിനാല്‍ എന്‍റെ മനസിനെ നിറച്ചാലും. ഞാന്‍ ആനന്ദത്താല്‍ നിറയട്ടെ. പരിശുദ്ധ അമ്മേ, ദൈവമാതാവേ, വിശുദ്ധ യൗസേപ്പിതാവേ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

Share:

K J Mathew

K J Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles