Shalom Tidings
Download the free app and experience a new lifestyle today!
No Thanks Get App

Home/Encounter/Article

ജൂണ്‍ 04, 2020 1135 0 Sasi Emmanuel
Encounter

‘എനിക്കും ഒന്ന് കുമ്പസാരിക്കണം!’

ഉച്ചഭക്ഷണത്തിന്‍റെ ഇടവേളയിലാണത് സംഭവിച്ചത്. ജോലി ചെയ്യുന്ന വിദ്യാലയത്തിലെ സ്റ്റാഫ് റൂമിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വന്നു, ഒന്ന് സംസാരിക്കണമെ
ന്നാവശ്യപ്പെട്ടു. പുറത്തേക്കിറങ്ങിച്ചെന്ന എന്നോട് വളരെ നിഷ്കളങ്കമായി ഒരു ആവശ്യം അവള്‍ ഉന്നയിച്ചു ‘എനിക്കൊന്ന് കുമ്പസാരിക്കണം സര്‍, ഇപ്പോള്‍
ഫ്രീ ആണോ?’ ഉള്ളില്‍ ചിരി വിടരേണ്ട ഒരു സന്ദര്‍ഭമാണ്, പക്ഷേ ചിരിച്ചില്ല. കാരണം, ആവശ്യപ്പെട്ടയാള്‍ പന്ത്രണ്ടാം ക്ലാസുകാരിയും ഒരു അക്രെെസ്തവ
കുടുംബാംഗവും സാമാന്യം നന്നായി പഠിക്കുന്ന ഒരു മിടുക്കിയുമാണ്.

ആയിടെ നടന്ന പന്ത്രണ്ടാം ക്ലാസുകാരുടെ ധ്യാനത്തില്‍ നന്നായി കുമ്പസാരിച്ച കൂട്ടുകാരുടെ അനുഭവങ്ങളും സന്തോഷവുമൊക്കെയാണ് തനിക്കും ഒന്ന് കു
മ്പസാരിക്കണമെന്ന പ്രചോദനത്തിനു അവള്‍ക്കു കാരണമായത്. മാമോദീസ സ്വീകരിച്ച ഒരു ക്രെെസ്തവ വിശ്വാസി സ്വീകരിക്കുന്ന കൂദാശയാണ് കുമ്പസാര
മെന്നും അത് പരികര്‍മ്മം ചെയ്യുന്നത് പുരോഹിതനാണെന്നുമൊക്കെ ഒരു വിധം പറഞ്ഞു മനസ്സിലാക്കി. എന്നാല്‍ ചിലത് പങ്കുവക്കാനുണ്ടെന്നും അത് കേള്‍ക്കാന്‍ മനസ്സുണ്ടാകണമെന്നും അവള്‍ ശാഠ്യം പിടിച്ചു.

എല്ലാം പൊറുക്കുന്ന എന്‍റെ കുമ്പസാരക്കൂടിന്!

സങ്കീര്‍ത്തകന്‍ മനുഷ്യന്‍റെ ഏറ്റവും വലിയ സൗഭാഗ്യമായി കണക്കാക്കുന്നത് എന്താണെന്നറിയാന്‍ മുപ്പത്തിരണ്ടാം സങ്കീര്‍ത്തനം വായിച്ചാല്‍ മതിയാകും. ‘അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍.’ (സങ്കീര്‍ത്തനങ്ങള്‍ 32 : 12)

19-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട് കണ്ട ശ്രദ്ധേയമായ വ്യക്തിത്വമാണ് ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍. പണ്ഡിതനും എഴുത്തുകാരനുമെന്ന നിലയില്‍ അതിപ്രശസ്തന്‍. ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖവൈദികനായിരുന്ന അദ്ദേഹം 4000 പവനിലധികം ശമ്പളം കൈപ്പറ്റിയിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട് 1845-ല്‍ അദ്ദേഹം വിശുദ്ധ കത്തോലിക്കാ സഭയുടെ ഭാഗമായി മാറിയപ്പോള്‍ അത്ഭുതത്തോടെ സമൂഹം ചോദിച്ചു എന്തിനാണ് ഈ മാറ്റമെന്ന്? അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നത്രേ, ‘അമ്മയില്ലാത്ത ഒരു സഭയില്‍നിന്ന് അമ്മയുള്ള ഒരു സഭയിലേക്ക് ഞാന്‍ പോകുന്നു (പരിശുദ്ധ അമ്മ) ഒപ്പം കത്തോലിക്കാസഭയുടെ കുമ്പസാരക്കൂട്ടില്‍ എന്‍റെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ ഞാനനുഭവിക്കുന്ന ഈ ആശ്വാസം ഭൂമിയില്‍ മറ്റൊരിടത്തും എനിക്കു ലഭിക്കുന്നുമില്ല.’ പില്ക്കാലത്ത് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ്.

യേശുവിന്‍റെ പ്രിയശിഷ്യന്‍ യോഹന്നാന്‍ എഴുതുന്നു, ‘നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. (1 യോഹന്നാന്‍ 1: 89)

ഒരുപാട് ധ്യാനമാവശ്യപ്പെടുന്ന ഒരു കൂദാശ അതിപരിചയം കൊണ്ടും ഒരുക്കം ഇല്ലാതെ സമീപിക്കുന്നതു കൊണ്ടുമാണ് ഇന്ന് പലര്‍ക്കും അതൊരു അനുഭവം ആകാതെ പോകുന്നത്. ഒരാള്‍ തന്‍റെ ജീവിതത്തിലെ എല്ലാ വീഴ്ചകളും മറകൂടാതെ തുറന്നു വച്ചിട്ടും, ഭൂമിയിലെ ഒരിടം മാത്രം അയാളെ വിധിക്കുന്നില്ല, മുന്‍വിധിയോടെ പിന്നീട് നോക്കുന്നില്ല. സൗമ്യമായ ശാന്തതയോടെ സമാശ്വസിപ്പിച്ച്, പുതിയ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബലപ്പെടുത്തുന്നു. ഇതിനെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ അറിയുന്നുണ്ടോ ലോകമെങ്ങും ഓരോ ദിനവും കരുണയുടെ കുമ്പസാരക്കൂടുകള്‍ക്കുള്ളില്‍ സംഭവിക്കുന്ന ദിവ്യാത്ഭുതങ്ങ
ളെക്കുറിച്ച്. മലയാള സാഹിത്യത്തിലെ സൂര്യതേജസ്സായിരുന്ന ഖസാക്കിന്‍റെ ഇതിഹാസകാരന്‍ ഒരു കുമ്പസാരക്കൂടിനെ അകലെനിന്ന് ധ്യാനിച്ചിട്ട് ഇങ്ങിനെ കോറിയിട്ടു, ‘ദൈവവും മനുഷ്യനും പരസ്പരം കണ്ടുമുട്ടി സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കുന്ന ഇടമാണ് കുമ്പസാരക്കൂട്.’

മനോഹരങ്ങളായ ഒരുപാട് ക്രെെസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവ് തന്‍റെ പ്രശസ്തമായ പുസ്തകം സമര്‍പ്പിക്കുന്നതിങ്ങനെയാണ്, എല്ലാം പൊറുക്കുന്ന, എല്ലാം അറിയുന്ന, ഒരു മാത്ര പോലും ലജ്ജിക്കാനനുവദിക്കാത്ത, എന്‍റെ കുമ്പസാരക്കൂടിന്. ഒരിക്കലെങ്കിലും ഒരു കുമ്പസാരക്കൂടിന്‍റെ കരുണയില്‍ നനഞ്ഞിറങ്ങിയിട്ട് മുട്ടുകുത്തി നില്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകണം, സ്വര്‍ഗ്ഗത്തില്‍ എന്നെയോര്‍ത്ത് ആനന്ദിക്കുന്ന മാലാഖമാരോടും വിശുദ്ധരോടുമൊപ്പം.(ലൂക്കാ 15:7)

മാനസാന്തരത്തിന്‍റെ കൂദാശ

സഭയുടെ മതബോധന ഗ്രന്ഥം കുമ്പസാരത്തെ നോക്കി കാണുന്നത് ഒന്നാമതായി മാനസാന്തരത്തിന്‍റെ കൂദാശ എന്ന നിലയിലാണ്. ‘പാപത്തില്‍ നാം മൃതരാണ്. അല്ലെങ്കില്‍ മുറിവേറ്റവരെങ്കിലുമാണ്. അതു കൊണ്ട് സ്നേഹമാകുന്ന ദാനത്തിന്‍റെ പ്രഥമഫലം’ നമ്മുടെ പാപങ്ങളുടെ മോചനമാണ്. സഭയില്‍ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് പാപത്തിലൂടെ നഷ്ടമായ ദൈവിക സാദൃശ്യത്തെ മാമോദീസ സ്വീകരിച്ചവര്‍ക്കു തിരികെ നല്‍കുന്നു.’ (സിസിസി 734)

യോഹന്നാന്‍ 20: 21-23-ല്‍ ശിഷ്യരുടെ മേല്‍ പരിശുദ്ധാത്മാവിനെ നിശ്വസിച്ചിട്ട് പാപത്താല്‍ മുറിവേറ്റവരുടെ വിമോചന ദൗത്യം യേശു കൈമാറുന്നത് നമുക്ക് വായിക്കാനാകും. കുമ്പസാരക്കൂടിന്‍റെ പുണ്യവാനെന്ന് വിളിക്കപ്പെടുന്ന വിശുദ്ധ ജോണ്‍ മരിയ വിയാനി തണുപ്പു കാലത്ത് 12 മണിക്കൂറും മറ്റു സമയങ്ങളില്‍ 18 മണിക്കൂറും കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചു പോന്നുവെന്നാണ് ചരിത്രം. 20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം പേര്‍ അദ്ദേഹത്തെ സമീപിച്ച് ഉപദേശം സ്വീകരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. മെത്രാന്മാരും വൈദികരുമെല്ലാം കുമ്പസാര നിരയില്‍ കാത്തു നിന്നിരുന്നു. ഒരിക്കല്‍ വിയാനി പുണ്യവാന്‍റെ കട്ടിലിന് തീയിട്ടിട്ട് സാത്താന്‍ പുലമ്പിയത്രേ ‘ഇയാളെപ്പോലെ രണ്ടു മൂന്നുപേര്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കവിടെ കാലു കുത്താനാവില്ലായിരുന്നുവെന്ന്.’ഒരു കുമ്പസാരക്കൂടും അതിലിരിക്കുന്ന വിശുദ്ധനായ പുരോഹിതനും സാത്താനെ എത്ര മാത്രം ഭയചകിതനാക്കുന്നുവെന്ന് ഇതില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസാന്തരത്തിന്‍റെ ഈ കൂദാശക്കെതിരായ അട്ടഹാസങ്ങള്‍ ഇതിനോടൊക്കെ ചേര്‍ത്തു വേണം വായിക്കാന്‍.

കുമ്പസാരിക്കാന്‍ പാപം ഇല്ലാതാകുന്ന അതിപരിശുദ്ധരുടെ എണ്ണം സഭയില്‍ വര്‍ദ്ധിക്കുമ്പോള്‍ ഓര്‍ക്കണം, ദാരുണമായ വിവാഹമോചനങ്ങളും ഗര്‍ഭച്ഛിദ്രങ്ങളും ആത്മഹത്യകളും ക്രെെസ്തവരുടെ ഇടയില്‍ അതിഭീകരമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ തപസ്സു കാലത്ത് യഥാര്‍ത്ഥ അനുതാപത്തോടെ നമ്മുടെ പാപങ്ങള്‍ ഒരു കുമ്പസാരക്കൂട്ടില്‍ ഏറ്റുപറയുമെങ്കില്‍ അവിടുന്ന് കരുണയും കൃപാവരവും തന്ന് നമ്മെ ഉയിര്‍പ്പിന്‍റെ ആനന്ദത്തിലേക്ക് നടത്തും തീര്‍ച്ച. കാരണം പിശാചിന്‍റെ പ്രവൃത്തികളെ തകര്‍ക്കാന്‍ ഒരാളേ ഈ ഭൂമിയിലേക്ക് വന്നിട്ടുള്ളൂ, കര്‍ത്താവായ യേശുക്രിസ്തു.

Share:

Sasi Emmanuel

Sasi Emmanuel

Latest Articles