Home/Encounter/Article

ഏപ്രി 29, 2024 27 0 Thomas P M
Encounter

ജോസേട്ടന്‍ കൈമാറിയ സമ്മാനം

രോഗിയായി നിത്യസമ്മാനത്തിന് വിളിക്കപ്പെടുംമുമ്പാണ് ജോസേട്ടന്‍ ലേഖകനുള്ള സമ്മാനം കൈമാറിയത്.

വര്‍ഷങ്ങളായി ഞാന്‍ ശാലോം മാസികയുടെ വരിക്കാരനാണ്. മാസിക വായിച്ചതിനുശേഷം സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് ഇടയ്ക്ക് പഴയ ലക്കങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചെറിയ പ്രാര്‍ത്ഥനകളും ദൈവാനുഭവം നിറഞ്ഞ ലേഖനങ്ങളും ആത്മീയജീവിതത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. 2020 ല്‍ കുറച്ച് ലക്കങ്ങള്‍ എനിക്ക് ലഭിക്കാതായി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങള്‍ക്ക് മാസിക തന്നുകൊണ്ടിരുന്ന ജോസേട്ടന്‍ സുഖമില്ലാതെ കിടപ്പിലാണെന്ന്. മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുക്കാന്‍ ആളില്ലാത്തതുകൊണ്ട് തിരിച്ച് അയക്കുകയാണ്. ഇതെല്ലാമറിഞ്ഞപ്പോള്‍ ഞാന്‍ ജോസേട്ടനെ സന്ദര്‍ശിക്കാനായി പോയി.

അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വളരെയധികം അവശതയിലായിരുന്നു. വേറെയാരെയോ ഏജന്‍സിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്നും അതുകൊണ്ടാണ് മാസികവിതരണം മുടങ്ങിയതെന്നും പറഞ്ഞു. അത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും, “സാധിക്കുമെങ്കില്‍ ഏജന്‍സി ഏറ്റെടുക്കാമോ?”

മറുപടിയൊന്നും പറയുന്നതിനുമുമ്പേതന്നെ “ഇത് ഒരു ദൈവികശുശ്രൂഷയായിട്ട് കണ്ടാല്‍ മതി. ഒത്തിരി ദൈവാനുഗ്രഹം ലഭിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടെ ഞാന്‍ ഏജന്‍സി ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായതിനാല്‍ വേറോരു ദിവസം വന്നാല്‍ നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ പറഞ്ഞുതരാമെന്ന് പറഞ്ഞു. പക്ഷേ അസുഖം കൂടി ഒരാഴ്ചക്കുള്ളില്‍ ജോസേട്ടന്‍ ദൈവത്തിന്‍റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പക്ഷേ അതിനുമുമ്പ്, എനിക്കായി ദൈവം ഒരുക്കിയ ദൈവശുശ്രൂഷയെന്ന സമ്മാനം അദ്ദേഹം എനിക്ക് കൈമാറിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ 20 പത്രവും 20 മാസികയും കൊടുക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വരിക്കാരുടെ വിവരങ്ങള്‍ അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ എനിക്ക് ശാലോമിന്‍റെ സര്‍ക്കുലേഷന്‍ മാനേജരുടെ ഫോണ്‍ നമ്പര്‍ തന്നു.

അങ്ങനെ ശാലോം ഓഫീസുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ വിശദവിവരങ്ങള്‍ മനസിലാക്കി. നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ അറിയാന്‍വേണ്ടി ഇടവകയിലെ എല്ലാ വീടുകളിലും പോകാമെന്നാണ് ചിന്തിച്ചത്. കൊവിഡ് 19-ന്‍റെ സമയമായിരുന്നതുകൊണ്ട് വീടുസന്ദര്‍ശനം അല്പം പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും ദൈവകൃപയെന്നുപറയാം, ഇടവകയിലെ എല്ലാ വീടുകളിലും പോകാനും നിലവിലുള്ളവരെ കൂടാതെ കുറച്ചുപേരെക്കൂടി വരിക്കാരാക്കാനും കഴിഞ്ഞു. ഇടവകയിലെ എല്ലാ വീടുകളിലും ഒരു ശാലോം പ്രസിദ്ധീകരണമെങ്കിലും എത്തിക്കണമെന്ന ആഗ്രഹം നിയോഗംവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. പിറ്റേ വര്‍ഷവും എല്ലാ വീടുകളിലും ഒരിക്കല്‍ക്കൂടി കയറിയിറങ്ങി. അതുവഴി, കുറച്ച് വീടുകളൊഴിച്ചാല്‍ ബാക്കി എല്ലായിടത്തും ശാലോം പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാനുള്ള കൃപ എന്‍റെ തമ്പുരാന്‍ തന്നു.

ശാലോം മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്തുകൊണ്ടുവന്നാല്‍ പ്രാര്‍ത്ഥിച്ചിട്ടാണ് കെട്ട് പൊട്ടിക്കുന്നത്. ശാലോമിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെയും എന്‍റെ കൈയില്‍നിന്ന് മാസിക സ്വീകരിക്കുന്ന എല്ലാ വരിക്കാരെയും അവരുടെ നിയോഗങ്ങളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച് വിതരണം തുടങ്ങും. അനേകം ആളുകളുടെ മധ്യസ്ഥപ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ടല്ലോ. പല വരിക്കാരും ശാലോം മാസിക വരുത്താനും വായിക്കാനും തുടങ്ങിയതുമുതല്‍ ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റി പങ്കുവച്ചിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ കുറിക്കട്ടെ.

പൂജാമുറിയിലെ ശാലോം ടൈംസ്

ഒരിക്കല്‍ എന്‍റെ അക്രൈസ്തവനായ ഒരു സഹപ്രവര്‍ത്തകന് ശാലോം ടൈംസ് വായിക്കാന്‍ കൊടുത്തു. അദ്ദേഹം അത് വായിച്ചതിന് ശേഷം എന്നോട് പറഞ്ഞു “എനിക്ക് സ്ഥിരമായി മാസിക തരണം. നിങ്ങള്‍ തന്ന മാസിക വായിച്ചിട്ട് അത് എന്‍റെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാമത്തെ പേജിലുള്ള പ്രാര്‍ത്ഥന വായിച്ചപ്പോള്‍ മനസിന് ഒത്തിരി ആശ്വാസം തോന്നുന്നു. അതുകൊണ്ടാണ് ഞാനത് പൂജാമുറിയില്‍ വച്ചിട്ടുള്ളത്.”

സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന് തികഞ്ഞ ഒരു മരിയഭക്തനായി മാറി. ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടാണ് അദ്ദേഹം ഓഫീസില്‍ വരുന്നത്. പരിശുദ്ധ അമ്മയിലൂടെ അദ്ദേഹം ഈശോയിലേക്ക് നയിക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംവഴി ഈശോ ആ മകനെ ഏറെ അനുഗ്രഹിക്കുന്നു. ഭാര്യക്ക് നല്ല വരുമാനമുള്ള ഒരു ജോലി നല്കി ആ മകന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍, ദൈവം എടുത്ത് മാറ്റി. പഠിക്കാന്‍ ശരാശരിയായിരുന്ന മകളെ ഉന്നത വിജയം നല്‍കി അനുഗ്രഹിച്ചു.

ഞാന്‍ ഏജന്‍സിയെടുത്തതിനുശേഷമുള്ള ഇക്കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളുടെ ഇടവകയിലെ രണ്ട് വാര്‍ഡുകളില്‍ ശാലോം വിതരണം ചെയ്യുന്നത് എന്‍റെ ഒരു സുഹൃത്താണ്. മാസികയുടെ കെട്ടും കൊടുക്കേണ്ട ആളുകളുടെ ലിസ്റ്റും കൊടുത്താല്‍ കൃത്യമായിട്ട് എല്ലാ വരിക്കാര്‍ക്കും അദ്ദേഹം അത് എത്തിച്ചു കൊടുക്കും. യാതൊരു പ്രതിഫലവും ആഗ്രഹിച്ചിട്ടുമില്ല. സാവധാനം, ആ സഹോദരന്‍റെ ആത്മീയജീവിതം കൂടുതല്‍ പുഷ്ടിപ്പെടുന്നതായി എനിക്ക് മനസിലായി.

അതേ സമയംതന്നെ, മകന് സ്ഥിരമായൊരു ജോലി വേണം, അവന് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കണം- ഇത് രണ്ടും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ഈ രണ്ട് നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഇടയ്ക്ക് പറയാറുമുണ്ട്. അധികം വൈകാതെ, മകന് സര്‍ക്കാര്‍ ജോലി കിട്ടി. അവന് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയും ചെയ്തു.

ട്രാന്‍സ്ഫറിലെ അത്ഭുതം

ഞങ്ങളുടെ ഇടവകയിലും സമീപ ഇടവകയിലും ജോലിസ്ഥലത്തുമായി 173 ശാലോം പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്തിരുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോഴാണ് വളരെ യാദൃശ്ചികമായി കഴിഞ്ഞ വര്‍ഷം ജില്ലക്ക് പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ശാലോം ശുശ്രൂഷകനായതുകൊണ്ട് തൊട്ടടുത്ത ജില്ലയിലെവിടെയെങ്കിലും പോസ്റ്റിംഗ് കിട്ടുമെന്നായിരുന്നു എന്‍റെ വിചാരം. “എന്നെ ദൂരേക്ക് മാറ്റിയാല്‍ ഈശോയ്ക്കാണ് നഷ്ടം. ശാലോം വിതരണം മുടങ്ങും.” ഇങ്ങനെയൊരു കമന്‍റ് തമാശയായി അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകയോട് പറയുകയും ചെയ്തു.

പക്ഷേ നാം ചിന്തിക്കുന്നതുപോലെയല്ലല്ലോ ദൈവത്തിന്‍റെ ചിന്തകള്‍. എനിക്ക് ദൂരെയൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. പക്ഷേ ഒരു മാസികപോലും മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. മിക്കപ്പോഴും അവധിദിവസങ്ങളില്‍മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അതുകൊണ്ട് എന്‍റെയൊരു ഹൈന്ദവസുഹൃത്ത് മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്ത് എനിക്ക് കൊണ്ടുതരും. ഓരോ ഭാഗത്തുമുള്ള സുഹൃത്തുക്കള്‍ എനിക്കായി ശാലോം പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി വിതരണം ചെയ്തു. മാത്രമുമല്ല, പുതിയ സ്ഥലത്ത് കുറച്ചുപേര്‍ക്ക് ശാലോം മാസിക പരിചയപ്പെടുത്താനും സാധിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു.

ദൈവവചനം പഠിക്കാനും മനസില്‍ വളരെ സന്തോഷം അനുഭവിക്കാനും മാസികവായനയിലൂടെ സാധിക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായിക്കാന്‍ സമയമില്ല എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഞാന്‍ അവരോട് പറയും, “മനോഹരമായ ഈ മാസിക സൂക്ഷിച്ചു വയ്ക്കുക. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വായിക്കുക.”

ചോദിച്ച് വാങ്ങിക്കുന്നവര്‍

വിദേശത്ത് മക്കളുടെ അടുത്തൊക്കെ പോകുന്ന ചില വരിക്കാര്‍ തിരിച്ചുവരുമ്പോള്‍ അവര്‍ നാട്ടിലില്ലാത്ത കാലത്തെ മാസിക ഒന്നിച്ച് വാങ്ങാറുണ്ട്. നമ്മള്‍ അനുഭവിച്ചറിഞ്ഞ ഈശോയെ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ മാസികയിലൂടെ സാധിക്കുന്നതുകൊണ്ട് ഒരോ വായനക്കാരനും തങ്ങളുടെ സുഹൃത്തുകള്‍ക്ക് ഈ മാസിക പരിചയപ്പെടുത്തുവാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം മാസിക കൊടുക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. തക്ക പ്രതിഫലം തമ്പുരാന്‍ തരും. ഞാന്‍ അനുഭവസ്ഥനാണ്. ഈ വലിയ ശുശ്രൂഷ ചെയ്യുവാന്‍ നിസാരനായ എന്നെ തിരഞ്ഞെടുത്ത എന്‍റെ നാഥന് ഒരായിരം നന്ദി.

“ഉണര്‍ന്ന് പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍ കര്‍ത്താവ് നിന്‍റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്‍റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്‍റെ ഉദയശോഭയിലേക്കും വരും” (ഏശയ്യാ 60/1-3). ډ

Share:

Thomas P M

Thomas P M

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles