Trending Articles
ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ എന്ന് സംശയിച്ചിരുന്ന ലേഖകന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍
എന്റെ യുവത്വം തുടങ്ങുന്ന കാലങ്ങളില്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും പോയിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളില്‍ സംശയമായിരുന്നു, ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ? ആ സമയത്ത് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനം കൂടാന്‍ ഇടയായി. ധ്യാനാവസരത്തില്‍ പനയ്ക്കലച്ചന് ദിവ്യകാരുണ്യത്തെ കുറിച്ചുള്ള ക്ലാസ്സ് എടുത്തത് എന്നെ നന്നായി സ്പര്‍ശിച്ചു. ക്ലാസ്സിനുശേഷം ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും ആയിരുന്നു. ആരാധനയ്ക്കിടയില്‍ അച്ചന് പറഞ്ഞു, “ഈ അപ്പം ഈശോതന്നെയാണ്. എങ്കിലും ഈ ആരാധനയില്‍ പങ്കെടുക്കുന്ന പലര്‍ക്കും ഈശോ ആണെന്ന ബോധ്യമില്ല. അങ്ങനെയുള്ളവര്‍ ഈ അപ്പത്തിന് ജീവനുണ്ടെന്നോ ഇത് ഈശോ ആണെന്നോ ചിന്തിക്കാതെ ഇത് ഒരു അപ്പമാണെന്ന് മാത്രം വിശ്വസിച്ച് അപ്പത്തോട് പറയുക. ഈ അപ്പം ഈശോയാണെന്നുള്ള ബോധ്യം നല്കണമേ.”
ഞാനും അപ്പത്തെ നോക്കി അങ്ങനെ പ്രാര്‍ത്ഥിച്ചു. പക്ഷേ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആരാധനയ്ക്കുശേഷം കുര്‍ബാന ആരംഭിച്ചു. വൈദികന് തിരുവോസ്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു: “സജീവവും ജീവദായകവുമായ ഈ അപ്പം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവന്‍ ജീവന് നല്കുന്നതുമാകുന്നു” ആ പ്രാര്‍ത്ഥനാസമയം ഞാന്‍ തിരുവോസ്തിയിലേക്ക് സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാക്ഷാല്‍ ഈശോ തിരുവോസ്തിയില്‍നിന്ന് ഇറങ്ങി നടന്ന് ക്രിസ്തുരാജന്റെ രൂപത്തില്‍ എന്റെ ഹൃദയത്തിലേക്ക് വന്നു കയറി. ആ നിമിഷം മുതല്‍ ഞാന്‍ ദിവ്യകാരുണ്യത്തില്‍ വിശ്വാസമുള്ളവനായിത്തീര്‍ന്നു. അവിശ്വാസം മാറി പൂര്‍ണ്ണ ബോധ്യമുള്ളവനായി. “സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന് 6/51).
പിന്നെയും നാളുകളേറെ കഴിഞ്ഞുപോയി. എന്റെ വിവാഹം നടന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ചു. അതിനുശേഷം ഭാര്യ രണ്ടാമത് ഗര്‍ഭിണിയായിരുന്ന സമയം. പ്രസവത്തിനായി 2012 ആഗസ്റ്റ് 16 ന് രാവിലെ ആശുപത്രിയില്‍ അഡ്മിറ്റായി. അടുത്ത ദിവസം രാവിലെ ഡോക്ടര്‍ വിസിറ്റിങ്ങിന് വന്നപ്പോള്‍ പറഞ്ഞു, “ഇന്ന് വേദന വന്നില്ലെങ്കില്‍ നാളെ വേദനയ്ക്കുള്ള കുത്തിവയ്പ്പ് എടുക്കാം.”
അന്ന് വൈകുന്നേരം ഞാന്‍ ആശുപത്രിക്ക് പുറത്ത് നടക്കാന്‍ ഇറങ്ങി താഴത്തെ നിലയില്‍ എത്തിയപ്പോള്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ അഖണ്ഡ ജപമാല നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അള്‍ത്താരയില്‍ ദിവ്യകാരുണ്യം എഴുന്നെള്ളിച്ച് വച്ച് ചൊല്ലിക്കൊണ്ടിരുന്ന ആ ജപമാലപ്രാര്‍ത്ഥനയില്‍ അല്പനേരം പങ്കെടുത്ത് ഞാന്‍ തിരിച്ച് റൂമിലെത്തി. ഉടനെ കുളിക്കാനായി കുളിമുറിയില്‍ കയറി. അപ്പോള്‍ ധ്യാനകേന്ദ്രത്തില്‍നിന്നുള്ള പ്രാര്‍ത്ഥന കേള്‍ക്കാമായിരുന്നു. വെന്റിലേഷന് വഴി എത്തിവലിഞ്ഞ് പുറത്തേക്ക് നോക്കിയപ്പോള്‍ ധ്യാനകേന്ദ്രത്തിന്റെ അള്‍ത്താരയിലിരിക്കുന്ന ദിവ്യകാരുണ്യവും പ്രാര്‍ത്ഥിക്കുന്നവരെയും കാണാമായിരുന്നു. അവിടെനിന്ന് കേള്‍ക്കുന്ന ആരാധനയുടെ ഗാനത്തിന് ഈണം പിടിച്ച് കുളിക്കാന്‍ തുടങ്ങിയ സമയത്ത് ഭിത്തിയില്‍ ഒരു അസാധാരണ കാഴ്ച!
ഒരു പഴയ ഫിലിം റോളില്‍ കാണുന്നതു പോലെ… അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന ഒരു കുഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങുന്നു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റാന്‍ തുടങ്ങുന്ന ഒരു ദ്യശ്യം വളരെ വ്യക്തമായി കാണാം. ഇത് എന്താണെന്ന് മനസ്സിലാകാതെ ഞാന്വീണ്ടും ദിവ്യകാരുണ്യത്തെ നോക്കി. വീണ്ടും കാണുന്നത് ഗര്‍ഭാവസ്ഥയിലുള്ള ഒരു വെളുത്ത ആണ്‍കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി മുറുകുന്നതാണ്.
എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ മനസ്സില്‍ വന്നു. ഞാന്‍ വേഗത്തില്‍ കുളിനിര്‍ത്തി പുറത്ത് വന്ന് ഭാര്യയെ നോക്കുമ്പോള്‍ അവള് ജപമാല ചൊല്ലുകയായിരുന്നു. ഞാന്‍ കണ്ട കാര്യം അവളോട് പറയാതെ ഉദരത്തില്‍ ജപമാല വച്ച് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു. സന്ധ്യക്ക് ആശുപത്രി ചാപ്പലിലെ ജപമാലയിലും ഞങ്ങള്‍ പങ്കു ചേര്‍ന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ ഭാര്യ എന്നോട് പറഞ്ഞു, “ഞാന്‍ ഒരു സ്വപ്നം കണ്ടു. പ്രസവം കഴിഞ്ഞ് എന്നെ ആശുപത്രിയില്‍ തനിച്ചാക്കി എല്ലാവരും കുഞ്ഞിനെയും കൊണ്ട് ദൂരെ എവിടെയോ പോകുന്നു.” അപ്പോള്‍ എനിക്ക് തോന്നി ഭാര്യയുടെ സ്വപ്നവും ഞാന്‍ കണ്ട ദര്‍ശനവും എന്തോ സംഭവിക്കാനുള്ള ഒരു അടയാളമാണെന്ന്. എങ്കിലും ശാന്തതയോടെ ഭാര്യയെ ആശ്വസിപ്പിച്ചു, “സാരമില്ല, നിന്റെ പേടികൊണ്ടുള്ള തോന്നലാണ്.”
അധികം താമസിയാതെ അവള്‍ക്ക് വേദന വരാനുള്ള ഇഞ്ചക്ഷന് വച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് വേദന ശക്തമായപ്പോള്‍ അവളെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. അപ്പോഴും അവള് ജപമാല ചൊല്ലുന്നുണ്ടായിരുന്നു.
എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താല്‍ ഞാന്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അരമണിക്കൂറിനുള്ളില്‍ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. തലേദിവസം ഞാന്‍ കണ്ട പോലത്തെ വെളുത്തുമെലിഞ്ഞ കുഞ്ഞ്. ദൈവാനുഗ്രഹത്താല്‍ ഭാര്യയ്ക്കും കുഴപ്പമൊന്നും ഇല്ലായിരുന്നു. സമാധാനമായി എന്നു കരുതി ഭാര്യ റൂമില്‍ വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തലേന്ന് കണ്ട ദൃശ്യങ്ങളുടെ കാര്യങ്ങള്‍ അവളോട് പറഞ്ഞു. കുഴപ്പമൊന്നുമില്ലാതെ സംരക്ഷിച്ച ഈശോയ്ക്ക് ഞങ്ങള്‍ നന്ദിയര്‍പ്പിച്ചു.
പക്ഷേ ഭാര്യ കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരിക്കുമ്പോള്‍ നഴ്സായ അവളുടെ നാത്തൂന് പറഞ്ഞു, “കുഞ്ഞിന് എന്തോ പ്രശ്നമുണ്ട്, കുറുകുറുപ്പ് വരുന്നുണ്ടല്ലോ.” ഉടനെ ഡ്യൂട്ടി നേഴ്സിനെ അറിയിച്ചു. അവര്‍ വന്ന് കുഞ്ഞിനെ ചകഇഡ ലേക്ക് മാറ്റി. അരമണിക്കൂര്‍ കഴിഞ്ഞ് കുഴപ്പമില്ലെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചു തന്നു. പക്ഷേ കുഞ്ഞിന്റെ കുറുകുറുപ്പ് മാറിയില്ല.
നാത്തൂന് നിര്‍ദ്ദേശിച്ചതുപോലെ ഞങ്ങള്‍ കുഞ്ഞിനെ കുട്ടികളുടെ ഡോക്ടറെ കാണിച്ചു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്ക് വന്ന പനി കുട്ടിക്കും വന്നതാണെന്നായിരുന്നു അവിടെനിന്ന് പറഞ്ഞത്. വീണ്ടും നാത്തൂന്, കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്ന് ആവര്‍ത്തിച്ചു. ‘പ്രസവത്തില്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ?’ ‘വേറെ ആശുപത്രിയില്‍ പോകണോ?’ എന്നൊക്കെ അന്വേഷിച്ചപ്പോഴും, ‘കുഴപ്പമൊന്നുമില്ല, വേറെ ആശുപത്രിയില്‍ പോകേണ്ട’ എന്നാണ് പറഞ്ഞത്.
കുറച്ച് കഴിഞ്ഞപ്പോള്‍ നഴ്സായ ഒരു കന്യാസ്ത്രീ ഞങ്ങളുടെ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു, “ഡോക്ടര്‍ ഇപ്പോള്‍ വിസിറ്റിങ്ങിന് വരും. അപ്പോള്‍ അനുമതി വാങ്ങി വേറെ ഹോസ്പിറ്റലില്‍ കുഞ്ഞിനെ കൊണ്ടു പോകണം. ഞാന്‍ പറഞ്ഞതായി പറയണ്ട.”
കുട്ടിയുടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “പ്രസവ സമയത്ത് കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. ഭാഗ്യംകൊണ്ടാണ് നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിച്ചത്. അതുമൂലം കുഞ്ഞിന്റെ ഉള്ളില്‍ ഫ്ളൂയിഡ് പോയതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ ആശുപത്രിയില്‍ പോകാം. നാളെ ഞാന്‍ ലീവാണ്. തിരക്കു പിടിക്കണ്ട, സാവകാശം പോയാല്‍ മതി.”
ഞങ്ങള്‍ പരിചയമുള്ള ഒരു വാഹനം ഏര്‍പ്പാടാക്കി വേറെ വലിയ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ യാത്ര ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ വാഹനം ഒരു അപകടത്തില്‍പ്പെട്ട് മുന്നിലെ ഗ്ലാസ്സ് പൊട്ടിത്തൂങ്ങി. അധികം താമസിക്കാതെ തൂളുമഴയും തുടങ്ങി. പിന്നീട് വളരെ പ്രയാസപ്പെട്ട് 40 കിലോമീറ്റര്‍ യാത്ര ചെയ്ത് ആശുപത്രിയില്‍ എത്തി. ചികിത്സ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയതുമൂലം ഫ്ളൂയിഡ് ഉള്ളില്‍ ചെന്നതാണ്. കുട്ടിയെ ഇപ്പോള്‍ കൊണ്ടുവന്നത് നന്നായി. അല്ലെങ്കില്‍ ഭാവിയില്‍ ന്യൂമോണിയക്കും ആസ്ത്മക്കും കാരണമായേനെ.”
പിറ്റേന്ന് ഭാര്യയെ കുഞ്ഞിന്റെ അടുത്ത് കൊണ്ടു വന്നു. ഒരാഴ്ചത്തെ ചികിത്സക്കുശേഷം ഞങ്ങള്‍ തിരിച്ച് വീട്ടില്‍ പോയി. ഇന്ന് ദൈവാനുഗ്രഹത്താല്‍ മകന് കുഴപ്പമില്ല. അവന്റെ ഓരോ ജന്മദിനവും ദൈവത്തിന്റെ കരുതലിന്റെ ഓര്‍മ്മപ്പെടുത്തലാണ്. “ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 32/6).
ദിവ്യകാരുണ്യസന്നിധിയിലെ ജപമാലപ്രാര്‍ത്ഥനവഴിയായി എന്നോട് സംസാരിച്ച, ദുരിതങ്ങളുടെ മധ്യത്തിലും ഞങ്ങളെ കാത്തുപരിപാലിച്ച ദൈവത്തിന്റെ സ്നേഹം ഇന്നും ഞങ്ങളെ ശക്തിപ്പെടുത്തുന്നു. ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യം എന്നെ ആഴമായി ബോധ്യപ്പെടുത്തിയ രണ്ട് സംഭവങ്ങളും ഇന്നും മനസില്‍ പച്ചപിടിച്ചുനില്ക്കുകയാണ്.
Joby George Kongandushalakal
ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, പ്രത്യാശ കൈവിടരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ 'ഒളിച്ചേ, കണ്ടേ' കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. "ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?" നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നു, രോഗം എന്താണെന്ന് ഒന്ന് കണ്ടുപിടിക്കാന്‍. എല്ലുരോഗ വിദഗ്ധര്‍ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. വാതരോഗത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിച്ച് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. പതിനേഴ് MRI ചെയ്തു. എന്നിട്ടും രോഗം എന്തെന്ന് മനസ്സിലാകുന്നില്ല. ശരീരം മുഴുവന്‍ പരിമിതികളില്‍നിന്ന് കൂടുതല്‍ പരിമിതികളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. രോഗം എന്ത് എന്ന ചോദ്യം മാത്രം ഉത്തരം ഇല്ലാതെ അവശേഷിച്ചു. കുറച്ചു സമയത്തേക്ക് മുറിയില്‍ നിശബ്ദത അലയടിച്ചു. സ്വര്‍ഗം മുഴുവന്‍ ആകാംക്ഷയോടെ ഈശോയെ നോക്കുകയാണ്. അടുത്ത നിമിഷം കട്ടിലില്‍ കിടക്കുന്ന എന്റെ വലതു കാതില്‍ ഒരു മൃദുസ്വരം കേട്ടു... R . A . FACTOR. നഴ്സ് ആയതു കൊണ്ട് ഈശോ പറഞ്ഞത് എനിക്ക് മനസ്സിലായി. വയ്യാതിരുന്നിട്ടു കൂടി ഉടനെ ആശുപത്രിയിലേക്ക് യാത്രയായി. ഡോക്ടറെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു, "ആര്.എ ഫാക്ടര്‍ ബ്ലഡില്‍ ചെക്ക് ചെയ്യണം." ഡോക്ടര്‍ ആകാംക്ഷയോടെ എന്നെ നോക്കി പറഞ്ഞു, "ആന്‍, ആര്.എ ഫാക്ടര്‍ ഒരു കണ്‍ഫര്‍മേറ്ററി ടെസ്റ്റ് അല്ല. അതൊഴികെ ചെയ്യാനുള്ള എല്ലാ ടെസ്റ്റുകളും ഏഴ് തവണ നമ്മള് ആവര്‍ത്തിച്ചു ചെയ്തിട്ടുള്ളതാണ്. എല്ലാ ടെസ്റ്റുകളും നെഗറ്റീവും ആണ്. ഇനി ഈ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ?" ഞാന്‍ ഡോക്ടറോട് പറഞ്ഞു, "ഡോക്ടറുടെ വാക്കുകള്‍ സത്യമാണ്. ചെയ്യാനുള്ളതെല്ലാം അതിന്റെ പാരമ്യത്തില്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുപക്ഷേ ഇതിലൂടെ എന്തെങ്കിലും ദൈവം ചെയ്താലോ?" എന്റെ വേദനയും പരിമിതികളും അറിയുന്ന ഡോക്ടര്‍ ആര്.എ ഫാക്ടര്‍ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്തു. ലാബിലേക്ക് പോകുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലിനുവേണ്ടി ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ലാബിലുള്ളവര്‍ക്കു ഞാന്‍ സുപരിചിതയാണ്. കാരണം അത്രയും ടെസ്റ്റുകള്‍ ചെയ്തിട്ടുള്ളതാണ്. ഇന്ന് അവരും ആഗ്രഹിച്ചു രോഗനിര്‍ണ്ണയം സംഭവിക്കുവാന്‍. ഉച്ചയോടുകൂടി റിസള്‍ട്ട് ലഭിച്ചു. എനിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫാക്ടര്‍ പോസിറ്റീവ് ആണ്. ഈശോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. സ്നേഹചുംബനങ്ങള് കൊണ്ട് മൂടി. ഈശോയെ ആശ്വസിപ്പിച്ചു, "ഈശോ നീ കരയല്ലേ. രണ്ടര വര്‍ഷം എന്നെ രോഗാവസ്ഥ അറിയിക്കാതെ, രോഗം അറിഞ്ഞു ഞാന്‍ വിഷമിക്കാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍മാത്രം നീ എന്നെ സ്നേഹിച്ചല്ലോ. ആ സ്നേഹത്തിന് ഞാന്‍ എന്താണ് പകരം നല്‍കുക..." ഈശോയും ഞാനും ഭയങ്കര 'സെന്റി'യായി. റിസള്‍ട്ട് അടുത്ത ദിവസം ഡോക്ടറെ അറിയിച്ചു. ഉടനെതന്നെ റൂമറ്റോളജിസ്റ്റിനെ വിളിച്ചു, അവര്‍ അപ്പോയ്ന്റ്മെന്റ് വാങ്ങിത്തന്നു. 2021 ഓഗസ്റ്റ് 29-ന് എന്റെ രോഗം നിര്‍ണയിക്കപ്പെട്ടു. സ്പോണ്ടിലോ ആര്‍ത്രൈറ്റിസ് & ഫൈബ്രോമയാള്‍ജിയ. ഒരു രോഗമോ വേദനയോ ഒക്കെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ ഈശോയെ കുറ്റപ്പെടുത്താനും പഴിചാരാനും ഒക്കെ സാധ്യതകള്‍ ഉണ്ട്. പക്ഷെ നമ്മെക്കാള്‍ ഏറെ ഈശോ വേദനിക്കുന്നു. കാരണം തന്റെ കുഞ്ഞിന്റെ കരച്ചില് കാണാന്‍ കഴിയാത്ത അമ്മയെപ്പോലെ ഈശോയുടെ ഹൃദയം വിങ്ങുന്നു. ഒരു ഗാനത്തിന്റെ ഈരടികള്‍ ഓര്‍ത്തു പോകുകയാണ് 'എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും. ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഈശോ എന്റെ രോഗനിര്‍ണ്ണയം നടപ്പിലാക്കി. ഈശോക്ക് അടുത്ത പണി കൊടുക്കാന്‍ ഞാന്‍ തയ്യാറായി. എട്ട് വര്‍ഷമായി രോഗം നിര്‍ണയിക്കാന്‍ സാധിക്കാതെ തൃശ്ശൂരിലും എറണാകുളത്തുമായി എല്ലാ പ്രശസ്ത ആശുപത്രികളും കയറി ഇറങ്ങി ചികിത്സ ഇനി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു എന്റെ അമ്മ. യൂറിനറി ഇന്ഫെക്ഷന് ആയി തുടങ്ങി പിന്നീട് ഹൃദയഭേദകമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു . കിഡ്നിയും യൂറിനറി ബ്ളാഡറും എല്ലാം ചുരുങ്ങിത്തുടങ്ങി. മൂത്രം പോകാന്‍ വളരെ ബുദ്ധിമുട്ട്. പുകയുന്ന വേദന. ഐസ് വെള്ളം എടുത്തു പലപ്പോഴും വയറിനു മുകളിലൂടെ ഒഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എട്ട് വര്‍ഷത്തെ യാതനകള്‍ കഠിനമായിരുന്നു. എങ്കിലും അമ്മ പരാതികളില്ലാതെ വിശുദ്ധ ഗ്രന്ഥം വയറിനുമുകളില്‍ വച്ച് കിടക്കുമായിരുന്നു. ഈശോയോട് ഞാന്‍ വീണ്ടും വഴക്കിട്ടു. എന്റെ അമ്മയാണ് കൂടുതല്‍ വേദന സഹിച്ചത്. അതുകൊണ്ട് രോഗനിര്‍ണയം അമ്മക്ക് ഇനി വൈകാന്‍ പാടില്ല. ഇത്രയും പറഞ്ഞ് ഏഴ് ദിവസങ്ങള്‍ ജ്ഞാനം 9 പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏഴാം ദിവസം ഗൂഗിളില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുകയായിരുന്നു, എന്റെ രോഗാവസ്ഥയെക്കുറിച്ച്. പെട്ടെന്ന് മറ്റൊരു ആര്‍ട്ടിക്കിള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. OBSTRUCTIVE UROPATHY RELATED TO RHEUMATOID ARTHRITIS അത് വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ഒരു ചിന്ത. അമ്മക്ക് രോഗം ഇതായിരിക്കുമെന്ന്. പ്രായത്തിന്റേതായ ചില വേദനകള്‍ ജോയിന്റുകളില്‍ ഉണ്ടാവുന്നതല്ലാതെ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളായി അവയെ പരിഗണിച്ചിരുന്നില്ല. ഈ രോഗാവസ്ഥ ആര്‍ത്രൈറ്റിസില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷന് ആണ്. ഈശോയോട് ചോദിച്ചു, എന്ത് ചെയ്യണം എന്ന്. ഈശോയുടെ മറുപടിയനുസരിച്ച് എനിക്ക് ചെയ്ത ചില ബ്ലഡ് ടെസ്റ്റുകള്‍ തൊട്ടടുത്ത ദിവസത്തില്‍ അമ്മക്ക് ചെയ്തു. റിസള്‍ട്ട് എല്ലാം വളരെ ഉയര്‍ന്ന റീഡിങ്ങുകള്‍ ആയിരുന്നു. പിന്നീട് അമ്മയ്ക്കും ചികിത്സ ആരംഭിച്ചു. ഈശോയുടെ കരുണയാല്‍ അല്പം ആശ്വാസം ലഭിക്കാന്‍ തുടങ്ങി. "ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!" (ജ്ഞാനം 9/16-17). ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, നിരാശപ്പെടരുത്. പ്രത്യാശ കൈവിടരുത്. ചെങ്കടല്‍ കടന്നവര്‍ ജോര്‍ദാന്‍ നദിക്കു മുന്പില് പരിഭ്രമിക്കരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. അവന് വിളിക്കുംമുന്‍പേ ഉത്തരം നല്കുന്നവനാണ്. പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ കേള്‍ക്കുന്നവനാണ്. "അവന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്ക് ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്" (ഹെബ്രായര്‍ 4/13).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreനമ്മുടെ ജീവിതത്തിലും കാണും ഇങ്ങനെ ചില 'റോസാച്ചെടികള്‍'.അവ ദീര്‍ഘകാലം പൂത്തുലഞ്ഞ് നില്ക്കാന് നാമെന്താണ് ചെയ്യേണ്ടത്? എന്റെ ചെറുപ്പകാലത്ത് പൂക്കളും പൂന്തോട്ടം വച്ചുപിടിപ്പിക്കലും എനിക്ക് ഏറ്റവും പ്രിയങ്കരമായ സംഗതികളായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള മഠത്തില്‍നിന്ന് എനിക്ക് നല്ലൊരു റോസക്കമ്പു കിട്ടി. ഞാനത് ചോദിച്ചു മേടിച്ചതാണ്. അടിഭാഗം തുളഞ്ഞുപോയ ഒരു ഇരുമ്പുബക്കറ്റില്‍ ചാണകവും മണ്ണും എല്ലാം നിറച്ച് ഞാനത് പാകിവച്ചു. കമ്പു കിളിര്‍ത്തപ്പോള്‍ എന്റെ പൂന്തോട്ടത്തിന്റെ നടുക്ക് കുഴിയുണ്ടാക്കി ബക്കറ്റോടുകൂടി ആ കുഴിയില്‍ ഇറക്കിവച്ചു. വെള്ളവും വളവും എല്ലാം കൊടുത്ത് ഓരോ ദിവസവും പരിചരിച്ചു. റോസച്ചെടി വേഗത്തില്‍ വലുതായി. ആദ്യത്തെ മൊട്ടിട്ടു. ആ മൊട്ട് വിടരുന്നതും കാത്തുകാത്ത് ഞാനിരുന്നു. അങ്ങനെ ഒരു ദിവസം മൊട്ടു വിടര്‍ന്നു. മനോഹരമായ ഒരു ചുവന്ന കട്ടറോസാപ്പൂവ്. ആ പൂവ് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. റോസച്ചെടി തുടരെത്തുടരെ മൊട്ടിടാനും പൂക്കാനും തുടങ്ങി. ഞാനാ പൂക്കള്‍ പറിച്ച് ഈശോയ്ക്കും മാതാവിനും യൗസേപ്പിതാവിനുമൊക്കെ കൊടുക്കാനും തുടങ്ങി. ഒന്നുപോലും പറിച്ച് തലയില്‍ ചൂടിയില്ല. തലയില്‍ ചൂടണമെന്ന് ഒരിക്കലും തോന്നിപോലുമില്ല. അപ്പോഴതാ പിശാചിന്റെ ഒരു ഇടപെടല്‍. എന്നെക്കാള്‍ ഏതാനും വയസുമാത്രം മൂപ്പുള്ള ഒരു ബന്ധു അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന തറവാടുവീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തെ നമുക്ക് തത്കാലം ജോളിചാച്ചന് എന്ന് വിളിക്കാം. നിറയെ മൊട്ടിട്ട് പൂത്തുലഞ്ഞു നില്ക്കുന്ന റോസച്ചെടി കണ്ടപ്പോള്‍ ജോളിചാച്ചന് ഒരു മോഹം. ആ റോസച്ചെടിയുടെ ഉടമസ്ഥാവകാശം ജോളിചാച്ചനു കിട്ടണം. ജോളിചാച്ചന് എന്നോടു പറഞ്ഞു, "ഞാന്‍ നിനക്ക് പത്തുരൂപ തന്നേക്കാം. പക്ഷേ ഈ റോസച്ചെടി എന്റേതാണ്." ഞാന്‍ പറഞ്ഞു 'ഒരിക്കലും പറ്റില്ല, പത്തല്ല ആയിരം രൂപ തന്നാലും ഞാനീ റോസച്ചെടി ആര്‍ക്കും കൊടുക്കുകയില്ല. ഇത് എന്റേതാണ്. ഞാന്‍ കുഴിച്ചുവച്ച് വെള്ളവും വളവും നല്കി വളര്‍ത്തിയ റോസച്ചെടിയെങ്ങനെയാണ് ജോളിചാച്ചന്റേതാവുക. അത് എന്റേതുമാത്രമാണ്.' ജോളിചാച്ചന് പറഞ്ഞു: 'അല്ല അത് എന്റേതാണ്. ഞാനാണ് കുഴിച്ചിട്ടത്. വെള്ളമൊഴിച്ചു വളര്‍ത്തിയത്. മര്യാദക്ക് വിട്ടുതന്നോളൂ. അല്ലെങ്കില്‍ ഞാനത് കരിച്ചുകളയും.' ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ട് വല്യപ്പച്ചനും വല്യമ്മച്ചിയും ഇറങ്ങിവന്നു. അവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ജോളിചാച്ചനെ താക്കീതു ചെയ്തു. ഞാന്‍ നട്ടുനനച്ച് പൂത്തുനില്ക്കുന്ന ആ റോസച്ചെടി എന്റേതാണെന്നും ജോളിചാച്ചന് അതിന്മേല് അവകാശമില്ലെന്നും അതിന്മേല് തൊട്ടുപോലും നോക്കാന്‍ പാടില്ലെന്നും വല്യപ്പച്ചന് താക്കീതു ചെയ്തു. എനിക്ക് സമാധാനമായി. ഞാനോര്‍ത്തു പ്രശ്നം തീര്‍ന്നു എന്ന്. പക്ഷേ രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ സ്കൂളില്‍ പോയി തിരിച്ചു വന്നപ്പോഴതാ എന്റെ റോസച്ചെടി പൂന്തോട്ടത്തിന്റെ വേറൊരു ഭാഗത്തുനില്‍ക്കുന്നു. ജോളിചാച്ചന് അതിനെ വേറൊരു ഭാഗത്തേക്ക് ബക്കറ്റോടെ പിഴുതുകൊണ്ടുപോയി കുഴിച്ചിട്ടിരിക്കുന്നു. വലിയൊരു വീരകൃത്യം ചെയ്ത ഭാവത്തില്‍ ജോളിചാച്ചന് പറഞ്ഞു, "ഈ റോസച്ചെടി ഇപ്പോള്‍ എന്റേതാണ്. നീ നട്ട റോസച്ചെടി ദാ അവിടെ ഉണ്ടായിരുന്ന റോസച്ചെടിയാ. ആ റോസച്ചെടിയല്ല ഈ റോസച്ചെടി. ഇത് ഞാന്‍ നട്ട റോസച്ചെടിയാ. കണ്ടില്ലേ, ഞാനതിന്റെ ചുവട്ടില്‍ വെള്ളവും വളവും ഒക്കെ കൊടുത്തിരിക്കുന്നത്. മേലില്‍ ഇത് നിന്റേതാണെന്ന് മിണ്ടിപ്പോകരുത്." ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയായി. പലവട്ടം വല്യപ്പച്ചന് ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല. ജോളിചാച്ചന് വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ ആ റോസച്ചെടി ബക്കറ്റോടെ പിഴുതെടുത്ത് ഞാനാദ്യം നട്ടിരുന്നിടത്തുകൊണ്ടുപോയി നട്ടു. പിറ്റേദിവസം ജോളിചാച്ചനത് ജോളിചാച്ചന് കുഴിച്ച കുഴിയില്‍ നട്ടു. അടുത്തദിവസം വീണ്ടും ഞാനത് എന്റെ കുഴിയിലേക്ക് പറിച്ചു മാറ്റിനടാന്‍ തുടങ്ങിയപ്പോള്‍ ആന്റി ഇടപെട്ടു. ആന്റി വളരെ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു. "മോളേ, നീയെങ്കിലും ഒന്നടങ്ങ്. അവനോ പറഞ്ഞാല്‍ കേള്‍ക്കില്ല. ഇങ്ങനെ കുഴി മാറ്റി മാറ്റി പറിച്ചു നട്ടുകൊണ്ടിരുന്നാല്‍ അത് എവിടെയും വേരുറയ്ക്കാതെ കരിഞ്ഞുപോകും. അത് അവിടെത്തന്നെ നിന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അത് നിനക്ക് തിരിച്ചുകിട്ടും." പക്ഷേ ആന്റിയുടെ ഉപദേശം എനിക്ക് സ്വീകാര്യമായിരുന്നില്ല. ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു, "പറ്റില്ല. ഞാന്‍ നട്ടുവളര്‍ത്തിയ റോസച്ചെടി എന്റേതാണ്. കരിഞ്ഞുപോയാലും ശരി, ഞാനിത് ജോളിചാച്ചന് വിട്ടുകൊടുക്കുകയില്ല." അവസാനം ആന്റി പറഞ്ഞതുതന്നെ സംഭവിച്ചു. വീണ്ടും വീണ്ടും സ്ഥലം മാറിമാറി എവിടെയും വേരുറയ്ക്കാനാവാതെ ആ റോസച്ചെടി ആദ്യം വാടി, പിന്നീട് കരിഞ്ഞുപോയി...! അത് അന്തകാലം ഇത് ഇന്തകാലം "മോളേ, നീയെങ്കിലും ഒന്നടങ്ങ്. അല്ലെങ്കില്‍ ആ റോസച്ചെടി കരിഞ്ഞുപോകും" എന്ന ആന്റിയുടെ ഉപദേശം സ്വീകരിക്കാന്‍ അക്കാലത്ത് എനിക്കു കഴിഞ്ഞില്ല. ഞാന്‍ എന്തിനടങ്ങണം? എന്റെ ഭാഗത്തല്ലേ ന്യായം എന്നതായിരുന്നു എന്റെ ചിന്ത. തികച്ചും ന്യായമായ ആ പിടിവാശിയാണ് നിറയെ പൂക്കള്‍ ചൂടി നിന്ന ആ റോസച്ചെടിയെ കരിച്ചുകളഞ്ഞത്. ഞാനൊന്നു വിട്ടുകൊടുത്തിരുന്നെങ്കില്, വിവേകത്തോടെ ഒന്നു നിശബ്ദത പാലിച്ചിരുന്നെങ്കില്‍ ആ റോസച്ചെടി നിറയെ പൂക്കള്‍ചൂടി കാണുന്നവര്‍ക്കെല്ലാം കണ്ണിനും കരളിനും സന്തോഷമേകി ദീര്‍ഘകാലം ആ മുറ്റത്തുതന്നെ നില്ക്കുമായിരുന്നു. എന്റെ റോസച്ചെടിയെ കരിച്ചുകളഞ്ഞ എന്റെ അന്നത്തെ വിവേകശൂന്യതയെ ഓര്‍ത്ത് ഇന്നു ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ എന്തുചെയ്യാം, പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുകയില്ലല്ലോ. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാനൊരമ്മയായിത്തീര്‍ന്നപ്പോള്‍ എന്റെ വീക്ഷണങ്ങളും ഹൃദയഭാവങ്ങളും മാറി. മാതൃത്വം കയ്യാളുന്ന ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ പലതും വിട്ടുകൊടുക്കുവാനും പലതിനെക്കുറിച്ചും നിശബ്ദത പാലിക്കുവാനും ഞാന്‍ പഠിച്ചു. തികച്ചും ന്യായമെന്നും നീതിയുക്തമെന്നും എനിക്കവകാശപ്പെട്ടതെന്നും കരുതിയിരുന്നതു പലതും നിരുപാധികം വിട്ടുകൊടുക്കുവാന്‍ എന്നിലെ അമ്മത്വം എനിക്ക് കരുത്തേകി. 'മോളേ, നീയെങ്കിലുമൊന്നടങ്ങ്' എന്ന് പണ്ട് ആന്റി ഉപദേശിച്ചപ്പോള്‍ എനിക്ക് തീരെ കഴിയാതിരുന്നത് പലതും അമ്മയുടെ ഹൃദയം സ്വന്തമായപ്പോള്‍ എനിക്ക് സാധ്യമായിത്തീര്‍ന്നു. അതാണ് മാതൃത്വം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റം! ഇതെങ്ങനെ കഴിഞ്ഞു? ശുശ്രൂഷാജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നല്ല അമ്മമാരില്‍ ചിലരോടെങ്കിലും ഞാന്‍ ചോദിച്ചുപോയിട്ടുണ്ട്. എന്റെ പൊന്നമ്മച്ചി, അമ്മച്ചിക്ക് എങ്ങനെയാണ് ഇത്രത്തോളം സഹിച്ച് ഇവിടംവരെ ഓടിയെത്താന്‍ കഴിഞ്ഞത്' എന്ന്. എന്തായിരുന്നു ഇതിനു പിന്നിലെ പ്രേരകശക്തി എന്ന് ഞാനവരോടു തിരക്കി. മിക്ക അമ്മച്ചിമാരുടെയും ഉത്തരം ഒന്നുതന്നെയായിരുന്നു. "കുഞ്ഞേ, അതെന്റെ മക്കളെപ്രതിയാ... അടിവയറുപൊട്ടി ഞാന്‍ പ്രസവിച്ച എന്റെ പൊന്നുമക്കളുടെ ജീവനെപ്രതി. അവരുടെ ഭാവിയെപ്രതി, അവരെയൊരു സ്ഥാനത്തെത്തിക്കേണ്ടേ. ഞാന്‍ ഏറെ സഹിച്ചാലെന്താ മോളേ, എന്റെ മക്കളെല്ലാം ഇന്നു നല്ല നല്ല സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നില്ലേ. ഞാന്‍ പിടിവാശി പിടിച്ച് വാദിച്ചു നടന്നിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമായിരുന്നോ? ഇതാണ് തമ്പുരാന്റെ ഓരോ വഴികള്‍." വിട്ടുകൊടുക്കുവാനും പിന്‍വാങ്ങാനും സ്ത്രീപുരുഷസമത്വം ദൈവത്തിന്റെ പദ്ധതിതന്നെയാണ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് അതു സഭയെ പഠിപ്പിക്കുന്നുമുണ്ട്. അവിടുന്നു പറയുന്നു "സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍" (1 പത്രോസ് 3/7) എന്ന്. അന്നത്തെ സ്ത്രീ ഒരു ബലഹീനപാത്രമായിരിക്കാം. പക്ഷേ ഇന്നത്തെ സ്ത്രീ വെറുമൊരു ബലഹീനപാത്രമല്ല. പുരുഷനോടൊപ്പവും പുരുഷനെക്കാള്‍ ഇരട്ടിയായും കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിലകൊള്ളുന്നവളും ഓടുന്നവളുമാണ്. അതുകൊണ്ട് തുല്യതയെന്നത് ദൈവപദ്ധതിയില്‍ സ്ത്രീക്ക് അര്‍ഹതപ്പെട്ടതുതന്നെയാണ്. പക്ഷേ ഒരു പ്രശ്നത്തോടും പ്രതിസന്ധിയോടും മടുക്കുമ്പോള്‍ വിട്ടുകൊടുക്കാനും പിന്‍വാങ്ങി നിശബ്ദത പാലിക്കാനുമുള്ള ശക്തി പുരുഷനെക്കാള്‍ നാലിരട്ടിയായി സ്ത്രീയില്ത്തന്നെയാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ഇതൊരു ശക്തിയാണ്, ബലഹീനതയല്ല. വിജയമാണ്, പരാജയമല്ല. കൃപയാണ്, പ്രവൃത്തികളുടെ ഫലമല്ല. അതുകൊണ്ടാണ് പരിശുദ്ധ അമ്മയെ കൃപ നിറഞ്ഞവളേ എന്ന് ഗബ്രിയേല്‍ ദൂതന് അഭിസംബോധന ചെയ്തത്. തീര്‍ച്ചയായും ഓരോ സ്ത്രീയും ഇതില്‍ അഭിമാനിക്കുകതന്നെ വേണം. നമ്മുടെയൊക്കെ പൂര്‍വതലമുറകളെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എവിടെയൊക്കെ സ്ത്രീ സഹിക്കുവാനും വിട്ടുകൊടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തയാറായോ അവിടെയൊക്കെ കുടുംബം രക്ഷപെട്ടിട്ടുണ്ട്. തലമുറകള്‍ രക്ഷപെട്ടിട്ടുണ്ട്. മക്കള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. എവിടെയൊക്കെ പോരാട്ടത്തിന്റെ നിറതോക്കുമായി സ്ത്രീ രംഗത്തിറങ്ങിയിട്ടുണ്ടോ അവിടെയൊക്കെ മക്കളും തലമുറകളും ബലിയാടുകളായിത്തീര്‍ന്നിട്ടുണ്ട്. പ്രിയപ്പെട്ടവരെ, സഭ വിശുദ്ധയായി പ്രഖ്യാപിച്ച ഒരു മോനിക്കയെക്കുറിച്ചേ നമുക്കറിവുള്ളൂ. എന്നാല്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത അനേകായിരം മോനിക്കമാര്‍ ഇന്നലെയും ഇന്നും സഭയിലുണ്ടായിട്ടുണ്ട്. ഇതു വായിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരേ, ഞാനൊരിക്കലും നിങ്ങള്‍ക്ക് എതിരല്ല. നിങ്ങളുടെ പക്ഷത്തുതന്നെയാണ്. ന്യായം പൂര്‍ണമായും നിങ്ങളുടെ ഭാഗത്തുതന്നെ ആയിരിക്കാം. അന്യായവാദത്തിന് നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും രക്ഷപ്പെടുത്താനാവില്ല. ഇതാ സകല സമാനതാബോധങ്ങളും അര്‍ഹതാബോധങ്ങളും വെടിഞ്ഞ് തന്റെ ഒരു സൃഷ്ടിമാത്രമായ മനുഷ്യനെപ്പോലെ ആയിത്തീര്‍ന്ന്, പാപികളോടൊപ്പം എണ്ണപ്പെട്ട് തന്നെത്തന്നെ താഴ്ത്തിയവനായ യേശുകര്‍ത്താവ് നമ്മുടെ മുന്നില്‍ നില്ക്കുന്നു. അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായിട്ടുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു" (ഫിലിപ്പി 2/6-10). ഏശയ്യായുടെ പുസ്തകം 53/10-11 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. "പാപപരിഹാരബലിയായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവന് തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും. കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവന് സംതൃപ്തനാകും." പ്രിയപ്പെട്ട സഹോദരിമാരേ, നമ്മുടെ സഹനങ്ങള്‍ വരുംതലമുറകളെ പടുത്തുയര്‍ത്തുന്നതായി മാറട്ടെ. പല ന്യായങ്ങളും നമുക്ക് നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സഹനങ്ങള്‍ക്ക് പ്രതിഫലം നല്കുന്ന ദൈവം നമ്മുടെ സന്തതിപരമ്പരകളെ അനുഗ്രഹിക്കും. പ്രിയപ്പെട്ട സഹോദരന്മാരേ, സ്ത്രീയോട് എന്തും ചെയ്യും എങ്ങനെയുമാകാം എന്ത് അനീതിയും പ്രവര്‍ത്തിക്കാം എന്ന ഹൃദയഭാവത്തിലേക്ക് നിങ്ങള്‍ നയിക്കപ്പെടരുതേ. അതിനുള്ള അവകാശപത്രമായി ഈ ലേഖനത്തെ കാണുകയുമരുത്. നിങ്ങളോട് ഞാനല്ല സഭ പറയുന്നത് എന്താണെന്ന് നിങ്ങള്‍ നന്നായി ഗ്രഹിക്കുക. "ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍" (1 പത്രോസ് 3/7). ആവേ മരിയ.
By: സ്റ്റെല്ല ബെന്നി
Moreഎന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സഹിക്കാന്‍ കഴിയാത്ത വേദന നിമിത്തം നടക്കാനാവാതെയായി. ആ സമയത്ത് മറ്റൊരു ആശുപത്രിയില്‍ പോയപ്പോള്‍ അവിടത്തെ ഡോക്ടര്‍ സ്കാന്‍ ചെയ്തുനോക്കി. അപ്പോഴാണറിയുന്നത്, കാലില്‍ വെരിക്കോസ് വെയിന്‍ നന്നായി ബാധിച്ചിട്ടുണ്ടെന്നും ആ ഞരമ്പുകള്‍ കാലുകളുടെ മാംസത്തിലേക്കാണ് തടിച്ചിരിക്കുന്നതെന്നും. അങ്ങനെയൊരു ഞരമ്പിലാണ് പുഴു കടിച്ചിരിക്കുന്നത്. അതിനാല്‍ മുറിവ് ഉണങ്ങാന്‍ വിഷമമാണ് എന്ന് പറഞ്ഞു. നാല് പ്രാവശ്യം ഞങ്ങള്‍ ആ ആശുപത്രിയില്‍ പോയി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, "ഓപ്പറേഷന് ചെയ്ത് ഈ ഞരമ്പ് എടുത്തുകളയുകയോ ലേസര്‍ ചികിത്സയിലൂടെ മുറിവ് കരിക്കുകയോ ചെയ്യണം." അടുത്ത ദിവസം അഡ്മിറ്റാകാം എന്നുപറഞ്ഞ് ഞങ്ങള്‍ ആശുപത്രിയില്‍നിന്നും പോന്നു. വേദനമൂലം കടുത്ത വേദനാസംഹാരി ഗുളികകള്‍ കഴിച്ചാണ് രാത്രി ഞാന്‍ ഉറങ്ങിയിരുന്നത്. ആ സമയത്ത് 2023 ഫെബ്രുവരി 5-ന് ഭര്‍ത്താവ് ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വന്നപ്പോള്‍ കൈയില്‍ ഒരു ശാലോം ടൈംസ് മാസിക ഉണ്ടായിരുന്നു. ഒരു ചേട്ടന് കൊടുത്തതാണ്. അതുകണ്ടതേ കര്ത്താവിന് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ വേഗം മാസിക വാങ്ങി തുറന്ന് വായിക്കാന്‍ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ ഞാന്‍ ആദ്യം വായിച്ചത് 'പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും' എന്ന അനുഭവസാക്ഷ്യമാണ്. ആ അനുഭവക്കുറിപ്പിലെ അതേ നേര്‍ച്ച നേര്‍ന്നാല്‍ എനിക്കും രോഗശാന്തി ഉണ്ടാകുമെന്ന് മനസ് പറഞ്ഞു. ആ നിമിഷത്തില്‍, ഞാനും സാക്ഷ്യപ്പെടുത്താമെന്നും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നു. കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു. എന്നും മുറിവ് കെട്ടിയാല്‍ അസഹനീയ വേദന ഉണ്ടാകുമായിരുന്നു. അന്ന് മുറിവ് ഡ്രസ് ചെയ്തുകഴിഞ്ഞ് വലിയ വേദന വന്നില്ല. മാത്രവുമല്ല, വേദനയില്ലാതെ ഉറങ്ങാനും സാധിച്ചു. പിന്നീട് ഞാന്‍ വേദനസംഹാരിഗുളികകള്‍ കഴിച്ചിട്ടില്ല. ഓപ്പറേഷനോ ലേസര്‍ ചികിത്സയോ കൂടാതെ മുറിവ് ഉണങ്ങാന്‍ തുടങ്ങി. ക്രമേണ മൂന്ന് മാസങ്ങള്‍കൊണ്ട് കാല് പൂര്‍ണമായി സൗഖ്യമായി. ഇപ്പോള്‍ വീട്ടില്‍നിന്നും നടന്ന് വിശുദ്ധ കുര്‍ബാനക്ക് പോകുന്നു. സൗഖ്യത്തിന് ഒരായിരം നന്ദി, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!
By: Shalom Tidings
Moreജെറാമിന് മറക്കാനാവാതെ ആ സ്വപ്നം മനസിലങ്ങനെ തങ്ങിനില്ക്കുകയാണ്. ഇതായിരുന്നു സ്വപ്നം: ജെറോം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ നിത്യനായ വിധികര്‍ത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാര്‍ന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് തലയുയര്‍ത്തി നോക്കാന്‍ ധൈര്യപ്പെട്ടില്ല. "ആരാണ് നീ?" ക്രിസ്തുവിന്റെ ചോദ്യം. "ഞാന്‍ ജെറോം, ഒരു ക്രിസ്ത്യാനി" അതായിരുന്നു മറുപടി. ഉടനെവന്നു ക്രിസ്തുവിന്റെ പ്രതികരണം, "നീ നുണ പറയുന്നു!" മുഖമടച്ച് ഒരടി കിട്ടിയ പോലെ തോന്നി ജെറോമിന്. "ഞാന്‍ ക്രിസ്ത്യാനിയാണ്" ജെറോം വിളിച്ചുപറഞ്ഞു. "അല്ല, നീ സിസെറോയുടെ ആളാണ്. നീ ക്രിസ്ത്യാനിയല്ല!" ക്രിസ്തുവിന്റെ വാക്കുകള്‍ മുഴങ്ങി. സ്വപ്നവും മാഞ്ഞു. ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ജെറോമിന് ഉത്തമസാഹിത്യകൃതികള്‍ വായിക്കാന്‍ ഏറെ താത്പര്യമായിരുന്നു. പ്ലോട്ടസിന്റെയും വെര്‍ജിലിന്റെയും സിസെറോയുടെയും കൃതികള്‍ അദ്ദേഹം വായിച്ചുകൂട്ടി. എന്നാല്‍ ഈ സ്വപ്നം ജെറോമിനെ മാറ്റിച്ചിന്തിപ്പിച്ചു. ദൈവവചനത്തിന് പ്രാമുഖ്യം നല്‍കണമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായി. പില്ക്കാലത്ത് വേദപാരംഗതനായി മാറിയ ജെറോമിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത്. യൂസേബിയസ് ഹൈറോണിമസ് സോഫ്രോണിയസ് എന്നാണ് വിശുദ്ധ ജെറോമിന്റെ യഥാര്‍ത്ഥപേര്. 340ല്‍ വടക്കുകിഴക്കന്‍ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. 360ല്‍ പോപ്പ് ലിബേരിയൂസ് ആണ് ജെറോമിന് ജ്ഞാനസ്നാനം നല്‍കിയത്. ഡാല്‍മാത്തിയ എന്നറിയപ്പെട്ട ആ പ്രദേശത്ത് ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്റെ ചിത്രങ്ങളില്‍ ഒരു സിംഹത്തെ കൂടെ പലപ്പോഴും കാണിക്കാറുണ്ട്. കാരണം തന്റെ വിശ്വാസതീക്ഷ്ണത കൊണ്ട് 'ഡാല്‍മാത്തിയയിലെ സിംഹം' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിതാവ് ജെറോമിന് നല്ല വിദ്യാഭ്യാസം നല്കി. നിര്‍ഭാഗ്യവശാല്‍, അവന് അതോടൊപ്പം ആനന്ദവും വിനോദങ്ങളും തിരഞ്ഞ് പോകുന്ന ലൗകികവഴിയും പഠിച്ചു. ധിഷണാപരമായ ജിജ്ഞാസ ജെറോമിനെ അനേകം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. കഠിനപ്രലോഭനങ്ങളാല്‍ ബുദ്ധിമുട്ടിയ കാലത്ത്, മുപ്പത്തിമൂന്ന് വയസ്സുള്ളപ്പോള്‍, സിറിയയില്‍, തെക്കുകിഴക്കന്‍ അന്ത്യോക്യയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഉഗ്രമരുഭൂമിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് ജെറോം. പിന്നീട് നാലുകൊല്ലം മരുഭൂമിയില്‍ കഠിനപ്രായശ്ചിത്തപ്രവൃത്തികളിലും പഠനത്തിലും ചെലവഴിച്ചു. ഒരു ജൂതസന്യാസിയില്‍നിന്ന് കഷ്ടപ്പെട്ട് ഹീബ്രു പഠിച്ചെടുത്തു. അന്ത്യോക്യായിലെ മെത്രാനായിരുന്ന വിശുദ്ധ പൗളിനൂസില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം 380-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഗ്രിഗറിയില്‍നിന്ന് തിരുവചനം പഠിക്കാനായി പോയി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പോപ്പ് ഡമാസസ് റോമില്‍ നടന്നിരുന്ന ഒരു സൂനഹദോസില്‍ സംബന്ധിക്കാനും സെക്രട്ടറി ആകാനും അദ്ദേഹത്തെ വിളിപ്പിച്ചു. തിരുവചനങ്ങളിലുള്ള ജെറോമിന്റെ അഗാധപാണ്ഡിത്യം അത്രക്കും സ്വാധീനിച്ചത് കൊണ്ട് പോപ്പ് അദ്ദേഹത്തെ സ്വന്തം സെക്രട്ടറി ആക്കി നിയമിച്ചു. ഗ്രീക്ക് ഭാഷയിലായിരുന്ന പുതിയ നിയമത്തെ ലാറ്റിനിലേക്ക് മാറ്റാന്‍ അദ്ദേഹത്തെ ഏല്പിച്ചു. ഗ്രീക്കിലും ഹീബ്രുവിലും ലഭ്യമായിരുന്ന വിശുദ്ധ ഗ്രന്ഥം മുഴുവനും അദ്ദേഹം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഏറെ ശ്രമകരമായ ആ ജോലിക്ക് മുപ്പത് വര്‍ഷത്തിലധികം ചെലവാക്കേണ്ടിവന്നു. 'വുള്‍ഗാത്ത' എന്നാണ് അദ്ദേഹം തയാറാക്കിയ ലാറ്റിന്‍ പരിഭാഷ വിളിക്കപ്പെടുന്നത്. തെന്ത്രോസ് (ട്രെന്റ്) സുനഹദോസില്‍ അത് സഭയുടെ ഔദ്യോഗിക ലാറ്റിന്‍ ബൈബിള്‍ ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ പോയിട്ടുള്ള അനുഭവങ്ങള്‍, പരന്ന യാത്രകള്‍, പ്രായശ്ചിത്തജീവിതം... എല്ലാം തിരുവചനങ്ങള്‍ ഏറ്റവും നന്നായി വിവര്‍ത്തനം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിന്റെ തിരുവചനവ്യാഖ്യാനങ്ങളും ജ്ഞാനദീപ്തിയുള്ള സമ്മേളനങ്ങളും ആത്മാവിനെ ഉണര്‍ത്തുന്ന എഴുത്തുകളും ജെറോമിന് അനേകം അനുയായികളെ നല്കി, അതില്‍ റോമിലെ ധാരാളം ക്രൈസ്തവ വനിതകളും ഉള്‍പ്പെട്ടിരുന്നു. അവരില്‍ ഏറെപ്പേര്‍ വിശുദ്ധരായി മാറി. പോപ്പ് ഡമാസസ് 384-ല്‍ കാലംചെയ്തുകഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ജെറോം റോമിനോട് വിട പറഞ്ഞു, സൈപ്രസും അന്ത്യോക്യയും കടന്ന് വിശുദ്ധനാട്ടിലേക്ക് പോയി. ബേത്ലഹേമില് ഈശോയുടെ ജനനസ്ഥലത്തുള്ള ബസിലിക്കക്കടുത്ത് പുരുഷന്മാര്ക്ക് വേണ്ടി ആശ്രമവും സ്ത്രീകളുടെ മൂന്ന് സമൂഹങ്ങള്‍ക്കായി ഭവനങ്ങളും പണിതു. രക്ഷകന്റെ ജന്മസ്ഥലത്തിനടുത്ത് വലിയൊരു ഗുഹയില്‍ അദ്ദേഹം പോയി പാര്‍ത്തു. തീര്‍ത്ഥാടകര്‍ക്കായി ഒരു വിദ്യാലയവും ഒരു സത്രവും പണിതു. ജോസഫും മേരിയും ഒരിക്കല്‍ക്കൂടി ബേത്ലഹേം സന്ദര്‍ശിച്ചാല്‍ അവര്‍ക്ക് താമസിക്കാനിടമുണ്ടാകുന്നതിന് വേണ്ടിയാണ് സത്രം പണിതതെന്ന് അതേക്കുറിച്ച് പറയപ്പെടുന്നു. ഇങ്ങനെയെല്ലാമായിരുന്നെങ്കിലും ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും തൂലികകൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളില്‍ ഒരാളായി. ജീവിതകാലത്തിന്റെ രണ്ടാം പകുതിയായ നാല്പത് വര്‍ഷം ചെലവഴിച്ചത് ഏകാന്തതയിലും പ്രാര്‍ത്ഥനയില്‍ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും മുഴുകിയുമാണ്. തന്റെ കുറവുകള്‍ക്ക് ക്രൂശിതനായ കര്‍ത്താവിനോട് അദ്ദേഹം മാപ്പപേക്ഷിക്കുമായിരുന്നു. സത്യത്തിനും നന്മക്കും വേണ്ടി നില്ക്കുന്നതിനിടയില് തന്റെ തീക്ഷ്ണതയാല്‍ മുറിവേറ്റവരോടും താഴ്മയോടെ അദ്ദേഹം മാപ്പ് ചോദിച്ചു. കഠിനപ്രായശ്ചിത്തങ്ങളില്‍ മുഴുകി ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു, "ഉപവാസത്താല് എന്റെ മുഖം വിളറിയിരുന്നു, എന്നിട്ടും ആസക്തികളുടെ ആക്രമണം എനിക്കനുഭവപ്പെട്ടു. മരണത്തിന് മുന്‍പേ മരിച്ചപോലെ തണുത്ത എന്റെ ശരീരത്തിലും ഉണങ്ങിപ്പോയ മാംസത്തിലും വികാരങ്ങള്‍ക്ക് അപ്പോഴും ജീവിക്കാന്‍ കഴിഞ്ഞിരുന്നു. ശത്രുവിനൊപ്പം തനിച്ചായിപ്പോയ ഞാന്‍, ആത്മാവില്‍ എന്നെത്തന്നെ യേശുവിന്റെ കാല്ക്കലേക്ക് എറിഞ്ഞുകൊണ്ട്, എന്റെ കണ്ണീരുകൊണ്ട് അവന്റെ പാദങ്ങളെ നനച്ച്, ശരീരത്തിന് കടിഞ്ഞാണിട്ട്, ഉപവാസത്തില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞു..." സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനായി രക്തമൊഴുകുന്നതുവരെ വിശുദ്ധ ജെറോം തന്റെ നെഞ്ചില്‍ കല്ല് കൊണ്ട് ഇടിച്ചിരുന്നുവത്രേ. പ്രായശ്ചിത്തങ്ങളാലും കഠിനപ്രയത്നങ്ങളാലും ക്ഷീണിതനായ അദ്ദേഹം രണ്ട് കൊല്ലം നീണ്ടുനിന്ന അസുഖത്തെ തുടര്‍ന്ന് 420, സെപ്റ്റംബര്‍ 30-ന് ദൈവസന്നിധിയിലേക്ക് യാത്രയായി. ബേത്ലഹേമിലെ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കി. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ റോമിലേക്ക് അദ്ദേഹത്തിന്റെ ശരീരം കൊണ്ടുപോയി. ഇന്നത് വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലുണ്ട്.
By: Jills Joy
Moreകേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന് ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വലിയൊരു 'ഫാന്‍സ് അസോസിയേഷന്' മൂപ്പര്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ഗ്ലാമര്‍മാത്രം അല്ല അവിടുത്തെ ചില സ്വഭാവങ്ങള്‍ ആണ് നമ്മുടെ ചങ്ക് നസ്രായനിലേക്കുള്ള ആകര്‍ഷണം. വെറും മുപ്പത്തിമൂന്നു വര്‍ഷം കൊണ്ട് പുള്ളിക്കാരന് ഉണ്ടാക്കിയെടുത്ത ഫാന്‍സ് ഒന്നും ലോകത്ത് ഇതുവരെ ഒരു സെലിബ്രിറ്റിക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ ആയിരുന്നപ്പോഴും സ്വര്‍ഗാരോഹണം ചെയ്തിട്ടും ഇന്നും നസ്രായന് നിറയെ ഫാന്‍സ് ആണ്. അല്ലാ ഈശോയേ, എന്ത് കണ്ടിട്ടാ നിനക്ക് ഇത്രയും ഫാന്‍സ്? ഗലീലി കടല്‍ത്തീരത്തേക്കു നമുക്കൊന്ന് പോകാം. ഈശോയുടെ ആദ്യ ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പ് സീന്‍ ആണ്. കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ട് സഹോദരന്മാരെ കണ്ടു. പത്രോസും അന്ത്രയോസും. മീന്‍ പിടുത്തക്കാരാണ്. ഒരു ഡയലോഗ്, "എന്നെ അനുഗമിക്കുക!" ' ഉടനെ അവര്‍ വലകള്‍ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. യാക്കോബിനോടും യോഹന്നാനോടും ഇത് തന്നെ ആവര്‍ത്തിക്കപ്പെട്ടു... ഒരു വാക്കു കേട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് അന്നന്നത്തെ അപ്പം ഭക്ഷിക്കാനുള്ള തൊഴിലുപോലും വേണ്ടെന്നു വച്ച് അവരെല്ലാം ഈശോയുടെ കൂടെ കൂടി. മീന്‍ പിടിക്കുന്നവരില്‍ നിന്നും മനുഷ്യനെ പിടിക്കുന്നവരാക്കി മാറ്റുന്ന മെഗാ ഡീല്‍. ഒരു കൂട്ടം പാവങ്ങളെ 'ക്വാളിഫൈഡ്' ആക്കി മാറ്റുന്ന ചങ്ക് നസ്രായന് ...നമ്മുടെയൊക്കെ ഉള്ളില്‍ കുടികൊള്ളുന്ന ശിമയോന് പത്രോസിലേക്കെത്താനുള്ള ദൂരം ആണ് ഈശോ. അവനിലേക്ക് നടന്നെത്തുകയേ വേണ്ടൂ. "എന്റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന് നിത്യജീവന് അവകാശമാക്കുകയും ചെയ്യും" (മത്തായി 19/29) സാബത്തില്‍ ശിഷ്യന്മാര് ഗോതമ്പു കതിരുകള്‍ പറിച്ചു തിന്നുന്നതും അവര്‍ ഉപവസിക്കാതിരിക്കുന്നതും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ചോദ്യം ചെയ്യാന്‍ ഫരിസേയര്‍ ഈശോയുടെ അടുക്കല്‍ ചെല്ലുന്ന അവസരങ്ങളുണ്ട്. സാബത്തിനെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എല്ലാം അവര്‍ ഈശോയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിന്റെ ശിഷ്യന്മാര് ഇവയൊന്നും അനുസരിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ഈശോ അവരുടെ വായ് അടച്ചുകളയുംവിധം മറുപടിയും കൊടുത്തു. എന്റെ പിള്ളേരുടെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് ചങ്കുറപ്പോടെ വിളിച്ചു പറയുന്ന ഈശോയെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുക. ഭൂലോകത്തിന്റെ വിജയരാജ്ഞി എന്ന പുസ്തകത്തില്‍ സിസ്റ്റര്‍ നതാലിയ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു. എന്തിനാണ് അങ്ങ് നരകം ഉണ്ടാക്കിയത്? അതിന് മറുപടി പറയാന്‍വേണ്ടി വളരെ പാപിയായിരുന്ന ഒരു ആത്മാവിന്റെ വിധി കാണാന്‍ എന്നെ കൊണ്ടുപോയി. ഈശോ ആ ആത്മാവിന്റെ പാപം ക്ഷമിച്ചു. പിശാച് ഈശോയോട് അട്ടഹസിച്ചു പറഞ്ഞു, ഇത് നീതിയല്ല. ഈ ആത്മാവ് ജീവിതകാലം മുഴുവന്‍ എന്റേതായിരുന്നു. എത്രയോ അധികം പാപം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പാപം മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും അങ്ങ് എനിക്കുവേണ്ടി നരകം സൃഷ്ടിച്ചു. അപ്പോള്‍ ഈശോ നിസ്സീമമായ സ്നേഹത്തോടെ പിശാചിനോടു പറഞ്ഞു. ലൂസിഫര്‍ നീ എന്നെങ്കിലും എന്നോട് മാപ്പു ചോദിച്ചിട്ടുണ്ടോ? ലൂസിഫര്‍ മറുപടി പറഞ്ഞു, ഞാന്‍ ഒരിക്കലും ചെയ്യുകയില്ല. ഉടനെ ഈശോ സിസ്റ്റര്‍ നതാലിയയോട് ഇപ്രകാരം പറഞ്ഞു. അവന് എന്നോട് ഒരൊറ്റ പ്രാവശ്യമെങ്കിലും ക്ഷമാപണം ചെയ്തിരുന്നെങ്കില്‍ നരകം ഇല്ലാതായി തീരുമായിരുന്നു.' ചെയ്തു പോയ തെറ്റുകളുടെയും എത്ര പ്രാവശ്യം ഒരുവനോട് ക്ഷമിച്ചു എന്നതിന്റെയും കണക്കുപുസ്തകം സൂക്ഷിക്കാത്ത ഈശോ. ആരൊക്കെ എതിരെ വന്നാലും കുറ്റം ചുമത്തിയാലും മകനേ, മകളേ, നീ എന്റേതാണ് എന്ന് ആവര്‍ത്തിക്കുന്ന ഈശോ... കുറ്റബോധവും നിരാശയും കീഴ്പ്പെടുത്തുമ്പോള് നമ്മുടെ ചങ്ക് നസ്രായന്റെ ചങ്കില് ചേര്‍ന്നിരിക്കുക. എന്നിട്ട് പിശാചിനോടു പറയണം, ഞാന്‍ യേശുവിന്റേതാണ്. നിനക്ക് എന്റെ മേല്‍ ഒരു അധികാരവും ഇല്ല, യൂ മൈന്‍ഡ് യുവര്‍ ബിസിനസ്സ്. ലഹരി ലഹരി എന്നത് അര്‍ത്ഥമാക്കുന്നത് ഒരു കൂടിയ അളവിനെയാണ്. ആവശ്യത്തില്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. ഈശോയുടെ പ്രവൃത്തികളിലും ഇത്തരം ഒരു ലഹരി കണ്ടെത്താന്‍ കഴിയും. ഓവര്‍ ഫ്ളോയിങ് എക്സ്പീരിയന്‍സ്. ബൈബിളില്‍ അഞ്ചപ്പം വര്‍ധിപ്പിക്കുന്നിടത്തും ഏഴപ്പം വര്‍ധിപ്പിക്കുന്നിടത്തും ക്രിസ്തുലഹരി നാം കണ്ടെത്തുന്നു. എല്ലാവരും ഭക്ഷിച്ച് തൃപ്തരായിട്ടും അവിടെ ബാക്കിയായത് സമൃദ്ധിയാണ്. പന്ത്രണ്ടും ഏഴും കുട്ടകള്‍ ബാക്കി ശേഖരിച്ചു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന കുറവുകളെ, അഞ്ചപ്പവും രണ്ട് മീനും, ഈശോയുടെ കരങ്ങളില്‍ കൊടുത്തപ്പോള്‍ അവന് സമൃദ്ധി ഉണ്ടാക്കി. ജീവിതത്തില്‍ കുറവുകളും പോരായ്മകളും നമ്മെ ഞെരുക്കുമ്പോള്‍ കൊടുക്കാം നമുക്കും, അവന്റെ സമൃദ്ധിയുടെ കരങ്ങളിലേക്ക്... ആസ്വദിക്കാം നമുക്കും ക്രിസ്തുലഹരി... "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും" (ഫിലിപ്പി 4/19). സക്കേവൂസ് പൊക്കം കുറഞ്ഞവനായിരുന്നു. യേശു ആരാണെന്ന് കാണുവാന്‍ മാത്രമേ അവന് ആഗ്രഹിച്ചുള്ളൂ. സക്കേവൂസിന്റെ ഹൃദയത്തിലെ ആഗ്രഹം അറിഞ്ഞ ഈശോ സിക്കമൂര്‍ മരത്തിനു ചുവട്ടില്‍ വന്നു നിന്നു. ഈശോ നമ്മെയും കാണുന്നു... ആരെല്ലാം അവനു വേണ്ടി ആഗ്രഹിക്കുന്നുവോ അവരുടെ അടുത്തേക്ക് അവന് കടന്നുവരും... ജനക്കൂട്ടവും പൊക്കക്കുറവും എല്ലാം ഈശോയേ കാണുന്നതിന് സക്കേവൂസിനു പ്രതിബന്ധങ്ങള്‍ ആയിരുന്നു. ഒരു സിക്കമൂര്‍ മരത്തില്‍ കയറാന്‍ സക്കേവൂസ് തീരുമാനിച്ചതുപോലെ ജീവിതത്തിന്റെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും കഷ്ടതകളിലും ഈശോയേ എന്ന് ഹൃദയം കൊണ്ട് വിളിക്കാനെങ്കിലും നാം തയ്യാറായാല്‍ അവന് വരും നാം ഇരിക്കുന്ന സിക്കമൂര്‍ മരത്തിനരികില്‍.... "നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും" (ഏശയ്യാ 54/10-12) ലാസര്‍ രോഗിയായിരിക്കുന്നു എന്ന് ആളെ വിട്ടു പറഞ്ഞിട്ടും ഈശോ താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. ലാസറിന്റെ കല്ലറക്കരികില്‍ ഈശോ കടന്നു ചെല്ലുന്നത് ലാസര്‍ സംസ്കരിക്കപ്പെട്ടിട്ട് നാല് ദിവസം ആയപ്പോഴാണ്. ഇത് വായിക്കുമ്പോഴൊക്കെ ഈശോയേ നീ ഇത്രയ്ക്ക് സ്നേഹം ഇല്ലാത്തവനാണോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. മര്‍ത്താ പറഞ്ഞത് പോലെ ഈശോ അവിടെ ഉണ്ടായിരുന്നെങ്കില്‍ ലാസര്‍ മരിക്കില്ലായിരുന്നു. രോഗസൗഖ്യം ലഭിക്കുമായിരുന്നു... അനേകര്‍ അതുകണ്ട് അവനില്‍ വിശ്വസിക്കുമായിരുന്നു... പക്ഷേ ഈശോ വേറെ ലെവല്‍ ആണ്... രോഗസൗഖ്യത്തെക്കാള്‍ മാരകവേര്‍ഷന്‍ പുള്ളി പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ലാസറിനെ മരിക്കാനും അഴുകാനും അനുവദിച്ചത്. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ഈശോ പ്രവര്‍ത്തിച്ചു. മരിച്ച് അഴുകിയവന്റെ ഉയിര്‍പ്പ്. നമ്മുടെയൊക്കെ ജീവിതത്തിലും ചിലപ്പോള്‍ ഈശോ നമ്മെ അഴുകാന്‍ അനുവദിക്കും. ഈശോക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല കേട്ടോ. അത്ഭുതത്തിന്റെ ഒരു വലിയ വേര്‍ഷന്‍ നിന്റെ ജീവിതത്തിലും അവന് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈശോ വൈകിക്കുമ്പോള്‍ അവന്റെ ഈ തിരുവചനം നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. "യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും" (യോഹന്നാന് 13/7) ഈശോയുടെ ചില സ്വഭാവ വശ്യതകളാണ് പറഞ്ഞത്. ഇതുകൂടാതെ മറ്റൊരു പ്രത്യേകത പറയട്ടെ, ഒരിക്കലെങ്കിലും അവന്റെ കണ്ണുകളില്‍ ഉടക്കിയാല്‍ പിന്നെ ഒരിക്കലും അവനെ പിരിയാന്‍ കഴിയില്ല. അവന് നമ്മെ വശീകരിച്ചു കൊണ്ടുപോവും. അവന്റേതു മാത്രമായി എന്നേക്കും ആയിരിക്കാന്‍... "കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും" (ഹോസിയ 2/14).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreദൗര്‍ഭാഗ്യവാനായ ഒരു പാപി ഭാര്യയുടെ സ്നേഹപൂര്‍ണമായ നിര്‍ദേശം അനുസരിച്ചപ്പോള്‍.... ദൈവദൃഷ്ടിയില്‍ പാപത്തില്‍ ജീവിച്ചിരുന്ന വിവാഹിതനായ ഒരു മനുഷ്യനുണ്ടായിരുന്നു. പുണ്യം നിറഞ്ഞ ഒരു സ്ത്രീയായിരുന്നു അയാളുടെ ഭാര്യ. അയാളുടെ പാപകരമായ ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ലായിരുന്നു. അതിനാല്‍ ചുരുങ്ങിയ പക്ഷം മാതാവിന്റെ നാമത്തിലുള്ള അള്‍ത്താരക്കുമുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ ഒരു 'നന്മനിറഞ്ഞ മറിയമേ' ചൊല്ലി കാഴ്ചവയ്ക്കാന്‍ അവള് അയാളോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് അയാള്‍ ഈ ഭക്തി പരിശീലിക്കാന്‍ തുടങ്ങി. ഒരു രാത്രി അയാള്‍ ഒരു പാപം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ ഒരു വെളിച്ചം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ കത്തിക്കൊണ്ടിരുന്ന ഒരു വിളക്കാണെന്ന് മനസിലായി. പരിശുദ്ധ കന്യക കരങ്ങളില്‍ ഉണ്ണീശോയെ പിടിച്ചിരുന്നു. പതിവുപോലെ അയാള്‍ ഒരു നന്മനിറഞ്ഞ മറിയമേ ചൊല്ലി. ആ സമയത്ത് ഉണ്ണിയേശുവിന്റെ ശരീരം മുറിവുകളാല്‍ ആവരണം ചെയ്തിരിക്കുന്നതായും അവയില്‍നിന്നും പുതുരക്തം ഒഴുകുന്നതായും അയാള്‍ കണ്ടു. ഇത് അയാളെ ഭയപ്പെടുത്തി. അയാള്‍ വികാരഭരിതനായിത്തീര്‍ന്നു. താന്തന്നെയും സ്വന്തം പാപങ്ങളാല്‍ തന്റെ രക്ഷകനെ മുറിവേല്പിച്ചിട്ടുണ്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നാല്‍ ദിവ്യശിശു തന്നില്‍നിന്നും മഖം തിരിച്ചുവെന്ന കാര്യം അയാള്‍ ശ്രദ്ധിച്ചു. ആഴമേറിയ ആശങ്കയോടെ അയാള്‍ ഇപ്രകാരം പറഞ്ഞുകൊണ്ട്, എത്രയും പരിശുദ്ധ കന്യകയില്‍ അഭയം തേടി. 'കരുണയുള്ള മാതാവേ, അങ്ങേ പുത്രന് എന്നെ നിരാകരിക്കുന്നു. അങ്ങയെക്കാള്‍ കൂടുതല്‍ അലിവുള്ള, ശക്തയായ മറ്റൊരു മധ്യസ്ഥയെയും ഞാന്‍ കാണുന്നില്ല. അവിടുത്തെ മാതാവും എന്റെ രാജ്ഞിയുമായ അങ്ങ് എന്നെ സഹായിക്കുകയും എനിക്കുവേണ്ടി അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.' ആ രൂപത്തില്‍നിന്നും സ്വര്‍ഗീയമാതാവ് അയാളോട് ഇങ്ങനെ മറുപടി പറഞ്ഞു, 'നിങ്ങള്‍ എന്നെ കരുണയുടെ മാതാവെന്ന് വിളിക്കുന്നു. പക്ഷേ എന്റെ മകന്റെ പീഡാനുഭവത്തെയും എന്റെ വ്യാകുലങ്ങളെയും വര്‍ധിപ്പിിച്ചുകൊണ്ട് എന്നെ വ്യാകുലമാതാവാക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുന്നില്ല.' പക്ഷേ സ്വയം തന്റെ പാദത്തില്‍ സമര്‍പ്പിക്കുന്നവരെ മറിയം ഒരിക്കലും സാന്ത്വനിപ്പിക്കാതെ പറഞ്ഞയക്കുന്നില്ല. ദുര്‍ഭഗനായ ആ പാപിയോട് ക്ഷമിക്കണമെന്ന് അവള് തന്റെ പുത്രനോട് അപേക്ഷിക്കാന്‍ തുടങ്ങി. യേശുവാകട്ടെ അത്തരമൊരു പാപപ്പൊറുതി അനുവദിക്കുന്നതില്‍ വിസമ്മതം കാണിക്കാന്‍ തുടങ്ങി. പക്ഷേ പരിശുദ്ധ കന്യക, ഉണ്ണിയെ ഭിത്തിയിലെ ഒരു ചെറിയ രൂപക്കൂട്ടില്‍ വച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണുകിടന്ന് പറഞ്ഞു, "എന്റെ മകനേ, ഈ പാപിയോട് ക്ഷമിക്കുന്നതുവരെ ഞാന്‍ നിന്റെ പാദം വിട്ടുപേക്ഷിക്കുകയില്ല." യേശു പ്രതിവചിച്ചു, "എന്റെ അമ്മേ! യാതൊന്നും അങ്ങേക്ക് നിഷേധിക്കാന്‍ എനിക്കാവില്ല. അങ്ങ് അവന്റെ പാപമോചനം ആഗ്രഹിക്കുന്നുവോ? അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞാന്‍ അയാളോട് ക്ഷമിക്കും. അയാള്‍ വന്ന് എന്റെ മുറിവുകള്‍ ചുംബിക്കട്ടെ." തേങ്ങിക്കരഞ്ഞുകൊണ്ട് ആ പാപി യേശുവിനെ സമീപിച്ചു. അയാള്‍ ചുംബിച്ചുകൊണ്ടിരിക്കേ ഉണ്ണിയേശുവിന്റെ മുറിവുകള്‍ സുഖപ്പെട്ടു. പാപപ്പൊറുതിയുടെ അടയാളമായി യേശു അയാളെ ആശ്ലേഷിച്ചു. അയാള്‍ തന്റെ സ്വഭാവത്തിന് മാറ്റം വരുത്തി. പരിശുദ്ധമായ ഒരു ജീവിതം നയിച്ചു. അയാള്‍ക്കുവേണ്ടി ഇത്ര മഹത്തായ അനുഗ്രഹം നേടിയെടുത്ത പരിശുദ്ധ കന്യാകാമാതാവിനോട് അയാള്‍ എക്കാലവും സ്നേഹപൂര്‍ണനായിരുന്നു.
By: Shalom Tidings
Moreഒരു ജനുവരിമാസം രാത്രി മൂന്നുമണിസമയം. ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലില്‍ ഒരു കൊലപാതകി അതിക്രമിച്ചുകയറി. ആരുമറിയാതെ രണ്ട് പെണ്‍കുട്ടികളെ അയാള്‍ ഉപദ്രവിച്ച് വധിച്ചുകഴിഞ്ഞു. കൂടുതല്‍ ഇരകളെ തേടി മുന്നോട്ടുനീങ്ങുകയായിരുന്നു. അടുത്തതായി അയാള്‍ വേറൊരു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി. അവള് ഉറങ്ങുകയായിരുന്നു. തന്റെയരികിലെത്തിയ കൊലപാതകിയുടെ സാന്നിധ്യം അനുഭവപ്പെട്ടാലെന്നോണം ആ പെണ്‍കുട്ടി ഉണര്‍ന്നു. അവളുടെ നിവര്‍ത്തിയ കൈകളില്‍ ഒരു ജപമാല! വിവരിക്കാനാവാത്ത എന്തോ ഒരു തടസം അയാള്‍ക്കനുഭവപ്പെട്ടു. അതിനാല്‍ ആ പെണ്‍കുട്ടിയെ ഉപദ്രവിക്കാനോ കൊല്ലാനോ കഴിയാതെ അയാള്‍ അവിടെനിന്ന് നീങ്ങി. പക്ഷേ കൊലയാളിയെ കണ്ട ഭയത്തില്‍ പരിസരബോധം നഷ്ടപ്പെട്ടുപോയ ആ പെണ്‍കുട്ടി പിന്നീട് പൊലീസിനോടൊന്നും സംസാരിച്ചില്ല. പൊലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ക്കൊപ്പം എത്തിയ മോണ്‍സിഞ്ഞോര്‍ വില്യം കെറിനോടുമാത്രമാണ് അവള് സംസാരിച്ചത്. ആദ്യമായി കോളേജ് പഠനത്തിനായി ഇറങ്ങുന്ന സമയത്ത് ദിവസവും ഉറങ്ങുംമുമ്പ് ദൈവികസംരക്ഷണം ലഭിക്കുന്നതിനായി ഒരു ജപമാല ചൊല്ലാമെന്ന് തന്റെ മുത്തശ്ശിക്ക് വാക്കുനല്കിയിരുന്നതായി അവള് പങ്കുവച്ചു. ചൊല്ലുന്നതിനിടെ ഉറങ്ങിപ്പോയാലും എന്നും ജപമാല ചൊല്ലുമെന്നായിരുന്നു വാഗ്ദാനം. അന്ന് അതുതന്നെയാണ് സംഭവിച്ചത്. പക്ഷേ ഉറക്കത്തിനിടയിലും ജപമാല കൈവിരലുകളില്‍ കോര്‍ത്തുകിടന്നു. അവളുടെ ജീവനെ പൊതിഞ്ഞുപിടിച്ച മാതൃസംരക്ഷണം. പിന്നീട് പിടിയിലായ കൊലയാളി ടെഡ് ബണ്ഡിയാണ് തനിക്ക് ആ പെണ്‍കുട്ടിയെ കൊല്ലാന്‍ കഴിഞ്ഞില്ല എന്ന് തുറന്ന് സമ്മതിച്ചത്. മുപ്പത്തിയഞ്ചോളം പേരെ കൊലചെയ്തയാളായിരുന്നു ബണ്ഡി. മാരകായുധംകൊണ്ട് തലയ്ക്കടിച്ചശേഷം കയറുകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊല നടത്തുകയാണ് അയാള്‍ ചെയ്തുകൊണ്ടിരുന്നത്. മിക്കവാറും ഇരകളെ ലൈംഗികമായും ഉപദ്രവിച്ചിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ ഒരു രീതിയിലും ഉപദ്രവിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പില്ക്കാലത്ത് പിടിക്കപ്പെട്ട് വധശിക്ഷ ഏറ്റുവാങ്ങിയ ബണ്ഡി തടവറയിലായിരുന്നപ്പോള്‍ മോണ്‍സിഞ്ഞോര്‍ കെറില്നിന്ന് ആത്മീയോപദേശം സ്വീകരിച്ചിരുന്നു. അപ്പോഴാണ് ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കൊലചെയ്യാന്‍ ഉദ്ദേശിച്ച് ചെന്നിട്ടും എന്തുകൊണ്ട് തനിക്കതിന് കഴിഞ്ഞില്ല എന്ന് വെളിപ്പെടുത്തിയത്.
By: Shalom Tidings
Moreപരീക്ഷയില്‍ സഹപാഠികളെല്ലാം പ്രാക്ടിക്കല്‍ ചെയ്തുതുടങ്ങിയപ്പോള്‍ ജപമാല ചൊല്ലിയ പെണ്‍കുട്ടിയുടെ അനുഭവം. ഞാന്‍ ബി.എസ്സി. ബോട്ടണി പഠിച്ചുകൊണ്ടിരുന്ന കാലം. ഉപവിഷയമായ സുവോളജിയുടെ ഫൈനല്‍ പ്രാക്ടിക്കല്‍ പരീക്ഷ അടുത്തുവന്നു. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രശ്നം, മറ്റെല്ലാം നന്നായി ചെയ്താലും തവളയുടെ ഡിസെക്ഷന്‍ എനിക്ക് വളരെ പ്രയാസകരമായിരുന്നു. തവളയെ കീറിമുറിച്ച് ക്രേനിയല്‍ നെര്‍വ് വ്യക്തമായി കാണിക്കണം. അത് വളരെ പ്രധാനപ്പെട്ട മേജര്‍ ഡിസെക്ഷനുമാണ്. എന്നാല്‍ എനിക്ക് ലാബില്‍ ആ മണം ശ്വസിച്ചാല്‍ത്തന്നെ തലവേദനയും തലകറക്കവും വരുന്നതുപോലെ തോന്നും. അതിനാല്‍ എത്ര ശ്രമിച്ചിട്ടും തവളയുടെ ഡിസെക്ഷന്‍ നന്നായി ചെയ്യാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇക്കാര്യം എന്റെ സുവോളജി അധ്യാപികക്കും നന്നായി അറിയാം. പ്രാക്ടിക്കല്‍ ക്ലാസില്‍ എനിക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് മിസ് കണ്ടിട്ടുള്ളതാണ്. ഇക്കാരണങ്ങള്കൊണ്ടെല്ലാം പരീക്ഷയ്ക്ക് ഒരുക്കമായി ഞാന്‍ കൂടുതല്‍ ജപമാലകള്‍ ചൊല്ലാന്‍ ആരംഭിച്ചു. പരീക്ഷയ്ക്ക് തവളയുടെ ഡിസെക്ഷന്‍ വരരുത്, അതാണ് നിയോഗം. പരീക്ഷയുടെ ദിവസവും ജപമാല ചൊല്ലി വളരെ പ്രതീക്ഷയോടെ പരീക്ഷാഹാളില്‍ എത്തി. ഉടന്‍ ഞാന്‍ ബോര്‍ഡിലേക്ക് നോക്കി. അന്ന് ചെയ്യേണ്ട മേജര്‍ ഡിസെക്ഷന്‍ അവിടെ എഴുതിയിട്ടിട്ടുണ്ട്. ഏത് ഡിസെക്ഷന്‍ വരരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചോ, അതുതന്നെ! തവളയുടെ ക്രേനിയല്‍ നെര്‍വ്!! എന്റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. "മാതാവേ, എനിക്ക് പണിതന്നല്ലേ" എന്ന് പറഞ്ഞുകൊണ്ട് എന്റെ സീറ്റില്‍ ചെന്നിരുന്നു. ഞങ്ങളുടെ സുവോളജി മിസ്സും ഹാളിലുണ്ട്, മിസ്സിനെ ദയനീയമായി നോക്കി. മിസ് എന്നെയും നോക്കി. എന്തുചെയ്യാന്‍, മിസ്സിന് എന്നെ സഹായിക്കാനാവില്ലല്ലോ. എന്തായാലും തവളയെ കീറിമുറിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നിയില്ല. അതിനാല്‍ ഞാന്‍ ജപമാല കൈകളിലെടുത്തു. അപ്പോഴേക്കും എല്ലാവരും ഡിസെക്ഷന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഞാന്‍ അവിടെയിരുന്ന് ഒരു ജപമാല മുഴുവനും ചൊല്ലി. അതുകഴിഞ്ഞ് ഞാന്‍ കാണുന്നത് പരിശുദ്ധ അമ്മ എന്റെ അരികില്‍ വന്നുനില്ക്കുന്നതാണ്! അതുവരെ ഒന്നും ചെയ്യാതിരുന്ന എന്നെ അമ്മ, ഡിസെക്ഷന്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ എടുപ്പിച്ചു, ഓരോന്നും പറഞ്ഞുതന്നു. ഞാന്‍ അതുപോലെ ചെയ്തു. മിസ് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ അസാധാരണമായ പെരുമാറ്റം മിസ്സിനെ അല്പം അമ്പരപ്പിച്ചെന്ന് തോന്നുന്നു. പരിശുദ്ധ അമ്മ എന്റെ അരികിലുണ്ടെന്ന് മിസ് അറിയുന്നില്ലല്ലോ. അല്പനേരത്തിനകം എന്നെക്കാള്‍ മുമ്പ് ചെയ്തുതുടങ്ങിയവരെ പിന്നിലാക്കി എന്റെ ഡിസെക്ഷന്‍ പൂര്‍ത്തിയായി. അതുവരെ ആ ഡിസെക്ഷന്‍ ചെയ്യാത്ത ഒരാളാണ് ഞാനെന്ന് അതുകണ്ടാല്‍ ആരും പറയാത്തവിധം ഏറെ മികച്ച രീതിയിലാണ് അത് ചെയ്തിരുന്നത്. തീര്‍ന്നില്ല, പരീക്ഷ കഴിഞ്ഞപ്പോള്‍ ആ ഡിസെക്ഷന്റെ മികവുനിമിത്തം അത് മറ്റുള്ളവരെ കാണിച്ച് പഠിപ്പിക്കാനായി ലാബില്‍ സൂക്ഷിക്കാനും തീരുമാനിച്ചു. എന്നെപ്പറ്റി എല്ലാം അറിയാവുന്ന മിസ്സിനും കൂട്ടുകാര്‍ക്കുമെല്ലാം ഇതില്‍ വലിയ ആശ്ചര്യം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വഴി നടന്ന അത്ഭുതമാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. നന്ദിയായി ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയോടുള്ള ഭക്തി എന്നില്‍ ആഴപ്പെടുത്തിയ അനുഭവമായിരുന്നു അത്. "യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്ത് നില്ക്കുന്നതുകണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്. അനന്തരം അവന് ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹന്നാന് 19/27) എന്ന് നാം വചനത്തില്‍ വായിക്കുന്നു. ഈശോയുടെ അമ്മ നമ്മുടെയും അമ്മയാണെന്നും നാം അവളുടെ മക്കളാണെന്നും ഈശോ യോഹന്നാനെ പ്രതിനിധിയാക്കി നമ്മെ ഓര്മിപ്പിക്കുകയാണല്ലോ. അതിനാല്‍ നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ സഹായം ചോദിക്കാം. അമ്മ നമ്മെ ഒരിക്കലും കൈവിടുകയില്ല.
By: Christina Bijo
Moreനാല് വയസ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ ഒരു ക്ലിനിക്കില്‍ ഇരിക്കുകയാണ്. രണ്ടുപേരും അമ്മമാരുടെ മടിയിലാണ്. ഒരു നഴ്സ് അവിടേക്ക് കടന്നുവരുന്നു. കൈയില്‍ ഒരു സിറിഞ്ച് ഉണ്ട്. അവര്‍ വലതുവശത്തിരിക്കുന്ന കുഞ്ഞിന്റെ തുടയില്‍ സൂചി കയറ്റുന്നു. ആ കുഞ്ഞ് കണ്ണടച്ച് വേദന സഹിക്കുകയാണ്. ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുന്ന മറ്റേ കുഞ്ഞും കണ്ണടച്ച് ആ വേദന അനുഭവിക്കുന്ന മട്ടില്‍ ഇരിക്കുന്നു. ഇത് നമ്മുടെ അനുഭവത്തിലുള്ള കാര്യമാണ്. എന്തായിരിക്കാം ഈ പ്രതികരണത്തിന് കാരണം? ശാസ്ത്രജ്ഞര്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്കത്തിലെ മിറര്‍ ന്യൂറോണ്‍സ് എന്ന സവിശേഷ ന്യൂറോണുകളാണത്രേ ഇതിന് കാരണം. രണ്ട് മസ്തിഷ്കങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രത്യേക ന്യൂറോണുകളാണ് മിറര്‍ ന്യൂറോണുകള്‍. ഒരു പ്രത്യേക അനുഭവമുണ്ടാകുന്ന വ്യക്തിയിലെയും അത് കണ്ടുനില്ക്കുന്ന വ്യക്തിയിലെയും മിറര്‍ ന്യൂറോണുകള്‍ ഒരേ സമയം ഉദ്ദീപിപ്പിക്കപ്പെടുന്നു. അതുനിമിത്തമുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ ഏറെക്കുറെ സമാനമായിരിക്കും. കണ്ടുനില്ക്കുന്ന വ്യക്തിയില്‍ അത് അല്പം നിയന്ത്രിക്കപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു. അനുഭവം യഥാര്‍ത്ഥത്തില്‍ ഉണ്ടായത് അപരനാണെന്ന് മനസിലാക്കാനും പ്രതികരണം നിയന്ത്രിക്കപ്പെടാനുമാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് അനുമാനിക്കാം. അല്ലാത്തപക്ഷം ഇന്ജക്ഷന് സ്വീകരിച്ച കുഞ്ഞ് വേദനയുള്ള ഭാഗത്ത് പതിയെ തൊട്ടുനോക്കുകയോ തലോടുകയോ ചെയ്യുന്നതുപോലെ കണ്ടുനിന്ന കുഞ്ഞും ചെയ്യുമല്ലോ. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പാര്മയില്നിന്നുള്ള ജിയാക്കോമോ റിസൊലാട്ടിയായിരുന്നു ഈ മേഖലയിലുള്ള പഠനത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകന്. ഇന്ത്യക്കാരനായ ഡോ. വി.എസ്.രാമചന്ദ്രനും ഈ മേഖലയില്‍ ഗണനീയമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. FMRI ഉപയോഗിച്ച് മസ്തിഷ്കത്തിന്റെ പഠനം നടത്തിയപ്പോള്‍ ഒരു വ്യക്തി ഒരു പ്രവൃത്തി ചെയ്യുമ്പോഴും മറ്റൊരാള്‍ അതേ പ്രവൃത്തി ചെയ്യുന്നത് കണ്ടുകൊണ്ടുനില്ക്കുമ്പോഴും അയാളുടെ മസ്തിഷ്കത്തിന്റെ ഇന്റീരിയര്‍ ഫ്രോണ്ടല്‍ കോര്‍ട്ടക്സും സുപ്പീരിയല്‍ പറൈറ്റല്‍ ലോബും സജീവമാകുന്നതായി കണ്ടു. മസ്തിഷ്കത്തിന്റെ ഈ ഭാഗങ്ങളില്‍ മിറര്‍ ന്യൂറോണുകള്‍ ഉള്ളതായിട്ടാണ് ഇതില്‍നിന്ന് മനസിലാവുന്നത്. മിറര്‍ ന്യൂറോണുകള്വഴി കൂടെയുള്ളവരുടെ വേദനയും ദുഃഖവും സന്തോഷവുമെല്ലാം നമുക്ക് അതേ മനസോടെ പങ്കുവയ്ക്കാനാവും. സ്വാര്‍ത്ഥത വെടിയാന്‍ നമ്മെ പ്രേരിപ്പിക്കുന്നവയാണ് മിറര്‍ ന്യൂറോണുകള്‍ എന്ന് പറയാം. മസ്തിഷ്കത്തിലെ ഈ കണ്ണാടികള്വഴി "കരയുന്നവരോടുകൂടെ കരയുവിന്‍, സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍" എന്ന റോമാ 12:15 തിരുവചനം നിറവേറ്റാന്‍ നമുക്ക് സാധിക്കും. അതെ, അപ്രകാരമാണ് നമ്മുടെ മസ്തിഷ്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവലംബം: ലൈറ്റ് ഓഫ് ട്രൂത്ത്, ശാലോം ടി.വി.
By: Shalom Tidings
Moreഎന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് ഞാന്‍. മാതാപിതാക്കളും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍നിന്ന് 2003 ജൂണ്‍ മാസം എട്ടാം തിയതി ഞാന്‍ പൗരോഹിത്യപരിശീലനത്തിനായി ഇറങ്ങി. സ്കൂള്‍ പഠനകാലത്ത് പഠനത്തില്‍ മോശമായിരുന്നു. എന്നാല്‍ വൈദികപരിശീലനകാലത്ത് പഠനമേഖലയില്‍ ഈശോ പ്രത്യേക അനുഗ്രഹം ചൊരിയാന്‍ തുടങ്ങി. സാമാന്യം മികച്ച മാര്‍ക്കാണ് എനിക്ക് വൈദികപഠനസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെ സന്തോഷകരമായി സെമിനാരിജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നു. വൈദികപരിശീലനം ആരംഭിക്കുന്ന ഓരോ വൈദികവിദ്യാര്‍ത്ഥിയും സ്വപ്നം കാണുന്ന ഒരു ദിവസമുണ്ട്, ആദ്യമായി ഈശോയുടെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. ആ സ്വപ്നത്തിലേക്ക് ഞാനുള്‍പ്പെടെയുള്ള ഞങ്ങളുടെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അടുത്തുകൊണ്ടിരുന്നു… തിരുപ്പട്ടത്തിലേക്ക് എത്താന്‍ ഏതാണ്ട് ഒന്നരവര്‍ഷം ബാക്കി നില്ക്കുന്ന നാളുകള്‍. ഒരു ദിവസം നേരം വെളുത്തപ്പോള്‍ എന്റെ ഇടത്തേ കണ്ണിന് കാഴ്ചയില്ല! കണ്ണാടിയില്‍ നോക്കി പരിശോധിച്ചപ്പോള്‍ ആ കണ്ണ് തുറന്നുതന്നെയിരിക്കുന്നുണ്ട്, പക്ഷേ കാര്യമായി ഒന്നും കാണുന്നില്ല! തുടര്‍ന്ന് ചികിത്സകള്‍ക്കായി പോയി. പരിശീലകരായ വൈദികര്‍ക്ക് എന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണോ എന്നുള്ള സംശയങ്ങളും ആകുലതകളുമൊക്കെയുണ്ട്. കാരണം കാഴ്ചയില്ലാത്ത ഒരാള്‍ക്ക് അജപാലനപരമായ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവില്ലല്ലോ. പക്ഷേ കര്‍ത്താവിന്റെ പ്രത്യേക കരുതല്നിമിത്തം പഠനമേഖലകളിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സമൃദ്ധമായി എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി. തളരാതിരുന്നതിനുപിന്നില്…. ആ സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ‘എങ്ങനെ തളരാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു? പേടി തോന്നിയില്ലേ?’ വാസ്തവത്തില്‍, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിന് നാലുമാസങ്ങള്‍ക്കുമുമ്പ് പരിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഈശോ എനിക്കൊരു അനുഭവം തന്നു. ആ അനുഭവം ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴും ആവര്‍ത്തിച്ചു. ഈ രണ്ട് അനുഭവങ്ങളും എന്റെ ആത്മീയപിതാവിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”പരിശുദ്ധ കുര്ബാനയര്പ്പിക്കുമ്പോള് അത് ഈശോയുടെ തിരുശരീരമാണെന്നും തിരുരക്തമാണെന്നും കുറെക്കൂടി വിശ്വസിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ലേ. ഈ വിശ്വാസം ഉള്ളില്‍ വച്ചാല്‍ മതി.” ആ ഉപദേശം സ്വീകാര്യമായിരുന്നു. പക്ഷേ അതോടൊപ്പംതന്നെ എന്തോ ഒരു വേദന വരാന്‍ പോകുന്നുണ്ടോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് 2012 മെയ് 30-ന് ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. അതേത്തുടര്‍ന്ന് സെമിനാരിയില്‍ അവസാന ഒന്നര വര്‍ഷത്തെ പ്രധാന പഠനങ്ങള്‍ക്കൊപ്പം ചികിത്സകളും നടന്നുകൊണ്ടിരുന്നു. ആ വര്‍ഷം കടന്നുപോയി. അടുത്ത വര്‍ഷത്തെയും പഠനം ഏതാണ്ട് പൂര്‍ത്തിയായി. തിരുപ്പട്ടം കിട്ടാനായി നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ അടുക്കുകയാണ്. ആ സമയത്ത് ഞാനും ഒപ്പമുള്ളവരും ചേര്‍ന്ന് പീലാസയും കാസയും കാപ്പയുമൊക്കെ വാങ്ങാനായി പോയി. അതെല്ലാം കൈയില്‍ കിട്ടാനായി കൊതിയോടെ കാത്തിരിക്കുന്ന സമയം. ആ ഡിസംബര്‍ 15-ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ വലത്തേ കണ്ണിന്റെ കാഴ്ചയും നഷ്ടമായിരുന്നു. അപ്പച്ചന് എന്നെയുംകൊണ്ട് ആശുപത്രിയില്‍ കയറിയിറങ്ങി. ഡോക്ടര്‍ അവസാനം പറഞ്ഞു, ”ഞാനും പ്രാര്‍ത്ഥിക്കാം.” കാരണം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈശോ ഉത്തരം പറഞ്ഞില്ല… തീര്‍ത്തും അവ്യക്തമായി എന്തോ കാണുന്നു എന്നുമാത്രമേയുണ്ടായിരുന്നുള്ളൂ പിന്നീട്. ആ ദിവസങ്ങളില്‍ കൂട്ടുകാര്‍ കാസയും പീലാസയും എന്റെ കൈയില്‍ കൊണ്ടുവന്നുതന്നു. അന്ന് ഞാന്‍ ഹൃദയം നൊന്ത് ചോദിച്ചു, ”ഈശോയേ, ഈ പീലാസയെടുത്ത് ഇതില്‍ നിന്റെ തിരുശരീരം വച്ച് ഇതെന്റെ ശരീരമാകുന്നു എന്നു പറയാന്‍ എന്നെ അനുവദിക്കുമോ? കാസയെടുത്ത് ഇതെന്റെ രക്തമാകുന്നുവെന്ന് പറയാന്‍ ഈശോയേ, എന്നെ ഒന്ന് അനുവദിക്കുമോ?” അന്ന് ഈശോ ഒരുത്തരവും പറഞ്ഞില്ല. എല്ലാവരും കാപ്പ നോക്കി ‘നല്ല ഭംഗിയുണ്ടെ’ന്ന് പറയുമ്പോള്‍ ഇതൊക്കെ ഒരിക്കലെങ്കിലും ധരിക്കാന്‍ കഴിയുമോ എന്നും ഈശോയോട് ചോദിച്ചുപോയിട്ടുണ്ട്. അപ്പോഴും ഈശോ ഒരുത്തരവും പറഞ്ഞില്ല. ആ സമയത്ത് വീട്ടില്‍ കുറച്ചുനാള്‍ വി്രശമിച്ചിരുന്നു. അന്ന് അനിയത്തിയാകട്ടെ പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന സമയമാണ്. അനിയത്തിയും അധ്യാപികയായിരുന്ന ആന്റിയും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം കാണാപാഠം പഠിക്കാന്‍ സഹായിച്ചു. ചില പ്രാര്‍ത്ഥനകള്‍ പഠിക്കാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ പഠനം നിര്‍ത്തിയിട്ട് ഒരു ജപമാലരഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് വീണ്ടും പഠിക്കും. അങ്ങനെ എല്ലാ പ്രാര്‍ത്ഥനകളും കാണാപാഠമായി. അനിശ്ചിതത്വം… അശരീരി… ഡിസംബര്‍ 31-ന് വീട്ടില്‍നിന്നും ഇറങ്ങി. തുടര്‍ന്ന് സെമിനാരിയിലേക്കും ബിഷപ്സ് ഹൗസിലേക്കും പോകേണ്ടിയിരുന്നു. ആദരണീയനായ റാഫേല്‍ തട്ടില്‍ പിതാവാണ് എനിക്ക് പട്ടം തരേണ്ടത്. പിതാവ് എനിക്കായി ഒന്നരമണിക്കൂറോളം പ്രാര്‍ത്ഥിച്ചിട്ട് എന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നം അറിഞ്ഞിട്ടുതന്നെ പട്ടം സ്വീകരിക്കാന്‍ അനുവാദം തന്നു. അത്ഭുതകരമായ ആ ദൈവിക ഇടപെടലില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങി. തിരുപ്പട്ടത്തിന്റെ ദിവസമെത്തി. 2014 ജനുവരി ഒന്ന്. അന്ന് പടികള്‍ കയറിയിറങ്ങുക തുടങ്ങി, പല കാര്യങ്ങളും കൂട്ടുകാരുടെ സഹായമില്ലാതെ തനിയെ ചെയ്യേണ്ടിവരും എന്നെനിക്കറിയാം. എങ്ങനെ അതെല്ലാം ചെയ്യുമെന്ന ആശങ്കയുമുണ്ട്. എന്തായാലും പിതാവിനോടൊപ്പം കാറില്‍ ജപമാല ചൊല്ലിക്കൊണ്ടാണ് വന്നത്. തിരുപ്പട്ടത്തിനായി ഒരുങ്ങുന്നതിന്റെ തിരക്കില്‍ ആ ജപമാല പോക്കറ്റിലിടാന്‍ മറന്നുപോയി. പിന്നീട് പോക്കറ്റിലിടാന്‍ പറ്റുകയുമില്ല. കൈയില്‍ പിടിക്കാനുമാവില്ലെന്നറിയാം. അതിനാല്‍ കൈത്തണ്ടയില്‍ ചുറ്റിവച്ചു. തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇരുവശത്തും നിന്നിരുന്ന വൈദികര്‍ക്ക് എന്റെ അവസ്ഥ അറിയാമായിരുന്നതുകൊണ്ട് അവര്‍ എന്നെ സഹായിക്കാനായി പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്നിരുന്നു. എന്നാല്‍ അവരുടെ സ്വരത്തെക്കാള്‍ തെളിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തരുന്ന മറ്റൊരു സ്വരം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സഹായിക്കുന്നതിന് കൂടെ ഒരാളുണ്ടെന്ന് എനിക്ക് മനസിലായി. അത് മറ്റാരുമായിരുന്നില്ല പരിശുദ്ധ അമ്മയായിരുന്നു. അന്നുമുതല്‍ എന്നും കൈത്തണ്ടയില്‍ ചുറ്റിയ ജപമാല എല്ലായ്പോഴും, പ്രത്യേകിച്ച് ദിവ്യബലിസമയത്തും എന്നോടൊപ്പമുണ്ട്. ഉത്തരം കിട്ടിയ ദിവസം ഞാന്‍ ഹൃദയം നൊന്ത് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എന്റെ തിരുപ്പട്ടത്തിന്റെ ദിവസം ഈശോ ഉത്തരം തന്നു. ഇന്ന് അനേകതവണ ഞാന്‍ എന്റെ കാപ്പ അണിഞ്ഞുകഴിഞ്ഞു. ഏത് പീലാസയും കാസയും കൈയിലെടുത്താണോ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ഹൃദയമുരുകി ചോദിച്ചത് അതേ പീലാസയും കാസയും കൈയിലേന്തി അനേകതവണ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞു. ആദ്യബലിയുടെ അന്നും പിന്നീടും അതാതു ദിവസത്തെ സുവിശേഷഭാഗം കാണാതെ പഠിച്ചാണ് പരിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നത്. വൈദികനായതിനുശേഷം പിതാവിന്റെ നിര്‍ദേശപ്രകാരം ഞാനൊരു പള്ളിയില്‍ മൂന്നര മാസക്കാലം സഹവികാരിയായി ഇരുന്നു. പിന്നീട് എന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മറ്റൊരു സ്ഥാപനത്തില്‍ എട്ടരമാസത്തോളം ഒരു അംഗത്തെപ്പോലെ താമസിച്ചു. അതിനുശേഷം പാലക്കാട് ധോണി ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു. ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 2016 ഫെബ്രുവരിയില്‍ നിര്‍ണായകമായ ഒരു സംഭവമുണ്ടായി. കുറച്ച് മാസങ്ങളായി സ്ഥിരമായി പനിനിമിത്തം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ഫെബ്രുവരിയിലാകട്ടെ ബി.പി വല്ലാതെ കുറഞ്ഞ് ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാത്ത അവസ്ഥ വന്നു. മരണമെന്നുതന്നെ ഡോക്ടേഴ്സ് ഉള്‍പ്പെടെ എല്ലാവരും ചിന്തിച്ചുതുടങ്ങി. മാതാപിതാക്കളോടും അപ്രകാരം പറയുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ബി.പി തനിയെ ഉയര്‍ന്നു. അങ്ങനെ അത്ഭുതകരമായി ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെവന്നു. കര്‍ത്താവ് എന്റെ പൗരോഹിത്യശുശ്രൂഷ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു! അല്പനാളുകള് കഴിഞ്ഞപ്പോള്‍ മറ്റൊരു അത്ഭുതം! എന്റെ വലത്തെ കണ്ണിന്റെ കാഴ്ച ഈശോ 2016 ആഗസ്റ്റ് 22-ന് എനിക്ക് തിരിച്ചുതന്നു. വൈദ്യശാസ്ത്രത്തിന് അതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ല. ഇപ്പോള്‍ വലത്തേ കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെങ്കിലും എനിക്ക് വായിക്കാനും വാഹനം ഓടിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. ബെഷെറ്റ്സ് ഡിസീസ് (Behcet’s Disease) എന്ന അപൂര്‍വ അസുഖമാണ് എനിക്കുള്ളത്. ഈ അസുഖം ശരീരത്തില്‍ ഇമ്യൂണിറ്റി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. അതാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. കണ്ണുകള്‍മാത്രമല്ല, രക്തയോട്ടമുള്ള ഏത് അവയവവും ഈ രോഗത്തിന്റെ ഫലം അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ ഇന്നും ഈശോ അവിടുത്തെ പൗരോഹിത്യശുശ്രൂഷ ചെയ്യാനുള്ള ആരോഗ്യസ്ഥിതി എനിക്ക് തരുന്നു. കര്‍ത്താവ് കാണിച്ച കാരുണ്യം മാത്രമാണ് എന്റെ പൗരോഹിത്യം. ”കര്‍ത്താവിന്റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്ന് നിങ്ങള്‍ അറിയപ്പെടും” (ഏശയ്യാ 61/6). കണ്ണില്ലാതെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ എനിക്ക് തിരുവോസ്തിരൂപനായ ഈശോയെ കാണാന്‍ സാധിക്കില്ലായിരുന്നെങ്കിലും ഞാനര്‍പ്പിച്ച ബലികളില്‍ പലരും ഈശോയെ കണ്ടു, അനുഭവിച്ചു! അവിടുത്തേക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക! തൃശൂര്‍ അതിരൂപതയില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ് ഫാ. പോള്‍. പിതാവ്: നിര്യാതനായ കെ.ഐ.ആന്റണി, മാതാവ്: റോസിലി ആന്റണി, രണ്ട് സഹോദരങ്ങള്‍. ഇപ്പോള്‍ തൃപ്രയാര്‍ താന്ന്യം സെന്റ് പീറ്റേഴ്സ് ദൈവാലയത്തിലും നാട്ടിക സെന്റ് ജൂഡ് ദൈവാലയത്തിലും വികാരിയായി സേവനം ചെയ്യുന്നു.
By: ഫാ. പോള്‍ കള്ളികാടന്‍
Moreഞാനും എന്റെ കുടുംബവും ശാലോം ടൈംസ് മാസിക വായിക്കുന്നുണ്ട്. ഞങ്ങള്‍ ശാലോം ടി.വിയെ സാമ്പത്തികമായും പ്രാര്‍ത്ഥനയിലൂടെയും താങ്ങുന്ന ശാലോം പീസ് ഫെലോഷിപ് (എസ്.പി.എഫ്) അംഗങ്ങളുമാണ്. 12 വര്‍ഷമായി ഞങ്ങള്‍ വാങ്ങിയ കൃഷിസ്ഥലത്ത് കുടിവെള്ളത്തിന് യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു. പലരെയും കൊണ്ടുവന്ന് സ്ഥാനം നോക്കി മൂന്ന് കുഴല്‍കിണറുകള്‍ കുത്തിയെങ്കിലും ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ മാസികയില്‍ വായിച്ച 2 രാജാക്കന്മാര് 3/16-20 വചനഭാഗം രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ചൊല്ലി പ്രാര്‍ത്ഥിക്കുകയും വെള്ളം ലഭിച്ചാല്‍ സാക്ഷ്യമറിയിക്കാമെന്ന് നേരുകയും ചെയ്തു. ആ സമയത്ത് ഒരു ദിവസം വീട്ടില്‍ ജോലിക്ക് വന്ന ആള് വെള്ളത്തിന് സ്ഥാനം കാണുകയും കുളം കുഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കുളം കുഴിക്കുന്നതിന്റെ തലേ ദിവസം പ്രാര്‍ത്ഥിച്ച് വചനം എടുത്തപ്പോള്‍ ”അവിടുന്ന് പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി” എന്ന സങ്കീര്‍ത്തനങ്ങള്‍ 114/8 വചനം ലഭിച്ചു. അതില്‍ വിശ്വസിച്ച് കുളം കുഴിച്ചപ്പോള്‍ സമൃദ്ധമായി വെള്ളം കിട്ടി. ഈശോ ഞങ്ങള്‍ക്ക് ചെയ്തുതന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുന്നു.
By: ഷിബു പന്യാംമാക്കല്‍
Moreഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ക്കായി അനേകതവണ അദേഹത്തിന് ദൈവാലയത്തിലേക്ക്, വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുകയും സങ്കീര്‍ത്തിയിലേക്ക് പോവുകയും ചെയ്യേണ്ടിവന്നു. ദൈവാലയത്തിനുള്ളിലൂടെ പലപ്രാവശ്യം ദിവ്യകാരുണ്യ ഈശോയ്ക്ക് അപ്പുറവും ഇപ്പുറവും കടക്കേണ്ടതായും വന്നു. എന്നാല്‍ ഏറ്റവും അതിശയകരമായത്, ഈ അവസരങ്ങളിലെല്ലാം അദ്ദേഹം ദിവ്യകാരുണ്യ ഈശോയെ ശിരസുനമിച്ച് ഭക്തിയോടെ ആരാധിച്ചിരുന്നു എന്നതാണ്. ആരും ശ്രദ്ധിച്ചുപോകുന്ന സ്നേഹപ്രകടനം. എത്ര ആദരവോടെയാണ് അദേഹം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്..! സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴും ആ ബഹുമാനത്തിന് മാറ്റുകുറയുന്നില്ല. രാജാധിരാജാവിന്റെ സന്നിധിയില്‍ ഭയഭക്ത്യാദരവുകളോടെ പ്രവേശിക്കുകയും കുമ്പിട്ട് ആരാധിച്ച് ഉത്തരവാദിത്വങ്ങള്‍ സ്നേഹപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്ന ദൈവാലയ ശുശ്രൂഷി. ഈശോയോട് അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള ഉത്ഘടസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ആദരവിന്റെ ഉറവിടം. അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാലറിയാം അവിടെ സര്‍വശക്തനായ ദൈവം സന്നിഹിതനാണെന്ന്. സ്വര്‍ഗത്തില്‍ വസിക്കുന്ന അത്യുന്നതന് ആ ദൈവാലയത്തില്‍ സര്‍വമഹത്വത്തോടെ ഉപവിഷ്ഠനാണെന്ന് ആ കപ്യാര് ഒന്നും പറയാതെ കാണിച്ചുതന്നു; ഒരു മാലാഖയെപ്പോലെ. അദ്ദേഹത്തിന്റെ പേരോ വിശദാംശങ്ങളോ അറിയില്ല, പക്ഷേ, ഒന്നറിയാം, ആ ശുശ്രൂഷിക്ക് ദൈവത്തെ അറിയാം. അവിടുത്തെ എപ്രകാരം സ്നേഹിക്കണമന്ന്, ആദരിക്കണമെന്ന് അറിയാം. ”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും” (1സാമുവല്‍ 2/30), ”ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുകാള് നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27) എന്ന ദൈവത്തിന്റെ വാഗ്ദാനപ്രകാരം ഈ ദൈവാലയ ശുശ്രൂഷിയെയും കുടുംബത്തെയും അദേഹത്തിനുള്ള സകലത്തെയും അവിടുന്ന് എത്രയധികമായി ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും..! കര്‍ത്താവിന്റെ പേടകം ആദരവോടെ സംരക്ഷിച്ച ഓബദ് ഏദോമിനെക്കുറിച്ച് 2സാമുവല്‍ 6/11,12 രേഖപ്പെടുത്തുന്നു: ‘കര്‍ത്താവിന്റെ പേടകം ഓബദ് ഏദോമിന്റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു. കര്‍ത്താവ് ഓബദ് ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്റെ പേടകം നിമിത്തം കര്‍ത്താവ് ഓബദ് ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു…’
By: ആന്സിമോള് ജോസഫ്
Moreചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷാ പേപ്പര്‍ വീട്ടില്‍ കാണിച്ച് രക്ഷിതാവിന്റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള പേപ്പര്‍ ആദ്യം കാണാവുന്ന വിധം മുകളില്‍ വയ്ക്കും. താഴേക്ക് താഴേക്ക് മാര്‍ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന്‍ ഞാന്‍ പപ്പയുടെ അടുത്ത് പേപ്പര്‍ കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്‍ക്കുണ്ടെന്ന് കണ്ടാല്‍ പിന്നെ അവസാനം ഇരിക്കുന്നവയ്ക്ക് കുറച്ച് കുറവുണ്ടെന്ന് തോന്നിയാലും അത് പ്രശ്നമാക്കാറില്ല. നമുക്ക് എവിടെ നിന്നെങ്കിലും ഒരു പ്രശംസയോ വെരി ഗുഡ് എന്ന കമന്റോ കിട്ടിയെന്ന് വിചാരിക്കുക, അന്ന് വൈകുന്നേരംതന്നെ ഒരഞ്ചുമിനിട്ട് കണ്ടെത്തിയിട്ട് ഈശോയോട് ഇങ്ങനെ പറയണം, ‘ഈശോയേ, ഇന്ന് ഒരു വെരി ഗുഡ് കിട്ടിയിട്ടുണ്ട്, പിന്നെ പ്രോത്സാഹനവും പ്രശംസയും പരിഗണനയും. പക്ഷേ പതിവുപോലെ ഇന്നും കുറ്റം പറച്ചില്, ആവര്‍ത്തിച്ചുള്ള വിധിക്കല്‍, ക്ഷമിക്കാനാകാതെ വാശി തുടങ്ങിയവയും ഉണ്ടായിരുന്നു…” അതായത്, നന്മകള് ആദ്യം പറഞ്ഞോളൂ. പിന്നാലെ വീഴ്ചകളും പറയണം എന്നുസാരം. ഇങ്ങനെയൊരു സംഭാഷണരീതി തുടങ്ങിയാല്‍, കൊച്ചുകൊച്ചുകാര്യങ്ങളില് ആത്മപ്രശംസ നടത്തുകയോ, കൊച്ചുകൊച്ചു വീഴ്ചകള്‍ വിട്ടുകളയുകയോ ചെയ്യില്ല. എല്ലാം സുതാര്യമായി ദിവസവും കര്‍ത്താവിനോട് സംഭാഷിച്ചിരിക്കും. മാത്രമല്ല, നല്ല ഒരുക്കത്തോടെ വിശുദ്ധ കുമ്പസാരത്തിന് അണയുകയും ചെയ്യാം. സത്യത്തില്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് മഹത്വം സ്വീകരിച്ച കാര്യങ്ങള്‍ ഏറ്റുപറയുന്നതും. ഇത്തരത്തില്‍ നാം നടത്തുന്ന സംഭാഷണം കൊച്ചുകൊച്ചു പാപങ്ങള്‍ ഏറ്റുപറയുന്നതിനൊപ്പം നമുക്ക് ലഭിച്ച കൊച്ചുകൊച്ചു മഹത്വങ്ങളും കര്ത്താവിന് സമര്‍പ്പിക്കാനുള്ള അവസരം കൂടിയാണ്. ഇപ്രകാരം തുടരുമ്പോള്‍ വീഴ്ചയുടെ എണ്ണം കുറയുന്നതായും ആത്മപ്രശംസക്ക് കാരണമാകാത്ത വെരിഗുഡുകളുടെ എണ്ണം കൂടുന്നതായും കാണാം. കര്‍ത്താവ് അതിനിടവരുത്തും. കല്പ്പനലംഘനം മൂലമുള്ള പാപം നിമിത്തം കര്‍ത്താവിനെ വേദനിപ്പിക്കുന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് കര്ത്താവിന് അര്‍ഹമായ മഹത്വം നമ്മള് കൈവശമാക്കുന്നതും. ഈ സംഭാഷണരീതിയിലൂടെ ഇതിനുരണ്ടിനും മാറ്റം വരുത്താം. അല്ലാത്തപക്ഷം, ”ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന് അല്പാല്പമായി നശിക്കും” (പ്രഭാഷകന്‍ 19/1) എന്നതാകും സംഭവിക്കുക. ഇനി മറ്റൊരു പ്രത്യേകത എന്തെന്നുവച്ചാല്‍ നാം സമര്‍പ്പിക്കുന്ന ഇത്തരം കൊച്ചുകൊച്ചു പാപങ്ങളും ബലഹീനതകളും ഉഗ്രന്‍ പ്രാര്ത്ഥനകള്കൂടിയാണ് എന്നതാണ്. ഇങ്ങനെ നാം വായിക്കുന്നു, ”നിന്റെ ബലഹീനത നിനക്കുള്ള എന്റെ ദാനമാണ്. നിന്റെ നേട്ടങ്ങള്‍ എനിക്കു സമര്‍പ്പിക്കുന്നതിനൊപ്പം നിന്റെ ദാരിദ്ര്യവും ബലഹീനതയും വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള പരാജയവും എനിക്കു കാഴ്ചവയ്ക്കുക. പകരമായി, ഞാന്‍ നിന്റെ കാഴ്ച സ്വീകരിച്ച് അതിനെ എന്റെ എത്രയും സമ്പൂര്‍ണ്ണമായ പീഡാനുഭവത്തോടുചേര്ത്ത് എന്റെ വൈദികര്‍ക്കും സഭയ്ക്കും ഫലപ്രദമാക്കും” (ഇന്‍ സിനു ജേസു, പേജ് 220). വൈദികര്‍ക്ക് വേണ്ടിയും സമര്പ്പിതര്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുള്ള വ്യക്തിയാണോ താങ്കള്‍? അങ്ങനെയെങ്കില്‍ ഇവ്വിധത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്, നമ്മുടെ ബലഹീനതകള്‍ കര്ത്താവിന് സമര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ പ്രസാദിപ്പിക്കാവുന്നതാണ്. സത്യത്തില്‍ നമ്മുടേയും ലോകം മുഴുവന്റെയും വിശുദ്ധീകരണത്തിന് അനുദിനം ഒരഞ്ച് മിനിറ്റ് വളരെ ‘സിംപിള്‍’ ആയി നമുക്ക് നീക്കിവയ്ക്കാം.
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
More