Home/Encounter/Article

സെപ് 30, 2023 274 0 Joby George Kongandushalakal
Encounter

അസാധാരണ കാഴ്ചകളും ദിവ്യകാരുണ്യവും

ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ എന്ന് സംശയിച്ചിരുന്ന ലേഖകന്‍റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍

എന്‍റെ യുവത്വം തുടങ്ങുന്ന കാലങ്ങളില്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും പോയിരുന്നെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ സംശയമായിരുന്നു, ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ? ആ സമയത്ത് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനം കൂടാന്‍ ഇടയായി. ധ്യാനാവസരത്തില്‍ പനയ്ക്കലച്ചന്‍ ദിവ്യകാരുണ്യത്തെ കുറിച്ചുള്ള ക്ലാസ്സ് എടുത്തത് എന്നെ നന്നായി സ്പര്‍ശിച്ചു. ക്ലാസ്സിനുശേഷം ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും ആയിരുന്നു. ആരാധനയ്ക്കിടയില്‍ അച്ചന്‍ പറഞ്ഞു, “ഈ അപ്പം ഈശോതന്നെയാണ്. എങ്കിലും ഈ ആരാധനയില്‍ പങ്കെടുക്കുന്ന പലര്‍ക്കും ഈശോ ആണെന്ന ബോധ്യമില്ല. അങ്ങനെയുള്ളവര്‍ ഈ അപ്പത്തിന് ജീവനുണ്ടെന്നോ ഇത് ഈശോ ആണെന്നോ ചിന്തിക്കാതെ ഇത് ഒരു അപ്പമാണെന്ന് മാത്രം വിശ്വസിച്ച് അപ്പത്തോട് പറയുക. ഈ അപ്പം ഈശോയാണെന്നുള്ള ബോധ്യം നല്കണമേ.”

അപ്പത്തെ നോക്കി പ്രാര്‍ത്ഥിച്ചപ്പോള്‍

ഞാനും അപ്പത്തെ നോക്കി അങ്ങനെ പ്രാര്‍ത്ഥിച്ചു. പക്ഷേ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആരാധനയ്ക്കുശേഷം കുര്‍ബാന ആരംഭിച്ചു. വൈദികന്‍ തിരുവോസ്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു: “സജീവവും ജീവദായകവുമായ ഈ അപ്പം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവന്‍ ജീവന്‍ നല്കുന്നതുമാകുന്നു” ആ പ്രാര്‍ത്ഥനാസമയം ഞാന്‍ തിരുവോസ്തിയിലേക്ക് സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാക്ഷാല്‍ ഈശോ തിരുവോസ്തിയില്‍നിന്ന് ഇറങ്ങി നടന്ന് ക്രിസ്തുരാജന്‍റെ രൂപത്തില്‍ എന്‍റെ ഹൃദയത്തിലേക്ക് വന്നു കയറി. ആ നിമിഷം മുതല്‍ ഞാന്‍ ദിവ്യകാരുണ്യത്തില്‍ വിശ്വാസമുള്ളവനായിത്തീര്‍ന്നു. അവിശ്വാസം മാറി പൂര്‍ണ്ണ ബോധ്യമുള്ളവനായി. “സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്” (യോഹന്നാന്‍ 6/51).

പിന്നെയും നാളുകളേറെ കഴിഞ്ഞുപോയി. എന്‍റെ വിവാഹം നടന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ചു. അതിനുശേഷം ഭാര്യ രണ്ടാമത് ഗര്‍ഭിണിയായിരുന്ന സമയം. പ്രസവത്തിനായി 2012 ആഗസ്റ്റ് 16 ന് രാവിലെ ആശുപത്രിയില്‍ അഡ്മിറ്റായി. അടുത്ത ദിവസം രാവിലെ ഡോക്ടര്‍ വിസിറ്റിങ്ങിന് വന്നപ്പോള്‍ പറഞ്ഞു, “ഇന്ന് വേദന വന്നില്ലെങ്കില്‍ നാളെ വേദനയ്ക്കുള്ള കുത്തിവയ്പ്പ് എടുക്കാം.”

അന്ന് വൈകുന്നേരം ഞാന്‍ ആശുപത്രിക്ക് പുറത്ത് നടക്കാന്‍ ഇറങ്ങി താഴത്തെ നിലയില്‍ എത്തിയപ്പോള്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ അഖണ്ഡ ജപമാല നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അള്‍ത്താരയില്‍ ദിവ്യകാരുണ്യം എഴുന്നെള്ളിച്ച് വച്ച് ചൊല്ലിക്കൊണ്ടിരുന്ന ആ ജപമാലപ്രാര്‍ത്ഥനയില്‍ അല്പനേരം പങ്കെടുത്ത് ഞാന്‍ തിരിച്ച് റൂമിലെത്തി. ഉടനെ കുളിക്കാനായി കുളിമുറിയില്‍ കയറി. അപ്പോള്‍ ധ്യാനകേന്ദ്രത്തില്‍നിന്നുള്ള പ്രാര്‍ത്ഥന കേള്‍ക്കാമായിരുന്നു. വെന്‍റിലേഷന്‍ വഴി എത്തിവലിഞ്ഞ് പുറത്തേക്ക് നോക്കിയപ്പോള്‍ ധ്യാനകേന്ദ്രത്തിന്‍റെ അള്‍ത്താരയിലിരിക്കുന്ന ദിവ്യകാരുണ്യവും പ്രാര്‍ത്ഥിക്കുന്നവരെയും കാണാമായിരുന്നു. അവിടെനിന്ന് കേള്‍ക്കുന്ന ആരാധനയുടെ ഗാനത്തിന് ഈണം പിടിച്ച് കുളിക്കാന്‍ തുടങ്ങിയ സമയത്ത് ഭിത്തിയില്‍ ഒരു അസാധാരണ കാഴ്ച!

ഒരു പഴയ ഫിലിം റോളില്‍ കാണുന്നതു പോലെ… അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന ഒരു കുഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങുന്നു. കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റാന്‍ തുടങ്ങുന്ന ഒരു ദ്യശ്യം വളരെ വ്യക്തമായി കാണാം. ഇത് എന്താണെന്ന് മനസ്സിലാകാതെ ഞാന്‍വീണ്ടും ദിവ്യകാരുണ്യത്തെ നോക്കി. വീണ്ടും കാണുന്നത് ഗര്‍ഭാവസ്ഥയിലുള്ള ഒരു വെളുത്ത ആണ്‍കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി മുറുകുന്നതാണ്.

ഭാര്യയുടെ സ്വപ്നവും
ഭിത്തിയിലെ കാഴ്ചയും

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ മനസ്സില്‍ വന്നു. ഞാന്‍ വേഗത്തില്‍ കുളിനിര്‍ത്തി പുറത്ത് വന്ന് ഭാര്യയെ നോക്കുമ്പോള്‍ അവള്‍ ജപമാല ചൊല്ലുകയായിരുന്നു. ഞാന്‍ കണ്ട കാര്യം അവളോട് പറയാതെ ഉദരത്തില്‍ ജപമാല വച്ച് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു. സന്ധ്യക്ക് ആശുപത്രി ചാപ്പലിലെ ജപമാലയിലും ഞങ്ങള്‍ പങ്കു ചേര്‍ന്നു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ ഭാര്യ എന്നോട് പറഞ്ഞു, “ഞാന്‍ ഒരു സ്വപ്നം കണ്ടു. പ്രസവം കഴിഞ്ഞ് എന്നെ ആശുപത്രിയില്‍ തനിച്ചാക്കി എല്ലാവരും കുഞ്ഞിനെയും കൊണ്ട് ദൂരെ എവിടെയോ പോകുന്നു.” അപ്പോള്‍ എനിക്ക് തോന്നി ഭാര്യയുടെ സ്വപ്നവും ഞാന്‍ കണ്ട ദര്‍ശനവും എന്തോ സംഭവിക്കാനുള്ള ഒരു അടയാളമാണെന്ന്. എങ്കിലും ശാന്തതയോടെ ഭാര്യയെ ആശ്വസിപ്പിച്ചു, “സാരമില്ല, നിന്‍റെ പേടികൊണ്ടുള്ള തോന്നലാണ്.”

അധികം താമസിയാതെ അവള്‍ക്ക് വേദന വരാനുള്ള ഇഞ്ചക്ഷന്‍ വച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് വേദന ശക്തമായപ്പോള്‍ അവളെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. അപ്പോഴും അവള്‍ ജപമാല ചൊല്ലുന്നുണ്ടായിരുന്നു.

എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താല്‍ ഞാന്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അരമണിക്കൂറിനുള്ളില്‍ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. തലേദിവസം ഞാന്‍ കണ്ട പോലത്തെ വെളുത്തുമെലിഞ്ഞ കുഞ്ഞ്. ദൈവാനുഗ്രഹത്താല്‍ ഭാര്യയ്ക്കും കുഴപ്പമൊന്നും ഇല്ലായിരുന്നു. സമാധാനമായി എന്നു കരുതി ഭാര്യ റൂമില്‍ വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തലേന്ന് കണ്ട ദൃശ്യങ്ങളുടെ കാര്യങ്ങള്‍ അവളോട് പറഞ്ഞു. കുഴപ്പമൊന്നുമില്ലാതെ സംരക്ഷിച്ച ഈശോയ്ക്ക് ഞങ്ങള്‍ നന്ദിയര്‍പ്പിച്ചു.

പക്ഷേ ഭാര്യ കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരിക്കുമ്പോള്‍ നഴ്സായ അവളുടെ നാത്തൂന്‍ പറഞ്ഞു, “കുഞ്ഞിന് എന്തോ പ്രശ്നമുണ്ട്, കുറുകുറുപ്പ് വരുന്നുണ്ടല്ലോ.” ഉടനെ ഡ്യൂട്ടി നേഴ്സിനെ അറിയിച്ചു. അവര്‍ വന്ന് കുഞ്ഞിനെ ചകഇഡ ലേക്ക് മാറ്റി. അരമണിക്കൂര്‍ കഴിഞ്ഞ് കുഴപ്പമില്ലെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചു തന്നു. പക്ഷേ കുഞ്ഞിന്‍റെ കുറുകുറുപ്പ് മാറിയില്ല.

നാത്തൂന്‍ നിര്‍ദ്ദേശിച്ചതുപോലെ ഞങ്ങള്‍ കുഞ്ഞിനെ കുട്ടികളുടെ ഡോക്ടറെ കാണിച്ചു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്ക് വന്ന പനി കുട്ടിക്കും വന്നതാണെന്നായിരുന്നു അവിടെനിന്ന് പറഞ്ഞത്. വീണ്ടും നാത്തൂന്‍, കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്ന് ആവര്‍ത്തിച്ചു. ‘പ്രസവത്തില്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ?’ ‘വേറെ ആശുപത്രിയില്‍ പോകണോ?’ എന്നൊക്കെ അന്വേഷിച്ചപ്പോഴും, ‘കുഴപ്പമൊന്നുമില്ല, വേറെ ആശുപത്രിയില്‍ പോകേണ്ട’ എന്നാണ് പറഞ്ഞത്.

കന്യാസ്ത്രീ പറഞ്ഞ രഹസ്യം

കുറച്ച് കഴിഞ്ഞപ്പോള്‍ നഴ്സായ ഒരു കന്യാസ്ത്രീ ഞങ്ങളുടെ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു, “ഡോക്ടര്‍ ഇപ്പോള്‍ വിസിറ്റിങ്ങിന് വരും. അപ്പോള്‍ അനുമതി വാങ്ങി വേറെ ഹോസ്പിറ്റലില്‍ കുഞ്ഞിനെ കൊണ്ടു പോകണം. ഞാന്‍ പറഞ്ഞതായി പറയണ്ട.”

കുട്ടിയുടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “പ്രസവ സമയത്ത് കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. ഭാഗ്യംകൊണ്ടാണ് നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിച്ചത്. അതുമൂലം കുഞ്ഞിന്‍റെ ഉള്ളില്‍ ഫ്ളൂയിഡ് പോയതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ ആശുപത്രിയില്‍ പോകാം. നാളെ ഞാന്‍ ലീവാണ്. തിരക്കു പിടിക്കണ്ട, സാവകാശം പോയാല്‍ മതി.”

ഞങ്ങള്‍ പരിചയമുള്ള ഒരു വാഹനം ഏര്‍പ്പാടാക്കി വേറെ വലിയ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ യാത്ര ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ വാഹനം ഒരു അപകടത്തില്‍പ്പെട്ട് മുന്നിലെ ഗ്ലാസ്സ് പൊട്ടിത്തൂങ്ങി. അധികം താമസിക്കാതെ തൂളുമഴയും തുടങ്ങി. പിന്നീട് വളരെ പ്രയാസപ്പെട്ട് 40 കിലോമീറ്റര്‍ യാത്ര ചെയ്ത് ആശുപത്രിയില്‍ എത്തി. ചികിത്സ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയതുമൂലം ഫ്ളൂയിഡ് ഉള്ളില്‍ ചെന്നതാണ്. കുട്ടിയെ ഇപ്പോള്‍ കൊണ്ടുവന്നത് നന്നായി. അല്ലെങ്കില്‍ ഭാവിയില്‍ ന്യൂമോണിയക്കും ആസ്ത്മക്കും കാരണമായേനെ.”

പിറ്റേന്ന് ഭാര്യയെ കുഞ്ഞിന്‍റെ അടുത്ത് കൊണ്ടു വന്നു. ഒരാഴ്ചത്തെ ചികിത്സക്കുശേഷം ഞങ്ങള്‍ തിരിച്ച് വീട്ടില്‍ പോയി. ഇന്ന് ദൈവാനുഗ്രഹത്താല്‍ മകന് കുഴപ്പമില്ല. അവന്‍റെ ഓരോ ജന്മദിനവും ദൈവത്തിന്‍റെ കരുതലിന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. “ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 32/6).

ദിവ്യകാരുണ്യസന്നിധിയിലെ ജപമാലപ്രാര്‍ത്ഥനവഴിയായി എന്നോട് സംസാരിച്ച, ദുരിതങ്ങളുടെ മധ്യത്തിലും ഞങ്ങളെ കാത്തുപരിപാലിച്ച ദൈവത്തിന്‍റെ സ്നേഹം ഇന്നും ഞങ്ങളെ ശക്തിപ്പെടുത്തുന്നു. ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യം എന്നെ ആഴമായി ബോധ്യപ്പെടുത്തിയ രണ്ട് സംഭവങ്ങളും ഇന്നും മനസില്‍ പച്ചപിടിച്ചുനില്ക്കുകയാണ്.

Share:

Joby George Kongandushalakal

Joby George Kongandushalakal

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles