Home/Engage/Article

സെപ് 30, 2023 265 0 Shalom Tidings
Engage

അമ്മത്രേസ്യയുടെ മഠത്തിലെ മര്‍ത്തായും മറിയവും

മര്‍ത്തായെപ്പോലെ സദാ കര്‍മനിഷ്ഠരായ സന്യാസിനികളും മറിയത്തെപ്പോലെ ധ്യാനനിഷ്ഠരായ സന്യാസിനികളും ഒന്നിച്ചുവസിക്കുമ്പോള്‍ ഒരു കൂട്ടര്‍ മറ്റേ കൂട്ടരെ കുറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വിശുദ്ധ അമ്മത്രേസ്യ നല്കിയ നിര്‍ദേശം.

പ്രിയ സഹോദരിമാരേ, വിശുദ്ധ മര്‍ത്താ പുണ്യവതിയായിരുന്നെങ്കിലും അവള്‍ ധ്യാനനിഷ്ഠയായിരുന്നെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അനേകം പ്രാവശ്യം സ്വീകരിച്ച് സല്‍ക്കരിക്കാനും അവിടുത്തോടൊപ്പം മേശയ്ക്കിരുന്ന് ഭക്ഷിക്കാനും ഭാഗ്യം സിദ്ധിച്ച ആ ധന്യയെപ്പോലെ ആയിത്തീരാന്‍ കഴിയുന്നത് എത്ര അഭികാമ്യം?

മറിയം മഗ്ദലേനായെപ്പോലെ നിങ്ങളെല്ലാം ധ്യാനനിര്‍ലീനരായിരുന്നാല്‍ ആ ദിവ്യാതിഥിക്ക് ആര് ഭക്ഷണം തയാറാക്കും? ഈ സമൂഹം വിശുദ്ധ മര്‍ത്തായുടെ ഭവനമാണെന്ന് ഓര്‍ക്കുക. ഇവിടെ എല്ലാത്തരക്കാരും വേണം. കര്‍മിഷ്ഠജീവിതത്തിന് നിയുക്തരായവര്‍ ധ്യാനത്തില്‍ ലയിച്ചിരിക്കുന്നവരെക്കുറിച്ച് പിറുപിറുക്കരുത്; ധ്യാനനിഷ്ഠര്‍ അതിനുത്തരം പറയാതെ മൗനമവലംബിച്ചാലും കര്‍ത്താവ് അവരുടെ ഭാഗം വാദിക്കും. അവര്‍ തങ്ങളെത്തന്നെയും മറ്റ് സമസ്തവും വിസ്മരിക്കുന്നതിന്‍റെ മുഖ്യമായ നിദാനം അതാണ്.

അതോടൊപ്പം കര്‍ത്താവിന് ഭക്ഷണം തയാറാക്കാനും ആരെങ്കിലും വേണമെന്ന കാര്യം മറക്കരുത്; അതിനാല്‍ മര്‍ത്തായെപ്പോലെ ശുശ്രൂഷിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതണം. കര്‍ത്താവ് നിയോഗിക്കുന്നതിലെല്ലാം സംതൃപ്തിയടയുന്നതും അതേ സമയം അവിടുത്തെ ശുശ്രൂഷികളാകാന്‍ യോഗ്യതയില്ലെന്ന് കരുതുന്നതുമാണ് യഥാര്‍ത്ഥ എളിമയെന്ന് നിങ്ങള്‍ അറിയണം. ധ്യാനിക്കുന്നതും മാനസികമായും വാചികമായും പ്രാര്‍ത്ഥിക്കുന്നതും മഠത്തില്‍ ആവശ്യമുള്ള മറ്റ് സേവനങ്ങള്‍ അനുഷ്ഠിക്കുന്നതും എല്ലാക്കാര്യങ്ങള്‍ക്കുംവേണ്ടി അധ്വാനിക്കുന്നതും നമ്മോടൊന്നിച്ച് വസിക്കാനും ഭക്ഷിക്കാനും ഉല്ലസിക്കാനും വരുന്ന ദിവ്യാതിഥിയായ ഈശോയുടെ ശുശ്രൂഷയാണെങ്കില്‍ ഏതില്‍ ഏര്‍പ്പെടേണ്ടിവന്നാലും നമുക്കെന്താണ് വ്യത്യാസം?

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles