Home/Enjoy/Article

ഫെബ്രു 21, 2024 64 0 Brother Augustine Christy PDM
Enjoy

ചോദിക്കാത്ത അനുഗ്രഹം

കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ ഒരു പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കുക എന്നത് എന്‍റെ വലിയൊരു ആഗ്രഹമായിരുന്നു. എന്‍റെ സഹോദരന്‍ പഠിച്ചിരുന്ന കോളേജിലെ പ്രെയര്‍ ഗ്രൂപ്പിന്‍റെ വിശേഷങ്ങള്‍ എന്നെ ഇക്കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന അവിടെ ഒരു ചെറിയ പ്രെയര്‍ ഗ്രൂപ്പിനുവേണ്ടി നിസാരദിവസങ്ങളല്ല ഞാന്‍ കാത്തിരുന്നിട്ടുള്ളത്. അഞ്ചു വര്‍ഷക്കാലം അതിനുവേണ്ടി ഓടിനടന്നു. എന്നാല്‍ ഫലമോ ശൂന്യം. വര്‍ഷങ്ങള്‍ അധ്വാനിച്ചിട്ടും ഒരാളെപ്പോലും കണ്ടെത്താന്‍ സാധിക്കാത്തതിന്‍റെ നിരാശയുമായാണ് അവിടെനിന്നും പഠനം കഴിഞ്ഞിറങ്ങിയത്. ഒരാളുപോലും വരാതെ പലതവണ ഞാന്‍ ഒറ്റയ്ക്ക് പ്രെയര്‍ ഗ്രൂപ്പ് കൂടിയിട്ടുണ്ട്.

ഈ മുന്‍ അനുഭവം മൂലം, ജോലിക്ക് ചെന്ന പുതിയ സ്ഥലത്ത്, നിശബ്ദനാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ അധ്വാനിക്കാത്ത വയലുകളും നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടവും നിങ്ങള്‍ക്ക് ഞാന്‍ തരുന്നു എന്ന് ജോഷ്വായെ ഓര്‍മ്മപ്പെടുത്തിയ കര്‍ത്താവ് എന്‍റെ കാര്യത്തിലും അതുതന്നെ ചെയ്തതാണ് അവിടെ ഞാന്‍ കണ്ടത്. ഞാനായിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അവിടെ ആരംഭിച്ച പ്രെയര്‍ ഗ്രൂപ്പ് പുതിയ അംഗങ്ങളാല്‍ നിറയുകയായിരുന്നു. അല്‍പ്പം മുന്‍പ് സൂചിപ്പിച്ച വാഗ്ദാനവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുന്ന കാഴ്ച. അത്ഭുതമെന്തെന്നുവച്ചാല്‍, എനിക്കുണ്ടായ പഴയ അനുഭവംപോലെത്തന്നെ ഒരു പ്രെയര്‍ ഗ്രൂപ്പിനായി വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മറ്റൊരാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവിടെ നിന്നും പോയത് എന്നതാണ്. അന്ന് ആ വ്യക്തിയിലൂടെ പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനുവേണ്ട ഒരുക്കങ്ങള്‍ ദൈവാത്മാവ് ചെയ്തുവച്ചിരുന്നു. ആ വ്യക്തിയിലൂടെ നട്ടു. മറ്റൊരാളിലൂടെ നനച്ചു. ദൈവംതന്നെ അത് വളര്‍ത്തി.

ഇതാണ് കര്‍ത്താവിന്, സുവിശേഷവേല ചെയ്യുന്നവരോട് എന്നും പറയാനുള്ള കാര്യം.

നീ വിതയ്ക്കുക; നീതന്നെ ഫലം കാണണമെന്നോ കൊയ്യണമെന്നോ ആഗ്രഹിക്കാതെ, തളരാതെ വചനം വിതയ്ക്കുക.

പൗലോസ് ശ്ലീഹ സ്വന്തം അനുഭവത്തില്‍നിന്നും പറഞ്ഞത് ഇങ്ങനെയല്ലേ? ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു
വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും” (1 കോറിന്തോസ് 3/6-8). ഇതുതന്നെയാണ് എന്‍റെ അനുഭവത്തില്‍നിന്നും മനസ്സിലായിട്ടുള്ളത്.

“വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക…..നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്‍റെ ജോലി ചെയ്യുകയും നിന്‍റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക” (2 തിമോത്തിയോസ് 4/2-5).

ആനുകാലിക സംഭവങ്ങളോ പ്രതീക്ഷിക്കാത്ത പ്രതികരണമോ കണ്ട്, അവിടുന്ന് നിന്നെ പ്രത്യേകമായി ഏല്പിച്ചിരിക്കുന്ന ദൗത്യത്തില്‍നിന്നും ഒരിക്കലും പിന്മാറരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാമിപ്പോള്‍ ആയിരിക്കുന്ന ഇടം തന്നെയാണ് അവിടുന്ന് നമുക്ക് നല്‍കിയിരിക്കുന്ന കൃഷിസ്ഥലം.

സത്യത്തില്‍ നാമല്ല, ദൈവാത്മാവാണ് നമ്മിലൂടെ അവിടുത്തെ പ്രവൃത്തി ചെയ്യുന്നത്. ഈശോമിശിഹായില്‍ അഭിവാദനങ്ങള്‍!

Share:

Brother Augustine Christy PDM

Brother Augustine Christy PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles