Home/Encounter/Article

സെപ് 30, 2023 300 0 Sr Sherly Mathew M.S.M.I
Encounter

വേനലില്‍ പെയ്‌ത കരുണ

ഈവര്‍ഷത്തെ കഠിനവേനലില്‍ ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന്‍ വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്‍, “അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവനോട് പറഞ്ഞു, അവര്‍ക്ക് വീഞ്ഞില്ല” (യോഹന്നാന്‍ 2/3) എന്ന തിരുവചനം ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. “ഞങ്ങള്‍ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ” എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതിന്‍റെ രണ്ടാം ദിവസം ഒരാള്‍ മഠത്തില്‍ വന്നു പറഞ്ഞു, “കുഴല്‍കിണറിന് യന്ത്രം ഉപയോഗിച്ച് സ്ഥാനം കാണുന്നവര്‍ ഈ പ്രദേശത്ത് വരുന്നുണ്ട്. ഈ വര്‍ഷം കിണര്‍ കുഴിക്കുന്നില്ലെങ്കിലും സ്ഥാനം കണ്ടുവയ്ക്കുന്നത് നല്ലതായിരിക്കും.”

അന്നുരാത്രി ഞങ്ങളുടെ പറമ്പില്‍ രണ്ട് സ്ഥലത്ത് വെള്ളമുള്ളതായി ഞാന്‍ സ്വപ്നം കണ്ടു. പിറ്റേന്ന് അതിലൊരു സ്ഥലത്തുതന്നെ കുഴല്‍കിണറിന് സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. എങ്കിലും മഴക്കാലം അടുത്തുവരുന്നതുകൊണ്ടും അടുത്തുള്ള മഠത്തില്‍ കുഴല്‍കിണര്‍ കുത്തിയിട്ട് വെള്ളം ലഭിക്കാത്തതുകൊണ്ടും ആ സമയത്ത് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനിക്കുക എന്നത് അല്പം ക്ലേശകരമായ കാര്യമായിരുന്നു.

എന്തായാലും ദൈവത്തില്‍ ആശ്രയിച്ച് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനം എടുത്തു. ഏപ്രില്‍ 29-ന് രാവിലെ എട്ടുമണിക്കാണ് കിണര്‍പണി ആരംഭിക്കുന്നത്. വെള്ളമില്ലാത്തപ്പോള്‍ സ്തുതിച്ച് പ്രാര്‍ത്ഥിച്ചാല്‍മതിയെന്ന ഞങ്ങളുടെ സ്ഥാപകപിതാവ് മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍റെ വാക്കുകള്‍ അനുസരിച്ച്, കിണറിന് സ്ഥാനം കണ്ടിരുന്നിടത്ത് അന്ന് അതിരാവിലെ പോയി സ്തുതിച്ച് പ്രാര്‍ത്ഥിച്ചു. കൃത്യം എട്ടുമണിക്കുതന്നെ കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. അവരിലൊരാള്‍ പറഞ്ഞു, “സിസ്റ്ററേ, ഞങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നോ നാലോ കിണറുകള്‍ കുഴിച്ചു. എവിടെയും വെള്ളം കിട്ടിയില്ല. ഇവിടെയും സാധ്യതയില്ല.”

അതുകേട്ട് ഉള്ളൊന്ന് പിടഞ്ഞെങ്കിലും ഞാന്‍ പറഞ്ഞു, “ഇത് ദൈവത്തിന്‍റെ ഭവനമാണ്. അതുകൊണ്ട് ദൈവം വെള്ളം തരും. ദയവായി പണി തുടങ്ങണം.” അങ്ങനെ അവര്‍ പണി ആരംഭിച്ചു. ഈ സമയം ഞാന്‍ പ്രാര്‍ത്ഥിച്ചു, “വെള്ളം ലഭിച്ചാല്‍ ദൈവമഹത്വത്തിനായി ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം.” അതോടൊപ്പം, “അമ്മേ, മാതാവേ, വെള്ളത്തിന്‍റെ കാര്യം ഈശോയെ ഓര്‍മ്മിപ്പിക്കണമേ” എന്ന യാചനയും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഏകദേശം 50 അടി ആയപ്പോള്‍ പാറ കണ്ടു. അതിനാല്‍ പൈപ്പ് ഇറക്കി. 135 അടി ആയപ്പോള്‍ വെള്ളം കണ്ടുതുടങ്ങി. തുടര്‍ന്നങ്ങോട്ട് അത്ഭുതമായിരുന്നു. 200 അടി ആയപ്പോഴേക്കും സമൃദ്ധമായി വെള്ളം ലഭിച്ചു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. നിലവിലുള്ള വാട്ടര്‍ ടാങ്കിന് സമീപത്തുതന്നെയായിരുന്നു പുതിയ കുഴല്‍കിണര്‍. ഈശോ കാണിച്ച കരുണയും സ്നേഹവും അവിടുത്തെ മഹത്വത്തിനായി സാക്ഷ്യപ്പെടുത്തുന്നു.

Share:

Sr Sherly Mathew M.S.M.I

Sr Sherly Mathew M.S.M.I

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles