Home/Encounter/Article

ജൂണ്‍ 09, 2020 2026 0 Shalom Tidings
Encounter

നോമ്പിനെ സ്നേഹിക്കേണ്ട!

എന്തിനുവേണ്ടിയാണ് നോമ്പും ഉപവാസവും എടുക്കുന്നത്?

ഒരു ദിവസം ഞാന്‍ ആത്മശോധന നടത്തി വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ യേശു ചോദിച്ചു, “നീ എന്തിനാ വിഷമിച്ചിരിക്കുന്നത്?” ഞാന്‍ പറഞ്ഞു, “എന്നെപ്പോലെ ഇത്രയും പാപിയും ബലഹീനയുമായ ഒരാള്‍ ഈ ലോകത്തില്‍ കാണില്ല. എനിക്ക് നേരെ ചൊവ്വേ ഒരു നോമ്പും ഉപവാസവുംപോലും എടുക്കാന്‍ സാധിച്ചിട്ടില്ല.” അപ്പോള്‍ യേശു ചോദിച്ചു, “നീ എന്തിനുവേണ്ടിയാണ് നോമ്പും ഉപവാസവും ഒക്കെ എടുക്കുന്നത്?” ഞാന്‍ പറഞ്ഞു “എന്‍റെ പാപപരിഹാരത്തിന്, വിശുദ്ധീകരണത്തിന്, ആത്മാക്കളുടെ രക്ഷയ്ക്ക്, അങ്ങനെ പലതും.” യേശു പറഞ്ഞു, “മതി, മതി! നിന്‍റെ പാപത്തിനുള്ള പരിഹാരം ഞാന്‍ കാല്‍വരിയില്‍ ചെയ്തതാണ്. പിന്നെ നിന്‍റെ വിശുദ്ധീകരണവും ആത്മാക്കളുടെ രക്ഷയും. നീ കുറച്ചുകാലത്തേക്ക് മീനും ഇറച്ചിയും ടിവി കാണലും വേണ്ടെന്നുവച്ച് എങ്ങനെയാണ് നിന്‍റെ വിശുദ്ധീകരണവും ആത്മാക്കളുടെ രക്ഷയും സാധ്യമാകുന്നത്? നിന്‍റെ ആരോഗ്യത്തിന് അത് നല്ലതാണെന്നുമാത്രം. നീ പരിത്യാഗ പ്രവൃത്തികളും നോമ്പും ഉപവാസവും ഒക്കെ അനുഷ്ഠിക്കുമ്പോള്‍ ഇങ്ങനെ പറയണം: ഈശോയേ, അങ്ങ് എന്നോടുള്ള സ്നേഹത്താല്‍ സഹിച്ചു. ഞാനും നിന്നോടുള്ള സ്നേഹത്താല്‍ സഹിക്കുന്നു. അതുപോലെതന്നെ മറ്റുള്ളവരില്‍നിന്ന് നിനക്ക് നിന്ദനങ്ങളും അപമാനങ്ങളും ഉണ്ടാകുമ്പോഴും ഇങ്ങനെതന്നെ പറയണം. ഈ സ്നേഹ പ്രകരണത്തിന് തീര്‍ച്ചയായും നിന്‍റെ വിശുദ്ധീകരണത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉള്ള ശക്തിയുണ്ട്.”

ഇത്രയും പറഞ്ഞിട്ട് യേശു ഒരു ചോദ്യംകൂടി ചോദിച്ചു, “ഞാന്‍ നിനക്ക് വേണ്ടി പീഡകള്‍ സഹിച്ച് മരിച്ചത് എന്തിനുവേണ്ടിയായിരുന്നു?” ഞാന്‍ പറഞ്ഞു, “എന്‍റെ രക്ഷക്കുവേണ്ടി.” യേശു തുടര്‍ന്നു, “ഞാന്‍ പീഡകള്‍ സഹിച്ച് നിന്നെ രക്ഷിച്ചത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്. ഉദാഹരണത്തിന് ഒരു അമ്മ മകനുവേണ്ടി അടുക്കളയില്‍ കയറി ആഹാരം ഉണ്ടാക്കുന്നത് അവന്‍റെ വിശപ്പു മാറുന്നതിന് വേണ്ടിയാണെങ്കിലും അതിന്‍റെ അടിസ്ഥാനം സ്നേഹമാണ്. ഞാന്‍ നിന്നില്‍ നിന്ന് ഒന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളു നിന്‍റെ സ്നേഹം. ബാക്കിയെല്ലാം എന്‍റെ ജോലിയാണ്, എന്‍റെ ദാനമാണ്, എന്‍റെ കൃപയാണ്.”

ഞാന്‍ ചോദിച്ചു, “ഈശോയേ, ഞാനപ്പോള്‍ നോമ്പും ഉപവാസവും എടുക്കേണ്ട എന്നാണോ പറയുന്നത്?” യേശു പറഞ്ഞു, “ഒരിക്കലുമല്ല, തെറ്റിദ്ധരിക്കരുത്. നോമ്പും ഉപവാസവുമൊക്കെ എടുക്കുന്നത് എന്നോടുള്ള സ്നേഹത്തെപ്രതി ആകണം. അല്ലാതെ അതിനെ നിയമാനുഷ്ഠാനമായി മാത്രം കാണരുത്. ലൂക്കാ 18:9-ല്‍ പറയുന്നതുപോല ഫരിസേയന്‍ ആഴ്ചയില്‍ രണ്ടുദിവസം ഉപവസിക്കുന്നവനും ദശാംശം കൊടുക്കുന്നവനും ആയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ദൈവസന്നിധിയില്‍ പാപിയായ ചുങ്കക്കാരന്‍ ഫരിസേയേനെക്കാള്‍ നീതീകരിക്കപ്പെട്ടവനായി മാറിയത്. കാരണം ഫരിസേയന് ഇതെല്ലാം ഒരു നിയമാനുഷ്ഠാനംമാത്രമായിരുന്നു. മാത്രമല്ല സര്‍വ്വവും ദൈവത്തിന്‍റെ ദാനമാണന്നിരിക്കെ അവന്‍ സ്വയം അഹങ്കരിക്കുകയും ചുങ്കക്കാരനെ പുഛിക്കുകയും ചെയ്തു. അതുകൊണ്ട് പൗലോസ് ശ്ലീഹാ സ്നേഹത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് പറയുന്നു, സ്നേഹമാണ് സര്‍വ്വോത്കൃഷ്ടം (1 കോറിന്തോസ് 13:1-9)”

യേശു തുടര്‍ന്നു, “പരിത്യാഗം, നോമ്പ്, ഉപവാസം ഇതിനെല്ലാം എന്‍റെ ശക്തി കൂടിയേതീരൂ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, നീ നിന്നിലേക്ക് നോക്കി നെടുവീര്‍പ്പിടേണ്ട, എന്നിലേക്ക് നോക്കുക. അപ്പോള്‍ നിന്‍റെ സ്നേഹം ആഗ്രഹിക്കുന്ന, നിന്‍റെ സാമീപ്യം ആഗ്രഹിക്കുന്ന, നിന്‍റെ ചിന്തകളില്‍ നിറഞ്ഞു നില്ക്കാന്‍ ആഗ്രഹിക്കുന്ന, നിന്‍റെ സംസാരം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പിതാവിനെ കാണാന്‍ സാധിക്കും. നിങ്ങള്‍ ശിശുക്കളെ പോലെ ആകുവിന്‍ (മത്തായി 18:3) എന്നു ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം നീ മനസ്സിലാക്കുന്നില്ലേ? ഒരു ശിശുവിന് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അതിനു സ്നേഹിക്കാന്‍ മാത്രമേ അറിയൂ. ഒരു ശിശുവിന് സ്വയം വിശുദ്ധീകരിക്കാനോ ത്യാഗങ്ങള്‍ എടുക്കാനോ ചുറ്റുമുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനോ കഴിവില്ല. ശിശു എപ്പോഴും അതിന്‍റെ മാതാപിതാക്കളില്‍ വിശ്വസിച്ച് ആശ്രയിച്ച് സ്നേഹിച്ച് ജീവിക്കുന്നു. അതുപോലെ നീയും എന്നില്‍ വിശ്വസിച്ച് ആശ്രയിച്ച് സ്നേഹിച്ച് ജീവിക്കുക, കൃപകള്‍ക്കായി പ്രാര്‍ത്ഥിക്കുക.”

വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകളാണ് അപ്പോള്‍ ഓര്‍മ്മവന്നത്, “നല്ല ദൈവത്തിന്‍റെ പിന്തുണ കൂടാതെ നന്മചെയ്യാന്‍ സാധിക്കുകയില്ലെന്ന് ബോധ്യമായത് മുതല്‍ യേശുവിനോട് സ്നേഹത്തില്‍ അധികമധികം ഒന്നായിത്തീരുക എന്നതാണ് അത്യന്താപേക്ഷിതമായ കാര്യമെന്നും ശേഷമെല്ലാം അതില്‍നിന്നും നേടാമെന്നും ഞാന്‍ ഗ്രഹിച്ചു.’

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles