Home/Enjoy/Article

ജൂണ്‍ 19, 2020 2385 0 Shalom Tidings
Enjoy

‘നന്മ നിറഞ്ഞ മറിയമേ’ രചിച്ചതാര് ?

യേശുവിന്‍റെ മരണവും ഉത്ഥാനവും കഴിഞ്ഞ് ജീവിതം തുടര്‍ന്ന പരിശുദ്ധമാതാവ് വിശുദ്ധ യോഹന്നാനോടൊപ്പം താമസിച്ചു. അവര്‍ താമസിച്ചിരുന്ന വീടിനു മുന്നില്‍ നൂറുകണക്കിന് ആളുകള്‍ അമ്മയേത്തേടി പ്രാര്‍ത്ഥനകളുമായി അണയുക പതിവായിരുന്നു. പരിശുദ്ധാത്മപ്രേരണയാല്‍ അവര്‍ ദൈവമാതാവിനെ            ഗബ്രിയേൽ  ദൈവദൂതന്‍റെയും എലിസത്തിന്‍റെയും വാക്കുകളാല്‍ സ്തുതിച്ചിരുന്നുവത്രേ. തങ്ങളുടെ കര്‍ത്താവിന്‍റെ അമ്മയോട് പാപികളായതങ്ങള്‍ക്കുവേണ്ടി ദൈവത്തോട് യാചിക്കാന്‍ അപേക്ഷിക്കുകയും പതിവായിരുന്നു എന്ന് പാരമ്പര്യം പറയുന്നു.

ദൈവമാതൃസ്തുതിയുടെ ആദ്യഭാഗം വെളിപ്പെടുത്തിത്തന്നത് പരിശുദ്ധത്രിത്വം തന്നെ. ത്രിത്വൈകദൈവം വെളിപ്പെടുത്തിയതനുസരിച്ചാണല്ലോ ഗബ്രിയേൽ ദൈവദൂതന്‍ മറിയത്തെ “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!’ എന്ന വാക്കുകളാല്‍ അഭിസംബോധന ചെയ്തത്. തുടര്‍ന്നു വരുന്നതാകട്ടെ
പരിശുദ്ധാത്മപൂരിതയായ എലിസബത്തിന് ലഭിച്ച തിരിച്ചറിവാണ്. “സ്ത്രീകളില്‍ നീ അനുഗൃഹീതയാകുന്നു. നിന്‍റെ ഉദരഫലവും അനുഗൃഹീതം.” ഇപ്രകാരം പരിശുദ്ധ മറിയത്തിന്‍റെ ദൈവിക സവിശേഷതകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് മാതാവിനെ തേടിയെത്തിയവര്‍ ആ അമ്മയുടെ പ്രാര്‍ത്ഥന ചോദിച്ചത്.

പിന്നീട് പരിശുദ്ധ അമ്മ തന്‍റെ ഭൗമികജീവിതം പൂര്‍ത്തിയാക്കിയേപ്പാള്‍ ശരീരം ക്രിസ്തുശിഷ്യന്‍മാര്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങി. ആ രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്ന പലരും അനുതാപവിവശരായി നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. തങ്ങളുടെ മരണസമയത്തു തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ എന്നായിരുന്നു ആ നിലവിളിയുടെ കാതല്‍.

ദൈവാത്മാവിനാല്‍ പ്രേരിതരായി ജനങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഈ പ്രാര്‍ത്ഥനകളാണ് പിന്നീട് സഭ ക്രോഡീകരിച്ചത്. എ.ഡി. 430-ല്‍ നടന്ന എഫേസോസ് പൊതുസുനഹദോസില്‍വച്ച് സഭാപിതാക്കന്‍മാര്‍ പൂര്‍ണരൂപത്തില്‍ ഈ പ്രാര്‍ത്ഥനയുടെ അപേക്ഷാഭാഗം നമുക്ക് നല്കി, “പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമ്മേന്‍.” ഇതിലൂടെ പരിശുദ്ധ മറിയം ദൈവമാതാവുതന്നെയെന്ന് സഭ ഉറക്കെ പ്രഖ്യാപിക്കുകകൂടിയായിരുന്നു.

ദൈവസന്നിധിയില്‍ ഏറ്റവും ശക്തിയുള്ള പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രാര്‍ത്ഥന എപ്പോഴും, മരണസമയത്ത് ഏറ്റവും സവിശേഷമായ വിധത്തിലും, നമുക്ക് ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സഭാപിതാക്കന്‍മാര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചത്. സഭയില്‍ പിന്നീട് പിളര്‍പ്പുകളുണ്ടായെങ്കിലും അപ്രകാരം രൂപപ്പെട്ട അപ്പസ്തോലിക പാരമ്പര്യമുള്ള സഭകളിലെല്ലാം ഈ പ്രാര്‍ത്ഥന സുപ്രധാനമായ പ്രാര്‍ത്ഥനതന്നെയാണ്. വാക്കുകളില്‍ അല്പം വ്യത്യാസങ്ങള്‍ കാണാമെങ്കിലും അര്‍ത്ഥത്തിന് വ്യത്യാസം കാണുകയില്ല.

നമ്മള്‍ പാപികളാണ് എന്ന എളിമയാര്‍ന്ന തിരിച്ചറിവില്‍നിന്നുമാത്രമേ ഈ പ്രാര്‍ത്ഥന ഫലപ്രദമായി ഉരുവിടാനാവൂ. വിശുദ്ധ ലൂയിസ് ഡി മോണ്ട്ഫോര്‍ട്ട് ഉദ്ഘോഷിക്കുന്നു, “പിശാചിനാല്‍ ചതിക്കപ്പെടുന്നവരില്‍നിന്നും ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന തെറ്റിപ്പോകാത്ത ഉരകല്ലാണ് ‘നന്മ നിറഞ്ഞ മറിയമേ’ പ്രാര്‍ത്ഥന.”

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles