Home/Encounter/Article

ആഗ 16, 2023 286 0 Shalom Tidings
Encounter

കൊലയാളിയെ തടഞ്ഞ രക്ഷാകവചം

ഒരു ജനുവരിമാസം രാത്രി മൂന്നുമണിസമയം. ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലില്‍ ഒരു കൊലപാതകി അതിക്രമിച്ചുകയറി. ആരുമറിയാതെ രണ്ട് പെണ്‍കുട്ടികളെ അയാള്‍ ഉപദ്രവിച്ച് വധിച്ചുകഴിഞ്ഞു. കൂടുതല്‍ ഇരകളെ തേടി മുന്നോട്ടുനീങ്ങുകയായിരുന്നു. അടുത്തതായി അയാള്‍ വേറൊരു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി. അവള്‍ ഉറങ്ങുകയായിരുന്നു. തന്‍റെയരികിലെത്തിയ കൊലപാതകിയുടെ സാന്നിധ്യം അനുഭവപ്പെട്ടാലെന്നോണം ആ പെണ്‍കുട്ടി ഉണര്‍ന്നു. അവളുടെ നിവര്‍ത്തിയ കൈകളില്‍ ഒരു ജപമാല! വിവരിക്കാനാവാത്ത എന്തോ ഒരു തടസം അയാള്‍ക്കനുഭവപ്പെട്ടു. അതിനാല്‍ ആ പെണ്‍കുട്ടിയെ ഉപദ്രവിക്കാനോ കൊല്ലാനോ കഴിയാതെ അയാള്‍ അവിടെനിന്ന് നീങ്ങി.

പക്ഷേ കൊലയാളിയെ കണ്ട ഭയത്തില്‍ പരിസരബോധം നഷ്ടപ്പെട്ടുപോയ ആ പെണ്‍കുട്ടി പിന്നീട് പൊലീസിനോടൊന്നും സംസാരിച്ചില്ല. പൊലീസിന്‍റെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ക്കൊപ്പം എത്തിയ മോണ്‍സിഞ്ഞോര്‍ വില്യം കെറിനോടുമാത്രമാണ് അവള്‍ സംസാരിച്ചത്. ആദ്യമായി കോളേജ് പഠനത്തിനായി ഇറങ്ങുന്ന സമയത്ത് ദിവസവും ഉറങ്ങുംമുമ്പ് ദൈവികസംരക്ഷണം ലഭിക്കുന്നതിനായി ഒരു ജപമാല ചൊല്ലാമെന്ന് തന്‍റെ മുത്തശ്ശിക്ക് വാക്കുനല്കിയിരുന്നതായി അവള്‍ പങ്കുവച്ചു. ചൊല്ലുന്നതിനിടെ ഉറങ്ങിപ്പോയാലും എന്നും ജപമാല ചൊല്ലുമെന്നായിരുന്നു വാഗ്ദാനം. അന്ന് അതുതന്നെയാണ് സംഭവിച്ചത്. പക്ഷേ ഉറക്കത്തിനിടയിലും ജപമാല കൈവിരലുകളില്‍ കോര്‍ത്തുകിടന്നു. അവളുടെ ജീവനെ പൊതിഞ്ഞുപിടിച്ച മാതൃസംരക്ഷണം.

പിന്നീട് പിടിയിലായ കൊലയാളി ടെഡ് ബണ്‍ഡിയാണ് തനിക്ക് ആ പെണ്‍കുട്ടിയെ കൊല്ലാന്‍ കഴിഞ്ഞില്ല എന്ന് തുറന്ന് സമ്മതിച്ചത്. മുപ്പത്തിയഞ്ചോളം പേരെ കൊലചെയ്തയാളായിരുന്നു ബണ്‍ഡി. മാരകായുധംകൊണ്ട് തലയ്ക്കടിച്ചശേഷം കയറുകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊല നടത്തുകയാണ് അയാള്‍ ചെയ്തുകൊണ്ടിരുന്നത്. മിക്കവാറും ഇരകളെ ലൈംഗികമായും ഉപദ്രവിച്ചിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ ഒരു രീതിയിലും ഉപദ്രവിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

പില്ക്കാലത്ത് പിടിക്കപ്പെട്ട് വധശിക്ഷ ഏറ്റുവാങ്ങിയ ബണ്‍ഡി തടവറയിലായിരുന്നപ്പോള്‍ മോണ്‍സിഞ്ഞോര്‍ കെറില്‍നിന്ന് ആത്മീയോപദേശം സ്വീകരിച്ചിരുന്നു. അപ്പോഴാണ് ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കൊലചെയ്യാന്‍ ഉദ്ദേശിച്ച് ചെന്നിട്ടും എന്തുകൊണ്ട് തനിക്കതിന് കഴിഞ്ഞില്ല എന്ന് വെളിപ്പെടുത്തിയത്.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles