Home/Encounter/Article

ജനു 25, 2023 421 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

ഈശോയുടെ ചെവിയില്‍ പറഞ്ഞ ആഗ്രഹം

ലേഖിക തന്‍റെ ആഗ്രഹം ഈശോയുടെ ചെവിയില്‍ പറഞ്ഞു. എന്നിട്ട് എല്ലായ്പോഴും ഒരേ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു; ആത്മീയജീവിതത്തില്‍ ഉയരാന്‍ കൊതിക്കുന്ന എല്ലാവരും ഉരുവിടേ? പ്രാര്‍ത്ഥന.

രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് ഈശോയെ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് മുറിയില്‍ എത്തിയത്. മൊബൈല്‍ ഫോണ്‍ നോക്കിയപ്പോള്‍ ഒരു സന്ദേശം. ഡാഡിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. പ്രായം അറുപത്തിയെട്ട് ആയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി നഴ്സ് എന്ന നിലയില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതുകൊണ്ട് മനസ്സില്‍ അല്പം ഭയം തോന്നി.

രണ്ടു വര്‍ഷമായി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടിട്ട്. ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഡാഡി ചോദിക്കും, “മോള്‍ എന്നാ വരിക?”

“ലീവ് ഇല്ല” എന്ന് പറയുമ്പോള്‍ ഡാഡിയുടെ മുഖത്തെ വിഷമം നിത്യസംഭവമായി മാറിയിരുന്നു. മനസ്സിലേക്ക് ഇതെല്ലാം ഓരോന്നായി കടന്നുവന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ മുട്ടുകുത്തി, “ഈശോയേ, എന്‍റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ” എന്നിട്ട് എന്‍റെ ഒരു ആഗ്രഹംമാത്രം ഈശോയുടെ ചെവിയില്‍ പറഞ്ഞു, “ഈശോയേ, നിന്‍റെ ഇഷ്ടം എന്താണെന്ന് എനിക്കറിയില്ല. എനിക്ക് ഡാഡിയെ കണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ അവസരം തരണം. അനുഗ്രഹം ലഭിക്കുന്നതിന് മുന്‍പ് ഡാഡിക്കു ഒരാപത്തും വരുത്തരുത്.”

അന്ന് നൈറ്റ് ഡ്യൂട്ടി ആണ്. ജോലിക്കിടയില്‍ ‘ഈശോയേ, എന്‍റെ ഹിതമല്ല; അങ്ങയുടെ ഹിതം നിറവേറട്ടെ’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി അനിയത്തി വിളിക്കുന്നു, “ഡാഡിക്ക് ഓക്സിജന്‍ കുറയുന്നു. എന്താ ചെയ്യേണ്ടത്?”

മനസ്സിലൂടെ അനേകം കൊറോണ രോഗികളുടെ മുഖങ്ങള്‍ മിന്നി മറഞ്ഞു. ഹൃദയത്തില്‍ ഭാരം അനുഭവപ്പെടുന്നപോലെ… ഡ്യൂട്ടിക്കിടയില്‍നിന്ന് പെട്ടന്നുതന്നെ എമര്‍ജന്‍സി ലീവ് അറേഞ്ച് ചെയ്തു. വിമാനയാത്രയില്‍ ഉടനീളം അതേ വാക്കുകള്‍ പ്രാര്‍ത്ഥനയായി ഈശോയ്ക്ക് സമര്‍പ്പിച്ചു. ഡാഡി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പതിനഞ്ചു ലിറ്റര്‍ ഓക്സിജന്‍ ഒരു മിനിറ്റില്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

രാവിലെ വീട്ടില്‍ എത്തിയശേഷം യാത്രാക്ഷീണം കൊണ്ട് അല്‍പനേരം കിടന്നുറങ്ങി. കൊറോണരോഗികളെ സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക പെര്‍മിഷന്‍ വേണം. അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ ആരംഭിച്ചു. അമ്മയാണ് ഡാഡിക്കൊപ്പം ഉള്ളത്. അമ്മയ്ക്കും പ്രായമായി. അറുപത്തിയേഴ് വയസ്സ്. ആരോഗ്യപ്രശ്നങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ട്. ദൈവത്തിലുള്ള ആശ്രയത്തോടൊപ്പം മകള്‍ നഴ്സ് ആണെന്നത് ഒരു പരിധിവരെ അവരെ ധൈര്യപ്പെടുത്തി എന്ന് പിന്നീട് അവര്‍ പറഞ്ഞിട്ടുണ്ട്.

വൈകുന്നേരമായപ്പോള്‍ എന്‍റെ ശരീരത്തിന്‍റെ അവസ്ഥ മാറി മറിയുകയാണ്. മുഖം മുതല്‍ കാല്‍ വരെ നീര് വച്ചിട്ടുണ്ട്. ശക്തമായ വേദന. ചില ശാരീരിക അസ്വസ്ഥതകള്‍ ആ നാളുകളില്‍ അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ സഹനം കഠിനമായി. വീട്ടില്‍ ഞാന്‍ തനിച്ചാണ്. ഈശോ എന്തോ ചെയ്യാന്‍ മനഃപൂര്‍വ്വം പ്ലാന്‍ ചെയ്ത പോലെ… ചിലരുടെ സഹായത്താല്‍ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മാതാപിതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഓടി എത്തിയ എനിക്ക് മറ്റൊരു ആശുപത്രിക്കിടക്ക ഒരുക്കി ഈശോ കാത്തിരുന്നതോര്‍ത്തപ്പോള്‍ ഈശോയ്ക്ക് ചെറിയൊരു ‘ഡോസ് ‘ കൊടുത്തു.

ഡാഡിയുടെ അവസ്ഥയില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഇല്ല. അമ്മയ്ക്കും കൊറോണ ലക്ഷണങ്ങള്‍. ആശുപത്രിയില്‍ കിടക്കാന്‍ മനസ് അനുവദിക്കുന്നില്ല. എങ്കിലും പ്രാര്‍ത്ഥന മാറ്റിയില്ല. “ഈശോയേ, നിന്‍റെ ഹിതം മാത്രം….”
ഒരു ദിവസം മനസ്സ് വല്ലാതെ ഭാരപ്പെടുന്നപോലെ… ഒരു വൈദികനിലൂടെ ഈശോ സംസാരിച്ചു. ‘നിനക്ക് ശരീരം കൊണ്ട് ചെന്നെത്താന്‍ കഴിയാത്തിടത്ത് നിന്‍റെ പ്രാര്‍ത്ഥനയാല്‍ ചെന്നെത്താന്‍ കഴിയും.’ ശരീരത്തില്‍ ഒരു ശക്തി നിറയുന്നതുപോലെ അനുഭവപ്പെട്ടു. വിശുദ്ധ ഗ്രന്ഥം കയ്യിലെടുത്തു, മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു. ഫോണ്‍ സ്പീക്കറില്‍ ഇട്ട് ഡാഡിയുടെ തലയിണക്കരികെ വയ്ക്കാന്‍ പറഞ്ഞു. ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ഫോണിലൂടെ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു.

“കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല….”

ന്യൂമോണിയ ബാധിച്ചതിനാല്‍ ഡാഡിയുടെ ചെസ്റ്റ് എക്സ്റേ മോശമായിക്കൊണ്ടിരിക്കുന്ന സമയം. ഏകദേശം ഒന്നര മണിക്കൂര്‍ സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് ഫോണിലൂടെ പ്രാര്‍ത്ഥിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്‍റെ താളുകള്‍ കണ്ണുനീര്‍കൊണ്ട് കുതിര്‍ന്നു. വീണ്ടും ഈശോയുടെ ഹിതം എന്ന് ഏറ്റു പറഞ്ഞുകൊണ്ടിരുന്നു. പ്രാര്‍ത്ഥനക്കുശേഷം നാല് മണിക്കൂറുകളോളം ഡാഡി ശാന്തമായി ഉറങ്ങി.

പിറ്റേന്ന് രാവിലെ ഡോക്ടര്‍ വന്നപ്പോള്‍ ഡാഡിയോടു ചോദിച്ചു, “മുഖത്ത് എന്താ ഒരു തെളിച്ചം, അല്പം ഭേദമായപോലെ ഉണ്ടല്ലോ?? ഓക്സിജന്‍റെ അളവ് കുറച്ചു നോക്കാം” അങ്ങനെ പറഞ്ഞ് ഓക്സിജന്‍ പത്ത് ലിറ്റര്‍ ആക്കി. രാത്രി ആയപ്പോഴേക്കും അഞ്ച് ലിറ്റര്‍ ആക്കി. തൊട്ടടുത്ത ദിവസം ഓക്സിജന്‍ മാസ്ക് മാറ്റി ട്യൂബ് വഴി രണ്ട് ലിറ്റര്‍ ആക്കി. അന്ന് ഒരു എക്സ്റേ കൂടി എടുത്തു. അതിന്‍റെ ഫോട്ടോ എന്‍റെ മൊബൈലില്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, രണ്ട് ലങ്സിലും ന്യൂമോണിയ ബാധിച്ച എക്സ്റേയുടെ സ്ഥാനത്ത് വളരെ മെച്ചപ്പെട്ട, ക്ലിയര്‍ ആയ, എക്സ്റേ! ഈശോയെ ഒന്ന് കെട്ടിപ്പിടിച്ച് കരയാന്‍ കൊതിച്ചു. അമ്മയ്ക്ക് കൊറോണ ലക്ഷണങ്ങള്‍ കുറഞ്ഞു.

കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്ന് പറഞ്ഞ ശിഷ്യന്മാര്‍ക്കു കര്‍ത്തൃ പ്രാര്‍ത്ഥന നല്‍കിയ ഈശോ ഇങ്ങനെ പഠിപ്പിച്ചു. “അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ…”

ഗത്സമെന്‍ തോട്ടത്തില്‍ ചോര വിയര്‍ത്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈശോ ഇപ്രകാരം പറഞ്ഞു, “എന്‍റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ. എങ്കിലും എന്‍റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ” (മത്തായി 26/39).

മംഗളവാര്‍ത്ത അറിയിക്കാന്‍ എത്തിയ ഗബ്രിയേല്‍ മാലാഖയോട് പരിശുദ്ധ മറിയം പറഞ്ഞു, “ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1/38). വിശുദ്ധ യൗസേപ്പിതാവിനു സ്വപ്ന ദര്‍ശനങ്ങള്‍ ലഭിച്ചതനുസരിച്ച് അദ്ദേഹം അവയെല്ലാം ദൈവഹിതമായി കണ്ട് അനുസരിച്ചു. തിരുക്കുടുംബം നമുക്ക് നല്‍കുന്ന മാതൃക ദൈവഹിതം നടപ്പിലാക്കുക എന്നതാണ്. നമ്മുടെ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും നമുക്കും പ്രാര്‍ത്ഥിക്കാം: ‘ഈശോയേ, എന്‍റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.’

ദൈവവചനത്തിന്‍റെയും ദൈവഹിതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ശക്തി എന്താണെന്ന് ഈശോ കാണിച്ചുതന്നു. അതോടൊപ്പം അനേകര്‍ ഞങ്ങള്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു. ഏഴു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി. തൊട്ടടുത്ത ദിവസങ്ങളില്‍ എന്‍റെ മാതാപിതാക്കളും.

അവധി കഴിഞ്ഞ് വീട്ടില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ഡാഡിയുടെയും അമ്മയുടെയും മുന്‍പില്‍ മുട്ട് കുത്തി അവരുടെ കരങ്ങള്‍ എന്‍റെ ശിരസ്സില്‍ വച്ച് അനുഗ്രഹം വാങ്ങി. അവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും കണ്ണുനീര്‍ത്തുള്ളികളായി ഒഴുകി ഇറങ്ങി. അവരുടെ പാദങ്ങള്‍ തൊട്ടു വണങ്ങുമ്പോള്‍ ഈശോ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു,”നീ എന്‍റെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം ഓര്‍ക്കുന്നില്ലേ?” ഈശോയെ ഒന്ന് കണ്ണിറുക്കി കാണിച്ചു. ഒരു ഫ്ളൈയിംഗ് കിസ്സ് എന്‍റെ ചങ്കിന്…

“അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും” (സങ്കീര്‍ത്തനങ്ങള്‍ 50/15).

 

 

 

 

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles