• Latest articles
സെപ് 08, 2024
Encounter സെപ് 08, 2024

സുവിശേഷവായനയുടെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് സുവിശേഷം ധ്യാനിച്ച് വായിച്ചു തുടങ്ങിയ നാളുകള്‍ തൊട്ട് മനസിലാവാതിരുന്ന ഒന്നായിരുന്നു മര്‍ത്തായുടെയും മറിയത്തിന്‍റെ യും ഭവനത്തില്‍ യേശുവിന്‍റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള സുവിശേഷഭാഗം (ലൂക്കാ 10/38-42). യേശുവിനെ ഭവനത്തില്‍ സ്വീകരിച്ചതും ശുശ്രൂഷിച്ചതും മര്‍ത്താ ആയിരുന്നു എങ്കിലും ഓടിനടന്ന് കഷ്ടപ്പെട്ട മര്‍ത്തായെക്കാള്‍ യേശുവിന്‍റെ പാദത്തിങ്കല്‍ ഇരുന്ന മറിയത്തെയാണ് യേശു കൂടുതല്‍ ഇഷ്ടപ്പെട്ടത്.

ജീവിതത്തില്‍ എനിക്കും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ക്ക് മുന്‍പില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും മുടങ്ങുമ്പോള്‍ എന്‍റെ മനസില്‍ മര്‍ത്തായുടെയും മറിയത്തിന്‍റെയും സംഭവം ഒരു വേദനയായി വരുമായിരുന്നു. ”ഈശോയേ, ആഗ്രഹിച്ചിട്ടും ഈ മര്‍ത്തായ്ക്ക് നല്ല ഭാഗം തെരഞ്ഞെടുക്കാന്‍ പറ്റുന്നില്ലല്ലോ” എന്നു ഞാന്‍ പറയുമായിരുന്നു.

ഒരിക്കല്‍ സഹോദരിയോട് ഈ അനുഭവം പങ്കുവച്ചപ്പോഴാണ് സഹോദരി രസകരമായി അതിന്‍റെ രണ്ടാം ഭാഗം പറഞ്ഞുതന്നത്. ഈശോ മര്‍ത്തായുടെയും മറിയത്തിന്‍റെയും വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മര്‍ത്താ പറഞ്ഞുവത്രേ: ”മറിയം, അടുത്ത തവണ യേശു വരുമ്പോള്‍ ഞാന്‍ യേശുവിന്‍റെ പാദത്തിങ്കല്‍ കര്‍ത്താവിന്‍റെ വചനങ്ങള്‍ ശ്രവിച്ചുകൊണ്ടിരിക്കാം, നീ യേശുവിനെ സ്വീകരിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും ശ്രദ്ധിക്കണം.” മറിയം സമ്മതിച്ചു.

അടുത്ത തവണ യേശു വന്നപ്പോള്‍ മര്‍ത്താ നേരത്തേ പറഞ്ഞിരുന്നതുപോലെ യേശുവിന്‍റെ പാദത്തിങ്കല്‍ ഇരുന്നു. മറിയം വിവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ മര്‍ത്തായുടെ മനസുമുഴുവന്‍ മറിയം ചെയ്യുന്ന കാര്യങ്ങളില്‍ ആയിരുന്നു. ഭവനത്തിലെ ശുശ്രൂഷകള്‍ ചെയ്ത് അധികം പരിചയം ഇല്ലാതിരുന്ന മറിയം എല്ലാം ശരിയായിത്തന്നെ ചെയ്യുമോ എന്ന ചിന്ത അവളില്‍ നിറഞ്ഞു.

അതിനാല്‍ത്തന്നെ കര്‍ത്താവിന്‍റെ വചനങ്ങള്‍ ശ്രദ്ധയോടെ ശ്രവിക്കുവാന്‍ മര്‍ത്തായ്ക്ക് സാധിച്ചില്ല. എന്നാല്‍ മറിയമാകട്ടെ വിവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടപ്പോഴും മനസുമുഴുവന്‍ യേശുവിന്‍റെ വചനങ്ങളെക്കുറിച്ചുള്ള ചിന്തകളില്‍ ആയിരുന്നു. യേശുവിന്‍റെ വചനങ്ങള്‍ ശ്രവിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലല്ലോ എന്ന ചെറിയ വേദനയില്‍ മുന്‍പ് ശ്രവിച്ച യേശുവിന്‍റെ വചനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടാണ് മറിയം ശുശ്രൂഷകള്‍ ചെയ്തത്.

ആ ദിവസവും കര്‍ത്താവ് അവരോട് പറഞ്ഞുവത്രേ: ”മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയും ആയിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്ന് എടുക്കപ്പെടുകയില്ല.”

രണ്ടാം ഭാഗം യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്നറിഞ്ഞുകൂടാ. പക്ഷേ ലൂക്കാ എഴുതിയ സുവിശേഷത്തില്‍ പത്താം അധ്യായത്തിലുള്ള മര്‍ത്തായുടെയും മറിയത്തിന്‍റെയും സുവിശേഷഭാഗം കുറച്ചുകൂടി മനസിലാക്കാന്‍ സാങ്കല്പികമായ രണ്ടാം ഭാഗം എന്നെ ഏറെ സഹായിച്ചു. പിന്നീട് പലപ്പോഴും ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ക്കു മുന്‍പില്‍ ഒരുപാട് കൊതിക്കുന്ന വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും മുടങ്ങിപ്പോകുമ്പോള്‍, ഈശോയോടുള്ള സ്‌നേഹത്തെ പ്രതി കണ്ണുനീര്‍ ഇറ്റുവീഴുമ്പോള്‍ ഞാന്‍ പറയും: ”എന്‍റെ ഈശോയേ, ഞാന്‍ മര്‍ത്തായില്‍നിന്നും മറിയം ആയി കേട്ടോ!”

ലിന്റി ജെ. ഊക്കന്‍

'

By: ലിന്റി ജെ. ഊക്കന്‍

More
സെപ് 06, 2024
Encounter സെപ് 06, 2024

വര്‍ഷങ്ങളായി ഞാന്‍ ശാലോം ടൈംസ് സ്ഥിരമായി വായിക്കുന്നുണ്ട്. ഏതെങ്കിലും മാസത്തെ മാസിക വായിക്കാന്‍ ലഭിക്കാതെ വന്നാല്‍ വിഷമമാണ്. പ്രാര്‍ത്ഥനയിലും ആത്മീയജീവിതത്തിലും തളരുന്ന അനുഭവമുണ്ടാകുമ്പോള്‍ ഞാന്‍ ശാലോം ടൈംസ് എടുത്ത് വായിക്കും. അപ്പോള്‍ എന്‍റെ ആ സമയത്തെ പ്രതിസന്ധികള്‍ക്ക് ചേര്‍ന്ന ഉത്തരം ലഭിക്കാറുണ്ട്. എന്‍റെ കാഴ്ചയ്ക്ക് അല്പം പ്രശ്‌നമുള്ളതിനാല്‍ വലുതാക്കി വായിക്കാനുള്ള സൗകര്യാര്‍ത്ഥം ഇപ്പോള്‍ വെബ്‌സൈറ്റില്‍ നല്കുന്ന ഇ-മാഗസിന്‍ ആണ് വായിക്കുന്നത്. ഈയടുത്ത കാലത്ത് വന്ന നിക്കി കിംഗ്‌സ്‌ലി എന്ന വനിതയുടെ സാക്ഷ്യം ഞാന്‍ ഒരുപാട് തവണ വായിച്ചു. പലര്‍ക്കും ഷെയര്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. ശാലോം മാസിക എനിക്ക് വളരെ
പ്രിയപ്പെട്ടതാണ്.

'

By: മിനി ബാബു

More
സെപ് 04, 2024
Encounter സെപ് 04, 2024

ന്‍റെ അനുജന് 35 വയസായിട്ടും വിവാഹമൊന്നും ശരിയാകാതെ വിഷമിക്കുകയായിരുന്നു. അതിനാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ ഈ നിയോഗത്തിനായി കാഴ്ചവച്ചുകൊണ്ടണ്ട് 100 ശാലോം ടൈംസ് മാസികയുടെ ഏജന്‍സി എടുത്തു. താമസിയാതെ മാര്‍ച്ചില്‍ അത്ഭുതകരമായി അനുജന്‍റെ വിവാഹം ശരിയായി. അതോടൊപ്പം ഞാന്‍ നാല് തവണ പരിശ്രമിച്ചിട്ടും വിജയിക്കാതിരുന്ന യു.കെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് അഞ്ചാം തവണ വിജയിക്കുകയും കുടല്‍രോഗത്തിന് ശമനമുണ്ടണ്ടാകുകയും ചെയ്തു.

ഞാന്‍ ചെറുപ്പംമുതല്‍ ശാലോം ടൈംസ് മാസികയും സണ്‍ഡേ ശാലോം പത്രവും വായിക്കുമായിരുന്നു. എന്‍റെ ആത്മീയജീവിതത്തെ മാസിക വളരെയധികം സ്വാധീനിച്ചിട്ടുണ്ടണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ഉണ്ടണ്ടായിരുന്നു. അത് മാറാനും മാസികയിലെ ലേഖനങ്ങള്‍ സഹായകമായി. ഇപ്പോഴാകട്ടെ ഓഡിയോ മാഗസിന്‍ വളരെ ഉപകാരപ്രദമാണ്. ഞാനും കുടുംബവും പലപ്പോഴും ശാലോമിന്‍റെ പ്രാര്‍ത്ഥനാസഹായം തേടുകയും അതുവഴി നിയോഗങ്ങള്‍ സാധിക്കുകയും ചെയ്തിട്ടുണ്ടണ്ട്. ശാലോം ശുശ്രൂഷകള്‍വഴി എനിക്കും കുടുംബത്തിനും ചൊരിഞ്ഞ അനുഗ്രഹങ്ങളെപ്രതി പരിശുദ്ധ ത്രിത്വത്തിന് കോടാനുകോടി നന്ദിയും സ്തുതിയും!

'

By: ടിനോയ് റപ്പായി

More
സെപ് 02, 2024
Encounter സെപ് 02, 2024

ഇസ്രായേലില്‍ ദൈവത്തിന്‍റെ അരുളപ്പാടുകള്‍ കുറവായിരുന്ന ഒരു കാലഘട്ടം. ബാലനായ സാമുവല്‍ സമാഗമകൂടാരത്തില്‍ കര്‍ത്താവിന്‍റെ പേടകത്തിന് സമീപം കിടന്നുറങ്ങുകയായിരുന്നു. വൃദ്ധപുരോഹിതനായിരുന്ന ഏലി തന്‍റെ മുറിയില്‍ കിടന്നിരുന്നു. കര്‍ത്താവ് സാമുവേലിനെ വിളിച്ചു. വിളികേട്ട്, വിളിച്ചത് പുരോഹിതനാണെന്ന് വിചാരിച്ച്, സാമുവല്‍ ഏലിയുടെ അടുക്കല്‍ ഓടിയെത്തി. ഞാന്‍ നിന്നെ വിളിച്ചില്ല. പോയി കിടന്നുകൊള്ളുക എന്ന് അദ്ദേഹം കുട്ടിയോട് പറഞ്ഞു. ഇപ്രകാരം മൂന്ന് പ്രാവശ്യം സംഭവിച്ചു. മൂന്നാം പ്രാവശ്യം പുരോഹിതന് തോന്നി. കര്‍ത്താവായിരിക്കും കുട്ടിയെ വിളിച്ചതെന്ന്. അദ്ദേഹം സാമുവേലിനോട് പറഞ്ഞു. ‘ഇനി വിളിച്ചാല്‍ കര്‍ത്താവേ, അങ്ങയുടെ ദാസന്‍ ശ്രവിക്കുന്നു. അരുളിച്ചെയ്താലും എന്നു പറയണം എന്ന്. നാലാം പ്രാവശ്യവും കര്‍ത്താവ് സാമുവേലിനെ വിളിച്ചു. പുരോഹിതന്‍ പറഞ്ഞതുപോലെ സാമുവല്‍ പ്രത്യുത്തരിച്ചു. കര്‍ത്താവ് സാമുവേലിനോട് വളരെ കാര്യങ്ങള്‍ സംസാരിച്ചു. അതുമുതല്‍ സാമുവല്‍ ഒരു പ്രവാചകനായിതീര്‍ന്നു. പുരോഹിതനായ ഏലിയാണ് സാമുവലിനെ കര്‍ത്താവിന്‍റെ സ്വരം തിരിച്ചറിയുവാന്‍ പഠിപ്പിച്ചത്. പിന്നെ അങ്ങോട്ട് കര്‍ത്താവുതന്നെ സാമുവലിനെ വളരെയധികം പഠിപ്പിച്ചു.

പൗലോസിന്‍റെ പരിശീലനം
അപ്പോസ്‌തോലനായ പൗലോസിനെ പഠിപ്പിച്ചതും കര്‍ത്താവുതന്നെയാണ്. കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണവും പന്തക്കുസ്തായും കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തില്‍ ഒരു ഭീകരനായിരുന്ന സാവൂളിനെ കര്‍ത്താവ് തന്‍റെ സന്ദേശവാഹകനാക്കുന്നത്. പൗലോസ് തന്നെ ഗലാത്തിയാ 1/12-ല്‍ പറയുന്നു. ”ഞാന്‍ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ലായെന്ന് നിങ്ങളെ ഞാന്‍ അറിയിക്കുന്നു. എന്തെന്നാല്‍, മനുഷ്യനില്‍നിന്നല്ല ഞാനത് സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്‍റെ വെളിപാടിലൂടെയാണ് അത് എനിക്ക് ലഭിച്ചത്.” ഇപ്രകാരം വെളിപാടിലൂടെ പഠിച്ച കാര്യങ്ങള്‍ ശരിയാണെന്ന്, തങ്ങള്‍ പഠിപ്പിക്കുന്നത് തന്നെയാണ് പൗലോസും പഠിപ്പിക്കുന്നതെന്നും പത്രോസും മറ്റ് അപ്പസ്‌തോലന്‍മാരും അംഗീകരിക്കുകയും ചെയ്തു (ഗലാത്തിയ 2/1-10). അങ്ങനെ മറ്റ് അപ്പസ്‌തോലന്‍മാര്‍ അനുഭവത്തില്‍ക്കൂടി അറിഞ്ഞതെല്ലാം കര്‍ത്താവ് പൗലോസിനെ വെളിപാടിലൂടെ അഭ്യസിപ്പിച്ചു.

കര്‍ത്താവിനെ ശ്രവിക്കുവാന്‍ പഠിക്കുക.
കര്‍ത്താവ് ഇന്നും സജീവനാണ്. അവിടുന്ന് ഇപ്പോള്‍ പുതിയ വേദസത്യങ്ങള്‍ ഒന്നും പഠിപ്പിക്കുന്നില്ലെങ്കില്‍ത്തന്നെയും നമ്മുടെ ജീവിതത്തിനാവശ്യമായ ഓരോ കാര്യവും നമ്മെ പഠിപ്പിക്കുന്നതാണ്. അതിന് ആദ്യമായി കര്‍ത്താവിനെ ശ്രവിക്കുവാന്‍ പഠിക്കണം. ബുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വൈദികവിദ്യാഭ്യാസവും സന്യാസപരിശീലനവുമാണ് ഇന്നുള്ളത്. എന്നാല്‍ എല്ലാറ്റിലുമുപരിയായി വേണ്ടത്, കര്‍ത്താവിനെ ശ്രവിക്കുവാന്‍ പഠിക്കുക, കര്‍ത്താവിന്‍റെ സ്വരം തിരിച്ചറിയാന്‍ പഠിക്കയാണ്. ‘അങ്ങനെ കര്‍ത്താവൊന്നും സംസാരിക്കാറില്ല’ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ അത് സംഭവിക്കുന്ന കാര്യമാണ്. അങ്ങനെ കര്‍ത്താവിനെ കണ്ടുമുട്ടാന്‍ പഠിക്കയാണ് ഏറ്റവും വലിയ പഠനം. അത് അപ്രാപ്യമല്ല. അസംഭവ്യവുമല്ല. വ്യക്തിപരമായ ആഴമായ പ്രാര്‍ത്ഥനാനുഭവത്തില്‍ അത് സാധ്യമാണ്.

പ്രാര്‍ത്ഥനയും വരങ്ങളും:
ആഴമായ പ്രാര്‍ത്ഥനാ അനുഭവത്തിലേക്ക് നാം കടന്നുവരുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ നമുക്ക് ലഭിക്കുന്നു. അറിവിന്‍റെ വചനം, ജ്ഞാനത്തിന്‍റെ വചനം, പ്രവചനവരം, വിവേചനവരം, രോഗശാന്തിവരം മുതലായവ. എല്ലാവര്‍ക്കും എല്ലാം ലഭിച്ചില്ലെങ്കിലും നമുക്ക് ആവശ്യമായവ പരിശുദ്ധാത്മാവ് നമുക്ക് നല്കും. ഈ വരങ്ങള്‍ ”വിശ്വാസത്തിന്‍റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്‍റെ പരിപൂര്‍ണ്ണതയുടെ അളവനുസരിച്ച് പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ തുടരേണ്ടിയിരിക്കുന്നു” (എഫേസോസ് 4/13).

തിരുസഭയില്‍ എക്കാലത്തും വരദാനങ്ങള്‍ ഉള്ളവര്‍ ഉണ്ടായിരുന്നു. അഗാബോസ് എന്ന ഒരു പ്രവാചകനെപ്പറ്റി അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്. അതുപോലെ പ്രവചനവരം ലഭിച്ച കന്യകകളായ നാല് പുത്രിമാര്‍ സുവിശേഷ പ്രസംഗകനായ പീലിപ്പോസിന് ഉണ്ടായിരുന്നു. (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 21/9). ഇക്കാലത്ത് കരിസ്മാറ്റിക് നവീകരണത്തിലൂടെ അനേകര്‍ക്ക് ഈ വരദാനങ്ങള്‍ ലഭ്യമാകുന്നു.
നമ്മുടെ കര്‍ത്താവ് സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളിപ്പോയപ്പോള്‍ ശിഷ്യന്‍മാര്‍ക്ക് പ്രധാന അദ്ധ്യാപകനായി നിയമിച്ചത് പരിശുദ്ധാത്മാവിനെയാണ് (യോഹന്നാന്‍ 14/26). വീണ്ടും അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നു. ”സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് നയിക്കും” (യോഹന്നാന്‍ 16/13) ഈ സത്യാത്മാവ് നമ്മെ പഠിപ്പിച്ചാല്‍ മാത്രമേ നമ്മുടെ പഠനം പൂര്‍ത്തിയാവൂ.

സെമിനാരിയില്‍ ഫിലോസഫി പഠനം കഴിഞ്ഞ ഒരു ബ്രദര്‍ ഒരിക്കല്‍ എന്‍റെ അടുത്തുവന്നു പറഞ്ഞു, ”എനിക്ക് ദൈവവിളി ഇല്ലെന്ന് തോന്നുന്നു.” ഈ ആശയം ഇപ്പോള്‍ ഉണ്ടായതാണോ, അതോ നേരത്തേതന്നെ ഉള്ളതാണോ എന്നു ഞാന്‍ ചോദിച്ചു. ഇപ്പോള്‍ തോന്നിയതാണെന്ന് ബ്രദര്‍ പറഞ്ഞു.

സാധാരണഗതിയില്‍ ഒരാള്‍ ദൈവവിളി സ്വീകരിച്ച് ജീവിക്കുവാന്‍ ആരംഭിക്കുമ്പോള്‍ കര്‍ത്താവ് നമുക്ക് ആദ്യമാദ്യം നല്ല ഉറപ്പും സന്തോഷവും സമാധാനവും നല്കാറുണ്ടെന്നും എന്നാല്‍ കുറച്ചുകഴിയുമ്പോള്‍ നമ്മെ കുരിശിന്‍റെ പാതയില്‍ കൂടി അവിടുന്ന് നടത്തുമെന്നും അത് ക്രിസ്തുശിഷ്യന്‍റെ ഓഹരിയാണെന്നും അതുകൊണ്ട് ദൈവവിളി ഇല്ലെന്ന് വിചാരിക്കരുതെന്നും മറ്റും ഞാന്‍ പറഞ്ഞെങ്കിലും ബ്രദറിന് നല്ല ഉറപ്പായില്ല. ആ സമയം ബ്രദറിനെ കര്‍ത്താവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ കണ്ടത് കുളിച്ച് ദേഹം തുടച്ച് തിളക്കമുള്ള ശരീരത്തോടുകൂടിയ ഒരു മനുഷ്യനെയാണ്. അരമുതല്‍ മുകളിലേക്കുള്ള ഭാഗം മാത്രമേ കാണുന്നുള്ളൂ. കാണപ്പെട്ട ശരീരഭാഗത്ത് വസ്ത്രങ്ങള്‍ ഒന്നും അണിഞ്ഞിരുന്നില്ല. ഒരു നിമിഷം ആരാണ് ഇതെന്ന് ഞാന്‍ ശങ്കിച്ചു. പെട്ടെന്ന് എന്‍റെ ബോധത്തിലേക്ക് വന്നു, അത് ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവാണെന്ന്! ഞാന്‍ നോക്കിനില്ക്കുമ്പോള്‍ ഒരു കൈ കര്‍ത്താവിന്‍റെ പാര്‍ശ്വത്തിലേക്ക് അടുക്കുന്നത് ഞാന്‍ കണ്ടു. കളര്‍ ഉള്ള ഉടുപ്പിട്ട ഒരു കൈ ആയിരുന്നു. പെട്ടെന്ന് അതിന്‍റെ അര്‍ത്ഥം എന്‍റെ മനസിലേക്ക് വന്നു, ”നിന്‍റെ കൈനീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കുക, അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക” (യോഹന്നാന്‍ 20/27). നമ്മുടെ കര്‍ത്താവ് തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ട് തോമായെ വിശ്വാസത്തില്‍ ഉറപ്പിച്ച സംഭവം.

ഞാനത് പറഞ്ഞപ്പോള്‍ ആ ബ്രദര്‍ സന്തോഷത്തോടും ഗദ്ഗദത്തോടും കൂടെ അത് സ്വീകരിച്ചു. ബ്രദറിന് ഉറപ്പു ലഭിച്ചു. ഇപ്രകാരം കര്‍ത്താവ് നയിക്കുമ്പോള്‍ എല്ലാം എളുപ്പമാണ്. കര്‍ത്താവിനെ ശ്രവിക്കാന്‍ നമുക്ക് കഴിയണം. അവിടുന്ന് നമ്മോട് ഇടപെടുന്നത്, ദര്‍ശനങ്ങളില്‍ കൂടിയാകാം, സ്വരത്തില്‍ കൂടിയാകാം, ദൈവവചനത്തില്‍ കൂടിയാകാം. എങ്ങനെയാണെങ്കിലും, നമുക്ക് അത് ബോധ്യപ്പെടും. കര്‍ത്താവ് സംസാരിച്ചാലും നൈയാമികമായ അധികാരങ്ങള്‍ക്ക് വിധേയപ്പെട്ടിരിക്കും. സാമുവേലിനെ വിളിച്ച കര്‍ത്താവിന് സാമുവേലിനോട് പറയാമായിരുന്നു. ഞാനാണ് നിന്നെ വിളിച്ചത്. നീ ഏലിയുടെ അടുത്തേക്ക് ഓടണ്ട, എന്ന്. എന്നാല്‍ കര്‍ത്താവ് ആ പുരോഹിതനില്‍ക്കൂടി പഠിപ്പിക്കുവാനാണ് ആഗ്രഹിച്ചത്. അതുകൊണ്ട് കര്‍ത്താവിന്‍റെ അരുളപ്പാടുകള്‍ വിവേചിച്ച് കൊടുക്കണം. പരിശീലനത്തില്‍ ഇരിക്കുന്നവരെ അതിനായി അഭ്യസിപ്പിക്കണം. അങ്ങനെയെല്ലാവര്‍ക്കും….. പ്രവചിക്കാനും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും (1 കോറിന്തോസ് 14/31). ഇതില്‍ പഠിക്കാനുണ്ട്, പ്രോത്സാഹനം ലഭിക്കേണ്ടതുണ്ട്.

ഗമാലിയേലിന്‍റെ ശിഷ്യത്വത്തില്‍ പഠിച്ച്, ഒരു പണ്ഡിതനായിരുന്ന പൗലോസ് പറയുന്നു. ”എന്‍റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്‍റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു” (1 കോറിന്തോസ് 2/4) പൗലോസ് സമ്പാദിച്ചിരുന്ന ലൗകികവിജ്ഞാനം നിസാരമായി തള്ളിക്കളഞ്ഞുകൊണ്ട് ആത്മാവിന്‍റെ ശക്തിയില്‍ അദ്ദേഹം ആശ്രയിക്കുന്നു. ഇതാണ് നമുക്കും ആവശ്യം.

ശാലോം ശുശ്രൂഷകളുടെ ആത്മീയപിതാവായിരുന്ന മോണ്‍. സി.ജെ. വര്‍ക്കി 1995 ആഗസ്റ്റ് ലക്കം ശാലോം ടൈംസില്‍ എഴുതിയ ലേഖനം

'

By: Shalom Tidings

More
ആഗ 28, 2024
Encounter ആഗ 28, 2024

സ്റ്റാഫ് നഴ്‌സായി ജോലി ലഭിക്കുന്നതിന് പി.എസ്.സി പരീക്ഷക്കായി പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ലൈവ് ദിവ്യകാരുണ്യ ആരാധന മൊബൈല്‍ ഫോണില്‍ ഓണാക്കിവച്ചിട്ട് അതിനോടുചേര്‍ന്ന് പഠിക്കുന്നതിനെക്കുറിച്ച് ശാലോം ടൈംസില്‍ വായിച്ചു. അത് ഞാന്‍ പരിശീലിക്കാന്‍ തുടങ്ങി. നല്ല ഒരു പഠനാനുഭവമായിരുന്നു അത്. ആത്മീയമായി വളരാനും ഈശോയോട് നല്ല വ്യക്തിബന്ധം വളര്‍ത്തിയെടുക്കാനും എല്ലാ ജീവിതസാഹചര്യങ്ങളിലും അത് ഫലപ്രദമായി ഉപയോഗിക്കാനും ആ ആരാധനാശീലം എന്നെ സഹായിച്ചു. മാത്രവുമല്ല താമസിയാതെ മെഡിക്കല്‍ കോളേജ് സ്റ്റാഫ് നഴ്‌സായി നിയമനവും കിട്ടി.
ജോസ്‌ന ജോണ്‍, കോടഞ്ചേരി, കോഴിക്കോട്

'

By: Shalom Tidings

More
ആഗ 21, 2024
Encounter ആഗ 21, 2024

ചാച്ചനും അമ്മച്ചിയും അനുജനും ഞാനും ഉള്‍പ്പെടുന്നതായിരുന്നു എന്‍റെ കുടുംബം. ഞാന്‍ പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മറക്കാനാവാത്ത ഒരു ദുഃഖാനുഭവം ഉണ്ടായി, ബൈക്ക് ആക്‌സിഡന്റില്‍പ്പെട്ട് ചാച്ചന്‍റെ മരണം. ആ മരണം എനിക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഒട്ടും സാധിച്ചില്ല. അതോടെ ഈശോയിലുള്ള വിശ്വാസവും സ്‌നേഹവും പൂര്‍ണമായി നഷ്ടപ്പെട്ടു. പിന്നെ ഞാന്‍ പള്ളിയില്‍ പോകാതായി,. പ്രാര്‍ത്ഥിക്കില്ല, ആരോടും വലിയ സംസാരവുമില്ല. ഇത് എന്ത് ജീവിതമാണ് എന്നൊക്കെയുള്ള ചിന്തയായിരുന്നു മനസില്‍. കാരണം ചാച്ചന്‍ എവിടെ പോകുന്നതിനു മുമ്പും ക്രൂശിതരൂപത്തിന്‍റെ മുമ്പില്‍ വന്നുനിന്ന് കുരിശുവരച്ച് പ്രാര്‍ത്ഥിച്ചതിനുശേഷമാണ് പോകാറുള്ളത്. ‘എന്നിട്ടും ചാച്ചന് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഈശോ ശരിക്കും ഉണ്ടോ?’ ഇതൊക്കെയായിരുന്നു മനസിലെ ചോദ്യങ്ങള്‍.

ചാച്ചന്‍ ഇല്ലാതായതോടെ പഠിക്കാനും താത്പര്യമില്ലാതായി. ഞാന്‍ മോശം കൂട്ടുകെട്ടുകളിലൊക്കെപ്പെട്ട് പഠനത്തില്‍ പിന്നിലാണെന്ന് എന്‍റെ അമ്മച്ചി അറിഞ്ഞു. അമ്മച്ചിക്കത് വളരെ വിഷമമായി. ആ സമയത്ത് ഞാന്‍ ചാച്ചന്‍റെ പെങ്ങളുടെ വീട്ടില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. വലിയ സങ്കടത്തോടെ അമ്മച്ചി തൃശൂര്‍ ജറുസലേം ധ്യാനകേന്ദ്രത്തില്‍പോയി എട്ട് വെള്ളിയാഴ്ച എനിക്കുവേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു.

സങ്കടക്കടലില്‍ കൈപിടിച്ച അമ്മ

അങ്ങനെയിരിക്കേ ഒരു ദിവസം ഞാന്‍ പഴയ നാളുകളെക്കുറിച്ച് ചിന്തിച്ചു. ചാച്ചന്‍ ഉണ്ടായിരുന്ന ദിവസങ്ങളെക്കുറിച്ചും അന്നത്തെ സ്‌കൂള്‍ദിനങ്ങളെക്കുറിച്ചും. എല്ലാ ദിവസവും സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും ജപമാല ചൊല്ലണമെന്ന് അമ്മച്ചി പറഞ്ഞുതന്നിരുന്നു. അതിനാല്‍ത്തന്നെ സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും ജപമാല ചൊല്ലിത്തീര്‍ക്കാന്‍വേണ്ടി ആരോടും മിണ്ടാറില്ല. ദിവസവും നാലു ജപമാല വീതം ചൊല്ലുമായിരുന്നു.

അന്നൊക്കെ എനിക്ക് എന്തൊരു സന്തോഷമായിരുന്നു എന്ന് ഞാനോര്‍ത്തു. ഇപ്പോഴാണെങ്കില്‍ എന്‍റെ ഉള്ളില്‍ വലിയ സങ്കടമാണ്. സങ്കടംകൊണ്ട് മരിക്കുമോ എന്നുവരെ തോന്നിയിട്ടുണ്ട്. പെട്ടെന്ന് പഴയതുപോലെ ജപമാല ചൊല്ലാന്‍ തുടങ്ങാം എന്നൊരു ചിന്ത. പിന്നീട് ആ ചിന്ത ശക്തിപ്പെട്ട് അന്ന് ഉച്ചയ്ക്കുശേഷം മുതല്‍ ഞാന്‍ ജപമാല ചൊല്ലിത്തുടങ്ങി. ഓരോ നന്മനിറഞ്ഞ മറിയവും ഏറെ കരഞ്ഞാണ് പ്രാര്‍ത്ഥിച്ചത്, അതുകൊണ്ട് കുറെ സമയമെടുക്കുമായിരുന്നു.

കാടും കോട്ടയും കടന്ന്…

ഈശോ ഉണ്ടെങ്കില്‍ അതെന്നെ ബോധ്യപ്പെടുത്തിത്തരണം എന്നതുമാത്രമായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചതിന്‍റെ ലക്ഷ്യം. എന്നും തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പ്രാര്‍ത്ഥന തുടര്‍ന്ന ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തില്‍ ഞാന്‍ കൊടുംവനത്തിലൂടെ പോവുകയാണ്. നടുവിലൂടെ ഒരു അരുവി ഒഴുകുന്നു. ഞാന്‍ അതിന്‍റെ അരികിലൂടെ നടന്നുനടന്ന് ആ കാടിന്‍റെ നടുവിലുള്ള വലിയൊരു കോട്ടയിലെത്തി. പുരാതന അവശിഷ്ടങ്ങളൊക്കെയുള്ള പഴയൊരു കോട്ട. എല്ലായിടത്തും ചെടികളൊക്കെ വളര്‍ന്നുനില്‍ക്കുന്നു. ഞാന്‍ അതെല്ലാം മാറ്റിമാറ്റി നോക്കിയപ്പോള്‍ അതിനുള്ളില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു – ഉന്നതി, അഭ്യുന്നതി എന്ന്. എനിക്കൊന്നും മനസിലായില്ല. പെട്ടെന്ന് ആ സ്വപ്നം തീര്‍ന്നു.

പിറ്റേദിവസം അമ്മച്ചി ഫോണ്‍ വിളിച്ച് പറഞ്ഞു: ”തൃശൂരില്‍ പത്താംക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് ധ്യാനം നടക്കുന്നുണ്ട്, നീ ആ ധ്യാനം കൂടണം.” അടുത്ത ദിവസങ്ങളില്‍ത്തന്നെ അമ്മച്ചി വന്ന് എന്നെ ആന്റിയുടെ വീട്ടില്‍നിന്ന് കൊണ്ടുപോയി. അമ്മച്ചിയുടെ വീടിന് സമീപമുള്ള തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തില്‍ എന്നെ ധ്യാനത്തിന് വിട്ടു. സ്തുതിപ്പിനെക്കുറിച്ച് ധ്യാനഗുരുവായ ഫാ. ഡേവിസ് പട്ടത്ത് സി.എം.ഐ പറഞ്ഞതെല്ലാം കേട്ടപ്പോള്‍ സര്‍വശക്തിയുമെടുത്ത്, കൈ വിരിച്ചുപിടിച്ച് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. ”എന്‍റെ ഈശോയേ, നീ ഉണ്ടെങ്കില്‍ എന്‍റെയടുത്തൊന്ന് വരണേ. എന്നെ ബോധ്യപ്പെടുത്തിത്തരണേ” എന്നൊക്കെയാണ് അതിനിടെ ഞാന്‍ പറഞ്ഞിരുന്നത്.

സ്വര്‍ഗം ഇങ്ങനെയാണോ?

പെട്ടെന്ന് ഒരു അനുഭവം! ധ്യാനിച്ചുകൊണ്ടിരിക്കുന്ന ആ ഹാളും സ്വര്‍ഗവും ഒന്നാകുന്നതുപോലെ… ഞാന്‍ സ്വര്‍ഗത്തില്‍ നില്‍ക്കുന്നതുപോലെയും തോന്നി. ചുറ്റും കുട്ടികളല്ല വെള്ളയണിഞ്ഞ കുറെ ആളുകള്‍. അള്‍ത്താരയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് ചവിട്ടുപടികള്‍. ആ പടികള്‍ അവസാനിക്കുന്നത് ഏറ്റവും മുകളിലാണ്. മൂന്നു സിംഹാസനങ്ങളാണ് അവിടെ ഉണ്ടായിരുന്നത് – സ്വര്‍ഗീയ പിതാവും ഈശോയും ഓരോ സിംഹാസനങ്ങളില്‍ ഇരുന്നിരുന്നു. മൂന്നാമത്തെ സിംഹാസനത്തില്‍ ആരെയും കണ്ടില്ല. വീണ്ടും നോക്കിയപ്പോഴതാ ഈശോ എന്നെ നോക്കുന്നു! അവിടുന്ന് ആ പടികള്‍ ഇറങ്ങിയിറങ്ങിവന്ന് അള്‍ത്താരയിലേക്ക് എത്തി.

തുടര്‍ന്ന് അവിടെനിന്നിറങ്ങി ധ്യാനഹാളിന്‍റെ മധ്യത്തിലൂടെ നടന്ന് ഞാന്‍ നില്‍ക്കുന്ന നിരയുടെ മുന്നില്‍വന്നു. എന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒരു ആലിംഗനം! ഹൃദയം നിറയ്ക്കുന്ന ഒരു സ്‌നേഹാനുഭവമായിരുന്നു അത്!! ആ സ്‌നേഹം അനുഭവിച്ചപ്പോള്‍ ഈശോയോട് ചോദിച്ചു, ”ഞാന്‍ എന്താ ഈശോയേ ചെയ്യേണ്ടത്?”
ഈശോ മറുപടി പറയാതെ, ഞാന്‍ ഒരു സന്യാസ വസ്ത്രം ധരിച്ചുനില്ക്കുന്നതായി എനിക്ക് കാണിച്ചുതന്നു. തുടര്‍ന്ന് കണ്ടത് സന്യാസിനിയായി ഞാന്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ മാതാവും എന്‍റെകൂടെ ജപമാല ചൊല്ലുന്ന ദൃശ്യമാണ്. ഞാനൊരു സന്യാസിനി ആകണമെന്നാണ് ഈശോയുടെ ആഗ്രഹമെന്ന് എനിക്ക് ഉറപ്പായി. ധ്യാനത്തിന്‍റെ അവസാനം സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള സമയത്ത് ഞാനെന്‍റെ അനുഭവങ്ങള്‍ പറഞ്ഞു.

അമ്മച്ചിയുടെ കണ്ണീരും മഠവും

അന്ന് ഏതാനും കുട്ടികള്‍ എന്‍റെ അടുത്തെത്തി, ഏത് കോണ്‍ഗ്രിഗേഷനിലാണ് പോകുന്നത് എന്നു ചോദിച്ചു. സ ന്യാസാര്‍ത്ഥിനികളായ അവര്‍ അവരുടെ സന്യാസവസ്ത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ എന്നെ ഈശോ കാണിച്ചുതന്ന സന്യാസവസ്ത്രവുമായി സാമ്യമുള്ളതുപോലെ തോന്നി. ധ്യാനംകഴിഞ്ഞ് എന്നെ കൊണ്ടുപോകാന്‍ അമ്മച്ചി വന്നയുടന്‍ ഞാനെന്‍റെ സന്തോഷം പങ്കുവച്ചു, ”അമ്മച്ചീ, ഞാന്‍ ഈശോയെ കണ്ടു. ഈശോയ്ക്ക് നമ്മളോട് വലിയ സ്‌നേഹമാണ്. ഞാന്‍ അതുകൊണ്ട് സിസ്റ്ററാകാന്‍ തീരുമാനിച്ചു!”

അതുകേട്ട് അമ്മച്ചി ഒറ്റക്കരച്ചില്‍. ”അതിനുവേണ്ടിയാണോ ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നേ, നിനക്കറിയാവുന്നതല്ലേ എനിക്കിനി വാവയും നീയും മാത്രമേ ഉള്ളൂവെന്ന്! പിന്നെന്താ നീ ഇങ്ങനെ പറയുന്നേ” എന്നൊക്കെ ചോദിച്ചുകൊണ്ട് കരയുകയാണ്. ഞാന്‍ അമ്മച്ചിയെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു: ”നമുക്ക് ഇവരുടെകൂടെ പോയി, ഇവരുടെ കോണ്‍വെന്റൊക്കെ കണ്ട്, ഞാന്‍ കണ്ടതുപോലെയാണോ എന്ന് നോക്കാം.” ഒട്ടും മനസില്ലെങ്കിലും എന്‍റെ ആഗ്രഹമായതിനാല്‍ അമ്മച്ചി എന്‍റെകൂടെ വന്നു. അവിടെ ചെന്നപ്പോള്‍ ഈശോ എനിക്ക് കാണിച്ചുതന്ന സന്യാസവസ്ത്രവും രീതികളുമൊക്കെയാണ് കണ്ടത്. അതുകണ്ട് ഞാന്‍ അമ്മച്ചിയോട് പറഞ്ഞു, ”ഞാനിവിടെ ഒരു സിസ്റ്ററാകണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്.” അമ്മച്ചിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ഞങ്ങള്‍ എന്‍റെ നാടായ പാലായിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ഞാന്‍ സിസ്റ്ററാകാന്‍ തീരുമാനിച്ച കാര്യം എല്ലാവരോടും പറഞ്ഞു. പക്ഷേ ആര്‍ക്കും സ്വീകാര്യമല്ലായിരുന്നു. ചാച്ചന്‍റെ ഒരു അനുജന്‍മാത്രമാണ് താത്പര്യം കാണിച്ചത്. അതിനാല്‍ത്തന്നെ എന്നെ പിന്തിരിപ്പിക്കാന്‍ അവര്‍ കുറെ ശ്രമിച്ചു. പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവ വാങ്ങിത്തന്നു. അവര്‍ക്ക് എന്നോടുള്ള സ്‌നേഹംകൊണ്ടാണ് അങ്ങനെയെല്ലാം ചെയ്യുന്നത് എന്നെനിക്ക് അറിയാമായിരുന്നു. പക്ഷേ അതിനെക്കാള്‍ ഉപരി ഈശോയ്ക്ക് എന്നോടുള്ള സ്‌നേഹം ഓര്‍ത്തപ്പോള്‍ എനിക്ക് പോകാതെവയ്യാത്ത അവസ്ഥ.

ഈശോയോട് മത്സരിച്ച ബന്ധുക്കള്‍

മഠത്തില്‍ പോയാല്‍ അവിടെ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്, പുറമെ കാണുന്നതുപോലെയൊന്നുമല്ല സന്യാസജീവിതം എന്നായിരുന്നു ചില ബന്ധുക്കളുടെ അഭിപ്രായം. പക്ഷേ എനിക്ക് ഈശോയോടുള്ള സ്‌നേഹത്തെപ്രതിയും ഈശോയ്ക്ക് എന്നോടുള്ള സ്‌നേഹത്തെപ്രതിയും മാത്രമാണ് ഞാന്‍ മഠത്തില്‍ പോകുന്നത് എന്നു ഞാന്‍ അവരോടു പറഞ്ഞു. എന്നാലും എന്‍റെ അമ്മച്ചിക്കും അനുജനുമൊക്കെ വളരെ വിഷമമായിരുന്നു. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അവന് ആരുമില്ല എന്നു പറഞ്ഞ് അനുജന്‍ ഒരുപാട് കരഞ്ഞു.

”ഞാന്‍ ഈശോയ്ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാനല്ലേ പോകുന്നത്. അതിനാല്‍ നമുക്കൊരു കുറവും വരികയില്ല. നിങ്ങളുടെ കാര്യം ഈശോ നോക്കിക്കോളും” എന്നെല്ലാം പറഞ്ഞ് ഞാന്‍ അവനെ ആശ്വസിപ്പിച്ചു. എങ്കിലും ആരും എന്നെ കോണ്‍വെന്റില്‍ വിടാന്‍ തയാറല്ല എന്നു കണ്ടപ്പോള്‍ ഞാന്‍ ഈശോയോട് പറഞ്ഞു, എന്തു വന്നാലും ഒരു മാസത്തിനുള്ളില്‍ ഞാന്‍ മഠത്തില്‍ പോയിരിക്കുമെന്ന്. അത് യാഥാര്‍ത്ഥ്യമായി, ഒരു മാസത്തിനുള്ളില്‍ അത്ഭുതകരമായി അമ്മച്ചിതന്നെ എന്നെ മഠത്തില്‍ എത്തിച്ചു. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ സമയത്ത് പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിലൂടെയാണ് ഞാന്‍ ഈശോയുടെ സ്‌നേഹത്തിലേക്ക് നയിക്കപ്പെട്ടത്. അമ്മയുടെ അടുത്ത് ചെല്ലുന്നവരെയെല്ലാം അമ്മ ഈശോയിലേക്ക് നയിക്കും. ഈശോയുടെ സ്‌നേഹാനുഭവത്തിനുശേഷം അമ്മയുടെ നാമത്തിലുള്ള മേരിമക്കള്‍ സന്യാസസഭയിലേക്കുതന്നെ നയിക്കപ്പെട്ടു എന്നതും എനിക്ക് ലഭിച്ച അനുഗ്രഹമാണ്.

വിശുദ്ധരാകണോ? ഇതാ വഴി

നാം എല്ലാവരെക്കുറിച്ചും ഈശോയ്ക്ക് വ്യക്തമായ പദ്ധതികളുണ്ട്, സ്വപ്നങ്ങളുണ്ട്. ഈശോയ്ക്ക് എന്നെക്കുറിച്ചുള്ള സ്വപ്നം എന്താണെന്ന് നാം ഓരോരുത്തരും ഈശോയോടുതന്നെ ചോദിക്കണം. അപ്പോള്‍ ഈശോ നമുക്കത് പറഞ്ഞുതരും. ഓരോരുത്തരെയും ഈശോ വിളിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. എല്ലാറ്റിനും ഉപരി എനിക്ക് ഈശോയെ സ്‌നേഹിക്കണം, ഈശോയോടുള്ള സ്‌നേഹത്തെപ്രതി ധാരാളം ആത്മാക്കളെ നേടണം, ഈശോയോടുള്ള സ്‌നേഹത്തില്‍ മറ്റുള്ളവരെ ശുശ്രൂഷിക്കണം എന്നു ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ആ തോന്നലിലൂടെ നിങ്ങളെ ഈശോ വിളിക്കുന്നതായിരിക്കാം. ”സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും” (മര്‍ക്കോസ് 8/35) എന്നല്ലേ തിരുവചനം പറയുന്നത്.
ആര്‍ക്കെങ്കിലും വിശുദ്ധനായ ഒരു വൈദികനാകണം, സിസ്റ്ററാകണം എന്നു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ പരിശുദ്ധ അമ്മയോടുചേര്‍ന്ന് പ്രാര്‍ത്ഥിക്കണം. പരിശുദ്ധ അമ്മയോട് നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ ബാക്കിയുള്ളവ പിന്നെ പരിശുദ്ധ ദൈവമാതാവ് നോക്കിക്കൊള്ളും. അതാണ് എന്‍റെ അനുഭവം.

'

By: ആന്‍ മരിയ ക്രിസ്റ്റീന

More
ആഗ 21, 2024
Encounter ആഗ 21, 2024

ഒരിക്കല്‍ സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത് വളരെ വിഷമത്തോടെ എന്നെ സമീപിച്ചുപറഞ്ഞു, രഹസ്യമായി ഒരു കാര്യം സംസാരിക്കാനുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ഫോണില്‍ വിളിച്ചുകൊള്ളാന്‍ ഞാന്‍ അനുവാദം നല്കി. അന്ന് വൈകിട്ട് അദ്ദേഹത്തിന്‍റെ ഫോണ്‍ കോള്‍ വന്നു. പ്രശ്‌നം മറ്റൊന്നുമല്ല, അദ്ദേഹത്തിന് രക്ത പരിശോധന നടത്തിയപ്പോള്‍ ഹെപ്പറ്റൈറ്റിസ് ബി ഉള്ളതായി കണ്ടെത്തിയിരിക്കുന്നു. ആ വാക്കുകള്‍ വളരെ നടുക്കത്തോടെയാണ് ഞാനും കേട്ടത്. എങ്ങനെ ഈ വൈറസ് ബാധ ഉണ്ടായെന്നോ ഇനി എന്താണ് ചെയ്യേണ്ടതെന്നോ അറിയില്ല എന്ന് അദ്ദേഹം സങ്കടപ്പെടുകയാണ്. ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് ശരീരത്തില്‍ നിലനില്‍ക്കും. വൈറസ്ബാധ ഉണ്ടാകാതിരിക്കാനുള്ള പ്രിവന്റീവ് വാക്‌സിനുകള്‍ ലഭ്യമാണ്. എന്നാല്‍ വൈറസ് ബാധ മാറ്റിയെടുക്കാന്‍ സാധ്യമല്ല. ഏതെങ്കിലും വിദേശ രാജ്യങ്ങളിലേക്ക് ജോലി വിസ ലഭിക്കുന്നതിന് ചില രക്ത പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് ഉണ്ടെന്നു കണ്ടാല്‍ വിസ തടയും.

ഇദ്ദേഹമാകട്ടെ ഒരു യൂറോപ്യന്‍ രാജ്യത്തേക്കുള്ള മൈഗ്രേഷന്‍ പ്രവര്‍ത്തനങ്ങളുടെ പാതിവഴിയില്‍ ആണ്. കുറെ പണം ചിലവായിക്കഴിഞ്ഞു. ബാക്കി കുറച്ച് പണം കൂടെ കൊടുക്കാനുള്ള ദിവസം അടുത്ത് വരുന്നു. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ പണവും നല്‍കണം. ഇത്തരം ഒരു അവസ്ഥയില്‍ എങ്ങനെ മുന്നോട്ടു പോകും?! മൈഗ്രേഷന്‍ നിര്‍ത്തിവച്ചാല്‍ കൊടുത്ത പണം മുഴുവന്‍ നഷ്ടപ്പെടും. സംഗതിയുടെ ഗൗരവം എനിക്ക് മനസ്സിലായി. മനുഷ്യന്‍റെ ബുദ്ധിയില്‍ ഇതിനൊരു പോംവഴി അസാധ്യമാണ്.

വാക്കുകള്‍കൊണ്ട് ആ വ്യക്തിയെ ആശ്വസിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഈശോ മനസ്സില്‍ തന്ന ഒരു പ്രേരണ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടുക എന്നതാണ്. അദ്ദേഹം ഒരു അക്രൈസ്തവനാണ് എങ്കിലും അക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. തൊട്ടടുത്ത ദിവസം ചെറുവിരലോളം വലിപ്പമുള്ള കുഞ്ഞുമാതാവിന്‍റെ തിരുസ്വരൂപവുമായി ഞാന്‍ കടന്നു ചെന്നു. എന്‍റെ അമ്മയെ അദ്ദേഹത്തിന്‍റെ കൈകളില്‍ വച്ച് കൊടുത്തു. കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥനയും എഴുതി നല്‍കി. മുപ്പത്തിമൂന്നു പ്രാവശ്യം വീതം മുപ്പത്തിമൂന്നു ദിവസം ഈ കുരുക്കിനെ അമ്മയുടെ കൈകളില്‍ കൊടുത്ത് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു.

പല ലാബുകളിലായി നടത്തിയ ടെസ്റ്റുകളിലെല്ലാം ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ ഉണ്ടെന്നുതന്നെയാണ് കണ്ടെത്തിയത്. വളരെ നിരാശയോടെ ആണെങ്കിലും അദ്ദേഹം പ്രാര്‍ത്ഥന ആരംഭിച്ചു. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു കാര്യം പങ്കുവച്ചു, ”എനിക്ക് ഇപ്പോള്‍ പ്രാര്‍ത്ഥന മനഃപാഠമാണ്. മാതാവിനോട് മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചപ്പോള്‍ രണ്ടു ദിവസമായി ഞാന്‍ രാത്രിയില്‍ ഉറങ്ങുന്നുണ്ട്.”
പതിനഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കി. ഫലത്തില്‍ വ്യത്യാസം ഒന്നും കാണാന്‍ കഴിഞ്ഞില്ല. തളര്‍ന്നു പോകാതെ പ്രാര്‍ത്ഥന തുടര്‍ന്നു. പരിശുദ്ധ അമ്മയെയും ഈശോയെയും കൂടെക്കൂടെ ഞാനും ഇക്കാര്യം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ മുപ്പത്തിമൂന്നു ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീണ്ടും ബ്ലഡ് ടെസ്റ്റ് നടത്തി, വൈറസ് ബാധ പൂര്‍ണ്ണമായും ഇല്ലാതായെന്നാണ് കണ്ടത്! വേറെ ലാബുകളിലും പരിശോധിച്ച് അക്കാര്യം ഉറപ്പുവരുത്തി.

ഇപ്പോള്‍ അവര്‍ കുടുംബസമേതം യൂറോപ്പില്‍ താമസിച്ചു ജോലി ചെയ്യുന്നു. മതഭേദമില്ലാതെ ഈശോയുടെ സ്‌നേഹം അനുഭവിച്ചറിയാന്‍ ആ അനുഭവം അവരെ സഹായിച്ചു എന്നെനിക്ക് ഉറപ്പുണ്ട്.
ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് ജോലി മാറാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഒരു സഹോദരിയുടെ അനുഭവവും ഓര്‍ക്കുന്നു. ആ വിഷമസാഹചര്യത്തില്‍ അവര്‍ കുരുക്കഴിക്കുന്ന മാതാവിന്‍റെ പ്രാര്‍ത്ഥന ചൊല്ലി പ്രശ്‌നം പരിശുദ്ധ അമ്മയെ ഏല്പിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ പുതിയ കമ്പനിയിലേക്ക് കൂടുതല്‍ ശമ്പളത്തോടെ ജോലി മാറ്റം ലഭിച്ചു.

ദാമ്പത്യകുരുക്കഴിച്ച അമ്മ

വോള്‍ഫ്ഗാങ്ങ് ലാംഗേന്‍ മാന്‍ഡന്‍ എന്ന ജര്‍മ്മന്‍കാരന്‍റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിന്‍റെ ചിത്രം. വോള്‍ഫ് ഗാങ്ങിന്‍റെയും ഭാര്യ സോഫിയുടെയും ദാമ്പത്യത്തില്‍ ചില വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. തന്‍റെ കുടുംബ ജീവിതം തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനായി വോള്‍ഫ്ഗാങ്, ജേക്കബ് രേം എന്ന വൈദികനെ സന്ദര്‍ശിച്ച് ഉപദേശം സ്വീകരിച്ചു. ഓരോ തവണ കണ്ടുമുട്ടുമ്പോഴും ഇരുവരും പരിശുദ്ധ കന്യക മറിയത്തിന്‍റെ മുമ്പില്‍ പോയി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. അവര്‍ അവസാനമായി കൂടിക്കാണുമ്പോള്‍ വൈദികനായ രേം ആശ്രമ ചാപ്പലില്‍ മാതാവിന്‍റെ ചിത്രത്തിന് മുന്‍പില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അതൊരു സെപ്തംബര്‍ 28 ആയിരുന്നു.

വൈദികനെ കണ്ടപ്പോള്‍ വോള്‍ഫ്ഗാങ് തങ്ങളുടെ കെട്ടുപിണഞ്ഞുകിടന്ന വിവാഹറിബ്ബണ്‍ വൈദികന്‍റെ കൈകളിലേക്ക് നല്‍കി. വൈദികന്‍ പ്രാര്‍ത്ഥനയോടെ റിബ്ബണ്‍ പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ഉയര്‍ത്തി. അത്ഭുതകരമായി ആ റിബണിന്‍റെ കെട്ടുകള്‍ ഓരോന്നായി അഴിഞ്ഞു വീഴുന്നതാണ് അവര്‍ കണ്ടത്. മാത്രവുമല്ല അതിന്‍റെ നിറം വെളുപ്പായി മാറി. ഇതിനു ശേഷം വോള്‍ഫ് ഗാങ്ങും സോഫിയും പിരിയാമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി കുടുംബജീവിതം തുടര്‍ന്നുകൊള്ളാമെന്നു പ്രതിജ്ഞ സ്വീകരിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം വോള്‍ഫ് ഗാങ്ങിന്‍റെ കൊച്ചു മകന്‍ ഹിറോണിമസ് അംബ്രോസിയസ് ലാംഗന്‍ മാന്‍ഡല്‍ വൈദികനായി. ഔഗ്‌സ്ബര്‍ഗിലെ വിശുദ്ധ പത്രോസിന്‍റെ ദൈവാലയത്തിന് ഒരു ബലി പീഠം നല്കാന്‍ ഹിറോണിമസ് അച്ചന്‍റെ കുടുംബം തീരുമാനിച്ചു. ബലിപീഠത്തില്‍ ചിത്രരചന നടത്താന്‍ നിയോഗിക്കപ്പെട്ടത് ജൊഹാന്‍ മെല്‍ച്ചിയര്‍ ജോര്‍ജ് എന്ന ചിത്രകാരന്‍ ആയിരുന്നു. റിബണിന്‍റെ കെട്ടുകള്‍ അഴിക്കുന്ന കന്യകാമറിയത്തെ പ്രതിനിധീകരിക്കുന്ന ഛായാചിത്രമാണ് അദ്ദേഹം വരച്ചത്.

ചിത്രത്തില്‍ പരിശുദ്ധ മറിയത്തിനു മുകളില്‍ കാണുന്ന പ്രാവ് സൂചിപ്പിക്കുന്നത് മറിയം പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയാണെന്നാണ്. മറിയത്തിന്‍റെ കാല്‍ക്കീഴില്‍ സര്‍പ്പം എന്ന സാത്താന്‍ ചവിട്ടേറ്റ് തകര്‍ക്കപ്പെടുന്നു. മറിയത്തെ സഹായിക്കാന്‍ രണ്ടു ദൂതന്മാരുണ്ട്. ഒരാള്‍ നമ്മുടെ ജീവിതത്തിന്‍റെ കെട്ടുകള്‍ അടങ്ങിയ റിബ്ബണ്‍ മറിയത്തിനു സമര്‍പ്പിക്കുമ്പോള്‍ മറ്റൊരാള്‍ കെട്ടുകളഴിച്ച റിബ്ബണ്‍ മറിയത്തില്‍ നിന്ന് സ്വീകരിക്കുന്നു. ചിത്രത്തിനടിയിലായി വോള്‍ഫ്ഗാങ്ങിനെ ഒരു മാലാഖ നയിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. മുഖ്യദൂതനായ വിശുദ്ധ റാഫേല്‍ മാലാഖയാണ് അതെന്ന് പറയപ്പെടുന്നു.

ഫ്രാന്‍സിസ് പാപ്പ ജര്‍മനിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നീട് മെത്രാനായപ്പോള്‍ ലാറ്റിന്‍ അമേരിക്കയില്‍ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ കുരുക്കഴിക്കുന്ന മാതാവിന്‍റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച ദൈവാലയമാണ് തൃശൂര്‍ ജില്ലയിലെ തുമ്പരശ്ശേരി സെയിന്റ് മേരീസ് ദൈവാലയം.
പിശാചിന്‍റെ കുടിലതന്ത്രങ്ങളില്‍നിന്നും ജീവിതത്തിന്‍റെ ഊരാക്കുരുക്കുകളില്‍നിന്നും നമ്മെ രക്ഷിക്കാന്‍ പരിശുദ്ധ അമ്മയുടെ കരങ്ങള്‍ സദാ സന്നദ്ധമാണ്. ജീവിതത്തിന്‍റെ ഭാരങ്ങളാല്‍ നാം തളര്‍ന്നു വീഴുമ്പോള്‍ അമ്മയുടെ കരങ്ങളില്‍ മുറുകെ പിടിക്കാം. അവളുടെ കരങ്ങളില്‍ ഉണ്ണീശോ സുരക്ഷിതനായിരുന്നതുപോലെ നാമും സുരക്ഷിതരാകട്ടെ.

'

By: ആന്‍ മരിയ ക്രിസ്റ്റീന

More
ആഗ 19, 2024
Encounter ആഗ 19, 2024

കന്യകാമറിയമേ,സ്‌നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കര്‍മ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്‍റെ ജീവിതത്തിലെ കുരുക്കുകളെ നിന്‍റെ കരുണ നിറഞ്ഞ കണ്ണുകളാല്‍ കടാക്ഷിക്കണമേ. നിന്‍റെ കൈകള്‍ക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്‍റെ കൃപയാലും നിന്‍റെ മകനും എന്‍റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്‍റെ മാധ്യസ്ഥ്യശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ. (ഇവിടെ ആവശ്യം പറയുക). ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ. അമ്മേ, എന്‍റെ ഈ അപേക്ഷ കേള്‍ക്കേണമേ, വഴി നടത്തേണമേ, സംരക്ഷിക്കണമേ. ആമ്മേന്‍.

'

By: Shalom Tidings

More
ആഗ 19, 2024
Encounter ആഗ 19, 2024

ജര്‍മ്മനിയില്‍ വന്ന് രണ്ടര വര്‍ഷത്തോളം കഴിഞ്ഞിട്ടും പഠിച്ച ജോലി ലഭിക്കാത്തതില്‍ വിഷമിച്ചിരുന്നു. അങ്ങനെയിരിക്കേ ഒരു വാട്ട്‌സാപ്പ് മെസേജില്‍ കണ്ടതനുസരിച്ച് മംഗളവാര്‍ത്താതിരുനാള്‍ ദിനത്തില്‍ രാത്രി 12 മണിക്ക് മാതാവിന്‍റെ മധ്യസ്ഥതയില്‍ കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുമ്പ് അയച്ചിരുന്ന ഒരു അപേക്ഷയ്ക്ക് മറുപടിയായി ഇന്റര്‍വ്യൂവിനുള്ള ഇമെയില്‍ വന്നു. തുടര്‍ന്ന് ഇന്‍ര്‍വ്യൂ നടന്നു. പക്ഷേ സാധാരണയായി നിരസിച്ചു എന്ന ഇമെയിലാണ് പിന്നെ കിട്ടാറുള്ളത്. പക്ഷേ ഇത്തവണ അടുത്ത റൗണ്ട് ഇന്‍ര്‍വ്യൂവിനുള്ള ക്ഷണം കിട്ടി. പ്രാര്‍ത്ഥനയോടെ അതിനായി ഒരുങ്ങിയതോടൊപ്പം ആ ജോലി കിട്ടിയാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താം എന്നും നേര്‍ന്നു. ചെറുപ്പംമുതലേ ശാലോം ടൈംസ് മാസികയിലും സണ്‍ഡേ ശാലോം പത്രത്തിലും വായിച്ചിരുന്ന സാക്ഷ്യങ്ങളുടെ ഓര്‍മ്മയിലാണ് അങ്ങനെ നേര്‍ന്നത്. ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം തന്നു. രണ്ടാം റൗണ്ട് ഇന്‍ര്‍വ്യൂവിന് ഒടുവില്‍ എനിക്ക് പഠിച്ചതിനനുസരിച്ചുള്ള ആ നല്ല ജോലിതന്നെ ലഭിച്ചു.
നെല്‍സണ്‍ ജോണ്‍, ജര്‍മ്മനി

'

By: Shalom Tidings

More
ആഗ 15, 2024
Encounter ആഗ 15, 2024

ഒരു ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ട് ജീവിച്ചുകൊണ്ടിരുന്ന കാലം. വിവാഹത്തെക്കുറിച്ചും ചിന്തിച്ചുതുടങ്ങിയിരുന്നു. ആയിടയ്ക്കാണ് ഒരു ധ്യാനത്തിനായി പോയത്. അതിനുശേഷം പ്രാര്‍ത്ഥനാഗ്രൂപ്പും പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ സജീവമായി മുന്നോട്ടുപോയി. ധ്യാനം കഴിഞ്ഞപ്പോള്‍മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എന്നും പോകണമെന്ന ആഗ്രഹം വര്‍ധിച്ചു. പക്ഷേ അങ്ങനെ പോയിത്തുടങ്ങിയാല്‍ മറ്റുള്ളവര്‍ പരിഹസിക്കുമോ എന്ന ചിന്തയും ഉണ്ടായിരുന്നു. എങ്കിലും ഞായറാഴ്ചകളില്‍ മിക്കവാറും നിത്യാരാധനാചാപ്പലില്‍ പോകും.
ആനാളുകളില്‍ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും സജീവമായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസമുണ്ടെങ്കില്‍പ്പോലും, അപ്പത്തില്‍ ഈശോയുണ്ടെന്ന് തെളിയിക്കുന്ന അനുഭവം തരണം എന്ന് ഈശോയോട് ചോദിച്ചിട്ടുണ്ട്.

ഈശോയുമായി മുഖാമുഖം

ഒരിക്കല്‍ സുവിശേഷപ്രവര്‍ത്തനത്തിനായുള്ള വീടുസന്ദര്‍ശനം കഴിഞ്ഞ് ദൈവാലയത്തിലേക്ക് പ്രവേശിക്കുകയാണ് ഞാന്‍. പതിവനുസരിച്ച് ആ സമയമാകുമ്പോള്‍ ദിവ്യകാരുണ്യ ആരാധന കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ അന്ന് ദിവ്യകാരുണ്യ ആശീര്‍വാദം നല്കുന്ന സമയമായിരുന്നു. പെട്ടെന്ന് ആ അരുളിക്ക എന്‍റെനേര്‍ക്ക് പറന്നുവരുന്ന അനുഭവം. അതില്‍ ഈശോയുടെ ചിരിക്കുന്ന തിരുമുഖവും കണ്ടു. നിമിഷങ്ങള്‍ക്കകം അതെല്ലാം മാഞ്ഞുപോയി. അപ്പത്തില്‍ ഈശോയുണ്ടെന്ന് എനിക്ക് വ്യക്തിപരമായി ഈശോ പറഞ്ഞുതന്ന അനുഭവമായിരുന്നു അത്.
ആയിടക്കുതന്നെ മറ്റൊരു അനുഭവവും ഉണ്ടായി.

ജീസസ് യൂത്തിന്‍റെ നൈറ്റ് വിജില്‍ നടക്കുകയായിരുന്നു. വിശുദ്ധ കുമ്പസാരം കഴിഞ്ഞ് ഉടനെ പരിശുദ്ധ കുര്‍ബാന ആരംഭിക്കുകയാണ്. എനിക്കൊരു അനുഭവം വേണമെന്ന് അന്ന് ഈശോയോട് പറഞ്ഞു. ബലിയര്‍പ്പണസമയത്തെല്ലാം ഞാന്‍ ആ അനുഭവത്തിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല, ദിവ്യകാരുണ്യസ്വീകരണസമയമായി. ഈശോയെ സ്വീകരിച്ചിട്ട് ഞാന്‍ മുട്ടുകുത്തിനിന്നു. പെട്ടെന്ന് നാവും വായുമെല്ലാം ഐസുപോലെ മരവിക്കുന്ന അനുഭവം. ആശീര്‍വാദപ്രാര്‍ത്ഥന കഴിയുന്നതുവരെ അങ്ങനെയായിരുന്നു. ആ അനുഭവവും എന്‍റെ വിശ്വാസത്തെ ആഴപ്പെടുത്തി.

‘ദൈവം വിളിച്ചവന്‍’

പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ജീവിതത്തെ ഏറെ സ്വാധീനിച്ചു. വീട്ടിലായിരിക്കുമ്പോള്‍ മാതാവിന്‍റെ ചിത്രങ്ങള്‍കൊണ്ട് അലംകൃതമായിരുന്നു എന്‍റെ മുറി. ജപമാലയായിരുന്നു എന്‍റെ പ്രധാനപ്രാര്‍ത്ഥന. അങ്ങനെയിരിക്കെ വികാരിയച്ചന്‍ എന്നെയും ഒരു കൂട്ടുകാരനെയും നിര്‍ബന്ധിച്ച് 10 ദിവസത്തെ കെരിഗ്മ കോഴ്‌സിന് അയച്ചു..

പ്രോഗ്രാമിനിടെ എന്നെ സ്പിരിച്വല്‍ കൗണ്‍സിലിംഗ് നടത്തിയ സിസ്റ്റര്‍ ചോദിച്ചു ‘അച്ചനാകാന്‍ താത്പര്യമുണ്ടോ’ എന്ന്. ‘പണ്ട് താത്പര്യമുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ശ്രമിച്ചതുമാണ്. അത് വിജയിച്ചില്ല,’ എന്ന് ഞാന്‍ പറഞ്ഞു. ഇതുകൂടാതെ പ്രോഗ്രാമില്‍ ഒരു സന്ദേശം വിളിച്ചുപറഞ്ഞു, ”ഇക്കൂട്ടത്തില്‍ ഒരാള്‍ വൈദികനാകാന്‍ പോകുന്നു…” പക്ഷേ ഞാന്‍ വൈദികനാകുമെന്ന് അപ്പോഴൊന്നും ചിന്തിച്ചിരുന്നില്ല.

പ്രോഗ്രാമിനിടെ ഒരു കാര്‍ഡ് എല്ലാവര്‍ക്കും നല്കി. ഒരാളുടെ പേര്‍ എഴുതിയ കാര്‍ഡില്‍ മറ്റുള്ള എല്ലാവരും ആ വ്യക്തിയുടെ നന്മകള്‍ എഴുതണം. എന്‍റെ കാര്‍ഡ് ലഭിച്ചപ്പോള്‍ അതില്‍ ഒരാള്‍ എഴുതിയിരിക്കുന്നത് എന്‍റെ ശ്രദ്ധ കവര്‍ന്നു, ”ദൈവം വിളിച്ചവന്‍!” ഞാന്‍ മറ്റുള്ള പലരുടെയും കാര്‍ഡുകള്‍ നോക്കി. ആരുടെ കാര്‍ഡിലും അപ്രകാരം എഴുതിയിട്ടില്ല. അതോടെ എനിക്ക് ആകെ ഒരു ആശയക്കുഴപ്പം, വൈദികനാവണോ?
ചിന്തിച്ചുചിന്തിച്ച് ഞാനൊരു തീരുമാനത്തിലെത്തി. ആ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന പരിചയമുള്ള ഒരു സിസ്റ്ററുണ്ട്. സിസ്റ്റര്‍ സൈക്കോളജി പഠനം നടത്തിയിട്ടുള്ളതുനിമിത്തം കരിസ്മാറ്റിക് വരങ്ങളിലൊന്നും വിശ്വാസമില്ലാത്ത ആളാണ്. അതിനാല്‍ ആ സിസ്റ്ററിന് ഭാഷാവരം ലഭിക്കുകയാണെങ്കില്‍ എനിക്ക് വൈദികനാകാന്‍ വിളിയുണ്ടെന്ന് മനസിലാക്കാം.

വിശുദ്ധ കുര്‍ബാനയ്ക്കുമുമ്പ് സിസ്റ്ററിന്‍റെ അടുത്ത് ചെന്ന് ഞാന്‍ ഇപ്രകാരം പറയുകയും ചെയ്തു, ”സിസ്റ്റര്‍, നന്നായി പ്രാര്‍ത്ഥിക്കണം. കേട്ടോ. ഭാഷാവരം കിട്ടുകയാണെങ്കില്‍ എന്നോട് ഒന്ന് പറയുകയും ചെയ്യണേ.”
അന്ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞതേ ഞാന്‍ സിസ്റ്ററിനോട് ചെന്ന് ചോദിച്ചു, ”ഭാഷാവരം കിട്ടിയോ?”
സിസ്റ്റര്‍ പറഞ്ഞു, ”അതറിയില്ല, പക്ഷേ നാവെല്ലാം തരിക്കുന്നതുപോലെ തോന്നുന്നുണ്ട്.” നാവിലെ തരിപ്പ് സിസ്റ്ററിന് ഭാഷാവരം കിട്ടുന്നതിന്‍റെ തുടക്കമാണെന്ന് മനസിലായി.
അതോടെ ദൈവം എന്നെ വൈദികനാകാന്‍ വിളിക്കുകയാണ് എന്നെനിക്ക് ഉറപ്പായി. എന്‍റെ ആത്മീയനിയന്താവിന്‍റെയടുത്ത് പ്രാര്‍ത്ഥിച്ചപ്പോഴും വൈദികനാകാന്‍ പോവുന്നതായിത്തന്നെയാണ് മനസിലായത്. അടുത്ത നടപടികളിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. വികാരിയച്ചനോട് ഇക്കാര്യം പറയുകയും ചെയ്തു.

തുറക്കപ്പെടാത്ത വാതില്‍

വികാരിയച്ചന്‍തന്നെ താല്പര്യമെടുത്ത് പല സെമിനാരികളിലും എനിക്ക് പ്രവേശനം നേടിത്തരാനുള്ള പരിശ്രമങ്ങള്‍ നടത്തി. അച്ചന്‍റെ നിര്‍ദേശപ്രകാരം ഒരിടത്ത് ഞാന്‍ പോയെങ്കിലും അത് വിജയകരമായില്ല.
അതിനിടെ, ഉറ്റസുഹൃത്തിലൂടെ ഈ തീരുമാനം പതിയെ വീട്ടില്‍ അവതരിപ്പിച്ചു. അന്ന് അമ്മയും ഞാനും മാത്രമായിരുന്നു വീട്ടില്‍. എനിക്ക് 20 വയസുള്ളപ്പോള്‍ അപ്പന്‍ മരിച്ചിരുന്നു. ഒമ്പത് മക്കളില്‍ ഇളയ മകനായിരുന്നു ഞാന്‍. സുഹൃത്ത് ഞാന്‍ വൈദികനാകാന്‍ പോയേക്കുമെന്ന് സൂചിപ്പിച്ചപ്പോള്‍ അമ്മ തമാശയായിട്ടാണ് എടുത്തത്. ഞാനൊന്നും പോവില്ല എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. ഞാനാകട്ടെ ആ സമയത്ത് ബിസിനസില്‍നിന്നെല്ലാം പിന്‍വാങ്ങി. പ്രാര്‍ത്ഥനാഗ്രൂപ്പും ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.
അല്പനാളുകള്‍ക്കകം, ആ വര്‍ഷത്തെ സെമിനാരി പ്രവേശനത്തിന്‍റെ സമയമെത്തി. ‘പക്ഷേ സ്വയം മുന്‍കൈയെടുത്ത് സെമിനാരി പ്രവേശനത്തിന് പോകില്ല. ഞാനിക്കാര്യം പങ്കുവച്ചിട്ടുള്ള ആരെങ്കിലും വഴിയോ മറ്റോ എനിക്ക് ഇങ്ങോട്ട് ഒരു ക്ഷണം കിട്ടണം,’ അതായിരുന്നു എന്‍റെ തീരുമാനം.

അപ്പോഴാണ് ഒരു ഞായറാഴ്ച രാവിലെ അമ്മ ദൈവാലയാങ്കണത്തില്‍നിന്ന് വീണുകിട്ടിയ ഒരു കാര്‍ഡുമായി വീട്ടില്‍ വന്നത്. എം.സി.ബി.എസ് സമൂഹത്തിലെ നവവൈദികരുടെ പട്ടത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഒരു കാര്‍ഡായിരുന്നു അത്. അമ്മ അതെനിക്ക് നല്കി. അതൊരു അടയാളമായി എനിക്ക് തോന്നി. അതില്‍ നല്കിയിരുന്ന നമ്പറില്‍ വിളിച്ച് എം.സി.ബി.എസ് സമൂഹത്തിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് അന്വേഷിക്കാന്‍ ഉറ്റസുഹൃത്തിനെ ഏര്‍പ്പാടാക്കി. ‘ഓ.കെ ആണെങ്കില്‍ മുന്നോട്ടുപോകാം, അല്ലെങ്കില്‍ വിട്ടേക്കാം,’ അതായിരുന്നു തീരുമാനം. എന്തായാലും ആ സെമിനാരിയില്‍നിന്ന് എന്നെ ക്യാംപിന് വിളിച്ചു. തുടര്‍ന്ന് അവിടെ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. അതോടെ വീട്ടില്‍ തിരിച്ചെത്തി. കാര്യങ്ങളെല്ലാം വീട്ടില്‍ അവതരിപ്പിക്കണമല്ലോ.

ഇനി വൈദികനാകാന്‍ കഴിയുമോ..?

സുഹൃത്തുവഴി ഞാന്‍ പോകാനൊരുങ്ങുകയാണെന്ന് അമ്മയെ അറിയിച്ചു. പക്ഷേ അമ്മ അപ്പോഴും കാര്യമായി എടുത്തില്ല. പിറ്റേന്ന് രണ്ട് വൈദികര്‍ വീട്ടില്‍ വന്നു. അവരോട് അമ്മ എതിര്‍പ്പൊന്നും പറഞ്ഞില്ലെങ്കിലും ഇങ്ങനെ ചോദിച്ചു, ”ഇനി ഇവനെ എടുക്കുമോ?” ആ പ്രായത്തില്‍ എന്നെ വൈദികപരിശീലനത്തിന് ചേര്‍ക്കുമോ എന്നായിരുന്നു അമ്മയുടെ സംശയം. പിന്നീട് ഞാന്‍ ഗൗരവമായിട്ടുതന്നെ മുന്നോട്ടുപോവുകയാണെന്ന് മനസിലാക്കിയപ്പോള്‍ അമ്മ എതിര്‍ത്തില്ല. എന്‍റെ തൊട്ടുമൂത്ത സഹോദരനും കുടുംബവും വീട്ടില്‍ വന്ന് നില്‍ക്കാനും തീരുമാനിച്ചു. അങ്ങനെ 2004-ല്‍ സെമിനാരിയില്‍ ചേരുമ്പോള്‍ എനിക്ക് ഇരുപത്തിയൊമ്പത് വയസായിരുന്നു.

എന്നെ അറിയാവുന്ന അനേകര്‍ പറഞ്ഞു, ഇത്രയും വൈകി വൈദികനാകാന്‍ പോകുന്നതല്ലേ, അധികം വൈകാതെ തിരിച്ചുപോരുമെന്ന്. പക്ഷേ നിലനില്ക്കാനുള്ള കൃപ കര്‍ത്താവ് തന്നു. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം പഠനം പുനരാരംഭിച്ചതിന്‍റെ ക്ലേശങ്ങളും ഒപ്പമുള്ള വൈദികാര്‍ത്ഥികളെക്കാള്‍ പ്രായം കൂടുതലായിരുന്നതിന്‍റെ അസ്വസ്ഥതകളുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ പ്രാര്‍ത്ഥനയിലായിരുന്നു കൂടുതലും ആശ്രയിച്ചത്. ”ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്. കാലാപെറുക്കുന്നവനെപ്പോലെ ഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാല്‍, കര്‍ത്താവിന്‍റെ അനുഗ്രഹംനിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ഞാന്‍ ചക്കുനിറച്ചു” എന്ന പ്രഭാഷകന്‍ 33/16-17 തിരുവചനങ്ങള്‍ എന്‍റെ വൈദികപരിശീലനകാലത്തെ അനുഭവമായി മാറി. പഠനത്തില്‍ മുന്നേറാന്‍ കഴിഞ്ഞു. അങ്ങനെ പരിശീലനം പൂര്‍ത്തിയാക്കി 2015 ഡിസംബര്‍ 30-ന് വൈദികനായി. വിശുദ്ധ കുര്‍ബാനയുടെ പ്രഘോഷകനായിത്തീരണം, വിശുദ്ധ കുര്‍ബാന എല്ലാവര്‍ക്കും വ്യക്തിപരമായ അനുഭവമായിത്തീരണം എന്നതാണ് എന്‍റെ ആഗ്രഹം.

ദിവ്യബലി അര്‍പ്പിക്കുമ്പോഴെല്ലാം വിശുദ്ധ കുര്‍ബാനസ്ഥാപനവചനങ്ങള്‍ കൂടുതല്‍ ഭക്തിയോടും ശ്രദ്ധയോടും ഊന്നല്‍ കൊടുത്തും ചൊല്ലാറുണ്ട്. അത് യേശുവിന്‍റെ യഥാര്‍ത്ഥ ശരീരവും യഥാര്‍ത്ഥ രക്തവുമാണെന്ന ആഴമായ ബോധ്യത്തില്‍നിന്നാണ് അങ്ങനെ ചെയ്യുന്നത്. എന്നും ദിവ്യബലിയില്‍ പങ്കെടുക്കാനുള്ള കൃപക്കായി പ്രാര്‍ത്ഥിച്ചിരുന്ന എനിക്ക് എന്നും അവിടുത്തെ ദിവ്യബലി അര്‍പ്പിക്കാനുള്ള കൃപ തന്ന് വൈദികനാക്കി ഉയര്‍ത്തിയ കര്‍ത്താവിന്‍റെ വലിയ സ്‌നേഹത്തിന്, ദാനത്തിന് എങ്ങനെ നന്ദി പറഞ്ഞാ ലും തീരുകയില്ല.

'

By: Fr. Johnson Chakalaikal MCBS

More
ആഗ 12, 2024
Encounter ആഗ 12, 2024

ട്രാജന്‍ ചക്രവര്‍ത്തി ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന കാലം. ചക്രവര്‍ത്തിക്കുമുന്നില്‍ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ഹാജരാക്കപ്പെട്ടു. തന്‍റെ കല്പന ലംഘിച്ചതിനെ ചോദ്യം ചെയ്ത ചക്രവര്‍ത്തി ഇഗ്നേഷ്യസിനെ വിളിച്ചത് നികൃഷ്ട മനുഷ്യന്‍ എന്നാണ്. ഉടനെ ഇഗ്നേഷ്യസ് ഉറച്ച സ്വരത്തില്‍ പറഞ്ഞു: ”ഞാന്‍ നികൃഷ്ടനല്ല ദൈവവാഹകനാണ്, തിയോഫോറസ്. ദൈവത്തെ ഹൃദയത്തില്‍ സംവഹിക്കുന്ന ക്രൈസ്തവന്‍ ഒരിക്കലും നികൃഷ്ടനല്ല.”

'

By: Shalom Tidings

More