• Latest articles
ആഗ 21, 2020
Encounter ആഗ 21, 2020

നമ്മില്‍നിന്നും ഈ ലോകം മറച്ചുപിടിക്കുന്ന വലിയൊരു സത്യം പുറത്തുവരുന്നു

ആ വര്‍ഷം വേദോപദേശത്തിന്‍റെ പരീക്ഷയിലെ അവസാന ചോദ്യം ഇതായിരുന്നു: ‘നിങ്ങളുടെ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യമെന്താണ്?’ മുതിര്‍ന്ന ക്ലാസിലെ ആ കുട്ടികള്‍ ജീവിതത്തില്‍ നേടിയെടുക്കേണ്ട ഉയര്‍ന്ന ഉദ്യോഗങ്ങളുടെ ഒരു പരമ്പര തന്നെ എഴുതി. ഉത്തരക്കടലാസ് നോക്കിയ അധ്യാപകര്‍ ഏറെ വിഷമിച്ചു. സ്വര്‍ഗത്തെക്കുറിച്ച് എഴുതാന്‍ തയാറായവര്‍ വളരെ വിരളം. ഇനിമുതല്‍ ചോദ്യപേപ്പര്‍ തയാറാക്കുമ്പോള്‍ സ്വര്‍ഗം നേടാന്‍ എന്തുചെയ്യണമെന്നാകും ഒരു ചോദ്യമെന്നവര്‍ തീരുമാനിച്ചു. നിത്യത എന്ന സത്യം അനിത്യമായ ഈലോകം മറച്ചുപിടിക്കുന്നു. മരണമെന്ന യാഥാര്‍ത്ഥ്യം ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ മറയപ്പെടുന്നു.

ഒരിക്കലും ഒഴിവാക്കാനാവാത്ത, ഒഴികഴിവുകള്‍ പറയാനാവാത്ത ആ യാഥാര്‍ത്ഥ്യത്തെ പുല്‍കാന്‍ നിങ്ങള്‍ ഒരുങ്ങിയിട്ടുണ്ടോ? മരണത്തെ സ്വന്തം ഭവനത്തിലേക്കുള്ള മടക്കയാത്രയായി നിര്‍വചിച്ചത് വിശുദ്ധ മദര്‍ തെരേസയാണ്. ഈ ഭൂമിയിലെ പ്രവാസത്തിനുശേഷം സ്വഗൃഹത്തില്‍ എത്തിച്ചേരണം ഏവര്‍ക്കും. നിത്യതയില്‍നിന്നും ആരംഭിച്ചതാണീ ജീവിതം. അവിടേക്കുതന്നെ മടങ്ങണം. ഇതിനിടയില്‍ ഏതാനും നാള്‍ ഈ ഭൂമിയില്‍ നാം ജീവിക്കും. അഭൗമികമായ സ്വര്‍ഗത്തെ ധ്യാനിച്ചില്ലെങ്കില്‍ നാം വഞ്ചിതരാകും.

ഈ ഭൂമിയില്‍വച്ച് നല്‍കപ്പെടുന്നതെല്ലാം തിരിച്ചെടുക്കപ്പെടും. ആശ്വാസവും കരുതലും സമ്പത്തും സുഖങ്ങളും ഇണയും തുണയുമെല്ലാം. ഇവിടെ ആരംഭിച്ച ബന്ധം ഇവിടം വിട്ടുപോകുമ്പോഴേക്കും ഇഴപിരിയാതെ തരമില്ല. നിതാന്തസൗഖ്യമായ നിത്യജീവിതത്തെ ചേര്‍ത്തുപിടിക്കാനും അവിടേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാനുമാണ് ക്രിസ്തു വന്നത്.

അന്ന് ആദം പാപം ചെയ്തപ്പോള്‍ അവന്‍ പറുദീസയുടെ പുറത്തായി. എന്നാല്‍ അവന്‍റെ നിലവിളിയില്‍ ഹൃദയം നൊന്ത ദൈവം തന്‍റെ ഏകജാതനെ ഭൂമിയിലേക്കയച്ചു. പറുദീസ നഷ്ടമാക്കിയ ആദത്തെയും അവന്‍റെ പിന്‍തലമുറക്കാരെയും കൂട്ടിക്കൊണ്ടുവരുവാന്‍. സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുംമുമ്പ് ഈശോ പറഞ്ഞു: ഞാന്‍ പോകുന്നു. ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുകയും നിങ്ങളെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും (യോഹന്നാന്‍ 14:2).

മരണം വാതിലാണ്, സ്വര്‍ഗത്തിലേക്കുള്ള വാതില്‍. ആത്മാവാണ് ജീവന്‍ അഥവാ പ്രാണന്‍ നല്‍കുന്നത്. ആ പ്രാണന്‍ മടക്കിക്കൊടുക്കുന്നതാണ് മരണം. സഭാപ്രസംഗകന്‍ പറയും: “മനുഷ്യന്‍ തന്‍റെ നിത്യഭവനത്തിലേക്ക് പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും. ധൂളി അതിന്‍റെ ഉറവിടമായ മണ്ണിലേക്ക് മടങ്ങും; ആത്മാവ് അതിന്‍റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും” (12:5-7).

വിശുദ്ധ ഫൗസ്റ്റീനക്ക് മരണാനന്തര ജീവിതത്തെക്കുറിച്ച് ഈശോ നല്‍കിയ ദര്‍ശനമിങ്ങനെ: സ്വര്‍ഗത്തിലേക്ക് രണ്ടു വാതിലുകളുണ്ട്. ഒന്ന് നീതിയുടെ വാതില്‍. ഇടുങ്ങിയ ആ വാതിലിലൂടെ പ്രവേശിക്കാന്‍ വിശുദ്ധര്‍ക്കേ കഴിയൂ. കരുണയുടെ വാതിലാണ് രണ്ടാമത്തേത്. മഹാകരുണയുടെ വാതില്‍ കുറെക്കൂടി വിസ്തൃതമായതാണ്. നമുക്കും അകത്തു പ്രവേശിക്കാനാകും. എന്തായാലും മരണത്തിലൂടെ മാത്രമേ ആ ജീവിതത്തിലേക്ക് പ്രവേശിക്കൂ.

ആനന്ദകാരണമാവട്ടെ

ഏകാകിയായി ശൂന്യതയിലേക്കുള്ള പ്രയാണമല്ല മരണം, പിതൃഭവനത്തിലേക്കുള്ള യാത്രയാണിത്. അതുകൊണ്ട്, മരണം വിലാപത്തിന്‍റെ സമയമല്ല. ഉല്ലാസത്തിന്‍റേതാണ്. “തന്‍റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്” (സങ്കീര്‍ത്തനം 116:15). മരണം ഭയത്തിന്‍റേതല്ല. ‘മരിക്കാന്‍ ഭയപ്പെടാതിരിക്കത്തക്കവിധം ജീവിക്കുന്നതാണ് ജീവിതം’ (ആവിലായിലെ വിശുദ്ധ ത്രേസ്യ). എനിക്ക് അങ്ങയെ കാണണം. അതിനായി മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മരിക്കുകയല്ല, ജീവനിലേക്ക് പ്രവേശിക്കുകയാണ് എന്ന് പറഞ്ഞത് വിശുദ്ധ കൊച്ചുത്രേസ്യയാണ്. മരണം വിശുദ്ധര്‍ക്കു ആനന്ദകാരണവും പാപിക്ക് ഭീതിയുടെ കാരണവുമാകുന്നു. പരീക്ഷയില്‍ നന്നായി ഒരുങ്ങിയവന് ഫലമറിയുന്ന ദിവസം ആനന്ദമല്ലേ. അല്ലാത്തവന് തലവേദനയും. ജീവിതത്തിന്‍റെ അന്ത്യപരീക്ഷയാണ് മരണം. ഒഴികഴിവില്ലാത്ത പരീക്ഷ.

വിശുദ്ധ പൗലോസിന്‍റെ വാക്കുകളില്‍ ഇതെത്ര മനോഹരമെന്ന് പറയുന്നുണ്ട്: “ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ അറിയുന്നു. വാസ്തവത്തില്‍, ഞങ്ങളിവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗീയവസതി ധരിക്കാന്‍ വെമ്പല്‍കൊള്ളുകയുമാണ്” (2 കോറിന്തോസ് 5:1-2). വീട്ടിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന ഒരു ബോര്‍ഡിങ്ങ് വിദ്യാര്‍ത്ഥിയുടെ ഉത്സാഹവും വെപ്രാളവുമാണ് പൗലോസിന്‍റേത്. ശരിയല്ലേ, ആ സ്വര്‍ഗഭവനത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചാല്‍ അവിടെച്ചെന്നു ചേരണം എന്ന വലിയ ആഗ്രഹം നിങ്ങള്‍ക്കുമില്ലേ. എത്രയും വേഗതയില്‍ ആകണമെന്നുപോലും നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. തുറന്നിട്ട വാതിലുമായി കാത്തിരിപ്പുണ്ട്, സ്വര്‍ഗവീട്ടില്‍ പടിപ്പുരയില്‍ നമ്മുടെ പിതാവ്. ഇതറിവുള്ള വിശുദ്ധ സിപ്രിയാന്‍ പറഞ്ഞു: “നമുക്ക് വേഗം യാത്രയാകാം, നമ്മുടെ പിതൃദേശത്തേക്ക്, വേഗം….”

പ്രവാസജീവിതത്തിന്‍റെ മടക്കയാത്രയുമാണ് മരണം. സ്വന്തം ജന്മനാടിനെക്കുറിച്ചുള്ള പ്രവാസികളായ മനുഷ്യവംശത്തിന്‍റെ വിലാപമാണ് ജീവിതമെന്ന് വിശുദ്ധ അഗസ്റ്റിന്‍. നിത്യഭവനത്തെക്കുറിച്ച് തനിക്ക് ലഭിച്ച ദര്‍ശനം അദ്ദേഹം ആദ്യപ്രഭാഷണത്തില്‍ വെളിപ്പെടുത്തി: ‘ഓ വിശുദ്ധ സ്വര്‍ഗമേ, എത്ര കഠിനാധ്വാനം കൊണ്ടും ഭാരപ്പെട്ട ത്യാഗംമൂലവും നിന്നെ നേടാന്‍ ആരാണ് തയാറാകാത്തത്?’

കഷ്ടതകളെ അതിജീവിക്കാന്‍

ഈ വിപ്രവാസത്തിലെ വേദനകളുടെയും ദുഃഖങ്ങളുടെയും ശരിയായ അര്‍ത്ഥം ഒരാള്‍ക്കും ഇപ്പോള്‍ പിടികിട്ടിയെന്നു വരില്ല. എന്നാല്‍, നിത്യതയുടെ തീരത്തിരുന്നുകൊണ്ട് കടന്നുപോയ വഴികളെ ധ്യാനിക്കുമ്പോള്‍ ജീവിതം വച്ചുനീട്ടിയ പുഷ്പങ്ങളെ മാത്രമല്ല മുള്ളുകളെയും നാം സ്നേഹിക്കാന്‍ തുടങ്ങും. കാരണം നിത്യതയുടെ തുറമുഖത്തണയാന്‍ ഈ മാര്‍ഗമെല്ലാം ഞാന്‍ സഞ്ചരിച്ചേ മതിയാകൂ.

കാനാന്‍ദേശത്തേക്കുള്ള യാത്രയില്‍ നമ്മുടെ പിതാമഹന്മാര്‍ സഞ്ചരിച്ച എല്ലാ പാതകളും അതിന്‍റെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സ്വര്‍ഗ കാനാനിലേക്ക് യാത്രയാകുമ്പോള്‍ നാം അഭിമുഖീകരിക്കും. ജനനേതാവായ മോശയ്ക്ക് നല്‍കപ്പെട്ട വടിപോലെ നമ്മുടെ കൈവശവുമുണ്ട് ഒരു വടി: കുരിശ്. അതെടുത്ത് യാത്രയാകണം. ഏതു കഷ്ടതയും ഏറ്റെടുക്കാനും അതിജീവിക്കാനും കഴിയുന്നത് നിത്യജീവനിലുള്ള ഉറപ്പിലാണ്. കാരണം “നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസാരമാണ്” (റോമ 8:18). മഹത്വം കാത്തിരിക്കുന്നവര്‍ പിറുപിറുക്കരുത്, വഴക്കടിക്കരുത്, ദുഃശാഠ്യം പിടിക്കരുത്. വിപ്രവാസത്തിന്‍റെ കാലം തീരും. ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒരു രാത്രിയും പുലരാതിരുന്നിട്ടില്ല.

നിത്യജീവിതത്തിനുള്ള ഒരുക്കമാണീ ജീവിതം. സ്വര്‍ഗവും നരകവും നമ്മുടെ മുമ്പിലുണ്ട്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നത് നാമാണ്. നരകം മനുഷ്യനുവേണ്ടി ഉണ്ടാക്കിയതല്ല, വീണുപോയ മാലാഖയ്ക്കുള്ളതാണ്. വീണുപോയ മാലാഖയ്ക്ക് മാനസാന്തരത്തിന് അവസരമില്ല, മനുഷ്യനതുണ്ട്. അതേസമയം ഒരാളും നരകം തിരഞ്ഞെടുക്കല്ലേ എന്ന ചങ്കിടിപ്പിലാണ് പിതാവായ ദൈവം. എന്നാല്‍ ഒരാള്‍ അതിനായി ഇറങ്ങിപ്പുറപ്പെട്ടാല്‍ ദൈവത്തിന് കരഞ്ഞുകൊണ്ടു മാറിനില്‍ക്കാനേ കഴിയൂ. കാരണം, വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതുപോലെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാനാവില്ല.

എന്‍റെ സ്ഥിതി എന്താകും?

പലരും ചിന്തിക്കുന്നത് ഞാന്‍ മരിച്ചാല്‍ എന്‍റെ കുടുംബത്തിന്‍റെയും സ്ഥാപനത്തിന്‍റെയും സ്ഥിതി എന്താകുമെന്നാണ്? സത്യത്തില്‍ അങ്ങനെയാണോ ചിന്തിക്കേണ്ടത്. നീ മരിച്ചാല്‍ നിന്‍റെ സ്ഥിതി എന്താകും? മാനസാന്തരം ഭൂമിയിലേ ഉള്ളൂ. അനുതാപം ഭൂമിയിലേ ഉള്ളൂ. പ്രിയപ്പെട്ടവര്‍ക്ക് അനുതപിക്കാന്‍ അവസരമുണ്ടാകാം. നിനക്കതിന് അവസരമില്ലിനി. നിന്‍റെ ജീവിതത്തിന്‍റെ ആരംഭത്തില്‍ നിന്‍റെ കരങ്ങളില്‍ ഏല്‍പിച്ചുതന്ന ആയുസിന്‍റെ ഒരുപിടി തിരിനാളങ്ങള്‍ ഇതിനകം അണഞ്ഞു കഴിഞ്ഞു. ശേഷിക്കുന്നവ വിരളം മാത്രം.

മരണത്തോളം കാത്തിരിക്കരുത്, സ്നേഹിക്കാന്‍. മരിക്കാന്‍വേണ്ടി കാത്തിരിക്കരുത്, വഴക്കുമാറ്റാനും പുഞ്ചിരിക്കാനും. മരണത്തെ മുഖാമുഖം കണ്ട ഒരു സഹോദരന് ഒരിക്കല്‍കൂടി ജീവിതത്തിലേക്ക് തിരിച്ചുവരാനായി, ഏതാനും ആഴ്ചകളിലേക്ക്. മരണത്തെ നേരിട്ടപ്പോള്‍ ആദ്യം മനസിലെത്തിയ ചിന്ത എന്തായിരുന്നു? കുറച്ചുകൂടി സ്നേഹിക്കാമായിരുന്നു, പരിഗണിക്കാമായിരുന്നു, വിട്ടുകളയാമായിരുന്നു. ഒരിക്കലും അന്ന് മരണമെന്നെ തേടിയെത്തുമെന്ന് കരുതിയില്ല. വേര്‍പാടിന്‍റെ വിനാഴികവരെ സ്നേഹം അതിന്‍റെ ശരിക്കുള്ള ആഴങ്ങള്‍ അറിയുന്നില്ല.

നാം പ്രതിദിനം മരിച്ചുകൊണ്ടിരിക്കുകയാണ് (1 കോറിന്തോസ് 15:31), ജീവനിലേക്ക് പ്രവേശിക്കാനുള്ള മരണം. അനശ്വരമായ ശരീരത്തിനായി ഒരു കല്ലറയില്‍ വിതയ്ക്കപ്പെടാനുള്ള വിത്താണ് എന്‍റെ ഈ ശരീരം. പിന്നെയത് മഹത്വീകൃതമാകും. എന്‍റെ പിതാവിനൊപ്പം നിത്യം വസിക്കാനുള്ള മഹത്വീകൃത ശരീരമായത് മാറും. അവിടം ചെന്നുപാര്‍ക്കുംവരെയും ഈ ഭൂമിയിലൂടെ യാത്ര ചെയ്തേ മതിയാകൂ. പാദം ഈ മണ്ണിലും ദൃഷ്ടി വിണ്ണിലും ഉറപ്പിച്ചുള്ള യാത്ര.

'

By: Father Roy Palatty CMI

More
ആഗ 21, 2020
Encounter ആഗ 21, 2020

എപ്പോഴും ദൈവസാന്നിധ്യത്തിലായിരിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ്. ജപമാല, കരുണയുടെ ജപമാല തുടങ്ങിയ പല പ്രാര്‍ത്ഥനകളുടെയും ഓഡിയോയും ചേര്‍ത്തിരിക്കുന്നതിനാല്‍ യാത്രകളിലും ജോലിക്കിടയിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലേക്ക് നമ്മുടെ ഹൃദയത്തെ ഉയര്‍ത്തും.

എന്‍റെ എല്ലാ ആവശ്യങ്ങളിലും എന്‍റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും, ഈശോയേ എന്നെ രക്ഷിക്കണമേ. എല്ലാ സംശയങ്ങളില്‍നിന്നും ആകുലതകളില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ. എന്‍റെ ഏകാന്തതയുടെ മണിക്കൂറുകളില്‍, വിഷമതകളില്‍, പരീക്ഷണങ്ങളില്‍, ഈശോയേ എന്നെ രക്ഷിക്കണമേ. എന്‍റെ പരാജയങ്ങളില്‍, കാര്യനിര്‍വഹണങ്ങളില്‍, പ്രയാസങ്ങളില്‍, സങ്കടങ്ങളില്‍, ഈശോയേ, എന്നെ രക്ഷിക്കണമേ.

പിതാവും രക്ഷകനുമായ അങ്ങയുടെ സ്നേഹത്തിനു മുമ്പില്‍ ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ ഈശോയേ എന്നെ രക്ഷിക്കണമേ. എന്‍റെ ഹൃദയം പരാജയഭാരത്താല്‍ തകരുമ്പോള്‍, പ്രത്യാശ നശിക്കുമ്പോള്‍, ഈശോയേ എന്നെ രക്ഷിക്കണമേ. ഞാന്‍ ക്ഷമ നശിച്ചവനും കുരിശുകളില്‍ പിറുപിറുക്കുന്നവനുമാകുമ്പോള്‍ , ഈശോയേ എന്നെ രക്ഷിക്കണമേ. എല്ലായ്പ്പോഴും എല്ലാവിധ ബലഹീനതകളില്‍നിന്നും വീഴ്ചകളില്‍നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ. ഈശോയേ, എന്നെ കൈവിടരുതേ. സര്‍വ്വശക്തനായ ദൈവമേ, എന്‍റെ എല്ലാ ബുദ്ധിമുട്ടുകളിലും എനിക്കാശ്വാസം നല്കണമേയെന്ന് പൂര്‍ണവിശ്വാസത്തോടെ ഞാന്‍ യാചിക്കുന്നു. നല്ല ഇടയനായ ഈശോയേ, എന്നെ കൈവിടരുതേ. സ്വര്‍ഗ്ഗവാതില്‍ തുറന്ന് അങ്ങയുടെ ശക്തമായ കരങ്ങള്‍ നീട്ടി എനിക്ക് സമാധാനം പ്രദാനം ചെയ്യണമേ (3)

ദൈവമേ അങ്ങയുടെ കാരുണ്യത്തിനായി യാചിക്കുന്ന മുറിവേറ്റ ഈ ഹൃദയം പതറാതെ അങ്ങയുടെ ദൈവികശക്തിയാല്‍ സമാധാനം പ്രദാനം ചെയ്യണമേ. നല്ലവനായ യേശുവേ, സ്വര്‍ഗ്ഗത്തില്‍ അങ്ങയോടൊപ്പം എന്നേക്കും ജീവിക്കുവാനുള്ള അനുഗ്രഹം നീയെനിക്ക് പ്രദാനം ചെയ്യണമേ, ആമ്മേന്‍.

അനുദിനപ്രാര്‍ത്ഥനകള്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലുണ്ടെങ്കില്‍ ഈ പ്രാര്‍ത്ഥന നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. ബുദ്ധിമുട്ടുകള്‍ നീങ്ങാനുള്ള പ്രാര്‍ത്ഥന എന്ന പേരില്‍ നല്കിയിരിക്കുന്ന പ്രാര്‍ത്ഥനയാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഈ പ്രാര്‍ത്ഥനമാത്രമല്ല നാം നിത്യേന ഉപയോഗിക്കുന്ന അനേകപ്രാര്‍ത്ഥനകള്‍ ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അവയുടെ ഇംഗ്ലീഷ് രൂപവും ഒപ്പം നല്കിയിട്ടുണ്ട്. ജപമാല, കരുണയുടെ ജപമാല തുടങ്ങിയ പല പ്രാര്‍ത്ഥനകളുടെയും ഓഡിയോയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതിനാല്‍ യാത്രപോലുള്ള സാഹചര്യങ്ങളിലും പ്രാര്‍ത്ഥനാരൂപിയിലായിരിക്കാന്‍ ഈ ആപ്പ് നമ്മെ സഹായിക്കും.

ജപമാലകള്‍, ജപങ്ങള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍, നൊവേനകള്‍, വണക്കമാസങ്ങള്‍, വേദപാഠങ്ങള്‍, കുരിശിന്‍റെ വഴി, സങ്കീര്‍ത്തനങ്ങള്‍, പുത്തന്‍പാന, ചെറിയ ഒപ്പീസ്, ക്രിസ്മസ് കരോള്‍ഗീതങ്ങള്‍, കേരളത്തിന്‍റെ വിശുദ്ധര്‍, കേരളത്തിലെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, കേരളത്തിലെ ധ്യാനകേന്ദ്രങ്ങള്‍, ഇന്നത്തെ ബൈബിള്‍വചനം എന്നീ വിവിധ സെക്ഷനുകളിലായി ഉപകാരപ്രദമായ അനേകം കാര്യങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. പ്ലേസ്റ്റോറില്‍നിന്ന് ഈ ആപ്പ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം.

ദൈവത്തില്‍നിന്നും അകറ്റുന്നതിനുപകരം ദൈവസാന്നിധ്യചിന്തയിലേക്ക് നമ്മെ നയിക്കുന്ന സ്മാര്‍ട്ട് ഫോണിലെ സുഹൃത്താകാന്‍ അനുദിനപ്രാര്‍ത്ഥനകള്‍ ആപ്പിനു സാധിക്കട്ടെ.

'

By: Shalom Tidings

More
ആഗ 21, 2020
Encounter ആഗ 21, 2020

കുഞ്ഞുങ്ങളുമായി പള്ളിയില്‍പ്പോകുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍…

വിശുദ്ധ കുര്‍ബാന സമയത്ത് നിങ്ങളുടെ കുട്ടികള്‍ ബഹളം ഉണ്ടാക്കുകയും നമുക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ടോ? മാതാപിതാക്കളായ നമ്മള്‍ ഒരു പരാജമയമാണെന്ന ചിന്തയുണ്ടാക്കുന്ന ഒരു അനുഭവമാണ് അത്. ഞാനും അക്കൂട്ടത്തില്‍ത്തന്നെ. പലപ്പോഴും ഞാന്‍ ഞായറാഴ്ചകളെ ഭയപ്പെടാന്‍ തുടങ്ങിയിരുന്നു. ഭര്‍ത്താവും ഞാനും പല വഴികളും പരീക്ഷിച്ചിട്ടുണ്ട്. രാവിലെ ഏറ്റവും ആദ്യത്തെ വിശുദ്ധബലിക്കു പോകുക, വൈകുന്നേരത്തെ വിശുദ്ധബലിക്കു പോകുക, വിശുദ്ധ കുര്‍ബാനപുസ്തകം ഉപയോഗിക്കുക, ബലിയര്‍പ്പണസമയത്ത് അതേപ്പറ്റി കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തുകൊണ്ടിരിക്കുക, ഭീഷണിപ്പെടുത്തി ഇരുത്തുക, മുന്നിലിരിക്കുക, പുറകില്‍ പോയിരിക്കുക, കരച്ചില്‍ തുടങ്ങിയാല്‍ നേരെ പുറത്തേക്കു പോവുക…. ചില സമയത്ത് ചില സൂത്രങ്ങള്‍ ഫലിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളിലൊരാള്‍ ഉറക്കെ കരയുകയോ, അള്‍ത്താരയ്ക്കടുത്തേക്ക് ഓടുകയോ, അങ്ങനെയെന്തെങ്കിലും സംഭവമുണ്ടായിട്ടല്ലാതെ, പള്ളി വിട്ടുപോരാന്‍ പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനും എന്‍റെ ‘ബഹള’കുടുംബവും എല്ലാ ഞായറാഴ്ചയും ദൈവാലത്തിലെത്തി ഏറ്റവും പിന്നില്‍ ഇരിക്കുന്നു, എല്ലാവര്‍ക്കും അസ്വസ്ഥത സമ്മാനിച്ചുകൊണ്ടാണെങ്കിലും. ചെറിയ കുട്ടികളെ ഒരു മണിക്കൂറോളം സമയം ശാന്തരായി ഇരിക്കാന്‍ പഠിപ്പിക്കുക എന്നത് എത്ര ക്ലേശകരമാണെന്ന് വളരെയേറെ പേര്‍ക്കും മനസിലാകില്ല. എങ്കിലും വിശുദ്ധ ബലിക്കായുള്ള വസ്ത്രങ്ങളണിഞ്ഞ് ഞങ്ങള്‍ ദൈവാലയത്തിലണയുന്നു, മാതാവായ സഭ ആവശ്യപ്പെടുന്നതുപോലെ.

ഇതുതന്നെയാണ് നിങ്ങളുടെയും അവസ്ഥയെങ്കില്‍, അത് നല്ലത്, അല്ല, കൂടുതല്‍ നല്ലത്. നമ്മെപ്പോലുള്ളവരോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ക്രിസ്തുവിന് പറയാനുണ്ട് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ലൂക്കാ 21: 1-4 വചനങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നുണ്ടല്ലോ. “അവന്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയഭണ്ഡാരത്തില്‍ നേര്‍ച്ചയിടുന്നതുകണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പുതുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു. അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയും കാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തൻ്റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു.”

യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ നാമും ചെയ്യുന്നത്. ഞായറാഴ്ചകളില്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരണമെന്ന സഭയുടെ കല്പന അനുസരിച്ചുകൊണ്ട് നമുക്കുള്ളതെല്ലാം നാം നല്കുകയല്ലേ? ചമ്മലുണ്ട് എന്നത് ഞയറാഴ്ച വീട്ടിലിരിക്കാന്‍ മതിയായ കാരണമല്ലല്ലോ. പുറത്തുനിന്നുള്ളവര്‍ക്ക്, നമ്മള്‍ ഒന്നും ചെയ്യുന്നില്ല എന്നു തോന്നിയേക്കാം.

നമ്മള്‍ ദൈവാലയത്തിലെത്തി എന്നതു ശരിതന്നെ, പക്ഷേ ശ്രദ്ധയോടെ നില്ക്കാന്‍ സാധിക്കുന്നുണ്ടോ? നമുക്കൊരു ആത്മീയ അനുഭവം ലഭിക്കുന്നുണ്ടോ? സുവിശേഷത്തില്‍നിന്ന് ഒരു വാക്കെങ്കിലും നാം യഥാര്‍ത്ഥത്തില്‍ കേള്‍ക്കുന്നുണ്ടോ? അധികമൊന്നും ഉവ്വെന്ന് പറയാന്‍ നമുക്ക് സാധിച്ചെന്നു വരികയില്ല. എന്നാല്‍ എന്തുമാത്രം നാം സ്വയം സമര്‍പ്പിക്കുന്നു എന്നത് നമുക്ക് മാത്രമേ അറിയാവൂ, ഈശോയ്ക്കും.

വിധവയുടെ രണ്ട് ചെമ്പുതുട്ടുകള്‍ ധനികരുടെ വലിയ നിക്ഷേപങ്ങളുടെ മുന്നില്‍ ഒന്നുമല്ലായിരുന്നു എന്നതുപോലെ നമ്മുടെ സമര്‍പ്പണവും പരിഗണിക്കാന്‍ തക്കതായി തോന്നുകയില്ലായിരിക്കാം. നമ്മെ കാണുന്ന ഒരാള്‍ ചിന്തിക്കുന്നത് ഇങ്ങനെയായിരിക്കാം: മുഴുവന്‍ സമയവും കുട്ടികളെ മേയ്ക്കാന്‍ നടക്കാനാണെങ്കില്‍ എന്തിനാണ് നിങ്ങള്‍ ദിവ്യബലിക്കണയുന്നത്? എന്നാല്‍ ലോകത്തില്‍ മറ്റുള്ളവര്‍ കാണുന്നതല്ല താന്‍ കാണുന്നതെന്ന് ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പലപ്പോഴും വിശുദ്ധ കുര്‍ബാന കഴിഞ്ഞ് ഞാന്‍ മടങ്ങുന്നത് എല്ലാം ഒരു പരാജയമായിരുന്നെന്ന തോന്നലോടെയാണ്. ദൈവാലയമര്യാദകള്‍ ചിലപ്പോള്‍ പാലിക്കാന്‍ കഴിയാറില്ല, എന്തൊരു ക്രിസ്ത്യാനിയാണ് ഞാന്‍ എന്നു സ്വയം ചോദിച്ചുപോകും.

ഇതൊക്കെത്തന്നെയാണ് നിങ്ങള്‍ക്കും തോന്നുന്നതെങ്കില്‍, ഒരു കാര്യം മറക്കരുത്. കുട്ടികളെ ശ്രദ്ധിക്കേണ്ടതിനാല്‍, ശാന്തമായി മുട്ടുകുത്താനോ ശ്രദ്ധയോടെ ബലിയില്‍ പങ്കുചേരാനോ കഴിയാത്ത സാഹചര്യങ്ങളിലാണ് നിങ്ങളെങ്കില്‍, അതൊരു സവിശേഷ ദാരിദ്ര്യാവസ്ഥയാണെന്ന് മനസ്സിലാക്കുക. അതിനാല്‍ നാം, നമ്മുടെ ദാരിദ്ര്യത്തില്‍, നമുക്ക് നല്കാന്‍ കഴിയാവുന്നതില്‍ ഏറ്റവും നല്ലത് സമര്‍പ്പിച്ചുകൊണ്ട്, നമുക്കുള്ളതെല്ലാം നല്കുകയാണ്. അതിനാല്‍ ഞായറാഴ്ചബലികള്‍ ഒരിക്കലും മുടക്കരുത്. നിങ്ങളുടെ കുടുംബം എങ്ങനെയാണ് കാണപ്പെടുന്നത് എന്നതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കരുത്. അല്‍പം ബുദ്ധിമുട്ടുണ്ടെങ്കിലും, ദിവ്യബലിയില്‍ പങ്കെടുക്കുന്ന നല്ല ശീലം തുടരുക.

ലോകം അത് കാണുന്നില്ലെങ്കിലും നിങ്ങളുടെ സമര്‍പ്പണം എത്രമാത്രം വിലപ്പെട്ടതാണെന്ന് കര്‍ത്താവ് കാണുന്നുണ്ട്.

'

By: Anna ONeil

More
ആഗ 14, 2020
Encounter ആഗ 14, 2020

തങ്ങളുടെ ഗ്രാമാതിര്‍ത്തിയില്‍ ഉയര്‍ന്നു നിന്നിരുന്ന പര്‍വതങ്ങളില്‍നിന്നും മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് പറന്നിറങ്ങുന്ന, നീല മേല്‍വസ്ത്രം ധരിച്ച ഒരു സുന്ദരി സ്ത്രീയെ അവര്‍ കണ്ടു. സ്പെയിനിന്‍റെ നിയന്ത്രണത്തിലായിരുന്ന ടെക്സാസിന്‍റെ പടിഞ്ഞാറന്‍ ഭാഗത്ത് വസിച്ചിരുന്ന ‘ഹുമാനോ’കളാണ് ഈ ദൃശ്യം കണ്ടത്. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നവരായിരുന്നു ആ റെഡ് ഇന്ത്യന്‍ സമൂഹം. 1620-കളിലായിരുന്നു അത്.

പിന്നീട് 1626-ല്‍ ഒരു പറ്റം ഹുമാനോ ഇന്ത്യക്കാര്‍ ബാലിനാസ് എന്ന പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ഫ്രാന്‍സിസ്കന്‍ കേന്ദ്രത്തില്‍ ആശ്രമാധിപനെ തേടി വന്നു. അവര്‍ക്ക് പറയാനുള്ളത് അതി വിചിത്രമായ ഒരു കഥയായിരുന്നു.

ആദിവാസികളുടെ വിശദീകരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമായി. ഈ മനുഷ്യര്‍ക്ക് കത്തോലിക്ക വിശ്വാസ സത്യങ്ങളെല്ലാം നന്നായി അറിയാം. അവര്‍ വന്നത് തങ്ങളെ നിരന്തരം ആകാശമാര്‍ഗത്തില്‍ വന്ന് സന്ദര്‍ശിക്കുകയും അവരുടെ സ്വന്തം ഭാഷകളില്‍ത്തന്നെ മതബോധനം കൊടുക്കുകയും ചെയ്ത ‘നീല മേലങ്കിയണിഞ്ഞ’ വെളുത്ത സ്ത്രീ പറഞ്ഞുവിട്ടതിന്‍പ്രകാരമാണ്. ഈ സമൂഹത്തിന് ജ്ഞാനസ്നാനം കൊടുക്കുവാനും വിശ്വാസത്തിലുറപ്പിക്കുവാനുമായി വൈദികര്‍ വേണ്ടിയിരുന്നു.

1629-ല്‍ ആദിവാസികളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് മിഷനറിമാര്‍ അവരോടൊപ്പം ചെന്നു. ഗ്രാമത്തിലെത്തിയ മിഷനറിമാരെ സ്വീകരിക്കുവാന്‍ അവര്‍ നടത്തിയ തയാറെടുപ്പുകള്‍ വിസ്മയകരമായിരുന്നു. നിറയെ പൂക്കള്‍കൊണ്ടലങ്കരിച്ച ഒരു കുരിശ് അവര്‍ ഉയര്‍ത്തിയിരുന്നു. തങ്ങളെ സന്ദര്‍ശിക്കുകയും മതബോധനം നല്‍കുകയും രോഗശാന്തികള്‍ കൊടുക്കുകയും ചെയ്ത നീലവേഷം ധരിച്ച സുന്ദരിയെപ്പറ്റി അവര്‍ പല കാര്യങ്ങളും പറഞ്ഞിരുന്നു.

ഗ്രാമത്തിനടുത്തുള്ള വനത്തില്‍ക്കൂടി ഒഴുകുന്ന അരുവിക്കരയിലൂടെ അവര്‍ നടന്നു മറഞ്ഞപ്പോള്‍ അവരുടെ കാല്പാടുകള്‍ പതിഞ്ഞയിടങ്ങളില്‍ നിറയെ മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു നിന്നതവര്‍ കാട്ടിക്കൊടുത്തു. മിഷനറിമാരുടെ സന്ദര്‍ശന സമയത്തുതന്നെ അമ്പതിനായിരം പേര്‍ മാമോദീസ സ്വീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മിഷനറിമാരുടെ പ്രവര്‍ത്തനം തുടങ്ങിയതോടെ ആകാശസന്ദര്‍ശനങ്ങള്‍ അവസാനിക്കുകയും ചെയ്തു.

സ്ത്രീയെപ്പറ്റിയുള്ള വിവരണം കൃത്യമായി ഈ മനുഷ്യര്‍ നല്‍കിയിരുന്നതിനാല്‍ ആശ്രമാധിപനായ ഫ്രെ അലോന്‍സോ ദെ വിദസിന് പിന്നീട് സ്പെയിനില്‍ ചെന്ന് കൃത്യവിവരങ്ങള്‍ അന്വേഷിക്കുക എളുപ്പമായിരുന്നു. ഈ നീലവസ്ത്രമണിഞ്ഞ കന്യാസ്ത്രീ അഗ്രേദായിലെ വാഴ്ത്തപ്പെട്ട മരിയയായിരുന്നുവെന്ന് അതുവഴി തെളിഞ്ഞു. ഈ കാലയളവില്‍ മരിയ സ്പെയിനിലെ തന്‍റെ പ്രാര്‍ത്ഥനാമുറിയില്‍ ദൈവികമായ സമാധിയില്‍ മുഴുകി കഴിഞ്ഞതായിട്ടാണ് സഹസന്യാസിനികള്‍ സാക്ഷ്യപ്പെടുത്തിയത്. ആകാശസന്ദര്‍ശനങ്ങള്‍ സാധ്യമായത് ദ്വന്ദ്വപ്രത്യക്ഷം (ബൈലൊക്കേഷന്‍) വഴിയാണെന്ന് അതിനാല്‍ വ്യക്തമായി. തന്‍റെ പ്രാര്‍ത്ഥനാവേളകളില്‍ ഇപ്രകാരമുള്ള ദര്‍ശനങ്ങള്‍ ഉണ്ടായിരുന്ന കാര്യം മരിയതന്നെ അലോന്‍സോ ദെ വിദെസിനോട് പറയുകയും ചെയ്തു. റെഡ് ഇന്ത്യക്കാര്‍ പറഞ്ഞ കാര്യങ്ങളും ആശ്രമാധിപന്‍ അറിഞ്ഞ കാര്യങ്ങളും തമ്മില്‍ ഒത്തുപോകുന്നതായിരുന്നു.

ആകാശസന്ദര്‍ശനത്തിലൂടെ സുവിശേഷമറിയിക്കാന്‍ ദൈവാത്മാവ് സംവഹിച്ചുകൊണ്ടുപോയ അഗ്രേദായിലെ വാഴ്ത്തപ്പെട്ട മരിയക്ക് മാതാവ് വെളിപ്പെടുത്തിക്കൊടുത്തതനുസരിച്ച് എഴുതപ്പെട്ടതാണ് ‘ദൈവനഗരം’ എന്ന ഗ്രന്ഥം. തന്‍റെ ജീവിതകാലത്ത് മരിയ രണ്ടു പ്രാവശ്യം നശിപ്പിച്ചുകളഞ്ഞ ‘ദൈവനഗരം’ വീണ്ടും പ്രസിദ്ധീകൃതമാകുവാന്‍ നിമിത്തമായത് അവളുടെ സ്ഥിരം കുമ്പസാരക്കാരന്‍റെ പ്രേരണയായിരുന്നു.

‘ദൈവനഗരം’ വായിക്കുമ്പോള്‍ അതു സഭയുടെ ഏറ്റം ആഴമുള്ളതും കാതലായതുമായ ആധ്യാത്മികാനുഭവത്തിലേക്ക് ഒരു വഴികാട്ടിയായി അനുഭവപ്പെടും. ഏവര്‍ക്കും വായിച്ചറിയുവാന്‍ സാധിക്കുന്ന ഒരു സുവിശേഷഭാഷ്യം. അതു പരിശുദ്ധ അമ്മയുടെ വീക്ഷണത്തില്‍നിന്നാകുമ്പോള്‍ ആര്‍ദ്രത തുളുമ്പുന്ന അനുഭവമായി മാറുന്നു.

'

By: Shalom Tidings

More
ആഗ 14, 2020
Encounter ആഗ 14, 2020

ഒരു ദിവസം മുഴുവന്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ മമ്മി അനുവാദം കൊടുത്തതിന്‍റെ സന്തോഷത്തിമിര്‍പ്പിലായിരുന്നു ആനന്ദ്. തൊട്ടടുത്തുള്ള കൂട്ടുകാരനായ നിഖിലിന്‍റെ വീട്ടിലാണ് കളിക്കാന്‍ അവര്‍ തീരുമാനിച്ചത്. അവിടെ വലിയൊരു ഗ്രൗണ്ടുണ്ട്. അവിടെ കുറേ നേരം ക്രിക്കറ്റ് കളിച്ചു. പിന്നെ മടുത്തപ്പോള്‍ പുഴക്കരയിലേക്ക് പോകാമെന്ന് അവര്‍ തീരുമാനിച്ചു.

അങ്ങനെ അവിടെയെത്തി കഥ പറഞ്ഞിരിക്കുകയായിരുന്നു ആനന്ദും കൂട്ടുകാരും. അപ്പോഴാണ് അപ്പുറത്തുള്ള പറമ്പിലെ പേരമരത്തില്‍ മൂത്തു പഴുത്തു നില്ക്കുന്ന പേരയ്ക്കകള്‍ മനുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അവന്‍ ആനന്ദിനെ വിളിച്ചു, “എടാ, നോക്ക്. നല്ല സൂപ്പര്‍ പേരയ്ക്കകള്‍. നമുക്ക് പോയി പറിക്കാം.”

ആനന്ദ് നോക്കി, ശരിയാണ്. കാണാനും നല്ല ഭംഗി. പറിച്ചുതിന്നാന്‍ തോന്നും. പക്ഷേ മറ്റൊരാളുടെ സാധനങ്ങള്‍ അവരോടു ചോദിക്കാതെ എടുക്കരുതെന്ന പപ്പയുടെ വാക്കുകള്‍ അവന് പെട്ടെന്നോര്‍മ്മ വന്നു. അതിനാല്‍ അവന്‍ പറഞ്ഞു, “വേണ്ടെടാ. വേറെയാളുകളുടെ സാധനങ്ങള്‍ എടുക്കരുതെന്നാ പപ്പ പറഞ്ഞിരിക്കുന്നത്.”

“നിന്‍റെയൊരു പപ്പ! ഈ പറമ്പും ഇവരുടെ വീടും എത്ര വലുതാണെന്നറിയാമോ? അവര്‍ ഈ പേരയ്ക്കകള്‍ കാണാന്‍പോലും പോകുന്നില്ല. പിന്നെയാ.”

“ആണോ. എന്നാല്‍പ്പിന്നെ സാരമില്ലല്ലേ”

ആനന്ദ് മനുവിനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം പേരയ്ക്ക പറിയ്ക്കാന്‍ പോയി. പക്ഷേ, പേരയ്ക്കടുത്തെത്തി കൈയുയര്‍ത്തുമ്പോള്‍ ആരോ കൈയില്‍ പിടിക്കുന്നതുപോലെ. വീണ്ടും വീണ്ടും പറിക്കാന്‍ ശ്രമിച്ചിട്ടും അതുതന്നെ സ്ഥിതി. ഒടുവില്‍ ആനന്ദ് പേരയ്ക്ക പറിക്കാതെ തിരികെപ്പോന്നു. കൂട്ടുകാരെല്ലാം പേരയ്ക്ക കടിച്ചുകൊണ്ട് കൂടെയും.

അതോടെ ആനന്ദിന് എന്തോ ഒരു രസമില്ലാതെയായി. അതിനാല്‍ അവന്‍ കൂട്ടുകാരോട് പറഞ്ഞു വേഗം വീട്ടിലേക്കു മടങ്ങി. മമ്മിയോട് കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോഴാണ് മമ്മി അതിന്‍റെ കാരണം പറഞ്ഞുകൊടുത്തത്.

“ആനന്ദ്, ദൈവം എല്ലാവര്‍ക്കും ഒരു കാവല്‍മാലാഖയെ കൊടുത്തിട്ടുണ്ട് എന്നു നിനക്കറിയാമല്ലോ. നിന്‍റെ കാവല്‍മാലാഖയാണ് തെറ്റു ചെയ്യുന്നതില്‍നിന്നും നിന്നെ തടഞ്ഞത്.”

“അപ്പോഴെന്താ കൂട്ടുകാരെയൊന്നും തടയാഞ്ഞത്?” ആനന്ദിന്‍റെ സംശയം.

“കുട്ടാ, അവരെയും തടഞ്ഞിട്ടുണ്ടാകും. പക്ഷേ അവര്‍ക്കതു മനസ്സിലായില്ല. കാവല്‍മാലാഖയുടെ സ്വരം കേട്ട് അനുസരിക്കാന്‍ താത്പര്യമുള്ളവര്‍ക്കുമാത്രമേ അത് തിരിച്ചറിയാന്‍ കഴിയൂ. മോന്‍ പപ്പയുടെ വാക്കുകള്‍ അനുസരിച്ച് തെറ്റു ചെയ്യാതിരിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് ആ സ്വരം കേള്‍ക്കാന്‍ കഴിഞ്ഞത്.”

മമ്മിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആനന്ദിന് ഉള്ളില്‍ ഒരു സന്തോഷം തോന്നി, കാവല്‍മാലാഖയോട് കൂടുതലൊരിഷ്ടവും.

'

By: Shalom Tidings

More
ആഗ 14, 2020
Encounter ആഗ 14, 2020

ഉത്തമരായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നായിരുന്നു ബാര്‍ത്തലോ ലോംഗോയുടെ ജനനം. 1841 ഫെബ്രുവരി 11-ന് ഇറ്റലിയില്‍ ജനിച്ച അദ്ദേഹത്തെ ജപമാല ചൊല്ലാനും ദരിദ്രരെ സഹായിക്കാനും അമ്മ ചെറുപ്പത്തില്‍ തന്നെ അഭ്യസിപ്പിച്ചു. എന്നാല്‍ യൗവനകാലഘട്ടമായപ്പോഴേക്കും വിശ്വാസമുപേക്ഷിച്ച ബാര്‍ത്തലോ ഒരു സാത്താനിക പുരോഹിതനായി മാറി. ബാര്‍ത്തലോയുടെ പത്താമത്തെ വയസില്‍ സംഭവിച്ച അമ്മയുടെ മരണമാണ് വിശ്വാസത്തില്‍നിന്നകലാന്‍ കാരണമായത്. ഇറ്റലിയില്‍ അക്കാലത്ത് സജീവമായിരുന്ന കത്തോലിക്ക വിശ്വാസത്തിനെതിരായ ദേശീയ പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം വിശ്വാസത്യാഗത്തിലേക്ക് മാത്രമല്ല സാത്താന്‍ ആരാധനയിലേക്കും അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു.

സന്തോഷവും സമാധാനവും പ്രതീക്ഷിച്ചുകൊണ്ട് സാത്താനാരാധകരുടെ പുരോഹിതനായി മാറിയ ബാര്‍ത്തലോയുടെ ജീവിതത്തില്‍ അതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചത്. ആത്മീയവും വൈകാരികവും മാനസികവുമായ അസ്വസ്ഥതകള്‍ അദ്ദേഹത്തെ പിടികൂടി. സാത്താനുമായുള്ള ചങ്ങാത്തം ബോധപൂര്‍വം തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? എന്നാല്‍ ദൈവത്തിന്‍റെ അനന്തമായ പരിപാലനയാല്‍ ഫാ. ആല്‍ബര്‍ട്ടോ റേഡന്‍റ എന്നൊരു ഡൊമിനിക്കന്‍ വൈദികന്‍റെ പക്കലാണ് പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ബാര്‍ത്തലോയുടെ യാത്ര അവസാനിച്ചത്. ദൈവമാതൃഭക്തനായ ആ വൈദികന്‍റെ സഹായത്താല്‍ ബാര്‍ത്തലോ മാനസാന്തരപ്പെട്ട് ആഴമായ അനുതാപത്തോടെ കുമ്പസാരം നടത്തി സഭയിലേക്ക് തിരിച്ചുവന്നു. സാത്താന്‍ ആരാധകരുടെ ഒരു കൂട്ടായ്മയില്‍ ചെന്ന് അവരുടെ തെറ്റുകള്‍ ഓര്‍മിപ്പിക്കുകയും സത്യവിശ്വാസത്തിലേക്ക് മടങ്ങിവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുവാന്‍ തക്കവിധമുള്ള തീക്ഷ്ണത ബാര്‍ത്തലോയില്‍ നിറഞ്ഞു.

അഭിഭാഷകനായി ജോലി ചെയ്തിരുന്ന ബാര്‍ത്തലോ മാനസാന്തരാനുഭവത്തില്‍ വന്നതിനെ തുടര്‍ന്ന് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായി ബ്രദര്‍ റൊസാരിയോ എന്ന പേര് സ്വീകരിച്ചു. സാത്താന്‍റെ മതം തെറ്റുകളുടെ ഒരു വലയാണെന്നും താന്‍ അത് ഉപേക്ഷിച്ചതായും യുവജനകൂട്ടായ്മകളില്‍ കടന്നു ചെന്ന് ബാര്‍ത്തലോ സാക്ഷ്യം നല്‍കി. ഫാ. റേഡന്‍റയുടെ നിര്‍ദേശപ്രകാരം തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി അദ്ദേഹം രോഗികളെയും ദരിദ്രരെയും ശുശ്രൂഷിക്കാനാരംഭിച്ചു.

ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍…

ഒരിക്കല്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി പോംപൈ എന്ന നഗരത്തിലേക്ക് അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതായി വന്നു. അസാന്മാര്‍ഗികതയിലും അന്ധവിശ്വാസങ്ങളിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന അവിടുത്തെ ജനങ്ങളുടെ ആത്മീയ ശോചനീയാവസ്ഥ അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു. തന്‍റെ ഭൂതകാലജീവിതത്തെക്കുറിച്ചുള്ള കുറ്റബോധം ഈ കാഴ്ച അദ്ദേഹത്തില്‍ ജനിപ്പിച്ചു.

അതിനെക്കുറിച്ച് ബാര്‍ത്തലോ ഇപ്രകാരം പറയുന്നു- “ഒരിക്കല്‍ പോംപൈ നഗരത്തിന് സമീപമുള്ള അര്‍പായിയ എന്ന സ്ഥലത്തെ വയലില്‍കൂടി നടക്കുമ്പോള്‍ സാത്താന്‍റെ പുരോഹിതനായ എന്‍റെ പൂര്‍വകാലത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. അതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ഫാ. ആല്‍ബര്‍ട്ടോ പറഞ്ഞിരുന്നെങ്കിലും അതിനെ അതിജീവിക്കുവാന്‍ എനിക്ക് സാധിച്ചില്ല. ക്രിസ്തുവിന്‍റെ പൗരോഹിത്യം നിത്യമായിരിക്കുന്നതുപോലെ സാത്താന്‍റെ പൗരോഹിത്യവും നിത്യമായിരിക്കുമോ എന്ന ഭീതി എന്നില്‍ നിറഞ്ഞു. ഒരുപക്ഷേ ഇപ്പോഴും സാത്താന്‍റെ അടിമയായിരിക്കുമെന്നും സാത്താന്‍ എന്നെ നരകത്തില്‍ കാത്തിരിപ്പുണ്ടാവുമെന്നുമുള്ള ഭയം എന്നെ കീഴ്പ്പെടുത്തി. നിരാശയില്‍ അകപ്പെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങിയ എന്‍റെ കാതുകളില്‍ പെട്ടന്ന് വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ അമ്മ നല്‍കിയ വാഗ്ദാനം മുഴങ്ങി- ‘ജപമാല പ്രചരിപ്പിക്കുന്ന വ്യക്തി ഒരിക്കലും നശിച്ചുപോവുകയില്ല.’ ജപമാലഭക്തി പ്രചരിപ്പിക്കാതെ ഞാന്‍ ഈ ലോകം വിട്ടുപോവുകയില്ല എന്നും അങ്ങനെ ഞാന്‍ രക്ഷിക്കപ്പെടുമെന്നും ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ആ നിമിഷത്തില്‍ ത്രികാലജപം ചൊല്ലുന്നതിനായുള്ള ദൈവാലയ മണി മുഴങ്ങി. സ്വര്‍ഗം എന്‍റെ തീരുമാനത്തിന് നല്‍കിയ കയ്യൊപ്പായിരുന്നു അത്.”

ബാര്‍ത്തലോയുടെ ഭയത്തിനും നിരാശക്കും സ്വര്‍ഗം നല്‍കിയ മരുന്നായിരുന്നു ജപമാലഭക്തി. മറിയത്തോടുള്ള വണക്കവും സ്നേഹവും പ്രചരിപ്പിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു തുടര്‍ന്നുള്ള ആ ജീവിതം. സാത്താനുമായുള്ള ബന്ധം എന്നേക്കും അവസാനിപ്പിക്കുന്നതിനുള്ള ഉപകരണമായി അദ്ദേഹത്തിന് ജപമാല മാറി. ആദ്യമായി പോംപൈയിലെ ജനങ്ങളെയാണ് ബാര്‍ത്തലോ ജപമാല ചൊല്ലുവാന്‍ പഠിപ്പിച്ചത്. 1873-ല്‍ അദ്ദേഹം പോംപൈയില്‍ സംഗീതവും മത്സരങ്ങളും വെടിക്കെട്ടും ഉള്‍പ്പെടുത്തിക്കൊണ്ട് ആഘോഷകരമായ ഒരു ജപമാല ആചരണം സംഘടിപ്പിച്ചു.

1875-ല്‍ ഇടവക മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി വൈദികരെ കൊണ്ടുവന്ന് ജപമാലഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഘോഷണങ്ങള്‍ സംഘടിപ്പിച്ചു. ആ മിഷന്‍റെ അവസാനം പോംപൈ നഗരത്തില്‍ സ്ഥാപിച്ച ജപമാലകൂട്ടായ്മയ്ക്കായി പരിശുദ്ധ മറിയം വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ കാതറൈനുമായി ജപമാല നല്‍കുന്ന ഒരു ചിത്രവും അദ്ദേഹം നല്‍കി. നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായ ആ ചിത്രം ഇന്ന് പൊന്തിഫിക്കല്‍ തീര്‍ത്ഥാടനകേന്ദ്രമായ ഔര്‍ ലേഡി ഓഫ് ദി റോസറി ഓഫ് പോംപൈ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്നു.

മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനോടൊപ്പം മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ബാര്‍ത്തലോ വ്യാപൃതനായി. പോംപൈ നഗരത്തിലെ അനാഥരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ഡൊമിനിക്കന്‍ സന്യാസിനിമാരുടെ ഒരു സഭ അദ്ദേഹം സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ചുമതല ബ്രദറുമാരെ ഏല്‍പ്പിച്ചു.

ബാര്‍ത്തലോയുടെ ഡോക്ടറായിരുന്ന ജോസഫ് മൊസ്കാറ്റിയിലേക്കും അദ്ദേഹത്തിന്‍റെ ജപമാലഭക്തി പടര്‍ന്നു. വിശുദ്ധനായി വണങ്ങപ്പെടുന്ന ജോസഫ് മൊസ്കാറ്റിയുടെ ജീവിതം ജപമാലയോടുള്ള പ്രണയത്തിന്‍റെ മറ്റൊരു കഥയാണ്. 1926-ല്‍ ഒക്ടോബര്‍ 5-ാം തിയതി ജപമാല പ്രാര്‍ത്ഥനകളുടെ മധ്യേ ബാര്‍ത്തലോ ലോംഗോ അന്തരിച്ചു. 1980 ഒക്ടോബര്‍ 26-ാം തിയതി ബാര്‍ത്തലോ ലോംഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഇപ്രകാരം വിശേഷിപ്പിച്ചു ‘മാന്‍ ഓഫ് മേരി’ (മറിയത്തിന്‍റെ മനുഷ്യന്‍). അതെ ബാര്‍ത്തലോ ലോംഗോ മറിയത്തിന്‍റെ മനുഷ്യനായിരുന്നു, ജപമണികള്‍ എന്ന ഗോവണിയിലൂടെ നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്ക് ഓടിക്കയറി മറിയത്തിന്‍റെ ആ മനുഷ്യന്‍.

'

By: Ranjith Lawrence

More
ആഗ 14, 2020
Encounter ആഗ 14, 2020

സഹനത്തിന്‍റെ ചൂളയില്‍ എന്താണ് സംഭവിക്കുന്നത് ?

ഈ നാളുകളില്‍ കര്‍ത്താവ് ശക്തമായി ഉപയോഗിക്കുന്ന ഒരു വൈദികന്‍ ഒരിക്കല്‍ ശുശ്രൂഷയ്ക്കിടയില്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തി. ഞാന്‍ ഒരു വൈദികനായി അഭിഷേകം ചെയ്യപ്പെട്ട് ആദ്യമായി ഒരു ഇടവകയിലേക്ക് കടന്നുചെന്നപ്പോള്‍ എന്‍റെ ആത്മീയജീവിതം അത്ര മികച്ചതായിരുന്നില്ല. വ്യക്തിപരമായ പ്രാര്‍ത്ഥ നാനുഭവവും വചനാഭിഷേകവും അത്യാവശ്യത്തിനുമാത്രമേ ഉണ്ടായിരു ന്നുള്ളൂ.

എന്നാല്‍ ആ ഇടവകയില്‍ച്ചെന്ന് ശുശ്രൂഷ ആരംഭിച്ചപ്പോള്‍ രണ്ട് ഗണത്തിലുള്ള ആള്‍ക്കാരെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഒന്നാമത്തെ കൂട്ടര്‍ എന്നോട് ചേര്‍ന്നുനിന്നവരാണ്. എനിക്ക് പ്രോത്സാഹനം തന്നവര്‍, സ്തുതിപാഠകര്‍, അഭിനന്ദിച്ചവര്‍. എന്നാല്‍ രണ്ടാമതൊരു കൂട്ടര്‍കൂടി ആ ഇടവകയില്‍ ഉണ്ടായിരുന്നു. അവര്‍ എന്നെ വിമര്‍ശിച്ചവരാണ്, എനിക്കെതിരെ അവര്‍ പലതും പറഞ്ഞു. അങ്ങാടിയില്‍ പോസ്റ്റര്‍ ഒട്ടിച്ചു. ഞാന്‍ ഒരിക്കലും ചെയ്യാത്ത, എന്‍റെ മനസറിവില്ലാത്ത, കാര്യങ്ങള്‍ അവര്‍ പറഞ്ഞുപരത്തി.

ഈ രണ്ടാമത്തെ ഗണമാണ് ഇന്ന് നിങ്ങള്‍ കാണുന്ന ശുശ്രൂഷകനായ ഈ വൈദികനെ രൂപപ്പെടുത്തിയത്. എങ്ങനെയെന്നോ? അപവാദങ്ങളുടെ മധ്യേ മനസു തളര്‍ന്ന് അവരോടുള്ള വെറുപ്പും വിദ്വേഷവുമായി മുന്നോട്ടുപോയ ഒരു രാത്രിയില്‍ അല്പം ആശ്വാസത്തിനുവേണ്ടി പള്ളി തുറന്ന് സക്രാരിയുടെ മുന്‍പില്‍ പോയിരുന്നു. ആദ്യമായിട്ടായിരുന്നു രാത്രിയില്‍ അപ്രകാരം ചെയ്യുന്നത്. മനസ് മെല്ലെ മെല്ലെ ശാന്തമാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ആ ആശ്വാസം അടുത്ത ദിവസവും എന്നെ ദിവ്യകാരുണ്യ സന്നിധിയിലേക്ക് നയിച്ചു. പിന്നീട് അതൊരു ശീലമായി മാറി.

ദിവ്യകാരുണ്യത്തില്‍ ഞാനെന്‍റെ ഈശോയുടെ മുഖം കണ്ടു. അവിടുത്തെ സ്വരം ഞാന്‍ കേട്ടു. അവിടുത്തെ പദ്ധതികള്‍ ഞാന്‍ മനസിലാക്കാന്‍ പഠിച്ചു. പ്രാര്‍ത്ഥന എനിക്ക് ഒരു ആവേശമായി, ലഹരിയായി മാറി. എന്‍റെ ജീവിതം മാറ്റപ്പെട്ടു. എന്‍റെ മിഷന്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇന്ന് നിങ്ങള്‍ കാണുന്ന ഈ ശുശ്രൂഷ അഭിഷേകത്തിലേക്ക് നയിച്ചത് എന്‍റെ ആദ്യ ഇടവകയില്‍ എനിക്കുണ്ടായ വിപരീത അനുഭവങ്ങളും എന്നെ നിന്ദിച്ചവരുമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

അതു സത്യമാണ്, സഹനത്തിന്‍റെ ചൂളയില്‍ വിലകെട്ടവ നീക്കം ചെയ്യപ്പെടുന്നു. ലൗകിക മനുഷ്യന്‍ ദൈവികമനുഷ്യനായി മാറുന്നു. ജഡികമനസ് സ്വര്‍ഗീയമായിത്തീരുന്നു. മാനുഷികസ്വഭാവം മാറി ദൈവസ്വഭാവം എന്നില്‍ നിറയുന്നു. ഈ ലോകത്തിനുവേണ്ടിമാത്രം ജീവിക്കുന്നവര്‍ ദൈവരാജ്യത്തിനുവേണ്ടി തങ്ങളെ സമര്‍പ്പിക്കുന്നു. പ്രഭാഷ കവചനം ഒരിക്കല്‍കൂടി ഓര്‍ക്കാം “എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്‍റെ ചൂളയില്‍ കര്‍ത്താവിന് സ്വീകാര്യരായ മനുഷ്യരും” (പ്രഭാഷകന്‍ 2:5).

അതിനാല്‍ നമുക്കും പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, എന്നെ വിലപ്പെട്ടവനും വിശുദ്ധനുമാക്കാന്‍ വേണ്ടുവോളം സഹനങ്ങള്‍ നല്കിയാലും. ഒരു കപ്പല്‍ ശാന്തമായി മുന്നോട്ട് പോകുമ്പോഴല്ല കപ്പിത്താന്‍റെ കഴിവ് പ്രകടമാകുന്നത്. മറിച്ച് കൊടുങ്കാറ്റുണ്ടാ കുമ്പോഴാണ്. ഒരു പടയാളിയുടെ വൈദഗ്ധ്യം തെളിയിക്കപ്പെടുന്നത് രാജ്യങ്ങള്‍ സമാധാനത്തില്‍ കഴിയുമ്പോഴല്ല, മറിച്ച് യുദ്ധഭൂമിയിലാണ്. ഇതുപോലെ ഒരു വിശ്വാസിയുടെ കരുത്തും വിശ്വാസവും തെളിയിക്കപ്പെടുന്നത് ജീവിതത്തിന്‍റെ കനല്‍വഴികളിലാണ് എന്നും നമുക്ക് മറക്കാതിരിക്കാം.

'

By: Mathew Joseph

More
ആഗ 14, 2020
Encounter ആഗ 14, 2020

ആശ്ചര്യപ്പെടുത്തുന്ന സമ്പാദ്യത്തെക്കുറിച്ച് അറിയാം, സ്വന്തമാക്കാം

ഒരു പ്രസംഗമധ്യേ വിശുദ്ധ ജോണ്‍ മരിയ വിയാനി ഒരു വനവാസിയുടെ കഥ പറഞ്ഞു. പണ്ടൊരിക്കല്‍ ആ വനവാസി ഒരു ഓക്കുവൃക്ഷത്തിന്‍റെ പൊത്തില്‍ തന്‍റെ ‘രാജകീയമന്ദിരം’ പണിതുണ്ടാക്കി. അതിന്‍റെ ഉള്ളില്‍ അദ്ദേഹം മുള്ളുകള്‍ വിരിച്ചു. തലയ്ക്കുമീതെ മൂന്ന് വലിയ കല്ലുകള്‍ കെട്ടിത്തൂക്കി. അനങ്ങുകയോ തിരിയുകയോ ചെയ്താല്‍ ആ കല്ലുകള്‍ തന്‍റെ തലയില്‍ മുട്ടണം. മുള്ളുകള്‍ ശരീരത്തില്‍ കൊണ്ടുകയറണം. അതായിരുന്നു ഉദ്ദേശ്യം. ആ സംഭവം ഉദ്ധരിച്ചുകൊണ്ട് ആത്മപരിത്യാഗം എന്തുമാത്രം വിലയേറിയതാണെന്ന് വിശദീകരിക്കുകയായിരുന്നു വിശുദ്ധ വിയാനി.

ആരും കാണാതെ ചെയ്യാവുന്ന ആത്മ പരിത്യാഗങ്ങള്‍ ഏറെ പ്രിയംകരമാണെന്നും വിശുദ്ധന്‍ പറയുന്നു. ഉദാഹരണമായി, നിശ്ചിത സമയത്തിനു കാല്‍മണിക്കൂര്‍ മുമ്പേ ഉണരുക, രാത്രിയില്‍ അല്പസമയത്തേക്ക് ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുക മുതലായവ. ഇരിപ്പ് അത്ര സുഖകരമല്ലെന്നു കണ്ടാലും അതേപടി ഇരിക്കുക; യാത്ര ചെയ്യുമ്പോള്‍ ആകര്‍ഷങ്ങളായവയില്‍ ദൃഷ്ടികള്‍ ഉറപ്പിക്കാതിരിക്കുക -തുടങ്ങിയവയൊക്കെ നമുക്ക് ചെയ്യാവുന്നതാണെന്നും വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇപ്രകാരം മുന്നേറുന്നതിനായി വിശുദ്ധ വിയാനി നിര്‍ദ്ദേശിക്കുന്ന പ്രായോഗികമാര്‍ഗങ്ങള്‍ വളരെ ലളിതമാണ്. സഞ്ചരിക്കുമ്പോള്‍ മിശിഹാ കുരിശും വഹിച്ചുകൊണ്ടു നമ്മുടെ മുമ്പേ നടക്കുന്നതായി മനസ്സാ ദര്‍ശിക്കാം. അല്ലെങ്കില്‍, നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെയോ നമ്മോടുകൂടെ സഞ്ച രിക്കുന്ന കാവല്‍മാലാഖയെയോ കാണുന്നതായി സങ്കല്പിക്കാം. ഇങ്ങനെയുള്ള ഒരു ആന്തരിക ജീവിതം വളരെ മനോഹരമാണ് ! ഇത് നമ്മെ ദൈവത്തോടു യോജിപ്പിക്കുന്നു.

എന്നാല്‍ ഇപ്രകാരം ജീവിക്കുമ്പോള്‍ പിശാച് അനേകായിരം ഭാവനകള്‍ വരുത്തി നമ്മെ വ്യതിചലിപ്പിക്കുവാന്‍ ശ്രമിക്കും. എന്നാല്‍ ഒരു നല്ല ക്രൈസ്തവന്‍ പരിപൂര്‍ണ്ണതയിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കും.

പുണ്യാത്മാക്കള്‍ ആത്മപരിത്യാഗത്തി നുള്ള അവസരങ്ങളെ എല്ലായിടത്തും അന്വേഷി ച്ചിരുന്നു. പരിത്യാഗങ്ങളുടെ മധ്യേ അവര്‍ അവര്‍ണ്ണനീയമായ ആനന്ദം ആസ്വദിക്കുകയും ചെയ്തിരുന്നു. സ്വർഗ്ഗത്തിൽ പോകുവാൻ ആഗ്രഹിക്കുന്നെങ്കില്‍ സര്‍വഥാ സുഖം അന്വേഷിച്ചുപോകരുത്. പിശുക്കന്മാര്‍ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ സകല കഴിവുകളും പ്രയോഗിക്കുന്നതുപോലെതന്നെ സ്വര്‍ഗ്ഗീയ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ വിശുദ്ധരും ശ്രമിക്കും. എപ്പോഴും അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കും. വിധി ദിവസത്തില്‍ അവരുടെ പുണ്യസമ്പത്ത് കണ്ട് നാം ആശ്ചര്യപ്പെട്ടുപോകുമെന്നും വിശുദ്ധ ജോണ്‍ വിയാനി ഓര്‍മ്മപ്പെടുത്തുന്നു.

'

By: Saint John Maria Vianney

More
ആഗ 14, 2020
Encounter ആഗ 14, 2020

ഹൃദയസ്പര്‍ശിയായ ഒരു ദിവ്യകാരുണ്യാനുഭവം

കുമ്പസാരിക്കാന്‍ സമയമായിട്ടും കുമ്പസാരിക്കാന്‍ സാധിക്കാതെ അല്പം വിഷമിച്ചിരുന്ന ഒരു
സമയം. അപ്പോഴാണ് കര്‍ത്താവ് പ്രത്യേകമായി ഇടപെട്ടുകൊണ്ട് കുമ്പസാരിക്കാനുള്ള ഒരവസരവും വിശുദ്ധ കുര്‍ബാനാനുഭവവും തന്നത്. അതിങ്ങനെയായിരുന്നു, വീട്ടില്‍നിന്ന് അല്പം ദൂരെയുള്ള ഒരു ധ്യാനകേന്ദ്രത്തിലെ ഡയറക്ടറായ വൈദികന്‍ അവിടെ ശുശ്രൂഷ ചെയ്യാനായി വിളിച്ചു. രാവിലത്തെ ക്ലാസ് കഴിഞ്ഞപ്പോള്‍ വൈകിട്ടും ക്ലാസ് എടുക്കാന്‍ ഏല്പിക്കപ്പെട്ടതിനാല്‍ അതിന് ഒരുക്കമായി ഞാന്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവിടത്തെ അച്ചന്മാര്‍ പ്രാര്‍ത്ഥിക്കുന്ന പേഴ്സണല്‍ ചാപ്പലായിരുന്നു അത്.

വൈകുന്നേരം മൂന്നരയായപ്പോള്‍ അവിടുത്തെ സുപ്പീരിയറച്ചന്‍ വ്യക്തിപരമായ ദിവ്യബലിയര്‍പ്പിക്കാന്‍ വന്നു. അദ്ദേഹത്തിനൊപ്പം വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ അനുവാദം നല്കിയപ്പോള്‍ ഞാന്‍ പെട്ടെന്ന് അച്ചനൊന്ന് എന്നെ കുമ്പസാരിപ്പിക്കുമോ എന്നുകൂടി ചോദിച്ചു. അച്ചന്‍ സമ്മതിച്ചു. അങ്ങനെ എന്നെ നന്നായി കുമ്പസാരിപ്പിച്ചതിനുശേഷം ആ വൈദികന്‍ വിശുദ്ധബലിയര്‍പ്പിച്ചു. എനിക്ക് ചൊല്ലാനുള്ള പ്രാര്‍ത്ഥനകള്‍ അച്ചന്‍ കാണിച്ചുതന്നു. അതിനുശേഷം വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്‍റെ സമയമായി.

വലിയൊരു തിരുവോസ്തിയെടുത്ത് രണ്ടായി മടക്കിയിട്ട് ഒരു കഷണം അച്ചന്‍ വീഞ്ഞില്‍ മുക്കി ഉള്‍ക്കൊു. മറ്റേ ഭാഗം മടക്കി മടക്കി ചെറുതാക്കി വീഞ്ഞില്‍ മുക്കി കുറച്ചുസമയം വച്ചു. അത് എടുത്തപ്പോഴേക്കും എന്തോ ഇറ്റിറ്റു വീഴുന്നപോലെ എനിക്ക് തോന്നി. തുടര്‍ന്ന് നാവിലേക്ക് വച്ചുതന്നപ്പോള്‍ വീഞ്ഞിന്‍റെ രുചിപോലെയല്ല, രക്തത്തിന്‍റെ രുചിപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഇറക്കാന്‍ കഴിയാത്തതുപോലെ തോന്നി. ശരീരം മൊത്തം വിറയ്ക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല.

അച്ചന്‍ തുടര്‍ന്ന് സമാപന പ്രാര്‍ത്ഥന ചൊല്ലി. ഒടുവില്‍ ഞാന്‍ വിശുദ്ധ കുര്‍ബാന എങ്ങനെയോ ഇറക്കി. ആ ഒരു സംഭവത്തിനുശേഷം എന്‍റെ നാവിനും അധരങ്ങള്‍ക്കും പൂട്ടുവീഴുകയായിരുന്നു, അനാവശ്യമായ ഒരു വാക്കുപോലും പുറത്തേക്ക് പറയാന്‍ കഴിയാത്ത വിധത്തില്‍. ദിവ്യകാരുണ്യം നമ്മെ പുണ്യത്തില്‍ വളര്‍ത്താന്‍ എന്തുമാത്രം സഹായകമാണെന്ന് ശക്തമായി ഓര്‍മ്മിപ്പിച്ച ഒരു സംഭവമായിരുന്നു അത്.

'

By: ജോര്‍ജ് ജോസഫ്

More
ആഗ 14, 2020
Encounter ആഗ 14, 2020

ക്രൂശിതരൂപത്തിനു മുന്നില്‍ പരിശുദ്ധ ദൈവമാതാവിനൊപ്പം നില്ക്കുകയായിരുന്നു ഐഡാ പീര്‍ഡെമാന്‍ എന്ന യുവതി. ആ സമയത്ത് താന്‍ പറയുന്നത് ആവര്‍ത്തിക്കാന്‍ മാതാവ് ഐഡായോട് പറഞ്ഞു. നാളുകളായി അവര്‍ മാതാവിന്‍റെ ദര്‍ശനം സ്വീകരിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും ആ സമയത്ത് പരിശുദ്ധ മാതാവ് പതിവിലേറെ ചൈതന്യവതിയും അസാമാന്യ അഴകുള്ളവളുമായാണ് കാണപ്പെട്ടത്. ആ ദിവ്യദര്‍ശനം കണ്ടപ്പോള്‍ എന്തായിരിക്കും തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്നത് എന്ന് ഐഡാ ചിന്തിച്ചുപോയി. ആ സമയം മാതാവ് ഇപ്രകാരം പറയാന്‍ തുടങ്ങി:

കര്‍ത്താവായ യേശുക്രിസ്തുവേ, പിതാവിന്‍റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോള്‍ ഭൂമിയിലേക്ക് അയക്കണമേ. എല്ലാ ജനപഥങ്ങളുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാര്‍മ്മികാധഃപതനം, ദുരന്തങ്ങള്‍, യുദ്ധം ഇവയില്‍നിന്നും അവര്‍ സംരക്ഷിക്കപ്പെടട്ടെ. സര്‍വ്വജനപഥങ്ങളുടെയും നാഥയായ പരിശുദ്ധ കന്യകാമറിയം ഞങ്ങളുടെ അഭിഭാഷകയാ യിരിക്കട്ടെ.

ആമ്മേന്‍

പരിശുദ്ധ മാതാവ് ഇപ്രകാരം ഉരുവിട്ടപ്പോഴത്തെ ചില പ്രത്യേകതകള്‍ ഐഡായുടെ ശ്രദ്ധയില്‍പ്പെട്ടു. ‘ഇപ്പോള്‍’ എന്ന വാക്കിനും ജനപഥങ്ങളുടെയും എന്നതിനുമുമ്പു വരുന്ന ‘എല്ലാ’ എന്ന വാക്കിനും പ്രത്യേക ഊന്നല്‍ നല്കിക്കൊണ്ടാണ് മാതാവ് അപ്രകാരം പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥനയ്ക്കുശേഷം ഭയഭക്തിയോടെയും അതിമനോഹരമായും ‘ആമ്മേന്‍’ എന്നും മാതാവ് ഉരുവിട്ടു.

ആ സമയംതന്നെ ആ പ്രാര്‍ത്ഥന ഐഡായുടെ മനസ്സില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു. 1951 ഫെബ്രുവരി 11-നായിരുന്നു ഈ സംഭവം. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം സ്വദേശിയായിരുന്ന ഐഡായാണ് ഈ പ്രാര്‍ത്ഥന സ്വീകരിച്ചത്. 1945മുതല്‍ 1959 വരെ ഐഡാ സ്വീകരിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ആംസ്റ്റര്‍ഡാം പ്രത്യക്ഷീകരണങ്ങള്‍ എന്നറിയപ്പെടുന്നു. സകല ജനപഥങ്ങളുടെയും നാഥ എന്ന പേരിലാണ് ഇവിടെ പരിശുദ്ധ അമ്മ വിളിക്കപ്പെടുന്നത്.

അന്ന് നല്കിയ സന്ദേശത്തില്‍ ഈ പ്രാര്‍ത്ഥന ചൊല്ലുന്നതിനെക്കുറിച്ച് മാതാവ് ഇപ്രകാരം പറഞ്ഞു, “ഇത് വളരെ ലളിതമാണ്. എല്ലാവര്‍ക്കും ക്രൂശിതരൂപത്തിനു മുന്നില്‍ നിന്നുകൊണ്ട് അവരവരുടെ ഭാഷയില്‍ ഇത് ചൊല്ലാന്‍ സാധിക്കും. ക്രൂശിതരൂപമില്ലെങ്കില്‍ തനിയെ ചൊല്ലാം.”

ദുരന്തങ്ങളും യുദ്ധങ്ങളും ധാര്‍മികാധഃപതനവും ഈ പ്രാര്‍ത്ഥനയിലൂടെ ഒഴിവായിപ്പോകുമെന്ന് മാതാവ് വെളിപ്പെടുത്തി. ആത്മീയ സങ്കീര്‍ണതകള്‍ നീങ്ങാനും ഇത് സഹായകമാണ്. ഇപ്പോഴും ഈ ലോകത്തിന്‍റെ രാജകുമാരനായിരിക്കുന്ന സാത്താന്‍ തനിക്ക് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട് എന്നും സാത്താന്‍റെ ആ ലോകത്തിന് എതിരായി പരിശുദ്ധാരൂപി എല്ലാവരുടെയുംമേല്‍ വരണമെന്നും മാതാവ് വ്യക്തമാക്കുകയായിരുന്നു തന്‍റെ സന്ദേശത്തിലൂടെ. ഈ പ്രാര്‍ത്ഥന പ്രചരിപ്പിക്കപ്പെടുമെന്നും പ്രചാരകര്‍ക്ക് തന്‍റെ സഹായം ലഭിക്കുമെന്നും ദിവ്യമാതാവ് പിന്നീട് ദര്‍ശനങ്ങളില്‍ അറിയിച്ചു.

'

By: Shalom Tidings

More
ആഗ 14, 2020
Encounter ആഗ 14, 2020

“കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല നിത്യതേജസിന്‍ കാലമോര്‍ത്തിടുമ്പോള്‍ ഞൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല.”

മനോഹരമായ ഈ ഗാനത്തിന്‍റെ ഈരടികള്‍ നിത്യതയിലേക്കുള്ള പ്രത്യാശയിലേക്കാണ് നമ്മുടെ ഹൃദയങ്ങളെ ഉയര്‍ത്തുന്നത്. തിരുവചനങ്ങള്‍ നമ്മോടു പറയുന്നു: ഈ ലോക ജീവിതത്തിനായി മാത്രം നാം ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കുന്നെങ്കില്‍ നാം എല്ലാ മനുഷ്യരെയുംകാള്‍ ഭാഗ്യഹീനരാണ് (1 കോറിന്തോസ് 15:19).

തികച്ചും അവിചാരിതമായിട്ടാണ് ഞങ്ങള്‍ ആ കിടപ്പുരോഗിയുടെ വീട്ടില്‍ കയറിച്ചെന്നത്. പതിനൊന്നു വര്‍ഷമായി തളര്‍വാതം പിടിപെട്ട് കിടപ്പിലായ ഭക്തയായ ഒരു സ്ത്രീ. മാര്‍ഗരറ്റ് എന്നാണവളുടെ പേര്. അവളുടെ ഭര്‍ത്താവ് മോനിച്ചനും രോഗിയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു കിഡ്നി പേഷ്യന്‍റ്. മൂത്തമകന്‍ പ്രിന്‍സ്, മന്ദബുദ്ധിയാണ്. വിവാഹിതനല്ല. രണ്ടാമത്തെ മകന്‍ ജോഫി ഏഴുവയസുള്ളപ്പോള്‍ വെള്ളത്തില്‍ പോയി മരിച്ചു. മൂന്നാമത്തെ മകള്‍ നിമ്യ ഒരു അന്യജാതിക്കാരന്‍റെ കൂടെ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ അവളെ ഉപേക്ഷിച്ചു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളായി വീട്ടില്‍ വന്നുനില്ക്കുന്നു. നാലാമത്തെയാള്‍ മരിയ. മാനസിക രോഗിയാണ്. വിവാഹിതയല്ല. അഞ്ചാമത്തെയാള്‍ സച്ചിന്‍. ദൈവവിശ്വാസമില്ലാതെ തെറ്റായ കൂട്ടുകെട്ടുകളില്‍പെട്ട് അവിവാഹിതനായി തുടരുന്നു. ചികിത്സിക്കാന്‍ പണമില്ല. അന്നന്നത്തെ അപ്പത്തിനും ചികിത്സയ്ക്കും ധനികരായ സ്വന്ത ബന്ധുജനങ്ങളുടെ ഉദാരമായ ദാനത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്. കാരണവന്മാര്‍ അവരുടെ നല്ല കാലത്ത് പണി കഴിപ്പിച്ച കൊട്ടാരംപോലുള്ള ഒരു വീടുമാത്രം സ്വന്തം! അതിന്മേലും ജപ്തിനോട്ടീസ് വന്നിരിക്കുന്നു.

മാര്‍ഗരറ്റിന്‍റെ മുഖത്ത് തികഞ്ഞ ശാന്തതയാണ് ഉള്ളതെങ്കിലും മോനിച്ചന്‍ വളരെ വലിയ ഹൃദയവ്യഥയോടെ വിങ്ങിവിങ്ങി കരഞ്ഞുകൊണ്ട് ഞങ്ങളോടിങ്ങനെ ചോദിച്ചു, ദൈവമെന്താ സഹോദരങ്ങളേ ഞങ്ങളോട് ഇത്ര കഠിനമായി പെരുമാറുന്നത്? ഞങ്ങള്‍ക്കുമാത്രമെന്തേ ഈ തുടര്‍ച്ചയായ കണ്ണുനീര്‍. ഞങ്ങള്‍ കുടുംബാംഗങ്ങളില്‍ ആരുടെ കാര്യമോര്‍ത്താലാണ് സമാധാനമുള്ളത്. എന്‍റെ പൊന്നു സഹോദരങ്ങളേ, ഞങ്ങളില്‍ ആരുടെ പാപം നിമിത്തമാണ് ഞങ്ങളുടെ കുടുംബം ഈ ഗതിയിലായത്. ഞാനും ഭാര്യ മാര്‍ഗരറ്റും ഒരു പാപംപോലും ചെയ്യാതെ ജീവിക്കണമെന്നേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ. മാത്രമല്ല ഞങ്ങളാല്‍ കഴിയുന്ന നന്മ മറ്റുള്ളവര്‍ക്ക് ചെയ്യുന്നതില്‍ ഒരുപേക്ഷയും ഇന്നേവരെ കാണിച്ചിട്ടില്ല. ഞങ്ങളുടെ അപ്പന്‍ പേരുകേട്ട ഒരു പാരമ്പര്യ വൈദ്യനായിരുന്നു. സൗജന്യചികിത്സയായിരുന്നു. റോഡില്‍ക്കൂടിയെങ്ങാനും വല്ല രോഗികളോ പാവപ്പെട്ടവരോ നടന്നുപോകുന്നത് കണ്ടാല്‍ അവര്‍ ചികിത്സിക്കാന്‍ വശമില്ലാത്തവരാണെങ്കില്‍ അവരെ വിളിച്ചുകയറ്റി ആവശ്യമായ മരുന്നും അരിയും വസ്ത്രവും കൊടുത്തേ ഞങ്ങളുടെ അപ്പന്‍ പറഞ്ഞയക്കുമായിരുന്നുള്ളൂ. ഞങ്ങളുടെ വലിയപ്പനും വലിയൊരു മനുഷ്യസ്നേഹിയായ വൈദ്യനായിരുന്നു. അപ്പന്‍റെയും വലിയപ്പന്‍റെയും ഒക്കെ ജീവിതത്തിന്‍റെ നന്മ കണ്ട് മറ്റുള്ളവര്‍ പറയുമായിരുന്നു ഇതിന്‍റെയെല്ലാം പ്രതിഫലം മക്കളായ ഞങ്ങള്‍ക്ക് ദൈവം നല്കുമെന്ന്. എന്നാല്‍ ഞങ്ങള്‍ക്ക് ദൈവം തന്നത് തോരാത്ത കണ്ണുനീരാണ് സഹോദരങ്ങളേ. അഥവാ ഞങ്ങള്‍ക്കെന്തെങ്കിലും അറിയാതുള്ള പിഴവ് വന്നിട്ടുണ്ടെങ്കില്‍ത്തന്നെ ദൈവം ഇത്രയും ക്രൂരമായി ശിക്ഷിക്കാമോ?

ജോബിന്‍റെ സഹനങ്ങളിലൂടെ

രോഗികളായ ആ ദമ്പതിമാരെ ആശ്വസിപ്പിച്ച് ആ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് പടിയിറങ്ങുമ്പോള്‍ മനസില്‍ നിറയെ ജോബിന്‍റെ സഹനങ്ങളായിരുന്നു. ജോബ് നീതിമാന്മാരില്‍ നീതിമാനായിരുന്നു. ദൈവം തന്നെ ഒത്തിരി അഭിമാനത്തോടെ സാത്താനോട് ഇപ്രകാരം വീമ്പിളക്കുന്നു, “എന്‍റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ. അവനെപ്പോലെ സത്യസന്ധനും നിഷ്കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയില്‍നിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ?” (ജോബ് 1:8). വിരുന്നുസല്‍ക്കാര സമയങ്ങളില്‍ മക്കളെങ്ങാനും അറിയാതെ പാപം ചെയ്തുപോയിട്ടുണ്ടാകുമോയെന്ന് ഭയപ്പെട്ട് അവര്‍ക്കുവേണ്ടി പാപപരിഹാരബലി അര്‍പ്പിച്ചിരുന്നവന്‍. ദരിദ്രനെയും അനാഥനെയും പരദേശിയെയും അകമഴിഞ്ഞ് സഹായിക്കുന്ന ഒരു മഹാമനുഷ്യസ്നേഹി!

എന്നിട്ടും ദൈവനിയോഗപ്രകാരം പൈശാചിക പീഡനങ്ങളുടെ ഫലമായി ധനം, മക്കള്‍, ഭാര്യ, ആരോഗ്യം, സല്‍പേര് എന്നിങ്ങനെ ജോബിനുണ്ടായിരുന്ന സകലതും ഒന്നിനു പുറകെ ഒന്നായി നഷ്ടപ്പെട്ടു. ശരീരം മുഴുവന്‍ പുഴുവരിക്കുന്ന വ്രണങ്ങളുമായി ചാരത്തില്‍ ഇരുന്ന് കരയുന്ന ജോബ് തന്‍റെമേല്‍ പാപം ആരോപിക്കുന്ന തന്‍റെ സ്നേഹിതന്മാരോട് പറയുന്ന വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. “മരിക്കുവോളം ഞാന്‍ നിഷ്കളങ്കത കൈവെടിയുകയില്ല. നീതിനിഷ്ഠയെ ഞാന്‍ മുറുകെ പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്‍റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല” (ജോബ് 27:5-6).

ചാരത്തില്‍ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളില്‍നിന്നും പുഴുതോണ്ടുന്ന ജോബിന്‍റെ, നിത്യതയിലും ദൈവത്തിന്‍റെ കാരുണ്യത്തിലുമുള്ള പ്രത്യാശ സങ്കല്പിക്കാനാവാത്തവിധം വലുതാണ്. അവന്‍ പറയുന്നു: “എനിക്ക് ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നുവെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്‍റെ ചര്‍മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്നും ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്‍റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്‍റെ കണ്ണുകള്‍ ദര്‍ശിക്കും” (ജോബ് 19:25-27). വലിയ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ജോബ് പറയുന്നു. “അവിടുന്നെന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ പ്രകാശിക്കും” (ജോബ് 23:10).

ഹൃദയത്തില്‍ ഉറച്ച വിശ്വാസവും ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയും ഉണ്ടായിരുന്നിട്ടും ജോബിന് തന്‍റെ സഹനങ്ങളുടെ കാരണം കണ്ടെത്തുവാന്‍ കഴിയുന്നില്ല. മോനിച്ചന്‍ പറഞ്ഞതുപോലെതന്നെ ജോബ് താന്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് ഈ സഹനം ദൈവനീതിപ്രകാരം താന്‍ അര്‍ഹിക്കുന്നതല്ല എന്ന് തന്‍റെ സ്നേഹിതന്മാരോട് കണ്ണുനീരോടെ വാദിക്കുന്നു. “നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്ഷിച്ചു. നശിക്കാറായിരുന്നവര്‍ എന്നെ അനുഗ്രഹിച്ചു. വിധവയുടെ ഹൃദയം ആനന്ദഗീതം ആലപിക്കാന്‍ ഞാന്‍ ഇടയാക്കി. ഞാന്‍ നീതിയണിഞ്ഞു. അതെന്നെ ആവരണം ചെയ്തു. നീതി എനിക്ക് അങ്കിയും തലപ്പാവുമായിരുന്നു. ഞാന്‍ കുരുടനു കണ്ണുകളും മുടന്തനു കാലുകളുമായിരുന്നു. ദരിദ്രര്‍ക്കു ഞാന്‍ പിതാവായിരുന്നു; എനിക്ക് അപരിചിതനായവന്‍റെ വ്യവഹാരം ഞാന്‍ നടത്തി. ഞാന്‍ ദുഷ്ടന്‍റെ ദംഷ്ട്രങ്ങള്‍ തകര്‍ക്കുകയും അവന്‍റെ പല്ലിനിടയില്‍നിന്ന് ഇരയെ മോചിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ വിചാരിച്ചു: ഞാന്‍ എന്‍റെ വസതിയില്‍വച്ച് മരിക്കുകയും മണല്‍ത്തരിപോലെ എന്‍റെ ദിനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും” (ജോബ് 29:12-18).

വീണ്ടും ജോബ് തന്‍റെ കഴിഞ്ഞകാലത്തെ നന്മപ്രവൃത്തികള്‍ വിവരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: “പാവങ്ങള്‍ ആഗ്രഹിച്ചതെന്തെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, വിധവയുടെ കണ്ണുകള്‍ അന്ധമാക്കിയിട്ടുണ്ടെങ്കില്‍, എന്‍റെ ആഹാരം ഞാന്‍ തനിയെ ഭക്ഷിക്കുകയും അനാഥര്‍ക്ക് അതിന്‍റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, യൗവനം മുതല്‍ അവനെ ഞാന്‍ പിതാവിനെപ്പോലെ പോറ്റുകയും ജനിച്ചപ്പോള്‍ മുതല്‍ നയിക്കുകയും ചെയ്തു. വസ്ത്രമില്ലാതെയോ പുതപ്പില്ലാതെയോ ആരെങ്കിലും നശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍, അവന്‍റെ അനുഗ്രഹം എനിക്കു ലഭിച്ചില്ലെങ്കില്‍, എന്‍റെ ആടുകളുടെ രോമം അവനു ചൂടു പകര്‍ന്നില്ലെങ്കില്‍, വാതില്‍ക്കല്‍ സഹായിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ട് അനാഥര്‍ക്കെതിരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍, എന്‍റെ തോളില്‍നിന്ന് തോള്‍പ്പലക വിട്ടുപോകട്ടെ! എന്‍റെ കരം അതിന്‍റെ കുഴിയില്‍നിന്നു വേര്‍പെട്ടുപോകട്ടെ!” (ജോബ് 31:16-22).

എന്നാല്‍ ഞാന്‍ നന്മ അന്വേഷിച്ചപ്പോള്‍ തിന്മ കൈവന്നു. പ്രകാശം കാത്തിരുന്നപ്പോള്‍ അന്ധകാരം വന്നു. എന്‍റെ ഹൃദയം പ്രക്ഷുബ്ധമായിരിക്കുന്നു… പീഡയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു” (ജോബ് 30:26-27).

ഇതുതന്നെയല്ലേ മോനിച്ചനും തന്‍റെ കണ്ണുനീരുകൊണ്ട് വരച്ചുകാട്ടിയ ചിത്രം! തലമുറകളായി നന്മമാത്രം ചെയ്തിട്ടും തിന്മ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ! മാനുഷിക ദൃഷ്ടിയില്‍ എന്തുകൊണ്ട് എന്നെ ചോദ്യത്തിന് ഉത്തരം കിട്ടാത്ത സ്ഥിതിഗതികള്‍!! എന്നാല്‍ ജോബിന്മേല്‍ ദൈവം അനുവദിച്ച അഗ്നിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ദൈവം ജോബിനെ അത്യധികമായി അനുഗ്രഹിച്ചു. ജോബ് തന്‍റെ കഷ്ടതയുടെ നാളില്‍ പ്രവചിച്ചതുപോലെതന്നെ ദൈവം ജോബിനുവേണ്ടി നിലകൊണ്ടു. ദൈവമവനെ സ്വര്‍ണംപോലെ തിളക്കമുള്ളവനാക്കി മാറ്റി. ദൈവം തന്നോട് വിശ്വസ്തത പുലര്‍ത്തിയ ജോബിന് നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരികെ നല്കിക്കൊണ്ട് അനുഗ്രഹിച്ചു. അവന്‍റെ ശേഷിച്ച ജീവിതം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ ധന്യമായി. ദൈവം അവന്‍റെ ആയുസിന്‍റെ ദിനങ്ങള്‍ നീട്ടിക്കൊടുത്തു. അവന്‍ മക്കളും മക്കളുടെ മക്കളുമായി നാലുതലമുറവരെ കാണത്തക്കവിധത്തില്‍ പൂര്‍ണായുസ് പ്രാപിച്ച് സംതൃപ്തനായി മരിച്ചു.

തോബിത്ത് എന്ന നീതിമാന്‍

പഴയ നിയമത്തില്‍ തോബിത്തിന്‍റെ പുസ്തകത്തില്‍ തോബിത്തിന്‍റെ ജീവിതം പരിശോധിച്ചു നോക്കുമ്പോഴും നന്മയ്ക്കു പകരം തിന്മ അനുഭവിക്കേണ്ടിവന്ന അവസ്ഥകള്‍ കാണാന്‍ കഴിയും. തോബിത്ത് അതീവ ദൈവഭക്തനും സത്കര്‍മിയുമായ മനുഷ്യനായിരുന്നു. അദ്ദേഹം ചെയ്ത നന്മപ്രവൃത്തികള്‍ക്ക് ഒരറുതിയുമില്ല.

എന്നാല്‍ വളരെ നല്ലവനായ വലിയ തോബിത്തിനോട് ദൈവം വളരെ കഠിനമായി പെരുമാറിയെന്ന് തോന്നിക്കത്തക്കവിധമായിരുന്നു തോബിത്തിന്‍റെമേല്‍ വന്ന ദുര്‍വിധി. വഴിയില്‍ വീണുകിടന്ന ഒരു അനാഥന്‍റെ ശവശരീരം ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്ക് മറവുചെയ്ത് മടങ്ങുംവഴിയില്‍ ക്ഷീണംമൂലം ഒരു മതിലിനോടു ചേര്‍ന്നുകിടന്ന് ഉറങ്ങവേ കുരുവിക്കാഷ്ഠം കണ്ണില്‍ വീണ് വലിയ തോബിത്തിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നു. നന്മയ്ക്കു പകരമായി ലഭിച്ച തിന്മ നിറഞ്ഞ പ്രതിഫലം! ദൈവമയച്ച ദൂതന്‍ വന്ന് സുഖപ്പെടുത്തുന്നതുവരെ കാലങ്ങളോളം അദ്ദേഹം അന്ധനായും ദരിദ്രരില്‍ ദരിദ്രനായും ഈ ഭൂമിയില്‍ കഴിയേണ്ടിവന്നു. അചഞ്ചലമായ ദൈവഭക്തിക്കും കാരുണ്യപ്രവൃത്തികള്‍ക്കും ദൈവം നല്കുന്ന പ്രതിഫലം ഇതോ എന്ന് ആരും സംശയിച്ചുപോകും വലിയ തോബിത്തിന്‍റെ ജീവിതത്തിന്‍റെ മധ്യാഹ്നംവരെയുള്ള ചരിത്രം വായിച്ചാല്‍. എന്നാല്‍ തന്‍റെ വിശ്വസ്ത ദാസന്‍റെ അഗ്നിപരീക്ഷണങ്ങള്‍ക്കുശേഷം തന്‍റെ ദൂതനെ അയച്ച് ദൈവം സുഖപ്പെടുത്തുകയും നന്മകളുടെമേല്‍ നന്മ ചൊരിഞ്ഞ് അവനെയും സന്തതികളെയും അനുഗ്രഹിക്കുകയും ചെയ്യുന്നു.

കര്‍മഫലമോ പൂര്‍വികശാപമോ?

തുടര്‍ച്ചയായ സഹനങ്ങള്‍ അതും എന്തുകൊണ്ട് എന്ന് ഉത്തരം കിട്ടാത്ത കഠിനസഹനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന നിമിഷങ്ങളില്‍ മനുഷ്യര്‍ സാധാരണഗതിയില്‍ പറയുന്ന ഒരു കാരണമുണ്ട്. അതാണ് പൂര്‍വികശാപം. അല്ലെങ്കില്‍ പറയും ഇത് അവന്‍റെ കര്‍മഫലമാണ് എന്ന്. പൂര്‍വികശാപങ്ങളും കര്‍മഫലങ്ങളും ചിലപ്പോള്‍ മനുഷ്യനെ കഠിനങ്ങളായ നീണ്ടുനില്ക്കുന്ന സഹനാവസ്ഥകളിലേക്ക് നയിച്ചേക്കാം. പക്ഷേ മനുഷ്യന് നേരിടുന്ന എല്ലാ തരത്തിലുള്ള സഹനങ്ങളും പൂര്‍വികശാപങ്ങളോ അവരവരുടെതന്നെ കര്‍മഫലങ്ങളോ അല്ല. മനുഷ്യന് മനസിലാക്കാന്‍ കഴിയാത്ത ചില ദൈവനിയോഗങ്ങള്‍ എന്നുമാത്രമേ അതേക്കുറിച്ച് പറയാനാകൂ.

എന്നാല്‍ അഗ്നിശോധനകളില്‍ വിശ്വസ്തതയോടെ ദൈവത്തെ പഴിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ നിലകൊള്ളുന്നവരെ ദൈവം അവരുടെ സഹന കാലഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ സമൃദ്ധമായി അനുഗ്രഹിക്കും. ജോബിന്‍റെയും തോബിത്തിന്‍റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണ്.

ചിലരെ ഈലോക ജീവിതകാലത്തു തന്നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്നു. മറ്റുചിലരെ മരണത്തിനുശേഷമായിരിക്കും ദൈവം മഹത്വപ്പെടുത്തുക. വിശുദ്ധ അല്‍ഫോന്‍സയുടെ ജീവിതം അതിനൊരു ഉദാഹരണമാണ്. ജീവിതകാലം മുഴുവന്‍ കഷ്ടതയുടെ ചൂളയില്‍ വെന്തുരുകിയ അല്‍ഫോന്‍സാമ്മയുടെ ജീവിതം മഹത്വീകൃതമായത് മരണത്തിനുശേഷമാണല്ലോ. ധനവാന്‍റെ പടിവാതില്‍ക്കല്‍ അവന്‍റെ മേശപ്പുറത്തുനിന്നും വീഴുന്ന അപ്പക്കഷണങ്ങള്‍പോലും ആഗ്രഹിച്ചിട്ട് കിട്ടാതെ എല്ലാവരാലും അവഗണിക്കപ്പെട്ട് മരണംവരെ ജീവിച്ച ദരിദ്രനായ ലാസറിന്‍റെ ജീവിതവും ഉയര്‍ത്തപ്പെട്ടത് മരണത്തിനുശേഷമാണ്. മരണത്തിനു ശേഷം ദൈവം അവനെ സ്വര്‍ഗത്തില്‍ പിതാവായ അബ്രാഹമിന്‍റെ മടിയിലേക്ക് നയിച്ചു. സ്വര്‍ഗസൗഭാഗ്യം അതിന്‍റെ പൂര്‍ണതയില്‍ അനുഭവിക്കുവാന്‍ അവന് ഇടവരുത്തി.

പ്രിയ സോദരാ, സോദരീ, നിങ്ങളുടെ ജീവിതവും ഉത്തരം കിട്ടാത്തതും നീണ്ടുനില്ക്കുന്നതുമായ സഹനങ്ങളാല്‍ പൂരിതമാണോ? ദൈവത്തെ ചോദ്യം ചെയ്യാതെയും അവിടുത്തോട് മറുതലിക്കാതെയും ആ കരത്തിന്‍കീഴില്‍ താഴ്മയോടെ നില്ക്കുക. നിങ്ങളുടെ ശോധനയുടെ കാലഘട്ടം പൂര്‍ത്തിയായി ക്കഴിയുമ്പോള്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചുയര്‍ത്തിക്കൊള്ളും. “ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്” (1 പത്രോസ് 5:6-7).

തിരുവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു “നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വേത്താട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസാരമാണ്” (റോമാ 8:18). ദൈവം നമ്മെ ഉയര്‍ത്തുന്ന മഹത്വീകരണത്തിന്‍റെ സമയം നോക്കിപ്പാര്‍ത്തുകൊണ്ട് നിത്യതയ്ക്കായി നമുക്ക് നമ്മെത്തന്നെ ഒരുക്കാം.

ഈ ന്യൂ ഇയര്‍ ദിവസങ്ങളില്‍ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ നമുക്ക് ഒന്നിച്ചുപാടാം:

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല നിത്യതേജസിന്‍ കാലമോര്‍ത്തിടുേ മ്പാള്‍ ഞൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല

പ്രത്യാശ നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു!

'

By: സ്റ്റെല്ല ബെന്നി

More