Home/Encounter/Article

ആഗ 14, 2020 1473 0 Shalom Tidings
Encounter

കാല്‍പ്പാടുകളില്‍ വിടര്‍ന്ന മഞ്ഞപ്പൂക്കളും ദൈവനഗരവും

തങ്ങളുടെ ഗ്രാമാതിര്‍ത്തിയില്‍ ഉയര്‍ന്നു നിന്നിരുന്ന പര്‍വതങ്ങളില്‍നിന്നും മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് പറന്നിറങ്ങുന്ന, നീല മേല്‍വസ്ത്രം ധരിച്ച ഒരു സുന്ദരി സ്ത്രീയെ അവര്‍ കണ്ടു. സ്പെയിനിന്‍റെ നിയന്ത്രണത്തിലായിരുന്ന ടെക്സാസിന്‍റെ പടിഞ്ഞാറന്‍ ഭാഗത്ത് വസിച്ചിരുന്ന ‘ഹുമാനോ’കളാണ് ഈ ദൃശ്യം കണ്ടത്. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നവരായിരുന്നു ആ റെഡ് ഇന്ത്യന്‍ സമൂഹം. 1620-കളിലായിരുന്നു അത്.

പിന്നീട് 1626-ല്‍ ഒരു പറ്റം ഹുമാനോ ഇന്ത്യക്കാര്‍ ബാലിനാസ് എന്ന പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ഫ്രാന്‍സിസ്കന്‍ കേന്ദ്രത്തില്‍ ആശ്രമാധിപനെ തേടി വന്നു. അവര്‍ക്ക് പറയാനുള്ളത് അതി വിചിത്രമായ ഒരു കഥയായിരുന്നു.

ആദിവാസികളുടെ വിശദീകരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമായി. ഈ മനുഷ്യര്‍ക്ക് കത്തോലിക്ക വിശ്വാസ സത്യങ്ങളെല്ലാം നന്നായി അറിയാം. അവര്‍ വന്നത് തങ്ങളെ നിരന്തരം ആകാശമാര്‍ഗത്തില്‍ വന്ന് സന്ദര്‍ശിക്കുകയും അവരുടെ സ്വന്തം ഭാഷകളില്‍ത്തന്നെ മതബോധനം കൊടുക്കുകയും ചെയ്ത ‘നീല മേലങ്കിയണിഞ്ഞ’ വെളുത്ത സ്ത്രീ പറഞ്ഞുവിട്ടതിന്‍പ്രകാരമാണ്. ഈ സമൂഹത്തിന് ജ്ഞാനസ്നാനം കൊടുക്കുവാനും വിശ്വാസത്തിലുറപ്പിക്കുവാനുമായി വൈദികര്‍ വേണ്ടിയിരുന്നു.

1629-ല്‍ ആദിവാസികളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് മിഷനറിമാര്‍ അവരോടൊപ്പം ചെന്നു. ഗ്രാമത്തിലെത്തിയ മിഷനറിമാരെ സ്വീകരിക്കുവാന്‍ അവര്‍ നടത്തിയ തയാറെടുപ്പുകള്‍ വിസ്മയകരമായിരുന്നു. നിറയെ പൂക്കള്‍കൊണ്ടലങ്കരിച്ച ഒരു കുരിശ് അവര്‍ ഉയര്‍ത്തിയിരുന്നു. തങ്ങളെ സന്ദര്‍ശിക്കുകയും മതബോധനം നല്‍കുകയും രോഗശാന്തികള്‍ കൊടുക്കുകയും ചെയ്ത നീലവേഷം ധരിച്ച സുന്ദരിയെപ്പറ്റി അവര്‍ പല കാര്യങ്ങളും പറഞ്ഞിരുന്നു.

ഗ്രാമത്തിനടുത്തുള്ള വനത്തില്‍ക്കൂടി ഒഴുകുന്ന അരുവിക്കരയിലൂടെ അവര്‍ നടന്നു മറഞ്ഞപ്പോള്‍ അവരുടെ കാല്പാടുകള്‍ പതിഞ്ഞയിടങ്ങളില്‍ നിറയെ മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു നിന്നതവര്‍ കാട്ടിക്കൊടുത്തു. മിഷനറിമാരുടെ സന്ദര്‍ശന സമയത്തുതന്നെ അമ്പതിനായിരം പേര്‍ മാമോദീസ സ്വീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മിഷനറിമാരുടെ പ്രവര്‍ത്തനം തുടങ്ങിയതോടെ ആകാശസന്ദര്‍ശനങ്ങള്‍ അവസാനിക്കുകയും ചെയ്തു.

സ്ത്രീയെപ്പറ്റിയുള്ള വിവരണം കൃത്യമായി ഈ മനുഷ്യര്‍ നല്‍കിയിരുന്നതിനാല്‍ ആശ്രമാധിപനായ ഫ്രെ അലോന്‍സോ ദെ വിദസിന് പിന്നീട് സ്പെയിനില്‍ ചെന്ന് കൃത്യവിവരങ്ങള്‍ അന്വേഷിക്കുക എളുപ്പമായിരുന്നു. ഈ നീലവസ്ത്രമണിഞ്ഞ കന്യാസ്ത്രീ അഗ്രേദായിലെ വാഴ്ത്തപ്പെട്ട മരിയയായിരുന്നുവെന്ന് അതുവഴി തെളിഞ്ഞു. ഈ കാലയളവില്‍ മരിയ സ്പെയിനിലെ തന്‍റെ പ്രാര്‍ത്ഥനാമുറിയില്‍ ദൈവികമായ സമാധിയില്‍ മുഴുകി കഴിഞ്ഞതായിട്ടാണ് സഹസന്യാസിനികള്‍ സാക്ഷ്യപ്പെടുത്തിയത്. ആകാശസന്ദര്‍ശനങ്ങള്‍ സാധ്യമായത് ദ്വന്ദ്വപ്രത്യക്ഷം (ബൈലൊക്കേഷന്‍) വഴിയാണെന്ന് അതിനാല്‍ വ്യക്തമായി. തന്‍റെ പ്രാര്‍ത്ഥനാവേളകളില്‍ ഇപ്രകാരമുള്ള ദര്‍ശനങ്ങള്‍ ഉണ്ടായിരുന്ന കാര്യം മരിയതന്നെ അലോന്‍സോ ദെ വിദെസിനോട് പറയുകയും ചെയ്തു. റെഡ് ഇന്ത്യക്കാര്‍ പറഞ്ഞ കാര്യങ്ങളും ആശ്രമാധിപന്‍ അറിഞ്ഞ കാര്യങ്ങളും തമ്മില്‍ ഒത്തുപോകുന്നതായിരുന്നു.

ആകാശസന്ദര്‍ശനത്തിലൂടെ സുവിശേഷമറിയിക്കാന്‍ ദൈവാത്മാവ് സംവഹിച്ചുകൊണ്ടുപോയ അഗ്രേദായിലെ വാഴ്ത്തപ്പെട്ട മരിയക്ക് മാതാവ് വെളിപ്പെടുത്തിക്കൊടുത്തതനുസരിച്ച് എഴുതപ്പെട്ടതാണ് ‘ദൈവനഗരം’ എന്ന ഗ്രന്ഥം. തന്‍റെ ജീവിതകാലത്ത് മരിയ രണ്ടു പ്രാവശ്യം നശിപ്പിച്ചുകളഞ്ഞ ‘ദൈവനഗരം’ വീണ്ടും പ്രസിദ്ധീകൃതമാകുവാന്‍ നിമിത്തമായത് അവളുടെ സ്ഥിരം കുമ്പസാരക്കാരന്‍റെ പ്രേരണയായിരുന്നു.

‘ദൈവനഗരം’ വായിക്കുമ്പോള്‍ അതു സഭയുടെ ഏറ്റം ആഴമുള്ളതും കാതലായതുമായ ആധ്യാത്മികാനുഭവത്തിലേക്ക് ഒരു വഴികാട്ടിയായി അനുഭവപ്പെടും. ഏവര്‍ക്കും വായിച്ചറിയുവാന്‍ സാധിക്കുന്ന ഒരു സുവിശേഷഭാഷ്യം. അതു പരിശുദ്ധ അമ്മയുടെ വീക്ഷണത്തില്‍നിന്നാകുമ്പോള്‍ ആര്‍ദ്രത തുളുമ്പുന്ന അനുഭവമായി മാറുന്നു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles