Home/Encounter/Article

ആഗ 14, 2020 1534 0 Mathew Joseph
Encounter

അപവാദങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍

സഹനത്തിന്‍റെ ചൂളയില്‍ എന്താണ് സംഭവിക്കുന്നത് ?

ഈ നാളുകളില്‍ കര്‍ത്താവ് ശക്തമായി ഉപയോഗിക്കുന്ന ഒരു വൈദികന്‍ ഒരിക്കല്‍ ശുശ്രൂഷയ്ക്കിടയില്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തി. ഞാന്‍ ഒരു വൈദികനായി അഭിഷേകം ചെയ്യപ്പെട്ട് ആദ്യമായി ഒരു ഇടവകയിലേക്ക് കടന്നുചെന്നപ്പോള്‍ എന്‍റെ ആത്മീയജീവിതം അത്ര മികച്ചതായിരുന്നില്ല. വ്യക്തിപരമായ പ്രാര്‍ത്ഥ നാനുഭവവും വചനാഭിഷേകവും അത്യാവശ്യത്തിനുമാത്രമേ ഉണ്ടായിരു ന്നുള്ളൂ.

എന്നാല്‍ ആ ഇടവകയില്‍ച്ചെന്ന് ശുശ്രൂഷ ആരംഭിച്ചപ്പോള്‍ രണ്ട് ഗണത്തിലുള്ള ആള്‍ക്കാരെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഒന്നാമത്തെ കൂട്ടര്‍ എന്നോട് ചേര്‍ന്നുനിന്നവരാണ്. എനിക്ക് പ്രോത്സാഹനം തന്നവര്‍, സ്തുതിപാഠകര്‍, അഭിനന്ദിച്ചവര്‍. എന്നാല്‍ രണ്ടാമതൊരു കൂട്ടര്‍കൂടി ആ ഇടവകയില്‍ ഉണ്ടായിരുന്നു. അവര്‍ എന്നെ വിമര്‍ശിച്ചവരാണ്, എനിക്കെതിരെ അവര്‍ പലതും പറഞ്ഞു. അങ്ങാടിയില്‍ പോസ്റ്റര്‍ ഒട്ടിച്ചു. ഞാന്‍ ഒരിക്കലും ചെയ്യാത്ത, എന്‍റെ മനസറിവില്ലാത്ത, കാര്യങ്ങള്‍ അവര്‍ പറഞ്ഞുപരത്തി.

ഈ രണ്ടാമത്തെ ഗണമാണ് ഇന്ന് നിങ്ങള്‍ കാണുന്ന ശുശ്രൂഷകനായ ഈ വൈദികനെ രൂപപ്പെടുത്തിയത്. എങ്ങനെയെന്നോ? അപവാദങ്ങളുടെ മധ്യേ മനസു തളര്‍ന്ന് അവരോടുള്ള വെറുപ്പും വിദ്വേഷവുമായി മുന്നോട്ടുപോയ ഒരു രാത്രിയില്‍ അല്പം ആശ്വാസത്തിനുവേണ്ടി പള്ളി തുറന്ന് സക്രാരിയുടെ മുന്‍പില്‍ പോയിരുന്നു. ആദ്യമായിട്ടായിരുന്നു രാത്രിയില്‍ അപ്രകാരം ചെയ്യുന്നത്. മനസ് മെല്ലെ മെല്ലെ ശാന്തമാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ആ ആശ്വാസം അടുത്ത ദിവസവും എന്നെ ദിവ്യകാരുണ്യ സന്നിധിയിലേക്ക് നയിച്ചു. പിന്നീട് അതൊരു ശീലമായി മാറി.

ദിവ്യകാരുണ്യത്തില്‍ ഞാനെന്‍റെ ഈശോയുടെ മുഖം കണ്ടു. അവിടുത്തെ സ്വരം ഞാന്‍ കേട്ടു. അവിടുത്തെ പദ്ധതികള്‍ ഞാന്‍ മനസിലാക്കാന്‍ പഠിച്ചു. പ്രാര്‍ത്ഥന എനിക്ക് ഒരു ആവേശമായി, ലഹരിയായി മാറി. എന്‍റെ ജീവിതം മാറ്റപ്പെട്ടു. എന്‍റെ മിഷന്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇന്ന് നിങ്ങള്‍ കാണുന്ന ഈ ശുശ്രൂഷ അഭിഷേകത്തിലേക്ക് നയിച്ചത് എന്‍റെ ആദ്യ ഇടവകയില്‍ എനിക്കുണ്ടായ വിപരീത അനുഭവങ്ങളും എന്നെ നിന്ദിച്ചവരുമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

അതു സത്യമാണ്, സഹനത്തിന്‍റെ ചൂളയില്‍ വിലകെട്ടവ നീക്കം ചെയ്യപ്പെടുന്നു. ലൗകിക മനുഷ്യന്‍ ദൈവികമനുഷ്യനായി മാറുന്നു. ജഡികമനസ് സ്വര്‍ഗീയമായിത്തീരുന്നു. മാനുഷികസ്വഭാവം മാറി ദൈവസ്വഭാവം എന്നില്‍ നിറയുന്നു. ഈ ലോകത്തിനുവേണ്ടിമാത്രം ജീവിക്കുന്നവര്‍ ദൈവരാജ്യത്തിനുവേണ്ടി തങ്ങളെ സമര്‍പ്പിക്കുന്നു. പ്രഭാഷ കവചനം ഒരിക്കല്‍കൂടി ഓര്‍ക്കാം “എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്‍റെ ചൂളയില്‍ കര്‍ത്താവിന് സ്വീകാര്യരായ മനുഷ്യരും” (പ്രഭാഷകന്‍ 2:5).

അതിനാല്‍ നമുക്കും പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, എന്നെ വിലപ്പെട്ടവനും വിശുദ്ധനുമാക്കാന്‍ വേണ്ടുവോളം സഹനങ്ങള്‍ നല്കിയാലും. ഒരു കപ്പല്‍ ശാന്തമായി മുന്നോട്ട് പോകുമ്പോഴല്ല കപ്പിത്താന്‍റെ കഴിവ് പ്രകടമാകുന്നത്. മറിച്ച് കൊടുങ്കാറ്റുണ്ടാ കുമ്പോഴാണ്. ഒരു പടയാളിയുടെ വൈദഗ്ധ്യം തെളിയിക്കപ്പെടുന്നത് രാജ്യങ്ങള്‍ സമാധാനത്തില്‍ കഴിയുമ്പോഴല്ല, മറിച്ച് യുദ്ധഭൂമിയിലാണ്. ഇതുപോലെ ഒരു വിശ്വാസിയുടെ കരുത്തും വിശ്വാസവും തെളിയിക്കപ്പെടുന്നത് ജീവിതത്തിന്‍റെ കനല്‍വഴികളിലാണ് എന്നും നമുക്ക് മറക്കാതിരിക്കാം.

Share:

Mathew Joseph

Mathew Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles