- Latest articles
മാര്‍പാപ്പയുടെ ചുംബനം ഒരു കുഞ്ഞില്‍ വരുത്തിയ മാറ്റങ്ങളുടെ സാക്ഷ്യം
ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. ജനിച്ച് 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുകമാത്രമേയുള്ളൂ എന്നായിരുന്നു ഞാന്‍ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലും. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ 2019 മെയ് മാസത്തില്‍ ഞാന്‍ റോമിന് ചെല്ലാമെന്നും അവിടെ വച്ച് എല്ലാവരും കൂടി കണ്ടുമുട്ടാമെന്നും റോം മൊത്തം കാണാമെന്നും നേരത്തേ പ്ലാന്‍ ചെയ്തിരുന്നു.
സോളിയുടെയും ഭര്‍ത്താവ് ബൈജുവിന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റോമില്‍ വരുമ്പോള്‍ പാപ്പായില്‍നിന്ന് ക്യാരയ്ക്ക് ഒരു ആശീര്‍വാദം വാങ്ങിക്കണം എന്ന്… അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ ഞാന്‍ ആ സ്വപ്‌നം മുളയിലേതന്നെ ഒന്ന് നുള്ളാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. അവസാനം, ”ഞാന്‍ മാക്‌സിമം പരിശ്രമിക്കാം, പക്ഷേ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വേണം വരാന്‍” എന്ന നിര്‍ദേശം നല്കി. പാപ്പ തലയില്‍ കൈവച്ച് ഒന്ന് ആശീര്‍വദിച്ചാല്‍ ക്യാരമോള്‍ സംസാരിച്ച് തുടങ്ങും എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്.
വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ മാര്‍പാപ്പ നടത്താറുള്ള പൊതു കൂടികാഴ്ചയ്ക്കുള്ള അവസരം സംഘടിപ്പിച്ച് എങ്ങനെയെങ്കിലും പാപ്പയുടെ അനുഗ്രഹം ക്യാരയ്ക്കു വാങ്ങിച്ചു കൊടുക്കാന്‍വേണ്ടി ഞാന്‍ യൂറ്റിയൂബില്‍ വത്തിക്കാന്‍ ന്യൂസിന്റെ വീഡിയോകള്‍ എടുത്ത് സസൂക്ഷ്മം പരിശോധിച്ചു. പൊതു കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാര്‍പാപ്പ വിശ്വാസികളുടെ ഇടയില്‍ കൂടി ആശീര്‍വാദം നല്‍കാനായി കടന്ന് പോകാറുണ്ട്. ആ വഴികള്‍ ഒക്കെ മനസിലാക്കി ബുധനാഴ്ച അതിരാവിലെ സോളിയുടെ കുടുംബത്തോടൊപ്പം വത്തിക്കാനിലേയ്ക്ക് പോയി. നല്ല തണുപ്പത്ത് മൂന്ന് മണിക്കൂര്‍ ക്യൂ നിന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനുള്ളില്‍ കയറാനുള്ള പരിശോധനകള്‍ എല്ലാം നടത്തി. എയര്‍പോര്‍ട്ടില്‍ നടത്തുന്ന ശൈലിയിലുള്ള പരിശോധനകളാണ് അവിടെ നടത്തുക.
ഞാന്‍ പറഞ്ഞതനുസരിച്ച് സോളി ക്യാരമോളെ വെള്ളവസ്ത്രം ധരിപ്പിച്ച് തലയില്‍ ഒരു റിബണൊക്കെ കെട്ടിയാണ് കൊണ്ടുവന്നത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ അവസരം കിട്ടിയിട്ടും അവിടെ പോകാതെ അല്പം പിന്നിലായി നാല് വഴികള്‍ ഒന്നിക്കുന്ന ഒരു മൂലയില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഏകദേശം 8.45 ആയപ്പോള്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളുടെ ഇടയില്‍
കൂടി കടന്നുവന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും സോളിയെ ധിക്കരിച്ച് ഞാനും ബൈജുവും കൂടി ക്യാരമോളുടെ ജാക്കറ്റ് ഊരി. ‘കൊച്ചിന് തണുപ്പടിക്കും’ എന്ന മാതൃഹൃദയത്തിന്റെ നൊമ്പരം, ഞാനും ‘കൊച്ചിന്റെ അപ്പനും’ അത്ര കാര്യമായി പരിഗണിച്ചില്ല. ”ഉടുപ്പിന് മുകളില്‍ സ്വെറ്റര്‍ ഉണ്ട്, അതിനാല്‍ 5 മിനിറ്റ് തണുപ്പടിച്ചാലും സാരമില്ല” എന്നായിരുന്നു ഞങ്ങളുടെ എതിര്‍വാദം. കാരണം മറ്റൊന്നുമായിരുന്നില്ല, ചെറിയ കുട്ടികളുടെ വെള്ള വസ്ത്രം പെട്ടെന്ന് മാര്‍പാപ്പയുടെ ശ്രദ്ധ പിടിച്ച് പറ്റും.
അല്പം കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പ സഞ്ചരിക്കുന്ന പാപ്പാമൊബൈല്‍ അടുത്ത് എത്തി. ക്യാരയെ കൈകളില്‍ എടുത്ത് മാര്‍പാപ്പയുടെ ബോഡി ഗാര്‍ഡിനുനേരെ നീട്ടി. ദൈവാനുഗ്രഹത്താല്‍ പാപ്പാമൊബൈല്‍ സ്പീഡ് കുറച്ചു. ഒരു ബോഡി ഗാര്‍ഡ് ക്യാരമോളെ വാങ്ങി ഫ്രാന്‍സിസ് പാപ്പായുടെ നേരെ നീട്ടി. മാര്‍പാപ്പ ക്യാരയെ ഒന്ന് തലോടി നെറുകയില്‍ ഒരു ചുംബനം നില്‍കി. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ക്യാരമോളും കൗതുകത്തോടെ ഫ്രാന്‍സിസ് പാപ്പായെ നോക്കി. ഒരു മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞു, വിശ്വസിക്കാന്‍ പറ്റുന്നില്ല, വലിയ ഒരു അനുഗ്രഹം.
സോളിയുടെ മൂത്ത മകന്‍ അലനും സുഹൃത്തായ മറ്റൊരു ചെറിയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. പക്ഷേ ആറും നാലും വയസ് പ്രായമുള്ള അവരെ തിരക്കിനിടയില്‍ എടുത്തുയര്‍ത്താന്‍ പറ്റിയില്ല. വീണ്ടും പാപ്പ ആ വഴി കടന്ന് പോയപ്പോള്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്തായാലും ഒരാള്‍ക്ക് എങ്കിലും പാപ്പായുടെ ആശീര്‍വാദം കിട്ടിയതുകൊണ്ട് സംതൃപ്തരായി.
ഇനിയാണ് ക്ലൈമാക്‌സ്! ക്യാരയെ മാര്‍പാപ്പ ആശീര്‍വദിച്ച സന്തോഷത്തില്‍ കോണ്‍വെന്റില്‍ തിരിച്ച് എത്തി. സോളി ക്യാരയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ക്യാരയുടെ വിളി, ‘അമ്മേ!!’ എല്ലാവരും അത്ഭുതം കൂറി. ഏകദേശം 11 മാസം ആയിട്ടും ‘കമാ’ന്ന് ഒരക്ഷരം മിണ്ടാത്ത ക്യാര ‘അമ്മേ… അപ്പാ’ എന്നൊക്കെ പറയാന്‍ തുടങ്ങി. തീര്‍ച്ചയായും ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം ശരിക്ക് അങ്ങ് ഏറ്റു. അന്നുമുതല്‍ ഇന്നുവരെ ക്യാരമോളുടെ വായ് അടപ്പിക്കാന്‍ പാടുപെടുകയാണ് എന്റെ സഹോദരി സോളി.
അഹറോന് ദൈവം നല്കിയ അനുഗ്രഹത്തെക്കുറിച്ച് തിരുവചനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ, ”മോശ അവനെ വിശുദ്ധതൈലംകൊണ്ട് അഭിഷേചിച്ച് നിയോഗിച്ചു. കര്‍ത്താവിന് ശുശ്രൂഷ ചെയ്യാനും പുരോഹിതധര്‍മം അനുഷ്ഠിക്കാനും അവിടുത്തെ നാമത്തില്‍ തന്റെ ജനത്തെ ആശീര്‍വദിക്കാനുംവേണ്ടി അവനും അവന്റെ പിന്‍ഗാമികള്‍ക്കും ആകാശംപോലെ നിത്യമായ ഒരു ഉടമ്പടിയാണ് അത്” (പ്രഭാഷകന്‍ 45/15). കര്‍ത്താവിന്റെ അഭിഷിക്തരില്‍നിന്ന് ലഭിക്കുന്ന ആശീര്‍വാദം എത്രമാത്രം ശക്തമാണെന്ന് നമുക്ക് മറക്കാതിരിക്കാം.
'
തന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: “എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4/15). ഈ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്‍റെ വാഗ്ദാനം. മറിച്ച്, തന്‍റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്കുന്നത്.
വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ പിന്നാലെ പോകുന്നവരുടെ ലക്ഷ്യം പലപ്പോഴും ഭൗതികനേട്ടങ്ങളാണ്. എന്നാല്‍, ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ നമ്മുടെ ജീവിതം വൃഥാവിലാവും. ആകയാല്‍, ആത്മാക്കളുടെ രക്ഷയാണ് സുവിശേഷവേലയുടെ അടിസ്ഥാനം. അതുകൊണ്ടാണ്, ഈ ലോകത്തിലെ ഏറ്റവും ഉന്നതമായ വിളിയും പദവിയും ദൈവവേലയായി മാറുന്നത്.
സമര്‍പ്പണ ജീവിതമാണ് ഈ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ജീവിതം. ഉദാഹരണത്തിന്, എന്‍റെ കയ്യിലുള്ള വിലപിടിപ്പുള്ള ഒരു പേന ഞാന്‍ നിങ്ങള്‍ക്ക് സമ്മാനമായി നല്കുന്നു എന്നു കരുതുക. പിന്നീട് അത് താഴെ വീണ് തകരാതെ നോക്കേണ്ടതും അതിന്‍റെ മഷി തീരുമ്പോള്‍ വീണ്ടും നിറയ്ക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതുപോലെയാണ്, യേശുവിനായി സമ്പൂര്‍ണ സമര്‍പ്പണം ചെയ്ത ഒരു പ്രേഷിതന്‍റെ, മിഷനറിയുടെ ജീവിതവും. അവന്‍റെ ജീവിതം തകരാതെ നോക്കേണ്ടതും അവന്‍റെ ദൈനംദിന കാര്യങ്ങള്‍ നോക്കേണ്ടതും യേശുവിന്‍റെ കടമയും ഉത്തരവാദിത്തവുമായി മാറുന്നു. അതെ, ഞാന്‍ യേശുവിന്‍റെ ഹൃദയത്തില്‍ ഒരു ‘സ്നേഹബാധ്യത’യാണ്.
ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം
സത്യം അറിഞ്ഞവന്‍ അതിന് സാക്ഷ്യം വഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിന്‍റെ പരമമായ ലക്ഷ്യത്തെക്കുറിച്ച് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക: “ഭൂമിയില്‍ എന്‍റെ നാമം ഉദ്ഘോഷിക്കപ്പെടുന്നതിനും എന്‍റെ ശക്തി നിന്നില്‍ വെളിപ്പെടുത്തുന്നതിനും വേണ്ടിയാണ് നിന്നെ ഞാന്‍ ഉയര്‍ത്തിയത്” (റോമാ 9/17). നമ്മെ പാപത്തില്‍നിന്നും രോഗത്തില്‍നിന്നും മരണത്തില്‍നിന്നും ഉയര്‍ത്തിയ ആ യേശുവിനുവേണ്ടി നാം ജീവിക്കണം. “ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കും വേണ്ടി മരിച്ചത്” (2 കോറിന്തോസ് 5/15).
ജീവിതയാത്രയില്‍ ഇടയ്ക്കെങ്കിലും നാം ഇങ്ങനെ ആത്മശോധന ചെയ്യണം. ‘എന്‍റെ യേശു എനിക്കുവേണ്ടി എന്തെല്ലാം വന്‍കാര്യങ്ങള്‍ ചെയ്തു. ഞാന്‍ ഇന്നുവരെയും അവനുവേണ്ടി എന്താണ് ചെയ്തത്?’ ഇപ്പോള്‍ത്തന്നെ ജീവിതം അവനായി സമര്‍പ്പിക്കാം. സ്വര്‍ഗം ഭൂമിയില്‍ നിന്ന് കേട്ട ഏറ്റവും മനോഹരമായ വാക്ക് ‘ഇതാ ഞാന്‍..’ ഈ വാക്ക് നമ്മുടെ അധരത്തില്‍നിന്ന് ഉയരട്ടെ. അത് ആത്മാര്‍ത്ഥമാണെങ്കില്‍ ഇപ്പോള്‍ത്തന്നെ നിങ്ങള്‍ അവിടുത്തെ കരങ്ങളില്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങും. നമ്മുടെ ബലഹീനതകള്‍, അയോഗ്യതകള്‍ ഒന്നും കര്‍ത്താവ് നോക്കുന്നില്ല. ഗലീലിയിലെ ദുര്‍ബലരായ മുക്കുവരെ സഭയുടെ നെടുംതൂണുകളാക്കിയ പരിശുദ്ധാത്മാവിന് എന്നെയും അതിശയകരമായി ഉപയോഗിക്കാന്‍ കഴിയും.
ഞാന്‍ ഗുണത്തിനുമില്ല, ദോഷത്തിനുമില്ല!
ചിലര്‍ പറയും, ‘ഞാനായിട്ട് ആര്‍ക്കും ഒരു ഗുണത്തിനുമില്ല, ദോഷത്തിനുമില്ല. ആര്‍ക്കും എന്നെക്കൊണ്ട് ബുദ്ധിമുട്ടില്ലല്ലോ. ഞായറാഴ്ചയില്‍ പള്ളിയില്‍ പോകും. ഒരു പാപവും ചെയ്യാതെ ജീവിച്ചാല്‍ മതിയല്ലോ.’ എന്നാല്‍ ഇതല്ല ക്രിസ്തീയ ജീവിതം. വെളിപാട് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ‘ചൂടും തണുപ്പുമില്ലാത്ത’ (വെളിപാട് 3/15) വ്യക്തിയില്‍നിന്ന് ദൈവം അകന്നു മാറും. വചനം തുടരുന്നു: “ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്‍റെ വായില്‍നിന്ന് തുപ്പിക്കളയും” (വെളിപാട് 3/16).
തിരുവചനത്തിന്‍റെ വെളിച്ചത്തില്‍, നമ്മിലെ അണഞ്ഞുപോയ സുവിശേഷകന്‍ വീണ്ടും ജ്വലിക്കട്ടെ. “ബലിപീഠത്തിലെ അഗ്നി കെട്ടുപോകരുത്. അത് നിരന്തരം കത്തിക്കൊണ്ടിരിക്കണം” (ലേവ്യര്‍ 6/15). യേശു നമ്മെ വിളിച്ചപ്പോള്‍ നമ്മുടെ ഹൃദയമാകുന്ന ബലിപീഠത്തില്‍ കൊളുത്തിയ സ്നേഹാഗ്നിയാണത്. ആ സുവിശേഷാഗ്നി നിരന്തരം നമ്മില്‍ കത്തണം. ലോകസുവിശേഷവല്ക്കരണം കര്‍ത്താവിന്‍റെ പ്രവൃത്തിയാണ്. ദൈവഹിതം സംഭവിക്കുകതന്നെ ചെയ്യും. നാം ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ലോകം മുഴുവന്‍ കര്‍ത്താവിന്‍റെ സുവിശേഷം അറിയും. മാനസാന്തരങ്ങള്‍ സംഭവിക്കും.
നടക്കാത്ത സ്വപ്നമോ?
ഇപ്പോള്‍ നടക്കുന്നതുപോലെ വചനപ്രഘോഷണവും മറ്റ് ആത്മീയ ശുശ്രൂഷകളും നടന്നാല്‍ എന്നാണ് കോടിക്കണക്കിന് വിജാതീയര്‍ കര്‍ത്താവിനെ അറിയുക എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ലോകസുവിശേഷവല്ക്കരണം ഒരു നടക്കാത്ത സ്വപ്നമാണെന്ന് കരുതിയ നാളുകളും എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിന്മ എന്നില്‍ വിതച്ച ആ കള പരിശുദ്ധാത്മാവ് എന്നില്‍നിന്ന് എടുത്തുമാറ്റിയത് അമേരിക്കയിലെ മെക്സിക്കോയില്‍ നടന്ന ഒരു സംഭവം വായിച്ചതിലൂടെയാണ്. ഗ്വാഡലൂപെ എന്ന സ്ഥലത്ത് പരിശുദ്ധ മാതാവിന്‍റെ പ്രത്യക്ഷീകരണത്തിനുശേഷം അഞ്ചു വര്‍ഷത്തിനിടയില്‍ ലക്ഷങ്ങളാണ് മാനസാന്തരപ്പെട്ട് കത്തോലിക്ക സഭയില്‍ ചേര്‍ന്നത്! ‘കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു’ എന്ന ആത്മകഥയില്‍ ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിലച്ചന്‍ വിശദീകരിക്കുന്നത്, ‘സ്വര്‍ഗത്തിന്‍റെ പ്രവൃത്തികള്‍ എത്ര വിസ്മയാവഹം’ എന്നാണ്.
ഇതുവരെയും നാം കാണാത്തവിധത്തിലുള്ള സ്വര്‍ഗീയ അടയാളങ്ങളും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളും വരും നാളുകളില്‍ ലോകത്ത് നിശ്ചയമായും സംഭവിക്കുമെന്ന് എനിക്കുറപ്പുണ്ട്. സാവൂളിന്‍റെമേല്‍ പതിച്ച മിന്നലൊളിയെ അതിജീവിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ചുരുക്കം ഇതാണ്: ‘സുവിശേഷ വേല ഒരിക്കലും പാഴ്വേലയല്ല.’ ഇത് തിരിച്ചറിഞ്ഞ പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം ഉദ്ഘോഷിക്കുന്നു: “അതിനാല്‍ എന്‍റെ വത്സല സഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരും ആയിരിക്കുവിന്‍” (1 കോറിന്തോസ് 15/58).
യുഗാന്ത്യ സഭയുടെ പോരാട്ടം എല്ലാ അര്‍ത്ഥത്തിലും ആദ്യസഭയുടേതിനെക്കാള്‍ മഹനീയമായിരിക്കും. നമുക്ക് ഒരേയൊരു ലക്ഷ്യം മാത്രം. ഒരേയൊരു സ്വപ്നം മാത്രം… അവന്‍ വളരണം.. ഞാന്‍ കുറയണം… ലോകം യേശുവിനെ അറിയണം! ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്ത സ്വര്‍ഗീയ വരങ്ങളാല്‍ നിറച്ച് പരിശുദ്ധാത്മാവേ, എന്നെ ഉപയോഗിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം.
'അന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുഞ്ഞിന് ജീവന്‍റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടെന്നുതന്നെ എല്ലാ മെഡിക്കല്‍ ശ്രമങ്ങളും തുടങ്ങി. നഷ്ടപ്പെട്ട ജീവനെ തിരിച്ചു പിടിക്കാനുള്ള ശ്രമം. പക്ഷേ എല്ലാ പരിശ്രമങ്ങളെയും പാഴാക്കി മൂന്നുമാസം പ്രായമുള്ള കുഞ്ഞു മാലാഖ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നു. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് ദൈവമേ എന്നുള്ള മാതാപിതാക്കളുടെ നിലവിളിയില്‍ ഞങ്ങളെല്ലാവരും നിശബ്ദതയില്‍ കണ്ണീരൊഴുക്കി. കണ്ണീരിന്‍റെ മൂക താഴ്വര… ആരെയും ആശ്വസിപ്പിക്കാനോ സ്വയം ആശ്വസിക്കാനോ കഴിയാത്ത അവസ്ഥ… ആ കുഞ്ഞുമാലാഖയെ പൊതിഞ്ഞു കെട്ടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഒടുവില്‍ കണ്ണുനീരോടെ ഞാന്‍ ആ ദൗത്യം ചെയ്തുതീര്‍ത്തു…. ആ മാതാപിതാക്കളുടെ ആദ്യത്തെ കുഞ്ഞ് ഒരു മാസമായപ്പോള്‍ മരിച്ചു പോയതാണ്. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച മുത്ത്… മൂന്ന് മാസം ആയപ്പോള്‍ ആ കുഞ്ഞും നഷ്ടപ്പെട്ടിരിക്കുന്നു. ഈശോയോടു വല്ലാത്ത കലിപ്പിലാണ് ഇന്ന്. മുറിയില്‍ ചെന്നിട്ടു വേണം രണ്ട് പറയാന്‍… അന്ന് ജോലി എങ്ങനെ തീര്‍ത്തു എന്ന് അറിയില്ല.
മുറിയില്‍ എത്തി. കുളിയെല്ലാം കഴിഞ്ഞു. ഈശോയെ മൈന്‍ഡ് ചെയ്തില്ല. പതിവ് വര്‍ത്തമാനങ്ങളും കൊഞ്ചലും ഒന്നും ഇല്ല, ഭക്ഷണവും കഴിച്ചില്ല. കിടക്കയില്‍ കയറി കിടന്നു. ഈശോയ്ക്ക് ചെറിയൊരു ഭയം ഉള്ളില്‍ ഉണ്ട്, എന്‍റെ ദേഷ്യം കണ്ടിട്ടാവണം. മൈന്‍ഡ് ചെയ്യാത്തതിന്‍റെ വിഷമവും…. കുറെ വര്‍ഷങ്ങളായി ഈശോയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്… ഇന്ന് അതിനും മനസ്സില്ല.
ഈശോക്ക് ഒരു ഡോസ് കൊടുക്കാതെ ഉറക്കം വരില്ലെന്നായി. കണ്‍മുന്നില്‍ വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞു മാലാഖയുടെ രൂപം… കാതുകളില്‍ ആ കുഞ്ഞിന്‍റെ മാതാപിതാക്കളുടെ നിലവിളി… എങ്ങനെ ഉറങ്ങും?
ഞാന്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന ക്രൂശിതരൂപം കയ്യിലെടുത്തു. ഈശോയുടെ നെഞ്ചില്‍ ഞാന്‍ ഒരു ലേബല്‍ എഴുതി ഒട്ടിച്ചിരുന്നു, ‘നസ്രായന്‍റെ പെണ്ണ് ക്രിസ്റ്റീന’ എന്ന്.
സങ്കടവും ദേഷ്യവും അടക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആ ലേബല്‍ വലിച്ചൂരി. ഇനി അങ്ങനൊരു ലേബല്‍ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു. എന്നിട്ടും വാശി തീരാതെ എ.സിയുടെ തണുപ്പ് കൂട്ടിയിട്ടു. ഈശോയോടു പറഞ്ഞു, ‘ഇന്ന് തനിച്ചു കിടന്നാല്‍ മതി. ബ്ലാങ്കറ്റും ഇല്ല ഞാനും ഇല്ല.’ ഇങ്ങനെ ഒക്കെ ചെറിയ ശിക്ഷ കിട്ടിയില്ലെങ്കില്‍ ഈശോയുടെ ചില കുറുമ്പുകള്‍ മാറില്ലെന്ന് ഈശൊക്കൊരു മുന്നറിയിപ്പും കൊടുത്തു.
ഈശോ ഒന്നും മിണ്ടിയില്ല. ഞാന്‍ ഫൂലന്‍ ദേവിയായി മാറുമ്പോള്‍ ഈശോ നിശ്ശബ്ദനാവും. വേറെ ഒന്നും കൊണ്ടല്ല, മൗനം വിദ്വാന് ഭൂഷണം എന്ന് ഈശോക്കറിയാം. വേറെ ആരോടും ഞാന്‍ വഴക്കിനു പോവില്ലെന്നും എന്‍റെ ബോയ്ഫ്രണ്ട് ഈശോയ്ക്ക് അറിയാവുന്നതു കൊണ്ട് സഹിക്കാതെ വേറെന്തു ചെയ്യാന്‍… പാവം ഈശോ.
തലയിലൂടെ ബ്ലാങ്കറ്റ് ഇട്ടുമൂടി ഞാന്‍ കിടന്നുറങ്ങി. ഈശോ തണുത്തുറഞ്ഞ് എസിയിലും. ഉച്ചയോടെയാണ് ഞാന്‍ കണ്ണ് തുറന്നത്. ക്ഷീണവും ഒപ്പം ഈശോയോട് വഴക്കിട്ട ‘സന്തോഷവും’ കൂടി ആയപ്പോള്‍ നന്നായി ഉറങ്ങി. എന്നാലും കലിപ്പ് കെട്ടടങ്ങിയിട്ടില്ല മുഴുവന്‍…
വളരെയധികം ദേഷ്യം വന്നാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി വാങ്ങി കഴിക്കും …. ദേഷ്യം മാറാനുള്ള ഒരു മരുന്നെന്നപോലെ… എന്നാല്‍ എല്ലായ്പ്പോഴും ഈശോയോടു പറയുംപോലെ ഇപ്പോള്‍ ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. പിണങ്ങി ഇരിക്കുകയല്ലേ… എന്നിലെ അഹങ്കാരം സമ്മതിച്ചില്ല. പക്ഷേ അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു വാട്സ്ആപ് സന്ദേശം… വേറൊന്നുമല്ല, ഈശോയോടു ചോദിക്കാന്‍ മടിച്ച ചിക്കന്‍ ബിരിയാണി! ഒരു രാത്രി തണുത്തു വിറച്ച് കിടക്കാന്‍ വിട്ടിട്ടും എന്‍റെ ശകാരങ്ങള്‍ കേട്ടിട്ടും ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ ദേഷ്യവും സങ്കടവും തീര്‍ക്കാന്‍വേണ്ടി ഓടിത്തളര്‍ന്ന് ചിക്കന്‍ ബിരിയാണി തയാറാക്കിയ ഈശോ… ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഉടനെ ക്രൂശിതരൂപത്തിലെ ഈശോയെ കയ്യിലെടുത്തു തുരുതുരെ ചുംബിച്ചു… എത്ര തവണ എന്ന് എനിക്ക് ഓര്‍മയില്ല. ചുടുകണ്ണുനീര്‍ത്തുള്ളികള്‍ ഈശോയുടെ ക്രൂശിത രൂപത്തെ കഴുകി തുടച്ചു. എന്‍റെ ഹൃദയത്തില്‍ ഒരു ബലൂണില്‍ കാറ്റ് നിറയുന്ന പോലെ ഈശോയുടെ സ്നേഹം നിറയാന്‍ തുടങ്ങി. ‘എന്‍റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’ എന്ന് ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചെറിയ പിണക്കങ്ങള്‍ക്കൊടുവില്‍ ഈശോയോട് കൂടിച്ചേരുമ്പോള്‍ ഉള്ള ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല….
ഈശോ ഒരിക്കലും പിണങ്ങാറില്ല. നമ്മള്‍ മനുഷ്യരാണ് ഈശോയോട് പിണങ്ങാറുള്ളത്. ഓരോ കുമ്പസാരക്കൂട്ടിലും സംഭവിക്കുന്നത് മനുഷ്യഹൃദയങ്ങളില്‍ ഈ ദൈവസ്നേഹം നിറയലാണ് ….
‘ദിനവും യേശുവിന്‍റെ കൂടെ
ദിനവും യേശുവിന്‍റെ ചാരെ
പിരിയാന്‍ കഴിയില്ലെനിക്ക്
പ്രിയനേ എന്നേശു നാഥാ’
ഈ വരികള്‍ ഈശോയെ നെഞ്ചോടു ചേര്‍ത്ത് കവിളുകളില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ ആവര്‍ത്തിച്ചു പാടി. അതിനിടയില്‍ ഊരി എറിഞ്ഞ ലേബല്‍ വീണ്ടും ഈശോയുടെ ചങ്കില്‍ ഒട്ടിച്ചു, ‘നസ്രായന്‍റെ പെണ്ണ് ക്രിസ്റ്റീന.’
ഉടന്‍ വന്നു, ഈശോയുടെ ഒരു ഡയലോഗ്, ‘ഐ ലവ് യു വാവേ!’
യോനായുടെ കോപത്തിന് ദൈവം നല്‍കിയ മറുപടി തന്നെയാണ് എനിക്കും ഈശോ തന്നത്. എന്‍റെ ആരും അല്ലാതിരുന്നവരുടെ ദുഃഖം എന്നെ ഇത്രമാത്രം വേദനിപ്പിച്ചെങ്കില്‍ സ്വന്തം ചോരത്തുള്ളികള്‍ വിലയായി കൊടുത്തു വാങ്ങിയ മനുഷ്യാത്മാക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഈശോയുടെ ദുഃഖം എത്ര മാത്രം വലുതാണ്. ഒരു ദിവസം ഈശോക്ക് എത്ര മക്കളെയാണ് നഷ്ടപ്പെടുന്നത്? ഈശോയേ നഷ്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിന്നെ ആശ്വസിപ്പിക്കാനായി ചെയ്യാവുന്നത് അതല്ലേ….
'ചൈനയിലെ മിയാന്‍യാങ്ങില്‍ 1815 ഡിസംബര്‍ ഒന്‍പതിനാണ് ലൂസി യി ഷെന്‍മെയി ജനിച്ചത്. ചെറുപ്പം മുതല്‍തന്നെ ദൈവത്തോട് അഗാധബന്ധം പുലര്‍ത്തിയ ലൂസി 12-ാമത്തെ വയസില്‍ തന്‍റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചു. പഠനത്തിലും വായനയിലും തത്പരയായാണ് അവള്‍ വളര്‍ന്നുവന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷപ്രഘോഷണം നടത്താന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ 20-ാമത്തെ വയസില്‍ ഉന്നതപഠനം നടത്തിയിരുന്ന സമയത്ത് ലൂസി രോഗബാധിതയായി. ആ രോഗത്തില്‍നിന്ന് മോചിതയായ ലൂസി തന്‍റെ ആത്മീയജീവിതത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങി.
സന്യസ്തരുടെ ജീവിതരീതി പിന്തുടര്‍ന്ന ലൂസി അതേസമയം തന്നെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്തു. പിതാവിന്‍റെ മരണശേഷം അമ്മയോടും സഹോദരനോടുമൊപ്പം ജീവിച്ച ലൂസി കുട്ടികള്‍ക്ക് മതബോധനം നല്കാനാണ് ഒഴിവുസമയം ഉപയോഗിച്ചത്. പിന്നീട് സഹോദരന്‍ മെഡിസിന്‍ പഠനത്തിനായി ചോംഗ്വിംഗിലേക്ക് പോയപ്പോള്‍ ലൂസിയും അമ്മയും അവിടേക്ക് മാറി താമസിച്ചു. അവിടത്തെ ഇടവക വൈദികന്‍റെ നിര്‍ദേശപ്രകാരം ഇടവകയിലെ സ്ത്രീകള്‍ക്ക് മതബോധനക്ലാസുകള്‍ നടത്തി. അതിന് പ്രതിഫലം നല്കാനൊരുങ്ങിയപ്പോള്‍ വേണ്ടെന്നായിരുന്നു ലൂസിയുടെ മറുപടി. താന്‍ ദൈവത്തിനായി നല്കുന്ന കാഴ്ചയാണ് അധ്യാപനമെന്നായിരുന്നു അവളുടെ വിശദീകരണം.
അമ്മയുടെ മരണശേഷം ലൂസി മിഷനറി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതയായി. അല്‍മായരായ കന്യകമാര്‍ താമസിച്ചിരുന്ന കോണ്‍വെന്‍റിലാണ് ലൂസി അക്കാലത്ത് താമസിച്ചിരുന്നത്. അനാരോഗ്യം മൂലം അവിടെ നിന്ന് മടങ്ങിപ്പോന്നുവെങ്കിലും 1861-ല്‍ ബിഷപ് ഹൂവിന്‍റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം ലൂസി കോണ്‍വെന്‍റില്‍ മടങ്ങിയെത്തി. അധികം വൈകാതെ 1862-ല്‍ വൈദികനായ ഫാ. വെന്‍ നായിറിനൊപ്പം ജിയാഷാന്‍ലോംഗ് എന്ന പ്രദേശത്ത് മിഷന്‍ ആരംഭിക്കാന്‍ ലൂസി യാത്രയായി. അതിനിടയിലെപ്പോഴോ ജാന്‍ എന്ന പെണ്‍കുട്ടിക്ക് തന്‍റെ ക്രൂശിതരൂപവും ജപമാലയും നല്കിയിട്ട് അവള്‍ പറഞ്ഞു, “എന്‍റെ പ്രാര്‍ത്ഥനകളെല്ലാം ഞാന്‍ ചൊല്ലിക്കഴിഞ്ഞു. ഇനി നീയിത് എന്‍റെ ഓര്‍മയ്ക്കായി എന്‍റെ സഹോദരന് നല്കുക!” വരാന്‍ പോകുന്ന തന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പരിശുദ്ധാത്മാവ് അവള്‍ക്ക് ബോധ്യം നല്കിയെന്നോണമായിരുന്നു ആ വാക്കുകള്‍.
കാരണം ഈ സമയത്താണ് ആ പ്രദേശത്തെ ഭരണാധികാരി അവിടത്തെ പ്രാദേശിക മജിസ്ട്രേറ്റിന്‍റെ സഹായത്തോടെ ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. വൈദികനായ വെന്‍ ഉള്‍പ്പെടെ നാലുപേരെ തടവിലാക്കി വരുന്നതിനിടെ അദ്ദേഹം വഴിയില്‍ ലൂസിയെയും കണ്ടു. അവളെയും വിചാരണ കൂടാതെ തടവിലടച്ചു. പിറ്റേ ദിവസം അതായത്, 1862 ഫെബ്രുവരി 19-ന് ലൂസിയെ ശിരച്ഛേദം ചെയ്തുവെന്നാണ് രേഖകള്‍ സാക്ഷിക്കുന്നത്. അടുത്ത ദിവസം രക്തസാക്ഷിത്വം വരിച്ച അഞ്ച് പേരുടെയും മൃതശരീരങ്ങള്‍ വിശ്വാസികള്‍ ലിയോച്ചൊഗ്വാന്‍ സെമിനാരിയോടനുബന്ധിച്ച് സംസ്കരിച്ചു. അങ്ങനെ ദൈവസന്നിധിയില്‍ സ്വയം നല്കിയ ഒരു ചുവന്ന പൂവായി ലൂസി മാറി. രണ്ടായിരാമാണ്ട് ഒക്ടോബര്‍ ഒന്നാം തിയതി ലൂസി യി ഷെന്‍മെയിയെയും സുഹൃത്തുക്കളെയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
'നാമെല്ലാം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ കാത്തിരിക്കുന്നവരായിരിക്കും. അത് ചിലപ്പോള്‍ ഒരു നല്ല ജോലിക്കുവേണ്ടി ആയിരിക്കാം. ചിലപ്പോള്‍ പരീക്ഷയില്‍ വിജയിക്കാനായിരിക്കാം. ചിലപ്പോള്‍ കല്യാണം കഴിക്കാനായിരിക്കാം, ഒരു കുഞ്ഞ് ഉണ്ടാകാനായിരിക്കാം… അങ്ങനെ കാത്തിരിപ്പിന്‍റെ നിര നീളുകയാണ്…
മാത്രവുമല്ല, ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിനായി കാത്തിരിക്കാനുള്ള വകയൊക്കെ ജീവിതം നമുക്ക് വച്ച് തരും. സത്യത്തില്‍ ഇത്തരത്തിലുള്ള കാത്തിരിപ്പുകളല്ലേ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം എന്തിനെയാണ് കാത്തിരിക്കേണ്ടത്?
അത് ഒരൊറ്റ ദിവസത്തിന് വേണ്ടി മാത്രമാണ്…. എല്ലാ മനുഷ്യര്‍ക്കും ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ആ ഒരു ദിവസത്തിനു വേണ്ടി! നമ്മുടെയൊക്കെ ആത്മാവിനെ തിരിച്ചു വിളിക്കാന്‍ കര്‍ത്താവ് വരുന്ന ദിവസത്തിനുവേണ്ടിയാണത്. അതെ, അതിനുവേണ്ടിത്തന്നെയാണ് നാം ഒരുങ്ങേണ്ടതും…
മരണത്തെ ഒരിക്കലും ഭയത്തോടെ കാണേണ്ടതില്ല. കാരണം ഈശോയൊപ്പം ഉള്ള സുന്ദരമായ ജീവിതത്തിന്‍റെ ആരംഭമാണത്… മരണത്തിനുവേണ്ടി ഓരോ ദിവസവും ഒരുങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം ജീവിച്ചു തുടങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും നാം പരാതി പറഞ്ഞ നമ്മുടെ സങ്കടങ്ങളൊക്കെ ആ ഒരു ദിവസത്തിലേക്ക് നമ്മെ ഒരുക്കുവാനായി ദൈവം തരുന്നതായിരുന്നുവെന്ന് മനസിലാകും.
ഒരിക്കല്‍ വിശുദ്ധ ഫൗസ്റ്റീന തന്‍റെ സഹനങ്ങളുടെ ആധിക്യം മൂലവും ഈശോയുടെ ഒപ്പമായിരിക്കാനുള്ള ആഗ്രഹം മൂലവും തന്‍റെ ആത്മാവിനെ എടുക്കാന്‍ ഈശോയോടു യാചിച്ചു. അപ്പോള്‍ ഈശോ പറയുകയാണ്, സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഭൂമിയില്‍ ഒരു ദിവസം കൂടി ദൈവത്തിനായി സഹിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കും എന്ന്… സഹനങ്ങള്‍ ആത്മാവിന്‍റെ നിധിയാണ്.
നമുക്ക് ഒരുങ്ങിത്തുടങ്ങാം, ആ ദിവസത്തിനായി….ഈശോയോടൊപ്പമുള്ള ജീവിതത്തിനായി… അപ്പോള്‍ നമ്മുടെ മറ്റ് കാത്തിരിപ്പുകള്‍ക്കും അര്‍ത്ഥം കൈവരും.
'വിശുദ്ധ അഗസ്തീനോസ് ഒരിക്കല്‍ പറഞ്ഞു, “മനുഷ്യനെ സൃഷ്ടിച്ചവനുമാത്രമേ അവനെ സംതൃപ്തനാക്കാനും കഴിയുകയുള്ളൂ.” ദൈവപുത്രനായ ഈശോ പറയുന്നു, “ഞാനാണ് ജീവന്‍റെ അപ്പം. എന്‍റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല”ڔ(യോഹന്നാന്‍ 6/35). മനുഷ്യന്‍റെ ഭൗതികവും ആത്മീയവുമായ വിശപ്പും ദാഹവും ശമിപ്പിക്കാനും അവനെ സംതൃപ്തനാക്കാനും കഴിയുന്നത് അവന്‍റെ സ്രഷ്ടാവായ ദൈവത്തിനാണ്. അതാണ് ജീവന്‍റെ അപ്പമായ ദിവ്യകാരുണ്യം, പരിശുദ്ധ കുര്‍ബാന.
മാര്‍ത്ത റോബിന്‍ എന്ന ഫ്രഞ്ചുകാരിയായ ദൈവദാസി നീണ്ട 53 വര്‍ഷം പരിശുദ്ധ കുര്‍ബാനമാത്രം സ്വീകരിച്ചാണ് സന്തോഷത്തോടെ ജീവിച്ചത്. 79-ാം വയസിലായിരുന്നു അവരുടെ മരണം. 64 വര്‍ഷം ജീവിച്ച വാഴ്ത്തപ്പെട്ട തെരേസ ന്യൂമാന്‍ എന്ന ജര്‍മന്‍ മിസ്റ്റിക് 36 വര്‍ഷത്തോളം സംതൃപ്തയായി കഴിഞ്ഞതും ദിവ്യകാരുണ്യംമാത്രം ഭക്ഷിച്ചുകൊണ്ടുതന്നെ. പോര്‍ച്ചുഗലില്‍നിന്നുള്ള അലക്സാണ്ഡ്രിനാ മരിയ ഡി കോസ്റ്റയും സ്വിറ്റ്സര്‍ലാന്‍ഡിന്‍റെ മധ്യസ്ഥനായ ഫ്ളൂവിലെ വിശുദ്ധ നിക്കോളാസുമെല്ലാം വര്‍ഷങ്ങളോളം ദിവ്യകാരുണ്യംമാത്രം ഉള്‍ക്കൊ് ജീവിച്ചവരാണ്. ഇതെല്ലാം ലോകത്തിന് സ്വര്‍ഗം നല്കുന്ന സന്ദേശങ്ങളാണ്.
ശരീരത്തിന്‍റെ വിശപ്പും ദാഹവുംമാത്രമല്ല ആത്മാവിന്‍റെ വിശപ്പുകളും ദാഹങ്ങളും ശമിപ്പിക്കുന്ന യഥാര്‍ത്ഥഭക്ഷണമാണ് വിശുദ്ധ കുര്‍ബാന. അതുകൊണ്ടാണ് ഈശോ പറഞ്ഞത് ജീവന്‍റെ അപ്പമായ എന്‍റെ അടുത്ത് വരുന്നവന് വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല എന്ന്. ദിവ്യകാരുണ്യം സ്വന്തമാക്കുന്ന ഒരു വ്യക്തി ആത്മാവില്‍ ശക്തിപ്പെടും, കരുത്തനാകും. അവനെ കീഴടക്കാന്‍ ജഡത്തിന്‍റെയും ലോകത്തിന്‍റെയും മോഹങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിശപ്പുകള്‍ക്കും സാധിക്കുകയില്ല.
വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം പരിശോധിച്ചാല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യസന്നിധിയില്‍ ചെലവഴിക്കുന്നതും എത്രയേറെ പ്രധാനപ്പെട്ടതായി അമ്മ കണ്ടിരുന്നു എന്ന് മനസിലാക്കാനാകും. ഗള്‍ഫ് നാടുകളിലേക്ക് തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷണിച്ച ഭരണാധികാരികളോട് അമ്മ വച്ച നിബന്ധന ഒന്നുമാത്രമായിരുന്നു. ബലിയര്‍പ്പിക്കാനായി ഒരു ദൈവാലയവും അതോടൊപ്പം ഒരു വൈദികനെയും അനുവദിക്കണം. ജീവന്‍റെ അപ്പത്തെ അമ്മ ജീവനായി ത്തന്നെ മനസിലാക്കി സ്നേഹിച്ചു. അങ്ങനെ കൊല്‍ക്കൊത്തയിലെ വിശുദ്ധ തെരേസയായി.
ലോകത്തിന്‍റെ മോഹങ്ങളിലും ജഡത്തിന്‍റെ വിശപ്പുകളിലും ദാഹങ്ങളിലും മനുഷ്യന്‍ ഇടറി വീഴുന്നതിന് പ്രധാനകാരണം ജീവന്‍റെ അപ്പത്തില്‍നിന്നും അകറ്റപ്പെടുന്നതാണ്, ജീവന്‍റെ അപ്പമായി ദിവ്യകാരുണ്യത്തെ തിരിച്ചറിയാതെ പോയതാണ്. ദിവ്യകാരുണ്യത്തിലേക്ക് അടുക്കാം. ഈശോ പറയുന്നു, “ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്”
(യോഹന്നാന്‍ 6/51).
‘ഫാദര്‍ നിങ്ങള്‍ കത്തോലിക്കനാണല്ലേ?” ഒരുപാട് തവണ ഞാന്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ട്,
“യാ, ഞാന്‍ കത്തോലിക്കനാണ്” എന്ന് മറുപടി നല്കിയാല്‍ ഉടനെ വരും അടുത്ത ചോദ്യം, “എന്താണ് കത്തോലിക്കാ സഭയും മറ്റ് പ്രോട്ടസ്റ്റന്‍റ് സമൂഹങ്ങളും അകത്തോലിക്കാ സഭകളും തമ്മിലുള്ള പ്രധാനവ്യത്യാസം?”
‘അധികാരം!’ എന്നായിരിക്കും എന്‍റെ മറുപടി.
എന്താണ് അധികാരം?
സഭയ്ക്ക് നമ്മെ പഠിപ്പിക്കാനുള്ള ശേഷിയുണ്ട് എന്നതാണത്. ഓരോ കാര്യവും സത്യമാണോ അല്ലയോ എന്ന പഠനം ആധികാരികമായി നല്കാന്‍ സഭയ്ക്ക് സാധിക്കും. ഞാന്‍ പറയുന്നത് ലോകത്തെങ്ങുമുള്ള വിശ്വാസികളുടെ കൂട്ടായ്മ എന്നതുപോലെ അദൃശ്യമായ ഒരു കാര്യത്തെക്കുറിച്ചല്ല. മറിച്ച് മത്തായിയുടെ സുവിശേഷം 16-ാം അധ്യായത്തില്‍ കാണുന്ന യേശുതന്നെ സ്ഥാപിച്ച സഭയെക്കുറിച്ചാണ്. “ശിമയോനേ, നീ പത്രോസാണ്, ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.” അവിടുന്ന് തുടര്‍ന്നുപറയുന്നു, “സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും.”
ഇക്കാര്യം വിശദമാക്കാം. യേശു അദൃശ്യമായ ഒരു രാജ്യം സ്ഥാപിക്കാനല്ല വന്നത്. കാരണം അവിടുന്ന് പത്രോസിനോട് പറയുന്നത്, സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും എന്നാണ്. ഇവിടെ യേശു ഏശയ്യായുടെ പ്രവചനം ഉദ്ധരിക്കുകയാണ്. ആ പ്രവചനഭാഗമനുസരിച്ച് രാജ്യത്തില്‍ രാജാവ് എന്ന സ്ഥാനത്തോടൊപ്പം പ്രധാനമന്ത്രിപദവുമുണ്ട്, അതാണ് കൊട്ടാരം കാര്യവിചാരിപ്പുകാരന്‍ എന്ന പദവി. രാജാവിനുവേണ്ടി അധികാരം ഉപയോഗിക്കുന്നത് അദ്ദേഹമാണ്. ഇത് ഏശയ്യാ പ്രവചനം 22-ാം അധ്യായത്തില്‍ കാണാം.
ഈ വചനഭാഗത്തെ ആധാരമാക്കി യേശു സഭയ്ക്ക് ഒരു ദൃശ്യമായ ഘടന അഥവാ യഥാര്‍ത്ഥ അധികാരശ്രേണി നല്കുന്നതാണ് മത്തായി 16-ല്‍ നാം കാണുന്നത്. ‘ഇനി നിനക്ക് എന്‍റെ നാമത്തില്‍ പഠിപ്പിക്കാം, എന്‍റെ നാമത്തില്‍ പഠിപ്പിക്കാന്‍ പരിശുദ്ധാത്മാവ് സകല സത്യത്തിലേക്കും നിന്നെ നയിക്കും’ എന്ന് യേശു പറയുകയാണ്.
പിന്നീട് പത്രോസിന്‍റെ നേതൃത്വത്തിലുള്ള ശിഷ്യസംഘം ഈ അധികാരം വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന സന്ദര്‍ഭം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15-ാം അധ്യായത്തില്‍ ഉണ്ട്. അപ്പസ്തോലന്‍മാര്‍ യഹൂദരുടെയിടയില്‍ സുവിശേഷം പ്രഘോഷിക്കുന്ന സമയം. യഹൂദമതത്തിന്‍റെ പൂര്‍ത്തീകരണമാണ് യേശുവെന്ന് പല യഹൂദരും തിരിച്ചറിഞ്ഞു. അവിടുന്നാണ് അവര്‍ കാത്തിരുന്ന മശിഹാ എന്ന് ബോധ്യപ്പെട്ടവര്‍ ജ്ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവരായി. തുടര്‍ന്ന് പത്രോസ് ഒരു ദര്‍ശനത്തിലൂടെ യഹൂദരല്ലാത്തവര്‍ക്കിടയില്‍ സുവിശേഷം പ്രസംഗിക്കാന്‍ വിളിക്കപ്പെടുകയാണ്. അതേ ദൗത്യത്തിലേക്ക് പൗലോസിനും വിളി ലഭിക്കുന്നു.
ആ സമയത്ത് ഒരു ചോദ്യം ഉയര്‍ന്നുവന്നു. അതുവരെയും സുവിശേഷത്തില്‍ വിശ്വസിച്ച യഹൂദരുടെ കാര്യമാണ് ശിഷ്യസംഘത്തിന് പരിചയമുണ്ടായിരുന്നത്. അവര്‍ പരിച്ഛേദനം നടത്തിയിട്ടുള്ളവരും പഴയ ഉടമ്പടിയിലുള്ളവരും ആയതിനാല്‍ പുതിയ ഉടമ്പടിയുടെ പൂര്‍ത്തീകരണത്തിനായി അവര്‍ക്ക് ജ്ഞാനസ്നാനം നല്കിയാല്‍മാത്രം മതി. എന്നാല്‍ വിജാതീയര്‍ക്ക് സുവിശേഷം നല്കുമ്പോള്‍, അവരെ ആദ്യം പരിച്ഛേദനം ചെയ്തിട്ട് തുടര്‍ന്ന് ജ്ഞാനസ്നാനം നല്കണോ അതോ ജ്ഞാനസ്നാനംമാത്രം നല്കിയാല്‍ മതിയോ എന്ന ചോദ്യം പ്രസക്തമായിത്തീര്‍ന്നു.
രണ്ട് കാരണങ്ങള്‍കൊണ്ടെങ്കിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒന്ന്- ഒരു മുതിര്‍ന്ന വിജാതീയനെ സംബന്ധിച്ചിടത്തോളം ഇതല്ലാതെ വേറെ വഴിയില്ലേ എന്ന് ചിന്തിക്കും.
രണ്ടാമത്തെ ചോദ്യം കൂടുതല്‍ പ്രധാനമാണ്, ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് പരിച്ഛേദനം ചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പരിച്ഛേദനം ചെയ്യപ്പെടാത്തവര്‍ രക്ഷിക്കപ്പെട്ടിട്ടില്ല എന്നാണോ അര്‍ത്ഥം? അതിനാല്‍ രക്ഷിക്കപ്പെടണമെങ്കില്‍ പരിച്ഛേദനം ചെയ്യണമോ എന്നത് വലിയ ചോദ്യമാണ്.
ഈ പശ്ചാത്തലത്തില്‍ അന്നത്തെ ശിഷ്യസമൂഹം ഗുരുതരമായ പ്രതിസന്ധിയിലായി. കാരണം പരിച്ഛേദനം നല്കേണ്ടതിനെക്കുറിച്ച് യേശു ഒന്നും പഠിപ്പിച്ചിട്ടില്ല, നമുക്കറിയാവുന്നതുപോലെ അതുവരെയുള്ള തിരുലിഖിതങ്ങളും ഇതേപ്പറ്റി ഒന്നും പഠിപ്പിക്കുന്നില്ല. ഇതാണ് സോളാ സ്ക്രിപ്റ്റ്യുറാ അഥവാ ബൈബിള്‍മാത്രംമതി എന്ന് പറയുന്നിടത്തെ പ്രശ്നം. പ്രോട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ പ്രധാന ആശയങ്ങളിലൊന്ന് ബൈബിള്‍മാത്രം മതി എന്നതായിരുന്നു. സഭ ആവശ്യമില്ല, ബൈബിള്‍മാത്രം മതി. എന്നാല്‍ ബൈബിള്‍ ഒരു കാര്യത്തെപ്പറ്റി പഠിപ്പിക്കുന്നില്ലാത്തപ്പോള്‍ നാം എന്തുചെയ്യും?
അങ്ങനെയുള്ള സമയത്ത് എന്താണ് ചെയ്യുക എന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15-ല്‍ വ്യക്തമാക്കുന്നു. യേശുതന്നെ തെരഞ്ഞെടുത്ത തലവനായ പത്രോസും സഭാഗാത്രമെന്ന നിലയില്‍ പൗലോസും ബാര്‍ണബാസും ഒന്നിച്ചുകൂടി. അവര്‍ ചര്‍ച്ച ചെയ്യുകയും വാഗ്വാദം നടത്തുകയും ചെയ്തു. സര്‍വോപരി അവര്‍ ഒന്നിച്ച് പ്രാര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന് ഒരു തീരുമാനത്തിലെത്തി. അത് പുതിയതായി വിശ്വാസം സ്വീകരിക്കുന്ന വിജാതീയരെ അറിയിച്ചു. “അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണ് നല്ലതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് നിങ്ങള്‍ അകന്നിരിക്കണം.”
ഇതിലൂടെ വിജാതീയര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് പരിച്ഛേദനം ചെയ്യേണ്ടതില്ല എന്ന് വ്യക്തമാക്കുകയാണ് അവര്‍ ചെയ്തത്. ഇവിടെ ബൈബിളിലെ സഭയ്ക്ക്, ദൃശ്യമായ സഭയ്ക്ക്, പഠിപ്പിക്കാനുള്ള ആധികാരികതയുണ്ടെന്ന് ബോധ്യമാകും. ഒരു പഠനം കൃത്യമായി വ്യക്തമാക്കാനുള്ള ശേഷിയാണത്.
ആദിമസഭയില്‍ ബൈബിള്‍ ഉണ്ടായിരുന്നില്ല
ചരിത്രം പഠിക്കുമ്പോള്‍, ഇത് ഒരിക്കല്‍മാത്രം സംഭവിച്ച കാര്യമല്ല എന്ന് മനസിലാക്കാം. കാരണം ആളുകള്‍ പഴയ നിയമവും പുതിയ നിയമവുമൊക്കെ കൈയിലെടുത്ത് സ്വന്തമായി വ്യാഖ്യാനിച്ചാല്‍ ഏറെ തെറ്റുകള്‍ പറ്റും. അതിനാല്‍ത്തന്നെ ആധികാരികമായി അത് വ്യാഖ്യാനിക്കപ്പെടുക അത്യാവശ്യമാണ്. മറ്റൊരു സുപ്രധാനകാര്യംകൂടി സൂചിപ്പിക്കട്ടെ, പുതിയ നിയമം സഭയിലൂടെയാണ് നമുക്ക് ലഭിച്ചത്. കാരണം ക്രിസ്തുവിന്‍റെ മരണ, ഉത്ഥാനങ്ങള്‍ക്കുശേഷം രണ്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പുതിയ നിയമം രൂപപ്പെട്ടത്. അത് സഭയിലൂടെയാണ് രൂപപ്പെട്ടത്. ആദിമസഭയ്ക്ക് ബൈബിള്‍മാത്രംമതി എന്ന പഠനം ഇല്ലായിരുന്നു എന്ന് അര്‍ത്ഥം.
വീണ്ടും നമ്മുടെ വിഷയം വ്യക്തമാക്കാം. ആളുകള്‍ പഴയ നിയമവും പുതിയ നിയമവുമൊക്കെ കൈയിലെടുത്ത് “യേശു വാസ്തവത്തില്‍ ഭൂമിയില്‍ വന്നു, മരിച്ചു, ഉയിര്‍ത്തു, അവിടുന്ന് ദൈവംതന്നെ. പക്ഷേ അവിടുന്ന് മനുഷ്യനെപ്പോലെ കാണപ്പെട്ടെന്നുമാത്രമേയുള്ളൂ” എന്ന് പറയുകയാണെന്ന് ചിന്തിക്കുക. ഇതാണ് ഡൊസറ്റിസം എന്ന പാഷണ്ഡത. അതായിരുന്നു ഏറ്റവും ആദ്യത്തെ പാഷണ്ഡതകളിലൊന്ന്. ‘യേശു പൂര്‍ണമായും ദൈവമായിരുന്നു, പക്ഷേ അവിടുന്ന് പൂര്‍ണമായും മനുഷ്യനായിരുന്നില്ല’ എന്ന പഠനം. ഈ പ്രതിസന്ധി വന്നപ്പോഴും ദൃശ്യമായ യഥാര്‍ത്ഥ സഭ ഒന്നിച്ചുകൂടി പ്രഖ്യാപിച്ചു, “യേശു പരിപൂര്‍ണമനുഷ്യനാണ്.”
പിന്നീട് മറ്റ് ചിലര്‍ പറഞ്ഞു, യേശു പൂര്‍ണമായും മനുഷ്യന്‍തന്നെ, പക്ഷേ പൂര്‍ണമായും ദൈവമായിരിക്കുകയില്ല. ഈ പാഷണ്ഡത വന്നപ്പോള്‍ സഭ എ.ഡി. 325-ല്‍ നിഖ്യായിലെ കൗണ്‍സിലില്‍ ഒരുമിച്ച് ചേര്‍ന്ന് പഠിപ്പിച്ചു, “യേശു പൂര്‍ണമായും ദൈവമാണ്, പൂര്‍ണമായും മനുഷ്യനുമാണ്.” മാനുഷികവും ദൈവികവുമായ രണ്ട് സ്വഭാവങ്ങള്‍ ഒരു ദൈവികവ്യക്തിയില്‍ സമ്മേളിച്ചിരിക്കുന്നു. നിഖ്യായിലെ ആ കൗണ്‍സിലില്‍ അഥവാ സുനഹദോസില്‍വച്ചാണ് നാം ഇന്ന് കാണുന്ന വിശ്വാസപ്രമാണം രൂപപ്പെട്ടത്. ഇന്ന് എല്ലാ ക്രൈസ്തവരും ഇത് വിശ്വസിക്കുന്നു. എന്തുകൊണ്ടാണത്?
കാരണം അവര്‍ സ്വയം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും, കത്തോലിക്കാ സഭയ്ക്ക് പ്രബോധനം നല്കാനുള്ള അധികാരമുണ്ട്. ഓരോ ക്രൈസ്തവരും ത്രിത്വത്തില്‍ വിശ്വസിക്കുന്നു, പിതാവും പുത്രനും പരിശുദ്ധാത്മാവും തുല്യരും നിത്യതയില്‍ ഒന്നായിരിക്കുന്നവരുമാണ്, ആരും ഒരാളെക്കാള്‍ വലുതല്ല. ഈ പഠനവും സഭ നല്കിയതാണ്. കാരണം നിഖ്യായിലെ കൗണ്‍സിലിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കൗണ്‍സിലിലും മറ്റെല്ലാ കൗണ്‍സിലുകളിലും ഒരുമിച്ചുകൂടിയപ്പോള്‍ സഭ ഇത് പ്രഖ്യാപിച്ചു. ഇതാണ് വചനത്തിന്‍റെ വ്യാഖ്യാനം എന്ന് വ്യക്തമാക്കി.
തെറ്റുപറ്റാത്ത ഒരു ഗ്രന്ഥം, തെറ്റുപറ്റാത്ത ഒരു വ്യാഖ്യാതാവില്ലാതെവന്നാല്‍, ഒരു വിലയുമില്ലാത്ത ഗ്രന്ഥമായിരിക്കും. അതെ, ബൈബിള്‍ തെറ്റുപറ്റാത്ത ഗ്രന്ഥമാണ്, എന്നാല്‍ തെറ്റുപറ്റാത്ത ഒരു വ്യാഖ്യാതാവില്ലെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ടാണ് യു.എസില്‍ത്തന്നെ 30000-ത്തിലധികം വിവിധ ക്രൈസ്തവസമൂഹങ്ങളുള്ളത്. അതുകൊണ്ടാണ് ജി.കെ. ചെസ്റ്റര്‍ട്ടണ്‍ പറഞ്ഞത്, “ഞാന്‍ ശരിയായിരിക്കുമ്പോള്‍ എന്നോട് ശരി എന്നു പറയുന്ന സഭയെയല്ല എനിക്കാവശ്യം, എവിടെയാണ് എനിക്ക് തെറ്റുപറ്റുന്നതെന്ന് പറഞ്ഞുതരുന്ന സഭയെയാണ് എനിക്ക് വേണ്ടത്.” അതിനാല്‍, കത്തോലിക്കാസഭയും മറ്റെല്ലാ അകത്തോലിക്കാസമൂഹങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ ഉറപ്പോടെ പറയും, അധികാരം.
'‘പോള്‍, അപ്പോസല്‍ ഓഫ് ക്രൈസ്റ്റ്’
ലൂക്കാ രഹസ്യമായി റോമിലെത്തുന്ന ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മനുഷ്യപന്തങ്ങളായി ക്രിസ്ത്യാനികള്‍ കത്തിയെരിയുന്നത് ലൂക്കാ അവിടെ കാണുകയാണ്. തുടര്‍ന്ന് റോമിലെ രഹസ്യ ക്രൈസ്തവസമൂഹത്തിന് നേതൃത്വം നല്‍കുന്ന അക്വീലായെയും പ്രിസ്കില്ലയെയും കണ്ടുമുട്ടുന്നു. വിശുദ്ധ പൗലോസ് ഈ സമയം മാമര്‍റ്റൈം ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. അവിടെ ജയിലധികാരിയായി പുതുതായി നിയമിക്കപ്പെട്ടിരിക്കുന്നത് മൗറീഷ്യസ് ഗാല്ലസ് ആണ്. റോമിന്‍റെ പാതിയോളം വെന്തെരിഞ്ഞത് പൗലോസ് കാരണമാണെന്നാണ് അയാള്‍ പൗലോസിനോട് പറയുന്നത്. അതേ സമയം അദ്ദേഹത്തിന്‍റെ മകള്‍ ഗുരുതരമായി രോഗബാധിതയാണെന്നും നമ്മള്‍ കാണുന്നു.
പരസ്പരം കണ്ടുമുട്ടുന്ന ലൂക്കായും പൗലോസും പൗലോസിനെക്കുറിച്ച് എഴുതാമെന്ന ധാരണയിലെത്തുന്നു. സാവൂള്‍ എങ്ങനെ ക്രൈസ്തവരുടെ നേതാവായ പൗലോസായി എന്നതാണ് ലൂക്കാ എഴുതുന്നത്. ഇതിനായി ഉന്നതാധികാരികളെ സ്വാധീനിച്ചാണ് ലൂക്കാ തടവറയിലെത്തുന്നത്. അവിടെവച്ച് പൗലോസ് തന്‍റെ കഥ മുഴുവന്‍ ലൂക്കായോട് വിവരിക്കുന്നു.
ഇതേ സമയം പുറത്തു നടക്കുന്ന ചില കാര്യങ്ങളുണ്ട്. ടാര്‍ക്വിന്‍ എന്ന ക്രൈസ്തവ ബാലന്‍ റോമാക്കാരാല്‍ വധിക്കപ്പെടുന്നു. അവന്‍റെ അര്‍ദ്ധസഹോദരനായ കാഷ്യസ് ഇതിന് പ്രതികാരം ചെയ്യാന്‍ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ പൗലോസ് അത് ചെയ്യാന്‍ അനുവദിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് അക്വീല അത് തടയുന്നു.
ഈ സമയം വീണ്ടും പൗലോസിനടുത്തെത്തുന്ന ലൂക്കാ സഹതാപമുണര്‍ത്തിക്കൊണ്ട് റോമാക്കാരോട് പ്രതികാരം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പൗലോസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ യേശു പഠി പ്പിച്ച ക്ഷമയുടെ പാഠങ്ങള്‍ നന്നായി ഉള്‍ക്കൊണ്ടിട്ടുള്ള പൗലോസ് ഒരിക്കലും പ്രതികാരം ചെയ്യരുതെന്ന തന്‍റെ നിലപാട് വ്യക്തമാക്കുന്നു. ക്ഷമ എന്ന പുണ്യമാണ് ഈ ചിത്രത്തിന്‍റെ മുഖ്യപ്രമേയം. അതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഈ ദൃശ്യങ്ങള്‍.
അതു കഴിഞ്ഞ പൗലോസ് ഭിഷഗ്വരന്‍ കൂടിയായ ലൂക്കായോട് ആവശ്യപ്പെടുന്നത് ജയിലധികാരിയായ മൗറീഷ്യസിന്‍റെ മകളെ ചികിത്സിക്കാനാണ്. അതിലൂടെ പൗലോസ് ക്ഷമയുടെ അടുത്ത പടിയിലേക്ക് ക്ഷണിക്കുകയാണ് ലൂക്കായെ. ഇതേ സമയത്തുതന്നെ കാഷ്യസ് ആളുകളെ സംഘടിപ്പിച്ച് തടവറയ്ക്കകത്തു കയറി പൗലോസിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ക്രിസ്തു കുരിശില്‍ വിജയം നേടിക്കഴിഞ്ഞു എന്നു പറഞ്ഞുകൊണ്ട് പൗലോസ് മോചനം നേടാന്‍ സമ്മതിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ക്രിസ്തു നല്‍ കുന്ന രക്ഷ അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞു എന്ന് ഈ ദൃശ്യങ്ങള്‍ നമ്മോട് പറയും.
ഇതിനു സമാന്തരമായി മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ആളുകളുടെ ഈ പുതിയ മുന്നേറ്റത്തില്‍ കുപിതനായ മൗറീഷ്യസ് ലൂക്കായെക്കൂടി ജയിലിലടയ്ക്കുന്നു. അതുകഴിഞ്ഞ് ലൂക്കായുടെ സഹായംതന്നെ മൗറീഷ്യസിന് ലഭിക്കുകയാണ്. മകള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എടുക്കാനായി അക്വീലായും പ്രിസ്കില്ലായും താമസിക്കുന്ന രഹസ്യസ്ഥലത്തേക്ക് മൗറീഷ്യസിനെ ലൂക്കാ പറഞ്ഞയക്കുന്നു. അവര്‍ മൗറീഷ്യസിനെ സഹായിക്കുകയും തുടര്‍ന്ന് മകള്‍ സുഖപ്പെടുകയും ചെയ്യുന്നു. ലൂക്കായോടൊപ്പം തടവിലുണ്ടായിരുന്നവര്‍ അപ്പോഴേക്കും വന്യമൃഗങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു.
പിന്നീട് അക്വീലായും പ്രിസ്കില്ലയും റോം വിടുന്നു. ലൂക്കാ എഴുതിയവയെല്ലാം തിമോത്തിയോസിന് നല്കാമെന്ന് വാക്കുകൊടുത്തിട്ടാണ് അവര്‍ പോകുന്നത്. എന്നാല്‍ ലൂക്കാ റോമില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയാണ്. അവസാനഭാഗത്തേക്ക് എത്തുമ്പോള്‍ നാം പൗലോസി ന്‍റെ ശിരച്ഛേദമാണ് കാണുന്നത്. ആ സമയ ത്ത് കണ്ണുകളുയര്‍ത്തുന്ന പൗലോസ് പരി ശുദ്ധ മാതാവിനെ ദര്‍ശിക്കുന്നു. തുടര്‍ന്ന് പൗലോസ് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ദൃശ്യത്തോടെ ക്ഷമയുടെ ഈ ചലച്ചിത്രകാവ്യം തീരുന്നു.
കാണാനാവാത്തവിധം ഭീകരമായ ഒരു ദൃശ്യംപോലുമില്ലാതെ, എന്നാല്‍ വികാരതീവ്രത ചോരാതെ, അതിക്രൂരമായ ക്രൈസ്തവപീഡനങ്ങളുടെ പശ്ചാത്തലം ചിത്രീകരിച്ചിരിക്കുന്നു എന്നത് ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്. ലൂക്കാ ഒരു ഉത്തമക്രൈസ്തവശിഷ്യനായി രൂപാന്തരപ്പെടുന്നതും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ആന്‍ഡ്രൂ ഹയാത്താണ് സംവിധായകന്‍. ‘ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റി’ല്‍ യേശുവായി അഭിനയിച്ച ജിം കാവിസലാണ് ലൂക്കായായി വേഷമിട്ടിരിക്കുന്നത്.
'ഓരോ ദിവ്യരഹസ്യങ്ങളിലും ആന്തരി കസൗഖ്യത്തിലേക്ക് നയിക്കുന്ന ധ്യാന ചിന്തകള്‍ ചേര്‍ത്താല്‍ ജപമാലയെ ആന്തരിക സൗഖ്യ ജപമാലയാക്കി മാറ്റാം.
ദുഃഖകരമായ ദിവ്യരഹസ്യങ്ങള്‍
1. ഈശോ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോര വിയര്‍ത്തു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ വ്യക്തിപരമായ പ്രാര്‍ത്ഥനയിലേക്ക് വരണമേ. പല തവണ പ്രാര്‍ത്ഥിച്ചിട്ടും സാധിക്കാത്ത നിയോഗങ്ങള്‍ നിമിത്തം പ്രാര്‍ത്ഥനാജീവിതത്തില്‍നിന്നും മാറി നില്‍ക്കുന്നെങ്കില്‍ ദൈവേഷ്ടത്തിന് വിധേയപ്പെടാത്ത എന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തിലെ മുറിവുകളും കുറവുകളും സുഖമാകാന്‍ പ്രാര്‍ത്ഥിക്കണേ.
1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
2. ഈശോമിശിഹാ ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, അനുദിന ജീവിതത്തില്‍ അടിയേല്‍ക്കേണ്ടി വരുമ്പോൾ , എതിര്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എന്‍റെ ആന്തരികതയിലേക്ക് ക്രിസ്തുവിന്‍റെ നിശബ്തസഹനം സ്വന്തമാക്കാനുള്ള സൗഖ്യത്തിനാ യി പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
3. ഈശോയെ യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ചു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ ബുദ്ധിയിലും ചിന്തയിലും കടന്നുവന്നിട്ടുള്ള മുറിവിലേക്ക് വരണേ. എന്‍റെ തലച്ചോറിലേറ്റിട്ടുള്ള എല്ലാ മുറിവുകളും ചിന്തയിലൂടെയും ഭാവനയിലൂടെയും കയറിപ്പറ്റിയിട്ടുള്ള എല്ലാ പാപങ്ങളും പരിപൂര്‍ണമായി തുടച്ചുമാറ്റാന്‍ തിരുക്കുമാരന്‍റെ തിരുനെറ്റിയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന തിരുരക്തംകൊണ്ട് എന്‍റെ ശിരസിനെ കഴുകുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ.
1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
4. ഈശോമിശിഹായുടെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ എല്ലാ അപമാനങ്ങളിലേക്കും വരണമേ. എന്നെ അപമാനിച്ച എല്ലാവരോടും ഇന്നും ഞാന്‍ വച്ചു പുലര്‍ത്തുന്ന വെറുപ്പും നീരസവും എന്‍റെ ആത്മാവിനെയും ശരീരത്തെയും എന്തു മാത്രം മുറിവേല്‍പിച്ചിരിക്കുന്നു. ഈ മേഖലകളെയെല്ലാം ഈശോയുടെ കുരിശിന്‍റെ വഴിയേ സമര്‍പ്പിക്കാന്‍ തക്ക സൗഖ്യം കിട്ടാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
5. ഈശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ പരിശുദ്ധ മാതാവിന്‍റെ മുന്‍പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപെട്ടു കുരിശിന്മേല്‍ തറയ്ക്കപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, ഞാന്‍മൂലം വേദനിക്കുന്നവരിലേക്കും എന്നെ വേദനിപ്പിച്ചവരിലേക്കും വരണമേ. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും കഴിയാത്ത എന്‍റെ മുറിവുകളിലേക്ക് ഈശോയുടെ കുരിശിലെ ക്ഷമയുടെ യോഗ്യത കിട്ടുവാനുള്ള സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
പ്രകാശത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍
1. ഈശോമിശിഹാ ജോര്‍ദാനില്‍വച്ച് യോഹന്നാനില്‍ നിന്നു മാമോദീസ സ്വീകരിച്ചു.
പരിശുദ്ധദൈവമാതാവേ , നീതിക്കുവേണ്ടിയുള്ള എന്‍റെ മനസിന്‍റെ മുറവിളിയിലേക്ക് വരണമേ. ദൈവം അനുവദിക്കുന്ന അവസരങ്ങളോട് സഹകരിക്കാനോ സമ്മതിക്കാനോ കഴിയാത്ത എന്‍റെ മുറിവുകള്‍ കാണണമേ. സാഹചര്യങ്ങളെ സമ്മതിക്കുന്ന സ്നാനം സ്വീകരിക്കാന്‍, മനസിലാകാത്ത സംഭവങ്ങളെപ്പോലും ഒന്ന് അംഗീകരിക്കുവാന്‍, നീയെന്‍റെ പ്രിയപുത്രന്‍/പുത്രി, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വര്‍ഗത്തിന്‍റെ സ്വരം കേള്‍ക്കാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
2. ഈശോ കാനായിലെ കല്യാണവിരുന്നില്‍ വച്ച് മാതാവിന്‍റെ മാധ്യസ്ഥംവഴി വെള്ളം വീഞ്ഞാക്കിപ്പകര്‍ത്തി.
പരിശുദ്ധ ദൈവമാതാവേ, അത്ഭുതങ്ങ ളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചുമുള്ള എന്‍റെ മനസിന്‍റെ തലങ്ങളിലേക്ക് വരണമേ. അത്ഭുതങ്ങളില്‍ തീരെ വിശ്വാസമില്ലാത്ത/ അത്ഭുതം എന്നുകേട്ടാല്‍ ആവേശത്തോടെ അവിടെയെല്ലാം ഓടിയെത്തുന്ന സ്വഭാവമാണ് എനിക്ക്. എന്‍റെ കുറവുകളെ കൃപയാക്കാ നുള്ള ആഗ്രഹം ഇന്ന് ഇപ്രകാരമുള്ള പ്രത്യകതകളിലേക്ക് മാറിയിട്ടുണ്ടെങ്കിൽ ആ മേഖലകളില്‍ ലഭിക്കേണ്ട അനുഗ്രഹത്തി നായി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
3. ഈശോ ദൈവരാജ്യത്തിന്‍റെ ആഗമനം പ്രഖ്യാപിച്ചുകൊണ്ട് മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ ജീവിതത്തിലേക്ക്, ശുശ്രൂഷാമേഖലകളിലേക്ക് കടന്നുവരണേ. വചനപ്രഘോഷണം, ധ്യാന കേന്ദ്രം, മാനസാന്തരം, വിശ്വാസം ഈ തലങ്ങ ളിലെല്ലാം വന്നു ഭവിക്കുന്ന മുറിവുണക്കാന്‍ സദാ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
4. ഈശോ താബോർ മലമുകളില്‍വച്ച് രൂപാന്തരപ്പെടുകയും അവിടുത്തെ മഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, മുഖഭാവം മാറുന്ന, മനോഭാവം മാറുന്ന, പ്രാര്‍ത്ഥനാജീവിതത്തിന്‍റെ താബോർ അനുഭവം ഉണ്ടാകുവാനായി പ്രാര്‍ത്ഥനയിലെ എല്ലാ മുറിവുകളില്‍നിന്നും സൗഖ്യം കിട്ടാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
5. ഈശോ തന്‍റെ ജീവനും സ്നേഹവും പകര്‍ന്നുകൊണ്ട് മനുഷ്യമക്കളോടുകൂടി സ്ഥിരം വസിക്കുവാന്‍വേണ്ടി അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക.
വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അജ്ഞതയും വികലമായ അറിവും അലസതയും ഭക്തിയില്ലായ്മയും അയോഗ്യതയോടെയുള്ള കുര്‍ബാനസ്വീകരണവും ഉള്‍പ്പെടെ എന്‍റെ സകല മുറിവു കളും സുഖമാക്കി കൂടെ വസിക്കുന്ന ഈശോയെ വിശുദ്ധ കുര്‍ബാനയില്‍ അനുഭവിച്ച് ഈശോയുടെകൂടെ ആയിരിക്കാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
1. ഈശോ പീഡകള്‍ സഹിച്ചു മരിച്ച തിന്‍റെ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നള്ളി.
പരിശുദ്ധ ദൈവമാതാവേ, മറ്റുള്ളവര്‍ തീര്‍ത്തതും അതിലേറെ ഞാന്‍ തന്നെ നിര്‍മിച്ചതുമായ എന്‍റെ കല്ലറകള്‍ കാണണമേ. എന്നെ ദൈവത്തില്‍നിന്നും സഹോദരങ്ങളില്‍നിന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നുമെല്ലാം അകറ്റുന്ന ആന്തരികമുറിവുകള്‍ സമര്‍പ്പിക്കുന്നു. ഉള്‍വലിയാനും അലസമായിരിക്കാനും കണ്ടെത്തിയ ഈ കല്ലറകളിലെല്ലാം ഉയിര്‍പ്പിന്‍റെ അഭിഷേകം കിട്ടാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
2. ഈശോ തന്‍റെ ഉയിര്‍പ്പിനുശേഷം നാല്പതാംനാള്‍ തന്‍റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്ക്കുമ്പോള്‍ സ്വര്‍ഗാരോഹണം ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ എല്ലാ വിജയങ്ങളുടെയും സന്തോഷങ്ങളുടെയും അവസ്ഥകളിലേക്ക് വരണമേ. ഈ മേഖലകളില്‍ എന്‍റെ മുറിവുകളെല്ലാം കൃപയാക്കുവാന്‍ ഒരുക്കണമേ. എനിക്ക് സുഖകരമായ ചുറ്റുപാടുകളില്‍ തട്ടിമുട്ടി നില്ക്കാനുള്ള താത്പര്യവും അഹംഭാവവും നിറഞ്ഞ എന്‍റെ വീക്ഷണങ്ങളും പ്രവര്‍ത്തനശൈലിയും വിട്ടുമാറുവാന്‍, സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാന്‍, പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി
3. സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെമേലും ശ്ലീഹന്മാരുടെമേലും ഈശോ പരിശുദ്ധാത്മാവിനെ അയച്ചു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ പാവപ്പെട്ട ആത്മാവിലേക്ക് വരണമേ. എന്‍റെ ഇഷ്ടം മാത്രം ചെയ്തുചെയ്ത് മുറിവേറ്റിരിക്കുന്ന മേഖലകളില്‍ പരിശുദ്ധാത്മാവിന്‍റെ സ്വരത്തിന് കാതോര്‍ത്ത് ജീവിക്കാന്‍ ശിഷ്യരോടൊപ്പം എന്നെയും ചേര്‍ത്തിരുത്തി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
4. ഈശോ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് മാലാഖമാരാല്‍ സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, എന്‍റെ മരണവിനാഴികയിലേക്ക് വരണമേ. മരണത്തെക്കുറിച്ചുള്ള എന്‍റെ എല്ലാ മുറിവുകളും സുഖമാക്കണമേ. എല്ലാ നേരവും അമ്മ എന്നരികില്‍ വന്ന് എന്നെ നല്ല മരണത്തിന് ഒരുക്കുകയും സഹായിക്കുകയും ചെയ്യണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
5. പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യ കുമാരനാല്‍ സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, സ്വര്‍ഗ്ഗത്തി ല്‍നിന്നും സ്വര്‍ഗ്ഗത്തിലേക്കുമുള്ള ഗോവണിയായി അമ്മ നിലകൊള്ളുന്നത് കാണുവാന്‍ തക്ക വിശ്വാസം എന്‍റെ ആയുഷ്ക്കാലം മുഴുവനിലും നിറക്കണമേ. പരിശുദ്ധ ത്രിത്വത്തിന്‍റെ സ്നേഹത്തില്‍, പരിശുദ്ധ അമ്മയ്ക്കൊപ്പം സകല വിശുദ്ധരും മാലാഖമാരും ദൈവത്തെ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്നു പാടി സ്തുതിക്കുന്ന ആ സ്വര്‍ഗത്തില്‍ എത്തിപ്പെടാന്‍ തക്ക ആന്തരിക സൗഖ്യമേകിയനുഗ്രഹിക്കാന്‍ തമ്പുരാനോട് അപേക്ഷിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി.
'സെമിനാരി പഠനകാലത്ത് മധുരിക്കുന്ന കുറെ ഓര്‍മകള്‍ നല്‍കിയ ഒരു സംഭവം ആയിരുന്നു വിശുദ്ധ ഡൊമിനിക്കിന്‍റെ പിൻഗാമിയും ഡൊമിനിക്കൻ സഭയുടെ അന്നെത്ത മാസ്റ്റര്‍ ജനറലും ആയിരുന്ന തിമത്തി റാഡ്ക്ലിഫ് അച്ചൻ തന്‍റെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞങ്ങളുടെ സെമിനാരിയിലേക്ക് വന്നത്. പ്രയറച്ചൻ സന്യാസഭവനത്തിലെ എല്ലാ അംഗങ്ങളെയും വിളിച്ചുകൂട്ടിയിട്ട് ആ സന്ദര്‍ശനത്തിന്‍റെ പ്രാധാന്യെത്തക്കുറിച്ചും അതിനായി ചെയ്യേണ്ട ഒരുക്കങ്ങളെക്കുറിച്ചും ഞങ്ങളോടു സംസാരിച്ചു.
ഈശോയെ സ്വീകരിക്കാന്‍ ഈ ക്രിസ്തുമസിന്എങ്ങനെ ഒരുങ്ങണം എന്ന് ചിന്തിച്ചേപ്പാള്‍ മനസിലേക്ക് ഓടിവന്നത് വര്‍ഷങ്ങള്‍ക്കുമുൻപ് മാസ്റ്റര്‍ ജനറലിനെ സ്വീകരിക്കാനായി പ്രയറച്ചൻ നിര്‍ദേശിച്ച ഒരുക്കങ്ങളായിരുന്നു. ആ സന്ദര്‍ശനത്തിനുള്ള ഒരുക്കമായി ഞങ്ങളുടെ സെമിനാരിയും പരിസരവും ക്യാമ്പസുമെല്ലാം നന്നായി അടിച്ചുവാരി വൃത്തിയാക്കി. ഒരു ഭഗീരഥ ശുചീകരണകര്‍മം തന്നെ നടത്തി. രണ്ടാമതായി കുറെ ക്രമീകരണങ്ങള്‍ ചെയ്തു. മാസ്റ്റര്‍ ജനറലിന് താമസിക്കാനുള്ള മുറി, അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം, അദ്ദേഹെത്ത കാണിക്കേണ്ട ഡോക്യുമെന്‍റുകള്‍… എല്ലാം കൃത്യമായി ക്രമീകരിച്ചു. മൂന്നാമതായി ഡൊമിനിക്കൻ സഭയുടെ ഇന്ത്യൻ പ്രൊവിൻസിനെ സന്ദര്‍ശിച്ചത് എന്നും ഓര്‍മയില്‍ തങ്ങത്തക്കവിധം നല്ലൊരു സമ്മാനം അദ്ദേഹത്തിന് കൊടുക്കണം എന്ന് പ്രയറച്ചൻ നിര്‍ദേശിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ഒടുവില്‍ സമ്മാനമായി എല്ലാ അംഗങ്ങളുടെയും അഭിനന്ദന വചസുകളുള്ള ഒരു ഫോട്ടോ ആല്‍ബം നല്കാം എന്ന് തീരുമാനമായി.
നമ്മ2ുടെ രക്ഷകനും കര്‍ത്താവുമ യേശുവിന്‍റെ ആഗമനം ആഘോഷിക്കുന്ന ക്രിസ്മസ് നാളുകളിലും ഇത്തരം ഒരുക്കം ആവശ്യംതന്നെ. അതിനെെന്തല്ലാ വേണ്ടത്?
ശുചീകരണം
‘കര്‍ത്താവേ, അങ്ങെന്‍റെ ഭവനത്തില്‍ പ്രവേശിക്കാൻഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞ ശതാധിപന്‍റെ മനോഭാവേത്താടെ ഹൃദയം ശുചിയാക്കാ3 മൂന്ന് ചെറിയ കാര്യങ്ങള്‍ നമുക്ക് ശ്രമ2ിക്കാം.
മനഃസാക്ഷിയെ പരിശോധിക്കാം: ദിവസത്തിന്‍റെ അധ്വാനമെല്ലാം കഴിമ്സന്ധ്യാസമയത്ത് അല്ലെങ്കില്‍ രാത്രിയില്‍ കുളിച്ച് വസ്ത്രം മാറിയാണ് നാം വിശ്രമത്തിനായി പോകുന്നത്. എല്ലാ ദിവസവും രാത്രിയില്‍ വിശ്രമത്തിലേക്ക് പ്രവേശിക്കുന്നതിനുമു1/4് ന1/2ുടെ മനഃസാക്ഷിയെ ദൈവസാന്നിധ്യത്തിന്‍റെ മു3പില്‍ പരിശോധിക്കാ3 സാധിച്ചാല്‍ ന1/2ുടെ ആത്മാവ് എന്നും ഉണര്‍വോടെ ഇരിക്കും. ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ ന1/2ുടെ മനഃസാക്ഷിയെ പരിശോധിക്കുകയും കുറവുകളെ ഓര്‍ത്ത് പശ്ചാത്തപിക്കുകയും ദൈവകൃപ സ്വീകരി ച്ച് വിശു2ിക്കായി പരിശ്രമിക്കുകയും ചെയ്യാം.
രമ്യെ പ്പടാം: ഈശോ നമ്മെ വീണ്ടും വീണ്ടും ദൈവവചനത്തില്‍ പഠിപ്പിക്കുന്ന ആത്മീയസത്യമാണ് സഹോദരനുമായി രമ്യെപ്പടാതെ ദൈവവുമായി രമ്യെപ്പടുക അസാധ്യമാണ് എന്നത്. കാണെപ്പടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണെപ്പടാത്ത ദൈവെത്ത സ്നേഹിക്കാൻ സാധിക്കുകയില്ല (1 യോഹന്നാ3 4:20). ഈ ഒരു ക്രിസ്മസിന്ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു സേന്താഷം അനുഭവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മെ വേദനിപ്പിച്ചവരോട്, തള്ളിപ്പറമവരോട് യേശുനാമത്തില്‍ ക്ഷമിച്ച് സ്നേഹിക്കാം. I’m Sorry എന്നു പറല്‍ തീരാവുന്ന കുറെ മുറിഞ്ഞ ബന്ധങ്ങള്‍ ഒരിക്കല്‍കൂടി ഊഷ്മളമാക്കാ3 ഈ ക്രിസ്തുമസ്സ ഹായിക്കട്ടെ. ഇേപ്പാഴും സുഹൃത്തുക്കളായിരിക്കുന്നവര്‍ക്ക് കേക്കുമായി പോകുന്നതിലും നൂറുമടങ്ങ് കൃപയും സേന്താഷവും ഉള്ളതായിരിക്കും വര്‍ഷങ്ങളായി നീരസത്തില്‍ അകന്നുകഴിയുന്ന ഒരു പഴയ
സുഹൃത്തിന്‍റെയോ ബന്ധുവിന്‍റെയോ അടുക്കലേക്ക് ഒരു ചെറിയ ക്രിസ്തുമസ് കേക്കുമായി കടന്നുചെല്ലുന്നത്.
കുമ്പസാരം നടത്താം: ശുചിയാക്കലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പടിയാണ് ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചുകൊണ്ട് കുമ്പസാരിക്കുക. ഈശോയ്ക്കായി എന്‍റെ ഹൃദയം മഞ്ഞുപോലെ വെണ്മയുള്ളതാ ക്കാന്‍, കമ്പിളിപോലെ വെളുപ്പിക്കാന്‍ (ഏശ യ്യാ 1:18) കുമ്പസാരം എന്ന കൂദാശ നമ്മെ സഹായിക്കും.
ക്രമീകരണം
ഒരു അതിഥി വരുമ്പോള്‍ ഏറ്റവും നല്ല സ്വീകരണം, ഏറ്റവും നല്ല ഭക്ഷണം, ഏറ്റവും നല്ല സൗകര്യങ്ങള്‍ നല്‍കാന്‍ നാം ശ്രമിക്കു ന്നതുപോലെ, യേശുവിനെ സ്വീകരിക്കാന്‍ നമ്മുടെ ജീവിതങ്ങളെ ഈ ദിവസങ്ങളില്‍ ഒരുക്കാം. അതിനായി മൂന്ന് ആത്മീയ കാര്യ ങ്ങള്‍ ശ്രദ്ധിക്കാം.
വ്യക്തിപരമായ പ്രാര്‍ത്ഥന: എന്‍റെ വ്യക്തിപരമായ പ്രാര്‍ത്ഥന മുടങ്ങില്ല എ ന്നൊരു തീരുമാനം നമുക്ക് ഉണ്ടാകട്ടെ. വ്യക്തിപരമായ പ്രാര്‍ത്ഥന ഈശോയുമായി ട്ടുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. ദിവസത്തിന്‍റെ ഏറ്റവും ഉണര്‍വുള്ള സമയം ഈശോയോട് വ്യക്തിപരമായി സംസാരി ക്കാന്‍ മാറ്റിവയ്ക്കാം.
ദൈവവചനം: വചനം മാംസമായി ന മ്മുടെ ഇടയില്‍ വസിച്ചതിന്‍റെ (യോഹന്നാന്‍ 1:14) ഓര്‍മയാചരണമാണല്ലോ ക്രിസ്തുമസ്. ആ വചനം വായിക്കാതെ, ധ്യാനിക്കാതെ, ഉരുവിടാതെ എങ്ങനെ അവന്‍റെ ജന്മദിനം നമുക്ക് ആഘോഷിക്കാന്‍ സാധിക്കും? ദൈ വവചനം ചങ്കോട് ചേര്‍ത്തുവയ്ക്കുന്ന ദിവസ ങ്ങളായി മാറട്ടെ ഈ 25 ദിവസങ്ങള്‍. വചനം വായിക്കാന്‍, പഠിക്കാന്‍, ധ്യാനി ക്കാന്‍, മനഃപാഠമാക്കാന്‍ എല്ലാത്തിനും ഉപ രി വചനം ജീവിക്കുവാന്‍ ഈ ക്രിസ്തുമസ് നമ്മെ സഹായിക്കട്ടെ.
പരിശുദ്ധ അമ്മ: നമുക്ക് പ്രാർത്ഥിക്കാം അമ്മേ, അമ്മ ഈശോയെ സ്വീകരി ച്ചതുപോലെ ഈശോയെ സ്വീകരിക്കാന്‍ എന്നെയും ഒരുക്കണമേ! ജപമാല മണികളി ലൂടെ അമ്മയുടെ കരം പിടിച്ച് നമുക്ക് ഹൃദയത്തില്‍ പുല്‍ക്കൂടൊരുക്കാം.
നല്ലൊരു സമ്മാനം
ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സമ്മാനം കൊടുക്കാന്‍ ഈ ക്രിസ്തുമസില്‍ നമുക്ക് ആഗ്രഹിക്കാം. വിധവയുടെ കൊച്ചുകാണിക്ക ഈശോയ്ക്ക് വളരെ ഇഷ് ടമായി. കാണിക്കയുടെ വലിപ്പമോ വിലയോ അല്ല കൊടുക്കുന്നവന്‍റെ ഹൃദയവും മനോ ഭാവവുമാണ് യേശു നോക്കുന്നത്. അതി ഥിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്തെന്ന് നാം സമ്മാനം കൊടുക്കുന്നതിനുമുമ്പ് അന്വേഷിക്ക ാറുണ്ട്. എന്ത് സമ്മാനം ആയിരിക്കും ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്?
ഉപവി പ്രവര്‍ത്തനങ്ങള്‍: പൗലോസ് ശ്ലീഹാ നമ്മോട് പറയുന്നു: ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരു തുകയുമാണ് (ഫിലിപ്പി 3:8). ഈശോയോ ടുള്ള സ്നേഹത്തെപ്രതി ഈ 25 ദിവസം എനിക്ക് എന്തൊക്കെ വേണ്ടന്നുവയ്ക്കാ ന്‍ സാധിക്കും? എന്‍റെ കണ്ണുകള്‍ക്ക് ഇഷ്ടമുള്ളത്, കാതുകള്‍ക്ക് ഇഷ്ടമുള്ളത്, നാവിന് ഇഷ്ടമുള്ളത്, ശരീരത്തിന് ഇഷ്ടമുള്ളത്…
നിനക്ക് അനുവദനീയമായ സന്തോഷങ്ങള്‍ ഈശോയോടുള്ള സ്നേഹത്തെപ്രതി വേണ്ടെന്നുവയ്ക്കുമ്പോള്‍ നീ ആത്മീയ മായി കരുത്തുള്ളവനായിത്തീരും. ഈശോയുമായിട്ടുള്ള ബന്ധത്തില്‍നി ന്നും നിന്നെ അകറ്റുന്നതെന്താണെന്ന് പ്രാര്‍ത്ഥനാപൂര്‍വം തിരിച്ചറിഞ്ഞ് അത് നീ വേണ്ടെന്നുവയ്ക്കുകയാണെങ്കില്‍, ഈ ക്രിസ്റ്മസിന് നീ കൊടുക്കുന്ന സമ്മാനം ആത്മാര്‍ത്ഥതയില്‍ പൊതിഞ്ഞതായിരിക്കും. അത് ഈശോയ്ക്ക് ഏറെ സ്വീകാര്യമായിരിക്കും.
കരുണയുടെ പ്രവൃത്തികള്‍: ഈ ചെറിയവരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്കാണ് നീ ചെയ്തതെന്ന് ഈശോ പറഞ്ഞത് നമുക്കോര്‍ക്കാം. പച്ചയായ ജീ വിതസാഹചര്യങ്ങളിലേക്ക് ഇറങ്ങിച്ചെ ല്ലുവാന്‍, രോഗികളില്‍, വേദനിക്കുന്നവരില്‍, അനാഥരില്‍, ദരിദ്രരില്‍ യേശുവിനെ കാണാന്‍ നമുക്ക് ശ്രമിക്കാം. അവര്‍ക്കായി ദൈവം നമുക്ക് നല്കിയിരിക്കുന്ന അനു ഗ്രഹങ്ങളും കഴിവുകളും പങ്കിടാം. ആരും അറിയാതെ നാം ചെയ്ത കുറെ നന്മപ്രവൃത്തികളുടെ ഒരു സമ്മാനപ്പെട്ടി ഈശോയ്ക്കായി ഒരുക്കാം.
യേശുവിനെ പങ്കുവയ്ക്കല്‍: യേശു നിന്‍റെ പ്രാണപ്രിയനാണെങ്കില്‍ യേശുവിനെക്കുറിച്ചു പറയാതിരിക്കുവാന്‍ നിനക്ക് സാധിക്കുകയില്ല. നീ അനുഭവിച്ച യേശുവിന്‍റെ സ്നേഹം, സമാധാനം, സൗഖ്യം, ആശ്വാസം മറ്റുള്ളവരോട് പറയാതിരിക്കുമ്പോൾ അവര്‍ക്ക് യേശുവിനെ കണ്ടുമുട്ടാനുള്ള അവസരം നീ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ആയിരിക്കുന്നിടത്ത് യേശുവിനെ പങ്കുവയ്ക്കാന്‍ എനിക്ക് സാധിക്കട്ടെ. ഈ ക്രിസ്തുമസ് അവസരത്തില്‍ യേശുവിനെ അറിയാത്ത, യേശുവിന്‍റെ സ്നേഹത്തെക്കുറിച്ച് ബോധ്യമില്ലാത്ത ഒരാളുമായിട്ടെങ്കിലും യേശുവിനെക്കുറിച്ച് പറയും, യേശുവിനെ സാക്ഷ്യപ്പെടുത്തും എന്ന് നമുക്ക് തീരുമാനിക്കാം.
ഹൃദയം ശുചീകരിച്ച്, ജീവിതം ക്രമീ കരിച്ച്, ആത്മാര്‍ത്ഥതയുടെ ഒരു സമ്മാനപ്പൊതിയുമായി ക്രിസ്തുമസ് രാത്രിയില്‍ ദൈവാലയത്തിലേക്ക് കടന്നുചെല്ലുവാനും ഉണ്ണീശോയുടെ സ്നേഹചും നങ്ങള്‍ ഏറ്റുവാങ്ങുവാനും നമുക്ക് സാധിക്കുമാറാ കട്ടെ!
'വേദനകള്‍ വെറുതെ കളയാതെ ലാഭമാക്കി മാറ്റാന്‍ പറ്റും
ഞങ്ങളുടെ അമ്മച്ചി ചെറുപ്പത്തില്‍ പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം ഓര്‍മിക്കുന്നു. വീണ് കൈയും കാലും പൊട്ടി ചോര വരുമ്പോള്‍ ഞങ്ങള്‍ നിലവിളിച്ചുകൊണ്ട് അമ്മച്ചിയുടെ അടുത്തേക്ക് ഓടിച്ചെല്ലും. അപ്പോള്‍ ആശ്വസിപ്പിച്ചതിനുശേഷം അമ്മച്ചി ഇങ്ങനെ പറയും:
“ഏതായാലും സഹിക്കണം. അതുകൊണ്ട് ഈ വേദനകള്‍ വെറുതെ കളയാതെ ലാഭമാക്കി മാറ്റാന്‍ പറ്റും. കരയാതെ ഈ നൊമ്പരം ആത്മാക്കളെ നേടാന്‍ വേണ്ടി ഈശോയ്ക്ക് കാഴ്ചവയ്ക്ക്.”
ചെറുപ്പത്തില്‍ കിട്ടിയ ആ പരിശീലനം ഇപ്പോള്‍ വലിയ സഹനങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കാന്‍ സഹായിക്കുന്നുണ്ട്. സഹനം എല്ലാ ജീവിതത്തിലും ഉണ്ടാകും. എത്ര ഓടിയൊളിച്ചാലും പാപം നിറഞ്ഞ ഈ ലോകത്തില്‍ സഹനമില്ലാതെ ജീവിക്കുക അസാധ്യമാണ്. ഒരുപാട് സഹനമുള്ളതുകൊണ്ട് ജീവിതം നശിച്ചുപോവുകയൊന്നുമില്ല. കഷ്ടതകളുടെ നടുവിലും ആനന്ദിക്കാനും ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്താനും നമുക്കു കഴിയും. പക്ഷേ അതിന് സഹനത്തോടുള്ള ദൈവികമായ ഒരു കാഴ്ചപ്പാടുണ്ടാകണം. സഹനത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ജീവിതത്തിന്‍റെ മേന്മ കുടികൊള്ളുന്നത്.
നിങ്ങളുടെ സ്നേഹം മുഖേന നിങ്ങള്‍ എന്‍റെ ശിഷ്യരാണെന്ന് ലോകം മുഴുവന്‍ അറിയും എന്നാണ് ഈശോ പഠിപ്പിച്ചത്. സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുക എളുപ്പമാണ്. സ്നേഹമാണ് പലപ്പോഴും സമ്മാനങ്ങള്‍ കൊടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നമ്മുടെ ജീവിതവുമായി ബന്ധപ്പെടുന്ന എത്രയോ മനുഷ്യരുണ്ട്. ജോലിസ്ഥലത്ത്, അയല്‍പക്കത്ത്, ഇടവകയില്‍. അവരില്‍ എത്രയോ പേര്‍ ഇനിയും യേശുവിനെ കണ്ടുമുട്ടാനുണ്ട്. ഒരു മനുഷ്യവ്യക്തിക്ക് കൊടുക്കുവാന്‍ നമുക്ക് സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം യേശുവാണ്. അതുപോലെ നമ്മുടെ ഈശോയ്ക്കുവേണ്ടി ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം ആത്മാക്കളെ നേടിയെടുക്കുക എന്നതാണ്. അതുകൊണ്ട് നമ്മുടെ ചുറ്റുപാടുമുള്ളവര്‍ക്കുവേണ്ടി സഹനങ്ങള്‍ കാഴ്ചവച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടെ ദൈവസ്നേഹവും പരസ്നേഹവും ഒന്നിക്കുകയാണ്.
സ്നേഹമുണ്ടെങ്കിലേ മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയൂ. സ്നേഹമുണ്ടെങ്കിലേ ആത്മാക്കള്‍ക്കുവേണ്ടി സഹിക്കാന്‍ സാധ്യമാവുകയുള്ളൂ. സ്നേഹത്തിന്‍റെ കുറവാണ് സ്വയംകേന്ദ്രീകൃതമായ നമ്മുടെ ജീവിതത്തിന്‍റെ അടിസ്ഥാനകാരണം. സ്നേഹം ഉള്ളില്‍ ഉണരുമ്പോള്‍ ചുറ്റുമുള്ള ലോകത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കാതിരിക്കാനാവില്ല.
നമ്മുടെ വിശുദ്ധ കുര്‍ബാന നമുക്കുവേണ്ടി മാത്രമാകരുത്. അത് ലോകം മുഴുവനുംവേണ്ടിയുള്ള യേശുവിന്‍റെ ബലിയാണ്. ബലിയര്‍പ്പണ സമയത്ത് പരിശുദ്ധാത്മാവ് ഓര്‍മയിലേക്ക് കൊണ്ടുവരുന്ന വ്യക്തികളെയെല്ലാം ഞാന്‍ കാസായില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. ദൈവമേ… അവരെ ഈ ബലിയുടെ യോഗ്യതകളാല്‍ അനുഗ്രഹിക്കണമേ… എന്ന് അപേക്ഷിക്കും. ആ വ്യക്തികളില്‍ പലരും പിന്നീടുള്ള ദിവസങ്ങളില്‍ ഫോണ്‍വഴിയും മറ്റും ബന്ധപ്പെട്ട് ദൈവാനുഭവം പങ്കു വച്ചിട്ടുണ്ട്.
“അയല്‍ക്കാരനെ സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു…. നിയമത്തിന്‍റെ പൂര്‍ത്തീകരണം സ്നേഹമാണ്” (റോമാ 13:10). പ്രാര്‍ത്ഥനയിലൂടെ സ്നേഹംകൊണ്ട് ലോകത്തെ പൊതിയുക എളുപ്പമാണ്. സഹനം പരാതിയും പിറുപിറുപ്പും ഇല്ലാതെ സ്വീകരിച്ച് ലോകത്തെ രക്ഷാകരസ്നേഹത്തിലേക്ക് ആനയിക്കാനും നമുക്ക് സാധിക്കും. ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓര്‍ത്ത്, പിതാവേ, ഞങ്ങളുടെമേലും ലോകം മുഴുവന്‍റെമേലും കരുണയായിരിക്കണമേ എന്ന് ആത്മാര്‍ത്ഥമായി ഹൃദയംകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍, ഒരു നിമിഷംകൊണ്ട് എല്ലാവരെയും സ്നേഹിക്കുവാന്‍ സാധിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങളും നൊമ്പരങ്ങളും മനസിലാക്കി അവര്‍ക്കുവേണ്ടി സഹനങ്ങള്‍ ആരുമറിയാതെ ഏറ്റെടുക്കുന്നതും ഉപവിയിലുള്ള ഉയര്‍ച്ചയാണ്. പരിശുദ്ധാത്മാവിനോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവിടുന്ന് അതിനുള്ള കൃപ നമുക്ക് നല്കും.
'