- Latest articles
മെക്‌സിക്കോ: അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പുറത്തുവന്ന യുവാവിന്‍റെ ‘സൂപ്പര്‍ ചോയ്‌സ്’ ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വൈദികനായ സാല്‍വദോര്‍ നുനോ. ഫാ. സാല്‍വദോറും സഹോദരനായ അലക്‌സും മാതാപിതാക്കളുമൊത്ത് ഒരു യാത്രയിലായിരുന്നു. ഒരു സ്ഥലത്തുവച്ച് മറ്റൊരു കാര്‍ അവരുടെ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു.
പെട്ടെന്നുതന്നെ ആ കാര്‍ നിയന്ത്രണം വിട്ട് നീങ്ങുന്നതാണ് കാണുന്നത്. എന്തായാലും അടുത്ത നിമിഷങ്ങളില്‍ത്തന്നെ ആ കാര്‍ നിന്നു. പെട്ടെന്നുതന്നെ ഇവര്‍ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് ഓടിയിറങ്ങി അപകടത്തില്‍പ്പെട്ട കാറിനടുത്തെത്തിയപ്പോള്‍ അതില്‍നിന്ന് ഒരു യുവാവ് ആകെ ഭയന്ന് വിളറിയ മുഖവുമായി പുറത്തുവരുന്നു. ഫാ. സാല്‍വദോര്‍ തിടുക്കത്തില്‍ ചോദിച്ചു, ”ഞാനൊരു വൈദികനാണ്, സഹോദരന്‍ ഡോക്ടറും. നിങ്ങള്‍ക്കെന്ത് സഹായമാണ് ചെയ്തുതരേണ്ടത്?”
ആ യുവാവ് പറഞ്ഞു, ”എനിക്കൊന്ന് കുമ്പസാരിക്കണം.”
തുടര്‍ന്ന് യുവാവ് നല്ലൊരു കുമ്പസാരം നടത്തിയെന്നും അവന്‍ ഒരു വീണ്ടുംജനനത്തിന്‍റെ അനുഭവത്തിലേക്ക് വന്നതായി അനുഭവപ്പെട്ടെന്നും ഫാ. സാല്‍വദോര്‍ കുറിക്കുന്നു. എന്തായാലും അപകടത്തില്‍ ആര്‍ക്കും ഗുരുതരപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.
ഫാ. സാല്‍വദോറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നുമല്ല, ആത്മാവിന് പ്രഥമപരിഗണന നല്കുന്ന ‘സൂപ്പര്‍ ചോയ്‌സുകള്‍’ നമ്മളും നടത്തുന്നത് നല്ലതാണെന്നുതന്നെ.
പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവരെ പൊതുവില്‍ നിരുന്മേഷരാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ഒരു ഖേദചിന്തയുണ്ട്. ദൈവത്തെ കണ്ടുമുട്ടി ദൈവത്തോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എങ്കിലും ആഗ്രഹിച്ചതുപോലെയുള്ള ഒരു ആത്മീയവളര്‍ച്ച നേടുവാന്‍ സാധിച്ചില്ലല്ലോ എന്നതാണത്. അത് ശരിയാകാം. എന്നാല്‍ ചിലപ്പോള്‍ ആ ചിന്ത വരുന്നത് ആത്മീയവളര്‍ച്ചയെപ്പറ്റിയുള്ള നമ്മുടെ തെറ്റായ ധാരണകള്‍കൊണ്ടാകാം.
സ്റ്റേജില്‍നിന്ന് ഉജ്വലമായ വചനപ്രഘോഷണം നടത്തുക, കൗണ്‍സലിങ്ങ് നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കപ്പെടുന്ന ആളുടെ കഴിഞ്ഞകാല, വര്‍ത്തമാന, വരുംകാല ജീവിതങ്ങള്‍ ഒരു കണ്ണാടിയിലെന്നപോലെ വ്യക്തമായി വെളിപ്പെടുന്ന വരങ്ങള്‍ സ്വായത്തമാക്കുക, അത്ഭുത രോഗശാന്തികള്‍ നല്‍കുക ഇവയൊക്കെ അതിന്‍റെ അടയാളങ്ങളായി നാം കണ്ടേക്കാം. ഇവയൊക്കെ നല്ലതും ആവശ്യവുമാണെങ്കിലും ദൈവതിരുസന്നിധിയില്‍ ഇവയൊന്നും ആത്മീയവളര്‍ച്ചയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നില്ല. പിന്നെന്താണ് ആത്മീയ പരിപൂര്‍ണതയിലേക്കുള്ള വഴി?
കര്‍ത്താവില്‍നിന്ന് വ്യക്തമായ നിര്‍ദേശങ്ങളും അതിശയകരമായ വെളിപാടുകളും സ്വീകരിക്കുവാന്‍ കൃപ ലഭിച്ച വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനായുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ നിശ്ചയമായും ഒരു ചൂണ്ടുപലകയാണ്. തന്‍റെ ഡയറിയില്‍ വിശുദ്ധ ഇപ്രകാരം എഴുതുന്നു: ”കൃപകളോ വെളിപാടുകളോ ആനന്ദപാരവശ്യങ്ങളോ മറ്റെന്തെങ്കിലും ദാനങ്ങളോ ഒരാത്മാവിനെയും പരിപൂര്‍ണതയില്‍ എത്തിക്കുന്നില്ല. ദൈവവുമായുള്ള ഗാഢമായ ഐക്യം മാത്രമാണ് അതിനെ പരിപൂര്‍ണതയില്‍ എത്തിക്കുന്നത്. എന്‍റെ വിശുദ്ധിയുടെയും പരിപൂര്‍ണതയുടെയും അടിസ്ഥാനം ദൈവഹിതവുമായി എന്‍റെ മനസിനെ പൂര്‍ണമായി ഐക്യപ്പെടുത്തുന്നതിലാണ്” (ഡയറി 1107).
ഈ വാക്കുകള്‍ തികച്ചും ശ്രദ്ധേയമാണ്. കാരണം പലവിധ അപൂര്‍വവരങ്ങളാലും ആത്മീയാനുഭവങ്ങളാലും- പ്രവചനവരം, പരഹൃദയജ്ഞാനം, ദൈവകരുണ എന്ന മഹാരഹസ്യത്തെക്കുറിച്ചുള്ള ആഴമായ അറിവ്, വളരെ വിരളമായി ലഭിക്കുന്ന ആത്മീയവിവാഹം – സമ്പന്നയായ ഒരു വ്യക്തിയാണ് ഇക്കാര്യം പറയുന്നത്. മേല്‍പറഞ്ഞവയൊന്നും പരിപൂര്‍ണതയുടെ അടയാളങ്ങളല്ല. എല്ലാക്കാര്യത്തിലും – ഏറ്റവും ചെറിയ കാര്യത്തില്‍പോലും ദൈവഹിതം ആരായുകയും അതിനു വിധേയപ്പെട്ട് ജീവിക്കുകയുമാണ് പരിപൂര്‍ണതയിലേക്കുള്ള വഴി. ഒറ്റനോട്ടത്തില്‍ നിസാരമെന്നു തോന്നുന്ന ഒരു കാര്യമാണ്. പക്ഷേ ആത്യന്തികമായി സുപ്രധാനമായ കാര്യം ഇതുതന്നെയാണ് എന്ന് വിശുദ്ധയുടെ വാക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.
ഇതിന് നാമെന്താണ് ചെയ്യേണ്ടത്? ദൈവഹിതം അന്വേഷിക്കുവാനുള്ള ഒരു മനസ് രൂപപ്പെടുന്ന വിധത്തില്‍ മാനസാന്തരം നല്‍കണമേയെന്ന് ദൈവത്തോടുതന്നെ പ്രാര്‍ത്ഥിക്കുക. എപ്പോഴും അപ്പന്‍റെ ഹിതം അന്വേഷിക്കുക. അത് ഒരു ശിശുവിന്‍റെ സ്വഭാവമാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ എപ്പോഴും ദൈവഹിതം അന്വേഷിക്കുവാനും അത് നിറവേറ്റുവാനും സാധിക്കുകയുള്ളൂ. അതുകൊണ്ടാണല്ലോ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്തത്: ”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (വിശുദ്ധ മത്തായി 18/3). അതിനാല്‍ പരിപൂര്‍ണതയിലേക്കുള്ള വഴിയില്‍ നടക്കുകയെന്നു പറഞ്ഞാല്‍ നിരന്തരം മാനസാന്തരപ്പെട്ട് ശിശുവിന്‍റെ മനസുള്ളവരായിത്തീരുക എന്നതാണ്. പ്രായമേറുന്തോറും ആത്മാവിന്‍റെ തലത്തില്‍ കൂടുതല്‍ ചെറുതായിക്കൊണ്ടിരിക്കുക. ”ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍” (വിശുദ്ധ മത്തായി 18/4).
എല്ലായ്‌പ്പോഴും ദൈവഹിതം അന്വേഷിച്ച് നിര്‍ത്തിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. കാരണം പ്രായം കൂടുന്തോറും ബുദ്ധിയുടെ പ്രേരണകളെയാണ് നാം ആശ്രയിക്കുന്നത്. ഒറ്റനോട്ടത്തില്‍ അവ കൂടുതല്‍ നല്ലതും ആകര്‍ഷകവുമായിത്തോന്നും. അപ്പോള്‍പോലും ദൈവതിരുമനസ് അന്വേഷിക്കുന്ന ഒരു മനസുണ്ടാവുകയെന്നതാണ് പ്രധാനം. ഒരു ഉദാഹരണം പറയട്ടെ. ശാലോം ടെലിവിഷന്‍റെ ആദ്യനാളുകള്‍. ചാനല്‍ കൂടുതല്‍ ആളുകളിലെത്തിക്കണമെന്ന ചിന്തയോടെ ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന റെയില്‍വേ സ്റ്റേഷനുകളിലും സിനിമാ തിയേറ്ററുകളിലും ശാലോം ടെലിവിഷന്‍റെ പരസ്യം നല്‍കണമെന്ന ആശയം ഉയര്‍ന്നുവന്നു. അതിനായി ആകര്‍ഷകമായ പരസ്യഗാനവും ഒരുക്കി.
എല്ലാക്കാര്യങ്ങളിലും കര്‍ത്താവിന്‍റെ ഹിതം അന്വേഷിക്കുക എന്നതാണ് ശാലോമിന്‍റെ രീതി. കാരണം ഇത് കര്‍ത്താവിന്‍റെ സ്വന്തം ശുശ്രൂഷയാണ് എന്നതുതന്നെ. കര്‍ത്താവിന്‍റെ തിരുവിഷ്ടം അന്വേഷിച്ചപ്പോള്‍ ആ പരസ്യവഴി വേണ്ടാ എന്ന് മനസിലായി, അത് ഉപേക്ഷിച്ചു. എന്നാല്‍ കര്‍ത്താവ് ശാലോം ടെലിവിഷന് ഒരു കുറവും വരുത്തിയില്ല. എന്നുമാത്രമല്ല അവിടുത്തെ വഴിയിലൂടെത്തന്നെ കൂടുതല്‍ പ്രേക്ഷകരിലേക്ക് അവിടുത്തെ ചാനലിനെ കര്‍ത്താവുതന്നെ എത്തിച്ചു. ദൈവഹിതം അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്ന് ഈ സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നില്ലേ? മാനുഷികമായി അങ്ങനെയുള്ള തീരുമാനങ്ങള്‍ ആകര്‍ഷകമല്ല എന്നു തോന്നിയാല്‍ത്തന്നെയും അവസാനം അവയാണ് ശരിയെന്നും നല്ലതെന്നും തിരിച്ചറിയുവാന്‍ സാധിക്കും.
ഇത് ഇടുങ്ങിയ വഴിയാണ്. എന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അങ്ങനെയുള്ളതാകയാല്‍ ആ വഴിയിലൂടെത്തന്നെ നടക്കുവാന്‍ നമുക്ക് തീവ്രമായി ആഗ്രഹിക്കുകയും ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
കര്‍ത്താവേ, അങ്ങയുടെ തിരുഹിതം അന്വേഷിക്കുന്നതും അതിനോട് ഐക്യപ്പെട്ട് ജീവിക്കുന്നതുമാണ് പൂര്‍ണതയിലേക്കുള്ള മാര്‍ഗമെന്ന് ഞങ്ങളെ ഓര്‍മിപ്പിച്ചതിന് നന്ദി. അതിനായി ഒരു ശിശുവിന്‍റെ മനസ് എന്നില്‍ രൂപപ്പെടുത്തിയാലും. മാനുഷികമായി ശരിയെന്ന് തോന്നുന്ന കാര്യങ്ങളല്ല, അങ്ങ് നല്ലതെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവ് എന്നെ നയിക്കുവാന്‍ അനുവദിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവതിരുമനസ് എപ്പോഴും അന്വേഷിക്കുവാനും അതിന് കീഴ്‌പ്പെടുവാനും എനിക്കായി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍
”ഒരു ദിവസം രാത്രി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ചാപ്പലിലെത്തിയപ്പോള്‍ പിശാച് അതിഭീകരമായ രൂപംപൂണ്ട് എന്‍റെ ഇടതുവശത്ത് വന്നുനിന്നു. അവന്‍റെ വൃത്തികെട്ട ശബ്ദത്തില്‍ എന്നോട് സംസാരിച്ചുകൊണ്ട് എന്‍റെ പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ചു. അപ്പോള്‍ അവന്‍റെ ഭീഭത്സമായ വായയും എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. വളരെ ശക്തവും നിഴലില്ലാത്തതുമായ ഒരു വലിയ അഗ്‌നിജ്വാല അവനെ വലയം ചെയ്തിരുന്നു. ഈശോയുമായുള്ള എന്‍റെ സംഭാഷണത്തെ ശല്യപ്പെടുത്താന്‍ വന്ന അവന്‍റെ നേരെ ഞാന്‍ വിശുദ്ധ ജലം എടുത്ത് തളിച്ചു. അവന്‍ തല്‍ക്ഷണം അവിടെനി ന്നും ഓടിരക്ഷപ്പെട്ടു. അതിനാല്‍ വിശുദ്ധ ജലം എല്ലായ്‌പ്പോഴും എവിടെപ്പോയാലും തൊട്ടരികെ കരുതുക. അതിന്‍റെ ശക്തിയെ ചെറുക്കാന്‍ ഒരു പിശാചിനും കഴിയില്ല”
ആവിലായിലെ വിശുദ്ധ തെരേസ
അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു. ഗള്‍ഫ് പ്രവാസി എന്ന നിലയില്‍ വീക്കെന്‍ഡ് സമയം. പക്ഷേ ഒട്ടും സന്തോഷം തോന്നുന്നില്ല. മനസില്‍ നിറയെ തളംകെട്ടി നില്‍ക്കുന്ന സങ്കടം. എത്രയൊക്കെ ജോലി ചെയ്തിട്ടും ഒരു നല്ല വര്‍ത്തമാനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, കിട്ടുന്ന പരിഹാസം വല്ലാതെ വേദനിപ്പിക്കുന്നു. യാന്ത്രികമായായിരുന്നു അന്ന് ഓഫീസ് വിട്ട് ഇറങ്ങിയത്. ഡ്രൈവ് ചെയ്യുമ്പോഴും മനസ് നിറയെ അന്നത്തെ കാര്യങ്ങള്‍ ആയിരുന്നു. ഇന്‍ക്രിമെന്റും പ്രൊമോഷനുമൊക്കെ ചോദിക്കുമെന്ന് കരുതി തടയിടാനാണ് ഇത്രയ്ക്കങ്ങ് പറയുന്നത്. ആദ്യത്തെ അനുഭവമല്ലാതിരുന്നിട്ടും ഇന്ന് ഒത്തിരി വേദനിക്കുന്നു. വീടിന്‍റെ പാര്‍ക്കിങ്ങില്‍ എത്തിയപ്പോഴാണ് കൈമോശം വന്ന മനസ് തിരിച്ചു കിട്ടിയത്.
വീട്ടില്‍ വന്നുകയറുമ്പോള്‍ ഭാര്യക്കും മക്കള്‍ക്കും സങ്കടം തോന്നാതിരിക്കാന്‍ ഒരു ചിരി ചുണ്ടില്‍ വരുത്തിയാണ് ബെല്‍ അടിച്ചത്. ഇളയ മകന്‍ വന്ന് വാതില്‍ തുറന്നു. അവന്‍റെ പുഞ്ചിരിയും വര്‍ത്തമാനവും നീറുന്ന മനസില്‍ വീണ വെള്ളത്തുള്ളി കണക്കെയായി. പക്ഷേ മുഖത്തെ പുഞ്ചിരി മായ്ക്കാതെ പിടിച്ചെങ്കിലും ഭാര്യയ്ക്ക് കാര്യം മനസിലായി. തുറക്കാനായി വച്ച വീക്കെന്‍ഡ് പരിപാടികളുടെ ലിസ്റ്റ് അങ്ങനെതന്നെ അവള്‍ അടച്ചു.
പോക്കറ്റില്‍ കിടന്ന കൊന്ത ഈശോയുടെ മുമ്പില്‍ വച്ചിട്ട് തിരിയുമ്പോള്‍ ഞാനൊന്ന് ഈശോയുടെ മുഖത്തേക്ക് പാളി നോക്കി. അവിടെയും സങ്കടംതന്നെ.
വസ്ത്രം മാറുന്നതിനിടയില്‍ അവള്‍ കാര്യങ്ങള്‍ തിരക്കി. അന്നത്തെ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞെങ്കിലും അവള്‍ എന്തുചെയ്യാന്‍? ആശ്വാസത്തിന്‍റെ ഒരു നൂറുവാക്കുകള്‍ ഒറ്റശ്വാസത്തില്‍ ആ പാവം പറഞ്ഞു. പക്ഷേ എന്‍റെ ഉള്ളിലെ വേദന കെടുത്താന്‍ ഇതൊന്നും പര്യാപ്തമായിരുന്നില്ല.
രാത്രി വീട്ടിലേക്കു വിളിച്ചപ്പോള്‍ മുഖം മാറിയത് മമ്മി കണ്ടുപിടിച്ചു. അല്ലെങ്കിലും മക്കളുടെ മുഖത്തെ ഒരു നേരിയ വ്യത്യാസംപോലും ഡീകോഡ് ചെയ്യാന്‍ അമ്മമാരെക്കാള്‍ കഴിവുള്ളവര്‍ ആരുണ്ട്? യൂട്യൂബിലെ നിയോഗപ്രാര്‍ത്ഥന കൂടുന്നതടക്കം ഒരു വലിയ ലിസ്റ്റ് തന്നു. തമ്പുരാനോട് പറയാനല്ലാതെ ആ പാവം എന്തുചെയ്യാന്‍.
രാത്രി നന്നായി ഒന്ന് ഉറങ്ങാന്‍പോലും പറ്റിയില്ല. നേരത്തേ ഉറക്കമുണര്‍ന്ന ഞാന്‍ രാവിലെതന്നെ കുര്‍ബാനയ്ക്ക് പോകാന്‍ തീരുമാനിച്ചു. അത് കുട്ടികളുടെ കുര്‍ബാനയാണ്. സാധാരണ പോവുക പതിവില്ല. ഇറങ്ങുമ്പോള്‍ ഈശോയോട് ഒന്ന് ആശ്വസിപ്പിക്കണം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. അന്നത്തെ പ്രസംഗം അച്ചന്‍ കുട്ടികള്‍ക്കുവേണ്ടിയല്ല എനിക്കുവേണ്ടി പറഞ്ഞതായാണ് തോന്നിയത്. തലേന്ന് ഞാന്‍ ഈശോയോടു ചോദിച്ച ഓരോ ചോദ്യത്തിനും ഈശോ അച്ചനിലൂടെ ഉത്തരം പറയുകയായിരുന്നു.
യോനാ പ്രവാചകന്‍റെ അനുഭവമായിരുന്നു പ്രസംഗവിഷയം. അതിന്‍റെ ചുരുക്കം ഇങ്ങനെയായിരുന്നു. നമ്മള്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത് തമ്പുരാന്‍റെ തീരുമാനമാണ്. ജോലി ചെയ്യുന്ന കമ്പനി, ഇവിടുത്തെ ബോസ്, ഈ നാട് എല്ലാം തിരഞ്ഞെടുത്തത് തമ്പുരാനാണ്. അവിടുന്ന് ഇവിടെ പൂര്‍ത്തിയാക്കാന്‍ കുറെ ജോലികള്‍ ഏല്‍പിച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കാതെ നമുക്ക് എവിടേക്കും പോകാന്‍ സാധ്യമല്ല. ഇനി നാം മടി കാണിച്ചാല്‍, വേറെ വഴിക്കു നീങ്ങിയാല്‍, നമ്മെ കാത്ത് കൂറ്റന്‍ മത്സ്യങ്ങള്‍ നില്‍ക്കുന്നുണ്ട്. അവയുടെ വയറ്റിലെ അസഹ്യമായ ആസിഡിന്‍റെ ചൂടേറ്റ് ഉരുകി അവസാനം തമ്പുരാന്‍ തീരുമാനിച്ചിടത്തുതന്നെ നാം എത്തിച്ചേരും.
തമ്പുരാന്‍റെ തീരുമാനങ്ങള്‍ അനുസരിക്കാതിരുന്നാല്‍ അതിന്‍റെ തിക്തഫലങ്ങള്‍ നാംതന്നെ അനുഭവിക്കേണ്ടിവരും. ഏറ്റവും നല്ലത് അവിടുന്ന് നമ്മെ ഏല്‍പിച്ച ജോലി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക മാത്രമാണ്. ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ ഭംഗിയോടെ പൂര്‍ത്തീകരിച്ചാല്‍ അവിടുന്ന് നമ്മെ കൂടുതല്‍ ഉത്തരവാദപ്പെട്ട ജോലികള്‍ ഏല്‍പിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് നാം നേരിടുന്ന പ്രതിസന്ധികള്‍ നമ്മെ ശക്തരാക്കാന്‍ അവിടുന്ന് അറിഞ്ഞ് ഏല്‍പിച്ചതാണ്. സന്തോഷത്തോടെ സ്വീകരിക്കുകയും അനുസരിക്കുകയും മാത്രമാണ് നമ്മുടെ ജോലി.
കുര്‍ബാന കഴിഞ്ഞതും നെഞ്ചിലെ ഭാരം മുഴുവന്‍ ഇല്ലാതായി. കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടിപോലെ. മത്സ്യത്തിന്‍റെ ഉദരത്തില്‍നിന്ന് തന്‍റെ പ്രാര്‍ത്ഥന ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തില്‍ എത്തിയെന്ന് ബോധ്യപ്പെട്ട യോനായെപ്പോലെയായിരുന്നു അപ്പോള്‍ ഞാനും. ”ഞാന്‍ കൃതജ്ഞതാസ്‌തോത്രങ്ങളാലപിച്ച് അങ്ങേക്ക് ബലി അര്‍പ്പിക്കും. ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവില്‍നിന്നാണ് രക്ഷ” (യോനാ 2/9).
സന്തോഷത്തോടെ വീട്ടിലേക്കു പോകാനായി വാഹനത്തിനടുത്തേക്ക് നടക്കുമ്പോള്‍ തലേന്ന് അടച്ചുവച്ച വീക്കെന്‍ഡ് പരിപാടികളുടെ ലിസ്റ്റ് ഭാര്യ എടുത്തിട്ടു. സന്തോഷത്തോടെ ഞാന്‍ കുടുംബസമേതം വീട്ടിലേക്ക് മടങ്ങി. ഇരുകൈകളും നീട്ടിനില്‍ക്കുന്ന ഈശോയ്ക്ക് ഒരായിരം നന്ദിയും പറഞ്ഞുകൊണ്ട്.
ഞാന്‍ സ്ഥിരമായി ശാലോം ടൈംസ് മാസിക വായിക്കുന്ന വ്യക്തിയാണ്. ഒരിക്കല്‍ മാസികയില്‍ സ്ഥലം വില്പന നടന്നതിന്‍റെ സാക്ഷ്യം കണ്ടു. ഏറെ നാളായി ഞങ്ങളും സ്ഥലം വില്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. അതിനാല്‍ ആ സാക്ഷ്യത്തില്‍ പറഞ്ഞതുപോലെ, ”ഈ ദേശത്ത് വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു” (ജറെമിയ 32/15) എന്ന തിരുവചനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം വില്പന നടന്നു. ദൈവത്തിന് നന്ദി പറയുന്നു.
വത്സമ്മ ജോസ്, പിഴക്, കോട്ടയം
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂലൈ 15. ഞാനന്ന് എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. സുഹൃത്തും അയല്‍ക്കാരിയുമായ ഒരു ചേച്ചി എന്നെയും കൂട്ടി അടുത്തുള്ള മീനങ്ങാടി മലങ്കര കത്തോലിക്കാ ബഥനി ആശ്രമത്തില്‍ പോയി. അന്ന് മാര്‍ ഈവാനിയോസ് പിതാവിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ദിനമായിരുന്നു. അതിനാല്‍, അവിടത്തെ വൈദികന്‍ ഈവാനിയോസ് പിതാവിന്‍റെ ചിത്രമുള്ള ഒരു കാര്‍ഡ് സമ്മാനിച്ചു. സംസാരത്തിനിടെ, കുശലാന്വേഷണമെന്നോണം ഒരു ചോദ്യം, ‘അച്ചനാകാന്‍ വരുന്നോ?’ ആ ചോദ്യത്തിന് ഞാന്‍ പ്രത്യേകിച്ച് ഉത്തരമൊന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല. സാവധാനം അക്കാര്യം മറന്നും പോയി. കുട്ടിക്കാലത്ത് ആദ്യമായി അള്‍ത്താര ശുശ്രൂഷിയായപ്പോഴത്തെ പ്രത്യേകപ്രാര്‍ത്ഥനയും ശുശ്രൂഷാ വസ്ത്രവുമെല്ലാം എന്നില്‍ ഒരു വൈദികനാകാനുള്ള ആഗ്രഹം ഉണര്‍ത്തിയിരുന്നു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ അതെല്ലാം മാഞ്ഞുപോവുകയാണുണ്ടായത്.
നാളുകള്‍ കഴിഞ്ഞ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷമുള്ള സമയം. ഒരു രാത്രി നേരത്തേ കിടന്നുറങ്ങിയ ഞാന്‍ ഏതാണ്ട് പാതിരാവായപ്പോള്‍ ഉണര്‍ന്നു. ആ സമയത്ത് എന്‍റെ മനസിലേക്ക് വരുന്നത് ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്‍റെ ചിത്രമാണ്, ഒപ്പം വൈദികനാകണം എന്ന ചിന്തയും. ആ ചിന്ത അത്രമാത്രം ശക്തമായതിനാല്‍ ആ പാതിരാത്രിയില്‍ ആമ്മേന്‍ പറയാനല്ലാതെ മറ്റൊന്നിനും എനിക്ക് സാധിക്കുകയില്ലായിരുന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് അമ്മയെ സമീപിച്ച് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്, ”അമ്മേ, ഞാന്‍ ‘റീത്തി’ല്‍ അച്ചനാകാന്‍ പോകുകയാണ്. പാലക്കാട്ടേല്‍ ബേബിച്ചാച്ചനെ ഒന്ന് പോയി കാണട്ടെ!”
അങ്ങനെ പറയാന്‍ കാരണമുണ്ട്, പുത്തന്‍കൂര്‍ സമുദായത്തിലെ, യാക്കോബായ സഭയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. കത്തോലിക്കാസഭയുടെ മഹത്വം എന്താണെന്ന് അന്ന് അത്രയൊന്നും മനസിലാക്കിയിരുന്നുമില്ല. പക്ഷേ വൈദികനാകാന്‍ മലങ്കര കത്തോലിക്കാ സഭയില്‍ പോകണം എന്ന് ആഗ്രഹം. വാസ്തവത്തില്‍ അവിടുത്തെ ഏകസത്യസഭയായ കത്തോലിക്കാസഭയിലേക്ക് കര്‍ത്താവുതന്നെ എന്നെ ക്ഷണിക്കുകയായിരുന്നു. വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റസമൂഹമായി (അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 2/44) എന്ന് ഏകസഭയെക്കുറിച്ച് വിശുദ്ധഗ്രന്ഥംതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.
‘റീത്ത്’ എന്നാണ് സാധാരണക്കാര്‍ മലങ്കര കത്തോലിക്കാസഭയെ വിളിച്ചിരുന്നത്. ആ സഭാംഗവും ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ട ആളുമായ ബേബിച്ചാച്ചനാണ് ഇക്കാര്യത്തില്‍ ഏറ്റവും സഹായിക്കാനാവുക എന്ന് തോന്നി. അതിനാല്‍ അമ്മയോട് അപ്രകാരം പറഞ്ഞ് താമസിയാതെ ഞാന്‍ യാത്രയ്ക്കിറങ്ങി.
ബത്തേരിയില്‍ ആ വര്‍ഷത്തെ സെമിനാരിപ്രവേശനം കഴിഞ്ഞിരുന്നതിനാല്‍ ആദ്യം മൂവാറ്റുപുഴ രൂപതാസെമിനാരിയിലാണ് ചേര്‍ന്നത്. പിന്നീട് ബത്തേരിയിലേക്ക് വന്നു. സെമിനാരി പഠനകാലയളവില്‍ പഠനം ദുഷ്‌കരമാണെന്ന് തോന്നിയതുള്‍പ്പെടെ പല പ്രതിസന്ധികളും വന്നപ്പോള്‍ തിരിച്ചുപോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ”എന്‍റെ മകനേ, നീ കര്‍തൃശുശ്രൂഷക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക” (പ്രഭാഷകന്‍ 2/1). ഈ തിരുവചനം അന്വര്‍ത്ഥമായ അനുഭവങ്ങള്‍… പക്ഷേ നല്ല ദൈവം തന്‍റെ കരുണയാല്‍ എന്നെ വീണ്ടും വീണ്ടും ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നു.
പിന്നീട് 2015-ല്‍ പുതിയതായി രൂപംകൊണ്ട പൂനാ രൂപത, വൈദികരെയും ബ്രദേഴ്‌സിനെയും ക്ഷണിച്ചപ്പോള്‍ ബത്തേരി രൂപതാധ്യക്ഷന്‍റെ അനുവാദത്തോടെ അവിടേക്ക് മാറി. തുടര്‍ന്നുള്ള നാലുവര്‍ഷം പൂനാ രൂപതയിലായിരുന്നു പഠനം. പഠനം പൂര്‍ത്തിയാക്കിയതിനുശേഷം പൂന കത്തീഡ്രലില്‍വച്ച് 2019 ഡിസംബര്‍ 27-ന് തോമസ് മാര്‍ അന്തോനിയോസ് പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. വൈദികപട്ടം ലഭിക്കുക എന്നത് എത്രയോ വലിയ അനുഗ്രഹമാണെന്ന ചിന്തയില്‍ പട്ടത്തിന് ഒരുക്കമായി ഒരു വര്‍ഷം നോമ്പെടുത്തിരുന്നു. വിശുദ്ധ കുര്‍ബാന അഭിഷേകത്തോടെ അര്‍പ്പിക്കാന്‍ ആ നോമ്പിലൂടെ ഈശോ എന്നില്‍ കൃപചൊരിയുകയും ചെയ്തു.
മിഷനിലേക്ക്…
ഞാനുള്‍പ്പെടെയുള്ള മൂന്ന് വൈദികരെ പൂന രൂപതയുടെ കീഴിലുള്ള ആന്ധ്രയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തെലുങ്ക് പഠനവുമായി ബന്ധപ്പെട്ട് അയച്ചു. പക്ഷേ കോവിഡ്‌വ്യാപനം എല്ലാം പ്രതിസന്ധിയിലാക്കി. പിന്നീട് മലങ്കര കത്തോലിക്കാസഭാംഗങ്ങളാകാന്‍ ഒരുങ്ങിനില്‍ക്കുന്ന 12 പാസ്റ്റര്‍മാരോടൊപ്പം എന്നെ പുതിയൊരു സ്ഥലത്തേക്ക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു.
ഒരു രാത്രിയില്‍, ഒരു സഹവൈദികന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുകയായിരുന്നു. ഞാനാണ് വാഹനം ഓടിച്ചിരുന്നത്. കൂടെ മൂന്ന് വൈദികരും സഹായിയായ ഒരു പാസ്റ്ററുമുണ്ട്. പുലര്‍ച്ചെ ഏതാണ്ട് മൂന്നുമണി സമയത്ത് ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഞാന്‍ പുറത്തേക്ക് തെറിച്ചുവീണു. എന്നിട്ടും, അത്ഭുതമെന്നു പറയാം, പരിക്കൊന്നും പറ്റിയില്ല. പക്ഷേ, വാഹനത്തിലുണ്ടായിരുന്ന പാസ്റ്റര്‍ മരണപ്പെട്ടു. മറ്റ് വൈദികര്‍ക്കും പരിക്കുകളുണ്ടായിരുന്നു. ആ അപകടത്തില്‍നിന്നും ദൈവം അത്ഭുതകരമായി എന്നെ രക്ഷിച്ചു.
സദാ എന്നോടൊപ്പം നടന്ന് എന്നെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എന്‍റെ കര്‍ത്താവിന്‍റെ സ്‌നേഹം ഞാന്‍ അനുഭവിക്കുകയായിരുന്നു. തുടര്‍ന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് അടുത്തുള്ള ചേരിയിലെ ആളുകളോട് സുവിശേഷം പറയണം എന്ന് പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നത്.
ആ ചേരിയില്‍ ചെന്നപ്പോള്‍ അവിടെ ഒരു വീട്ടില്‍ യേശുവിന്‍റെ ചിത്രം! അല്പം ഭയത്തോടെയാണെങ്കിലും അവിടേക്ക് കയറിച്ചെന്നു. കാര്യമായി ഭാഷയൊന്നും അറിയില്ല, എന്താവും പ്രതികരണം എന്ന് ഊഹവുമില്ല… എങ്കിലും അവരോട് അനുവാദം ചോദിച്ച് പ്രാര്‍ത്ഥിച്ചു. കുടംബനാഥയ്ക്ക് എന്‍റെ ഫോണ്‍ നമ്പറും കൊടുത്ത് മടങ്ങി. പിറ്റേന്ന് ആ സ്ത്രീ എന്നെ വിളിച്ചു. അവര്‍ പറഞ്ഞത് മുഴുവന്‍ എനിക്ക് വ്യക്തമായില്ലെങ്കിലും അവിടേക്ക് ചെല്ലണം എന്ന് മനസിലായി. പുതിയൊരു മിഷന്‍റെ നിശബ്ദമായ ആരംഭമായിരുന്നു അത്….
മിഷനിലെ വെല്ലുവിളികള്‍
അടുത്ത ദിവസം അവിടെയെത്തിയപ്പോള്‍ പ്രായം ചെന്ന ഒരു അയല്‍ക്കാരനെ ആ സ്ത്രീ പരിചയപ്പെടുത്തി. അവരോടും ഈശോയെക്കുറിച്ച് പറയാന്‍ അവസരം ലഭിച്ചു. സ്ത്രീകളോടും പെണ്‍കുട്ടികളോടും സംസാരിക്കുന്നതിനും സഹായിക്കുന്നതിനും സിസ്റ്റേഴ്‌സ് കൂടെ വന്നാല്‍ ഉചിതമാകുമല്ലോ എന്ന് ബോധ്യപ്പെട്ടതിനാല്‍ കുറച്ചപ്പുറത്തുള്ള സലേഷ്യന്‍ കോണ്‍വെന്റുമായി ബന്ധപ്പെട്ട് അവരോടൊപ്പം ചേരി സന്ദര്‍ശനം തുടര്‍ന്നു. ഏതാണ്ട് അറുപത്തഞ്ച് വയസ് പ്രായമുള്ള ഒരു സിസ്റ്ററാണ് എന്നെ സഹായിച്ചത്. യാത്രാസമയം മുഴുവന്‍ ഞങ്ങള്‍ ജപമാല ചൊല്ലും. അങ്ങനെ ആ തെരുവിലെത്തി ഒരു മരച്ചുവട്ടില്‍ നാലു കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊണ്ട് പ്രവര്‍ത്തനം തുടങ്ങി. ഞങ്ങളെ ആദ്യം സ്വീകരിച്ച ശോഭ എന്ന സ്ത്രീയുടെ സഹായത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. രണ്ട് മാസംകൊണ്ട് 20 കുട്ടികളോളം വന്നു.
പിന്‍വിളികള്‍
പക്ഷേ അപ്പോഴേക്കും ഒരു സമൂഹത്തോടൊപ്പമല്ലാതെ തികച്ചും തനിയെയുള്ള ജീവിതം എനിക്ക് മടുത്തുതുടങ്ങി. അതോടെ പൗരോഹിത്യം ഉപേക്ഷിച്ചാലോ എന്ന ചിന്തയും. അപ്പോള്‍ മനസില്‍ മറ്റൊരു ആഗ്രഹം നാമ്പിട്ടു, ‘ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിനോട് ഒന്ന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍… ഈ പ്രതിസന്ധിയെക്കുറിച്ച് ഒന്ന് പങ്കുവയ്ക്കാമല്ലോ.’ ഈ ആഗ്രഹം പ്രാര്‍ത്ഥനയായി ഒരു മാസത്തോളം മനസില്‍ കൊണ്ടുനടന്നു. പിന്നെ നടന്നത് അവിശ്വസനീയമായ ദൈവിക ഇടപെടല്‍…
ഒരു വൈകുന്നേരം ഏതാണ്ട് ആറരയായപ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍! അത്, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍!! അദ്ദേഹം ഒഡീഷയിലെ മിഷന്‍പ്രദേശത്തേക്കുള്ള യാത്രയിലായിരുന്നു. സ്തുതിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്ത്, ഞാന്‍ താമസിച്ചിരുന്ന പ്രദേശത്തിനടുത്തെത്തിയപ്പോള്‍, അവിടെ ഒരു മലങ്കര കത്തോലിക്കാവൈദികന്‍ ഉണ്ടെന്ന് ഒരു ദൈവികസ്വരം. ആന്ധ്രയില്‍ അദ്ദേഹത്തിന് പരിചയമുള്ള മിഷനറിവൈദികനെ വിളിച്ച് അതാരാണെന്ന് അന്വേഷിച്ചു. അങ്ങനെ എന്‍റെ താമസസ്ഥലത്തേക്ക് വരികയായിരുന്നു. അന്ന് ഫാ. ഡാനിയേല്‍ അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയിലൂടെ എന്നെ ശക്തിപ്പെടുത്തി. ആ സംഭവം എന്‍റെ വിശ്വാസത്തിന് ഒരു പുത്തന്‍ ഉണര്‍വാണ് നല്കിയത്. മിഷന്‍ വീണ്ടും ഊര്‍ജസ്വലമാക്കണമെന്ന് ശക്തമായ ഉള്‍പ്രേരണയും.”നിന്നെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും” (1തെസലോനിക്കാ 5/4).
അങ്ങനെ നാലുമാസം കഴിഞ്ഞു. പെട്ടെന്നൊരു ദിവസം വീണ്ടും എനിക്ക് ഫാ. ഡാനിയേലിന്‍റെ ഒരു ഫോണ്‍ കോള്‍! ”അച്ചാ, ഞാനങ്ങോട്ട് വരികയാണ്, അവിടെ ധ്യാനം നടത്താന്‍!!”
ഞാനൊന്ന് ഞെട്ടി. ‘അച്ചന്‍ ആയിരങ്ങള്‍ക്ക് ധ്യാനം നടത്തുന്നയാളല്ലേ. ഇവിടെ പത്ത് കുട്ടികളെമാത്രമായിരിക്കും എനിക്ക് ലഭിക്കുക’ എന്നൊക്കെ ഞാന്‍ പറഞ്ഞുനോക്കി. എന്നാല്‍, ‘ഒരാളേയുള്ളൂ എങ്കിലും ഞാന്‍ ധ്യാനം നടത്തും’ എന്നായിരുന്നു അച്ചന്‍റെ മറുപടി.
ദൈവദൂതനെപ്പോലൊരാള്‍
അങ്ങനെ അച്ചന്‍റെ വരവിനായി കാത്തിരിക്കുന്ന സമയം. ഫോണിലൂടെമാത്രം പരിചയമുള്ള സിബി മാത്യു എന്ന ഒരു സഹോദരന്‍ എന്നെ വിളിച്ചു. അദ്ദേഹം ലോകസുവിശേഷവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന ആളാണ്. പിറ്റേന്നുമുതല്‍ കുറച്ച് ദിവസങ്ങള്‍ എന്നോടൊപ്പം താമസിക്കാന്‍ വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ആ ‘കുറച്ച് ദിവസങ്ങള്‍.’ അദ്ദേഹം നല്കിയ പരിശീലനത്തിലൂടെയാണ് മിഷന്‍ ദേശത്തിനുവേണ്ടിയും അവിടെയുള്ളവര്‍ക്കുവേണ്ടിയും ദിവ്യകാരുണ്യ ആരാധനയും ജപമാലയുമെല്ലാം അര്‍പ്പിക്കാന്‍ ആരംഭിച്ചത്. വരദാനങ്ങളുപയോഗിച്ചുള്ള കൗണ്‍സിലിംഗ് ചെയ്യാനും അദ്ദേഹമാണ് പഠിപ്പിച്ചത്. ദൈവം അയച്ച ഒരു ദൂതനെപ്പോലെയായിരുന്നു അദ്ദേഹം.
അപ്രകാരമുള്ള ഒരുക്കത്തിനുശേഷം ഫാ. ഡാനിയേല്‍ വന്ന് ഗര്‍ഗുപാലം, ഓങ്കോള്‍ എന്നിവിടങ്ങളില്‍ രണ്ട് കണ്‍വെന്‍ഷനുകള്‍ നടത്തി. 100 മുതല്‍ 200വരെ ആളുകള്‍ പങ്കെടുത്തു. ഫാ. ഡാനിയേല്‍ പ്രസംഗിച്ചപ്പോള്‍ മറ്റൊരു വൈദികന്‍ തെലുങ്കില്‍ വിവര്‍ത്തനം ചെയ്യുകയായിരുന്നു. മൂന്ന് ദിവസങ്ങളില്‍ വൈകുന്നേരമായിട്ടായിരുന്നു കണ്‍വെന്‍ഷന്‍ നടത്തിയത്. ഒരു സ്ഥലത്ത് രണ്ട് ദിവസവും നല്ല മഴ. അവിടെ ആളുകള്‍ രണ്ട് ദിവസം മഴനനഞ്ഞ് പ്രസംഗം കേട്ടു.
ആഴമായ ദിവ്യകാരുണ്യഭക്തിയോ ജപമാലഭക്തിയോ ഒന്നുമില്ലാതിരുന്ന എന്നെ പിന്നീട് മിഷന്‍ അനുഭവങ്ങളിലൂടെതന്നെ ദിവ്യകാരുണ്യത്തിന്‍റെയും പരിശുദ്ധ മാതാവിന്‍റെയും ജപമാലയുടെയുമെല്ലാം ശക്തി ഈശോ കാണിച്ചുതന്നു. അങ്ങനെ നിരവധി ശക്തമായ അനുഭവങ്ങളിലൂടെ ഈ മിഷനറിജീവിതം ഈശോ വഴിനടത്തുന്നു.
'കെനിയയില്‍ ഞങ്ങള്‍ നടത്തുന്ന ധ്യാനകേന്ദ്രത്തില്‍ ഓരോ ധ്യാനവും കഴിയുമ്പോള്‍ പ്രാര്‍ത്ഥിച്ച് ഓരോരുത്തര്‍ക്കും ഒരു വചനം നല്കുന്ന പതിവുണ്ട്. മിക്കവാറും ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരുംതന്നെ അതിനായി കാത്തുനില്ക്കും. ഓരോ ധ്യാനത്തിനും 1000 മുതല്‍ 1500 വരെ ആളുകള്‍ വരുന്നതുകൊണ്ട് ഒരാള്‍ക്ക് രണ്ട് മിനിറ്റായിരിക്കും പരമാവധി ലഭിക്കുക. എങ്കിലും ആ പ്രാര്‍ത്ഥനയ്ക്കും വചനത്തിനുമായി കാത്തുനില്ക്കുകയായിരിക്കും ആളുകള്‍. കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു പ്രാവശ്യം ധ്യാനം കഴിഞ്ഞ് ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതാണ്ട് 22 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി വന്നു. അവളുടെ അമ്മയും ഒപ്പമുണ്ട്.
പ്രാര്‍ത്ഥിച്ച് ആശീര്‍വാദം നല്കിയതേ ആ പെണ്‍കുട്ടിയുടെ അവസ്ഥയാകെ മാറി. ആക്രമാസക്തയായ അവളെ കണ്ട് ചുറ്റും നില്ക്കുന്നവരെല്ലാം ഞെട്ടി. ആര്‍ക്കും അവളെ അടക്കിനിര്‍ത്താന്‍ കഴിയുന്നില്ല. വളരെ മെലിഞ്ഞ പെണ്‍കുട്ടിയാണെങ്കിലും അമാനുഷികമായ വിധം അവള്‍ക്ക് കരുത്ത് ലഭിച്ചതുപോലെ… 15 പുരുഷന്‍മാരോളം ചേര്‍ന്ന് പിടിച്ചാണ് അവളെ അവിടെനിന്ന് മാറ്റിയത്. തുടര്‍ന്ന് അവളോട് സംസാരിക്കുകയും ആവിധത്തില്‍ തിന്മയുടെ സ്വാധീനം ഉണ്ടാകാന്‍ കാരണമെന്തെന്ന് അന്വേഷിക്കുകയും ചെയ്തു. പതിയെ കാര്യങ്ങള്‍ വ്യക്തമായി.
നാളുകള്‍ക്കുമുമ്പ് ടി.വിയില്‍ ഏതോ ഒരു പാസ്റ്ററുടെ പ്രസംഗം കണ്ടു. ക്രൈസ്തവപ്രോഗ്രാം എന്ന നിലയിലാണ് കണ്ടുകൊണ്ടിരുന്നത്.
പ്രോഗ്രാമിനിടെ കത്തോലിക്കാവിശുദ്ധ കുര്‍ബാനയില്‍ ചെയ്യുന്നതുപോലെ ഓസ്തിക്ക് സമാനമായ ഒരു അപ്പം ഉയര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ആ പാസ്റ്റര്‍ ഇങ്ങനെ പറഞ്ഞുവത്രേ, ”ഇത് വിശുദ്ധ കുര്‍ബാനയാണ്. നിങ്ങള്‍ ഇത് വിശ്വസിച്ച് നെഞ്ചില്‍ കൈവച്ച് ഉള്ളിലേക്ക് സ്വീകരിക്കുക.” ആ പെണ്‍കുട്ടി അക്ഷരംപ്രതി അത് അനുസരിച്ചു. ആ നിമിഷം അവള്‍ മറിഞ്ഞുവീണു. പിന്നെ ഇടയ്ക്കിടയ്ക്ക് വീഴുന്നതും ആക്രമാസക്തയാകുന്നതും പതിവായി. അങ്ങനെയൊരു അവസ്ഥയിലാണ് പ്രാര്‍ത്ഥന സ്വീകരിക്കാനെത്തിയിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാതെ കൗണ്‍സലിംഗിനും പ്രാര്‍ത്ഥനയ്ക്കുംവേണ്ടിമാത്രമാണ് അവള്‍ വന്നതെന്നും പങ്കുവച്ചു. തുടര്‍ന്ന് അവളെ ഞങ്ങള്‍ പരിശുദ്ധ ദിവ്യകാരുണ്യത്തിന് മുന്നിലിരുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
ഏറെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചെങ്കിലും പിന്നീട് ദിവ്യകാരുണ്യ ഈശോയുടെ ശക്തിയാല്‍ അവള്‍ ശാന്തയായി. എങ്കിലും അഞ്ചോ ആറോ ധ്യാനങ്ങളില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചതിനുശേഷമാണ് അവള്‍ പൂര്‍ണമായി വിമോചിതയായത്. അപ്പോഴാണ് ഇടയ്ക്കിടെയുള്ള വീഴ്ചയും ആക്രമാസക്തയാകുന്ന ശീലവും മാറിയതും.
എല്ലാ ബലിയും ദിവ്യബലിയല്ല
ഈ സംഭവം വളരെയേറെ കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അപ്പസ്‌തോലിക പിന്തുടര്‍ച്ചാധികാരത്താല്‍ സാധുവായ കൈവയ്പ് സ്വീകരിച്ച് പുരോഹിതനായ ഒരു വ്യക്തി കൂദാശാവചനങ്ങള്‍ ഉച്ചരിക്കുമ്പോഴാണ് വിശുദ്ധ കുര്‍ബാനയില്‍ അപ്പം യേശുവിന്‍റെ തിരുശരീരമായി മാറുന്നത്. അത് വൈദികാഭിഷേകം ലഭിച്ചിട്ടില്ലാത്ത ഒരാള്‍ക്കും ചെയ്യാനാവുന്ന കാര്യമല്ല. വൈദികനല്ലാത്ത ഒരു വ്യക്തി അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് പൈശാചികസ്വാധീനത്താലാണ് ചെയ്യുന്നത്. മേലുദ്ധരിച്ച സംഭവംതന്നെ ഉദാഹരണമാണല്ലോ. ആത്മീയമായിട്ടായാലും ശാരീരികമായിട്ടായാലും അത് സ്വീകരിക്കുമ്പോള്‍ അതിലൂടെ നമ്മുടെമേല്‍ സാത്താന് അധികാരം ലഭിക്കും. അതിനാല്‍ ഒരിക്കലും ദിവ്യബലിയുടെ തെറ്റായ അനുകരണങ്ങളില്‍ പങ്കുചേരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മാത്രവുമല്ല, തികച്ചും അയോഗ്യമായ രീതിയില്‍ മാരകപാപത്തോടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതും നമ്മെ സാത്താന്‍റെ സ്വാധീനത്തിലാക്കും. യൂദാസിനെക്കുറിച്ച് തിരുവചനം ഓര്‍മ്മിപ്പിക്കുന്നതുപോലെ… ”അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു” (യോഹന്നാന്‍ 13/27). അതിനാല്‍ ദിവ്യബലിയുടെ അനുകരണങ്ങളെയും അയോഗ്യതയോടെയുള്ള ദിവ്യകാരുണ്യസ്വീകരണങ്ങളെയും നാം ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് പൗലോസ് അപ്പസ്‌തോലന്‍ എഴുതുന്നത്, ”ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെതന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്” (1 കോറിന്തോസ് 11/29-30).
ചേഷ്ടകളുടെ അര്‍ത്ഥം തിരിച്ചറിയണം
സാത്താനിക സ്വാധീനത്തിലായിരുന്നപ്പോള്‍ അവള്‍ കാണിച്ചിരുന്ന ആംഗ്യത്തെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. പെരുവിരലും ചൂണ്ടുവിരലും ചെറുവിരലും ഉയര്‍ത്തി ആംഗ്യം കാണിക്കുമ്പോള്‍ അവള്‍ക്ക് അധികശക്തി ലഭിക്കുന്നതായി അനുഭവപ്പെട്ടു. അത് കൂടുതല്‍ പിശാചുക്കളെ ക്ഷണിക്കാനുള്ള മുദ്രയാണെന്ന് അതിലൂടെയാണ് വ്യക്തമായത്. പിന്നീട് അവള്‍തന്നെ അത് വെളിപ്പെടുത്തി. ഇന്നത്തെ കാലത്ത് ഒരു ഫോട്ടോ എടുക്കുമ്പോഴോ നൃത്തത്തിന്‍റെ ഭാഗമായോ ഫാഷന്‍റെ പേരിലോ തമാശയായോ കുട്ടികളും യുവതീയുവാക്കളും അതേ ആംഗ്യം കാണിക്കാറുണ്ട് എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു.
കത്തോലിക്കാവിശ്വാസത്തിന്‍റെ മാഹാത്മ്യം മനസിലാക്കാനും തിന്മയ്‌ക്കെതിരായി സഭയിലൂടെ നമുക്ക് നല്കപ്പെട്ടിരിക്കുന്ന സംരക്ഷണവും ശക്തിയും തിരിച്ചറിയാനും നമുക്ക് സാധിക്കട്ടെ. തിന്മയ്ക്ക് പ്രവേശിക്കാന്‍ തക്ക വാതിലുകള്‍ തുറന്നുകൊടുക്കാതിരിക്കാനും ശ്രദ്ധിക്കാം. ”നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്‍റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു. ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവ് നമുക്ക് നല്കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്. ഇവനാണ് സത്യദൈവവും നിത്യജീവനും” (1 യോഹന്നാന്‍ 5/19).
'ദൈവമേ, സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും അവിടുന്ന് സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളില്‍നിന്നും അങ്ങയുടെ പരിശുദ്ധനാമത്തിന് സ്തുതിയും ആരാധനയും സ്‌നേഹവും മഹത്വവും ഉണ്ടായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയിലും എല്ലാ സക്രാരികളിലും എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ നാമത്തിനും അതുപോലെതന്നെ അവിടുത്തെ എത്രയും ദിവ്യഹൃദയത്തിനും മറിയത്തിന്റെ സ്‌നേഹം നിറഞ്ഞ വിമലഹൃദയത്തിനും ലോകമെമ്പാടും സവിശേഷമായ സ്തുതിയും ആരാധനയും ഉണ്ടായിരിക്കട്ടെ.
ഓ, എന്റെ ഈശോയേ, ആത്മാക്കള്‍ക്കുവേണ്ടിയുള്ള അങ്ങയുടെ സ്‌നേഹദാഹത്തിന് എപ്പോഴും ശമനമുണ്ടാകുമാറാകട്ടെ. എന്നും എല്ലാ മനുഷ്യഹൃദയങ്ങളും അങ്ങയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമാറാകട്ടെ, ആമ്മേന്‍.
'ഞാന്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന സമയം. ജോലി കഴിഞ്ഞ് രാത്രി ഹോസ്റ്റല്‍ റൂമില്‍ എത്തിയാല്‍ അല്‍പ്പസമയം ബൈബിള്‍ വായിക്കും. കുറച്ചുകൂടി സമയമുണ്ടെങ്കില്‍ യൂട്യൂബില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും വചനപ്രഘോഷണം കേള്‍ക്കുകയും ചെയ്യും. ഒരു ദിവസം അങ്ങനെ വചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കും ഇതുപോലെ വചനം പ്രസംഗിക്കണമെന്ന അതിയായ ആഗ്രഹം തോന്നി. വചനം പ്രസംഗിക്കാന്‍ എന്തെന്നില്ലാത്ത താത്പര്യം. പക്ഷേ എന്ത് ചെയ്യും? ആരോട് പ്രസംഗിക്കും? വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെക്കുറിച്ച് കേട്ട ഒരു സംഭവം ഓര്‍മവന്നു. വചനം പ്രസംഗിക്കാന്‍ ആഗ്രഹവുമായി മാര്‍പ്പാപ്പയോട് അനുവാദം ചോദിച്ചപ്പോള്‍ പോയി പന്നികളോട് പ്രസംഗിക്കാന്‍ പറയുകയുണ്ടായത്രേ.
ഞാന്‍ വേഗം ഓടി ടെറസ്സില്‍ കയറി. ആരും കാണാന്‍ സാധ്യതയില്ലാത്ത ഒരു ഭാഗത്തേക്ക് മാറിനിന്നു. എന്നിട്ട് അവിടെ നിന്നുകൊണ്ട് മനസ്സില്‍ വന്ന ആശയവും അന്നേരം ഓര്‍മയില്‍ കിട്ടിയ വചനങ്ങളും വച്ച് പ്രസംഗിച്ചു. എന്റെ കണ്ണില്‍പ്പെട്ട കെട്ടിടത്തെ വലിയ ഒരു ജനക്കൂട്ടമായും താഴെ കാണുന്ന വാഹനങ്ങള്‍ വചനം കേള്‍ക്കാന്‍ വന്നിരിക്കുന്ന ജനമായും കണ്ട് പ്രസംഗം തുടര്‍ന്നു. അന്നേരം അനുഭവിച്ച ആത്മീയ അനുഭൂതി മനസ്സിലാക്കി ഇടയ്ക്കിടയ്ക്ക് ടെറസ്സില്‍ കയറി പ്രസംഗിക്കുന്നത് ഞാന്‍ ശീലമാക്കി. ആരും കാണാതെ, ആരും കേള്‍ക്കാതെ….
ഉടനെതന്നെ ശരിക്കും വചനം പ്രസംഗിക്കാന്‍ ഈശോ എനിക്ക് അവസരം തരുന്ന അനുഭവങ്ങളാണ് ഉണ്ടായത്. ആയിടെ പങ്കെടുക്കാന്‍ സാധിച്ച ഗ്രൂപ്പ് മീറ്റിംഗുകളിലൊക്കെ യാതൊരു സാധ്യത ഇല്ലാതിരുന്നിട്ടും എനിക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുകയും അതെല്ലാം വചനം പങ്കുവയ്ക്കാനായി മാറ്റുകയും ചെയ്തു.
അങ്ങനെ യാത്രയയപ്പ് പരിപാടികള്‍, റിട്ടയര്‍മെന്റ് പ്രോഗ്രാമുകള്‍, വിവാഹാഘോഷ വേദികള്‍, ഓഫീസ് പ്രോഗ്രാമുകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പല സന്ദര്‍ഭങ്ങളിലും എനിക്ക് രണ്ടുവാക്ക് പറയാന്‍ കര്‍ത്താവ് അവസരം ഒരുക്കും. അവിടെയൊക്കെ ഈശോയുടെ സുവിശേഷത്തിന്റെ ചൈതന്യം സന്ദേശമായി സംസാരിക്കാന്‍ കര്‍ത്താവ് എന്നെ നിര്‍ബന്ധിക്കുകയും ചെയ്യും. പക്ഷേ ഇതിന്റെയെല്ലാം തുടക്കം ഹോസ്റ്റലിലെ ആ ടെറസ്സില്‍ നിന്നാണ് കേട്ടോ. ഞാന്‍ പറഞ്ഞു വരുന്നത് ഇത്തരം നല്ല ആഗ്രഹങ്ങള്‍ കളയരുത് എന്നാണ്. നടക്കില്ലെന്ന് കണ്ട് ഉപേക്ഷിക്കരുത് എന്നുമാണ്. രഹസ്യത്തിലെങ്കിലും ഭാവനയില്‍ കണ്ട് ദൈവികമായ ആഗ്രഹങ്ങള്‍ നിറവേറ്റുക. വചനം പങ്കുവയ്ക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഈശോയോടുള്ള സ്‌നേഹത്തെപ്രതി മടികാണിക്കാതെ വിനിയോഗിക്കുക.
ബെനഡിക്ട് പാപ്പ ഇതിനെക്കുറിച്ച് ലോക യുവജന സമ്മേളനത്തില്‍ പറഞ്ഞത് എന്താണെന്നോ? ‘ക്രിസ്തുവിന്റെ വചനത്തോട് അവഗാഢം ബന്ധിച്ചിരിക്കുന്ന, നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളികളോട് പ്രത്യുത്തരിക്കാന്‍ കഴിവുള്ള, എല്ലായിടത്തും സുവിശേഷം വ്യാപിപ്പിക്കാന്‍ സജ്ജീകൃതരായ അപ്പസ്‌തോലന്മാരുടെ പുതിയ തലമുറ ജനിക്കണമെന്ന് ഒരു അടിയന്തരാവശ്യമുണ്ട് എന്നാണ് (ബനഡിക്ട് 16ാമന്‍ മാര്‍പാപ്പാ, ഏപ്രില്‍ 6, 2006.)
നമ്മുടെ ബസ് യാത്രകള്‍, ഫോണ്‍ കോളുകള്‍, തൊഴില്‍ കൂട്ടായ്മകള്‍, കൊച്ചുകൊച്ചു മീറ്റിംഗുകള്‍, ആഘോഷ പരിപാടികള്‍ എന്നിങ്ങനെ മനസ്സുവച്ചാല്‍ എത്രയെത്ര അവസരങ്ങളാണ് വചനം കൊടുക്കാന്‍ നമുക്ക് ചുറ്റും കര്‍ത്താവിന് ഒരുക്കിത്തരാനുള്ളത്! നമ്മള്‍ ഒരുങ്ങിയാല്‍ അല്ലേ അവിടുത്തേക്ക് അയക്കാനാവൂ.
വചനം പഠിക്കുകയും പ്രാര്‍ത്ഥിക്കുകയും അതിയായി ആഗ്രഹിച്ച് ഈശോയില്‍ ആശ്രയിക്കുകയും ചെയ്യുക. ഒന്നുംതന്നെ പാഴാവുകയോ വ്യര്‍ത്ഥമായി പോവുകയോ ചെയ്യില്ല. വചനം പങ്കുവയ്ക്കാനുള്ള നേരിയ ഒരു നെടുവീര്‍പ്പ് പോലും, ഉറപ്പ്! ”സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല” (1 കോറിന്തോസ് 15/1,2)
'അസ്സീസ്സിയിലെ മേയര്‍ ആയിരുന്നു വിശുദ്ധ ഗബ്രിയേല്‍ പൊസെന്റിയുടെ പിതാവ്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ അദേഹം ദൈവത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കും. മേയര്‍ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനുള്ള ദൈവകൃപ ചോദിച്ചും അദേഹം പ്രാര്‍ത്ഥിച്ചിരുന്നു. വിശുദ്ധന്റെ അമ്മ പരിശുദ്ധ ദൈവമാതാവിന്റെ വ്യാകുലങ്ങളെക്കുറിച്ച് നിരന്തരം ധ്യാനിക്കുക പതിവായിരുന്നു. ഇരുവരുടെയും പ്രാര്‍ത്ഥനയും ധ്യാനവും മകനെ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേലായി രൂപാന്തരപ്പെടുത്തി.
ബിസിനസുകാരനായ പിതാവില്‍നിന്നാണ് ദൈവാരാധനയുടെയും കൃതജ്ഞതയുടെയും പ്രാധാന്യം വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ മനസിലാക്കുന്നത്. ബിസിനസില്‍ വഞ്ചിക്കപ്പെട്ടപ്പോഴും അദേഹം നിരാശനാവുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. മറിച്ച് തികഞ്ഞ മുഖപ്രസാദത്തോടെ ദൈവത്തിന് നന്ദിയും ആരാധനയും അര്‍പ്പിച്ചുകൊണ്ടിരുന്നു. വിശുദ്ധന്‍ പിതാവിനെക്കുറിച്ച് പറയുന്നതിങ്ങനെ: എന്റെ പിതാവ് ബിസിനസില്‍ വഞ്ചിക്കപ്പെട്ട് തകര്‍ക്കപ്പെട്ടു. അതിനാല്‍ ദാരിദ്ര്യം എന്തെന്ന് ഞാന്‍ അറിയാന്‍ ഇടയായി.
കടുത്ത പരാജയത്തിലും ദാരിദ്ര്യത്തിലും ദൈവത്തിന് നന്ദിപറയുന്ന പിതാവില്‍ നിന്ന് ഞാന്‍ ദൈവത്തെ കണ്ടെത്തി. അതിനാല്‍ ദാരിദ്ര്യത്തെപ്രതിയും എന്റെ പിതാവിനെപ്രതിയും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.”
വിശുദ്ധ ജിയന്ന മൊള്ളയുടെ ഭവനത്തില്‍, ഭക്ഷണത്തിന് മുമ്പ് ദൈവത്തിന് കൃതജ്ഞതയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ തുടര്‍ച്ചയെന്നോണം, അത്ര പവിത്രമായിരുന്നു അവര്‍ക്ക് കുടുംബഭക്ഷണം. മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ആ അനുഗൃഹീത പ്രാര്‍ത്ഥന ജിയന്നയെ വളരെയധികം സ്വാധീനിച്ചു. അവരുടെ ദൈവോന്മുഖ ജീവിതശൈലിയാണ് ജിയന്ന മൊള്ളയുടെ വിശുദ്ധിയുടെ അടിക്കല്ലുകള്‍.
ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയുടെ വ്യക്തിത്വങ്ങളായിരുന്നു. പിതാവ് വിശുദ്ധ ലൂയി മാര്‍ട്ടിന്‍, കൊച്ചുത്രേസ്യായ്‌ക്കൊപ്പം പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം കൂടെക്കൂടെ സന്ദര്‍ശിച്ച് സ്വദേശമായ ഫ്രാന്‍സിനുവേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. ഫ്രാന്‍സ് ക്രൈസ്തവവിശ്വാസത്തില്‍ വേരുറയ്ക്കാനും ലോകരാഷ്ട്രങ്ങള്‍ക്ക് ക്രിസ്തുസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായിത്തീരുന്നതിനും സമൃദ്ധമായ ദൈവകൃപ അത്യാവശ്യമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ഇവയെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്ന ഇളയമകള്‍ മിഷനറിമാരുടെ മദ്ധ്യസ്ഥയായത് യാദൃശ്ചികമല്ലല്ലോ. ലൂയി മാര്‍ട്ടിനും ജീവിതപങ്കാളിയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു.
വിശുദ്ധ ഫൗസ്റ്റീന തന്റെ പിതാവ് സ്റ്റാനിസ്ലോവൂസിന്റെ പ്രാര്‍ത്ഥനാജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ഇത്രയും വര്‍ഷം മഠത്തില്‍ ജീവിച്ചിട്ടും എന്റെ പിതാവിന്റെ അത്ര ആത്മാര്‍ത്ഥതയോടും തീക്ഷ്ണതയോടും പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ലജ്ജ തോന്നുന്നു. അദ്ദേഹം അതിരാവിലെ എഴുന്നേല്‍ക്കുകയും പരിശുദ്ധ അമ്മയുടെ ചെറിയ ഓഫീസ് പ്രാര്‍ത്ഥിക്കുകയും ചെയ്യും. നോമ്പുകാലത്ത് എല്ലാദിവസവും കുരിശിന്റെ വഴി അര്‍പ്പിച്ചും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, അദേഹത്തിന്റെ പിതാവ് രാത്രിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നത് ദിവസേന കണ്ടു വളര്‍ന്നിരുന്നതിനാല്‍ അത് അദ്ദേഹവും അനുവര്‍ത്തിച്ചു. മുട്ടിന്മേല്‍ നിന്നുള്ള പ്രാര്‍ത്ഥനകൊണ്ട് അദേഹം സാര്‍വത്രികസഭയെ ദീര്‍ഘനാള്‍ നയിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
വിശുദ്ധരുടെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം, പറയാതെ പഠിപ്പിച്ച ചില വാക്കുകളും പ്രവൃത്തികളുമായിരുന്നു.
വിശുദ്ധര്‍ അവരുടെ മാതാപിതാക്കളുടെ കരങ്ങളില്‍ പരിശുദ്ധ ജപമാല കണ്ടു. അതിരാവിലെയുള്ള പ്രാര്‍ത്ഥന, മഞ്ഞും വിറയ്ക്കുന്ന തണുപ്പും വകവയ്ക്കാതെ ദൈവാലയത്തിലേക്കുള്ള യാത്ര, ദൈവതിരുമുമ്പില്‍ ശിരസു നമിക്കുന്നത്, കാല്‍മുട്ടുകള്‍ തറയില്‍ കുത്തിനില്‍ക്കുന്നു, വിശുദ്ധ ബൈബിള്‍ ഭക്തിയോടെ വായിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. അവിടെനിന്നും വിശുദ്ധര്‍ ജന്മമെടുത്തു. അങ്ങനെ വിശുദ്ധരുടെ മാതാപിതാക്കള്‍ തങ്ങളുടെ മുട്ടുകുത്തി ലോകത്തെ മാറ്റിമറിച്ചു.
'”പിതാവായ ദൈവമേ, അങ്ങിത് കനിഞ്ഞരുളണമേ. എന്‍റെയും ഈശോയുടെയും പാദങ്ങള്‍ ഒന്നിച്ച് നടത്തണമേ. ഞങ്ങളുടെ കരങ്ങള്‍ ഒന്നുചേര്‍ന്നിരിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒന്നിച്ച് മിടിക്കണമേ, ഞങ്ങളുടെ സത്തകള്‍ ഒന്നായിരിക്കട്ടെ. ഞങ്ങളുടെ ചിന്തകളും മനസും ഒന്നായിരിക്കണമേ; ഞങ്ങളുടെ കാതുകള്‍ ഒന്നുചേര്‍ന്ന് നിശബ്ദതയില്‍ ശ്രവിക്കട്ടെ. പരസ്പരം ഞങ്ങള്‍ മിഴികളില്‍ ഐക്യത്തോടെ നോക്കിയിരിക്കട്ടെ; ഞങ്ങളുടെ അധരങ്ങള്‍ ഒരുമിച്ച് നിത്യപിതാവിനോട് കരുണയ്ക്കായി പ്രാര്‍ത്ഥിക്കട്ടെ”
‘പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാല’, എലിസബത്ത് സാന്റോ എന്ന വീട്ടമ്മയ്ക്ക് ഈശോ വെളിപ്പെടുത്തിയത്
'