Trending Articles
രാത്രി പതിനൊന്നുമണിയോടടുത്ത സമയത്തെ ആ ബൈക്കുയാത്ര അത്ര സുഖകരമായിരുന്നില്ല. ദീര്ഘദൂരം ബസില് യാത്ര ചെയ്ത് വന്നിട്ടാണ് അടുത്തുള്ള ടൗണില് വച്ചിരുന്ന ബൈക്ക് എടുത്ത് വീട്ടിലേക്ക് പോവുന്നത്. പെട്രോള് അടിക്കണമെന്ന് കരുതിയെങ്കിലും, ടൗണിലെ പെട്രോള് പമ്പ് അടച്ചുകഴിഞ്ഞിരുന്നു. പിറ്റേന്ന് പുലര്ച്ചെ ഒരു യാത്രയുണ്ട്. അതിനാല് എങ്ങനെയെങ്കിലും വേഗം വീട്ടിലെത്തിയേ പറ്റൂ. ക്ലേശങ്ങള്ക്ക് ആക്കം കൂട്ടാന് മഴയും പെയ്യാന് തുടങ്ങി. റെയിന്കോട്ട് എടുത്തുധരിച്ച് ഞാന് യാത്ര തുടര്ന്നു. വഴിഏകദേശം വിജനം.
അല്പനേരം കഴിഞ്ഞതേയുള്ളൂ, ശങ്കിച്ചതുപോലെതന്നെ, പെട്രോള് തീര്ന്നു. ഇനിയെന്തുചെയ്യും? പ്രാര്ത്ഥിക്കണമെന്ന് തോന്നി. ജപമാല കയ്യിലെടുത്തെങ്കിലും ചൊല്ലാനുള്ള മാനസികാവസ്ഥയില്ല. അതിനാല് പകരം എത്രയും ദയയുള്ള മാതാവേ ജപം തുടരെ ചൊല്ലാന് തുടങ്ങി. പെട്ടെന്നാണ് ഒരു വാഹനം വരുന്നതുകണ്ടത്. വേഗം ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി വയ്ക്കാന് ശ്രമിച്ചു. പക്ഷേ ആ വാഹനം എനിക്കരികില് നിര്ത്തി. സ്വന്തംവീട്ടിലേക്ക് പോകുന്ന ഗള്ഫ് പ്രവാസിയുടെ വാഹനമാണെതെന്ന് പെട്ടെന്നു മനസിലായി. മുന്സീറ്റിലിരുന്ന മനുഷ്യന് എന്നോട് ചോദിച്ചു, ”അടുത്ത് പെട്രോള് പമ്പ് എവിടെയാണുള്ളത്?”
അഞ്ച് കിലോമീറ്ററോളം അപ്പുറത്താണെന്ന് മറുപടി നല്കിയപ്പോള് മറ്റൊന്നും പറയാതെ അദ്ദേഹം പോയി. ഞാന് എത്രയും ദയയുള്ള മാതാവേ ചൊല്ലിക്കൊണ്ടിരുന്നു. അല്പനേരം കഴിഞ്ഞപ്പോള് നേരത്തേ കണ്ട വാഹനം തിരികെ വരുന്നത് കണ്ടു. അതില്നിന്ന് ആ മനുഷ്യന് ഒരു കുപ്പി പെട്രോള് എടുത്ത് എനിക്കുനേരെ നീട്ടി, ”ഇത് വണ്ടിയിലൊഴിച്ചോ!”
അമ്പരപ്പോടെയാണെങ്കിലും ഞാനത് വാങ്ങി പെട്രോള് ടാങ്കിലൊഴിച്ചു.
”ഇനി സ്റ്റാര്ട്ട് ചെയ്ത്നോക്ക്”
ഞാന് ബൈക്ക് സ്റ്റാര്ട്ട് ചെയ്തു.
”കുഴപ്പമൊന്നുമില്ലല്ലോ?”
”ഇല്ല”
പിന്നെ മറ്റൊന്നും പറയാന് നിന്നില്ല. അദ്ദേഹം മടങ്ങി.
എന്റെ കണ്ണുകളില്നിന്ന് കണ്ണീര് ധാരയായി ഒഴുകാന് തുടങ്ങി. കരച്ചിലിനിടെ എന്റെ വാക്കുകള് ഇങ്ങനെയായിരുന്നു, ”ഈ പാതിരാത്രിയില് പെട്രോളും തരുമെങ്കില്, എന്റെ മാതാവേ, ഇനി എനിക്ക് ഒന്നും പറയാനില്ല!” ആ രാത്രിയില് എത്രയും ദയയുള്ള മാതാവിന്റെ മാധ്യസ്ഥ്യമല്ലാതെ മറ്റെന്താണ് ആ വ്യക്തിയുടെ മനസില് എനിക്ക് പെട്രോള് വാങ്ങിത്തരണമെന്ന് പ്രേരണ നല്കിയത്?
”ദൈവഭക്തര് ആപത്തില് അവിടുത്തോട് പ്രാര്ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല” (സങ്കീര്ത്തനങ്ങള് 32/6).
Paul Suresh
ഞാന് ആയിരിക്കുന്ന സന്യാസസഭയില് ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കള്ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്ത്ഥിക്കണമെന്ന നിര്ബന്ധമുണ്ട്. സെമിനാരിയില് ക്ലാസുള്ള ഒരു ദിവസം ഈ പ്രാര്ത്ഥനയെക്കുറിച്ചു ഞാന് പാടേ മറന്നുപോവുകയുണ്ടായി. ഇടയ്ക്ക് എപ്പോഴോ ഞാന് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി മറിച്ചുനോക്കിയപ്പോള് അതില് പുണ്യവതി, ഒരു കാര്യം അറിയാനായി തനിക്കുണ്ടായ ജിജ്ഞാസ അടക്കിയതും പകരം അത് ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ഒരു ആത്മാവിനുവേണ്ടി കാഴ്ചവച്ചതും വായിക്കാനിടയായി. ഉടനെ ഞാന് എന്റെ മറന്നുപോയ അന്നത്തെ പ്രാര്ത്ഥനയെക്കുറിച്ച് ഓര്ത്തു. ഇതാ ഇവിടെ ഞാന് വ്യത്യസ്തവും എന്നാല് പ്രായോഗികവുമായ ഒരു പ്രാര്ത്ഥനാരീതി കണ്ടുമുട്ടിയിരിക്കുന്നു. ഞാന് വേഗം ഇത്തരത്തില് എന്തെങ്കിലും എനിക്കും ചെയ്യാന് കഴിയുമോയെന്ന് ചിന്തിച്ച് കൊണ്ടിരിക്കെ, കസേരയില് ചാരിയിരിക്കാതെ നിവര്ന്നിരുന്നുകൊണ്ട് ആ സുഖം ഉപേക്ഷിക്കാനും പകരം ആ കൊച്ചുപരിത്യാഗം ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ആത്മാക്കള്ക്കായി കാഴ്ചവച്ചു പ്രാര്ത്ഥിക്കുവാനും ആത്മാവ് എന്നെ പ്രേരിപ്പിച്ചു. ചാരിയിരുന്നുകൊണ്ടാണ് ഇപ്പോള് ഇത് വായിക്കുന്നതെങ്കില് അത് കാഴ്ചവച്ചു തുടര്ന്ന് വായിക്കണേ…. ജിജ്ഞാസ ഉണ്ടാകുമ്പോള് കാഴ്ചവയ്ക്കാന് കാത്തിരിക്കാതെ ഓര്മ്മയില്വന്ന ഒരു ആത്മാവിനുവേണ്ടി ഉടനെ ഇക്കാര്യം ഞാന് കാഴ്ചവച്ചു. ഇതാ ഒരു സെക്കന്റ് കൊണ്ട് ഞാന് ഒരു ഉഗ്രന് പ്രാര്ത്ഥന സമര്പ്പിച്ചിരിക്കുന്നു. ഒരു കൊച്ചു പരിത്യാഗം കാഴ്ചവച്ചിരിക്കുന്നു. കര്ത്താവിന്റെ കൃപ എനിക്ക് ആവേശം പകര്ന്നു. വേഗം ഒരു സുകൃതജപവും കരുണക്കൊന്തയും ജപമാലയുടെ ഒരു രഹസ്യവും ഇതേ നിയോഗത്തിനായി കാഴ്ചവച്ചു പ്രാര്ത്ഥിച്ചു. അന്നേരം എന്തെന്നില്ലാത്ത ഒരു ഉണര്വ്വും ആനന്ദവുമാണ് എനിക്ക് അനുഭവപ്പെട്ടത്. പരിശുദ്ധാത്മാവ് നല്കിയ കൊച്ചുപ്രേരണയെ അനുസരിച്ചപ്പോള് വേണ്ടവിധം പ്രാര്ത്ഥിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുകൊണ്ട് അവിടുന്ന് എന്നെ സഹായിച്ചിരിക്കുന്നു. ഹല്ലേലുയ്യാ! ഞാന് ഈ അനുഭവത്തിലൂടെ പറയാന് ആഗ്രഹിക്കുന്നത് ഇവയെല്ലാമാണ്; ആത്മാവിന്റെ പ്രേരണകള് അനുസരിക്കുക, ഒരു ശ്വാസംപോലും പാഴാക്കാതെ ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കുക, കര്ത്താവിന്റെ കൃപയില് ആശ്രയിച്ച് ആത്മാവിന്റെ ഇഷ്ടത്തിനൊത്ത് പ്രാര്ത്ഥിക്കുകയും കൊച്ചുകൊച്ചു പരിത്യാഗങ്ങള് ചെയ്തു മുന്പോട്ട് പോവുകയും ചെയ്യുക. നന്നായി പ്രാര്ത്ഥിക്കാന് പറ്റുന്നില്ലെന്നോര്ത്ത് തളരരുത്, കുറേ സമയം പ്രാര്ത്ഥനയ്ക്ക് കിട്ടുന്നില്ലല്ലോ എന്നുവിചാരിച്ച് വിഷമിക്കുകയും അരുത്. നമുക്ക് പ്രിയപ്പെട്ട വിശുദ്ധ കൊച്ചുത്രേസ്യയൊക്കെ ചെയ്തിരുന്നതുപോലെ നമ്മുടെ ഒരു ഹൃദയമുയര്ത്തല്പോലും പ്രാര്ത്ഥനയാക്കുക എന്നുസാരം. അല്പ്പംമുന്പ് നിവര്ന്നിരുന്നത് ഒരു പ്രാര്ത്ഥനയാക്കാന് മറന്നേക്കരുത് കേട്ടോ…! ''കര്ത്താവിന്റെ ഭക്തരേ, അവിടുത്തെ ആശ്രയിക്കുവിന്; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല” (പ്രഭാഷകന് 2/8).
By: ബ്രദര് അഗസ്റ്റിന് ക്രിസ്റ്റി PDM
More”എല്ലാം പൊറുക്കുന്ന ദൈവത്തിന്റെ കരുണയാണ് മഴയെന്ന് സങ്കല്പിക്കുക. അത് ആത്മാവില് പതിക്കുമ്പോള് പാപത്തിന്റെ കറകള് മായുകയും മനുഷ്യഹൃദയം നവീകരിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞാടിന്റെ പാപപരിഹാരബലിയാല് എല്ലാ ദൈവമക്കള്ക്കും ലഭിക്കുന്ന ദൈവികസമ്മാനമാണത്. എല്ലാവര്ക്കും വാഗ്ദാനം ചെയ്യപ്പെടുന്ന ദൈവത്തിന്റെ കരുണ. അംഗീകരിച്ചാല്മാത്രം മതിയാകുന്ന, സ്വീകരിച്ചാല്മാത്രം മതിയാകുന്ന, ദൈവികവാഗ്ദാനം.” ഈശോ അപ്പസ്തോലനായ യാക്കോബിനോട്, ‘യേശുവിന്റെ കണ്ണുകളിലൂടെ’- വാല്യം ഒന്ന്.
By: Shalom Tidings
Moreവര്ഷങ്ങള്ക്ക് മുമ്പ് അദ്ധ്യാപകര്ക്കു വേണ്ടിയുള്ള ഒരു കരിസ്മാറ്റിക് സമ്മേളനം, സുപ്രധാനമായ ഒരു ക്ലാസ് കൊടുക്കാന് നിയുക്തനായത് ഞാനായിരുന്നു. വരുംതലമുറയെ വാര്ത്തെടുക്കുന്നവരാണല്ലോ അദ്ധ്യാപകര്, അക്കാരണത്താല്ത്തന്നെ ആ സമ്മേളനം ഏറെ പ്രാധാന്യം അര്ഹിക്കുന്നതായി ഞാന് കരുതി. ഞാന് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം അറിവുള്ളവരുടെ സഹായത്തോടെ നന്നായി ഒരുങ്ങാന് സാധിച്ചു; നോട്ടും കുറിച്ചിരുന്നു. ഒരുങ്ങി കുമ്പസാരിച്ചു, ദിവ്യകാരുണ്യം സ്വീകരിച്ചു. മനസിനെ ശാന്തമാക്കി സൂക്ഷിക്കാന് പ്രത്യേകം ശ്രദ്ധിച്ചു. പതിവിന് വിരുദ്ധമായി തീവണ്ടിയില് ബര്ത്തും റിസര്വ് ചെയ്തിരുന്നു. ഒന്നും എന്റെ ദൗത്യനിര്വ്വഹണത്തിനു തടസം വരുത്തരുതല്ലോ. പോകേണ്ട ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്കു പുറപ്പെടുമ്പോള് കരുതി, വീട്ടിലെത്തി കുളിച്ച് നേരത്തേതന്നെ അത്താഴവും കഴിച്ച് റെയില്വേ സ്റ്റേഷനിലെത്തും. ആദ്യത്തെ ക്ലാസ് എന്റേതാണ്. എല്ലാ കരുതലുകളും എടുത്തു. എന്നാല് ജോലിസ്ഥലത്തുനിന്നും മടങ്ങിയെത്തിയ എന്നെ സ്വീകരിച്ചത് ആദ്യത്തെ വീഴ്ച വീണ് മൂക്കും മുഖവും കരുവാളിച്ചു നില്ക്കുന്ന ഒന്നര വയസുകാരിയായ എന്റെ സൗമ്യമോളാണ്. എനിക്കൊട്ടും സഹിച്ചില്ല. മോളെയും വാരിയെടുത്ത് ഞാന് തിരുഹൃദയരൂപത്തിന്റെ മുമ്പിലെത്തി. ”എന്തുകൊണ്ട് നീ എന്റെ കുഞ്ഞിനെ കാത്തുസൂക്ഷിച്ചില്ല. ശരിയാണ്, കുഞ്ഞുങ്ങള് വീണേക്കും. ആദ്യത്തെ വീഴ്ചയും ഒരു ദിവസം ഉണ്ടായേ പറ്റൂ. പക്ഷേ, ഇന്ന് ഇതു വേണ്ടിയിരുന്നോ?…. ഇന്നെനിക്കെങ്ങനെ അവിടെ എത്തി ഭംഗിയായി പ്രസംഗിക്കാനാവും? എന്റെ കുഞ്ഞിന്റെ നീരുവീര്ത്ത മുഖമാവില്ലേ തിരികെ എത്തുവോളം എന്റെ കണ്മുന്പില്…” പിന്നെയും എന്തെല്ലാമൊക്കെയോ ഞാന് പുലമ്പി. കുറച്ചു പറഞ്ഞു കഴിയുമ്പോഴുള്ള ഒരു ശാന്തത. ആ ശാന്തതയില് എന്റെ മനസില് ഒരു സ്വരമുയര്ന്നു. ”ആരുടെ കുഞ്ഞാണവള് നിന്റെ കുഞ്ഞോ?” ഞാന് പറഞ്ഞു, ”അതെ, എന്റെ കുഞ്ഞ്.” ഒന്നുകൂടി ചിന്തിച്ചു നോക്കൂ, ”നിന്റെ കുഞ്ഞോ?” ഞാനല്പമൊന്നയഞ്ഞു, ”നീ എനിക്കുതന്ന കുഞ്ഞ്.” ”അതെ. നീ അവളെ കാണുന്നതിനെത്രയോ മുമ്പ് ഞാന് സ്നേഹിച്ചു തുടങ്ങിയ എന്റെ കുഞ്ഞ്. വളര്ത്താന് ഞാന് നിന്നെ ഏല്പിച്ച എന്റെ പൊന്നോമന കുഞ്ഞ്.” വാദി പ്രതിയായി മാറുന്നതു ഞാനറിഞ്ഞു. പതിഞ്ഞ സ്വരത്തില് ഞാന് പറഞ്ഞു, ”അവളുടെ ചതഞ്ഞുവീര്ത്ത മുഖം കണ്ടപ്പോള് എനിക്കു വല്ലാതെ വിഷമം തോന്നി. ഞാനെന്തൊക്കെയോ പറഞ്ഞു പോയി… എന്നോട്…” ‘ ”നിന്റെ മോള് ഒന്നു വീണപ്പോള് നിനക്കിത്രയേറെ വേദന, ഈ വേദനയില് ചവുട്ടിനിന്നുകൊണ്ടു നീ പോയി അവരോടു പറയുക, വീഴുന്ന ഓരോ പൊന്നോമനകളെക്കുറിച്ചും ഞാനെന്തുമാത്രം വേദനിക്കുന്നുവെന്ന്.” അന്നു തീവണ്ടിയിലെ ബര്ത്തില് കിടക്കുമ്പോള് മനസു നിറയെ വീഴുന്ന കുഞ്ഞുങ്ങളായിരുന്നു. ആത്മീയമായി, മാനസികമായി, വൈകാരികമായി, ശാരീരികമായി തകരുന്ന കുഞ്ഞുങ്ങള്…. ദൈവത്തിന്റെ പൊന്നോമനകളുടെ വീഴ്ചകള്. ”എന്നില് വിശ്വസിക്കുന്ന ഈ ചെറിയവരില് ഒരുവനു ദുഷ്പ്രേരണ നല്കുന്നവന് ആരായാലും അവനു കൂടുതല് നല്ലത് കഴുത്തില് ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില് താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18/6). ”ഈ ചെറിയവരില് ആരെയും നിന്ദിക്കാതിരിക്കാന് സൂക്ഷിച്ചുകൊള്ളുക. സ്വര്ഗത്തില് അവരുടെ ദൂതന്മാര് എന്റെ സ്വര്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന് നിങ്ങളോടു പറയുന്നു” (മത്തായി 18/10-11). ”ശിശുക്കള് എന്റെയടുത്തു വരാന് അനുവദിക്കുവിന്. അവരെ തടയരുത്. എന്തെന്നാല് ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (മര്ക്കോസ് 10/14). ദൈവത്തിന്റെ വേദനയെന്തെന്ന് അല്പമൊന്നൂഹിക്കാന് എനിക്കു പറ്റി. വീഴ്ചകളെ ഒഴിവാക്കാനും വീഴാതെ ജീവിക്കാനും അവരെ ഒട്ടേറെ സഹായിക്കേണ്ട അദ്ധ്യാപകര്. അവരോട് ഈ പിതാവിന്റെ വേദനയുടെ കഥയാണ് പറയേണ്ടത് എന്ന് എനിക്കു മനസിലായി. തീവണ്ടിയില് നിന്നും ഇറങ്ങിയ ഞാന് ആദ്യം ചെയ്തത് കയ്യില് കരുതിയിരുന്ന പ്രസംഗത്തിന്റെ കുറിപ്പടി കീറിക്കളയുകയായിരുന്നു. ഞാന് കണ്ടെത്തി എന്റെ പ്രാര്ത്ഥന പലപ്പോഴും ദൈവം ചെയ്തതിലെ കുറ്റം കണ്ടെത്തലാകുന്നു. ദൈവത്തിന്റെ മറവികള് ചൂണ്ടിക്കാട്ടലാകുന്നു. ദൈവത്തിനു നിര്ദ്ദേശങ്ങള് നല്കലാകുന്നു. എന്റെ ഉത്തരവാദിത്വങ്ങള് സൗകര്യപൂര്വ്വം വിസ്മരിക്കുകയും അതിന്റെ കൂടി കുറ്റം ദൈവത്തിലാരോപിക്കയും ആകുന്നു. ദൈവഹിതമറിയാനും അതു നിറവേറ്റേണ്ടതെങ്ങനെയെന്നു ചോദിക്കാനും അതിനാവശ്യമായ ശക്തി നേടാനുമല്ലേ വാസ്തവത്തില് എന്റെ പ്രാര്ത്ഥനാസമയം വിനിയോഗിക്കേണ്ടിയിരിക്കുന്നത്. ഞാന് പഠിച്ചു പറഞ്ഞുകേട്ടതോ വായിച്ചറിഞ്ഞതോ ആയ ഒരു ദൈവത്തെയല്ല അനുഭവിച്ചറിഞ്ഞ ഒരു ദൈവത്തെ വേണം പ്രഘോഷിക്കുവാന്. ഓരോ കാര്യത്തെയും ഓരോ സംഭവത്തെയും ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ട്, അനുഭവിച്ചാലേ പ്രവാചകദൗത്യം നിറവേറ്റാനാവൂ. അതിനാണ് പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമായിരിക്കുന്നത് (1 കോറിന്തോസ് 2/11-16). *********
By: George Gloria
Moreഏഴാം ക്ലാസിലെ അവധിക്കാലത്ത് ഞാന് ഒരു ബന്ധുവീട്ടില് പോയി. അവിടെ പോകാന് എനിക്ക് വലിയ താത്പര്യമായിരുന്നു. കാരണം അവിടെ എന്റെ പ്രായത്തിലുള്ള കുറെ കുട്ടികളുണ്ട്. ഞങ്ങളുടെ അവധിക്കാലത്തെ പ്രധാന വിനോദങ്ങളിലൊന്നാണ് പുഴയില് കുളിക്കാന് പോകല്. വീട്ടില്നിന്ന് അധികം ദൂരെയല്ലാതെയാണ് പുഴ. ഒരു ദിവസം ഞങ്ങള് പുഴയിലിറങ്ങിയ സമയം. എനിക്കന്ന് നീന്തല് അത്ര വശമില്ല. കുളിക്കുന്നതിനിടയില് ഞാന് അല്പം ദൂരേക്ക് നീങ്ങി. എങ്ങനെയാണെന്നറിയില്ല, താമസിയാതെ ഒരു കയത്തില്പെട്ടു. വെപ്രാളപ്പെട്ട് വിളിച്ചെങ്കിലും കളിയുടെ ബഹളത്തിലായതുകൊണ്ട് കൂട്ടുകാരൊന്നും കേട്ടില്ല. ശ്വാസം കിട്ടാത്ത അവസ്ഥ. ഞാന് വല്ലാതെ പേടിച്ചു. വെള്ളത്തില് മുങ്ങിപ്പോയിക്കൊണ്ടിരുന്നു. മരണം മുന്നില് കണ്ടു. ആ സമയത്ത് കഴുത്തില് ഉണ്ടായിരുന്ന ജപമാല മുറുകെ പിടിച്ചതായി ഓര്മ്മയുണ്ട്. പെട്ടെന്ന് ഒരു വേരില് പിടുത്തം കിട്ടി. അതില് ഒരു വിധത്തില് പിടിച്ചുകയറി കരയിലെത്തി. എനിക്കുറപ്പാണ് ആ നിമിഷങ്ങളില് എന്റെ നല്ല ദൈവം പരിശുദ്ധ അമ്മയുടെ യാചന കേട്ട് എന്നെ മരണത്തില്നിന്ന് രക്ഷിച്ചതാണെന്ന്. ഞങ്ങളുടെ ഇടവകദൈവാലയത്തില് മാതാവിന്റെ ഒരു രൂപമുണ്ട്. ചെറുപ്പത്തില് എന്നും സ്കൂളില് പോകുമ്പോള് ആ രൂപത്തിനു മുന്പില് കുറച്ചു പൂക്കള് കൊണ്ട് പോയി വയ്ക്കുക എന്റെ ശീലമായിരുന്നു. ദൈവസ്മരണയോടെ ചെയ്യുന്ന കുഞ്ഞുപ്രവൃത്തികള്ക്ക് പോലും അവിടുത്തെ മുന്പില് കൃത്യമായ കണക്കുണ്ട് എന്നത് സത്യമാണ്. പൂക്കള് വച്ചിട്ട് വൈദികനാക്കണമെന്നു പ്രാര്ത്ഥിച്ചിരുന്നോ എന്ന് ഓര്മ്മയില്ല. പക്ഷേ ചെറുപ്പം മുതല് അള്ത്താരയില് ശുശ്രൂഷിക്കാന് അവസരം കിട്ടിയതുകൊണ്ട് അന്നേതന്നെ അല്പംകൂടി അള്ത്താരയോട് ചേര്ന്നുനിന്ന് വിശുദ്ധ കുര്ബാനയര്പ്പിക്കാന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് പരിശുദ്ധ അമ്മ മനസിലാക്കിയിട്ടുണ്ടാകണം. കണ്ണ് നിറയ്ക്കുന്ന വാത്സല്യം കുട്ടിയായിരുന്നപ്പോഴേ പത്ത് മണികളുള്ള ഒരു ചെറിയ കൊന്ത എപ്പോഴും കയ്യില് കരുതുകയും സാധിക്കുമ്പോഴൊക്കെ ചൊല്ലുകയും ചെയ്യുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയില് പോകാന് അപേക്ഷ കൊടുത്ത സമയം. സെലക്ഷന് ക്യാംപെല്ലാം കഴിഞ്ഞ് ആര്ച്ച്ബിഷപ്പിന്റെ അടുത്ത് ഇന്റര്വ്യൂവിന് ചെന്നിരിക്കുകയാണ്. നാല്പത്തിനാലോളം കുട്ടികള് സെമിനാരി പ്രവേശനത്തിനായി ഇന്റ്റര്വ്യൂവിനു വന്നിട്ടുണ്ട്. ഞാന് തിരഞ്ഞെടുക്കപ്പെടുമെന്ന് ഒരു പ്രതീക്ഷയും ഇല്ല. കാരണം ഇരുപതു പേരെയാണ് തിരഞ്ഞെടുക്കാന് പോകുന്നത്. എന്നാല് ഇന്റര്വ്യൂവിന്റെ സമയത്തു മാതാവ് തോന്നിപ്പിച്ചതുപാലെ ഞാന് ഒരു കാര്യം പിതാവിനോട് (ആര്ച്ച്ബിഷപ്പിനോട്) പറഞ്ഞു, ”എനിക്ക് പത്തു മണികളുള്ള ഒരു ചെറിയ കൊന്തയുണ്ട്, അതുപയോഗിച്ച് ഏറെ കൊന്ത ചൊല്ലാറുണ്ട്. ഏറ്റവും പ്രധാന നിയോഗം അച്ചനാക്കണേ എന്നതാണ്!” പിതാവ് അത് കേട്ട് പുഞ്ചിരിച്ചതുമാത്രമേ ഉള്ളൂ. പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക വന്നപ്പോള് അതില് ഇരുപത്തിയൊന്ന് പേര്! അവസാനത്തെ പേരാകട്ടെ എന്റേതും!! പിന്നീടൊരിക്കല് സെമിനാരിയിലെ ആദ്ധ്യാത്മിക പിതാവായ വൈദികന് എന്നോട് ഒരു രഹസ്യം പറഞ്ഞു. ആദ്യം തയ്യാറാക്കിയ ഇരുപത് പേരുടെ പട്ടികയില് എന്റെ പേര് ഇല്ലായിരുന്നു. പക്ഷേ പിന്നീട് പിതാവ് റെക്ടറച്ചനോട് പറഞ്ഞുവത്രേ, ”കൊന്ത ചൊല്ലാറുണ്ട് എന്ന് പറഞ്ഞ കുട്ടിയുടെ പേരും കൂടി ചേര്ത്തുകൊള്ളുക!” അങ്ങനെയാണ് എനിക്ക് സെമിനാരിയില് ചേരാന് കഴിഞ്ഞത്. ഇന്ന് ഒരു പുരോഹിതനായിരുന്നുകൊണ്ട് ഈ വരികള് കുറിക്കുമ്പോള് എന്റെ കണ്ണ് നിറയുന്നുണ്ട് മാതാവിന്റെ വാത്സല്യമോര്ത്ത്. സെമിനാരി ജീവിതത്തില് പരിശീലനത്തിന്റെ വഴികളിലൂടെ കടന്നു പോയപ്പോള് ഏറെ അഗ്നിപരീക്ഷകള് നേരിടേണ്ടി വന്നു. ആ സമയത്തൊക്കെ പിടിച്ചു നില്ക്കാന് എന്നെ സഹായിച്ചത് നമ്മുടെ അമ്മയുടെ ജപമാലയായിരുന്നു. പിന്നീട് വര്ഷങ്ങള്ക്കിപ്പുറം ഞാന് കര്ത്താവിന്റെ പുരോഹിതനായി. വൈദികനായപ്പോഴത്തെ തീരുമാനം വൈദികനായ അന്ന് എടുത്ത ഒരു തീരുമാനമായിരുന്നു എന്റെ അജപാലനത്തിനുകീഴില് വരുന്ന ജനങ്ങളില് പരിശുദ്ധ അമ്മയോടുള്ള ഭക്തി വര്ധിപ്പിക്കാന് സാധിക്കുന്നതെല്ലാം ചെയ്യുമെന്ന്. പുരോഹിതനായി രണ്ടു വര്ഷങ്ങള്ക്ക് ശേഷം എന്നെ തലശേരി രൂപതയിലെ വിളമന ദൈവാലയവികാരിയായി പിതാവ് നിയോഗിച്ചു. കൊവിഡ് കാലത്താണ് ഞാന് അങ്ങോട്ട് എത്തിയത്. കുറച്ചു നാളുകള്ക്കു ശേഷം വിമല ഹൃദയ പ്രതിഷ്ഠ നടത്തണമെന്ന് ഒരു പ്രചോദനം കിട്ടി. ഞാന് ഇടവകക്കാരോട് അത് സംബന്ധിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. തന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആത്മാക്കള് നിത്യ നരകാഗ്നിയില് പതിക്കാതെ സംരക്ഷിക്കപ്പെടും എന്നത് മാതാവിന്റെ വാഗ്ദാനം ആണല്ലോ. മുപ്പത്തി മൂന്ന് ദിവസം ഒരുങ്ങി അടുത്ത ദിവസമുള്ള മാതാവിന്റെ തിരുനാളിനാണ് നമ്മുടെ ആത്മാക്കളെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കേണ്ടത്. ഇടവകക്കാരെ മുഴുവന് ഇതിനായി പറഞ്ഞ് ഒരുക്കി. 2023 ഏപ്രില് മാസത്തിലും മെയ് മാസത്തിലുമായി മുപ്പത്തിമൂന്നു ദിവസങ്ങള് ഇടവകാംഗങ്ങള് മുഴുവനും പ്രാര്ത്ഥിച്ചു ഒരുങ്ങി. ദൈവാലയത്തില് വരാന് സാധിക്കുന്നവര് ദൈവാലയത്തിലും അല്ലാത്തവര് ഓണ്ലൈന് ആയും പ്രാര്ത്ഥനയില് സ്ഥിരമായി പങ്കെടുത്ത് തങ്ങളെത്തന്നെ ഒരുക്കി. ഒരുക്കത്തിന്റെ അവസാനം മെയ് മാസം പതിമൂന്നിന് ഫാത്തിമ മാതാവിന്റെ തിരുനാള് ദിവസം ആഘോഷമായ വിശുദ്ധ കുര്ബാനയ്ക്കുശേഷം ഞങ്ങള് എല്ലാവരും ഞങ്ങളെത്തന്നെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു. ഒരു ഇടവകയിലെ വിശ്വാസികള് ഒന്നിച്ച് വിമലഹൃദയപ്രതിഷ്ഠ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് തോന്നുന്നു. പിന്നീടങ്ങോട്ട് അത്ഭുതങ്ങളുടെ പെരുമഴയ്ക്കാണ് ഞാന് സാക്ഷ്യം വഹിച്ചത്. അതില് ഏറ്റവും അധികം സന്തോഷം നല്കുന്നത് ജനത്തിന് സംഭവിച്ച ആധ്യാത്മിക മുന്നേറ്റമാണ്. ജനത്തിന്റെ ആത്മരക്ഷ ഉറപ്പ് കിട്ടുന്നതാണ് പൗരോഹിത്യത്തിന്റെ ഏറ്റവും വലിയ സന്തോഷം. തനിക്ക് പ്രതിഷ്ഠിക്കപ്പെട്ട ആത്മാക്കളുടെ ആത്മീയകാര്യങ്ങളില്മാത്രമല്ല ഭൗതിക ആവശ്യങ്ങളിലും പരിശുദ്ധ അമ്മ ശ്രദ്ധാലുവാണ് എന്നതും അനുഭവങ്ങളിലൂടെ വ്യക്തമായി. ഈ കുറിപ്പ് വായിക്കുമ്പോള് നമുക്ക് തീരുമാനമെടുക്കാം അമ്മയോട് ചേര്ന്ന് എന്നും ജീവിക്കുമെന്ന്. മാതാവിന്റെ ജപമാല എന്നും നമുക്ക് കോട്ടയാവട്ടെ. നമ്മുടെ ആത്മാക്കളെ അമ്മയുടെ വിമലഹൃദയത്തിനു സമര്പ്പിച്ചും ആ സമര്പ്പണം ഇടയ്ക്കിടെ നവീകരിച്ചും അവളുടെ കരം പിടിച്ചു നമുക്ക് പിതാവിന്റെ ഭവനത്തിലേക്കുള്ള യാത്രയില് മുന്നേറാം. വിശുദ്ധ അല്ഫോന്സ് ലിഗോരിയോട് ഈശോ പറഞ്ഞു, ”എന്റെ അമ്മയുടെ ഒരു ചെറിയ നെടുവീര്പ്പ് മറ്റെല്ലാ വിശുദ്ധരുടെയും പ്രാര്ത്ഥനകളെക്കാള് എന്റെ മുന്പില് വിലപ്പെട്ടതാണ്.” ആ അമ്മ എന്നും നമ്മുടെ കൂടെയുണ്ടാവട്ടെ.
By: Fr. Elias Edukunnel
More