Home/Encounter/Article

ആഗ 28, 2023 335 0 ജോര്‍ജ് ജോസഫ്
Encounter

സൗഹൃദങ്ങള്‍ക്ക് മധുരം പകരാം

ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ നല്ല സൗഹൃദങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന ചിന്തകള്‍

ഈ ലോകത്തില്‍ ആദ്യം ഉടലെടുത്ത പ്രശ്നം പാപമാണെന്ന് തോന്നുന്നില്ല. അത് ഏകാന്തതയാണ്. ദൈവമായ കര്‍ത്താവ് സൃഷ്ടികര്‍മത്തിനുശേഷം മനുഷ്യനെ രൂപപ്പെടുത്തിയിട്ട് അവന്‍റെ ദുഃഖം മനസിലാക്കിയിട്ട് പറഞ്ഞു “മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും” (ഉല്‍പത്തി 2/8). അങ്ങനെ ദൈവംതന്നെ രൂപകല്‍പന ചെയ്ത ഒരു ഉടമ്പടിയാണ് കൂട്ട് എന്നത്. യഥാര്‍ത്ഥ സൗഹൃദം ഒരു കരാര്‍ എന്നതിലുപരി ഒരു ഉടമ്പടിയാണ്. വിശുദ്ധ ബൈബിള്‍ മുഴുവന്‍ പരാമര്‍ശിക്കുന്നത് കൂട്ടുകൂടലുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് തോന്നുന്നു. ദൈവം മനുഷ്യന് കൂട്ട് നല്‍കുന്നു, അവനുമായി ബന്ധം സ്ഥാപിക്കുന്നു. പിന്നീട്, മനുഷ്യന് തമ്മില്‍ത്തമ്മിലും ദൈവവുമായുമുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കുന്നു. അത് തീര്‍ക്കാന്‍ ദൈവംതന്നെ രക്ഷാപദ്ധതിയൊരുക്കുന്നു. ഇന്ന് നാം ഓരോരുത്തരും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് യഥാര്‍ത്ഥ സൗഹൃദം വീണ്ടെടുക്കല്‍.

ഈലോക ചരിത്രത്തില്‍തന്നെ അതിനായി നടന്ന ഏറ്റവും വലിയ പരിശ്രമമാണ് കുരിശുമരണം. ചരിത്രത്തില്‍ സൗഹൃദത്തിന്‍റെ ഏറ്റവും വീരോചിതമായ പ്രവൃത്തിയാണ് കുരിശുമരണം. “സ്നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല” (യോഹന്നാന്‍ 15/13). ആദവും ഹവ്വയും നഷ്ടപ്പെടുത്തിയ ദൈവവുമായുള്ള യഥാര്‍ത്ഥ സൗഹൃദം യേശു അവന്‍റെ കുരിശുമരണത്തിലൂടെ സ്വയംബലിയായിത്തീര്‍ന്നുകൊണ്ട് അവന്‍റെ ശരീരവും രക്തവും പങ്കുവച്ച് നല്‍കി യുഗാന്ത്യംവരെ പുനഃസ്ഥാപിച്ചു.

അവനുമായി കൂട്ടുകൂടുന്ന വ്യക്തി അവന്‍റെ ഒരു വലിയ കല്‍പന പാലിക്കാന്‍ തുടങ്ങും. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും (യോഹന്നാന്‍ 13/35). യേശു പഠിപ്പിച്ച, കല്‍പിച്ച ആ സ്നേഹത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്:

സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല (1 കോറിന്തോസ് 13/5)

ഉപാധികളില്ലാതെ, നിബന്ധനകളില്ലാതെ, സ്നേഹം പങ്കിടുന്ന കൂട്ടുകെട്ടുകള്‍ ഒരിക്കലും തകരില്ല. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ (മര്‍ക്കോസ് 10/45) എന്നാണല്ലോ ക്രിസ്തു പഠിപ്പിച്ചത്. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സൗഹൃദത്തില്‍ വിള്ളല്‍ വരുത്തുന്നു. ഉദ്ദേശ്യശുദ്ധി വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് കൂട്ടുകള്‍ക്കിടയില്‍.

താങ്ങും തണലുമാകുക

മിത്രം എപ്പോഴും മിത്രംതന്നെ (സുഭാഷിതങ്ങള്‍ 17/17). ഏതൊരു പ്രതിസന്ധിയിലും കുറ്റപ്പെടുത്താതെ മനസിലാക്കി, ചേര്‍ത്തുപിടിച്ച് താങ്ങാകുന്ന, തുണയാകുന്ന സ്നേഹം കൂട്ടുകെട്ടുകള്‍ക്കിടയില്‍ അനിവാര്യമാണ്. വിധിക്കരുത് എന്ന് ക്രിസ്തുനാഥന്‍ പഠിപ്പിച്ചത് നമുക്ക് നമ്മുടെ ബന്ധങ്ങള്‍ക്കിടയില്‍ പ്രാവര്‍ത്തികമാക്കാം. എങ്കിലേ നമ്മുടെ പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനാവൂ. യേശുതമ്പുരാന്‍ മഗ്ദലേന മറിയത്തെ ചേര്‍ത്ത് പിടിച്ചതുപോലെ, സക്കേവൂസിന് തണലേകിയതുപോലെ.

സ്നേഹം അസൂയപ്പെടുന്നില്ല (1 കോറിന്തോസ് 13/4)

ഒരു കൂട്ടാളിയുടെ വിജയത്തില്‍ ആത്മാര്‍ത്ഥമായ സന്തോഷം നമുക്കുണ്ടാവണം. നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ് (റോമാ 12/5) എന്നുള്ള വസ്തുത മനസിലാക്കുമ്പോള്‍ അപരന്‍റെ നന്മ എന്‍റെകൂടെ നന്മയാണ്, അപരന്‍റെ തിന്മയ്ക്ക് ഞാന്‍കൂടി പരിഹാരം ചെയ്യണം എന്ന തോന്നല്‍ ഉടലെടുക്കും. സ്വീകരിക്കുന്നതിനെക്കാള്‍ ഉപരി നല്‍കുന്നതാണ് ശ്രേയസ്കരം (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 20/35) എന്ന് മനസിലാക്കി ജീവിച്ചിരുന്ന ആദിമസമൂഹത്തെ നമുക്കോര്‍ക്കാം. അസൂയയെ തോല്‍പിക്കുന്ന വലിയ ഒരായുധം നല്‍കുക എന്നതാണ്. അവസാന തുള്ളി രക്തംവരെ നല്‍കിയ മഹാസ്നേഹം. ഒരു വലിയ സ്നേഹിതന്‍. യേശുക്രിസ്തു എന്ന എന്‍റെ ചങ്ക്.

പടുത്തുയര്‍ത്തുന്ന ചര്‍ച്ചകള്‍

ഇരുമ്പ് ഇരുമ്പിന് മൂര്‍ച്ച കൂട്ടുന്നു; ഒരുവന്‍ അപരന്‍റെ ബുദ്ധിക്ക് മൂര്‍ച്ചകൂട്ടുന്നു (സുഭാഷിതങ്ങള്‍ 27/17). ആത്മാര്‍ത്ഥമായ സ്നേഹം നമ്മെ സംസാരിക്കാന്‍, മോട്ടിവേറ്റ് ചെയ്യാന്‍, നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സദാ പ്രേരിപ്പിക്കും. അതുവഴി കൂട്ടാളിയുടെ ഉള്ളിലെ കഴിവിനെ കണ്ടെത്താന്‍ സഹായിക്കണം. ഉപയോഗമുള്ള വ്യക്തിത്വമായി രൂപപ്പെടുത്താനും സാധിക്കും. യേശുനാഥന്‍ ഉപമകളുടെ അര്‍ത്ഥം തന്‍റെ ശിഷ്യര്‍ക്ക് മനസിലാക്കിക്കൊടുത്തതുപോലെ. കൂട്ടാളിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച് മാനസാന്തരത്തിന്‍റെ യഥാര്‍ത്ഥ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിത്വമാക്കി മാറ്റാന്‍ നമ്മിലെ നിസ്വാര്‍ത്ഥമായ സ്നേഹത്തിന് സാധിക്കണം.

തിരുത്തലുകള്‍

“കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയും ചെയ്യുന്നവരെ ഓര്‍മിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുമ്പില്‍ എഴുതപ്പെട്ടു” (മലാക്കി 3/16). നമുക്കിടയിലെ തിരുത്തലുകള്‍ വചനാധിഷ്ഠിതമാവട്ടെ. ഞാന്‍ പറഞ്ഞ വചനം ആത്മാവും ജീവനുമാണ് (യോഹന്നാന്‍ 6/63). വചനംകൊണ്ടുള്ള തിരുത്തലുകള്‍ ജീവനുണ്ടാക്കും. യേശുനാഥന്‍ സമരിയാക്കാരി സ്ത്രീയെ തിരുത്തിയതുപോലെ. അല്ലാതുള്ള തിരുത്തലുകള്‍ പലപ്പോഴും ഹൃദയത്തെ കീറിമുറിക്കുന്നതാവാം. തിന്മയെ നന്മകൊണ്ട് ജയിക്കുക എന്നു പറഞ്ഞ ക്രിസ്തുനാഥന്‍റെ വചനത്തെ മുറുകെ പിടിച്ച് നമുക്കും ശിക്ഷണത്തിന് പകരം നല്ല നിര്‍ദേശങ്ങള്‍ നല്‍കാം. നാവുകൊണ്ടല്ല, നല്ല പ്രവൃത്തികള്‍കൊണ്ടാണ് തിരുത്തേണ്ടത് എന്നു പറഞ്ഞ പത്രോസ് അപ്പസ്തോലനെ മാതൃകയാക്കുകയും ചെയ്യാം.

സമയം നല്‍കുക

നമുക്ക് ഏറ്റവും വിലപ്പെട്ട സമയം കൂട്ടാളിക്കുവേണ്ടി മാറ്റിവയ്ക്കുമ്പോള്‍ അവന്‍റെ കണ്ണിലെ തിളക്കം കാണാം. അത് നല്കുന്ന ഹൃദയാനന്ദം മറ്റൊരിടത്തും ലഭിക്കില്ല. സ്വര്‍ഗത്തിലെ നിക്ഷേപങ്ങളാണ് അവ. പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പുകള്‍, തിരിച്ചു വരവിനായുള്ള കാത്തിരിപ്പുകള്‍, അപരനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ത്യാഗം എടുക്കാനും പരിഹാരം ചെയ്യാനുംവേണ്ടി എടുക്കുന്ന സമയങ്ങള്‍ ഇതെല്ലാം അക്കൂട്ടത്തില്‍പ്പെട്ടതാണ്. ഒരു മൈല്‍ നിന്‍റെകൂടെ നടക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ കൂടെ രണ്ടുമൈല്‍ നടക്കാന്‍ പഠിപ്പിച്ച ക്രിസ്തുവാകട്ടെ നമ്മുടെ മാതൃക.

സൂക്ഷിക്കപ്പെടേണ്ടത്

സൗഹൃദത്തെ തകിടം മറിക്കുന്ന, അപകടപ്പെടുത്തുന്ന, മുറിപ്പെടുത്തുന്ന മാരകമായ തെറ്റാണ് രഹസ്യങ്ങള്‍ പുറത്തുവിടുക എന്നത്. നാവ് തീയാണ്. ദഹിപ്പിക്കുന്ന ശക്തി അതിനുണ്ട്. ഒരു രഹസ്യാത്മകത കൂട്ടുകെട്ടുകള്‍ക്കിടയില്‍ യേശുതമ്പുരാനും കാത്തുസൂക്ഷിച്ചിരുന്നു. അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ടവര്‍മാത്രം അറിഞ്ഞാല്‍ മതി. അതുകൊണ്ടാവാം സമരിയാക്കാരി സ്ത്രീയുടെ പക്കല്‍ യേശുമാത്രം കടന്നുചെന്നത്.

ഒരു നല്ല കൂട്ടുകെട്ട് സ്ഥാപിക്കാന്‍, നിലനിര്‍ത്താന്‍, പടുത്തുയര്‍ത്താന്‍ നമ്മെ സഹായിക്കുന്ന ബൈബിളിലെ മനോഹരമായ പുസ്തകമാണ് സുഭാഷിതങ്ങള്‍. അതിലെ ഓരോ വചനങ്ങളും ജീവിക്കാന്‍, അങ്ങനെ നല്ലൊരു സുഹൃത്തായി മാറാന്‍, ദൈവം അനുഗ്രഹിക്കട്ടെ.

“ദൈവഭക്തന്‍റെ സൗഹൃദം സുദൃഢമാണ്; അവന്‍റെ സ്നേഹിതനും അവനെപ്പോലെതന്നെ” (പ്രഭാഷകന്‍ 6/17).

Share:

ജോര്‍ജ് ജോസഫ്

ജോര്‍ജ് ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles