Home/Encounter/Article

ആഗ 14, 2020 1873 0 Ranjith Lawrence
Encounter

സാത്താന്‍റെ പുരോഹിതനായിരുന്നു, പക്ഷേ…

ഉത്തമരായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നായിരുന്നു ബാര്‍ത്തലോ ലോംഗോയുടെ ജനനം. 1841 ഫെബ്രുവരി 11-ന് ഇറ്റലിയില്‍ ജനിച്ച അദ്ദേഹത്തെ ജപമാല ചൊല്ലാനും ദരിദ്രരെ സഹായിക്കാനും അമ്മ ചെറുപ്പത്തില്‍ തന്നെ അഭ്യസിപ്പിച്ചു. എന്നാല്‍ യൗവനകാലഘട്ടമായപ്പോഴേക്കും വിശ്വാസമുപേക്ഷിച്ച ബാര്‍ത്തലോ ഒരു സാത്താനിക പുരോഹിതനായി മാറി. ബാര്‍ത്തലോയുടെ പത്താമത്തെ വയസില്‍ സംഭവിച്ച അമ്മയുടെ മരണമാണ് വിശ്വാസത്തില്‍നിന്നകലാന്‍ കാരണമായത്. ഇറ്റലിയില്‍ അക്കാലത്ത് സജീവമായിരുന്ന കത്തോലിക്ക വിശ്വാസത്തിനെതിരായ ദേശീയ പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം വിശ്വാസത്യാഗത്തിലേക്ക് മാത്രമല്ല സാത്താന്‍ ആരാധനയിലേക്കും അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു.

സന്തോഷവും സമാധാനവും പ്രതീക്ഷിച്ചുകൊണ്ട് സാത്താനാരാധകരുടെ പുരോഹിതനായി മാറിയ ബാര്‍ത്തലോയുടെ ജീവിതത്തില്‍ അതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചത്. ആത്മീയവും വൈകാരികവും മാനസികവുമായ അസ്വസ്ഥതകള്‍ അദ്ദേഹത്തെ പിടികൂടി. സാത്താനുമായുള്ള ചങ്ങാത്തം ബോധപൂര്‍വം തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? എന്നാല്‍ ദൈവത്തിന്‍റെ അനന്തമായ പരിപാലനയാല്‍ ഫാ. ആല്‍ബര്‍ട്ടോ റേഡന്‍റ എന്നൊരു ഡൊമിനിക്കന്‍ വൈദികന്‍റെ പക്കലാണ് പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ബാര്‍ത്തലോയുടെ യാത്ര അവസാനിച്ചത്. ദൈവമാതൃഭക്തനായ ആ വൈദികന്‍റെ സഹായത്താല്‍ ബാര്‍ത്തലോ മാനസാന്തരപ്പെട്ട് ആഴമായ അനുതാപത്തോടെ കുമ്പസാരം നടത്തി സഭയിലേക്ക് തിരിച്ചുവന്നു. സാത്താന്‍ ആരാധകരുടെ ഒരു കൂട്ടായ്മയില്‍ ചെന്ന് അവരുടെ തെറ്റുകള്‍ ഓര്‍മിപ്പിക്കുകയും സത്യവിശ്വാസത്തിലേക്ക് മടങ്ങിവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുവാന്‍ തക്കവിധമുള്ള തീക്ഷ്ണത ബാര്‍ത്തലോയില്‍ നിറഞ്ഞു.

അഭിഭാഷകനായി ജോലി ചെയ്തിരുന്ന ബാര്‍ത്തലോ മാനസാന്തരാനുഭവത്തില്‍ വന്നതിനെ തുടര്‍ന്ന് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായി ബ്രദര്‍ റൊസാരിയോ എന്ന പേര് സ്വീകരിച്ചു. സാത്താന്‍റെ മതം തെറ്റുകളുടെ ഒരു വലയാണെന്നും താന്‍ അത് ഉപേക്ഷിച്ചതായും യുവജനകൂട്ടായ്മകളില്‍ കടന്നു ചെന്ന് ബാര്‍ത്തലോ സാക്ഷ്യം നല്‍കി. ഫാ. റേഡന്‍റയുടെ നിര്‍ദേശപ്രകാരം തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി അദ്ദേഹം രോഗികളെയും ദരിദ്രരെയും ശുശ്രൂഷിക്കാനാരംഭിച്ചു.

ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍…

ഒരിക്കല്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി പോംപൈ എന്ന നഗരത്തിലേക്ക് അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതായി വന്നു. അസാന്മാര്‍ഗികതയിലും അന്ധവിശ്വാസങ്ങളിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന അവിടുത്തെ ജനങ്ങളുടെ ആത്മീയ ശോചനീയാവസ്ഥ അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു. തന്‍റെ ഭൂതകാലജീവിതത്തെക്കുറിച്ചുള്ള കുറ്റബോധം ഈ കാഴ്ച അദ്ദേഹത്തില്‍ ജനിപ്പിച്ചു.

അതിനെക്കുറിച്ച് ബാര്‍ത്തലോ ഇപ്രകാരം പറയുന്നു- “ഒരിക്കല്‍ പോംപൈ നഗരത്തിന് സമീപമുള്ള അര്‍പായിയ എന്ന സ്ഥലത്തെ വയലില്‍കൂടി നടക്കുമ്പോള്‍ സാത്താന്‍റെ പുരോഹിതനായ എന്‍റെ പൂര്‍വകാലത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. അതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ഫാ. ആല്‍ബര്‍ട്ടോ പറഞ്ഞിരുന്നെങ്കിലും അതിനെ അതിജീവിക്കുവാന്‍ എനിക്ക് സാധിച്ചില്ല. ക്രിസ്തുവിന്‍റെ പൗരോഹിത്യം നിത്യമായിരിക്കുന്നതുപോലെ സാത്താന്‍റെ പൗരോഹിത്യവും നിത്യമായിരിക്കുമോ എന്ന ഭീതി എന്നില്‍ നിറഞ്ഞു. ഒരുപക്ഷേ ഇപ്പോഴും സാത്താന്‍റെ അടിമയായിരിക്കുമെന്നും സാത്താന്‍ എന്നെ നരകത്തില്‍ കാത്തിരിപ്പുണ്ടാവുമെന്നുമുള്ള ഭയം എന്നെ കീഴ്പ്പെടുത്തി. നിരാശയില്‍ അകപ്പെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങിയ എന്‍റെ കാതുകളില്‍ പെട്ടന്ന് വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ അമ്മ നല്‍കിയ വാഗ്ദാനം മുഴങ്ങി- ‘ജപമാല പ്രചരിപ്പിക്കുന്ന വ്യക്തി ഒരിക്കലും നശിച്ചുപോവുകയില്ല.’ ജപമാലഭക്തി പ്രചരിപ്പിക്കാതെ ഞാന്‍ ഈ ലോകം വിട്ടുപോവുകയില്ല എന്നും അങ്ങനെ ഞാന്‍ രക്ഷിക്കപ്പെടുമെന്നും ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ആ നിമിഷത്തില്‍ ത്രികാലജപം ചൊല്ലുന്നതിനായുള്ള ദൈവാലയ മണി മുഴങ്ങി. സ്വര്‍ഗം എന്‍റെ തീരുമാനത്തിന് നല്‍കിയ കയ്യൊപ്പായിരുന്നു അത്.”

ബാര്‍ത്തലോയുടെ ഭയത്തിനും നിരാശക്കും സ്വര്‍ഗം നല്‍കിയ മരുന്നായിരുന്നു ജപമാലഭക്തി. മറിയത്തോടുള്ള വണക്കവും സ്നേഹവും പ്രചരിപ്പിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു തുടര്‍ന്നുള്ള ആ ജീവിതം. സാത്താനുമായുള്ള ബന്ധം എന്നേക്കും അവസാനിപ്പിക്കുന്നതിനുള്ള ഉപകരണമായി അദ്ദേഹത്തിന് ജപമാല മാറി. ആദ്യമായി പോംപൈയിലെ ജനങ്ങളെയാണ് ബാര്‍ത്തലോ ജപമാല ചൊല്ലുവാന്‍ പഠിപ്പിച്ചത്. 1873-ല്‍ അദ്ദേഹം പോംപൈയില്‍ സംഗീതവും മത്സരങ്ങളും വെടിക്കെട്ടും ഉള്‍പ്പെടുത്തിക്കൊണ്ട് ആഘോഷകരമായ ഒരു ജപമാല ആചരണം സംഘടിപ്പിച്ചു.

1875-ല്‍ ഇടവക മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി വൈദികരെ കൊണ്ടുവന്ന് ജപമാലഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഘോഷണങ്ങള്‍ സംഘടിപ്പിച്ചു. ആ മിഷന്‍റെ അവസാനം പോംപൈ നഗരത്തില്‍ സ്ഥാപിച്ച ജപമാലകൂട്ടായ്മയ്ക്കായി പരിശുദ്ധ മറിയം വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ കാതറൈനുമായി ജപമാല നല്‍കുന്ന ഒരു ചിത്രവും അദ്ദേഹം നല്‍കി. നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായ ആ ചിത്രം ഇന്ന് പൊന്തിഫിക്കല്‍ തീര്‍ത്ഥാടനകേന്ദ്രമായ ഔര്‍ ലേഡി ഓഫ് ദി റോസറി ഓഫ് പോംപൈ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്നു.

മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനോടൊപ്പം മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ബാര്‍ത്തലോ വ്യാപൃതനായി. പോംപൈ നഗരത്തിലെ അനാഥരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ഡൊമിനിക്കന്‍ സന്യാസിനിമാരുടെ ഒരു സഭ അദ്ദേഹം സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ചുമതല ബ്രദറുമാരെ ഏല്‍പ്പിച്ചു.

ബാര്‍ത്തലോയുടെ ഡോക്ടറായിരുന്ന ജോസഫ് മൊസ്കാറ്റിയിലേക്കും അദ്ദേഹത്തിന്‍റെ ജപമാലഭക്തി പടര്‍ന്നു. വിശുദ്ധനായി വണങ്ങപ്പെടുന്ന ജോസഫ് മൊസ്കാറ്റിയുടെ ജീവിതം ജപമാലയോടുള്ള പ്രണയത്തിന്‍റെ മറ്റൊരു കഥയാണ്. 1926-ല്‍ ഒക്ടോബര്‍ 5-ാം തിയതി ജപമാല പ്രാര്‍ത്ഥനകളുടെ മധ്യേ ബാര്‍ത്തലോ ലോംഗോ അന്തരിച്ചു. 1980 ഒക്ടോബര്‍ 26-ാം തിയതി ബാര്‍ത്തലോ ലോംഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഇപ്രകാരം വിശേഷിപ്പിച്ചു ‘മാന്‍ ഓഫ് മേരി’ (മറിയത്തിന്‍റെ മനുഷ്യന്‍). അതെ ബാര്‍ത്തലോ ലോംഗോ മറിയത്തിന്‍റെ മനുഷ്യനായിരുന്നു, ജപമണികള്‍ എന്ന ഗോവണിയിലൂടെ നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്ക് ഓടിക്കയറി മറിയത്തിന്‍റെ ആ മനുഷ്യന്‍.

Share:

Ranjith Lawrence

Ranjith Lawrence

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles