Home/Encounter/Article

സെപ് 06, 2023 123 0 Brother Augustine Christy PDM
Encounter

രണ്ടുമിനിറ്റ് കിട്ടാതിരിക്കുമോ?

കോളേജില്‍ പഠിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ ഒരു മെഡിക്കല്‍ ഷോപ്പില്‍ ഞാന്‍ പാര്‍ട്ട് ടൈം ജോലിക്ക് പോകുമായിരുന്നു. അവിടെ ഞാന്‍ എന്‍റെ രണ്ട് പുസ്തകങ്ങള്‍കൂടി വച്ചിരുന്നു. അല്പം സമയം കിട്ടുമ്പോള്‍ പഠിക്കാന്‍. ആദ്യമൊക്കെ വിചാരിച്ചിരുന്നത് പഠനം നടക്കില്ലെന്നാണ്. നല്ല തിരക്കുള്ള ഷോപ്പില്‍ ഇടയ്ക്കുള്ള പഠനം വിജയം കാണില്ലെന്ന് പലരും പറയുകയും ചെയ്തു. ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ. രണ്ടും മൂന്നും മിനിറ്റ് വച്ച് കണ്ടെത്തിയ എനിക്ക് അത്യാവശ്യത്തിന് അവിടെനിന്നുതന്നെ പഠിക്കാന്‍ സാധിച്ചു. മുറിയിലെത്തിയാല്‍ പുസ്തകം തുറക്കില്ലെന്ന് എനിക്കറിയാം.

കോഴ്സ് കഴിഞ്ഞ് മുഴുവന്‍ സമയജോലിക്ക് കയറിയപ്പോള്‍ ഇതേ ടെക്നിക്ക് ഞാന്‍ പയറ്റിയത് എന്തിനാണെന്നോ? ബൈബിള്‍ വായിക്കാന്‍. മറ്റൊരാളില്‍നിന്നാണ് ഈ പ്രചോദനം കിട്ടിയത്. ഡ്യൂട്ടിയുടെ ഇടയില്‍ ഞാനിരിക്കുന്ന കാബിനില്‍ വരുമ്പോള്‍ അവിടെ വച്ചിരിക്കുന്ന ബൈബിള്‍ എടുത്തു കുറച്ചുകുറച്ചായി വായിക്കും. ഒരു പാരഗ്രാഫോ രണ്ട് വചനമോ അങ്ങനെ അങ്ങനെ. നടത്തത്തിന്‍റെ സ്പീഡ് ഇതിനുവേണ്ടി കൂട്ടി. ടീ ബ്രേക്ക് രണ്ടുമിനിറ്റ് കുറയ്ക്കാന്‍ ശ്രമിച്ചു. ഡ്യൂട്ടി കുറച്ചുകൂടി വേഗത്തിലുമാക്കി. അങ്ങനെ ഡ്യൂട്ടി കഴിയുമ്പോഴേക്കും മൂന്നോ നാലോ അധ്യായമെങ്കിലും എനിക്ക് വായിക്കാന്‍ സാധിച്ചിരുന്നു. ഇതിനിടയില്‍ കൃത്യമായി ഡ്യൂട്ടി നടക്കുകയും ചെയ്തു. മുറിയിലെത്തിയാല്‍ ഇത്രപോലും നടക്കില്ലായിരുന്ന സ്ഥാനത്ത് കുറച്ച് മാറ്റമൊക്കെ വരാനും തുടങ്ങി.

ജോലിക്ക് പോകുന്നവരും ഏറെ തിരക്കുകളുള്ളവരുമാണ് നമ്മള്‍. സമ്മതിച്ചു, അതൊക്കെയൊന്ന് മാറ്റിവച്ചിട്ട് പ്രാര്‍ത്ഥിക്കാമെന്നോ ആത്മീയമായി വളരാമെന്നോ കരുതരുത്. ഇന്നുവരെ അങ്ങനെ നടന്നിട്ടുണ്ടോ? ഇല്ലല്ലോ. ഉള്ള സമയത്തില്‍നിന്നും സമയം കണ്ടെത്തി ഇതൊക്കെ ചെയ്യാന്‍ പറ്റുമെന്നേ. ഇങ്ങനെ തുടങ്ങിയാല്‍ നമ്മുടെ ഈശോയ്ക്ക് അതെത്ര ഇഷ്ടമായിരിക്കും! അനേകര്‍ക്ക് അതൊരു പ്രചോദനമാവുകയും ചെയ്യും. ഉദാഹരണത്തിന്, നമ്മള്‍ ഡ്രൈവ് ചെയ്ത് ഒരിടംവരെ പോകുന്നുവെന്ന് കരുതുക. ഇടയ്ക്ക് നിര്‍ത്തി ഒരു അഞ്ചുമിനിറ്റ് വചനം വായിച്ചിട്ട് തുടര്‍ന്ന് ഡ്രൈവ് ചെയ്താല്‍ എങ്ങനെയുണ്ടാകും? ഇതൊക്കെ എളുപ്പത്തില്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ മാത്രമല്ല, നമ്മുടെ യാത്രകളിലും റയില്‍വേ സ്റ്റേഷനിലും സ്കൂളിലും കോളേജിലും ഓഫീസിലും സ്റ്റാഫ് റൂമിലുമെല്ലാം അവന് ഒരിടമുണ്ടാകട്ടെ. ഒരു പേഴ്സണല്‍ കാബിനില്‍ ഞാനും അവനും ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടട്ടെ. അവന്‍ വായിക്കപ്പെടുകയും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ. “വചനം നിനക്കു സമീപസ്ഥമാണ്. നിന്‍റെ അധരത്തിലും നിന്‍റെ ഹൃദയത്തിലും അതുണ്ട്- ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍റെ വചനം തന്നെ (റോമാ 10/8).

ഇതൊരു സാധ്യതയാണ്. ബലപ്രയോഗത്തിനു വിഷയമാണിത്. ബലവാന്മാര്‍ ഇത് പിടിച്ചെടുക്കും. “സ്നാപകയോഹന്നാന്‍റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു” (മത്തായി 11/12).

Share:

Brother Augustine Christy PDM

Brother Augustine Christy PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles