Home/Engage/Article

ഫെബ്രു 21, 2024 59 0 Dr. Athul Abraham
Engage

ഒരു ഡോക്‌ടറുടെ അസാധാരണ അനുഭവങ്ങള്‍

ഒരു ഡോക്ടറുടെ കഴിവുകളും പരിശ്രമങ്ങളും പരാജയപ്പെട്ടിടത്ത് ദിവ്യകാരുണ്യ ഈശോ ഇറങ്ങിവന്ന നിമിഷങ്ങളിലൂടെ….

നിരീശ്വരവാദികളായ സഹപ്രവര്‍ത്തകര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ശാസ്ത്രം പഠിക്കുന്നതിനുപകരം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന്. ഞാന്‍ പഠിച്ച ശാസ്ത്രം ഞാന്‍ എന്നും പരിശീലിക്കുന്നുണ്ട്. ശാസ്ത്രീയ അറിവിലേക്കായി രാത്രി ഉറക്കമൊഴിച്ചിരുന്ന് വായിച്ചിട്ടുണ്ട്, ഒരു മനുഷ്യന് സാധിക്കാവുന്നതിലധികം സമയം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. അക്കാര്യം അവരോട് പറയുന്നതോടൊപ്പം ഞാന്‍ പറയും, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം, ഞാനെന്‍റെ ജീവിതത്തില്‍ ദൈവത്തെ അനുഭവിച്ചിട്ടുണ്ട്. “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല” (യോഹന്നാന്‍ 6/44).

ശാസ്ത്രം സ്വാഭാവികലോകത്തെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കാനായി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. കാണുന്നതിനെ വിശദീകരിക്കാനായി സിദ്ധാന്തങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു. പക്ഷേ അതിനുമുമ്പുതന്നെ ഈ നിയമങ്ങള്‍ നിലനില്‍ക്കുന്നതെന്തുകൊണ്ടാണ്? ഈ ഭൂമിയിലെ ജീവനും സൗന്ദര്യവും ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? “ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു” (ഉത്പത്തി 1/2). “ആത്മാവാണ് ജീവന്‍ നല്കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63). ദൈവത്തിന്‍റെ വചനവും പരിശുദ്ധാത്മാവുമാണ് ജീവന്‍ നല്കുന്നത്. ശാസ്ത്രം പറയുന്നത് എന്തെങ്കിലും സംഭവിക്കുമെന്നതിനുള്ള സാധ്യതയെക്കുറിച്ചുമാത്രമാണ്. എന്നാല്‍ ഞാന്‍ ദൈവത്തെ സ്നേഹിച്ചാല്‍ എല്ലാം എന്‍റെ നന്മയ്ക്കായി മാറുമെന്ന് വചനം 100 ശതമാനം സാധ്യത തരുന്നു. ജീവിതത്തില്‍ ദൈവം നിരന്തരം എന്നെ നയിക്കുന്നു എന്നതിന് ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട്.

മികച്ച റിസള്‍ട്ടിന്‍റെ രഹസ്യം

പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന ധ്യാനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അത് ദിവ്യകാരുണ്യ ഈശോയുമായി സ്നേഹബന്ധത്തിലേക്കെന്നെ എത്തിച്ചു. അങ്ങനെ അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയും അത് എനിക്ക് നിരന്തരം ശക്തിയും പ്രചോദനവും നല്കുന്ന അനുഭവമായി മാറുകയും ചെയ്തു. ഈ ‘പ്രഭാതശീലം’ ജീവിതത്തിലെ സകല മേഖലകളിലും സ്വാധീനം ചെലുത്തി. ഞാനൊരു ശരാശരിക്ക് മുകളിലുള്ള വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 11-ാം ക്ലാസ് അവസാനിക്കാറായപ്പോഴാണ് മെഡിസിന് പഠിക്കണം എന്ന് തീരുമാനിക്കുന്നത്. അപ്പോഴേക്കും എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളെല്ലാം ആരംഭിച്ച്, അഡ്മിഷന്‍ ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ഉപയോഗിച്ച് തനിയെ പഠിക്കാമെന്ന് തീരുമാനിച്ചു. ഓരോ ദിവസവും പുരോഗതി പ്രാപിക്കുന്നവിധത്തില്‍ പരിശുദ്ധാത്മാവ് എന്നെ നയിച്ചുകൊണ്ടിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്കോടെ ഞാന്‍ വിജയിച്ചു! അത് ഞാനുള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ മികച്ച ഫലം പുറപ്പെടുവിക്കണമെങ്കില്‍ ഈശോയോട് ചേര്‍ന്നു നില്‍ക്കണമെന്ന ചിന്ത ചെറുപ്രായത്തില്‍ത്തന്നെ മനസില്‍ ആഴപ്പെടാന്‍ ഈ അനുഭവം കാരണമായി.

പരിശീലകനായി ദിവ്യകാരുണ്യ ഈശോ

തുടര്‍ന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി, ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ സൂപ്പര്‍ സ്പെഷ്യലൈസേഷനും ചെയ്തു. പരിശീലനകാലത്ത് കടുത്ത തിരക്കുള്ള ഡ്യൂട്ടിയായിരുന്നു. ദിവസത്തില്‍ 12 മണിക്കൂറോളം ജോലി, മാറിവരുന്ന ഷിഫ്റ്റുകളും. എല്ലാംകൂടിയായപ്പോള്‍, പലപ്പോഴും എല്ലാം സമയത്ത് ചെയ്തുതീര്‍ക്കാന്‍ കഴിയില്ല എന്ന് തോന്നി. പക്ഷേ പരിശുദ്ധ ദിവ്യകാരുണ്യം എന്‍റെ സാന്ത്വനമായി. ഒരു സമയത്ത് ഒരു കാര്യം എന്ന രീതിയില്‍ ചെയ്യാനും പഠിക്കാനും ദിവ്യകാരുണ്യ ഈശോ എന്നെ പഠിപ്പിച്ചു.

എം.ബി.ബി.എസ് പഠനകാലത്ത് നിര്‍ബന്ധമായിരുന്ന ഒരു വര്‍ഷത്തെ ഗ്രാമീണസേവനം, ഞാന്‍ ഓള്‍ ഇന്ത്യ ക്വോട്ടയിലായതിനാലും പി.ജി പഠനത്തിന് അര്‍ഹത നേടിയതിനാലും എനിക്ക് ചെയ്യേണ്ടിവന്നിരുന്നില്ല. അതിനാല്‍ പരിശീലനശേഷം മറ്റുള്ളവരെ സഹായിക്കുന്നതിനായി ഒരു വര്‍ഷം മാറ്റിവയ്ക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അക്കാലത്താണ്, എന്‍റെ സീനിയേഴ്സ് ആയിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റുകള്‍ ഡോ. പോളും ഡോ. വിജോയും ആ ഹോസ്പിറ്റലില്‍ ഒരു ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറി യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. അതിന് അവര്‍ക്ക് ഒരു കാര്‍ഡിയാക് സര്‍ജനെ വേണം. എറണാകുളം സ്വദേശിയെന്ന നിലയില്‍, കാര്‍ഡിയാക് സര്‍ജറി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് ആശുപത്രി അവിടെ ഇല്ലാത്തതുകൊണ്ട് വിഷമം നേരിട്ട പലരെയും എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. അന്ന് മറ്റ് പല ഓഫറുകളും വന്നെങ്കിലും ഇത് ജീവിതത്തിലൊരിക്കല്‍മാത്രം ലഭിക്കുന്ന അവസരമായി എനിക്ക് തോന്നി. ഏറെ കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തിന് നല്ലൊരു സംഭാവന നല്കാനും ഇതിലൂടെ സാധിക്കുമെന്ന് ബോധ്യമായി. പിന്നീട് എന്‍റെ സഹപ്രവര്‍ത്തകനായ ഡോ. ജോര്‍ജും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ നല്ലൊരു ടീമായി മികച്ച രീതിയിലുള്ള ഒരു കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ഒരുക്കിക്കൊണ്ടിരിക്കുന്ന സമയം.

അസാധ്യമെന്നു പറഞ്ഞത്

ഒരു പ്രഭാതത്തില്‍ ഡോ. ജോര്‍ജ് എന്നെ വിളിച്ചു. തയാറാക്കിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, കൊവിഡ് സാഹചര്യംമൂലം ഗവണ്‍മെന്‍റ് കൊവിഡ് ചികിത്സക്കായി ഏറ്റെടുക്കുന്നു. ആ പത്രവാര്‍ത്ത അറിയിക്കാനാണ് അദ്ദേഹം വിളിച്ചത്. ഞങ്ങള്‍ക്കത് വിഷമകരമായിരുന്നു. ഞങ്ങളുടെ പ്രയത്നമെല്ലാം അനിശ്ചിതകാലത്തേക്ക് നീളുകയാണ്. ആ സമയത്ത്, എന്നെ നയിക്കണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടണ്ടിരുന്നു. സാവധാനം കൊവിഡ് സാഹചര്യങ്ങള്‍ മാറി. കൊവിഡ് ചികിത്സാര്‍ത്ഥം മാറ്റിവച്ചിരുന്ന ഓപ്പറേഷന്‍ തിയറ്ററും ഐ.സി.യുവുമടങ്ങുന്ന ബ്ലോക്ക് തിരികെക്കിട്ടി. ഒപ്പം പ്രാര്‍ത്ഥനയുടെ ഫലവും. നാളുകളായി സാങ്കേതികതടസങ്ങളില്‍പ്പെട്ട് കിടന്നിരുന്ന വൈദ്യുതി, ജല വിതരണ സംവിധാനങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്റ്റിനുകീഴില്‍ പെട്ടെന്നുതന്നെ ശരിയായിക്കിട്ടി. കൊവിഡ് പശ്ചാത്തലമുണ്ടായിരുന്നെങ്കിലും ഗവണ്‍മെന്‍റിന്‍റെയും അധികൃതരുടെയും ഭാഗത്തുനിന്ന് ലഭിച്ച നല്ല പിന്തുണയോടെ ആദ്യത്തെ CABG (Coronary Artery Bypass Graft) സര്‍ജറി വിജയകരമായി അവിടെ നടത്താന്‍ സാധിച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ ജോലി ഞാന്‍ സ്വീകരിച്ചത്.

ഇന്ത്യയില്‍, ഇതുപോലൊരു ജില്ലാ ആശുപത്രിയില്‍ ഇപ്രകാരം ഒരു ഹൃദയശസ്ത്രക്രിയ നടത്തുന്നത് ആദ്യമായിരുന്നു. മാത്രമല്ല, ഞങ്ങള്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പലരും അത് അസാധ്യമെന്ന് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ എല്ലാം നന്മക്കായി മാറ്റുന്ന ദൈവത്തിനു ഞാന്‍ കൃതജ്ഞതയര്‍പ്പിച്ചു.

ഈശോ പഠിപ്പിച്ച ചികിത്സ

ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍, ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് വീട്ടില്‍വച്ച് ഗുരുതരാവസ്ഥയിലായതായി അറിഞ്ഞു. വയോധികനായ അദ്ദേഹം ജീവകാരുണ്യപവര്‍ത്തനങ്ങളില്‍ വളരെ സജീവനായിരുന്നു. തിടുക്കത്തില്‍ അദ്ദേഹത്തിനടുത്തെത്തിയപ്പോഴേക്കും ഗുരുതരമായ ഹൃദയാഘാതത്താല്‍ അദ്ദേഹം ദീര്‍ഘമായ അബോധാവസ്ഥയിലേക്ക് വീണുകൊ ണ്ടിരിക്കുകയായിരുന്നു. ഉടന്‍തന്നെ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഞാന്‍ കഠിനപ്രയത്നം നടത്തി.

ആ സമയത്ത്, ഹൃദയചികിത്സാരംഗത്ത് മികച്ച സേവനം നല്കുന്ന ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. 15 കിലോമീറ്ററോളം ദൂരത്തുള്ള ആ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എന്‍റെതന്നെ കാറില്‍ വേഗം എത്തിച്ചു. പോകുംവഴി മറ്റൊരു ആശുപത്രിയില്‍നിന്ന് ഇന്‍ജക്ഷനും നല്കി. കാരണം പള്‍സ് വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍, അദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇത്രയും പ്രായമായ ഒരാള്‍ക്കുവേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് വിഫലമായിരിക്കുമെന്നുമാണ് മറ്റ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. പക്ഷേ അദ്ദേഹം രക്ഷപ്പെടുമെന്ന് എന്‍റെ ഹൃദയത്തില്‍ ശക്തമായ ഒരു തോന്നല്‍.

എന്തായാലും എന്‍റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്‍റെ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ് എന്ന സംവിധാനം നല്കി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. പക്ഷേ വെന്‍റിലേറ്ററിലായ അദ്ദേഹത്തിന്‍റെ സ്ഥിതി ഗുരുതരമായിത്തന്നെ തുടര്‍ന്നു. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും കിഡ്നികള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു.

ദിനവും എന്‍റെ ജോലി ആരംഭിക്കുന്നതിനുമുമ്പും രാത്രി സര്‍ജറികള്‍ ചെയ്തുതീര്‍ത്തതിനുശേഷവും ഞാന്‍ അദ്ദേഹത്തിനരികില്‍ പോകുമായിരുന്നു. പതുക്കെ, ആറ് ദിവസങ്ങള്‍കൊണ്ട്, അദ്ദേഹത്തിന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് സ്ഥിരതയിലായി. പക്ഷേ അദ്ദേഹം കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അദ്ദേഹം ജീവഛവംപോലെ കിടക്കുന്നതിനാല്‍ ഞാന്‍ അല്പം സമ്മര്‍ദ്ദത്തിലായി. വയോധികനായ ഒരു മനുഷ്യന്‍റെ മരണം വെറുതെ വൈകിപ്പിക്കുന്നത് ശരിയാണോ എന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ചോദിക്കുകയും ചെയ്തു.

ആ ഞായറാഴ്ച വെന്‍റിലേറ്ററില്‍നിന്ന് എടുക്കാന്‍ സാധിക്കാത്തതിനാല്‍, പിറ്റേന്ന് അദ്ദേഹത്തിന് ട്രക്കിയോസ്റ്റമി ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് ദൈവാലയത്തില്‍ പോയി എന്‍റെ എല്ലാ പരിശ്രമങ്ങളും ഞാന്‍ ദിവ്യകാരുണ്യ ഈശോയക്ക് സമര്‍പ്പിച്ചു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍, ഇങ്ങനെയുള്ള രോഗികളില്‍ കാണാറുള്ള അസാധാരണമായ അബോധാവസ്ഥക്കുള്ള ഒരു പ്രത്യേക ചികിത്സ നല്കണമെന്ന ഉള്‍ക്കാഴ്ച ലഭിച്ചു.

പിറ്റേന്ന് ട്രക്കിയോസ്റ്റോമിക്ക് ഒരുങ്ങാന്‍ ഐ.സി.യുവില്‍ നിര്‍ദേശം നല്കിയപ്പോള്‍ നഴ്സ് പറഞ്ഞു, രോഗി കണ്ണ് തുറന്നുവെന്ന്. മനുഷ്യന്‍റെ അദ്ധ്വാനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും മുന്‍വിധികള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ കരം യഥാര്‍ത്ഥത്തില്‍ അവിടെ ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യം ക്രമേണ പുരോഗമിക്കുകയും അടുത്ത ദിവസം വെന്‍റിലേറ്ററില്‍നിന്ന് മാറ്റുകയും ചെയ്തു. ഒരാഴ്ചയ്ക്കകം ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലെത്തി.

ഈ സംഭവങ്ങളെല്ലാം അതിസ്വാഭാവികമാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം. പക്ഷേ എന്‍റെ കഴിവിനും പരിശ്രമത്തിനുമപ്പുറം ദൈവത്തില്‍ ആശ്രയിച്ചപ്പോള്‍ സംഭവിച്ച ദൈവിക ഇടപെടലുകളാണിതെല്ലാം. സാധാരണഗതിയില്‍ സംഭവിക്കുമെന്ന് ഞാന്‍ കരുതിയവയായിരുന്നില്ല ഇതൊന്നും. ഇന്നും, പല പ്രതിസന്ധികളുടെയും മുന്നില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍, പ്രശ്നങ്ങളെല്ലാം യേശുവിലേക്ക് കൊടുത്ത് പ്രാര്‍ത്ഥിക്കാനും അവിടുന്നില്‍ ശരണപ്പെടാനും ഈ അനുഭവങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു.

Share:

Dr. Athul Abraham

Dr. Athul Abraham

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles