Home/Encounter/Article

ജനു 25, 2023 427 0 സ്റ്റെല്ല ബെന്നി
Encounter

രക്ഷ വിദൂരത്തിലാണോ?

നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഉത്തരം കെ?ത്താന്‍ സഹായിക്കുന്ന ലേഖനം.

യേശു തികച്ചും നീതിമാനാണെന്ന് യേശുവിനെ കുരിശുമരണത്തിനായി വിട്ടുകൊടുത്ത പീലാത്തോസിന് വ്യക്തമായും അറിയാമായിരുന്നു. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. “എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിത പ്രമുഖന്മാര്‍ അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു” (മര്‍ക്കോസ് 15/10). അതുകൊണ്ടുതന്നെ വിചാരണയുടെ സമയത്ത് പീലാത്തോസ് യേശുവിനെ വിട്ടയക്കുവാന്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പുരോഹിത പ്രമുഖന്മാരും അവരാല്‍ പ്രേരിതരായ യഹൂദജനവും പീലാത്തോസിനോട് ആക്രോശിച്ചു. “അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക” എന്ന്. പീലാത്തോസ് അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യേശുവിനെ ക്രൂശിക്കുവാന്‍ വിട്ടുകൊടുത്തു. വിട്ടുകൊടുക്കുന്നതിനുമുമ്പ് അവന്‍ അവരുടെ മുമ്പില്‍വച്ച് തന്‍റെ കൈകള്‍ കഴുകി ഇപ്രകാരം പറഞ്ഞു: “ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്ക് പങ്കില്ല.” പുരോഹിത പ്രമുഖന്മാരും ഫരിസേയരും അവിടെ കൂടിയിരുന്ന യഹൂദജനവും ആക്രോശിച്ചു പറഞ്ഞു “അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും ആയിക്കൊള്ളട്ടെ.” അവര്‍ അവനെ കൊണ്ടുപോയി നിര്‍ദയം ക്രൂശിച്ചു!

തലമുറകളുടെമേല്‍ വീണ രക്തം

അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ ജറുസലേം നശിപ്പിക്കപ്പെട്ടു. ശിക്ഷാവിധിയുടെ നുകം സ്വമേധയാ ഏറ്റുവാങ്ങിയ യഹൂദന്മാര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ടു. എത്തിയ ഇടങ്ങളില്‍ അതികഠിനമായി ഞെരുക്കപ്പെട്ടു. കഷ്ടതയുടെ 19 നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അക്കാലഘട്ടത്തിലെ യഹൂദപണ്ഡിതന്മാര്‍ക്ക് തങ്ങളുടെ ചിതറിക്കപ്പെടലിന്‍റെയും കഷ്ടതയുടെയും കാരണങ്ങളെക്കുറിച്ച് വെളിവ് ലഭിച്ചു.

അവര്‍ ന്യൂയോര്‍ക്കില്‍ ഒന്നിച്ചുകൂടി ഏകകണ്ഠമായി ഇങ്ങനെ പ്രഖ്യാപിച്ചു. “യേശുവിനെ വധിക്കുന്നതിനുവേണ്ടി അന്നത്തെ സെന്‍ഹെദ്രീന്‍ സംഘം നടത്തിയ വിചാരണയും വിധിയും തികച്ചും അനീതിപരമായിരുന്നു. യേശുവിനെ ക്രൂശില്‍ തറച്ചുകൊന്നത് വലിയ തെറ്റായിപ്പോയി. അതിനാല്‍ അന്ന് യേശുവിനെതിരെ പുറപ്പെടുവിച്ച വിധി ഞങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു.”

തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്ത തെറ്റിനെ അവര്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തപ്പോള്‍ ദൈവം അവരോട് കരുണ കാണിച്ചു. ലോകത്തിന്‍റെ അതിര്‍ത്തികളില്‍നിന്നും സ്വദേശത്തേക്കു മടങ്ങിവരാന്‍ അനുവദിച്ചു. അങ്ങനെ 1948-ല്‍ വീണ്ടും ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടു. ലോകചരിത്രത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ് അവിടെ അരങ്ങേറിയത്.

19 നൂറ്റാണ്ടുകളോളം ലോകത്തിന്‍റെ അതിര്‍ത്തികളോളം അരക്ഷിതരും പീഡിതരുമായി ചിതറിക്കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം ഒരു നിര്‍ണായക നിമിഷത്തില്‍ ഒത്തുചേര്‍ക്കപ്പെട്ട് ഒരു രാഷ്ട്രം രൂപീകരിക്കുക! ദൈവത്തിന്‍റെ മഹാകാരുണ്യമാണ് ഇവിടെ പ്രകടമായത്. “രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്‍റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്‍റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നും മറച്ചിരിക്കുന്നു” (ഏശയ്യാ 59/1-2).

ചിതറിക്കപ്പെടലിനുപിന്നില്‍

ഇസ്രായേല്‍ ജനത്തിന് സംഭവിച്ച ചിതറിക്കപ്പെടലുകള്‍പോലെയുള്ള കഠിനവും ഒരുപക്ഷേ ബീഭത്സവുമായ ചിതറിക്കലുകളും കഷ്ടതകളും നമ്മളും നമ്മളുള്‍പ്പെടുന്ന കുടുംബവും സമൂഹങ്ങളും പേറുന്നുണ്ടാവും. ഞങ്ങളിത്രയേറെ നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവാസങ്ങളെടുത്തിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഇസ്രായേലിന്‍റെ മുന്‍പറഞ്ഞ ചരിത്രം നമുക്ക് അതിന് ഉത്തരം നല്കുന്നുണ്ട്. തിരിച്ചറിയുകയും ഏറ്റുപറയുകയും പരിഹാരം ചെയ്യുകയും ചെയ്യാത്ത പാപങ്ങള്‍!

യേശുവിനെ കുരിശുമരണത്തിന് വിധിച്ചതും ക്രൂശിച്ചതും തങ്ങള്‍ക്ക് ചെയ്യാവുന്നതില്‍വച്ച് ഏറ്റവും വലിയ നന്മയും ഏറ്റവും വലിയ ദൈവശുശ്രൂഷയും ആണെന്നാണ് പുരോഹിത പ്രമുഖന്മാര്‍ കരുതിയത്. ജനം മുഴുവന്‍ വഴിതെറ്റിക്കപ്പെട്ട് നശിക്കുന്നതിനെക്കാള്‍ നല്ലത് പകരമായി ഒരുവന്‍ (യേശു) മരിക്കുന്നതാണ് എന്ന് പ്രധാന പുരോഹിതനും മറ്റു പുരോഹിതരും ആലോചിച്ചുറച്ചു. അതിന്‍പ്രകാരമാണ് യേശുവിനെ കുരിശിലേറ്റാനുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്.
എന്നാല്‍ നിഷ്കളങ്കരക്തത്തെയാണ് തങ്ങള്‍ തൂക്കിലേറ്റിയതെന്ന് അവര്‍ തിരിച്ചറിയാന്‍ 19 നൂറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു.

ആ നാളുകളില്‍ ചിതറിക്കപ്പെട്ടിടത്ത് അവര്‍ക്ക് നേരിടേണ്ടിവന്ന കഷ്ടതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ കണ്ണു തുറപ്പിച്ചത്. ദൈവത്തോടും മനുഷ്യനോടും അവര്‍ അതേറ്റുപറഞ്ഞു. സെന്‍ഹെദ്രീന്‍ സംഘം നടത്തിയ തെറ്റായ വിധിയെ അവര്‍ നിര്‍വീര്യപ്പെടുത്തി. കര്‍ത്താവിന്‍റെ കരുണയ്ക്കായി നിലവിളിച്ചു. അപ്പോള്‍ രക്ഷയുടെ തുറമുഖത്തേക്ക് നങ്കൂരമടിക്കുവാന്‍ ദൈവമവരെ അനുവദിച്ചു.

എത്തേണ്ടിടത്തെത്തിയപ്പോള്‍

തങ്ങളുടെ ദുര്‍വിധിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെയുള്ള നീണ്ട കാലയളവില്‍ മറ്റു പലതിനെക്കുറിച്ചും അവര്‍ അനുതപിച്ചിട്ടുണ്ടാകാം. തുളസിക്കും ചതകുപ്പക്കും ദശാംശം കൊടുക്കുകയും യഥാര്‍ത്ഥമായ ദൈവനീതിയെ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള അവരുടെ അനുതാപപ്രകരണങ്ങള്‍ വായുവിലുള്ള പ്രഹരങ്ങളായി അവശേഷിക്കുകയും അവര്‍ തങ്ങളുടെ കഷ്ടതകളില്‍തന്നെ തുടരുകയും ചെയ്തപ്പോള്‍ മഹാകാരുണ്യവാനായ ദൈവംതന്നെയാണ് അവരുടെ കഷ്ടതയുടെ കാരണങ്ങളെക്കുറിച്ചുള്ള ഉള്‍വെളിച്ചം നല്കി അവരെ രക്ഷപ്പെടുത്തിയത്. കാലങ്ങള്‍ക്കുമുമ്പ് നാം നടത്തിയ നിര്‍ദയവും തികച്ചും അനീതിപരവുമായ വിധികളും പ്രവൃത്തികളും ഇന്നും നമുക്കു ചുറ്റും കഷ്ടതയുടെയും അസമാധാനത്തിന്‍റെയും കാരണങ്ങളായി നിലകൊള്ളുന്നുണ്ടാകാം. തിരിച്ചറിയാനും തിരുത്തുവാനും അതേറ്റുപറയാനും തയാറാവൂ… ഇസ്രായേല്‍ ജനത്തെ തിരിച്ചു നടത്തിയ അവിടുന്നു നമ്മെ രക്ഷയുടെ തുറമുഖത്തെത്തിക്കും. അതെ, നിശ്ചയമായും രക്ഷ വിദൂരത്തല്ല!

സക്കേവൂസിലെ ധീരനായ വിശുദ്ധന്‍!

സക്കേവൂസില്‍ മാനസാന്തരപ്പെട്ട ഒരു ധീരവിശുദ്ധനെ നമുക്ക് കാണാന്‍ കഴിയും. യേശുവിനെ വീട്ടില്‍ സ്വീകരിച്ച് പരിചരിക്കുന്നതിനിടയില്‍ യേശുവിന്‍റെ സ്നേഹം അടുത്തറിഞ്ഞപ്പോള്‍ അവനു തോന്നി താന്‍ ഒരു മഹാപാപിയാണെന്ന്. അതു തിരിച്ചറിഞ്ഞ അവന്‍ യേശുവിന്‍റെ കാല്ക്കലൊന്നും വീണ് മാപ്പു പറയുന്നില്ല. പക്ഷേ അവന്‍ ഭക്ഷണമേശയിങ്കല്‍ എഴുന്നേറ്റുനിന്ന് തന്‍റെ ധീരമായ കാല്‍വയ്പുകള്‍ യേശുവിനെ അറിയിക്കുന്നു. “കര്‍ത്താവേ, എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു. യേശു പറഞ്ഞു. “ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു.” സക്കേവൂസിന്‍റെ ആ ധീരമായ തീരുമാനം കേട്ടതിനുശേഷം മാത്രമാണ്’ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’വെന്ന വചനം യേശുവിന്‍റെ നാവില്‍നിന്നും പുറപ്പെട്ടത്.

നമുക്കെന്തേ രക്ഷ വൈകുന്നു?

സക്കേവൂസിനെപ്പോലെ ധീരമായൊരു കാല്‍വയ്പ് നടത്താന്‍ നാം മടിക്കുന്നതുകൊണ്ടുതന്നെ, അനേകവട്ടം നാം പാപിയാണെന്ന് ഏറ്റുപറയാനും കുമ്പസാരിക്കുവാനും നാം തയാറാകും. പക്ഷേ നമ്മുടെ അനീതിപരമായ പ്രവൃത്തിയിലൂടെ ക്ഷതമേറ്റവനെ സുഖപ്പെടുത്തുവാനും പരിഹാരം ചെയ്യാനും നാം തയാറാവുകയില്ല. എന്നിട്ടും നാം ചോദിക്കും കര്‍ത്താവേ, രക്ഷ വിദൂരത്താണോ? എന്ന്. പിന്നെങ്ങനെ കര്‍ത്താവായ യേശുവിനു പറയാന്‍ കഴിയും ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന്?! എങ്ങനെ അവിടുന്നു പറയും ഇന്നീ സ്ഥാപനം, അല്ലെങ്കില്‍ സഭാസമൂഹം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്?!

കൊട്ടിയത്ത് കട്ടത് കോട്ടയത്തു തിരികെ കൊടുത്താല്‍

ദാനധര്‍മ്മം എപ്പോഴും പാപത്തിന് പരിഹാരമാണ്. “ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിന് പരിഹാരമാണ്” (പ്രഭാഷകന്‍ 3/30). എന്നാല്‍ കൊട്ടിയത്തു കട്ടത് കോട്ടയത്ത് തിരികെ കൊടുത്താല്‍ മതിയാകുമോ? ഇല്ല. നമ്മുടെ അനീതിപരമായ വിധികളും നീചമായ പ്രവൃത്തികളും നിമിത്തം വേദനിച്ചവരും അനീതിയുടെ നുകം വഹിച്ചവരും ഈ ഭൂമിയില്‍ ജീവിച്ചിരിക്കേ നമ്മുടെ പരിഹാരകര്‍മ്മങ്ങള്‍ അവരെത്തേടി എത്താതെ നാം കുറെയേറെ പണം കൊണ്ടുപോയി അനാഥശാലകള്‍ക്കു നല്കുകയും സുവിശേഷവേലക്ക് നല്കുകയും ചെയ്താല്‍ അതൊരു പരിഹാരപ്രവൃത്തി ആകുമോ? ഒരിക്കലും ഇല്ല എന്നാണ് എന്‍റെ അഭിപ്രായം. കാരണം സക്കേവൂസ് ചെയ്തതുപോലെയല്ല നാം ചെയ്യുന്നത്.

സക്കേവൂസ് രണ്ടു കാര്യങ്ങള്‍ ചെയ്തു. ഇതില്‍ ഒന്നാമത്തെ കാര്യം ഉപേക്ഷിച്ചുകൊണ്ട് രണ്ടാമത്തെ കാര്യംമാത്രം ചെയ്താല്‍ യേശുവിന് നമ്മെ നീതീകരിക്കുവാനോ ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന് നമ്മുടെ ജീവിതത്തെയോ കുടുംബത്തെയോ സ്ഥാപനത്തെയോ സഭാകൂട്ടായ്മകളെയോ നോക്കി പറയാനേ കഴിയുകയില്ല. “ദരിദ്രന്‍റെ സമ്പത്തു തട്ടിയെടുത്ത് അതുകൊണ്ട് ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്‍റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്” (പ്രഭാഷകന്‍ 34/20). സമ്പത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ മാന്യത, സല്‍പേര്, പ്രവര്‍ത്തന മണ്ഡലങ്ങള്‍, ന്യായമായ അവകാശങ്ങള്‍ അങ്ങനെ പലതിലും ഇത് ബാധകമാണ്.

നവംബര്‍ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസമാണല്ലോ. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് തികച്ചും ന്യായയുക്തമാണ്. എന്നാല്‍ മരണശേഷം കാലങ്ങളോളം ശുദ്ധീകരണാഗ്നിയില്‍ കഴിയാനുള്ള വിധി നമുക്ക് നേടിത്തരുന്ന മുകളില്‍ പറഞ്ഞതരത്തിലുള്ള പരിഹാരക്കടങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് പരിശുദ്ധാത്മാവ് നല്കുന്ന വെളിച്ചത്തില്‍ പരിശോധിച്ചുനോക്കി ഈ ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യുന്നതല്ലേ ഉചിതം? ഈ നവംബര്‍ മാസം അങ്ങനെയൊരു പരിഹാര ജീവിതത്തിന്‍റെ അരൂപിയിലേക്കു നമ്മെ നയിക്കട്ടെ. ധീരനായ സക്കേവൂസ് നമുക്ക് മാതൃകയായിരിക്കട്ടെ. പ്രെയ്സ് ദ ലോര്‍ഡ്. ‘ആവേ മരിയ.’

 

 

 

 

 

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles