Home/Encounter/Article

ജുലാ 10, 2020 2443 0 സ്റ്റെല്ല ബെന്നി
Encounter

പാത്മോസ് അനുഭവം ഒരു ദൈവപദ്ധതി !

ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭീകര ഭരണകാലത്ത് റോമാ സാമ്രാജ്യത്തില്‍ കഠിനമായ ഒരു മതമര്‍ദനമുണ്ടായി. ചക്രവര്‍ത്തി ഇപ്രകാരം ഒരു ആജ്ഞ പുറെ പ്പടുവിച്ചു. തന്‍റെ സാമ്രാജ്യത്തില്‍പെട്ട എല്ലാവരും ‘ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും’ എന്നു വിളിച്ച് ചക്രവര്‍ത്തിയെ ആരാധിക്കണം. അതിന് വിസമ്മതിച്ച ഏഷ്യാ മൈനറിലെ ക്രൈസ്തവ സമൂഹങ്ങളെ ചക്രവര്‍ത്തി രൂക്ഷമായ പീഡനങ്ങള്‍ക്ക് വിധേയരാക്കി. ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം പട്ടാളക്കാരുടെ വാള്‍ അനേകം ക്രിസ്ത്യാനികളുടെ ജീവനൊടുക്കി. ക്രൈസ്തവരെന്ന് സംശയിക്കപ്പെട്ട പലരെയും തടങ്കലില്‍ അടച്ചു. അവരില്‍ ചിലരെ നാടുകടത്തി. നാടുകടത്തപ്പെട്ട സ്ഥലങ്ങളില്‍ അവര്‍ കഠിനമായ അടിമവേല ചെയ്തു. അങ്ങനെ നാടുകടത്തപ്പെട്ടവരുടെ കൂടെ യേശുവിന്‍റെ അരുമ ശിഷ്യനായ യോഹന്നാനും ഉണ്ടായിരുന്നു. പാത്മോസ് എന്ന ദ്വീപിലേക്കാണ് യോഹന്നാന്‍ നാടുകടത്തപ്പെട്ടത്. പാറമടകളില്‍ അടിമവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാന്‍റെ ജീവിതം അതികഠിനമായ പ്രതികൂലങ്ങളിലൂടെ കടന്നുപോയി.

പാത്മോസിലെത്തിയ യോഹന്നാന് മറ്റു ക്രിസ്തുശിഷ്യന്മാരുമായുള്ള കൂട്ടായ്മ നഷ്ടെപ്പട്ടു. ഏഷ്യാ മൈനറിലെ മറ്റു ക്രൈസ്തവ കൂട്ടായ്മകളുമായുള്ള ബന്ധവും അവിടെ നിന്നും ലഭിച്ചിരുന്ന താങ്ങും നഷ്ടപ്പെട്ടു. ഇങ്ങനെ ഏകനായി, അന്യനായി, പരദേശിയായി, അടിമയായി, കഷ്ടതയുടെ ചൂളയില്‍ ഉരുകുന്ന കാലഘട്ടത്തിലാണ് പാത്മോസ് ദ്വീപില്‍വച്ച് യോഹന്നാന് വെളിപാടിന്‍റെ പ്രകാശം നല്കപ്പെട്ടത്. വെളിപാടിന്‍റെ രഹസ്യ ങ്ങള്‍ ലോകത്തിലെ സകല വിശ്വാസികള്‍ ക്കും കാലത്തിന്‍റെ അവസാനംവരെ വെളിെപ്പടുത്തി കൊടുക്കുവാന്‍വേണ്ടി യോഹന്നാന് ദൈവം ദര്‍ശനമേകിയ സ്ഥലമായിരുന്നു പാത്മോസ് ദ്വീപ്. അവിടെ യോഹന്നാന്‍ ഒറ്റപ്പെട്ടവനായിരുന്നു. സ്വസഹോദരങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ടവനായിരുന്നു, ആട്ടിപ്പായിക്കപ്പെട്ടവനായിരുന്നു. ഭീകരമായ ഏകാന്തതയും കഠിനാധ്വാനവും പീഡനങ്ങളുംമൂലം അദ്ദേഹം ദുര്‍ബലനും ഭയചകിതനുമായിരുന്നു.

വെളിപാടിന്‍റെ പുസ്തകത്തിലെ പ്രതി പാദ്യങ്ങള്‍ക്കിടയില്‍ മറ്റു മനുഷ്യരുടെയോ ശിഷ്യന്മാരുടെ പഠനങ്ങളുടെയോ സ്വാധീനം ലവലേശമില്ലാതിരിക്കുവാന്‍വേണ്ടിയാണ് യോഹന്നാന് ദൈവം പാത്മോസില്‍ ഒറ്റെപ്പടലും ഏകാന്തതയും കഠിനസഹനങ്ങളും അനുവദിച്ചത്. യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും ദൈവത്തിന്‍റെ മഹത്തരമായ പദ്ധതിയാണ് അതിലൂടെ നിറവേറ്റെപ്പട്ടത്. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28).

പാത്മോസ് നമ്മുടെ ജീവിതത്തില്‍

പാത്മോസ് അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെയൊക്കെ ജീവിതത്തി ലും കടന്നുവരാനിടയുള്ളതും നമ്മളില്‍ പലരും കടന്നുപോയിട്ടുള്ളതുമായ ഒരു വിശ്വാസക്കടമ്പയാണ് പാത്മോസ് അനുഭവം. നമ്മളനുഭവിച്ചുകൊണ്ടിരുന്ന എല്ലാ സുരക്ഷിതത്വത്തില്‍നിന്നും നമ്മെ വേര്‍പെടു ത്തി, ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും അടിമവേലയുടെയും വഴികളിലൂടെ ദൈവം ഒരുപക്ഷേ നമ്മെ നയിച്ചെന്നിരിക്കും. അവഗണനയും വെട്ടിമാറ്റലും ആട്ടിപ്പായിക്കലും തിരസ്കരണവുമെല്ലാം ഈ കാലഘട്ടത്തിൽ നമുക്ക് നേരിടേണ്ടി വന്നേക്കാം. ഇതുവരെയുള്ള ജീവിതത്തില്‍ പലവട്ടം ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാകാം നമ്മളിൽ പലരും . കൂട്ടായ്മ്മകൾ വിശ്വാസജീവിതത്തിന് അനിവാര്യമാണ്. എന്നാല്‍ പാത്മോസിലെ യോഹന്നാന്‍ എല്ലാ ക്രിസ്തീയ കൂട്ടായ്മകളില്‍നിന്നും അകറ്റപ്പെട്ടവനായിരുന്നു. ഒരു ക്രിസ്തീയ കൂട്ടായ്മയുമായി ബന്ധപ്പെട്ടു പോകാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന അവസ്ഥകള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകാം. പതറിപ്പോകരുത് യോഹന്നാനോടു ദൈവം സംസാരിച്ചതുപോലെ ദൈവം നമ്മളോട് വ്യക്തിപരമായി സംസാരിക്കുന്ന നിമിഷങ്ങ ളായിരിക്കും ഈ ഒറ്റപ്പെടലിന്‍റെ നിമിഷങ്ങള്‍. നമ്മുടെ മുമ്പില്‍ നിലനില്ക്കുന്ന വിലക്കുകളും വിലങ്ങുകളും മാറ്റിനിറുത്തലുമെല്ലാം ഏകാന്തതയുടെ വിജനതയിലേക്ക് നമ്മെ നയിക്കുന്ന ദൈവത്തിന്‍റെ മനോഹരമായ പദ്ധതികളാണ്. വിജനതകളില്‍, ഏകാന്തതകളിൽ , ദൈവം നമ്മുടെ അടുത്തുവരും. നമ്മളോട് ഹൃദ്യമായി സംസാരിക്കും. അവിടുത്തെ രഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരും. “ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും. അവിടെ വച്ച് ഞാന്‍ അവള്‍ക്ക് അവളുടെ മുന്തിരിത്തോട്ടങ്ങൾ നല്കും” (ഹോസിയ 2:14-15). പില്ക്കാലത്ത് നമുക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കാരണമായിത്തീരുന്ന ഉന്നതങ്ങളായ ദൈവകൃപകളും ദൈവാനുഗ്രഹങ്ങളും തന്ന് ദൈവം നമ്മെ ഉയര്‍ത്തുന്ന അവസരങ്ങളായിരിക്കും പാത്മോസ് അനുഭവത്തിലൂടെ നമ്മെ കടത്തിവിടുന്ന സമയങ്ങള്‍.

തടവറകളും ദൈവപദ്ധതികള്‍

“ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം” (1 കോറിന്തോസ് 9:16) എന്ന് സുവിശേഷതീക്ഷ്ണതയാല്‍ എഴുതിവച്ചവനാണ് വിശുദ്ധ പൗലോസ് ശ്ലീഹാ. കര്‍ത്താവിനോടുള്ള സ്നേഹത്തെപ്രതിയും സുവിശേഷത്തെപ്രതിയും ദൈവരാജ്യത്തെപ്രതിയും കത്തിജ്വലിച്ചവന്‍! എന്നാല്‍ പൗലോസ് ശ്ലീഹാ ആഗ്രഹിച്ചതുപോലുള്ള ഒരു പ്രഘോഷണ പരമ്പരയല്ല അദ്ദേഹത്തിന്‍റെ പ്രഘോഷണ ജീവിതത്തില്‍ ഉണ്ടായത്. സുവിശേഷവേലകള്‍ക്കിടയില്‍ അനേകം പ്രതിസന്ധികളിലൂടെയും പീഡനങ്ങളിലൂടെയും പൈശാചികമായ തടസങ്ങളിലൂടെയും കാരാഗൃഹവാസങ്ങളിലൂടെയും മരണകരമായ പീഡാനുഭവങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി. ക്രിസ്തുവിനെ അറിഞ്ഞ കാലം മുതല്‍ തന്‍റെ മുഴുവന്‍ ശക്തിയോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും താന്‍ സ്വീകരിച്ച വിശ്വാസത്തെ പ്രഘോഷിക്കാന്‍ കഴിയാതെ ജീവിതത്തിന്‍റെ നല്ലൊരു പങ്ക് അദ്ദേഹത്തിന് തടവറകളിലടക്കപ്പെട്ട് കഴിയേണ്ടിവന്നു.

എന്നാല്‍ പൗലോസ് ശ്ലീഹാ അടയ്ക്കപ്പെട്ട തടവറകള്‍ ദൈവത്തിന്‍റെ മഹോന്നതമായ പദ്ധതിയുടെ ഭാഗമായിരുന്നു . ആ തടവറകളില്‍വച്ചാണ് പൗലോസ് ശ്ലീഹാ തന്‍റെ വിലയുറ്റ ലേഖനങ്ങളില്‍ അധികപങ്കും രചിച്ചിട്ടുള്ളത്. ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ വിളി ലഭിച്ച ഒരു വ്യക്തിക്ക് എന്തു കാരണത്താലുമാകട്ടെ ക്രിസ്തുവി നെ പ്രഘോഷിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയെന്നത് പ്രഥമ ദൃഷ്ടിയില്‍ ഒരു വലിയ ദൗര്‍ഭാഗ്യം തന്നെയാണ്. എന്നാല്‍ കഴുകനെക്കാള്‍ കാഴ്ചയുള്ള കര്‍ത്താവിന്‍റെ കണ്ണുകള്‍ കാലത്തിന്‍റെ അന്ത്യംവരെ അതായത് ലോകാവസാനംവരെ ബൈബിൾ കൈയിലെടുക്കുന്ന ഓരോ വ്യക്തിയോടും തന്‍റെ ലേഖനങ്ങളിലൂടെ സുവിശേഷം പറയുന്ന വളരെ വിശാലമായ സുവിശേഷവേലയാണ് പൗലോസ് ശ്ലീഹായ്ക്ക് തുറന്നുകൊടുത്തത്. ഒരുപക്ഷേ തന്‍റെ ലേഖനങ്ങള്‍ വിവിധ സഭകള്‍ക്കുവേണ്ടി എഴുതിയ ആ കാലഘട്ടത്തില്‍ അദ്ദേഹം ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല കാലത്തിന്‍റെ അവസാനംവരെ ബൈബിളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള വഴിയാണ് പിതാവായ ദൈവം അദ്ദേഹത്തിനുവേണ്ടി ഒരുക്കിയതെന്ന്. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28).

നിങ്ങളും തടവറയിലോ?

അതിനാല്‍ തടവറയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പ്രിയ സഹോദരങ്ങളേ, മനസ്സുമടുത്ത് നിരാശക്കടിമപ്പെടരുത്. നിങ്ങള്‍ കടന്നുപോകുന്ന ഈ തടവറയും ദൈവത്തിന്‍റെ മഹോന്നതമായ പദ്ധതിയുടെ ഭാഗമാണ്. ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ കഴിയാതെ, അതിന് അനുമതിയില്ലാതെ നിങ്ങളിന്നു ഞെരുങ്ങുകയാണോ? ഭയപ്പെടേണ്ട. നിങ്ങളുടെ സുവിശേഷ തീക്ഷ്ണതയെ ദൈവം തന്‍റെ കണ്ണിലെ കൃഷ്ണമണിപോലെ കാണുകയും യേശുവിനെ പ്ര ഘോഷിക്കുവാന്‍ കഴിയാത്ത നിങ്ങളുടെ തടവറയനുഭവങ്ങളെ വലിയ നന്മയ്ക്കായി, അനേക ആത്മാക്കളുടെ രക്ഷയ്ക്കായി, പരിണമിപ്പിക്കുകതന്നെ ചെയ്യും.

ഇനിയും ഒരുപക്ഷേ നിങ്ങളുടെ തെറ്റുകള്‍മൂലംതന്നെയായിരിക്കും നിങ്ങള്‍ക്ക് ഈ തടവറയനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. എങ്കിലും കലങ്ങരുത്. ഒരു തടവുപുള്ളിക്കുവേണ്ടി മരിച്ചവനാണ് യേശു. ബറാാസ് എന്ന കലാപകാരിയും കൊലപ്പുള്ളിയുമായ തടവുപുള്ളിക്ക് പകരമായി മരിച്ച (മത്തായി 27:15-26) കര്‍ത്താവായ യേശു നിന്‍റെ തടവറയില്‍ നിന്നോടൊപ്പമുണ്ട്. അവിടുന്ന് നിനക്ക് പകരമായിക്കൂടിയാണ് മരിച്ചത്. നീ അവനില്‍ വിശ്വസിച്ചുകൊണ്ട് അവന്‍റെ നാമത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുമെങ്കില്‍ നിന്‍റെയീ തടവറയനുഭവത്തെയും അവിടുന്ന് വലിയ നന്മയ്ക്കായി പരിണമിപ്പിക്കും.

കഠിനസഹനങ്ങളും ദൈവപദ്ധതികള്‍

ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടും ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടും ചുറ്റിസഞ്ചരിച്ച ക്രിസ്തു ശിഷ്യന്മാരുടെ ജീവിതവും അത്ഭുതങ്ങളും അടയാളങ്ങളും നിറഞ്ഞതായിരുന്നു. ഒപ്പംതന്നെ അത് സദാ സഹനപൂരിതവുമായിരുന്നു. തങ്ങളുടെ സഹനജീവിതെത്തക്കുറിച്ച് പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു: “ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെ പ്രതി സന്തുഷ്ടനാണ്” (2 കോറിന്തോസ് 12:10). യോഹന്നാന്‍ ശ്ലീഹാ ഒഴികെയുള്ള എല്ലാ ശിഷ്യന്മാരും രക്തസാക്ഷികളായിട്ടാണ് മരിക്കാനിടവന്നത്. എന്നാല്‍ ഇതിനെക്കാള്‍ വലിയൊരു കാര്യമുണ്ട്. ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ എല്ലാവരും ജീവിക്കുന്ന രക്തസാക്ഷികളായിരുന്നു എന്നതാണത്. ഒരു നിമിഷംകൊണ്ടോ ഒരു മണിക്കൂര്‍കൊണ്ടോ ഉള്ള രക്തം ചിന്തിയുള്ള മരണമോ അതോ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വമോ? ഏതാണ് കൂടുതല്‍ ക്ലേശകരം? രണ്ടും ക്ലേശ കരംതന്നെ. എന്നാല്‍ രണ്ടാമത്തേതാണ് കൂടുതല്‍ ക്ലേശകരമെന്ന് തോന്നിപ്പോകുന്നു. ക്രിസ്തുശിഷ്യരില്‍ ഈ രണ്ടു രക്തസാക്ഷിത്വവും കൂടിച്ചേര്‍ന്നു നിലകൊണ്ടിരുന്നു. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു. “ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടു ന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെ ടുന്നില്ല. യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോൾ യേശുവിനെ പ്രതി സദാ മരണത്തിന് ഏല്‍പിക്കപ്പെടുന്നു. തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു” (2 കോറിന്തോസ് 4:8-12). ഒരു ജീവിക്കുന്ന രക്തസാക്ഷിയുടെ വാക്കുകളാണ് മുകളില്‍ നമ്മള്‍ വായിച്ചത്.

ഈ ജീവിക്കുന്ന രക്തസാക്ഷിത്വം എന്തിനുവേണ്ടി എന്ന വിശദീകരണം വളരെ പ്രത്യാശാജനകമാണ്. ‘തന്മൂലം ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.’ അനേകര്‍ക്ക് ക്രിസ്തുവിന്‍റെ ജീവന്‍ പകര്‍ന്നു കൊടുക്കാന്‍വേണ്ടിയുള്ളതായിരുന്നു ഈ ജീവിക്കുന്ന രക്തസാക്ഷിത്വം! ഒരു ജീവിക്കുന്ന രക്തസാക്ഷി ക്രിസ്തുവിന്‍റെ ജീവനെത്തന്നെയാണ് തന്‍റെ തീവ്രസഹനങ്ങളിലൂടെ ഈ ലോകത്തിലേക്കും സഭയിലേക്കും ഒഴുക്കുന്നത്. “സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്‍റെ ശരീരത്തിൽ ഞാന്‍ നികത്തുന്നു” (കൊളോസോസ് 1:24) എന്നു പറഞ്ഞ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നതും മറ്റൊന്നല്ല.

ഇതുപോലുള്ള ജീവിക്കുന്ന രക്തസാക്ഷികള്‍ ഇന്നും സഭയില്‍ ധാരാളമുണ്ട്. വൈദികരിലും സമര്‍പ്പിതരിലും മാത്രമല്ല അല്മായരിലും ഇവര്‍ ധാരാളമായുണ്ട്. പ ക്ഷേ ആരുംതന്നെ അവരെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അവര്‍ക്കുള്ള പ്രതിഫലം ദൈവത്തില്‍നിന്നുമാത്രം ലഭിക്കേണ്ടതിനായി ഒരുപക്ഷേ തിരിച്ചറിയപ്പെടാന്‍ ദൈവം അനുവദിക്കാത്തതുകൊണ്ടുമാകാം ആരും അവരെ തിരിച്ചറിയാത്തത്. ‘ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.’

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles